Skip to main content

ഇരട്ട ശിരസ്സുള്ള ദേവനും ആള്‍ക്കൂട്ടത്തിനും നടുവില്‍!

 

ഇരട്ട ശിരസ്സുകളും ഒറ്റ ശരീരവുമുള്ള റോമന്‍ ദേവന്‍ ജേനസ്സിനോടാണ് നമ്മുടെ സമൂഹമനസ്സിന് ഏറെ ആഭിമുഖ്യം. ഇടതു വശത്തേയും വലതു വശത്തേയും വിരുദ്ധ ദിശകള്‍ക്കിടയില്‍ ജേനസ് ദേവനെപ്പോലെ തന്നെ നമ്മുടെ സമൂഹ മനസ്സും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. രണ്ട് ശിരസ്സുകള്‍ ! എവിടെയും നോട്ടം ഉറയ്ക്കാതെ രണ്ടു ദിശകളിലേക്കുമുള്ള കാഴ്ച്ചപ്പാടിന്റെ ചാഞ്ചാട്ടങ്ങള്‍! ഇരുണ്ട ഭൂതകാലത്തോടും, വെളിച്ചം പ്രസരിപ്പിക്കുന്ന ഭാവിയോടും നീതിപുലര്‍ത്താനുള്ള പരിഹാസ്യമായ വെമ്പല്‍! ഏറെ ജാഗ്രതയോടെ ഭൂതകാലത്തിന്റെയും വരും കാലത്തിന്റെയും താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടുന്നത് തങ്ങള്‍ കാരണമാണെന്ന ഭ്രാന്തമായ വിശ്വാസം!

വിപരീതങ്ങളായ യുക്തികളേയും വിരുദ്ധങ്ങളായ കാഴ്ച്ചപ്പാടുകളേയും സമീകരിക്കാന്‍ കഴിയുമെന്ന പൊള്ളയായ ശുഭാപ്തി വിശ്വാസം!

എവിടെയും എപ്പോഴും എങ്ങനെയും പൊട്ടിപ്പടരാവുന്ന ആള്‍ക്കൂട്ടങ്ങളുടെ നിലയ്ക്കാത്ത അലകള്‍ക്കും ആരവത്തിനും മുന്നില്‍ സ്തബ്ധരായും വെറും കാഴ്ച്ചക്കാരായും നിഷ്‌ക്രിയരായി ഇരിക്കേണ്ട ബാധ്യത മാത്രമേ സമൂഹത്തിലെ ഒറ്റയൊറ്റ മനസ്സുകള്‍ക്കുള്ളൂ – ഇടതുപക്ഷത്തെയും വലത് പക്ഷത്തെയും കേരളീയ ഭാവന സമരസപ്പെടുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നത് ആള്‍ക്കൂട്ടക്കാഴ്ച്ചകളുടെ ബലത്തിലാണ് ; ഒപ്പം ജേനസ് ദേവന്റെ അനുഗ്രഹത്തിലും!

വര്‍ക്ഷപരമായ സംഘാടനത്തിന് പകരം വെക്കാന്‍ ആള്‍ക്കൂട്ടച്ചേരുവകള്‍! വര്‍ക്ഷപരമായ ഭാവനക്കും ഭാവുകത്വത്തിനും പകരം ആള്‍ക്കൂട്ടത്തിന്റെ ഭ്രമാത്മക ചിന്തകള്‍ ! ഭ്രമ കല്‍പ്പനകള്‍ !

ഭൂതകാലം ആവേശിച്ച ഒരു ജനവിഭാഗത്തിന്റെ മനസ്സിനേയും ഭാവിയുടെ ദര്‍ശനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പ്രതിബദ്ധ മനസ്സുകളേയും ഒരൊറ്റ ചരടില്‍ കോര്‍ത്തിണക്കാമെന്നത് ‘അരാഷ്ട്രീയ വികസന’ത്തിന്റെ ‘ ആഗോള പ്രമാണമാണ്. ആഗോളീകരണത്തിന്റേയും നവ ഉദാരീകരണത്തിന്റേയും മൂല്യവ്യവസ്ഥക്ക് കീഴ്‌പ്പെട്ട് ലോകമെങ്ങും സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ‘ആള്‍ക്കൂട്ട’ രാഷ്ട്രീയത്തിന് നിശ്ചിത കാര്യപരിപാടികളോ പ്രത്യയ സംഹിതകളോ ഇല്ലെന്നതാണ് പരമാര്‍ത്ഥം.

പ്രത്യക്ഷത്തില്‍ ഉദാരമായ വ്യവസ്ഥകളോടെ സമന്വയിപ്പിക്കപ്പെടുന്ന വിരുദ്ധ കാഴ്ച്ചപ്പാടുകളുടെ സങ്കലനത്തിന് വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കാന്‍ കഴിയും.വേള്‍ഡ് സോഷ്യല്‍ ഫോറം അതിന്റെ അരാഷ്ട്രീയതയേയും അറേബിയന്‍ വസന്തം അതിന്റെ സൗന്ദര്യാത്മകതയേയും ശ്രീലങ്കയിലേയും ബംഗ്ലാദേശിലേയും വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ അതിന്റെ ജനിതക വൈകല്യങ്ങളേയും ലോകസമക്ഷം പ്രത്യക്ഷമാക്കി.

ഇങ്ങനെയൊക്കെയാണെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് ചരിത്രത്തിന്റെ ദിശയെ നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന അന്ധവിശ്വാസത്തിന് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കാര്യമായ അറുതി വന്നു കഴിഞ്ഞിട്ടുണ്ട്. ജാതിയുടേയും മതത്തിന്റേയും വംശത്തിന്റേയും ഗോത്രത്തിന്റേയും പെരുമകള്‍ സ്ഥാനത്തും അസ്ഥാനത്തും പാടിപ്പുകഴ്ത്താന്‍ ഭരണകൂട സ്ഥാപനങ്ങള്‍ തന്നെ നിയോഗിക്കപ്പെട്ടതോടെ അരാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട ആള്‍ക്കൂട്ടങ്ങളും ഊര്‍ജ്ജം നഷ്ടപ്പെട്ട് നിര്‍വ്വീര്യമാകുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്.

ആള്‍ക്കൂട്ടങ്ങള്‍ സംഘടനാപരമായും ബൗദ്ധികമായും നേരിടുന്ന വിശ്വാസത്തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നമ്മുടെ സമൂഹമനസ്സ് ഇരട്ട ശിരസ്സുള്ള ജേനസ്സ് ദേവന് രക്ഷകന്റെ പരിവേഷം നല്‍കി അരാഷ്ട്രീയ പ്രതിരൂപങ്ങളുടെ സഹായത്തോടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും ഒരിക്കല്‍ കൂടി പ്രത്യാനയിപ്പിക്കാനും ഒരുങ്ങുന്നത്. മുന്‍നിര്‍ത്തേണ്ട കാഴ്ചകളേയും നിലപാടുകളേയും പിന്നിലേക്ക് തള്ളി സമൂഹത്തില്‍ സമവായം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അന്തിമമായി പരാജയപ്പെടുകയേയുള്ളൂ.

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം നാടകത്തില്‍ മിന്നല്‍ വേഗത്തില്‍ മുന്നോട്ട് കുതിക്കുന്ന രഥചക്രങ്ങള്‍ക്കൊപ്പം ചലിക്കാന്‍ കൂട്ടാക്കാതെ ശകുന്തളയെയോര്‍ത്ത് ആശ്രമത്തിലേക്ക് പിന്തിരിയാന്‍ വെമ്പല്‍ കൊള്ളുന്ന ദുഷ്യന്തന്റെ അസ്ഥിരമായ മാനസികാവസ്ഥയിലാണ് സമൂഹമനസ്സ് എത്തിപ്പെട്ടിരിക്കുന്നത്. ‘കാറ്റിനെതിരെ കൊണ്ടുപോകുന്ന കൊടിയിലെ ചീനപ്പട്ടെന്നതു പോലെ,എന്റെ ശരീരം മുന്നോട്ട് പോവുകയും മനസ്സ് അവശമായി പിന്നോട്ട് പായുകയും ചെയ്യുന്നു.’

ദുഷ്യന്തന്റെ പരിതാപം ഇടത് – വലതു പക്ഷങ്ങള്‍ക്കിടയിലെ അതിര്‍ വരമ്പുകള്‍ അരാഷ്ട്രീയ വികസനവാദത്തിന്റെ മറയ്ക്ക് പിന്നില്‍ മായ്ച്ചു കളയാനും ആള്‍ക്കൂട്ട രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കാനും ധൃതിപ്പെടുന്ന വര്‍ത്തമാന കാലത്തെ എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ബാധകമാണ്. വിരുദ്ധ രാഷ്ട്രീയ നിലപാടുകളേയും വര്‍ക്ഷതാല്‍പ്പര്യങ്ങളേയും സമീകരിക്കാന്‍ ഒരുങ്ങുന്നത് മുമ്പൊരിക്കലും കാണാത്ത നൈതിക പ്രതിസന്ധികളില്‍ നമ്മുടെ സമൂഹത്തെ എത്തിക്കും.

ഈ പ്രതിസന്ധി അനിവാര്യമായ ഇടതുപക്ഷ വിശ്വാസ തകര്‍ച്ചകളിലേക്കും ജീവിത ശൈഥില്യത്തിലേക്കും കേരളീയ സമൂഹത്തെ എത്തിക്കും – തര്‍ക്കമില്ലാത്ത പരമാര്‍ത്ഥമാണിത്.

അകത്തു കടക്കേണ്ട വാതിലിന്റേയും പുറത്ത് പോകേണ്ട വാതിലിന്റേയും കാവല്‍ ധര്‍മ്മം രണ്ടായി പകുക്കപ്പെട്ട ഇരുശിരസ്സുകള്‍ കൊണ്ട് ജെനസ്സ് ദേവന്‍ തൃപ്തികരമായി പരിഹരിക്കുന്നു. എന്നാല്‍ ദേവന്മാര്‍ക്ക് അനായാസം സാധ്യമാകുന്നതെല്ലാം പാവം മനുഷ്യര്‍ക്ക് സാധ്യമാകണമെന്നില്ലല്ലോ? ഇടത് – വലത് ദിശകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രം ഒരു സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കാനും എതിര്‍ ദിശയെ ആ ഘട്ടത്തില്‍ അവഗണിക്കാനുമുള്ള പ്രവണത ജന്മം കൊണ്ടും പരിശീലനം കൊണ്ടും ജീവികള്‍ക്കിടയില്‍ സര്‍വ്വസാധാരണമാണെന്ന് ആധുനിക മസ്തിഷ്‌ക ശാസ്ത്രവും മനോവിജ്ഞാനീയവും സമ്മതിക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിരുദ്ധ വീക്ഷണ ഗതികളേയും പ്രത്യയസംഹിതകളേയും ജൈവികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ സമരസപ്പെടുത്തുന്നത് ജേനസ്സിനെപ്പോലുള്ള ദേവന്മാര്‍ക്ക് മാത്രം അനായാസം സാധിക്കുന്ന കാര്യമാണ്. മനുഷ്യര്‍ക്കത് അസാദ്ധ്യവുമാണ്. വൈകിയ സന്ദര്‍ഭത്തിലെങ്കിലും ഇക്കാര്യം തിരിച്ചറിയാന്‍ ഇടതുപക്ഷ മനസ്സുകള്‍ സന്നദ്ധമാകേണ്ടതുണ്ട്.

No Comments yet!

Your Email address will not be published.