ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍
ഉത്തരാധുനികതയല്ല,അധിനിവേശാനന്തരത:ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം
ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു.
‘The Postmodern Condition: A Report on Know- ledge’ (1979) എന്ന പുസ്തകത്തിലൂടെ ലിയോത്താര്‍ പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം ചെയ്യുന്ന കാലഘട്ടമായി വിലയിരുത്തുന്നു. ഇതില്‍ അദ്ദേഹം ഭൗതികവും സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങളുടെ സമകാലീനതയെ വിശദീകരിക്കുന്നു. വിമോചനം, വിപ്ലവം, പരിഷ്‌കരണം തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയെ തൃഷ്ണാഭരിതമാക്കിയ അഖിലം വ്യാപിക്കുന്ന സത്യങ്ങള്‍ക്ക് ഉത്തരാധുനിക കാലഘട്ടത്തില്‍ പ്രാധാന്യം കുറയുന്നുവെന്ന നിരീക്ഷണത്തിനു വിമര്‍ശകരും അനുകൂലികളുമുണ്ടായി.
ലിയോത്താര്‍ ബൃഹദാഖ്യാനങ്ങളുടെ നിരാകരണവും വിമര്‍ശനവുമായാണ് ഉത്തരാധുനിക സമീപനങ്ങളെ നിര്‍വ്വചിച്ചത്. അസ്തിത്വത്തെ നിര്‍ണയിക്കുകയും അറിവിനെ സാധ്യമാകുകയും ചെയ്യുന്ന ബൃഹദാഖ്യാനങ്ങളെ സംശയിക്കണമെന്നാണ്
ലിയോത്താര്‍ കരുതിയത്. ചരിത്രത്തിന്റെ പുരോഗതിയിലും ശാസ്ത്രീയ സത്യത്തിലും അധിഷ്ടിതമായ ആധുനികതയുടെ ജ്ഞാന അടിത്തറകള്‍ അങ്ങനെ ചോദ്യം ചെയ്യപ്പെട്ടു. രണ്ടാം ലോക യുദ്ധത്തിനു ശേഷം നാസിസം തകര്‍ന്നു. എന്നാല്‍, അതിനെ പ്രതിരോധിച്ച സ്റ്റാലിനിസവും മുതലാളിത്ത സാമ്രാജ്യത്വവും ഉള്‍പ്പെടെയുള്ള പ്രതിരോധമൂല്യങ്ങള്‍ യൂറോപ്പില്‍ സൃഷ്ടിച്ച കെടുതികളോടുള്ള വിമര്‍ശനമായും ഈ വിമര്‍ശനം വിലയിരുത്തപ്പെട്ടു.
ലോകത്തെ മുഴുവന്‍ നിര്‍വചിക്കാന്‍ ശേഷിയുള്ള എല്ലാ രാഷ്ട്രീയത്തെയും അവകാശവാദങ്ങളെയും നിലപാടുകളെയും നിരന്തരം സംശയിക്കുകയും എന്നാല്‍ പുതിയ രാഷ്ട്രീയ സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയപ്രതിരോധത്തിന്റെ വഴിയെന്നു ലിയോത്താര്‍ വിശദീകരിച്ചു. ആഖ്യാനത്തിന്റെ രാഷ്ട്രീയം നവരാഷ്ട്രീയ ചിന്തകളുടെ കേന്ദ്രസ്ഥാനത്തുവന്നു. ലിയോത്താര്‍ ആഖ്യാനങ്ങളുടെ പുതിയ രാഷ്ട്രീയത്തില്‍ വിശ്വസിച്ചു. ഈ പുതിയ ആഖ്യാനങ്ങള്‍ തന്നെ ബൃഹദാഖ്യനങ്ങളുടെ അവസാനത്തിനു ശേഷമുള്ള പുതിയ രാഷ്ട്രീയ ആയുധമാണ്. ആഖ്യാനത്തിന്റെ രാഷ്ട്രീയം പുതിയ രാഷ്ട്രീയ മണ്ഡലത്തെയും പ്രതിരോധസംസ്‌കാരത്തെയും സാധ്യമാക്കുന്നുവെന്ന് അദേഹം കരുതി. ലിയോത്താര്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ നിര്‍മിക്കാനുള്ള ആഖ്യാന രാഷ്ട്രീയത്തിന്റെ സാധ്യതയെ നിരാകരിച്ചിരുന്നില്ല. എങ്കിലും സന്നിഗ്ധതകളും ശകലങ്ങളും സാധ്യമാക്കുന്ന പുതിയ രാഷ്ട്രീയം അതിന്റെ പ്രവചനാത്മകതയുടെ അഭാവത്തില്‍ തീരാത്ത ആകുലതകളും ഒപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങി.
ലിയോത്താര്‍ സംസാരിച്ചത് മുതലാളിത്ത വികാസത്തിലെ ഒരു പ്രത്യേക ഘട്ടത്തെക്കുറിച്ചും അതിനു ആധുനികതയുമായുള്ള ബന്ധത്തെ പറ്റിയുമാണ്. ലിയോത്താറിനെ സംബനധിച്ചിടത്തോളം ബൃഹദാഖ്യങ്ങളുടെ നിരാകരണം തന്നെ ഉപഭോഗസംസ്‌കാരത്തിന്റെ നിരാകരണമാണ്. സോഷ്യല്‍ വെല്‍ഫയറിസത്തിന്റെ കാലത്തെ ആധുനികതയില്‍ നിന്നും പുറപെട്ട യുറോപ്യന്‍ സമൂഹത്തെയാണ് അദേഹം അഭിസംബോധന ചെയ്തത്. എന്നാല്‍, യുറോപ്പിനു പുറത്തുള്ള സാമൂഹികജീവതത്തെപ്പറ്റി ലിയോത്താര്‍ വളരെ കുറച്ചു മാത്രമേ വിലയിരുത്തിയുള്ളൂ. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹത്തെയും കുടിയേറ്റത്തെയും പറ്റി എഴുതുമ്പോഴും യൂറോപ്പിന് പുറത്തെ ലോകങ്ങള്‍ അദ്ദേഹം അധികം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിനകത്തും പുറത്തുമുള്ള പുറമ്പോക്ക് സമൂഹങ്ങളുടെ ചെറുത്തുനില്‍പ്പാണ്
യൂറോപ്പില്‍ ആധുനികതയുടെ കേന്ദ്രപ്രമേയങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടവരുത്തിയതെന്ന സ്റ്റുവര്‍ട്ട് ഹാളിന്റെ നിരീക്ഷണം ഉത്തരാധുനികതയെക്കുറിച്ച് ലിയോത്താര്‍ അടക്കമുള്ളവര്‍ പുലര്‍ത്തിയ യൂറോകേന്ദ്രീകൃത വായനകളുടെ തിരുത്തായിരുന്നു. യൂറോപ്പിന്റെ കേന്ദ്രത്തില്‍ നിന്നുയര്‍ന്നുവന്ന ഉത്തരാധുനികതയ്ക്ക് യൂറോപ്പിനു പുറത്തുള്ളതും അതിന്റെ പാര്‍ശ്വങ്ങളില്‍ നിലനില്‍ക്കുന്നതുമായ സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചു വലിയ പിടിയില്ലായിരുന്നു.
ഉത്തരാധുനികതയും മുസ്ലിംകളും
1980കളുടെ അവസാനം ഉത്തരാധുനികത ഒരു വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക ചിന്തയായി കൂടുതല്‍ വികസിച്ചു. അക്കാലത്ത് യൂറോപ്പിലെ മുസ്ലിം ബുദ്ധിജീവികള്‍ ഉത്തരാധുനിക രാഷ്ട്രീയത്തെക്കുറിച്ചു നിരന്തരമെഴുതി. ശീതയുദ്ധാനന്തരം വികസിച്ച പുതിയ ഇസ്ലാമോഫോബിയയോടുള്ള പ്രതികരണം കൂടിയായിരുന്നു അത്.
ഉത്തരാധുനികതയോടുള്ള മുസ്ലിം സമീപനത്തില്‍ രണ്ടു ധാരകളുണ്ടായിരുന്നു. രണ്ടു മുസ്ലിം ചിന്തകന്‍മാര്‍ എഴുതിയ പഠനങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. 1992ല്‍ പുറത്തിറങ്ങിയ ‘Post- modernism and Islam: Predicament and Promise’ എന്ന പഠനത്തില്‍ ഉത്തരാധുനികതയെ യൂറോ-കൊളോണിയല്‍ പദ്ധതിയില്‍നിന്നുള്ള വിച്ഛേദനമായിട്ടാണ് അക്ബര്‍ എസ് അഹ്മദ് നിരീക്ഷിക്കുന്നത്. എന്നാല്‍ 2003ല്‍ പുറത്തിറങ്ങിയ Islam, Post Modernism and other futures A Ziaudin Sardar Reader എന്ന പുസ്തകത്തില്‍ കൊളോണിയല്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് സിയാവുദ്ദീന്‍ സര്‍ദാര്‍ അതിനെ സമീപിക്കുന്നത്. നവസാമ്രാജ്യത്വം തന്നെയാണ് ഉത്തരാധുനികതയെന്നാണ് സര്‍ദാര്‍ കരുതിയത്.
ബഹുസ്വരതയെ ഉത്തരാധുനികതയുടെ മൂല്യമായി അക്ബര്‍ എസ് അഹ്മദ് അംഗീകരിക്കുന്നു. ഉത്തരാധുനികത മുസ്‌ലിംകള്‍ക്ക് കര്‍തൃത്വപരമായ ഇടം നല്‍കുന്ന ലോകത്തെ സാധ്യമാക്കിയെന്ന അക്ബര്‍ എസ് അഹ്മദ് കരുതി. എന്നാല്‍, സര്‍ദാറിനെ സംബന്ധിച്ചേടത്തോളം ബഹുസ്വരത ഇസ്‌ലാമിക / ചൈനീസ് നാഗരികതകളടക്കമുള്ള പാശ്ചത്യ
ഇതര സമൂഹങ്ങളുടെ സംഭാവനയാണ്. പാശ്ചാത്യ കൊളോണിയലിസത്തിനോ മുതലാളിത്തപദ്ധതിക്കോ അത്തരമൊരു മൂല്യപരിസരമില്ല. എന്നാല്‍ അഹ്മദ് ഇസ്‌ലാമിക നാഗരികതയുടെ പ്രത്യേകതയായി ബഹുസ്വരതയെ പ്രഖ്യാപിക്കുമെങ്കിലും ഉത്തരാധുനികതയുടെകൂടി ഗുണഫലമായി അതിനെ വിലയിരുത്തുന്നു. ഉത്തരാധുനികതയുടെ സന്ദര്‍ഭത്തിലൂന്നിയ തിരിച്ചറിവുകളിലൂടെ മുന്നോട്ടുപോകാന്‍ അഹ്മദ് ആഹ്വാനം ചെയ്യുന്നു.
ഉത്തരാധുനികതയും ഇസ്‌ലാമോഫോബിയയും
എന്നാല്‍ 2001ലെ ഇറാഖ്-അഫ്ഗാന്‍ അധിനിവേശത്തോടും തല്‍ഫലമായി വികസിച്ച ഭീകരതയ്‌ക്കെതിരായ യുദ്ധവും പുത്തന്‍ കൊളോണിയല്‍ സാമ്രാജ്യത്വ അധിനിവേശവും സൃഷ്ടിച്ച ഇസ്ലാമോഫോബിയയുടെ പ്രതികരണങ്ങള്‍ സൃഷ്ടിച്ചതാണ് നാം ഇന്നു കാണുന്ന ഇസ്ലാമോഫോബിയ പഠനങ്ങള്‍. സല്‍മാന്‍ സയ്യിദ്, ഹാമിദ് ദബാഷി, ഹാതിം ബസിയാന്‍, ജാസ്മിന്‍ സൈന്‍, ഹുറിയ ബുതല്‍ജ, റമോണ്‍ ഗ്രോസ്ഫുഗല്‍ അടക്കമുള്ള ചിന്തകരാണ് ഇസ്ലാമോഫോബിയക്ക് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കിയത്. ഉത്തരാധുനികതയോട് നേരത്തെ അക്ബര്‍ എസ് അഹ്മദ്, സിയാവുദ്ദീന്‍ സര്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ച ധാരണകളെ അതു തിരുത്തി.
യഥാര്‍ത്ഥത്തില്‍ സിയാവുദ്ദീന്‍ സര്‍ദാര്‍ അടക്കമുള്ള ഉത്തരാധുനികതയുടെ വിമര്‍ശകരും ഉത്തരാധുനികതയുടെ കര്‍ത്താക്കളും പങ്കിടുന്ന ഒരു ധാരണയുണ്ട്. ഉത്തരാധുനികത ‘ബൃഹദാഖ്യാനങ്ങളുടെ അന്ത്യം’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന സമീപനമെടുക്കുക.(അതു മാത്രമല്ലെങ്കിലും അതാണ് ഒരു പോപുലര്‍ കാഴ്ചപ്പാട്.) എന്നാല്‍, ഉത്തരാധുനികതയ്ക്ക് ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ നല്‍കിയ നിര്‍വചനം ഉത്തരാധുനികതയുടെ സ്വയംനിര്‍വചനത്തില്‍ നിന്നു വ്യത്യസ്തമായിരുന്നു. അതായത്, ഇസ്ലാമോഫോബിയ പഠനങ്ങള്‍ പ്രകാരം പാശ്ചാത്യാനുധികതയുടെ അപകേന്ദ്രീകരണമാണ് ഉത്തരാധുനികത. ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്നത് ഉത്തരാധുനികതയുടെ സ്വയം നിര്‍വചനം മാത്രമാണ്.
മാത്രമല്ല, ആധുനികാനന്തരത (ട്രാന്‍സ്-മോഡേണിറ്റി) എന്ന സമീപനമാണ് മേല്‍പ്പറഞ്ഞ ഇസ്ലാമോഫോബിയ പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട്. ആധുനികതയുടെയും പോസ്റ്റ്‌മോഡേണിറ്റിയുടെയും പരിധികള്‍, പാശ്ചാത്യകേന്ദീകൃത ആധുനികതാ ചര്‍ച്ചകള്‍ക്കപ്പുറം വിവിധ ലോക സംസ്‌കാരങ്ങളുടെ സംഭാവനകള്‍, പാശ്ചാത്യകേന്ദ്രീകരണമില്ലാതെ സാര്‍വത്രികതയുടെയും പ്രാദേശികതയുടെയും സമന്വയത്തിന്റെ പുതിയ പാതകള്‍ തുടങ്ങിയ കാഴ്ചപ്പാടുകളാണ് ട്രാന്‍സ് മോഡേണിറ്റിയുടെ അന്വേഷണ പരിധിയിലുള്ളത്.
ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന കാഴ്ചപ്പാടിന്റെ ഭാഗമല്ല. ഇതിന് പകരം, ഇവ പാശ്ചത്യ ഭൗമ അധീശത്വത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ആധിപത്യത്തെയും യൂറോ സെന്‍ട്രിക് സമീപനങ്ങളെയും അതിന്റെ നാടന്‍/ ദേശീയ വകഭേദങ്ങളെയും തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. ബൃഹദാഖ്യാനങ്ങളുടെ അന്ത്യമല്ല, പാശ്ചത്യ ആധുനികതയുടെ ഭൗമ അധീശത്വത്തിന്റെ അപകേന്ദ്രീകരണം എന്ന നിലപാടാണ് ഇസ്ലാമോഫോബിയ പഠനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. പാശ്ചത്യ ആധുനിക കേന്ദ്രവാദം ‘നാഗരികതയുടെ കേന്ദ്രം’ എന്ന നിലയില്‍ സ്വയം ആവിഷ്‌കരിക്കുകയും ഇതര സമൂഹങ്ങളെ ‘വികസ്വര/ അവികസിത’ കൂട്ടങ്ങള്‍ എന്നു ചിത്രീകരിക്കുകയും ചെയ്തു. ഈ സമീപനങ്ങള്‍ നൂറ്റാണ്ടുകളായിത്തന്നെ കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും അടിസ്ഥാനമായിരുന്നു. 20 വര്‍ഷം മുമ്പു ജനാധിപത്യം, മതേതരത്വം തുടങ്ങിയ പാശ്ചാത്യ നവോത്ഥാന/ ആധുനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണല്ലോ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ ഈ ധാരണകളെ നിശിതമായി വിമര്‍ശിക്കുന്നു.
പാശ്ചാത്യ ആധുനിക കേന്ദ്രവാദം എന്നതിന്റെ അര്‍ത്ഥം ഇവിടെ വളരെ നിര്‍ണായകമാണ്. ഇന്നത്തെ ലോകത്ത് പാശ്ചത്യ ആധുനികത എന്നത് ഭൂപ്രദേശപരമായ അറിവ് മാത്രം എന്ന അധികാരത്തിന്റെ കേന്ദ്രമല്ല. മഹാസാമ്രാജ്യം അഥവാ എംപയര്‍ ഇപ്പോള്‍ കൂടുതല്‍ വിസ്തൃതമായ ദിശകളില്‍ പ്രവര്‍ത്തിക്കുന്നു. മള്‍ട്ടിനാഷണല്‍ കോര്‍പറേഷനുകള്‍, അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍, ദേശീയ ഭരണകൂട ശക്തികള്‍ തുടങ്ങിയവ വഴി ഈ ‘പലകേന്ദ്ര സാമ്രാജ്യത്വം’ പുതിയ മാര്‍ഗങ്ങളില്‍ മുസ്‌ലിം സമൂഹങ്ങളെ അടിച്ചമര്‍ത്തുന്നു. ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ ഈ അധീശത്വങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ നിരന്തരം തുറന്നുകാട്ടുന്നു. മുസ്ലിം എന്നു സ്വയം വിളിക്കാന്‍ താല്‍പ്പര്യപ്പെടുകയും ഇസ്‌ലാം എന്ന സൂചകത്തിന് ലോകത്തക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ മുന്‍ഗണനകൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ അവകാശ നിഷേധവും
അഥവാ ഒരു കൂട്ടം മനുഷ്യര്‍ക്കു തുല്യപദവി നിഷേധിക്കുന്ന വംശീയതയുമാണ് ഇസ്ലാമോഫോബിയ പഠനങ്ങള്‍ അഭിമുഖീകരിക്കുന്നത്.

ഉത്തരാധുനികത ബൃഹദ്‌സമീപനങ്ങളെ നിരസിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു, എന്നാല്‍ ഇസ്ലാമോഫോബിയ പഠനങ്ങള്‍ ബൃഹദാഖ്യാനങ്ങളെ നിരസിക്കുന്നതില്‍ നിന്നുമല്ല തുടങ്ങുന്നത്. പകരം, രാഷ്ട്രീയ പരിഹാരത്തിന്റെ കേന്ദ്രമെന്ന നിലയില്‍ സ്വയമവരോധിച്ച പാശ്ചത്യകേന്ദ്രവാദമെന്ന അധീശ ആധുനികഭാവനയെ അപകേന്ദ്രീകരിക്കുകയും, സമൂഹത്തിന്റെ അനുഭവങ്ങളെയും വീക്ഷണങ്ങളെയും പൊതു വീക്ഷണങ്ങളുടെയും വൈവിധ്യത്തിന്റെയും ഭാഗമായി പ്രതിഷ്ഠിക്കുകയാണ് താല്‍പ്പര്യം.
ഇസ്ലാമോഫോബിയ പഠനങ്ങള്‍ വെറും പാശ്ചാത്യവിരുദ്ധ ആധുനിക വിരുദ്ധ പ്രതിഭാസമല്ല; പകരം, പാശ്ചാത്യ ആധുനിക വാദത്തിന്റെ കേന്ദ്രസ്ഥാനം കളയുന്ന രാഷ്ട്രീയസമീപനമായി പ്രവര്‍ത്തിക്കുന്നു. ഉത്തരാധുനികത പോലെ പാശ്ചാത്യ ആധുനികതയെ വിമര്‍ശിക്കുന്ന ധാരകള്‍ പാശ്ചാത്യ കേന്ദ്രത്തില്‍നിന്നു തന്നെ പരമ്പരാഗതമായി ഉയര്‍ന്നുവെങ്കിലും, ഇസ്ലാമോഫോബിയ പഠനങ്ങള്‍ പാശ്ചാത്യ ആധുനികവാദത്തിന്റെ കേന്ദ്രസ്ഥിതിയെ ചോദ്യംചെയ്യുകയും വിവിധ കേന്ദ്രങ്ങള്‍ സാധ്യമായ ട്രാന്‍സ് മോഡേണിറ്റിയുടെ ലോകം വിഭാവന ചെയ്യുകയും ചെയ്യുന്നു. ഈ മാറ്റം പാശ്ചാത്യ ആധുനികതയെ മുഴുവനായും തള്ളിക്കളയുന്നില്ല; മറിച്ച്, ഇസ്ലാമോഫോബിയയെ ഒരു ഘടനാപരവും സൈദ്ധാന്തികവുമായ സ്വഭാവമായി നിലനിര്‍ത്തുന്നതില്‍ പാശ്ചാത്യ ആധുനികതയുടെ പങ്ക് എത്രമാത്രം പ്രധാനമാണെന്ന് വെളിപ്പെടുത്തുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരാധുനികത ഉയര്‍ന്നു വരുന്നത് പാശ്ചാത്യ ആധുനികതയുടെ കേന്ദ്രത്തില്‍ നിന്നാണ്, ഇസ്ലാമോഫോബിയക്കെതിരായ പോരാട്ടം ഉയര്‍ന്നുവന്നത് പാശ്ചാത്യലോകത്തെ അപകേന്ദ്രീകരിക്കുന്ന പാര്‍ശ്വങ്ങളില്‍ നിന്നുമാണ്. അധിനിവേശാനന്തര ലോകത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് പാശ്ചാത്യലോകത്ത് ഉത്തരാധുനികത പിറവിയെടുക്കുന്നത്. ഉത്തരാധുനികതയെവരെ നിര്‍മിച്ച അധിനിവേശാനന്തര ചിന്തയുടെ ഭാഗമാണ് ഇസ്ലാമോഫോബിയ പഠനങ്ങള്‍. വേറൊരു രീതിയില്‍ പറഞ്ഞാല്‍, അധിനിവേശാനന്തരലോകം ആധുനികതയെ അപകേന്ദ്രീകരിക്കുമ്പോള്‍ സംഭവിച്ചതാണ് ഉത്തരാധുനികത. അതിനാല്‍ത്തന്നെ, ഇസ്ലാമോഫോബിയ പഠനങ്ങളെ ഉത്തരാധുനിക പ്രവണതയായല്ല, മറിച്ച് ഉത്തരാധുനികതയെ സാധ്യമാക്കിയ അധിനിവേശാനന്തര രാഷ്ട്രീയത്തിന്റെ വികാസത്തിന്റെ ഭാഗമായാണ് അടയാളപ്പെടുത്തേണ്ടത്.






No Comments yet!