Skip to main content

അബുലിന്റെ ഫോട്ടോകള്‍

 

ഫോട്ടോ എന്ന മാധ്യമത്തെ സ്വന്തം രൂപത്തെ സാക്ഷ്യപ്പെടുത്തുന്നതിനോ ഓരോ ജീവിതത്തിലും സമൂഹത്തിലും ആവര്‍ത്തിക്കപ്പെടാന്‍ ഇടയില്ലാത്ത ആഘോഷങ്ങളെ ഡോക്യുമെന്റ് ചെയ്യുന്നതിനോ ആണ് കാലമിത് വരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ മാധ്യമത്തിന് ഇത്തരം നിയോഗങ്ങളുടെ നിര്‍വഹണം മാത്രമല്ല സാധ്യമാവുകയെന്ന് തന്റെ ക്യാമറ പകര്‍ത്തിയ കാഴ്ചകളെ കൊണ്ട് തെളിയിക്കുകയാണ് പ്രതിഭ കൊണ്ട് മാത്രം പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ അബുല്‍ കലാം ആസാദ്. കഴിഞ്ഞദിവസം ഫോര്‍ട്ടു കൊച്ചി കാശി ആര്‍ട്ട് കഫേയിലാണ് അദ്ദേഹത്തിന്റെ ഫോട്ടോ പ്രദര്‍ശനം നടന്നത്.

കണ്ടംപററി ഫോട്ടോഗ്രാഫര്‍ എന്ന വിശേഷണമാകും അബുലിന് അനുയോജ്യമാകുക. തമിഴ് നാട്ടില്‍ നിന്ന് വന്ന് മട്ടാഞ്ചേരിയില്‍ ചരിത്രങ്ങളുടെ ഹൃദയമായ കൊച്ചിയിലാണ് അബുല്‍ പാര്‍പ്പുകാരനായത്. 1980ല്‍ മട്ടാഞ്ചേരിയില്‍ തുടങ്ങിയ സെന്‍ സ്റ്റുഡിയോയിലൂടെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള ന്യൂസ് ഏജന്‍സികള്‍, ന്യൂസ് പേപ്പര്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടി ഫോട്ടോഗ്രാഫ് ചെയ്തു. തൊണ്ണൂറില്‍ ഡല്‍ഹിക്ക് പോയ അബുല്‍, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ ആറ് വര്‍ഷത്തോളം ഫോട്ടോ ജേര്‍ണലിസ്റ്റായി. ഈ കാലയളവില്‍ തന്നെയാണ് അബുല്‍ യൂറോപ്പും സന്ദര്‍ശിക്കുന്നത്. 95ല്‍ ചാള്‍സ്‌വാലസ് ഫെല്ലോഷിപ്പും ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പും നേടി.

ഫോട്ടോ ജേര്‍ണലിസത്തില്‍ ആര്‍ട്ട് ഫോട്ടോഗ്രാഫിക്ക് തുടക്കമിട്ടു. 94ലാണ് അബുലിന്റെ ആദ്യഫോട്ടോ പ്രദര്‍ശനം കലാപീഠത്തില്‍ നടക്കുന്നത്. 96ല്‍ ഡല്‍ഹിയിലെ മാക്‌സ് മുള്ളര്‍ ഭവനില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച പ്രദര്‍ശനവും ഈ കാലയളവില്‍ തന്നെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി മറ്റു ചില പ്രദര്‍ശനങ്ങളും അബുല്‍ ഒരുക്കി.

അബുല്‍ കലാം ആസാദ്‌

2000ല്‍ നാട്ടിലേക്ക് മടങ്ങിയ അബുല്‍ മട്ടാഞ്ചേരിയില്‍ ‘മായലോക’മെന്ന പേരിലൊരു സ്റ്റുഡിയോ തുടങ്ങി. മായലോകം ഒരു കള്‍ച്ചറല്‍ ഹബ്ബായിരുന്നു. സാധാരണക്കാരും ദേശീയരും അന്തര്‍ദേശീയരുമായ ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യം കൊണ്ട്.

ഇതിന് ബദലായി ലീല ഗാലറിയും മസാല കമ്പനിയും പ്രവര്‍ത്തിച്ചിരുന്നു. ആര്‍ട്ട് എക്‌സിബിഷനും, സ്വതന്ത്രമായ സംഗീതവും, സിനിമ, പുസ്തക വായന, നാടകം, സമകാലിക കലാവസ്ഥകളെ ഗൗരവമായി സമീപിക്കുന്ന സെമിനാറുകളും 2010 വരെ തുടര്‍ന്ന മായലോകത്തില്‍ നടന്നിരുന്നു.

2010ല്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍, ഏകലോകം ട്രസ്റ്റ് ഓഫ് ഫോട്ടോഗ്രാഫി, തുളസി സ്വര്‍ണലക്ഷ്മിയുടെ കൂടെ പങ്കാളിത്തത്തില്‍ തുടങ്ങി. 2018ല്‍ അബുല്‍ തന്റെ വര്‍ക്കുകളെ വിശദമാക്കുന്ന ഒരു ഡോക്യുമെന്ററി (Excavator) യും തീര്‍ത്തിട്ടുണ്ട്. ഒാരോ ജീവിതനിമിഷവും ചലനാത്മകമാകണമെന്ന് സ്വയം ശാസനയുള്ള അബുല്‍ അയാളുടെ യാത്രകളില്‍ വെളിപ്പെട്ട അപൂര്‍വ കാഴ്ചകളെയാണ് പരിചിതമാക്കുന്നതെങ്കിലും പ്രത്യേകം എന്ന് പറയാവുന്ന ഒരാത്മീയ പരിസരത്തെയോ അപൂര്‍വ ജീവിതത്തെയോ ഒക്കെ നിഷ്പക്ഷതയുടെ സ്വരഭേദത്താലാണ് വഴിനടത്തുന്നത്. അവിടമൊക്കെ ഒരു വിശുദ്ധിയെ അബുല്‍ അരുമയായ് കാത്ത് പോരുന്നുമുണ്ട്.

ഇയാളുടെ ഫോട്ടോകളില്‍ മുഖം കാട്ടുന്നവരൊന്നും സമ്പന്നരല്ല. എന്നാല്‍ അവരൊക്കെ ആദരവാര്‍ന്ന ഒരു സംസ്‌കൃതിയുടെ പ്രതിനിധികളാണെന്ന പ്രഖ്യാപനമുണ്ട്. തമിഴ് സംസ്‌കൃതിയെ അവ അര്‍ഹിക്കുന്ന തനിമയിലാണ് അബുല്‍ തന്റെ ഫോട്ടോകളില്‍ പകര്‍ത്തി വയ്ക്കുന്നത്.

എന്നാല്‍ അവ പേര്‍ത്തും പേര്‍ത്തും പറയുന്നതിന്റെ അസുഖതയൊന്നും ഇയാളുടെ ഫോട്ടോകാഴ്ചകള്‍ അനുഭവപ്പെടുത്തുന്നില്ല. ഇത്തമൊരുസംസ്‌കൃതിയുടെ ഭാഗമാവാന്‍ അബുലിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക താനൊരു റാവുത്തര്‍ വിഭാഗക്കാരനാണെന്ന ബോധ്യമാണ്. ഇതിലൂടെ സത്യാന്വേഷണത്തിന്റെതായ ആത്മാര്‍പ്പണവും ഇയാള്‍ക്ക് സാധ്യമാകുന്നുണ്ടാകും. അബുലിന്റെ ഫോട്ടോകളില്‍ ചിത്രമെഴുത്തിന്റെയും സിനിമയുടെയും സന്നിവേശം അനാരോഗ്യകരമല്ലാത്തവിധം പ്രത്യക്ഷമാകുന്നുണ്ട്.

പിടിഐ പോലെ ഉയര്‍ന്ന സ്ഥാപനത്തിലെ ജോലി ഇദ്ദേഹം ഉപേക്ഷിച്ചത് ഫോട്ടോഗ്രാഫി നിഷ്പക്ഷവും സ്വതന്ത്രവുമായി നിര്‍വഹിക്കപ്പെടേണ്ടതാണെന്ന ബോധ്യമുള്ളതുകൊണ്ടാവാം. ഇങ്ങനെ ഫോട്ടോഗ്രഫിയെ കൈയാളിയവരാണ് ഈ മാധ്യമത്തില്‍ കാലാതീതമായ രചനകളെ സാക്ഷാത്കരിച്ചിട്ടുള്ളത്.

ഒാരോ പ്രദര്‍ശനം ഒരുങ്ങുമ്പോഴും തനിക്ക് പുതിയതായെന്തോ പറയാനുണ്ടെന്നതിന്റെ സൂചന നല്‍കുന്നുണ്ടത്. സ്വയം നവീകരണവും തന്റെ മാധ്യമത്തെ കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളും അതിനായുള്ള മനനങ്ങളും പഠനങ്ങളും തന്റെ ജീവിത വെളിവുകളില്‍ നില നിര്‍ത്തുന്നുമുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്കേ പുതിയ കാലത്തിലും തന്റെ രചനകളെ പ്രദര്‍ശിപ്പിക്കാന്‍ തക്ക ആത്മധൈര്യമുണ്ടാകു.

ഫ്രാന്‍സിലും ഇംഗ്ലണ്ടിലും പോയി ഫോട്ടോഗ്രഫിയില്‍ ഉന്നത പഠനവും അബുല്‍ നടത്തിയിട്ടുണ്ട്. മനുഷ്യര്‍ മാത്രമല്ല ഇദ്ദേഹത്തിന്റെ സൗഹൃദങ്ങളിലുള്ളത്. ജന്തുസസ്യലതാദികളൊക്കെയുണ്ട്. ബഷീറിയന്‍ ജീവിതത്തെ പുനര്‍ നിര്‍മിക്കും പോലെ…ഇത്തരം സ്‌നേഹത്തുടര്‍ച്ചകള്‍ക്ക് ഭംഗം വരേണ്ടെന്ന് കരുതിയാകും കൊച്ചി സ്വദേശിയായ അബുല്‍ കലാം ആസാദ് തന്റെ ഇപ്പോഴത്തെ ജീവിത ഇടമായി പ്രകൃതി രമണീയമായ വയനാടിനെ പരിഗണിച്ചിട്ടുള്ളതും.

No Comments yet!

Your Email address will not be published.