സമകാലിക കേരളത്തിന്റെ രാഷ്ട്രീയവും ബൗദ്ധികവുമായ ജീവിതത്തില്‍ മൗലികമായ സംഭാവനകള്‍ നല്കിയ ചിന്തകനും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു കെ എം സലിംകുമാര്‍. ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ കുന്നത്ത് മാണിക്കന്റെയും കോതയുടെയും മകനായി 1949ലാണ് ജനനം.
പുത്തന്‍പുരയ്ക്കല്‍ കൊലുമ്പന്‍ വളര്‍ത്തച്ഛനായിരുന്നു. നാളിയാനി ട്രൈബല്‍ എല്‍ പി സ്കൂള്‍, പൂച്ചപ്ര, അറക്കുളം യു പി സ്കൂള്‍, മൂലമറ്റം ഗവ.ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1969ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എം എല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. രണ്ടുപതിറ്റാണ്ടു കാലം സിആര്‍സി സിപിഐ(എംഎല്) പ്രസ്ഥാനത്തിന്റെ സംഘാടകനായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് പതിനേഴ്മാസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1987ല്‍ സിആര്‍സി സിപിഐ(എംഎല്) പിളര്‍ന്നപ്പോള്‍ കെ വേണു നേതൃത്വം കൊടുത്ത ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കെ എം സലിംകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തില്‍ 1989ല്‍ വൈക്കത്ത് വര്‍ണ-ജാതി വ്യവസ്ഥയുടെ മാനിഫെസ്റ്റോ ആയ മനുസ്മൃതി ചുട്ടെരിച്ചുകൊണ്ടുള്ള സമരം നടക്കുകയുണ്ടായി. അന്ന് അധികാരത്തിലിരുന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പോലിസ് ഇതിനെ നേരിട്ടത് കൊടിയ മര്ദ്ദനമഴിച്ചുവിട്ടും സ്ത്രീകളെയടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു കൊണ്ടുമായിരുന്നു. 1991ല്‍ കെ വേണു തന്റെ ഗ്രൂപ്പ് പിരിച്ചുവിടുകയുണ്ടായി. (അന്ന് ഇന്ത്യയില്‍ ചെറുതും വലുതുമായ 24 എം.എല്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്്.) കെ എം സലിംകുമാര്‍ ഉള്‍പ്പെടുന്ന പ്രസ്തുത പാര്‍ട്ടി പിരിച്ച് വിട്ടതിനെ തുടര്‍ന്ന് അദ്ദേഹം ദലിത്-ആദിവാസി പ്രവര്‍ത്തനങ്ങളിലും പ്രഭാഷണങ്ങളിലും പുസ്തക രചനകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
കെ വേണുവിനെപ്പോലുള്ളവര്‍ മാര്‍ക്സിസത്തെ തള്ളിക്കളഞ്ഞപ്പോള്‍ അംബേദ്കര്‍ ചിന്ത ആഴത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ടും മാര്‍ക്സിസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ദലിത്-ആദിവാസി മുന്നേറ്റത്തിനു പാതയൊരുക്കാനാണ് കെ.എം.സലിംകുമാര്‍ യത്നിച്ചത്. അംബേദ്ക്കര്‍ ചിന്തയുടേയും മാര്ക്സിസത്തിന്റേയും വെളിച്ചത്തില്‍ സങ്കീര്‍ണ്ണമായ സാമൂഹ്യ പ്രശ്നങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയ്യാനുള്ള അപാരമായ ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. അംബേദ്ക്കറുടെ ചിന്തയും മാര്‍ക്സിസവും സമാന്തരമായി പോകേണ്ടതല്ലെന്ന നിലപാടായിരുന്നു കെ.എം സലിംകുമാറിന്റേത്. അതുപോലെ സ്വത്വങ്ങളെ അംഗീകരിക്കുകയും സ്വത്വങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പോരടിക്കുകയും ചെയ്യുമ്പോള്‍ തന്നെ സ്വത്വവാദ രാഷ്ട്രീയത്തെ അദ്ദേഹം നിരാകരിച്ചു. സ്വത്വവാദ രാഷ്ട്രീയം ഒരു തരത്തിലുള്ള ഫണ്ടമെന്റലിസമാണെന്നും അത് സങ്കുചിതമാണെന്നുമായിരുന്നു കെ.എം.സലിംകുമാറിന്റെ നിലപാട്. അതേസമയം ദലിത്-ആദിവാസി സമൂഹങ്ങള്‍ സ്വാഭിമാനമുള്ളവരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആദിവാസി ജനതയും ദലിത് ജന വിഭാഗങ്ങളും ഭരണകൂടത്തിന്റെ ഔദാര്യങ്ങള്‍ക്ക് വിധേയപ്പെട്ടു നില്‍ക്കേണ്ടവരാണെന്ന വരേണ്യ ബോധത്തെ എക്കാലത്തും അദ്ദേഹം വെറുപ്പോടെ കണ്ടു.
എം കുഞ്ഞാമനടക്കമുള്ള പല ദലിത് ബുദ്ധിജീവികളുടെ നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിച്ച ഒരാള്‍ കൂടിയായിരുന്നു കെ എം സലിംകുമാര്‍. പഴയ എം എല്‍ പശ്ചാത്തലവും മാര്‍ക്സിസത്തോടുള്ള ആഭിമുഖ്യവും മൂലം സലിംകുമാറിന്റെ നിലപാടുകളെ നിരാകരിക്കാനും തമസ്ക്കരിക്കാനും ദലിത് ബുദ്ധിജീവികളടക്കം പലരും ഉദ്യമിക്കുകയുണ്ടായി.
അധഃസ്ഥിത നവോത്ഥാനമുന്നണി, ദലിത് ഐക്യ സമിതി, കേരള ദലിത് മഹാസഭ എന്നീ സംഘടനകളുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നിട്ടുണ്ട് അദ്ദേഹം. രക്തപതാക, അധഃസ്ഥിതനവോത്ഥാന മുന്നണി (ബുള്ളറ്റിന്), ദലിത് ഐക്യശബ്ദം (ബുള്ളറ്റിന്), ദലിത് ത്രൈമാസിക ഇവയുടെ എഡിറ്ററായിരുന്നു. ഇതാണ് ഹിന്ദു ഫാസിസം, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, നെഗ്രിറ്റിയൂഡ്, ദലിത് ജനാധിപത്യ ചിന്ത, സംവരണം ദലിത് വീക്ഷണത്തില്‍ എന്നിവ കൃതികളാണ്. ഭൂമിയുടെ ജാതിയും രാഷ്ട്രീയവും എന്ന പുസ്തകം എഡിറ്റ് ചെയ്തിരുന്നു. ആത്മകഥയും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
2016ല്‍ ജനാധിപത്യ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും ദിശയുടെയും നേതൃത്വത്തില്‍ ജിഗ്നേഷ് മേവാനിയെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രാഹ്മണിസമാണ് ഇന്ത്യന്‍ ഫാസിസമെന്ന മുദ്രാവാക്യമുന്നയിച്ചുകൊണ്ട് തൃശൂരില്‍ നടത്തിയ ദലിത് സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാര്‍ കെ.എം.സലിംകുമാറായിരുന്നു. കൂടാതെ ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് 2019ല്‍ ടീസ്റ്റാ സെതല്വാദിനെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് തൃശൂരില്‍ തന്നെ നടന്ന നവോത്ഥാന സംഗമത്തിന്റെ സംഘാടകസമിതിയുടെ ചെയര്‍മാനും സലിംകുമാറായിരുന്നു. മികച്ച പ്രഭാഷകനായിരുന്നെങ്കിലും അര്‍ബ്ബുദ രോഗം അദ്ദേഹത്തിന്റെ സംഭാഷണ ശേഷിയെ സാരമായി ബാധിക്കുകയുണ്ടായി. എന്നിരുന്നാലും ദീര്‍ഘകാലം ദ്രവരൂപത്തിലുള്ള ആഹാരം മാത്രം കഴിച്ചുകൊണ്ടും തന്റെ ആരോഗ്യപ്രശ്നത്തെ ഒട്ടും വകവെക്കാതെയും ദലിത് ആദിവാസി പ്രശ്നങ്ങളിലും ജനാധിപത്യ പ്രശ്നങ്ങളിലും അദ്ദേഹം നിരന്തരം രാഷ്ട്രീയ വ്യക്തതയോടെ ഇടപെടുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജാതികളും ആദിവാസി ജനതയും വിഭവാധികാരവും ജ്ഞാനാധികാരവും തിരിച്ചു പിടിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഭൂമി കേവലമൊരു ജീവിതോപാധിയല്ലെന്നും മറിച്ച് അത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും സാമൂഹ്യാന്തസ്സിന്റെയും അടിസ്ഥാനമാണെന്നും കൂടി അദ്ദേഹം പറഞ്ഞു.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 10 ശതമാനം സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരേ ശക്തമായിതന്നെ അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ജാതി സെന്‍സസ് എന്ന ആശയം നടപ്പാക്കാന്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പൊതുവില്‍ 1980കളില്‍ ഉയര്‍ന്നുവന്ന മതപുനരുജ്ജീവനവാദത്തിനെതിരേ വലിയ ഉത്കണ്ഠ പുലര്‍ത്തിയ ആളായിരുന്നു കെ എം സലിംകുമാര്‍. ഇന്ത്യയിലെ മുഖ്യ അപകടം എന്ന നിലയില്‍ ഹൈന്ദവ പുനരുജ്ജീവന വാദത്തെ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും എഴുത്തുകളിലൂടെയും അതിശക്തമായി എതിര്‍ക്കുകയുണ്ടായി. പിന്നീട് ഹിന്ദുത്വ ഫാസിസം അതിന്റെ സഹസ്ര മുഖങ്ങളിലൂടെ രംഗത്ത് വന്നപ്പോള്‍ എതിര്‍പ്പിന്റെ കുന്തമുന ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കെതിരായി ഉയര്‍ത്തിവിടുകയുണ്ടായി. ഹിന്ദുത്വ ഫാസിസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ഭരണകാലത്തെ ചില നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ രചനകളിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ബ്രാഹ്മണ്യ ശക്തികള്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് ‘സര്‍വ്വവ്യാപിയായ ദൈവത്തെ’പ്പോലെ ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ പിടിമുറുക്കുന്ന കാലത്ത് ദലിതര്‍ക്കിടയില്‍ നിന്ന് ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് ഏറ്റവും ഗഹനമായി കേരളത്തോട് സംവദിച്ചവരില്‍ ഒരാള്‍ കെ എം സലിംകുമാറായിരുന്നു.
ഇന്നത്തെ ഇന്ത്യനവസ്ഥ അത്യന്തം ഭീതിജനകമാണെന്ന് കൂടി ഓര്‍മ്മിപ്പിച്ചു. അസാധാരണമായ രാഷ്ട്രീയ ധാര്‍മ്മിക പ്രതിസന്ധിയുടെ കാലമാണിതെന്നും ഇവിടെ മൗനം ഇരുണ്ട നരകത്തിലേക്കുള്ള വഴിയാണ് തുറക്കുന്നതെന്നും അതിനെ മറികടക്കാനുള്ള വലിയ കുതിപ്പാണ് നടത്തേണ്ടതെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. നീതി നിഷേധത്തിന്റെ തീക്ഷ്ണതയില്‍ ഉരുവം കൊണ്ടതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം. ആദിവാസി-ദലിത് – പിന്നാക്ക – മതന്യൂനപക്ഷ ജനതയുടെ മനുഷ്യ വ്യക്തിത്വവും അന്തസ്സും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നൊരു കാലത്ത് അതിനുവേണ്ടി നിലകൊള്ളുന്നവരോടൊപ്പമായിരുന്നു കെ എം സലിംകുമാര്‍. പ്രത്യാശഭരിതമായാണ് അദ്ദേഹം ചിന്തിച്ചിരുന്നത്.
പല ദലിത് നേതാക്കളില്‍നിന്നും ബുദ്ധിജീവികളില്‍ നിന്നും വ്യത്യസ്തമായി ദലിത് ആദിവാസി എന്ന് വേണ്ട, ഏതൊരു ജനവിഭാഗത്തിനും ആശ്രയിക്കാവുന്ന സ്നേഹനിര്‍ഭരമായ പെരുമാറ്റത്തിനുടമയായിരുന്നു കെ എം സലിംകുമാര്‍. ഭിന്നാഭിപ്രായങ്ങളോട് ഇത്ര മാത്രം സഹിഷ്ണുതയോടെയും ജനാധിപത്യപരമായും സമീപിക്കുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു കെ എം സലിംകുമാര്‍.






No Comments yet!