Skip to main content

ഇടതുപക്ഷം ഒരു സാധ്യതയാണ്, പരിമിതികള്‍ മറികടന്നാല്‍

പതിറ്റാണ്ടുകളായി ഇടതുപക്ഷരാഷ്ട്രീയവുമായി ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുകാരനും അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമാണ് മാഷ്. എങ്ങിനെയാണ് ചെറുപ്പത്തില്‍ത്തന്നെ ഇത്തരമൊരു രാഷ്ട്രീയധാരയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?

1939-ല്‍ എറണാകുളം ജില്ലയില്‍ ചേന്ദമംഗലത്താണ് എന്റെ ജനനം. പ്രൈമറി വിദ്യാഭ്യാസം ചേന്ദമംഗലം പാലിയം സ്‌കൂളിലായിരുന്നു. സെക്കണ്ടറിവിദ്യാഭ്യാസം തെക്കന്‍ ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ചേരാനല്ലൂര്‍ അല്‍ഫറൂഖിയ ഹൈസ്‌കൂളിലുമായിരുന്നു. 1955-57 കാലത്ത് ഇന്റര്‍മീഡിയറ്റ് പഠനം ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലായിരുന്നു. 1960-ല്‍ മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബി എ (ഓണേഴ്‌സ്) പാസ്സായി. വിദ്യാഭ്യാസകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണ് എന്നെ ഗൗരവമേറിയ രാഷ്ട്രീയചിന്തകളിലേക്കു നയിച്ചത്. അന്നൊക്കെ തൊഴിലാളി സമരങ്ങളുടെ കാലമാണ്. ഇടതുപക്ഷം ഭരണവര്‍ക്ഷത്തിനെതിരെ ശക്തമായ നിലപാട് എടുത്ത് തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്ന കാലമാണത്. ആരെയും സ്വാധീനിക്കാന്‍ പോന്ന കരുത്തുറ്റ നേതൃനിരയും ധീരരായ പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. സ്വാഭാവികമായും ഇതൊക്കെ എന്നെ ബാല്യത്തില്‍ത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.

 

1950 കളുടെ മധ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഇടതുപക്ഷരാഷ്ട്രീയവുമായി ബന്ധപ്പെടുന്നത്. ചേരാനല്ലൂര്‍ പഞ്ചായത്തില്‍പ്പെടുന്ന തെക്കന്‍ചിറ്റൂര്‍, ഇടയക്കുന്നം പ്രദേശവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിനുള്ള ഏക ആശ്രയം ചേരാനല്ലൂരിലെ അല്‍ഫറൂഖിയ ഹൈസ്‌കൂള്‍ ആയിരുന്നു. ആദ്യകാലകോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജനാബ്. വികെ കുട്ടിസാഹിബ് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ഉടമസ്ഥനും മാനേജരും. ഹെഡ്മാസ്റ്റര്‍ ആയിരുന്നത് ജനാബ് കൊച്ചൊ സാഹിബായിരുന്നു. ഐഎന്‍ടിയുസി നേതാവായിരുന്ന വി പി മരക്കാരുടെ ഭാര്യാപിതാവായിരുന്നു കൊച്ചോ സാഹിബ്. ഒരു തികഞ്ഞ ഏകാധിപതി. ചേരാനല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു മാത്രമല്ല വരാപ്പുഴ, ഏലൂര്‍, മഞ്ഞുമ്മല്‍, കോതാട്, മൂലമ്പിള്ളി, ചേന്നൂര്‍, കടമക്കുടി തുടങ്ങിയ ഗ്രാമങ്ങളിലെ വിരലിലെണ്ണാവുന്ന സമ്പന്നരും നിരവധി ഇടത്തരക്കാരും പാവപ്പെട്ടവരും ഒക്കെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരുന്നത് അല്‍ഫറൂഖിയയില്‍നിന്നായിരുന്നു. ഇക്കൂട്ടത്തില്‍ വരാപ്പുഴയില്‍നിന്ന് എത്തിയവരില്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ പേരുമാത്രമാണ് പ്രത്യേകമായി ഓര്‍ക്കുന്നത്. ഒരാള്‍ സേവ്യര്‍ അറയ്ക്കലാണ്. രണ്ടാമന്‍ ആര്‍ കെ പി വരാപ്പുഴ എന്ന തൂലികാനാമത്തില്‍ ഇടതുപക്ഷചുവയുള്ള സൃഷ്ടികള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന രാധാകൃഷ്ണപ്പണിക്കരായിരുന്നു. അന്ന് സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഏക വിദ്യാര്‍ത്ഥി സംഘടന ഇന്‍ഡിപ്പെന്‍ഡന്റ്സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎസ്ഒ)ആയിരുന്നു. പേരില്‍ സ്വതന്ത്രമെന്ന വിശേഷണമുണ്ടായിരുന്നെങ്കിലും സംഘടന അറുപിന്തിരിപ്പന്‍ ആശയങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. അതുകൊണ്ട് സേവ്യര്‍ അടക്കമുള്ള ഐഎസ്ഒ നേതാക്കളുമായി പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. ഐഎസ്ഒ വിന്റെ സംസ്ഥാന പ്രസിഡന്റ് പി എം മുഹമ്മദാലിയായിരുന്നു. അക്കാലത്ത് അറിയപ്പെട്ടിരുന്ന ഏകയുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അദ്ദേഹമായിരുന്നു.

അക്കാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സജീവമായിരുന്നില്ലേ?

1954-55 കാലത്ത് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്ന സംഘടനയായിരുന്നു ആള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്). ഞങ്ങള്‍ എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം സ്‌കൂള്‍ മതിലില്‍ കൈകൊണ്ടെഴുതിയ ഒരു പോസ്റ്റര്‍ കണ്ടു. അന്ന് വൈകീട്ട് സേവ്യര്‍ അറക്കല്‍ അധ്യക്ഷനായ ഒരു യോഗം സ്‌കൂള്‍ മൈതാനത്ത് ചേരുമെന്നും ഐഎസ്ഒവിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു പോസ്റ്റര്‍. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും കര്‍ശനനിലപാടുള്ള ഹെഡ്മാസ്റ്റര്‍ കൊച്ചൊസാഹിബ് യോഗത്തിന് എല്ലാവിധസഹായവും നല്‍കുന്നുണ്ടെന്നും ഞങ്ങള്‍ അറിഞ്ഞു. ഇതോടെ ഞങ്ങളില്‍ ചിലര്‍ ആര്‍ കെ പി വരാപ്പുഴയെ സമീപിച്ചു. ഞങ്ങളുടെ ആവശ്യം ഐഎസ് ഒവിന് ബദലായി മറ്റൊരു വിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കണമെന്നതായിരുന്നു. അപ്പോഴാണ് അദ്ദേഹം എഐഎസ്എഫിനെക്കുറിച്ചും അതിന്റെ നേതാക്കളായ അങ്കമാലിക്കാരന്‍ ആന്റണി തോമസിനെയും ചേര്‍ത്തലക്കാരന്‍ സി കെ ചന്ദ്രപ്പനെയും തനിക്ക് നേരിട്ടറിയാമെന്നും പറയുന്നത്. അവരുടെ സൗകര്യം കണക്കിലെടുത്ത് നമുക്കൊരു ആലോചനായോഗം ചേരാമെന്നും ഒരു യൂണിറ്റ് തുടങ്ങാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അത് ഞങ്ങളെ സന്തോഷിപ്പിച്ചു.

ഒരാഴ്ചക്കുള്ളില്‍ത്തന്നെ സ്‌കൂളിനോടു ചേര്‍ന്നുള്ള പീടികമുറിയില്‍ ഞങ്ങള്‍ യോഗം ചേര്‍ന്നു. ആര്‍കെപിയ്‌ക്കൊപ്പം ആന്റണിതോമസും ചന്ദ്രപ്പനുമുണ്ടായിരുന്നു. എഐഎസ്എഫിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ ചുരുക്കം ചില വാക്കുകളില്‍ വിവരിച്ചു. അപ്പോഴാണ് റെയില്‍വെ ജീവനക്കാരനായിരുന്ന ആര്‍കെപിയെ കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടതാണെന്ന വസ്തുത ഞങ്ങളറിയുന്നത്. സി കെ ചന്ദ്രപ്പനാണ് ഇക്കാര്യം പറഞ്ഞത്. അല്‍ഫറൂഖിയ സ്‌കൂള്‍ യൂണിറ്റിന്റെ താല്‍ക്കാലിക ചുമതലക്കാരായി ഹംസയെയും എന്നെയും എം വി സൈനുദ്ദീന്‍ മൂപ്പനേയും നിയോഗിച്ചു.

തൊട്ടടുത്ത ദിവസം ഹെഡ്മാസ്റ്ററെ നേരിട്ടുകണ്ട് യൂണിറ്റ് ഉദ്ഘാടനത്തിന് മൈതാനം അനുവദിക്കണമെന്ന് രേഖാമൂലം അപേക്ഷിക്കാനും തീരുമാനിച്ചു. ഇക്കാര്യം മണത്തറിഞ്ഞ കൊച്ചോ സാഹിബ് ക്ഷുഭിതനായി. എഐഎസ്എഫ് കമ്യൂണിസ്റ്റ്കാരുടെ സംഘടനയാണെന്നും അതിന്റെ രക്ഷാധികാരി എസ്എ ഡാങ്കെ എന്ന കമ്യൂണിസ്റ്റ് ട്രേഡ്‌യൂണിയന്‍ നേതാവാണെന്നും ഈ വിദ്യാര്‍ത്ഥിസംഘടനയുടെ ഒരു പരിപാടിക്കും സ്‌കൂള്‍ മൈതാനം അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു ആണ് എഐഎസ്എഫിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തതെന്ന് അറിയിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. അപ്പോള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത ഒരിടത്തുനിന്ന് സഹകരണവാഗ്ദാനം ലഭിച്ചു.

സ്‌കൂള്‍ മൈതാനത്തോടുചേര്‍ന്ന് കൊച്ചൊസാഹിബിന്റെ ആജന്മ ശത്രുവായ ഒരു മുസ്ലിം കുടുംബനാഥന്റെ സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അവിടെ സ്റ്റേജ് കെട്ടി യോഗം നടത്താന്‍ എല്ലാ സഹായവും കിട്ടി. സ്റ്റേജ് സ്വകാര്യവ്യക്തിയുടെ ഭൂമിയിലായതിനാല്‍ അത് തടയാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയുമായിരുന്നില്ല. യോഗത്തിനെത്തുന്നവര്‍ക്ക് സ്‌കൂള്‍ മൈതാനം ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ യൂണിറ്റ് രൂപീകരണയോഗം വളരെ വിജയകരമായി പര്യവസാനിച്ചു. ഈ സമ്മേളനത്തില്‍ ഒഎന്‍വിയുടെ ജനപ്രിയഗാനമായ ‘പൊന്നരിവാള്‍’- എന്ന ഗാനം ആലപിക്കാന്‍ എനിക്ക് അവസരം ലഭിച്ചതും ഞാനോര്‍ക്കുന്നു. എഐഎസ്എഫിലൂടെ കമ്യൂണിസ്റ്റ് ബന്ധം തുടങ്ങാനും തുടരാനും അവസരമൊരുക്കിയതിന് സേവ്യര്‍ അറക്കലിനുമാത്രമല്ല കൊച്ചൊസാഹിബിനും നന്ദി പറയേണ്ടതുണ്ട്. സികെ ചന്ദ്രപ്പനും ആന്റണി തോമസുമായുള്ള ബന്ധം ഇരുവരുടെയും വേര്‍പാടുവരെയും നിലനിര്‍ത്താനും സാധിച്ചു. ഐഎസ്ഒ നേതാവായ സേവ്യര്‍ അറക്കല്‍ പിന്നീട് വടക്കന്‍ പറവൂരില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയി. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പിന്തുണയോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര എംപിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നതും ചരിത്ര നിയോഗം.

ഞാന്‍ മഹാരാജാസ് കോളേജിലെ ധനകാര്യവകുപ്പില്‍ അധ്യാപകനായിരിക്കെയാണ് സേവ്യര്‍ അറയ്ക്കല്‍ എംഎല്‍എ ആകുന്നത്. വകുപ്പധ്യക്ഷന്‍ സേവ്യറിന്റെ സുഹൃത്ത് പ്രഫ. കെ സി പൈലി ആയിരുന്നു. എന്റെ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരു ദിവസം അപ്രതീക്ഷിതമായി സേവ്യര്‍ അറയ്ക്കല്‍ ധനശാസ്ത്ര വകുപ്പിലെത്തി പൈലിമാസ്റ്ററോട് എന്നെ ഒന്നു കാണണമെന്ന് ആവശ്യപ്പെട്ടു. പൈലി മാസ്റ്റര്‍ അത്ഭുതപ്പെട്ടു. കമ്യൂണിസ്റ്റ് സഹയാത്രികനായ എന്നെ എന്തിന് ഒരു കോണ്‍ഗ്രസ് എംഎല്‍എ കാണാനെത്തണം? ഇതാണ് അദ്ദേഹത്തെ കുഴക്കിയത്. അപ്പോഴാണ് സേവ്യര്‍ ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പഴയ ബന്ധത്തെപ്പറ്റി വിശദീകരിച്ചത്.

ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയ എന്നെയും കൂട്ടി പൈലിമാസ്റ്ററുടെ അനുവാദത്തോടെ സേവ്യര്‍ ബിടിഎച്ചിലെത്തി. ദീര്‍ഘകാലം ബാരിസ്റ്റര്‍ ബിരുദപഠനത്തിന് അമേരിക്കയിലായിരുന്ന അദ്ദേഹത്തിന് കേരളത്തിലെ സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസപ്രശ്‌നങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. ഈവക കാര്യങ്ങളില്‍ എന്റെ സഹായം തേടുകയും ഒപ്പംതന്നെ പരിചയം പുതുക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സര്‍വ്വകലാശാലാ വിദ്യാഭ്യാസ വിഷയത്തില്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നിരവധി ചോദ്യങ്ങളും പ്രമേയങ്ങളും നിയമസഭയില്‍ അവതരിപ്പിക്കാന്‍ സേവ്യര്‍ അറയ്ക്കലിന് കഴിഞ്ഞു. പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും എനിക്കു സാധിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം വരെ ഞങ്ങളുടെ സൗഹൃദം തുടര്‍ന്നു.

യു സി കോളേജിലെ അന്തരീക്ഷമെന്തായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നോ?

പത്താംക്ലാസ്സ് വിജയിച്ചശേഷം ദ്വിവര്‍ഷ ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് ഞാന്‍ ചേരുന്നത് ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലാണ്. ധനശാസ്ത്രം, ലോകചരിത്രം, സൈക്കോളജി എന്നീ ഐച്ഛികവിഷയങ്ങളടങ്ങിയ മൂന്നാം ഗ്രൂപ്പിലായിരുന്നു പ്രവേശനം. പഴയ ഇന്റര്‍മീഡിയറ്റ് കോഴ്‌സിന്റെ ലാസ്റ്റ് ബാച്ചായിരുന്നു ഞങ്ങളുടേത്. കര്‍ശനമായ അച്ചടക്കത്തിന് പേരുകേട്ട കോളേജായിരുന്ന യു സിയില്‍ എന്റെ മുന്‍ഗാമികളായിരുന്ന പ്രശസ്ത കമ്യൂണിസ്റ്റ് നേതാക്കള്‍ പി. ഗോവിന്ദപ്പിള്ളയും പി കെ വാസു ദേവന്‍നായരും ജെ ചിത്തരഞ്ജനും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് അവധി നല്‍കി തികഞ്ഞ അച്ചടക്കത്തോടെ പഠിച്ച വിവരം ഞങ്ങള്‍ക്കറിയാമായിരുന്നു. ഇവരെ കൂടാതെ മലയാറ്റൂര്‍ രാമകൃഷ്ണനും യുസിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഈ വസ്തുത ഞങ്ങളെ അറിയിച്ചത് യു സിയില്‍ രണ്ടാംവര്‍ഷ ഡിഗ്രി കോഴ്‌സിന് വിദ്യാര്‍ത്ഥിയായിരുന്ന ആന്റണി തോമസ് ആയിരുന്നു.

 

ഇന്റര്‍മീഡിയറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെ പഠനത്തില്‍ മാത്രമായി ഞങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. അതിന്റെ ഫലമായിട്ടാണ് തേര്‍ഡ് ഗ്രൂപ്പില്‍ ഒരു ദശകക്കാലത്തിനുശേഷം ഫസ്റ്റ് ക്ലാസ്സ് നേടിയ രണ്ടു വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരുവനാകാന്‍ എനിക്ക് അവസരമുണ്ടായതെന്നു തോന്നുന്നു. എനിക്കു പുറമെ എബ്രഹാം വര്‍ക്ഷീസ് എന്നൊരു വിദ്യാര്‍ത്ഥിക്കായിരുന്നു ഫസ്റ്റ് ക്ലാസ്സ് കിട്ടിയത്. ഞങ്ങള്‍ രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ് കോഴ്‌സില്‍ പഠിക്കുന്ന അവസരത്തിലാണ് ആദ്യ ബാച്ച് പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് തുടങ്ങുന്നത്. ഈ ബാച്ചില്‍ എന്റെ ആത്മമിത്രമായ പ്രൊഫ. കെ എ മുഹമ്മദും പില്‍ക്കാലത്ത് കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ഡി ബാബുപോള്‍ ഐഎഎസും വിദ്യാര്‍ത്ഥികളായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലറായിരുന്ന ഡോ.പി.കെ മൈക്കിള്‍തരകനും യു സി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഏതായാലും ഇന്റര്‍മീഡിയറ്റിന് ഒന്നാംക്ലാസ് ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം മഹാരാജാസില്‍ ത്രിവല്‍സര ബിഎ (ഓണേഴ്‌സ്) കോഴ്‌സിന്റെ അവസാന ബാച്ചില്‍ പ്രവേശനത്തിന് അര്‍ഹനായി.

ഓണേഴ്‌സ് കോഴ്‌സിന് ആകെ പത്തുസീറ്റുകളാണുള്ളത്. സംവരണം കഴിഞ്ഞാല്‍ എട്ടു സീറ്റുകള്‍. അതില്‍ ഒന്നിന് അര്‍ഹതനേടണം. അപ്പോള്‍ ഒരു കുഴപ്പം വന്നു. എന്നേക്കാള്‍ രണ്ടു മാര്‍ക്ക് അധികമുള്ള ആലപ്പുഴക്കാരന്‍ മുരളീധരമേനോന്‍ വന്നു. അക്കാലത്ത് എഴുത്തുപരീക്ഷയുടെ മാര്‍ക്കിനുപുറമെ ഇന്റര്‍വ്യൂവിലെ പെര്‍ഫോമന്‍സിനും മാര്‍ക്കുണ്ടായിരുന്നു. പെര്‍ഫോമന്‍സിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുക ഇന്റര്‍വ്യൂ ബോര്‍ഡായിരിക്കും.

അന്നത്തെ ബോര്‍ഡില്‍ ചെയര്‍മാന്‍ ധനശാസ്ത്രവകുപ്പു മേധാവി പ്രൊഫ. ഡബ്ല്യൂ. കൃഷ്ണന്‍കുട്ടി മേനോനായിരുന്നു. ചരിത്രവകുപ്പ് മേധാവി പ്രൊഫ. പി.എസ് വേലായുധനും പൊളിറ്റിക്കല്‍ സയന്‍സ് മേധാവി പി.കെ കരുണാകരമേനോനും അംഗങ്ങളായിരുന്നു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പ്രൊഫ. കൃഷ്ണന്‍കുട്ടി മനോനും ഇന്റര്‍വ്യൂവിന് മാര്‍ക്കിടുവാനുള്ള അവകാശം പ്രധാനമായും വേലായുധന്‍ മാസ്റ്റര്‍ക്കുമായിരുന്നു. അദ്ദേഹമാണെങ്കില്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കണിശക്കാരനായിരുന്നു. എന്റെ സീനിയറായ ഒരു വിദ്യാര്‍ത്ഥി ഇന്റര്‍വ്യൂ ബോര്‍ഡിനെ സംബന്ധിച്ച് കൃത്യമായ വിവരം തന്നിരുന്നു. ഒരു വിദ്യാര്‍ത്ഥി ഇന്റര്‍വ്യൂ കഴിഞ്ഞ് പുറത്തു കടന്നാല്‍ ഉടന്‍ വേലായുധന്‍മാസ്റ്റര്‍ അടുത്തുവരുന്ന വിദ്യാര്‍ത്ഥിക്കായുള്ള ഇരിപ്പിടം മേശയോട് ചേര്‍ത്തിടും. ആ വിദ്യാര്‍ത്ഥി ഒന്നുകില്‍ കസേര പൊക്കിയെടുത്ത് അല്‍പം പുറകോട്ട് നീക്കി ‘താങ്ക്‌യൂ സര്‍’ എന്നു പറഞ്ഞതിനു ശേഷമായിരിക്കും തൊഴുകയ്യുകളോടെ ഇരിപ്പുറപ്പിക്കുക. അല്ലെങ്കില്‍ കസേര വലിച്ച് നീക്കിയിട്ടതിനുശേഷം ബോര്‍ഡിനെ അഭിമുഖീകരിക്കുക. ഇതില്‍ ആദ്യത്തെ മാര്‍ക്ഷമാണ് അവലംബിക്കുന്നതെങ്കില്‍ വേലായുധന്‍മാസ്റ്റര്‍ വിദ്യാര്‍ത്ഥിക്ക് അനുകൂലനിലപാടെടുക്കും. രണ്ടാമത്തെ മാര്‍ക്ഷമാണ് സ്വീകരിക്കുന്നതെങ്കില്‍ കാര്യം പോക്കാണ്. പ്രവേശനത്തിന് മറ്റൊരു കോളേജില്‍ തന്നെ പോകണം. രണ്ട് മാര്‍ക്ക് അധികമുണ്ടായിരുന്ന മുരളീധരമേനോന്‍ രണ്ടാമത്തെ മാര്‍ഗമാണ് സ്വീകരിച്ചത്. ഒട്ടും താമസിയാതെ കര്‍ക്കശക്കാരനായ പ്രൊഫ. വേലായുധന്‍ പാവം മുരളിയുടെ പേരു നീക്കം ചെയ്തു. അതോടെ അവസാന പേരുകാരനായി എനിക്ക് സീറ്റ് ഉറപ്പായി. മുരളി സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ ഡിഗ്രി കോഴ്‌സിന് പ്രവേശനം നേടി. ബിരുദാനന്തര ബിരുദകോഴ്‌സിന് മഹാരാജാസില്‍ അപേക്ഷ നല്‍കുകപോലുമുണ്ടായില്ല. ആലപ്പുഴ എസ്ഡി കോളേജില്‍നിന്നാണ് എം എ ബിരുദമെടുത്തത്. അന്നത്തെ പ്രവേശന രീതിയും നിലവിലുള്ള രീതിയും തമ്മിലുള്ള അന്തരം നോക്കുക പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥിയുടെ മാര്‍ക്കിനല്ലാതെ മറ്റൊന്നിനും തെല്ലും പരിഗണന നല്‍കാത്ത ഏര്‍പ്പാട് സര്‍ക്കാര്‍ കോളേജുകളില്‍ പോലും ഇന്ന് നിലവിലില്ലാതായി. സ്വകാര്യകോളേജുകള്‍ക്ക് മെറിറ്റ് മറികടക്കാന്‍ പല വഴികളുമുണ്ടെന്നത് വേറെ കാര്യം. ഇവിടെയും എയ്ഡഡ് കോളേജുകളും അണ്‍എയ്ഡഡ് കോളേജുകളും തമ്മിലും വ്യത്യാസങ്ങളുണ്ട്.

മഹാരാജാസ് കോളേജിലെ അന്തരീക്ഷം എങ്ങിനെയുണ്ടായിരുന്നു?

മഹാരാജാസ് കോളേജില്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന് രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം പുതിയൊരു ഘട്ടം കുറിക്കപ്പെട്ടു. യു സി കോളേജിലെ വിലക്ക് മഹാരാജാസില്‍ ഇല്ലായിരുന്നു. കോളേജിലാകട്ടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് സാമാന്യം നല്ല വേരോട്ടം നേടാനും കഴിഞ്ഞിരുന്നു. അങ്ങനെ എഐഎസ്എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഹൈസ്‌കൂള്‍ കാലത്തേതിനേക്കാള്‍ സ്വാതന്ത്ര്യത്തോടെയും ആര്‍ജവത്തോടെയും പങ്കെടുക്കാന്‍ അവസരങ്ങളും തുറന്നു കിട്ടി. അതേ അവസരത്തില്‍ത്തന്നെ ധനശാസ്ത്രവകുപ്പ് അടക്കമുള്ള വകുപ്പുകളിലെ ക്ലാസ്സുകളില്‍ കൃത്യമായ ഹാജര്‍ ഉണ്ടായിരിക്കണമെന്ന നിഷ്‌കര്‍ഷക്കാരനായ പ്രിന്‍സിപ്പലായിരുന്നു പ്രൊഫ. ടി മാധവമേനോന്‍. വിദ്യാര്‍ത്ഥികളോട് ശാസനയോടൊപ്പം പിതൃതുല്യമായ സ്‌നേഹത്തോടെയും ഇടപഴകി. ഈ സമീപനം അച്ചടക്കത്തെ ഒരു വിധത്തിലും പ്രതികൂലമായി ബാധിച്ചില്ല. എന്നാല്‍ ഒരു കാര്യത്തില്‍ പ്രിന്‍സിപ്പലും അധ്യാപകരും ഒരുപോലെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. അവസാനവര്‍ഷമാകുന്നതോടെ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ സജീവ വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വം സ്വയം ഒഴിയണമെന്നതായിരുന്നു അത്. പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ തീരുമാനം. കോളേജിനുപുറത്ത് ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളും ഇതിനോടൊത്തു പോയിരുന്നു എന്ന യാഥാര്‍ത്ഥ്യവും അടിവരയിട്ടു പറയേണ്ടതുണ്ട്. ധനശാസ്ത്രവകുപ്പിലെ രണ്ടാം സ്ഥാനക്കാരനായ ഡോ.കെ.സി പൈലി വിദ്യാര്‍ത്ഥിനേതാക്കളുടെ റോള്‍മോഡല്‍ ആയി ചൂണ്ടിക്കാണിച്ചിരുന്നത് ഡോ. മാത്യുകുര്യനെ ആയിരുന്നു. കമ്യൂണിസ്റ്റ് എന്നു കേട്ടാല്‍ പലരും ഞെട്ടി വിറക്കുന്ന കാലത്ത് എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മാത്യു കുര്യന്‍ പില്‍ക്കാലത്ത് രാജ്യസഭാംഗമായി. പ്രശസ്തനായ സാമ്പത്തികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഒന്നാം ക്ലാസ്സും ഒന്നാം റാങ്കും നേടിയാണ് ബിരുദാനന്തര ബിരുദം നേടിയത്. പഠനവും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നതാണ് ഈ വിദ്യാര്‍ത്ഥിയുടെ നേട്ടം. ആധുനിക കാലത്തെ ഇടതുപക്ഷ ചായ്‌വുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെയും നേതാക്കളുടെയും പ്രവര്‍ത്തന ശൈലിയുടെ ന്യൂനതകള്‍ തിരിച്ചറിയാന്‍ പഴയ നേതാക്കളുടെ ചരിത്രം പരിശോധിക്കുന്നത് നല്ലതാണ്. ഏതായാലും അറുപതുകളുടെ അവസാനംവരെ ഞങ്ങള്‍ ഡോ. മാത്യു കുര്യന്റെ മാതൃക പിന്തുടരുകയാണ് ചെയ്തത്. അതിന്റെ ഗുണഫലങ്ങളും ഞങ്ങള്‍ക്കുണ്ടായി. അക്കാലത്ത് ഞങ്ങളുടെ അധ്യാപകരും നേതാക്കളും നല്‍കിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അതേപടി പ്രാവര്‍ത്തികമാക്കിയതിന്റെ ഫലമായിരുന്നു ഈ നേട്ടങ്ങളെല്ലാം.

അധ്യാപകനെന്ന നിലയില്‍ താങ്കളുടെ അനുഭവമെന്താണ്?

അധ്യാപകനെന്ന നിലയില്‍ മൂന്നു പതിറ്റാണ്ടിലധികം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതിനുമുമ്പ് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ക്ലറിക്കല്‍ അനസിസ്റ്റന്റ് ആയി കുറച്ചുകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോള്‍ എന്റെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. അക്കാലത്തെ അധ്യാപകരെല്ലാം എല്ലാത്തരം വിഭാഗീയതക്കുമെതിരെ നിലയുറപ്പിച്ചിരുന്നു. രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാന്‍ ഒരിക്കല്‍പ്പോലും ഞങ്ങളില്‍ ആരും ശ്രമിച്ചിരുന്നില്ല. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും എനിക്ക് ലഭിച്ചതിനുപിന്നിലെ ഘടകവും ഇതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സെക്രട്ടേറിയേറ്റില്‍ ഗ്രേഡ് 2 അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ സുഹൃത്തും നാട്ടുകാരനുമായ പ്രൊഫ. കെ.എന്‍ ഭരതനും എനിക്കൊപ്പം ജോലി ചെയ്തിരുന്നു. 1964 മുതല്‍ 65 വരെയായിരുന്നു ഈ ജോലി. ജോലി ചെയ്യുമ്പോള്‍ തന്നെ എസ്എന്‍ടിയിലും ശങ്കേഴ്‌സ് ടൂട്ടോറിയലിലും പഠിപ്പിച്ചു. കോളേജ് അധ്യാപകനാവണമെന്ന ആഗ്രഹം സഫലമായത് 1965-ല്‍ തലശ്ശേരി ഗവഃ ബ്രണ്ണന്‍ കോളേജില്‍ ധനശാസ്ത്രത്തില്‍ ട്യൂട്ടര്‍ തസ്തികയില്‍ നിയമിതനായപ്പോഴാണ്. ഒരു വര്‍ഷത്തിനകം ലക്ചറര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നേടി മഹാരാജാസില്‍ നിയമിതനായി. 1990 വരെയാണ് അവിടെ അധ്യാപകനായും വകുപ്പ് തലവനായും പ്രവര്‍ത്തിച്ചത്. ഇതിനിടയില്‍ ആറ്റിങ്ങല്‍ ഗവര്‍മെന്റ് കോളേജ്, നാട്ടകം ഗവര്‍മെന്റ് കോളേജ്, തൃശൂര്‍ ഗവര്‍മെന്റ് സായാഹ്ന കോളേജ്, പട്ടാമ്പി സംസ്‌കൃതകോളേജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി (സായാഹ്ന)കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

 

1990-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തിയപ്പോള്‍ ആദ്യനിയമനം മലപ്പുറം ഗവര്‍മെന്റ് കോളേജിലായിരുന്നു. തുടര്‍ന്ന് നാട്ടകം ഗവര്‍മെന്റ് കോളേജ്, തലശ്ശേരി ഗവഃബ്രണ്ണന്‍കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. രണ്ടുവര്‍ഷം എറണാകുളം മേഖലാ കോളേജ് വിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വ്വീസില്‍നിന്നു വിരമിക്കുന്നതിനുമുമ്പ് ഏതാനും ദിവസം തൃശൂരിലെ സി.അച്യുതമേനോന്‍ ഗവര്‍മെന്റ് കോളേജിലും പ്രിന്‍സിപ്പലായി ജോലി ചെയ്തു.

താങ്കള്‍ ദീര്‍ഘകാലം സിപിഐയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. വലിയ നേതാക്കളുമായി വ്യക്തിബന്ധങ്ങളും സൂക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തെ ഏതു നിലയിലാണ് നോക്കിക്കാണുന്നത്?

പഴയകാല നേതാക്കള്‍ സൂക്ഷിച്ചിരുന്ന സൗഹൃദവും വ്യക്തിബന്ധങ്ങളിലെ ആര്‍ദ്രതയും ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും ആകാത്തതാണ്. രാഷ്ട്രീയമായ എതിര്‍പ്പ് വ്യക്തിപരമാവാതിരിക്കാന്‍ എപ്പോഴും അവര്‍ ശ്രദ്ധിച്ചിരുന്നു. ഞാന്‍ ഓര്‍ക്കുന്ന ഒരനുഭവമുണ്ട്. എന്റെ അമ്മാവന്‍ കോഴിക്കോട്ട് ഗംഗാധരമേനോന്‍, പാലിയം ക്ഷേത്രപ്രവേശന സമരത്തിലും, സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിരുന്നു. അവിവാഹിതനാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് എംഎല്‍എ ഇ. ഗോപാലകൃഷ്ണ മേനോനെതിരെ പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിച്ചത് അമ്മാവനായിരുന്നു. ഒളിവിലിരിക്കെയാണ് ഗോപാലകൃഷ്ണ മേനോന്‍ മത്സരിച്ച് ജയിച്ചത്. പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം പറവൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി എന്‍. ശിവന്‍പിള്ളയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ചേന്ദമംഗലത്ത് ഗംഗാധരമേനോന്‍ താമസിച്ചിരുന്ന കോഴിക്കോട്ട് തറവാടിനു സമീപമെത്തിയപ്പോള്‍, തന്റെ പഴയ എതിരാളിയും സുഹൃത്തുമായ ഗംഗാധരമേനോനെപ്പറ്റി ഗോപാലകൃഷ്ണ മേനോന്‍ ഓര്‍ത്തു. ഒപ്പം ഉണ്ടായിരുന്ന എന്നോട് ഈ വീട് അറിയാമോ എന്നു തിരക്കി. ഗംഗാധരമേനോനും ഞാനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്താതെ, അവരെയും കൂട്ടി എന്റെ തറവാട്ടില്‍ എത്തി. തറവാട്ടുകാരണവരായിരുന്ന ഗംഗാധരമേനോന്‍ സ്ഥിരമായി വിശ്രമിച്ചിരുന്ന മുറിയില്‍ അവര്‍ മൂവരേയും ആക്കി. ഞാന്‍ നേരെ അടുക്കളയിലേക്കാണു പോയത്. പഴയ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ ആശയവിനിമയത്തിനിടെ അമ്മാമന്‍ ഒരു കമ്യൂണിസ്റ്റ്കാരനായ എന്റെ പേര് പറഞ്ഞതോടെ മറച്ചുവച്ച കാര്യംപുറത്തുവന്നു. തൊട്ടടുത്ത നിമിഷം മീനാക്ഷി തമ്പാന്‍ അടുക്കളയിലെത്തി. എന്നോടു പരിഭവം പറഞ്ഞു. പാര്‍ട്ടിയുമായുള്ള ബന്ധം മറച്ചുവച്ചതിന്.

ഇത് പഴയ കഥ. ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത കഥ. മുന്‍കാല രാഷ്ട്രീയ എതിരാളികള്‍ക്കിടയില്‍ നടന്ന ആശയവിനിമയത്തില്‍ സ്വാതന്ത്ര്യസമരപെന്‍ഷന്റെ കാര്യവും വന്നിരുന്നു. ഗോപാലകൃഷ്ണമേനോന്‍ പെന്‍ഷന്‍ സ്വീകരിച്ചിരുന്ന കാര്യം പറഞ്ഞു. അമ്മാമന്‍ അത് നിരസിച്ച കഥയും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ അമ്മാമന്‍ സൂചിപ്പിച്ച മറ്റൊരു സംഭവം, ”താമ്രപത്രവുമായി കരുണാകരന്‍ നേരിട്ടെത്തിയതാണ്. ഈ സമ്മാനം ഷോകേസില്‍ സൂക്ഷിക്കാന്‍ കൊള്ളാം.” എന്നാണ് അമ്മാമന്‍ മറുപടി പറഞ്ഞത്. പെന്‍ഷന്റെ കാര്യത്തില്‍ പ്രതികൂല നിലപാടാണ് അമ്മാമന്‍ എടുത്തത്. ഒടുവില്‍ അന്ന് സെക്രട്ടേറിയേറ്റില്‍ ക്ലാര്‍ക്കായിരുന്ന എന്നോട് മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രൈവറ്റ് അസിസ്റ്റന്റ് ആയിരുന്ന പ്രഭാകരമേനോന്‍ (അദ്ദേഹം ഞങ്ങളുടെ ബന്ധുകൂടിയായിരുന്നു). ഒരുകാര്യം സൂചിപ്പിച്ചു. ”ഗംഗാധരമേനോന് സ്വാതന്ത്ര്യസമരപെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ സഹായിക്കുന്നതില്‍ കരുണാകരന് താത്പര്യമുണ്ടെന്നും, അതിലേക്കായി ഒരു അപേക്ഷവേണമെന്നും” ആയിരുന്നു മുഖ്യമന്ത്രിയുടെ പി എ എന്നെ അറിയിച്ചത്. ഞാന്‍ ഒരിക്കല്‍ കൂടി സ്വാതന്ത്ര്യസമരപെന്‍ഷനായുള്ള അപേക്ഷ നല്‍കാന്‍ അമ്മാമനോട് അപേക്ഷിച്ചു. ഒടുവില്‍ അദ്ദേഹം വഴങ്ങി. രണ്ടു ഷീറ്റ് വെള്ളക്കടലാസ്സില്‍ അമ്മാമന്റെ കയ്യൊപ്പും വാങ്ങി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പി.എ പ്രഭാകരമേനോനെ (ഞങ്ങളുടെ അപ്പുച്ചേട്ടനെ) ഏല്പിച്ചു. ഞാന്‍ മുറിക്കു പുറത്തുനിന്നു. അകത്ത് പിഎ ഈ അപേക്ഷക്കുള്ള കടലാസ് മുഖ്യമന്ത്രിക്കു മുന്നില്‍ വെച്ചു. കെ. കരുണാകരന്‍ അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ”ഇപ്പോളെങ്കിലും ഗംഗാധരന് നല്ല ബുദ്ധിയുണ്ടായല്ലോ” തൊട്ടടുത്തനാള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി. ഇന്ദിരാഗാന്ധിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി ഈ വിഷയം അവതരിപ്പിച്ചു. കെ. കരുണാകരന്റെ വ്യക്തിപരമായ അപേക്ഷക്കുവഴങ്ങി, അവര്‍ സ്വാതന്ത്ര്യസമരപെന്‍ഷന്‍ മുന്‍കാലപ്രാബല്യത്തോടെ അനുവദിക്കുകയും ചെയ്തു. എന്റെ അമ്മാമന് കരുണാകരനോടുണ്ടായിരുന്നതുപോലുള്ള സൗഹൃദം പനമ്പിള്ളി ഗോവിന്ദമേനോനോടും ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോട് ഇത്രയേറെ അടുപ്പവും കടപ്പാടും നിലനിര്‍ത്തിയിരുന്ന അമ്മാമന്‍ ഒരിക്കല്‍പ്പോലും കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍ എന്നെ തള്ളിപ്പറയുകയോ ശാസിക്കുകയോ ചെയ്തിട്ടില്ല.

രാഷ്ട്രീയത്തില്‍ താങ്കളെ സ്വാധീനിച്ച നേതാക്കള്‍ ആരൊക്കെയാണ്?

സിപിഐയില്‍ സി അച്യുതമേനോന്‍, എന്‍ ഇബലറാം, വെളിയം ഭാര്‍ഗവന്‍, കെ വി സുരേന്ദ്രനാഥ്, ആശാന്‍ തുടങ്ങിയവര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എറണാകുളത്ത് എംഎം ലോറന്‍സ് വലിയ സ്വാധീനം ഉണ്ടായിരുന്ന നേതാവാണ്. സിപിഐയില്‍ വ്യത്യസ്ത സമീപനം കൊണ്ടുവന്ന നേതാവായിരുന്നു കെ.വി സുരേന്ദ്രനാഥ്. പരിസ്ഥിതിപ്രശ്‌നം ഗൗരവമായി ഉന്നയിച്ചത് അദ്ദേഹമാണ്. പാര്‍ലമെന്ററി താല്പര്യങ്ങള്‍ തീരെയില്ലാതിരുന്ന സഖാവിനെ തോല്‍ക്കുന്ന സീറ്റില്‍ നിരന്തരം പരീക്ഷിക്കുമായിരുന്നു. ഒടുവില്‍ നെടുമങ്ങാട് അസംബ്ലിമണ്ഡലത്തില്‍ അദ്ദേഹം വിജയിച്ചു. പിന്നീടദ്ദേഹത്തിന് സീറ്റ് നല്‍കിയില്ല. അദ്ദേഹം അത് ആവശ്യപ്പെട്ടുമില്ല.

വ്യത്യസ്ത അഭിപ്രായങ്ങളെ പൊറുപ്പിക്കുന്ന സമീപനം കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇപ്പോള്‍ ഇല്ല എന്ന പ്രശ്‌നമുണ്ട്. ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കലാപത്തിന്റെ കാലത്ത് ഇത് കണ്ടതാണ്. പി. ഗോവിന്ദപ്പിള്ള, യു ആര്‍ അനന്തമൂര്‍ത്തി തുടങ്ങിയവരെല്ലാം ചൈനീസ് സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചവരാണ്. പക്ഷേ ഇഎംഎസ് അതിനെ ന്യായീകരിച്ചു. ചൈനയെ സംബന്ധിച്ച് ജനാധിപത്യം ആവശ്യമില്ല. വെടിയുണ്ട മാവോയുടേതായാലും പുടിന്റേതായാലും നിറവേറ്റുന്നത് ഒരേ ദൗത്യമാണ്. മുതലാളിത്തത്തെ ഇല്ലായ്മ ചെയ്യുക കമ്യൂണിസ്റ്റ്കാരുടെ ലക്ഷ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഗാന്ധിജിയെക്കുറിച്ചും മാര്‍ക്‌സിനെക്കുറിച്ചുമുള്ള ഗൗരവമേറിയ സംവാദം നടക്കുന്നുണ്ട്. പുതിയ പ്രശ്‌നങ്ങളെയും പുതിയ ആശയങ്ങളെയും കണ്ണുതുറന്നു കാണാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറാകണം. ഇപ്പോള്‍ കേരളത്തില്‍ ദരിദ്രരെയും ഇടത്തരക്കാരെയും തള്ളിക്കളയുന്ന നിലപാടാണ് സിപിഎമ്മും സിപിഐയും സ്വീകരിച്ചിരിക്കുന്നത്. അവര്‍ക്ക് ഉത്കണ്ഠ വ്യവസായികള്‍ക്കുവേണ്ടി ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ നടപ്പാക്കുന്നതിലാണ്. അദാനിയുടെ വ്യവസായ താല്‍പര്യങ്ങളിലാണവര്‍ക്ക് ജാഗ്രത. 232 രൂപയ്ക്ക് രാപ്പകല്‍ ജോലിചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അവരുടെ പരിഗണനാവിഷയമല്ല. ആര്‍എസ്എസ്സിന്റെ നേതാക്കള്‍ ഇഎംഎസ് അക്കാദമിയില്‍ പോലൂം യോഗ പഠിപ്പിക്കുന്ന കാലമാണിത്. ബ്യൂറോക്രസിയെ ആശ്രയിച്ച് രാഷ്ട്രീയവ്യവസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ സോവിയറ്റ് യൂണിയനില്‍ സംഭവിച്ച കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ് ചെയ്യുക. ഇവിടത്തെ സിപിഐ നേതൃത്വം അഖിലേന്ത്യാ രാഷ്ട്രീയ സമീപനങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മാഷ് എവിടേക്ക് സ്ഥലം മാറിപ്പോയാലും പാര്‍ട്ടിമെമ്പര്‍ഷിപ്പ് നിലനിര്‍ത്തണം എന്ന് സ: വി വി രാഘവന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞാനത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. സഖാവ് പി.ആര്‍ നമ്പ്യാര്‍ ഉപദേശിച്ചിട്ടുള്ളതുപോലെ ഒരു കമ്യൂണിസ്റ്റായി മരിക്കണം എന്ന ആഗ്രഹമുണ്ട്. കമ്യൂണിസ്റ്റുകാര്‍ സ്വന്തം നിലപാടുകളില്‍ വലിയ തോതിലുള്ള അഴിച്ചുപണികള്‍ക്ക് തയ്യാറാവുന്നില്ലെങ്കില്‍ ആ രാഷ്ട്രീയത്തിന് നിലനില്‍ക്കാനോ മുന്നേറാനോ സാധ്യമല്ല എന്ന ആശങ്കകൂടി മനസ്സിനെ അലട്ടുന്നുണ്ട്.

(ഈ അഭിമുഖം പ്രഫ. കെ അരവിന്ദാക്ഷന്റെ തിരിച്ചുപിടിക്കാം പ്രകൃതിയെയും മനുഷ്യനെയും എന്ന പുസ്തകത്തില്‍ നിന്ന് എടുത്തുചേര്‍ത്തതാണ്)

No Comments yet!

Your Email address will not be published.