Skip to main content

ഓപറേഷന്‍ സിന്ദൂര്‍: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

എന്‍ പി ചെക്കുട്ടി

ജമ്മു കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രമായ പഹല്‍ഗാമില്‍ ഇന്ത്യക്കാരായ ടൂറിസ്റ്റുകളെ അവരുടെ മതം ചോദിച്ചു മനസ്സിലാക്കിയ ശേഷം വധിച്ച നിരനിഷ്ഠുരത ലോകത്തെ ഞെട്ടിച്ച സംഭവമാണ്. അതില്‍ പങ്കാളികളായ ഭീകരന്മാര്‍ ഇന്നും രക്ഷാസേനകളുടെ വലയില്‍ നിന്നും അകലെ കശ്മീരിലെ മലനിരകളില്‍ സുരക്ഷിതരായി കഴിയുന്നു. പാകിസ്താനില്‍ നിന്നുള്ള പരിശീലനം സിദ്ധിച്ച ഭീകരരും കശ്മീര്‍ സ്വദേശികളായ യുവാക്കളും സംഘത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമായി.

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി കശ്മീരിനെ വിഭജിച്ച് അതൊരു കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ നടപടിയുടെ ഫലമായി പ്രദേശത്തെ ക്രമസമാധാന നില വന്‍തോതില്‍ മെച്ചപ്പെട്ടു എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെട്ടു വന്നിരുന്നത്. സമാധാനം പുനഃസ്ഥാപിക്കാനായി ഏറ്റവും അനിവാര്യം കാശ്മീരി ജനതയ്ക്കു സാമ്പത്തിക വികസനത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഗമനത്തിലെത്തിയിരുന്നു. അതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ജമ്മുകശ്മീര്‍ പ്രദേശത്തു വന്‍തോതിലുള്ള സര്‍ക്കാര്‍ നിക്ഷേപം നടക്കുകയുമുണ്ടായി. അതില്‍ പ്രധാനം യാത്രാസൗകര്യങ്ങള്‍ അടക്കമുള്ള അടിസ്ഥാന വികസന മേഖലകളില്‍ നടത്തിയ നിക്ഷേപങ്ങളാണ്. റെയില്‍, റോഡ്, വിമാന ഗതാഗത സൗകര്യങ്ങളില്‍ വന്നിരിക്കുന്ന പുരോഗതി വമ്പിച്ചതാണ്. കാശ്മീര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും കാണാവുന്ന വിധത്തിലുള്ള വികസന പദ്ധതികളാണ് ഈ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്തി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്ത മൂന്നു പ്രധാന പദ്ധതികള്‍ അവയില്‍ അവസാനത്തേതാണ്. റെയില്‍ ഗതാഗതം കത്ര വരെ നീട്ടുന്നതിനായി നടപ്പാക്കിയ പുതിയ പാതയും അതിന്റെ ഭാഗമായി ചെനാബ് നദിയില്‍ പണിത കൂറ്റന്‍ പാലവും അത്ഭുതകരമായ എന്‍ജിനീയറിങ് സാങ്കേതികവിദ്യയുടെ നിദാനമായ ആന്‍ജി തൂക്കുപാലവും ശ്രീനഗറില്‍ നിന്നും കത്ര വരെയുള്ള വന്ദേഭാരത് തീവണ്ടികളും അവയില്‍ ഉള്‍പ്പെടുന്നു.

പുതിയ വികസന പദ്ധതികള്‍ കശ്മീരില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെറിയ കടകള്‍ നടത്തുന്നത് ഇന്ന് സ്ത്രീകളാണ്. ഏതാനും മാസം മുമ്പ് പ്രദേശത്തു യാത്ര നടത്തിയ മലയാളി സീനിയര്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഈ ലേഖകന്‍ അതു നേരിട്ട് കണ്ടു മനസ്സിലാക്കിയതാണ്. അതിനു രണ്ടു വര്‍ഷം മുമ്പ് അതേ പ്രദേശങ്ങളില്‍ യാത്ര ചെയ്ത ഒരു ബന്ധു പറഞ്ഞത് സ്ത്രീകളെ തൊഴിലിടങ്ങളില്‍ എവിടെയും കാണാന്‍ സാധിച്ചില്ല എന്നാണ്. അതായതു ചുരുങ്ങിയ കാലം കൊണ്ട് സ്ത്രീകള്‍ അടക്കം കാശ്മീരി ജനതയുടെ ഒരു വലിയ വിഭാഗത്തെ ശാക്തീകരിക്കുന്നതിലും ദേശീയധാരയുടെ ഭാഗമാക്കി മാറ്റുന്നതിലും സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വിജയം പൂര്‍ണമല്ല എന്നാണ് പഹല്‍ഗാം തെളിയിച്ചത്. ഭീകരപ്രവര്‍ത്തനം ഇന്നും കശ്മീരില്‍ നിലനില്‍ക്കുന്നുണ്ട്. അതിനു പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ പരിമിതമായ തോതിലുള്ള പിന്തുണയെങ്കിലും കിട്ടുന്നുമുണ്ട്. അതായത് കശ്മീര്‍ പ്രശ്‌നത്തിന് അന്തിമ പരിഹാരം കാണണമെങ്കില്‍ സൈനിക നടപടികളോ സാമ്പത്തിക വികസനമോ മാത്രം മതിയാവില്ല. അതിനു വേണ്ടത് രാഷ്ട്രീയ പരിഹാരമാണ്. കശ്മീര്‍ ജനതയുടെ നേതാക്കളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടു മാത്രമേ അതു സാധ്യമാവുകയുള്ളൂ. അതിനുള്ള ശ്രമങ്ങളാണ് ഇനിയും വേണ്ടത്.

എന്നാല്‍ പഹല്‍ഗാം സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ അധികാരികള്‍ നടപ്പാക്കിയ സൈനിക നടപടി ഓപറേഷന്‍ സിന്ദൂര്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നതാണ്. മതപരവും വൈകാരികവുമായ മാനങ്ങളുള്ള അതിന്റെ നാമധേയം തന്നെ അതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ നിലപാടുകള്‍ വ്യക്തമാക്കാനല്ല, മറിച്ചു ഹിന്ദു ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ ചൂഷണം ചെയ്തു ഭാവി വോട്ടെടുപ്പുകളില്‍ നേട്ടം കൊയ്യുക എന്നതായിരുന്നു സര്‍ക്കാര്‍ തന്ത്രം. അതിനാലാണ് പ്രസംഗവേദികളില്‍ ഈ ഓപ്പറേഷനെ കുറിച്ചു കത്തിക്കയറിയ പ്രധാനമന്ത്രി വിഷയം പ്രത്യേക പാര്‍ലമെന്റ് യോഗം വിളിച്ചു ചര്‍ച്ച ചെയ്യണം എന്ന പ്രതിപക്ഷ ആവശ്യം പൂര്‍ണമായി അവഗണിച്ചു കളഞ്ഞത്. അസുഖകരമായ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാന്‍ കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ല എന്നാണത് കാണിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്നു രാജ്യം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഒന്നാമത്തെ വിഷയം, ഈ നടപടി കൊണ്ട് രാജ്യം എന്തുനേടി? പാകിസ്താനില്‍ 300 കിലോമീറ്റര്‍ വരെ ഉള്ളില്‍പ്പോയി ഇന്ത്യന്‍ വിമാനങ്ങള്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു എന്നാണ് അധികാരികള്‍ അവകാശപ്പെട്ടത്. എന്നാല്‍ അതിന്റെ ഭാഗമായി ഇന്ത്യന്‍ സേനകള്‍ക്കു എന്ത് നാശനഷ്ടമാണ് ഉണ്ടായത്? സൈനിക വിമാനങ്ങള്‍ തകര്‍ന്നുവോ? എങ്കില്‍ എത്രയെണ്ണം? സൈനിക നടപടി അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ഡോണള്‍ഡ് ട്രംപ് എന്ത് പങ്കാണ് വഹിച്ചത്? അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചു എന്ന അവകാശവാദത്തില്‍ കഴമ്പുണ്ടോ? എങ്കില്‍ യുദ്ധാനന്തര നാളുകളില്‍ ഐക്യരാഷ്ട്ര സഭയുടെ ഭീകര വിരുദ്ധ സംവിധാനത്തില്‍ പാകിസ്താന്‍ ഉയര്‍ന്ന പദവി നല്‍കുന്നതില്‍ എന്തുകൊണ്ട് പ്രമുഖ രാജ്യങ്ങള്‍ ഒന്നിച്ചു നിന്നു? ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും ഐഎംഎഫില്‍ നിന്നും പാകിസ്താന് വായ്പ നല്‍കുന്നതു തടയുന്നതില്‍ ഇന്ത്യ എന്തുകൊണ്ട് പരാജയപ്പെട്ടു? ഇന്ത്യയുടെ സന്ദേശവുമായി വിവിധ ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങള്‍ക്കു ഒരു രാജ്യത്തെയും പ്രധാന അധികാരികളെ നേരിട്ട് കണ്ടു സംസാരിക്കാന്‍ പോലും സാധ്യമാകാതെ പോയത് എന്തുകൊണ്ട്? മാത്രമല്ല, ഈ സംഘത്തിലേക്ക് പ്രതിനിധികളെ നിയോഗിക്കുന്നതില്‍ വിവിധ പാര്‍ട്ടികളുടെ പിന്തുണയും സഹായവും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തേടിയില്ല? അതും ആഭ്യന്തര രാഷ്ടീയ നേട്ടങ്ങള്‍ക്കുള്ള ഉപാധിയായാണോ കേന്ദ്ര ഭരണകക്ഷി കണ്ടതും വിനിയോഗിച്ചതും? പ്രധാന സംഘങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ട പലരും ബിജെപിയുടെ സഹയാത്രികരോ ര ഹസ്യ ബന്ധുക്കളോ ആണെന്ന ആരോപണം സത്യമോ അസത്യമോ?

ഇതിനു കൃത്യമായ മറുപടി പാര്‍ലമെന്റിലെങ്കിലും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അടിയന്തിര പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ അവര്‍ തയ്യാറല്ല എന്ന് വ്യക്തം. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉത്തരം തേടി അലയുകയുമാണ്. ഇന്ത്യയുടെ വിദേശനയം മോദി സര്‍ക്കാരിന് കീഴില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരം വിദേശ ശക്തികള്‍ക്ക് തീറെഴുതി കൊടുത്തു എന്ന ആരോപണവും നിലനില്‍ക്കുന്നു. അമേരിക്കയും ഇസ്രയേലും ഇന്ത്യയുടെ ആഭ്യന്തരസൈനിക താല്‍പര്യങ്ങളില്‍ എന്തു തരത്തിലുള്ള ഇടപെടലുകളാണ് നടത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യക്ക് യഥാര്‍ത്ഥതില്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്? അത് ഭാവിയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ? ഒറ്റ വിഷയം മാത്രം നോക്കുക. പതിറ്റാണ്ടുകളായി ഇന്ത്യയും പാകിസ്താനുമായി നിലനില്‍ക്കുന്ന സിന്ധുനദീജല കരാര്‍ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കി. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറാണത്. അതിന്റെ ഭാവി പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും? സിന്ധുനദി ഇന്ത്യയില്‍ ഉത്ഭവിച്ചു പാകിസ്താനില്‍ കടലില്‍ ചേരുന്നു. മറ്റു പല നദികളും ചൈനയില്‍ ഉത്ഭവിച്ചു ഇന്ത്യയിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഈ നദികളില്‍ ഇന്ത്യക്കുള്ള അവകാശം നാളെ ചൈന റദ്ദാക്കിയാല്‍ എന്തായിരിക്കും ഫലം? സിന്ധുനദിയുടെ കാര്യത്തില്‍ ലോകബാങ്ക് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ അവര്‍ പോലും അറിയാതെയാണ് റദ്ദാക്കപ്പെട്ടത്. ഒരു അന്താരാഷ്ട്ര കരാറിനെ ഇങ്ങനെ കൈകാര്യം ചെയ്യാന്‍ ഒരു രാജ്യം മുതിരുമ്പോള്‍ നാളെ മറ്റൊരു രാജ്യവും അതേ പാത പിന്തുടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ? ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികള്‍ പലതും വേണ്ടവിധത്തിലുള്ള മുന്‍കരുതലുകളോ ആലോചനകളോ ഇല്ലാതെയാണ് നടപ്പാക്കിയത് എന്ന തോന്നല്‍ രാജ്യത്തു ശക്തിപ്പെട്ടു വരികയാണ്.

 

 

 

 

No Comments yet!

Your Email address will not be published.