Skip to main content

ഗസ വെടിനിര്‍ത്തലിന് ശേഷം

 

ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കല്‍, ഇസ്രയേല്‍ പ്രതിരോധ സേനയെ (ഐഡിഎഫ്) നിശ്ചിത മേഖലയിലേക്ക് പിന്‍വലിക്കല്‍, മാനുഷിക സഹായവും ദുരിതാശ്വാസവും നല്‍കല്‍, ഇസ്രയേലും ഫലസ്തീന്‍ സേനയും തടവിലാക്കിയ ബന്ദികളെ കൈമാറ്റം ചെയ്യല്‍ എന്നീ പരിമിത കാര്യങ്ങളടങ്ങിയതായിരുന്നു കരാര്‍.

കരാര്‍ നിലവില്‍ വന്നശേഷം വലതുപക്ഷശക്തികളും അവരുടെ മാധ്യമങ്ങളും ഇത് തങ്ങളുടെ വിജയമായും ഗസയുടെ പരാജയമായും ചിത്രീകരിക്കാന്‍ ശ്രമിക്കുകയുണ്ടായി. പുരോഗമനവാദികളെന്ന് പറയുന്ന ചിലര്‍ ഈ കരാറിനെ വിമര്‍ശിക്കുന്നതായ വാര്‍ത്തകളും പ്രചരിക്കുകയുണ്ടായി. വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന ഒന്നാമത്തെ കാര്യം ഫലസ്തീനികള്‍ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ്. കാരണം, മുമ്പ് ഇത്തരം ഉറപ്പുകള്‍ ലംഘിച്ച ചരിത്രമാണ് ഇസ്രയേല്‍ ഭരണകൂടത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഉള്ളതത്രെ. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പ് ഒരിക്കലും സ്വീകരിക്കേണ്ടതില്ലെന്നാണ് പ്രസ്തുത നിരീക്ഷകരുടെ അഭിപ്രായം. മാത്രമല്ല, ബന്ദികളെ കൈമാറുന്നതോടെ ഹമാസ് അവരുടെ അവസാനത്തെ പ്രതിരോധസാധ്യതയും അടിയറവയ്ക്കുകയാണെന്നും അവര്‍ വാദിക്കുന്നു. ബന്ദികളെ സ്വന്തമാക്കിയശേഷം ഇസ്രയേലിനെ ബന്ധിക്കാന്‍ ഒന്നുമില്ലാതെ വരുമെന്ന ന്യായമാണ് അവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ വസ്തുത നേരെമറിച്ചാണെന്ന് കാണാം. കുറച്ചു കാലമായി ബന്ദികള്‍ ഹമാസിന് എന്തെങ്കിലും തരത്തിലുള്ള അനുകൂലാവസ്ഥ നല്‍കുന്നില്ല എന്നതാണ് വസ്തുത. കാരണം, ഇസ്രായേല്‍ ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സ്വന്തം ജനതയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ എന്തെങ്കിലും താല്‍പ്പര്യം ഉണ്ടായിരുന്നതായി കരുതാനാവില്ല. മാത്രമല്ല, നിരവധി ഇസ്രയേല്‍ ബന്ദികളെ ഇസ്രയേല്‍ തന്നെ തങ്ങളുടെ ബോംബാക്രമണത്തിന് ഇരയാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഫാസിസ്റ്റുകള്‍ക്ക് ഇതിലൊക്കെ എന്തെങ്കിലും ആശങ്കയുണ്ടായിരുന്നെന്ന് കരുതാനാവില്ല.

ഹമാസ് ഒരു തരത്തിലുള്ള കൊളോണിയല്‍ ഭരണത്തിന് കീഴടങ്ങിയെന്നും പരാജയം സമ്മതിച്ചുവെന്നുമുള്ള വാദങ്ങളും കരാറിന് ശേഷം ഉയര്‍ന്ന് വരികയുണ്ടായി. ഇത്തരം വാദഗതികള്‍ക്കൊന്നും ഒരടിസ്ഥാനവുമില്ല എന്നാണ് പല റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

അതേസമയം തന്നെ ഇസ്രയേല്‍ ഭരണകൂടം വീണ്ടും വംശഹത്യ ആരംഭിക്കുമെന്ന വാദത്തില്‍ ഭാഗികമായ ശരികളുണ്ട്. അത് തള്ളിക്കളയാനുമാവില്ല. രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ കഴിയാത്തത് നേടിയെടുക്കാന്‍ വേണ്ടി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇപ്പോള്‍ തന്നെ അത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നുമുണ്ട്. എന്തൊക്കെയായിരുന്നാലും ഈ സാഹചര്യത്തില്‍ കരാറിന്റെ ഫലമായി ഹമാസായിരിക്കും പരാജയപ്പെടുക എന്ന അനുമാനം ഒട്ടും ശരിയായിരിക്കില്ല.

ഫലസ്തീന്‍ വിമോചനസമരത്തിന്റെ ചരിത്രവും ഹമാസിന്റെയും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (PFLP) എന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവസംഘടനയുടേയും മറ്റു പ്രതിരോധ സംഘടനകളുടെയും രാഷ്ട്രീയം കഴിഞ്ഞ രണ്ട് വര്‍ഷത്തെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഹമാസ് അടക്കമുള്ള പ്രതിരോധസംഘടനകള്‍ക്ക് ഇസ്രയേല്‍ സൈന്യത്തെ അവരുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിന്ന് തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ സൈന്യത്തിനും അവരുടെ യുഎസ് രക്ഷാധികാരികള്‍ക്കും വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ വിജയത്തിന് ചെറുതല്ലാത്ത സാധ്യത തുറന്നിട്ടിട്ടുണ്ടെന്നതും നിഷേധിക്കാനാവില്ല.

ഒരര്‍ത്ഥത്തില്‍ ഏതൊരു വെടിനിര്‍ത്തലിലും അപകടസാധ്യതകളുണ്ട്. വെടിനിര്‍ത്തലിന് സമ്മതിക്കാതിരിക്കുന്നതിലും അപകടസാധ്യതകളുണ്ട്. ഒരു പ്രതിരോധ സംഘടന അതിന്റെ അടിത്തറയായിട്ടുള്ള ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ടല്ലോ. ഹമാസും മറ്റ് ഫലസ്തീന്‍ പ്രതിരോധ സംഘടനകളും രണ്ട് തരത്തിലുള്ള അപകടസാധ്യതകളേയും വിലയിരുത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ വഴി അവരുടെ താല്‍പ്പര്യങ്ങള്‍ അപകടത്തിലാക്കപ്പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവരുടെ നിലപാടുകളില്‍ നിന്ന് അനുമാനിക്കാവുന്നതാണ്.

ഹമാസിനും അവരുടെ സഹ പ്രതിരോധ സംഘടനകള്‍ക്കും ഇസ്രയേലിനെക്കുറിച്ചും അമേരിക്കയെക്കുറിച്ചും ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ സാമ്രാജ്യത്വ ദല്ലാള്‍ ഭരണകൂടങ്ങളെക്കുറിച്ചും എന്തെങ്കിലും മിഥ്യാധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്തായാലും ഇതില്‍ വിധിന്യായം പറയാന്‍ ഫലസ്തീന്‍ ജനതയ്‌ക്കേ അവകാശമുള്ളൂ. കാരണം അവരാണ് തങ്ങളുടെ ജീവിതത്തിന് വില കൊടുക്കുന്നത്. ലോകപ്രസിദ്ധ ഫലസ്തീന്‍ കവി മഹമൂദ് ദാര്‍വിഷ് എഴുതിയതുപോലെ ഫലസ്തീനികള്‍ക്ക് നഷ്ടപ്പെടുവാന്‍ ശവപ്പെട്ടികള്‍ മാത്രമാണുള്ളത്.

ഇസ്രയേലിനെ ഒരു വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കുന്നത് ഒന്നാമതായി ഹമാസ് അടക്കമുള്ള പ്രതിരോധസംഘടനകളുടെ ഗറില്ലാ യുദ്ധമുറയിലൂടെയുള്ള ചെറുത്തുനില്‍പ്പും കഴിഞ്ഞ രണ്ട് വര്‍ഷമായി ഹമാസിനെ പരാജയപ്പെടുത്തുന്നതില്‍ ഇസ്രയേലിന് ഉണ്ടായ പരാജയവുമാണ്. രണ്ടാമത്തെ കാര്യം, ഗസയിലെ കൂട്ടക്കൊലക്കെതിരേ ലോകമെമ്പാടും ഉയര്‍ന്ന് വന്ന അഭൂതപൂര്‍വ്വമായ ഉയിര്‍ത്തെഴുന്നേല്‍പ്പും സയണിസ്റ്റ് ഭീകരതയെ തുറന്നുകാട്ടുന്നതിലും ഒറ്റപ്പെടുത്തുന്നതിലും ലോക ജനത കാണിച്ച ജാഗ്രതയുമായിരുന്നു. ഒരു പക്ഷെ, വിയറ്റ്‌നാം യുദ്ധത്തിന് ശേഷം ലോകംകണ്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇത്. ഹമാസും അതിന്റെ പങ്കാളികളും ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. റിപോര്‍ട്ട് ചെയ്യപ്പെട്ട അവരുടെ സമീപകാല പ്രസ്താവനകള്‍ അത് തെളിയിക്കുന്നുണ്ട്.

ട്രംപിന്റെ കൊളോണിയല്‍ ഭരണത്തിനുള്ള പദ്ധതികളെ ചെറുത്തുനില്‍പ്പ് സംഘടനകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കരാറിന്റെ വാചകത്തില്‍ നിന്ന് വ്യക്തമാണ്. ഇസ്രയേലിന് ഔപചാരികമായ മുഖം രക്ഷിക്കല്‍ നടപടിയായി വെടിനിര്‍ത്തലിനെ കാണാന്‍ കഴിയുമെങ്കിലും ഹമാസും മറ്റും തങ്ങളെ നിരായുധീകരിക്കാന്‍ ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നതും ഓര്‍ക്കണം.

ഹമാസിനും മറ്റും തങ്ങളോടൊപ്പം ആളുകളെ ചേര്‍ക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നും അത് ജനകീയപിന്തുണ നേടിക്കൊണ്ടിരിക്കുന്നതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഫലസ്തീന്‍ ദേശീയ വിമോചനപ്രസ്ഥാനത്തിന് നീണ്ട ചരിത്രവും സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. സ്വന്തം ഇടുങ്ങിയ താല്‍പ്പര്യങ്ങളെയല്ല, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ താല്‍പ്പര്യങ്ങളെയാണ് ഇന്ന് ഹമാസ് പ്രതിനിധീകരിക്കുന്നത്. ഒരിക്കല്‍ ഹമാസ് ഇസ്‌ലാമിക ബ്രദര്‍ഹുഡിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെങ്കിലും 2017ല്‍ ഹമാസ് തങ്ങളുടെ മുന്‍പരിപാടിയും ഫലസ്തീന്‍ ചാര്‍ട്ടറും ഔദ്യോഗികമായിത്തന്നെ തിരുത്തുകയുണ്ടായി 2017ലെ ചാര്‍ട്ടറില്‍ (പുതിയ നയരേഖയില്‍) ഹമാസ് അവരുടെ പഴയ മതാധിഷ്ഠിത ചാര്‍ട്ടര്‍ മാറ്റി പുതിയ “Document of General Principles and Policies”  പ്രസിദ്ധീകരിച്ചു. അതില്‍ അവര്‍ പറയുന്നത് തങ്ങള്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗമല്ല എന്നാണ്.

വിമോചിത മതേതര ജനാധിപത്യ ഫലസ്തീന്‍ രാഷ്ട്രമാണ് അത് മുന്നോട്ടുവയ്ക്കുന്നത് എന്നാണ്. നിലവില്‍ ഫലസ്തീനില്‍ വസിക്കുന്ന ജൂതന്മാരുള്‍പ്പെടെ എല്ലാ മതങ്ങളിലും വംശങ്ങളിലുംപെട്ട മുഴുവന്‍ ജനങ്ങള്‍ക്കും തുല്യ അവകാശങ്ങളും സാമൂഹികരാഷ്ട്രീയ പദവിയും നല്‍കുമെന്നാണ് പുതുക്കിയ ചാര്‍ട്ടര്‍ ഉറപ്പുനല്‍കുന്നത്. അത് ബഹുസ്വരതയേയും വൈവിധ്യങ്ങളേയും അംഗീകരിക്കുന്നു.

ഗസയില്‍ നിയമപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകക്ഷിയായാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. ഫലസ്തീനിലെ രണ്ട് വലിയ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവപ്പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍, മുമ്പ് ഫത്തയുമായി ബന്ധപ്പെട്ട ഒരു മിലിഷ്യയടക്കം 11 രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഇസ്രയേല്‍ തടവിലാക്കിയവരില്‍ നിന്ന് മോചിപ്പിക്കാന്‍ ഹമാസ് കൊടുത്ത ലിസ്റ്റില്‍ ഇത്തരം സഖ്യകക്ഷികളുടെയും അംഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

യുദ്ധത്തെക്കുറിച്ചുള്ള പല തീരുമാനങ്ങളും ഈ സംഘടനകളുടെ സായുധവിഭാഗങ്ങളുടെ സംയുക്ത ഓപറേഷന്‍ റൂമിലാണ് തയ്യാറാക്കുന്നതത്രെ. ഹമാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്ന് ഫത്താ നേതാവ് മര്‍വാന്‍ ബര്‍ഗൂട്ടിയുടെ മോചനമായിരുന്നു. യഹ്‌യ സിന്‍വാര്‍, മുഹമ്മദ് ദെയ്ഫ് തുടങ്ങിയ നേതാക്കളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഹമാസിന്റെ പരാജയത്തെ ഒരു പക്ഷെ ചോദ്യംചെയ്യാന്‍ കഴിയും. എന്നാല്‍, അവരുടെ മരണം ജനങ്ങള്‍ക്കിടയില്‍ ഹമാസിന്റെ രാഷ്ട്രീയ വിശ്വാസ്യത കൂടുതല്‍ ഉറപ്പിച്ചതായിട്ടാണ് ഇതേ സംബന്ധിച്ച വാര്‍ത്തകള്‍. കൂടാതെ ജനങ്ങളെ ഹമാസ് നേതാക്കള്‍ക്കെതിരേ തിരിക്കാന്‍ ഇസ്രയേലിന് ഈ നടപടി ബുദ്ധിമുട്ടായി. ഹമാസ് നേതാക്കളെ സ്വന്തം വിധി പങ്കിടുന്നവരായും വലിയ ത്യാഗങ്ങള്‍ ചെയ്തവരായും ഫലസ്തീന്‍ ജനത കാണുന്നു. മരണത്തിന് മൂന്ന് ദിവസം മുമ്പ് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്ന് വ്യക്തവുമായിരുന്നല്ലോ. ഫലസ്തീന്‍ പ്രതിരോധ ശക്തികള്‍ക്ക് അവരുടെ ശക്തി വീണ്ടും വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള കഴിവിന്റെ രഹസ്യം ഫലസ്തീന്‍ ജനതയ്ക്കിടയിലുള്ള അവരുടെ വിശ്വാസമാണ്. മാത്രമല്ല, ആക്രമണത്തിന്റെ ലക്ഷ്യം ഹമാസിനെ ഇല്ലാതാക്കുക മാത്രമല്ല, ഫലസ്തീന്‍ ജനതയെ ഇല്ലാതാക്കുകയോ തുരത്തുകയോ ചെയ്യുക എന്നതുമാണ്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷമുള്ള ഗസയില്‍ നിന്നുള്ള വീഡിയോകളില്‍ നിന്നും മറ്റ് റിപോര്‍ട്ടുകളില്‍ നിന്നും ഫലസ്തീന്‍ ജനത വെടിനിര്‍ത്തലിനെ കൂട്ടക്കൊലയില്‍ നിന്നുള്ള ആശ്വാസമായി മാത്രമല്ല, മറിച്ച് അതിനെ ഒരു വിജയമായും കണക്കാക്കുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 1948ല്‍ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ പിന്‍ഗാമികളാണ് ഇപ്പോഴത്തെ നിവാസികളില്‍ പലരും. അവര്‍ ഗസയെ തങ്ങളുടെ വീടാക്കി മാറ്റിയിരുന്നു. അവര്‍ ഫലസ്തീനില്‍ തന്നെ തുടരുന്നവരാണ്. വംശഹത്യയെ അതിജീവിച്ച് അവരുടെ മണ്ണില്‍ തന്നെ തുടര്‍ന്നു എന്നതിനാല്‍ ഇസ്രയേലിനെ പരാജയപ്പെടുത്തിയതായാണ് ഇപ്പോഴത്തെ നടപടികളെ അവര്‍ കാണുന്നത്.

ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുമെന്നും ഏകപക്ഷീയമായി പുതിയ വസ്തുതകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നും സഹായത്തിന്റെ പ്രവേശനത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ക്ക് നന്നായി അറിയാമെന്ന് വേണം കരുതാന്‍. 2023 ഒക്ടോബര്‍ 7 ന് മുമ്പ് ഇസ്രയേല്‍ ഇതെല്ലാം ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷം സ്ഥിതി വളരെയധികം മാറിയിരിക്കുന്നു. ഒരര്‍ത്ഥത്തില്‍, ഇസ്രയേലിനെക്കുറിച്ചുള്ള ലോകാഭിപ്രായം ഇതുവരെ ഒരു പ്രധാന കാര്യമായി എടുത്തിരുന്നില്ല. യുഎസ്, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, മറ്റ് സാമ്രാജ്യത്വ രാജ്യങ്ങള്‍ എന്നിവയുടെ പിന്തുണയോടെ ഇസ്രയേല്‍ രണ്ട് വര്‍ഷമായി വംശഹത്യാ യുദ്ധം തുടരുകയായിരുന്നു.

ഒരു പ്രധാന ശക്തിയും ഇസ്രയേലിന്റെ വംശഹത്യയ്‌ക്കെതിരേ സജീവമായ നയതന്ത്ര പ്രചാരണം നടത്തിയിട്ടില്ല. ഇസ്രയേലിനെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. അതുമല്ലെങ്കില്‍ ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കാന്‍പോലും ശ്രമിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, കൊളംബിയ തുടങ്ങിയ 44 രാജ്യങ്ങള്‍ ഇസ്രയേലിനെതിരേ നയതന്ത്ര നടപടികള്‍ സ്വീകരിക്കുകയും അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ വംശഹത്യാ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവ ഇസ്രയേലിനെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ചു. ഉദാഹരണത്തിന് 2025 ജൂലൈയില്‍ ബൊഗോട്ട സമ്മേളനത്തില്‍ 12 രാജ്യങ്ങള്‍ സ്വീകരിച്ച വളരെ നേരിയ നടപടികളില്‍ പോലും ഇവരില്‍ ആരും തന്നെ ഒപ്പുവച്ചില്ല.

എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ജനങ്ങള്‍, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങളിലുള്ള ജനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ വലിയ അലകള്‍ സൃഷ്ടിക്കുകയുണ്ടായി. 2025 സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ മാത്രം അടിസ്ഥാനമാക്കി ഇറ്റലിയില്‍ നടന്ന രണ്ട് വിജയകരമായ പൊതുപണിമുടക്കുകളും 2024ല്‍ യുഎസ് കോളജ് കാമ്പസുകളില്‍ ഉണ്ടായ പ്രതിഷേധതരംഗവും ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.

അമേരിക്കയിലെയും ഇസ്രയേലിലെയും ഭരണവര്‍ഗങ്ങളിലെ ഒരു വിഭാഗം ഈ സാഹചര്യത്തില്‍ ഇതിന്റെ അപകടത്തെ മനസ്സിലാക്കുകയുണ്ടായി. കാരണം ആത്യന്തികമായി ഇസ്രയേലിനെ അമേരിക്ക നിലനിര്‍ത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങളെ സേവിക്കുന്നതുകൊണ്ടാണല്ലോ. അധികാരത്തിന്റെ ആത്യന്തിക ഉറപ്പ് സായുധ സേനയാണെങ്കിലും ഭരണവര്‍ഗങ്ങള്‍ക്കുള്ള പിന്തുണ തുടര്‍ച്ചയായി ഉല്‍പ്പാദിപ്പിക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും വലിയ പ്രചാരണതന്ത്രവും ആവശ്യമാണ്.

ഇസ്രയേലിന്റെയും പൊതുവെ യുഎസ് സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയും പ്രചാരകനായി വളരെക്കാലമായി പ്രവര്‍ത്തിച്ചിരുന്ന പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്യം എടുത്താല്‍ ഗസയിലെ വംശഹത്യകള്‍ ടൈംസിന്റെ ന്യൂസ്‌റൂമില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയതായ നിരീക്ഷണങ്ങള്‍ പുറത്ത് വരികയുണ്ടായി. ഗസയുമായി ബന്ധപ്പെട്ട് വംശഹത്യ, വംശീയ ഉന്മൂലനം, അധിനിവേശം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കാന്‍ ടൈംസ് അതിന്റെ ജീവനക്കാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കേണ്ടിവന്നു. ഹമാസിനെതിരേ വളരെ മോശമായി നിര്‍മിച്ച ഒരു അപവാദം ടൈംസ് മാനേജ്‌മെന്റ് നടത്തിയപ്പോള്‍, പത്രപ്രവര്‍ത്തന മാനദണ്ഡങ്ങള്‍ മറികടക്കുന്നതിന്റെ പേരില്‍ അതിനെ നിരവധി ടൈംസ് ജീവനക്കാര്‍ എതിര്‍ക്കുകയുണ്ടായി.

യുഎസ് ഇസ്രയേല്‍ പ്രചാരണ സംവിധാനത്തില്‍ ടൈംസിന്റെ പങ്ക് കണക്കിലെടുക്കുമ്പോള്‍, അതിന്റെ റിപോര്‍ട്ടിങിന്റെ ഗതിയില്‍ വന്ന മാറ്റം ശ്രദ്ധേയമത്രെ. ആഗോളമായിത്തന്നെ മിക്ക ആളുകള്‍ക്കും ഇസ്രയേലിനെക്കുറിച്ച് ഒരു നിഷേധാത്മക വീക്ഷണമുണ്ടെന്ന് അവര്‍ ആശങ്കപ്പെട്ടു. ഇത് പുതിയ കാര്യമല്ല. നിയമവിരുദ്ധമായ അധിനിവേശത്തിന് ഇസ്രയേല്‍ വളരെക്കാലമായി അന്താരാഷ്ട്ര വിമര്‍ശനം നേരിടുന്നുണ്ട്. ഐക്യരാഷ്ട്രസഭ ഇസ്രയേലിനെ വിമര്‍ശിച്ച് എണ്ണമറ്റ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതില്‍ അമേരിക്ക മാത്രമാണ് ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചത്.

എന്തായാലും ഇസ്രയേലിനെക്കുറിച്ചുള്ള നിഷേധാത്മക അഭിപ്രായങ്ങള്‍ വര്‍ദ്ധിച്ചു എന്ന് സര്‍വേകള്‍ കാണിക്കുന്നതില്‍ ടൈംസ് ആശങ്കാകുലമാണ്. അടുത്തിടെ നടന്ന സര്‍വേയില്‍ പങ്കെടുത്ത 24 രാജ്യങ്ങളില്‍ 20 രാജ്യങ്ങളിലായി പകുതിയിലധികം ആളുകളും ഇസ്രയേലിനെക്കുറിച്ച് പ്രതികൂലമായ വീക്ഷണം പുലര്‍ത്തുന്നുണ്ടെന്ന് തെളിയുകയുണ്ടായി. എട്ട് രാജ്യങ്ങളില്‍ അതായത് ഓസ്‌ട്രേലിയ, ഗ്രീസ്, ഇന്തോനേഷ്യ, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീരാജ്യങ്ങളില്‍ 75 ശതമാനത്തിലധികം പേര്‍ അത്തരം വീക്ഷണം പുലര്‍ത്തി. ജൂലൈയില്‍ ഒരു കപ്പല്‍ നിറയെ ഇസ്രയേലി വിനോദസഞ്ചാരികള്‍ ഒരു ഗ്രീക്ക് ദ്വീപ് സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ തുറമുഖത്ത് തടിച്ചുകൂടി അവരെ ഇറക്കുന്നത് തടഞ്ഞിരുന്നു.

ഇസ്രയേലി ഫുട്‌ബോള്‍ ടീമുകള്‍ യൂറോപ്പ് സന്ദര്‍ശിക്കുമ്പോള്‍ അവരുടെ സാന്നിധ്യത്തിനെതിരേ വന്‍പ്രതിഷേധങ്ങള്‍ ഉണ്ടായി. ഒരു ദശലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ആംസ്റ്റര്‍ഡാമില്‍, സപ്തംബറില്‍ ഫലസ്തീനെ പിന്തുണച്ച് ഒരു റാലിയില്‍ പങ്കെടുക്കാനെത്തിയത് 2,50,000 പേരായിരുന്നു. അങ്ങനെ വിവിധരാജ്യങ്ങളില്‍ എത്രയോ റാലികള്‍.

യുഎസ് പൗരന്മാര്‍ക്കിടയില്‍ ഇസ്രയേലിനോടുള്ള പിന്തുണയുടെ അവസ്ഥ പരിശോധിക്കുന്നതിനായി ടൈംസ് തന്നെ എല്ലാ വര്‍ഷവും അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്. ഈ വര്‍ഷം ഗസയിലെ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് വര്‍ഷമാകുമ്പോള്‍ ഇസ്രയേലിനോടുള്ള അമേരിക്കന്‍ പിന്തുണയില്‍ വന്‍ തിരിച്ചടി ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഭൂരിഭാഗം അമേരിക്കന്‍ വോട്ടര്‍മാരും ഇപ്പോള്‍ ഇസ്രയേലിന് വേണ്ടി കൂടുതല്‍ സാമ്പത്തിക, സൈനിക സഹായം അയയ്ക്കുന്നതിനെ എതിര്‍ക്കുകയാണ്. ഒക്ടോബര്‍ 7ലെ ആക്രമണങ്ങള്‍ക്ക് ശേഷം പൊതുജനാഭിപ്രായത്തില്‍ ഉണ്ടായ അതിശയകരമായ തിരിച്ചടി എന്നത് സപ്തംബര്‍ 30ലെ ടൈംസ് എഡിറ്റോറിയലില്‍ തെളിഞ്ഞതായി റിപോര്‍ട്ടുണ്ട്. അത് ഇങ്ങനെ: ‘ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കണം’. അത് പറഞ്ഞു.

ടൈംസിന്റെ ഏറ്റവും ആക്രമണാത്മകമായ സയണിസ്റ്റ് കോളമിസ്റ്റുകളില്‍ ഒരാളായ തോമസ് ഫ്രീഡ്മാന്‍ എഴുതുന്നു: ‘ഗസയുടെ വിശപ്പ്’ ഒരു ധാര്‍മിക പ്രതിസന്ധിയാണ്. വംശഹത്യ തിരിച്ചടിച്ചിരിക്കുന്നു. ഇസ്രയേലി സര്‍ക്കാര്‍ ആത്മഹത്യ ചെയ്യുകയാണ്. അത് ലോകത്ത് ഇസ്രയേലിന്റെ സ്ഥാനം നശിപ്പിക്കുകയാണ്. ഇസ്രയേല്‍ ഇപ്പോള്‍ സ്വയം ഒരു പരിഹാസ രാഷ്ട്രമായി മാറാനുള്ള പാതയിലാണ്’.

ലോകത്തിലെ ഏറ്റവും കൂടുതല്‍ പഠിപ്പിക്കപ്പെട്ട രാജ്യമാണ് യുഎസ് എന്ന കാര്യം ഓര്‍മിക്കുക. അതിനാല്‍ അവിടത്തെ ജനങ്ങളില്‍ ഒരു വിഭാഗം വളരെക്കാലമായി ഇസ്രയേലിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസിലെ ഇസ്രയേല്‍ അനുകൂല പത്രപ്രവര്‍ത്തകരും അക്കാദമിക് വിദഗ്ധരും ലോബികളും ഒരു വലിയ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. വലതുപക്ഷ വിമര്‍ശകന്‍ മേഗിന്‍ കെല്ലിയുടെ വാക്കുകളില്‍ ‘അമേരിക്കയില്‍ 30 വയസ്സിന് താഴെയുള്ള എല്ലാവരും ഇന്ന് ഇസ്രയേലിന് എതിരാണ്’.

ഫലസ്തീന്‍ പ്രതിരോധം അതിന്റെ ലക്ഷ്യത്തില്‍ വിജയിച്ചു എന്ന വാദം ധാരാളമായി സ്ഥിരീകരിക്കപ്പെടുന്നു. അതായത് സുരക്ഷിതമായ അധിനിവേശം തടയപ്പെടുകയും ചെറുത്തുനില്‍പ്പ് തുടരുകയും ചെയ്യുകയാണ്. ഇസ്രയേല്‍ സൈന്യവും (ഐഡിഎഫ്) ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനാല്‍ ശക്തമായ ഒരു സ്ഥാനത്ത് നിന്ന് ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് ഫലസ്തീന്‍ പ്രതിരോധത്തിന് ന്യായമായും അവകാശപ്പെടാം.

ഫലസ്തീന്‍ പ്രതിരോധം അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ല. അത് നീതിയാണ് തേടുന്നത്. അത് സ്വാതന്ത്ര്യം കാംക്ഷിക്കുന്നു. ഉപരോധങ്ങള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും കുട്ടികള്‍ ഇരകളാക്കപ്പെടാത്ത ഒരു ഫലസ്തീന്‍ ഭാവിയാണ് അത് തേടുന്നതെന്ന് ഈ പശ്ചാത്തലത്തില്‍ എടുത്ത് പറയേണ്ടതുണ്ട്. എന്നാല്‍, കീഴടങ്ങല്‍ ഒരിക്കലും ആ ഭാവി കൊണ്ടു വരില്ലെന്ന് ഫലസ്തീനികള്‍ക്കറിയാം. ചരിത്രം അത് സ്ഥിരീകരിക്കുന്നു.

അധിനിവേശം അവസാനിക്കുകയും ഉപരോധം പിന്‍വലിക്കുകയും ഫലസ്തീനികള്‍ക്ക് ദീര്‍ഘകാലമായി നിഷേധിക്കപ്പെട്ട സ്വയംനിര്‍ണയാവകാശം നേടിയെടുക്കുകയും ചെയ്യുന്ന ദിവസം വരുന്നതുവരെ അവിടെ ചെറുത്തുനില്‍പ്പ് തുടരുമെന്നാണ് വാര്‍ത്തകള്‍. കാരണം അതിജീവനം അപകടത്തിലായിരിക്കുമ്പോള്‍ കീഴടങ്ങല്‍ ഒരു ഓപ്ഷനല്ല.

അതിനാല്‍ ഹമാസിനെ നിരായുധീകരിക്കാനോ സ്വയം പിരിച്ചുവിടാനോ ആവില്ലെന്ന് തോന്നുന്നു. എന്നാല്‍ അവര്‍ ആയുധങ്ങളെ മാത്രമല്ല, ഫലസ്തീനിലെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെയും പിന്തുണയെ ആശ്രയിക്കുന്നു.

ഫലസ്തീനികള്‍ ഇന്ന് ഒറ്റയ്ക്കല്ല. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ ഗസയ്‌ക്കൊപ്പം നില്‍ക്കുന്നു. അവിടത്തെ സര്‍ക്കാരുകളല്ല, മറിച്ച് ജനങ്ങളാണ് പിന്തുണയ്ക്കുന്നത്. ഇന്നത്തെ ചെറുത്തുനില്‍പ്പ് ഫലസ്തീനികളുടെ മാത്രമല്ല, ഗസയിലെ പോരാട്ടങ്ങളെ ഒരു കണ്ണാടിയായി കാണുന്ന എല്ലാ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെയും പ്രതീക്ഷകളാണ് ഫലസ്തീന്‍.

 

 

No Comments yet!

Your Email address will not be published.