വിവ: അഡ്വ. നാരായണന്‍ വട്ടോളി
മാര്‍സലോ മുസ്റ്റോ എഴുതിയ The Last Years of Karl Marx: An Intellectual Biography എന്ന കൃതിയുടെ മുഖവുര. വിവര്‍ത്തനം ചെയ്തിരിക്കുന്നത് അഡ്വ. നാരായണന്‍ വട്ടോളി.
ആയിരം സോഷ്യലിസ്റ്റുകളില്‍ ഒരാളെങ്കിലും മാര്‍ക്‌സിന്റെ സമ്പദ്ശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചിരിക്കാനിടയില്ല. അതുപോലെ ആയിരം മാര്‍ക്‌സിസ്റ്റ് വിരുദ്ധരില്‍ ഒരാള്‍ പോലും മാര്‍ക്‌സിനെ വായിച്ചിട്ടുണ്ടാവില്ല.
1. മാര്‍ക്‌സിന്റെ ഒടുവിലത്തെ കഠിനപ്രയത്‌നങ്ങളും അവയുടെ വര്‍ത്തമാനകാലപ്രസക്തിയും
വിപുലമായി വായിക്കപ്പെടുന്ന ജനസമ്മതിയുള്ള പത്രങ്ങളും ആനുകാലികങ്ങളും ഒരു ദശവര്‍ഷക്കാലത്തിലേറെയായി കാള്‍ മാര്‍ക്‌സിനെ ദീര്‍ഘവീക്ഷണമുള്ള സൈദ്ധാന്തികനായി വാഴ്ത്തുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ ആനുകാലിക പ്രസക്തിയെ സ്ഥിരീകരിക്കുകയും ചെയ്യുന്നതായി കാണുന്നു. മുതലാളിത്തത്തിന് ഒരു ബദല്‍ സൃഷ്ടിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ന് അനിവാര്യമായിത്തീര്‍ന്നിട്ടുണ്ടെന്ന് പുരോഗമനവീക്ഷണമുള്ള നിരവധി ഗ്രന്ഥകര്‍ത്താക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. ലോകമെമ്പാടും ഇന്ന് സര്‍വകലാശാലാ കോഴ്‌സുകളിലെ ഒരു പഠനവിഷയം മാര്‍ക്‌സിസമാണ്. മിക്ക അന്തര്‍ദ്ദേശീയ സമ്മേളനങ്ങളിലും മാര്‍ക്‌സ് ഒരു പ്രധാന പരാമര്‍ശവിഷയമാണ്.അദ്ദേഹത്തിന്റെ കൃതികള്‍ വീണ്ടും അച്ചടിക്കപ്പെടുന്നു. പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങുന്നു. പുസ്തകശാലകളിലെ ഷെല്‍ഫുകളില്‍ മാര്‍ക്‌സിന്റെ കൃതികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇരുപതോ അതിലധികമോ വര്‍ഷത്തെ അവഗണനയ്ക്കുശേഷം ഇപ്പോള്‍ മാര്‍ക്‌സിന്റെ കൃതികളുടെ പഠനത്തിന് ആക്കം കൂടിയിരിക്കുന്നു. മൂലധനം പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയന്‍പതാം വാര്‍ഷികവും മാര്‍ക്‌സിന്റെ ഇരുനൂറാം ജന്‍മദിനവും ആചരിക്കുന്നതിന്റെ ഭാഗമായുണ്ടായ മുന്‍കൈപ്രവര്‍ത്തനങ്ങള്‍ കാരണം 2017, 2018 വര്‍ഷങ്ങള്‍ ലോകമെമ്പാടും ‘മാര്‍ക്‌സ് പുനരുത്ഥാന’ത്തിന് തീവ്രത വര്‍ധിക്കുകയുണ്ടായി.
1998ല്‍ കാള്‍ മാര്‍ക്‌സിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും ചരിത്രപരവും വിശകലനാത്മകവുമായ പഠനമായ മാര്‍ക്‌സ് എംഗല്‍സ് സമ്പൂര്‍ണകൃതികള്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് മാര്‍ക്‌സിന്റെ കൃതികളുടെ പുനര്‍നിര്‍ണയനത്തിന് സവിശേഷമൂല്യം കൈവന്നത്. അദ്ദേഹത്തിന്റെ കൃതികളുടെ ഇരുപത്തി ഏഴ് വാള്യങ്ങള്‍ കൂടി പുതുതായി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു.(1975 നും 1989 നും ഇടയ്ക്കാണ് നാല്‍പത് വാള്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.) കൂടുതല്‍ വാള്യങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അവ ഇതൊക്കെയാണ് :(1) മാര്‍ക്‌സിന്റെ ചില കൃതികളുടെ (പ്രത്യേകിച്ചും’ ജര്‍മ്മന്‍ ഐഡിയോളജി’) പുതിയ വീക്ഷണങ്ങള്‍, (2)1857നും 1881 ഉം ഇടയില്‍ മൂലധനത്തിനു വേണ്ടി രചിക്കപ്പെട്ട കയ്യെഴുത്ത് പ്രാരംഭരേഖകള്‍, (3) മാര്‍ക്‌സും എംഗല്‍സും അയച്ചതും അവര്‍ക്ക് ലഭിച്ചതുമായ കത്തുകളുടെ സമ്പൂര്‍ണ സമാഹാരം, (4) ഏതാണ്ട് ഇരുനൂറ് നോട്ട്ബുക്കുകള്‍. നോട്ട്ബുക്കുകളില്‍ അദ്ദേഹം വായിച്ച പുസ്തകങ്ങളിലെ ചില ഭാഗങ്ങളും അവ അദ്ദേഹത്തില്‍ ഉണര്‍ത്തിയ ചിന്തകളും ഉള്‍ക്കൊള്ളുന്നു. ഇതെല്ലാം ചേരുമ്പോഴാണ് അദ്ദേഹത്തിന്റെ വിമര്‍ശനാത്മകസിദ്ധാന്തത്തിന്റെ ശില്‍പശാല രൂപം കൊള്ളുന്നത്. അദ്ദേഹത്തിന്റെ സങ്കീര്‍ണമായ സൈദ്ധാന്തികയാത്രയുടെ ദുര്‍ഘടപഥങ്ങളിലേക്ക് വെളിച്ചം വീശുകയും തന്റെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് അദ്ദേഹം ആശ്രയിച്ച വിഭവസ്രോതസ്സുകള്‍ നമുക്ക് തുറന്നുകാട്ടുകയും ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.
ഈ അമൂല്യമായ രേഖകള്‍ പലതും ജര്‍മ്മന്‍ ഭാഷയില്‍ മാത്രമുള്ളവയാണ്. അതിനാല്‍ത്തന്നെ അവ ചുരുക്കം ചില ഗവേഷകവൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഈ രേഖകളെല്ലാം നമുക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തനായ ഒരു ഗ്രന്ഥകാരനെയാണ്. വളരെക്കാലമായി അസംഖ്യം വിമര്‍ശകരും സ്വയംപ്രഖ്യാപിതരായ അനുയായികളും നമുക്ക് മുമ്പില്‍ അവതരിപ്പിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ആ ഗ്രന്ഥകാരന്‍ എന്ന് ഈ കുറിപ്പുകള്‍ നമുക്ക് വെളിവാക്കിത്തരും.
മാര്‍ക്‌സ് എംഗല്‍സ് സമ്പൂര്‍ണ കൃതികളിലെ പാഠഭാഗങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞതോടെ ഒരു കാര്യം തറപ്പിച്ചു പറയാന്‍ നമുക്ക് കഴിയും. രാഷ്ട്രീയവും സാമ്പത്തികവും ദാര്‍ശനികവുമായ ചിന്താധാരകളടങ്ങിയ ഉല്‍കൃഷ്ടമായ വിവിധക്ലാസിക് കൃതികളെടുത്ത് പരിശോധിച്ചാല്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഉജ്ജ്വലമാറ്റങ്ങള്‍ക്ക് വിധേയനായ ഗ്രന്ഥകാരന്‍ മാര്‍ക്‌സ് തന്നെയാണ്. സോവിയറ്റ് യൂണിയന് സംഭവിച്ച ആന്തരിക വിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പുതിയ രാഷ്ട്രീയക്രമീകരണവും ഈ നവധാരണാസൃഷ്ടിക്ക് കാരണമായിട്ടുണ്ട്. മാര്‍ക്‌സിസം ലെനിനിസത്തിന്റെ അന്ത്യം ഒടുവില്‍ മാര്‍ക്‌സിന്റെ കൃതികളെ ഒരു പ്രത്യയശാസ്ത്രത്തിന്റെ കൂച്ചുവിലങ്ങില്‍ നിന്ന് രക്ഷിക്കുകയാണുണ്ടായത്. ആ പ്രത്യയശാസ്ത്രമാകട്ടെ സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പങ്ങളില്‍ നിന്നും പ്രകാശവര്‍ഷമകലെയായിരുന്നു.
1917നു ശേഷം തീര്‍ച്ചയായും മാര്‍ക്‌സിന്റെ കൃതികള്‍ ഭൂഗോളത്തിന്റെ വിഭിന്ന ദിക്കുകളിലേക്കും വ്യത്യസ്ത സാമൂഹ്യവര്‍ഗങ്ങളിലേക്കും പ്രചുര പ്രചാരം നേടിയിട്ടുണ്ട്. അതുവരെ ആ മേഖലകളിലൊക്കെ അവ അജ്ഞാതമായിരുന്നു. എന്നാല്‍ റഷ്യന്‍ വിപ്ലവം ഉയര്‍ത്തിയ ആവേശവും ഉത്തേജനവും ഒടുങ്ങിയപ്പോള്‍ പിന്നീട് വന്ന റഷ്യന്‍ യാഥാസ്ഥിതികനേതൃത്വം അയവില്ലാത്ത ഏകത്വസങ്കല്‍പം അടിച്ചേല്‍പിച്ചു. അതാകട്ടെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തില്‍ വിപരീതഫലങ്ങളുളവാക്കാന്‍ കാരണമായി. മോസ്‌കോയിലെ മാര്‍ക്‌സ് എംഗല്‍സ് ലെനിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രൂപം കൊണ്ട നിയമാവലികളും വിവിധ വിഷയങ്ങളിലുള്ള ‘മാര്‍ക്‌സിസ്റ്റ് ‘ പാഠാവലികളും മാര്‍ക്‌സിന്റെ കൃതികളെ തുണ്ടംതുണ്ടമാക്കി അവതരിപ്പിച്ചു. പൂര്‍വനിശ്ചിതമായ ചില ഉദ്ദേശ്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ കൃതികള്‍ കേവലം ഉദ്ധരണികളുടെ സമാഹാരമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ജര്‍മ്മന്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ അവതരിപ്പിച്ച ഒരു അനുഷ്ഠാന രീതിയായിരുന്നു ഇത്. ഗ്രീക്ക് പുരാണത്തിലെ പ്രൊക്രൂറ്റസിനെപ്പോലെ അവര്‍ മാര്‍ക്‌സിന്റെ കൃതികളെ അവരുടെ പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇരകളാക്കി. ‘അവന്റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍ അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും . അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍ അടിച്ചു നീട്ടും ചുറ്റിക കൊണ്ടവനവരുടെ കയ്യും കാലും!’ ജനപ്രിയമാക്കുകയും സൈദ്ധാന്തികദാരിദ്ര്യം ഒഴിവാക്കുകയും ചെയ്യുക എന്ന ആവശ്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കുക എന്നത് ക്ലേശകരമായ കാര്യമാണ്. എന്നാല്‍ ജോസഫ് സ്റ്റാലിന്റെയും (1878-1953) പിന്നീട് നികിത ക്രൂഷ്‌ചേവിന്റെയും (1894-1971) ലിയോനിഡ് ബ്രഷ്‌നേവിന്റെയും (1906-1982) കാലത്ത് മാര്‍ക്‌സിന്റെ കൃതികള്‍ അതേപടി സ്വീകാര്യമാക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
മാര്‍ക്‌സിന്റെ സമ്പൂര്‍ണമായും വൈരുദ്ധ്യാത്മകവും വിമര്‍ശനാത്മകവുമായ സിദ്ധാന്തത്തെ വരട്ടുതത്ത്വമായി ന്യൂനീകരിക്കുന്നത് കലാശിക്കുക അസംഭവ്യമായ ഒരു വിരോധാഭാസമായാണ്. ‘ഭാവിയിലെ ഭക്ഷണശാലകള്‍ക്കു വേണ്ടി പാചകക്കുറിപ്പ്’ എഴുതുന്നതിനെ ദൃഢതയോടെ എതിര്‍ത്ത ചിന്തകന്‍ ഒരു പുതിയ സാമൂഹ്യവ്യവസ്ഥയുടെ ജനയിതാവായി മാറ്റപ്പെട്ടു. താന്‍ സൃഷ്ടിച്ച ഫലങ്ങളിലൊന്നും തൃപ്തനാവാത്ത ഏറ്റവും കഠിനാധ്വാനിയായ സൈദ്ധാന്തികന്‍ ഒട്ടും മാറ്റമാഗ്രഹിക്കാത്ത തികഞ്ഞ വരട്ടുതത്ത്വവാദിയായിത്തീര്‍ന്നു. ചരിത്രത്തിന്റെ ഭൗതികവാദസങ്കല്‍പത്തിനു വേണ്ടി അടിയുറച്ചു പോരാടിയ ധീര യോദ്ധാവ് അദ്ദേഹത്തിന്റെ ചരിത്ര കാലഘട്ടത്തില്‍ നിന്ന് മറ്റേതൊരു ഗ്രന്ഥകാരനേക്കാള്‍ മുറിച്ചു മാറ്റപ്പെട്ടു. ‘അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ മോചനം അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ സ്വയം തന്നെ പടവെട്ടി നേടണം’ എന്ന അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ പോലും രാഷ്ട്രീയമുന്നണിപ്പോരാളികളുടെയും പാര്‍ട്ടികളുടെയും സര്‍വ പ്രമുഖതയാണ് വര്‍ഗബോധത്തെ ഉണര്‍ത്തുകയും വിപ്ലവത്തെ നയിക്കുകയും ചെയ്യുക എന്ന ആശയത്തില്‍ ഊന്നുന്ന തത്ത്വശാസ്ത്രത്തിനകത്ത് പൂട്ടിയിടപ്പെട്ടു. മനുഷ്യശേഷികള്‍ പുഷ്പിക്കണമെങ്കില്‍ അധ്വാനദിനങ്ങള്‍ ചുരുങ്ങണം എന്ന ആശയത്തിനു വേണ്ടി പോരടിച്ച യോദ്ധാവിനെ സ്റ്റഖനോവിസത്തിന്റെ ഉല്‍പാദനത്വരയിലധിഷ്ഠിതമായ വിശ്വാസപ്രമാണത്തിന്റെ പിന്തുണക്കാരനായി കെട്ടിയിട്ടു. ഭരണകൂടത്തെ നിഷ്‌കാസനം ചെയ്യണമെന്ന ദൃഢബോധ്യമുള്ള സൈദ്ധാന്തികനെ അതിന്റെ നെടുങ്കോട്ടക്കകത്ത് കോട്ട സംരക്ഷകനായി പ്രതിഷ്ഠിച്ചു. അപൂര്‍വം ഇതര ചിന്തകരെപ്പോലെ മാര്‍ക്‌സ് വ്യക്തിത്വത്തിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചാണ് വിഭാവനം ചെയ്തത്. സാമൂഹ്യ വൈജാത്യങ്ങളെ കേവലം നിയമപരമായ സമത്വ സങ്കല്‍പത്തിന്റെ മുഖാവരണം കൊണ്ട് മൂടിവെക്കുകയാണ് ബൂര്‍ഷ്വാമനുഷ്യാവകാശചിന്ത ചെയ്തതെന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍’ അവകാശം സമത്വാധിഷ്ഠിതമാകുന്നതിനു പകരം തികച്ചും അസമമാകുകയേ ഉള്ളൂ.’ എന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ്മയുടെ സുമനോഹരസമ്പന്നതയെ മായ്ച്ചു മാറ്റി വികലമായ ഏകരൂപത സൃഷ്ടിച്ച പുതിയ സങ്കല്‍പവുമായി ഇപ്പോള്‍ അദ്ദേഹത്തെ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് തെറ്റായ പ്രവണതയാണ്.
കമ്മ്യൂണിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സങ്കല്‍പത്തെ ഉല്‍പാദനശക്തികളുടെ സര്‍വോത്തമവികാസമായി ന്യൂനീകരിക്കുന്നതിനുള്ള വിഭിന്ന സമീപനങ്ങളെ സമീപകാല ഗവേഷണങ്ങള്‍ നിരാകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പ്രാധാന്യത്തെ ഈ ഗവേഷണങ്ങള്‍ എടുത്തു കാട്ടി. മുതലാളിത്ത ഉല്‍പാദനരീതി തൊഴിലാളികളുടെ അധ്വാനശക്തിയെ മാത്രമല്ല കവരുന്നത് പ്രകൃതിവിഭവങ്ങളുടെ കൊള്ളയും അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നു എന്ന വസ്തുതയെ അദ്ദേഹം അതിനിശിതമായി അപലപിച്ചിരുന്നു. കുടിയേറ്റം എന്ന വിഷയത്തിലും മാര്‍ക്‌സ് അതീവ താല്‍പര്യം കാണിച്ചിരുന്നു. ബൂര്‍ഷ്വാചൂഷണത്തിന്റെ ഒരു സുപ്രധാനഘടകമാണ് അതെന്നും. മുതലാളിത്തം തൊഴിലാളികളെ നിര്‍ബന്ധിതകുടിയേറ്റത്തിന് നിര്‍ബന്ധിതരാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഗപരമായ ഐക്യം ഊട്ടിയുറപ്പിക്കുക എന്നത് മാത്രമാണ് ഇതിനെതിരെ പൊരുതാനുള്ള മാര്‍ഗം. തദ്ദേശീയരാണോ ഇറക്കുമതി ചെയ്യപ്പെട്ടവരാണോ എന്ന ഭേദചിന്ത കൂടാതെ അവരുടെ ജന്‍മം എവിടെയായാലും തൊഴിലാളികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റു പല വിഷയങ്ങളിലും മാര്‍ക്‌സ് ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന്റെ കൃതികളിലൂടെ കടന്നുപോയ പണ്ഡിതന്‍മാര്‍ അവയെ വിലകുറച്ച് കാണുകയോ അവഗണിക്കുകയോ ചെയ്തു. എന്നാല്‍ ആനുകാലിക രാഷ്ട്രീയ അജണ്ടയില്‍ അവയ്ക്ക് പരമപ്രാധാന്യം ലഭിച്ചു വരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇവയില്‍ ചിലതാണ് സാമ്പത്തിക രാഷ്ട്രീയമണ്ഡലങ്ങളിലെ വ്യക്തിസ്വാതന്ത്ര്യം, ലിംഗവിവേചനത്തില്‍ നിന്നുള്ള മോചനം, ദേശീയതയെക്കുറിച്ചുള്ള വിമര്‍ശനം, സാങ്കേതികവിദ്യയുടെ വിമോചനാത്മകശേഷി, ഭരണകൂടനിയന്ത്രണമില്ലാത്ത കൂട്ടുടമസ്ഥതാസങ്കല്‍പം എന്നിവ.
ഇതൊന്നും കൂടാതെ യൂറോപ്പിനു വെളിയിലുള്ള സമൂഹങ്ങളെക്കുറിച്ചും മാര്‍ക്‌സ് സമ്പൂര്‍ണമായ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കൊളോണിയലിസം സൃഷ്ടിക്കുന്ന കെടുതികളെക്കുറിച്ച് അദ്ദേഹം അസന്ദിഗ്ധമായ എതിര്‍പ്പ് പ്രകടമാക്കി. അങ്ങനെയല്ലെന്നു പറയുന്നത് ഒരു പിശകാണ്. ചില ചിന്തകര്‍ കൊളോണിയലിസത്തിന്റെ നശീകരണാത്മകമായ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മറ്റു ഭൂഭാഗങ്ങളിലെ വികാസങ്ങളെ വിശകലനം ചെയ്യുന്നു. ഇത്തരം ചിന്തകന്‍മാരെ മാര്‍ക്‌സ് വിമര്‍ശിച്ചിട്ടുണ്ട്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ പ്രതിഭാസ വൈജാത്യങ്ങളെ നിരീക്ഷിക്കാന്‍ കഴിയാത്തവര്‍ക്കെതിരെ പല തവണ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും 1870 കളില്‍ തന്റെ സൈദ്ധാന്തിക നിലപാടുകള്‍ മുന്നോട്ട് വെച്ച ശേഷം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തികച്ചും വിഭിന്നമായ മേഖലകളിലേക്ക് തന്റെ വ്യാഖ്യാനങ്ങള്‍ വിനിമയം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം തികച്ചും ജാഗരൂകനായിരുന്നു. ഇപ്പോള്‍ ഇതെല്ലാം സ്പഷ്ടമായിട്ടുണ്ട്. എങ്കിലും ചില അക്കാദമികപണ്ഡിതര്‍ക്കിടയില്‍ ഇപ്പോഴും സന്ദേഹം ഒരു പരിഷ്‌കൃത രീതിയെന്നോണം നിലനില്‍ക്കുന്നുണ്ട്.
അങ്ങനെ ഇന്ന്, ജര്‍മ്മന്‍ മതില്‍ നിലംപതിച്ച് മുപ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ വ്യത്യസ്തനായ ഒരു മാര്‍ക്‌സിനെ വായിച്ചെടുക്കാന്‍ നമുക്ക് കഴിയും. വളരെക്കാലം വരട്ടുതത്ത്വവാദിയായും സാമ്പത്തികവാദിയായും കേവലം യൂറോകേന്ദ്രീകൃത സൈദ്ധാന്തികനായും ചിത്രീകരിക്കപ്പെട്ട മാര്‍ക്‌സ് യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്ന് വായിക്കാനിന്ന് നമുക്ക് കഴിയും. മാര്‍ക്‌സ് നമുക്ക് ഒസ്യത്തായി സമര്‍പ്പിച്ച വിപുലമായ സാഹിത്യ പൈതൃകത്തില്‍ മുതലാളിത്ത ഉല്‍പാദനരീതിയെ ഇല്ലാതാക്കുന്ന ഉല്‍പാദനശക്തികളുടെ വികാസത്തെ സൂചിപ്പിക്കുന്ന പ്രസ്താവനകള്‍ ധാരാളമായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ സോഷ്യലിസം വരുമെന്നത് ഒരു ചരിത്രപരമായ അനിവാര്യതയാണെന്ന ആശയം അദ്ദേഹത്തിന്റേതാണെന്ന് ആരോപിക്കുന്നത് ഒരു പിശകായിരിക്കും. തീര്‍ച്ചയായും മാര്‍ക്‌സിനെ സംബന്ധിച്ചേടത്തോളം സമൂഹത്തെ മാറ്റുന്നതിനുള്ള സാധ്യത തൊഴിലാളിവര്‍ഗത്തിന്റെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. സമരങ്ങളിലൂടെയും അതിലൂടെയുണ്ടാകുന്ന സാമൂഹ്യമായ ഉയിര്‍ത്തെണീപ്പിലൂടെയുമാണ് സാമ്പത്തികവും രാഷ്ട്രീയവുമായ ബദല്‍ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നത്.
മാര്‍ക്‌സിയന്‍ പഠനങ്ങളിലുണ്ടായ പുതിയ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളുടെ വ്യാഖ്യാനങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ സംസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ് എന്നാണ്. ഈ വീക്ഷണകോണിലൂടെ നോക്കിയാല്‍ ഈ ഗ്രന്ഥം പരിശോധനാവിധേയമാക്കുന്ന മാര്‍ക്‌സിന്റെ അവസാന വര്‍ഷങ്ങളില്‍ (1881-1883) അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങള്‍ ആനുകാലിക വായനക്കാര്‍ക്ക് ഇന്നത്തെ പല പൊള്ളുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കാനുള്ള ഒട്ടേറെ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഏറെക്കാലമായി പല മാര്‍ക്‌സിസ്റ്റ്ചിന്തകരും യുവ മാര്‍ക്‌സിന്റെ കൃതികള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. (പ്രധാനമായും 1844ല്‍ രചിക്കപ്പെട്ട സാമ്പത്തികവും ദാര്‍ശനികവുമായ കുറിപ്പുകള്‍, ജര്‍മ്മന്‍ പ്രത്യയശാസ്ത്രം എന്നിവ). അതേസമയം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടതും ഉദ്ധരിക്കപ്പെട്ടതുമായ കൃതി എന്ന യാഥാര്‍ഥ്യം ഇപ്പോഴും നിലനില്‍ക്കുന്നു. മാര്‍ക്‌സിന്റെ അവസാനകാലകൃതികളില്‍ അസാധുവാക്കപ്പെട്ട പല കാര്യങ്ങളും നമുക്ക് ആ ആദ്യകാല രചനകളില്‍ കാണാന്‍ കഴിയും. എല്ലാറ്റിലുമുപരി അദ്ദേഹത്തിന്റെ അവസാന കാലഗവേഷണങ്ങളിലെന്നപോലെ മൂലധനത്തിലും അതിന്റെ പ്രാഥമികകരട് രേഖയിലുമാണ് നമുക്ക് ബൂര്‍ഷ്വാസമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ഏറ്റവും അമൂല്യമായ വിചിന്തനങ്ങള്‍ കാണാന്‍ കഴിയുക. മാര്‍ക്‌സ് എത്തിച്ചേര്‍ന്ന നിര്‍ണായകമല്ലെങ്കിലും അന്തിമമായ നിഗമനങ്ങളെ അവ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ മരണശേഷം ലോകത്തിലുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശനാത്മകമായി നിരീക്ഷിച്ചാല്‍ മുതലാളിത്തത്തിനു ബദലായുള്ള സാമൂഹ്യസാമ്പത്തികമാതൃകയെ സിദ്ധാന്തവല്‍ക്കരിക്കുന്നതിനുള്ള ഉദ്യമത്തിന് അവ അത്യന്തം ഉപകാരപ്രദമാണെന്ന് നമുക്ക് തിരിച്ചറിയാനാകും.
1881 ലും 1882 ലും നരവംശശാസ്ത്രം, മുതലാളിത്ത പൂര്‍വ ഉല്‍പാദനരീതി, പാശ്ചാത്യേതരസമൂഹങ്ങള്‍, സോഷ്യലിസ്റ്റ് വിപ്ലവം, ചരിത്രത്തിന്റെ ഭൗതികവാദസങ്കല്‍പം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ക്‌സ് ഗണ്യമായ പുരോഗതി കൈവരിച്ചു. അന്തര്‍ദ്ദേശീയരാഷ്ട്രീയത്തിലെ മുഖ്യസംഭവങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം സൂക്ഷ്മനിരീക്ഷണം നടത്തിയിരുന്നു. ഇക്കാര്യം അദ്ദേഹമയച്ച കത്തുകളില്‍നിന്ന് നമുക്ക് മനസ്സിലാകും. ഐറിഷ് വിമോചനസമരത്തിനും റഷ്യയിലെ പോപ്പുലിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹം ഉറച്ച പിന്തുണ പ്രകടിപ്പിച്ചുകൊണ്ടും ഇന്ത്യയിലെയും ഈജിപ്തിലെയും ബ്രിട്ടീഷ് കൊളോണിയല്‍ മര്‍ദ്ദക ഭരണത്തിനെതിരെയും അള്‍ജീരിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുമുള്ള കത്തുകളായിരുന്നു അവ. അദ്ദേഹം വെറും യൂറോകേന്ദ്രീകൃത ചിന്തകനോ സാമ്പത്തികമാത്രവാദിയോ വര്‍ഗസംഘര്‍ഷത്തില്‍ മാത്രം അഭിനിവേശമുള്ള വ്യക്തിയോ ഒന്നും തന്നെ ആയിരുന്നില്ല. പുതിയ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചും ചിന്താവിഷയങ്ങളെക്കുറിച്ചും ഭൂമിശാസ്ത്രമേഖലകളെക്കുറിച്ചുമുള്ള പഠനങ്ങള്‍ അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്ന മുതലാളിത്തവ്യവസ്ഥാവിമര്‍ശത്തിന് അടിസ്ഥാനപരമായ ആവശ്യങ്ങളാണെന്ന് അദ്ദേഹം കരുതി. ഇത് ദേശീയസവിശേഷതകളിലേക്ക് ശ്രദ്ധ ചെലുത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. കമ്മ്യൂണിസത്തെക്കുറിച്ച് ആദ്യകാലത്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത സമീപനത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിന്റെ സാധ്യതകളെക്കുറിച്ച് പരിഗണിക്കാനും ഇത് അദ്ദേഹത്തിന് സഹായകമായി.
2. വിസ്മൃതമായ ഒരധ്യായം:
‘പില്‍ക്കാല മാര്‍ക്‌സ് ‘
മാര്‍ക്‌സിന്റെ ആശയങ്ങള്‍ ലോകത്തെ മാറ്റിയിട്ടുണ്ട്. മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങള്‍ ദൃഢമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യരാശിയുടെ ഗണ്യമായ ഒരു ഭാഗം അവയെ പ്രമുഖമായ പ്രത്യയശാസ്ത്രങ്ങളായി മാറ്റുകയും ഭരണകൂടപ്രമാണങ്ങളായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ കൃതികളും കയ്യെഴുത്തുകുറിപ്പുകളും സമ്പൂര്‍ണമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ രചനകള്‍ അസമ്പൂര്‍ണമാണ് എന്നതാണ് ഇതിന് കാരണം. അപൂര്‍ണമാക്കി ഉപേക്ഷിക്കപ്പെട്ട മാര്‍ക്‌സിന്റെ പ്രോജക്റ്റുകളെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധീകൃത കൃതികള്‍ വളരെ കുറവാണ്. ഒരിക്കലും അവസാനിക്കാത്ത അദ്ദേഹത്തിന്റെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട കുന്നുകൂടിയ കുറിപ്പുകളുടെ കാര്യം പറയുകയും വേണ്ട.
പബ്‌ളിഷര്‍മാര്‍ക്ക് അയച്ചു കൊടുത്തതില്‍ കൂടുതല്‍ കയ്യെഴുത്തുകുറിപ്പുകള്‍ മാര്‍ക്‌സ് ഉപേക്ഷിച്ചിട്ടുണ്ട്. അപൂര്‍ണത അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം അതിദരിദ്രമായ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ദൈനംദിന വേവലാതികളെ ഇരട്ടിപ്പിച്ചിരുന്നു. തന്റെ കണിശമായ രീതികളും നിഷ്‌കരുണമായ സ്വയം വിമര്‍ശനവും അദ്ദേഹത്തിന്റെ പല ഉദ്യമങ്ങളുടെയും ക്ലേശങ്ങള്‍ ഇരട്ടിപ്പിക്കാന്‍ കാരണമായി. എന്നിട്ടും വിജ്ഞാനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് കാലമെത്ര കഴിഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായില്ല. പുതിയ പുതിയ പഠനങ്ങളിലേക്ക് അദ്ദേഹം നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. എങ്ങനെയായാലും അദ്ദേഹത്തിന്റെ നിതാന്തമായ അധ്വാനത്തിന് ഭാവിയില്‍ അനിതരസാധാരണമായ സൈദ്ധാന്തികപരിണതഫലങ്ങള്‍ ലഭിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
മാര്‍ക്‌സിന്റെ ജീവചരിത്രങ്ങളില്‍ പലതിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ അദ്ദേഹത്തിന്റെ സൈദ്ധാന്തികനേട്ടങ്ങളില്‍നിന്നും വേര്‍തിരിച്ചാണ് നല്‍കിയിരിക്കുന്നത്. അക്കാദമികസ്വഭാവമുള്ള പഠനങ്ങള്‍ മിക്കതും മാര്‍ക്‌സിന്റെ അസ്തിത്വപരമായ വിധിവൈപരീത്യങ്ങളെ അവഗണിച്ചിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രചനാപരമായ അധ്വാനത്തെ ഗണ്യമായ തോതില്‍ ഇവ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. മാര്‍ക്‌സിന്റെ ആദ്യകാലകൃതികളും അദ്ദേഹം മുതിര്‍ന്ന ശേഷമുള്ള കൃതികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ മെനക്കെട്ടവര്‍ കുറച്ചു പേര്‍ മാത്രമാണ്. അവര്‍ക്കുപോലും വൃദ്ധമാര്‍ക്‌സിനെക്കുറിച്ച് സമ്പൂര്‍ണ ജ്ഞാനമുണ്ടായിരുന്നില്ല. മറ്റു പല പഠനങ്ങളും ‘തത്ത്വചിന്തകനായ മാര്‍ക്‌സ്’, ‘സാമ്പത്തികശാസ്ത്രജ്ഞനായ മാര്‍ക്‌സ്’, ‘രാഷ്ട്രീയക്കാരനായ മാര്‍ക്‌സ്’ എന്നിങ്ങനെ വഴി പിഴപ്പിക്കുന്ന വിഭജനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെട്ടവയാണ്.
ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ധൈഷണിക ജീവചരിത്രങ്ങളില്‍ മിക്കതും യുവമാര്‍ക്‌സിന്റെ കൃതികള്‍ പരിശോധിക്കുന്നതില്‍ ആവശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം നല്‍കിയിരിക്കുന്നതായി കാണാം. മാര്‍ക്‌സിന്റെ അവസാനകാലത്തെ, പ്രത്യേകിച്ചും 1880 കളിലെ , ഗവേഷണങ്ങള്‍ പരിശോധിക്കുന്നതില്‍ നേരിട്ട പ്രയാസങ്ങള്‍ വൈജ്ഞാനികമേഖലയില്‍ അദ്ദേഹമുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ച് അറിയുന്നതില്‍ വളരെക്കാലം നമുക്കിടയില്‍ വലിയ പ്രതിബന്ധം സൃഷ്ടിച്ചു. 1872ല്‍ ഇന്റര്‍ നേഷനല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍ പിരിച്ചു വിട്ട ശേഷം അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നതിന് എല്ലാ ജീവചരിത്രകാരന്‍മാരും വളരെക്കുറച്ച് പേജുകള്‍ മാത്രം മാറ്റിവെച്ചത് അതുകൊണ്ടാണ്.
എല്ലാ ജീവചരിത്രകാരന്‍മാരും ഈ കാലഘട്ടത്തെക്കുറിച്ച് പറയുമ്പോള്‍ ‘അവസാനദശവര്‍ഷങ്ങള്‍ എന്ന സാമാന്യമായ ശീര്‍ഷകം ഉപയോഗിക്കാന്‍ കാരണമിതാണ്. മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്ന ഉദ്യമത്തില്‍ നിന്ന് പിന്‍മാറി എന്ന് അവര്‍ തെറ്റായി ധരിച്ചിരിക്കുന്നു. ആ കാലഘട്ടത്തില്‍ വാസ്തവത്തില്‍ മാര്‍ക്‌സ് എന്താണ് ചെയ്തത് എന്ന് ആഴത്തില്‍ നിരീക്ഷിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാണിക്കാന്‍ ന്യായീകരണങ്ങള്‍ ഉണ്ടാകും. മാര്‍ക്‌സ് എംഗല്‍സ് സമ്പൂര്‍ണ കൃതികളിലുള്ള രണ്ട് പുതിയ രചനകളും 1970കള്‍ മുതല്‍ ‘വൃദ്ധമാര്‍ക്‌സി’നെക്കുറിച്ചുള്ള ഗവേഷണരേഖകളും ലഭ്യമായിട്ടും ഈ പ്രവണതയില്‍ കാര്യമായ മാറ്റങ്ങളിലേക്ക് അവ നയിക്കാതിരുന്നതെന്തുകൊണ്ട്?
മാര്‍ക്‌സിനെക്കുറിച്ചുള്ള സാഹിത്യത്തിലുണ്ടായ ഈ വിടവ് നികത്താനാണ് ഈ ഗ്രന്ഥം ലക്ഷ്യമിടുന്നത്. എന്നിരുന്നാലും ഈ ഗ്രന്ഥകാരന്‍ ഇക്കാര്യത്തില്‍ നല്‍കുന്ന സംഭാവന തികച്ചും ഭാഗികവും അപൂര്‍ണവുമായിരിക്കും. അതിന് ഒരു കാരണം 1881-1883 കാലഘട്ടത്തെസംബന്ധിച്ച് സമ്പൂര്‍ണകൃതികളില്‍ പറയുന്ന ഭാഗം പൂര്‍ണ്ണരൂപത്തില്‍ ഇനിയും പ്രസിദ്ധീകൃതമായിട്ടില്ല എന്നതാണ്. മറ്റൊരു കാരണം മാര്‍ക്‌സിന്റെ രചനകള്‍ മനുഷ്യ വിജ്ഞാനത്തിന്റെ അത്യന്തം വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യാപ്തമായിക്കിടക്കുന്നതുകൊണ്ട് സങ്കീര്‍ണമായ അദ്ദേഹത്തിന്റെ വൈജ്ഞാനികസമ്മിശ്രണത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ കയറിയെത്തുക ക്ലേശകരമാണ് എന്നതാണ്. കൂടാതെ ഒരൊറ്റ വിഷയത്തില്‍ കേന്ദ്രീകരിക്കുന്ന ഈ പ്രബന്ധം യുക്തിസഹമായ ത്രമാത്രം പേജുകളില്‍ ഒതുക്കേണ്ടതുണ്ട്. അതിനാല്‍ മാര്‍ക്‌സിന്റെ എല്ലാ രചനകളെയും ഒരേ അളവിലുള്ള ശ്രദ്ധ നല്‍കി വിശകലനവിധേയമാക്കുന്നത് അസാധ്യമായിത്തീരുന്നു. ഒരു ഖണ്ഡികയെങ്കിലും വേണ്ടുന്ന വിശദീകരണം ഏതാനും വാക്കുകളില്‍ ഒതുക്കേണ്ടി വരുന്നു. ഒരു ഗ്രന്ഥഭാഗംതന്നെ വേണ്ടിവരുന്നത് ഒരു പേജില്‍ സംഗ്രഹിക്കേണ്ടി വരുന്നു. നരവംശ ശാസ്ത്രക്കുറിപ്പുകള്‍ അതിവിപുലവും സങ്കീര്‍ണവുമാണ്. അതിന് സവിസ്തരമായ വിശകലനം ആവശ്യമാണ്. മറ്റൊരു കൃതിയിലൂടെ ആ കൃത്യം നിര്‍വഹിക്കാനാഗ്രഹിക്കുന്നു. ഇത്തരം പരിമിതികളെക്കുറിച്ചെല്ലാമുള്ള സമ്പൂര്‍ണബോധ്യത്തോടെയാണ് ഈ വിഷയത്തിലുള്ള എന്റെ ഗവേഷണഫലം ഞാന്‍ വായനക്കാര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്.
മാര്‍ക്‌സിന്റെ കൃതികളുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ആധികാരികവ്യഖ്യാതാക്കളിലൊരാളായ മാക്‌സിമിലിയന്‍ റൂബെല്‍ (1905-1996) ഒരു ‘സ്മാരകജീവചരിത്രം’ ഇനിയും എഴുതപ്പെടേണ്ടതുണ്ട് എന്ന് 1957ല്‍ എഴുതുകയുണ്ടായി. അറുപത് വര്‍ഷം കഴിഞ്ഞിട്ടും ഈ പ്രസ്താവന ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു. മാര്‍ക്‌സ് എന്ന ചിന്തകനെക്കുറിച്ച് എല്ലാം എഴുതിയും പറഞ്ഞും കഴിഞ്ഞു എന്ന പ്രസ്താവം ഒരു നുണയാണെന്ന് മാര്‍ക്‌സ് എംഗല്‍സ് സമ്പൂര്‍ണ കൃതികളുടെ പരമ്പര തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ പുസ്തകവും പുതുതായി ഇറങ്ങുമ്പോള്‍ ‘അജ്ഞാതനായ മാര്‍ക്‌സ്’ എന്ന് അമിതാവേശത്തോടെ വാഴ്ത്തുന്നവരുണ്ട്. സമീപകാല ഗവേഷണങ്ങള്‍ മാര്‍ക്‌സിനെക്കുറിച്ച് ഇതുവരെ നേടിയ അറിവുകളെ കീഴ്‌മേല്‍ മറിച്ചിട്ടുണ്ട് എന്ന് അത്തരത്തില്‍ വാദിക്കുന്നത് ഒരു പിശകായിരിക്കാം.
എന്നാലും മാര്‍ക്‌സില്‍ നിന്ന് നമുക്ക് ഇനിയും ഏറെ പഠിക്കാനുണ്ട്. ഇന്ന് ഇതിന് കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞു വന്നിട്ടുണ്ട്. പ്രസിദ്ധീകൃതമായ കൃതികളില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ നിന്നു മാത്രമല്ല നമുക്ക് പഠിക്കാന്‍ കഴിയുക. അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കയ്യെഴുത്തു കുറിപ്പുകളില്‍ അടങ്ങിയ ചോദ്യങ്ങളില്‍ നിന്നും സംശയങ്ങളില്‍ നിന്നും നമുക്ക് ഇനിയും ധാരാളം പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ അന്ത്യ വര്‍ഷങ്ങളിലെ രചനകളെ സംബന്ധിച്ചേടത്തോളം ഈ പരിഗണനയ്ക്ക് ഏറ്റവും കൂടുതല്‍ സാധുതയുണ്ട്.
‘വൃദ്ധമാര്‍ക്‌സ്’ ഗാഢസൗഹൃദത്തിനുടമ കൂടിയായിരുന്നു. ജീവിതത്തിലെ തന്റെ ദൗര്‍ബല്യങ്ങളെ അദ്ദേഹം മറച്ചുവെച്ചില്ല. എന്നിട്ടും തന്റെ പോരാട്ടം അദ്ദേഹം തുടര്‍ന്നു കൊണ്ടിരുന്നു. സംശയങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയില്ല. അതിനെ പ്രത്യക്ഷമായിത്തന്നെ നേരിട്ടു. നിരന്തരഗവേഷണങ്ങളില്‍ അദ്ദേഹം മുഴുകി. സ്വന്തം ഉറപ്പുകളില്‍ അദ്ദേഹം അഭയം തേടിയില്ല. ആദ്യകാല ‘മാര്‍ക്‌സിസ്റ്റു’കളെപ്പോലെ അദ്ദേഹം വിമര്‍ശനരഹിതമായ മുഖസ്തുതികളില്‍ അഭിരമിച്ചില്ല. ഈ മാര്‍ക്‌സ് വളരെ അപൂര്‍വഗണത്തില്‍പെട്ട, നമ്മുടെ ചിന്തകളെ സമൂലം കീഴ്‌മേല്‍ മറിക്കുന്ന ഒരിനമാണ്. സൈദ്ധാന്തിക കാര്‍ക്കശ്യത്തോടെ ഭാവിയിലേക്ക് ഉറപ്പോടെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ കരിങ്കല്‍രാക്ഷസസ്തൂപമല്ല മാര്‍ക്‌സ് . മുമ്പും ഇന്നും മറ്റു പലരേയുമെന്നപോലെ അദ്ദേഹത്തിന്റെ മൊത്തം അസ്തിത്വം തന്നെ സമ്പൂര്‍ണമായി സമര്‍പ്പിച്ച അതേ സമരമാര്‍ഗം ഏറ്റെടുക്കുകയും തുടരുകയും ചെയ്യുന്ന ഗവേഷകരുടെയും കര്‍മ്മോല്‍സുകരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഒരു പുതിയ തലമുറയെ അദ്ദേഹം മാടിവിളിക്കുകയാണ്.




No Comments yet!