കോര്‍പറേറ്റുകളുടേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടേയും ഖജനാവ് നിറയ്ക്കാന്‍ വേണ്ടി, ദേവനഹള്ളിയിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി വിട്ടുകൊടുത്തു കൊണ്ട് കര്‍ഷകരെ ഒറ്റു കൊടുക്കാനാണോ കര്‍ണാടക സര്‍ക്കാരിന്റെ പുറപ്പാട്? സ്വന്തം പതനം കാണാനാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്?
കര്‍ണാടകത്തിലെ ദേവനഹള്ളി താലൂക്കില്‍ ചന്നരായപട്ടണ ഹോബ്ലിയിലെ 13 ഗ്രാമങ്ങളില്‍ നിന്നുള്ള, മുഖ്യമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന 800 കുടുംബങ്ങളുണ്ട്. അവരുടെ പൂര്‍വ്വിക ഭൂമിയില്‍ താമസിച്ചു കൃഷി ചെയ്തു വരുന്നവരാണ് ഇവര്‍. കൃഷി മെച്ചപ്പെടുത്താനും വിളവു വര്‍ദ്ധിപ്പിക്കാനുമായി എത്രയോ വര്‍ഷങ്ങളായി അവര്‍ വിയര്‍പ്പും രക്തവും ഒഴുക്കിയിട്ടുണ്ട്. ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായതിനാല് ഈ ഭൂമിയുടെ വിപണി വില കൂടുതലാണത്രേ! ഹാരലുരു വ്യാവസായിക മേഖലയ്ക്കായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് (കെഐഎഡിബി) ഇതിനു സമീപ ഗ്രാമങ്ങളില്‍ നിന്ന് 6000 ഏക്കര്‍ ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു. 2022 ജനുവരിയില്‍, അന്ന് ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ മുകളില്‍ പറഞ്ഞ 13 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരെ നിര്‍ബ്ബന്ധിച്ച് കുടിയിറക്കി 1777 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കും വില്ക്കാന് തീരുമാനിച്ചു. അത് ഉള്‍ക്കൊള്ളുന്ന ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
മുമ്പു നടന്ന ഭൂമി ഏറ്റെടുക്കലിനെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട കര്‍ഷകരുടേയും ഗ്രാമീണരുടേയും ദുഃസ്ഥിതിക്ക് സാക്ഷികളായ കൃഷിക്കാര്‍ ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കല്‍ ശ്രമത്തെ ആദ്യം മുതല്‍ തന്നെ ശക്തമായി എതിര്‍ത്തു. ചെറുത്തു നില്‍പ്പ് പല രൂപത്തില്‍ തുടരുകയും ‘കെഐഎഡിബി ഭൂമി ഏറ്റെടുക്കല്‍ ചെറുത്തു നില്‍പ്പ് സമിതി’ (KIADB Land Aquisition Resistance Struggle Committee) യെന്ന പൊതു ബാനറിനു കീഴിലെ സമരമായി അതു വികസിക്കുകയും ചെയ്തു.
അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സ് ഈ ഭൂമി ഏറ്റെടുക്കല്‍ ശ്രമത്തെ നിയമസഭയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ സമരസ്ഥലം സന്ദര്‍ശിക്കുകയും തങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഈ വിജ്ഞാപനം പിന്‍വലിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ അധികാരത്തില്‍ വന്നതിനു ശേഷം കോണ്‍ഗ്രസ് തങ്ങളുടെ ആദ്യ നിലപാടുകള്‍ കൈയൊഴിയുകയും ബിജെപിയുടെ മാര്‍ഗം പിന്തുടരുകയുമാണ് ചെയ്തത്.
ഏതാണ്ട് 80 ശതമാനം കര്‍ഷകരും ഭൂമി ഏറ്റെടുക്കാനുള്ള സമ്മതപത്രം നല്കാന് വിസമ്മതിച്ചു. കഴിഞ്ഞ 1180 ദിവസങ്ങളായി (ഏകദേശം മൂന്നര വര്‍ഷം) അവര്‍ അനിശ്ചിതകാല സമരത്തിലാണ്. പക്ഷേ, ഈ ഭൂമി ഏറ്റെടുത്തേ തീരൂ എന്ന പിടിവാശിയിലാണ് സര്‍ക്കാര്‍. 2013ല്‍, അന്ന് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘2013ലെ ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നയ’ത്തിന്റെ (land acquisition and rehabilitation policy 2013) നഗ്നമായ ലംഘനമാണിത്.
അടുത്തയിടെ കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അന്തിമ വിജ്ഞാപനം നല്‍കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശക്തമായ സമരത്തിന്റെ അടുത്തഘട്ടത്തിന് കര്‍ഷകരും തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച (SKM) യുടെ ഘടക സംഘടനയായ ‘സംയുക്ത ഹോരാട്ട കര്‍ണാടക’ (കര്‍ഷക, തൊഴിലാളി, ദളിത്, വിദ്യാര്‍ത്ഥി, യുവജന, വനിതാ സംഘടനകളുടെ ഒരു ഏകോപന സമിതിയാണിത്) ഈ സമരത്തെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ഒരു ‘ദേവനഹള്ളി ചലോ മാര്‍ച്ചിന് ആഹ്വാനം നല്‍കുകയും ചെയ്തിരിക്കുകയാണ്.
വര്‍ദ്ധിച്ചു വരുന്ന ബഹുജന സമ്മര്‍ദ്ദത്തെ നേരിടേണ്ടി വന്നപ്പോള്‍, സര്‍ക്കാര്‍ ഭാഗികമായി പിന്മാറാന് തയ്യാറായിട്ടുണ്ട്. മൂന്നു ഗ്രാമങ്ങളിലെ 495 ഏക്കര്‍ ഭൂമി ഏറ്റെടുക്കലില്‍ നിന്നും ഒഴിവാക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും ജലസേചന സൗകര്യങ്ങള്‍ ഉള്ളതുമാണ് പിന്മാറ്റത്തിനു കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇപ്പോള്‍ മാത്രമാണ് അത് അവരുടെ കണ്ണില്‍ പെട്ടത് എന്നു തോന്നും. പതിച്ചു നല്കപ്പെട്ട ഭൂമിയുടെ കൈമാറ്റത്തെ വിലക്കുന്ന 1978 ലെ എസ്സി-എസ്ടി നിയമത്തിന്റെ ലംഘനമാണ് ഈ ഭൂമി ഏറ്റെടുക്കലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതിനെതിരായ ഒരു കേസ് ഇപ്പോള്‍ തന്നെ നിലവിലുണ്ട്. പഴയ ദേവരാജ് അര്‍സ് സര്‍ക്കാരിന്റെ കാലത്ത് പതിച്ചു നല്കിയ ഭൂമി പിടിച്ചെടുക്കുന്നത് ഒരു നാണക്കേടാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മുഖം രക്ഷിക്കാനുള്ള ഈ ഭാഗിക പിന്മാറ്റം. എങ്കിലും 1232 ഏക്കര്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ‘ഞങ്ങളുടെ ഐക്യത്തിനിടയില് ആപ്പടിച്ചു കയറ്റി ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ഒരു അടവു മാത്രമാണിതെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, ഞങ്ങള്‍ അതില്‍ വീഴാന്‍ പോകുന്നില്ല’. പ്രതിഷേധക്കാരുടെ നേതാക്കളില്‍ ഒരാളായ നരസിംഹയ്യയുടെ വാക്കുകള്‍ അവിടത്തെ ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമായിരുന്നു.
ജൂണ്‍ 24ന് എം ബി പാട്ടീലും മുനിയപ്പയും നടത്തിയ ഒരു സംയുക്ത പത്ര സമ്മേളനത്തില്‍, വിട്ടുകൊടുക്കുന്ന ഒരേക്കര്‍ ഭൂമിക്കു പകരമായി 10,771 ചതുശ്ര അടി വരുന്ന വാണിജ്യ പ്ലോട്ടുകള്‍ നഷ്ട പരിഹാരമായി നല്‍കാമെന്നു വാഗ്ദാനം ചെയ്യാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു എന്ന തോന്നലാണ് ഉണ്ടായത്. ചൂണ്ടക്കൊളുത്തിലെ ഈ ഇരയും ഗ്രാമീണര്‍ തള്ളിക്കളഞ്ഞു. ”കൃഷിഭൂമി നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഈ പ്ലോട്ടുകള്‍ കൊണ്ട് ഞങ്ങള്‍ എന്തു ചെയ്യാനാണ്?’ 67 വയസ്സുകാരിയായ ലച്ചമ്മ ചോദിക്കുന്നു. ‘ഞങ്ങളുടെ സങ്കടം’ വില്‍ക്കാനുള്ള കടയാണോ തുടങ്ങേണ്ടത്?”
‘ദേവനഹള്ളി ചലോ‘ എന്ന ആഹ്വാനം കര്‍ണാടകത്തിലെങ്ങും പ്രതിദ്ധ്വനിച്ചു. ആയിരക്കണക്കിനു ആക്ടിവിസ്റ്റുകളും വിവിധ ജനകീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കലാകാരന്മാരും അഭിഭാഷകരും എഴുത്തുകാരും ജൂണ്‍ 25ന് ദേവനഹള്ളിയില്‍ സമ്മേളിച്ചു. അന്തരീക്ഷം വികാരനിര്ഭരമായിരുന്നുവെങ്കിലും പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു.
എല്ലാ പാര്‍ട്ടികളും കോര്‍പറേറ്റുകളുടെ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാണെന്ന് കര്‍ണാടക രാജ്യ റയത്ത സംഘ (കര്‍ണാടക സംസ്ഥാന കര്‍ഷക സംഘടന) പ്രസിഡന്റ് ബദ്ഗാല്പുര നാഗേന്ദ്ര പറഞ്ഞു. അവരുടെ ഒരേയൊരു നയം കോര്‍പറേറ്റുകളെ സേവിക്കുക എന്നതു മാത്രമാണ്. എല്ലാ സമ്പത്തും സൃഷ്ടിക്കുന്ന നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും ദലിതരേയും തെരുവിലേക്കു വലിച്ചെറിയാനാണ് അവര്‍ക്ക് ആഗ്രഹം… നമ്മള് വികസനത്തിന് എതിരല്ല: പക്ഷേ, ജനങ്ങളെ സഹായിക്കുവാന്‍ കഴിവുള്ള വികസനമാണ് നാം ആഗ്രഹിക്കുന്നത്… അദ്ധ്വാനിക്കുന്ന ജനങ്ങള്‍ക്കെതിരായ കരാറുകളാണ് ഭരണാധികാരികള്‍ ഒപ്പു വയ്ക്കുന്നത്… ജനങ്ങളുടെ ജീവന് വച്ചുകൊണ്ടാണ് അവര്‍ കളിക്കുന്നത്… അത് നമുക്ക് അനുവദിച്ചു കൊടുക്കാനാവില്ല… നിയമങ്ങള്‍ ജനങ്ങള്‍ക്കും അവരുടെ സമരങ്ങള്‍ക്കും എതിരാണെങ്കില്‍ ആ നിയമങ്ങളെ നമുക്കു ലംഘിച്ചേ മതിയാവൂ- നാം നീതിയാണ് ആഗ്രഹിക്കുന്നത്… നാം ജയിക്കുക തന്നെ ചെയ്യും.
ബഹുഭാഷാ ചിത്രങ്ങളിലെ അഭിനേതാവായ പ്രശസ്ത നടന് പ്രകാശ് രാജിന്റെ സാന്നിദ്ധ്യം സമരത്തിന് ഏറെ കരുത്തു നല്കി. മൂര്‍ച്ചയുള്ള ചോദ്യങ്ങളുമായി അദ്ദേഹം സര്‍ക്കാരിനെ നേരിട്ടു. ‘നിങ്ങള്‍ രാഷ്ട്രീയക്കാര്‍ ഒരു വിജയവും നേടിയിട്ടില്ല. ജനങ്ങളാണ് നിങ്ങളെ വിജയിപ്പിച്ചത്. നിങ്ങള്‍ വന്നിരിക്കുന്നത് ഭരിക്കാനല്ല; നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ പ്രതിനിധീകരിക്കാനാണ്… നിങ്ങള്‍ വാക്കു പറഞ്ഞതാണ്, അങ്ങനെയല്ലേ? നിങ്ങള്‍ നിങ്ങളുടെ വാക്കു പാലിക്കുമോ? അതോ, വാക്കു തെറ്റിക്കുമോ? നമ്മുടെ കൃഷിക്കാരോട് നിങ്ങള്‍ എന്തു ചെയ്യും? അവരെ നിങ്ങള്‍ ഫാക്ടറികളിലെ സെക്യൂരിറ്റി ഗാര്ഡുമാരാക്കാനാണോ പോകുന്നത്?” സിദ്ധരാമയ്യയോട് അദ്ദേഹം ചോദിച്ചു. ‘ദയവായി നിങ്ങളുടെ ചെവികളും ബോധവും ഉപയോഗിച്ച് പ്രതികരിക്കൂ. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി വേണം. ഞങ്ങളുടെ അവകാശങ്ങള്‍ വേണം. ഞങ്ങളുടെ ജീവനും ജീവിതവും വേണം.” അദ്ദേഹം പറഞ്ഞു.
‘സംയുക്ത ഹോരാട്ട’യുടെ കോഓര്‍ഡിനേറ്ററും’കര്‍ണാടക ജനശക്തി’യുടെ പ്രസിഡന്റുമായ നൂര്‍ ശ്രീധര്‍ പറഞ്ഞു. ”എന്തുകൊണ്ടാണ് എം ബി പാട്ടീല്‍ ഈ ഭൂമിക്കു പിന്നാലെ നടക്കുന്നത്? കര്‍ണാടകത്തിലെ തരിശു ഭൂമിയുള്ള മറ്റേതെങ്കിലും ജില്ലയില്‍ വ്യവസായ സ്ഥാപനങ്ങള്‍ പണിയാന്‍ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ദേവനഹള്ളിയിലെ കൃഷിഭൂമിയില്‍ അവരുടെ കരിങ്കണ് നോട്ടം പതിഞ്ഞത്? അത് അമൂല്യമായ ഒരു വജ്രം പോലെയായതുകൊണ്ടാണ് അങ്ങനെ വന്നത്… ഇത് സദാചാരപരവും രാഷ്ട്രീയവുമായ ഒരു ചോദ്യമാണ്. സിദ്ധരാമയ്യയോടു മാത്രമല്ല, രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും കൂടിയുള്ള ചോദ്യമാണ്. അവര്‍ മറുപടി പറയട്ടെ. 2013ലെ അവരുടെ നയം തെറ്റായിരുന്നു എന്ന് അവര്‍ തന്നെ പറയട്ടെ. അതു നടപ്പാക്കാനാവില്ല. യഥാര്‍ത്ഥത്തില്‍, ഭൂമി കൊള്ളയടിക്കാനും അതിസമ്പന്നര്‍ക്കു കൈമാറാനും അധ്വാനിക്കുന്ന ജനങ്ങളെ തൊഴിലിനു വേണ്ടി തെണ്ടുന്ന പാപ്പര്മാരായി പരിവര്‍ത്തിപ്പിക്കാനും വേണ്ടിയുള്ളതാണ് നയം… ഈ സമരം അവസാനിക്കാന്‍ പോകുന്നില്ല”.
ഈ നയങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുന്ന ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാം. ഏതു തരത്തിലുള്ളതായാലും കോര്‍പറേറ്റ് മാതൃകയിലുള്ള വികസനം, കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ചേരി നിവാസികള്‍ക്കുമെല്ലാം നല്കാന് പോകുന്നത് കുടിയിറക്കലും വിനാശവും ബന്ധപ്പെട്ടവരുടെ അനാഥത്വവുമാണെന്ന് അവര്‍ക്കറിയാം. ആളുകളെ അവരവരുടെ ജീവിത മേഖലകളില്‍ നിന്നു പിഴുതെറിയുകയും അവരുടെ അടിസ്ഥാന സംസ്കാരത്തെ കീഴ്മേല്‍ മറിക്കുകയും പാരിസ്ഥിതിക സന്തുലനത്തെ എക്കാലത്തേക്കുമായി തകര്‍ക്കുകയും ചെയ്യുക എന്നാണ് അതിനര്‍ത്ഥം.
”ഈ ഭൂമിയെ ആശ്രയിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളില്‍ ഭൂരിപക്ഷവും ആശ്രയിക്കുന്ന ഉപജീവന ഉപാധി കാര്‍ഷിക വൃത്തിയാണ്. ഞങ്ങളുടെ പൂര്‍വ്വികരുടെ ശവശരീരങ്ങള്‍ മറവു ചെയ്തതും ഈ മണ്ണില്‍ തന്നെ. ഈ മണ്ണിലെ ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഇവിടെ ഫലവൃക്ഷങ്ങളും തോട്ടങ്ങളും വച്ചുപിടിപ്പിക്കാനുമാണ് ഞങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും ചെലവഴിച്ചത്. കന്നുകാലി വളര്‍ത്തലും കോഴി വളര്‍ത്തലും പോലുള്ള കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തു തന്നെ വന്നാലും ഈ ജീവിതം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല.
കര്‍ണാടക സര്‍ക്കാര്‍ അയച്ച അന്തിമ നോട്ടീസ് അവര്‍ കത്തിച്ചു. അതിനു പകരമെന്നോണം പ്രസ്ഥാനത്തിന്റെ പേരില്‍ ഒരു അന്തിമ നോട്ടീസ് തയ്യാറാക്കി സര്‍ക്കാരിനയച്ചു. ”ഈ വിജ്ഞാപനം പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിപ്പു പുറപ്പെടുവിക്കണമെന്നും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണ”മെന്നും അതില്‍ വ്യക്തമായി പറഞ്ഞിരുന്നു. ”അല്ലെങ്കില്‍, ഞങ്ങള്‍ സമരം ശക്തിപ്പെടുത്തും, നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോവും മുമ്പ് ഞങ്ങളുടെ 800 കുടുംബങ്ങളിലേയും എല്ലാവരേയും നിങ്ങള്‍ക്ക് ജയിലിലടക്കാം”. സര്‍ക്കാരിനു കൊടുത്ത അന്ത്യശാസനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ”24 മണിക്കൂറിനകം സര്‍ക്കാരിന്റെ പ്രതികരണം ഉണ്ടാവുന്നില്ലെങ്കില്‍, താലൂക്ക് ഓഫീസ് ഞങ്ങള്‍ അടച്ചു പൂട്ടുന്നതാണ്”.
ദേവനഹള്ളി കര്‍ഷകരുടെ പ്രതിഷേധത്തെ വന്‍ തോതില്‍ പോലിസ് സേനയെ ഇറക്കി അടിച്ചമര്‍ത്താന്‍ മാത്രമാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ ശ്രമിച്ചത്. വൈകുന്നേരമായതോടെ, പ്രതിഷേധക്കാരെ, തികച്ചും ക്രൂരമായ രീതിയില്‍ അവര്‍ വലിച്ചിഴച്ചു കൊണ്ടു പോയി തടവിലാക്കി. എല്ലായിടത്തും ഇത് ജനങ്ങളെ രോഷാകുലരാക്കി.
ജൂണ്‍ 26ന്, പോലിസിന്റെ ക്രൂരമായ പെരുമാറ്റങ്ങളെ അപലപിച്ചുകൊണ്ടും ഡിസിപി സച്ചിന് കുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും കര്‍ണാടകത്തിലെ ഒട്ടേറെ ജില്ലകളിലും താലൂക്കുകളിലും സമരങ്ങള്‍ നടന്നു. ബംഗളൂരുവില്‍, കലാകാരന്മാരും എഴുത്തുകാരും പുരോഗമന വിഭാഗങ്ങളും ഒത്തു ചേര്‍ന്ന് പ്രസിദ്ധ സിനിമാ നടനായ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഒരു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഒരാഴ്ച സമയം കൊണ്ട് സര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു കൊടുക്കേണ്ടി വന്നു, മുഖ്യമന്ത്രിക്ക്. ജൂലൈ 4ാം തിയ്യതി ജനകീയ സംഘടനകളുടെ യോഗം വിളിച്ചു കൂട്ടാനുള്ള സമയവും നിശ്ചയിച്ചു.
മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ടെങ്കിലും അത്ര എളുപ്പത്തില്‍ ഗുണകരമായ ഒരു പരിഹാരമുണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്ന് ‘സംയുക്ത ഹോരാട്ട’ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിന്റെ വലിയ നേതാക്കളില്‍ ഒരാളും ഘനവ്യവസായ മന്ത്രിയുമായ എം ബി പാട്ടീല്‍ എഐസിസിയില്‍ വലിയ സ്വാധീനമുള്ള ഒരാളാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകണമെന്ന കടുത്ത നിലപാടാണ് അദ്ദേഹത്തിനുള്ളത്. ആയതിനാല്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ ആഗ്രഹിച്ചാല്‍ പോലും തന്റെ മന്ത്രിസഭയെക്കൊണ്ട് ഇത് അംഗീകരിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിയുമോ എന്നുള്ളത് ഒരു വലിയ ചോദ്യമായി അവശേഷിക്കും. സമ്പദ്ഘടനയ്ക്കും രാഷ്ട്രീയത്തിനും മേലുള്ള കോര്‍പറേറ്റ് നിയന്ത്രണം പരിഗണിക്കുമ്പോള്‍ അത് അങ്ങനെ തന്നെയാണ്.
എന്നാല്‍, എന്തു തടസ്സമുണ്ടായാലും അതിനെ വെല്ലുവിളിച്ചുകൊണ്ട് സമരം മുന്നോട്ടു കൊണ്ടുപോവുക തന്നെ ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് സംയുക്ത ഹോരാട്ട. സമരത്തില്‍ നിന്നും പിന്മാറുന്ന പ്രശ്നമേയില്ലെന്ന് ദേവനഹള്ളിയിലെ കര്‍ഷക സമൂഹം പ്രതിജ്ഞയെടുത്തു കഴിഞ്ഞു. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും സംഭവിക്കുന്നതു പോലെ, കോര്‍പറേറ്റുകള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ഭൂമി പിടിച്ചെടുക്കലിന്റെ ഭാരം കര്‍ണാടകത്തേയും ഞെരുക്കുകയാണ്. സ്ഫോടനത്തിനു കാത്തുകിടക്കുന്ന ഒരു അഗ്നിപര്‍വ്വതം പോലെയാണത്. ‘ഭൂമിയും അഭയവും അപഹരിക്കപ്പെട്ടവരുടെ സമിതി’ യുടെ മുന്‍കൈയില്‍ സംഘടിപ്പിക്കപ്പെട്ട ഭൂരഹിത, നാമമാത്ര കര്‍ഷകര്‍ നിരവധി തവണ ദീര്‍ഘവും ഗൗരവപൂര്‍ണ്ണവുമായ സമരങ്ങള്‍ നടത്തിക്കഴിഞ്ഞു. ഏതാണ്ട് ഒരു ദശകക്കാലമായി അതു തുടരുകയാണ്. സമരങ്ങള്‍ക്ക് ഭാഗികമായ വിജയങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോവാനുണ്ട്.
സമരം ചെയ്യുന്ന ജനങ്ങള്‍ ഈ പോരാട്ടത്തെ അതിന്റെ യുക്തിപരമായ അവസാനം വരെ മുന്നോട്ടു കൊണ്ടു പോകാന്‍ നിശ്ചയിച്ചിരിക്കുകയാണ്. അതൊരു ബൃഹത്തായ ജനകീയ പ്രസ്ഥാനമായും പ്രമുഖമായ രാഷ്ട്രീയ പ്രശ്നമായും മാറാന്‍ പോവുകയാണ്. ഈ സന്ദര്‍ഭത്തില്‍, സാഹചര്യമനുസരിച്ച് ഉണരാനും ഈ നിര്‍ണ്ണായക സമയത്ത് ഗുരുതരമായ മറ്റൊരു രാഷ്ട്രീയ അബദ്ധത്തിന്റെ ഭാഗമാവാന്‍ മാത്രമുള്ള ബുദ്ധിശൂന്യത തങ്ങളുടെ പാര്‍ട്ടി കാണിക്കുന്നില്ല എന്നുറപ്പു വരുത്താനും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തോട് ‘സംയുക്ത ഹോരാട്ട’യും ആവശ്യപ്പെട്ടിരിക്കുകയാണ്. അല്ലാത്ത പക്ഷം, അത് സ്വന്തം പതനത്തിനുള്ള വഴിയൊരുക്കുകയാവും ചെയ്യുന്നത്.
വമ്പന്‍ കോര്‍പറേറ്റ് ശക്തികള്‍ക്കെതിരേ ഉചിതമായ രീതിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന, 13 ഗ്രാമങ്ങളിലെ ഭൂനഷ്ടം നേരിടേണ്ടി വരുന്ന കര്‍ഷകരുടെ പോരാട്ടവീര്യം പ്രശംസനീയമാണ്. കര്‍ഷകരോടൊപ്പം ഉറച്ചു നില്‍ക്കുകയും അവരുടെ സമരത്തെ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്ന ‘സംയുക്ത ഹോരാട്ട കര്‍ണാടക’യുടെ നേതൃസ്ഥാനീയതയും പ്രശംസിക്കപ്പെടേണ്ടതു തന്നെ.
സമരം ചെയ്യുക എന്നത് നമ്മുടെ അവകാശവും എടുത്തു പറയേണ്ട വിധം പ്രസക്തമായ ഈ ജനകീയ പ്രസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്തവുമാണ്.
(Countercurrents.org എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം 2025 ജൂണ്‍ 27നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള വിവര്‍ത്തനം)




No Comments yet!