ഗോഡ്‌സെയുടെ ഒന്നാമത്തെ വെടിയുണ്ട ഗാന്ധിജിയുടെ മാറിലേക്ക് തുളച്ചുകയറിയപ്പോള്‍ മെഹ്താബ് ഓര്‍മിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന് തോന്നി: അറുപതു വര്‍ഷം കൂടെജീവിച്ച കസ്തൂര്‍ബയ്ക്ക് നല്‍കിയ പ്രതിജ്ഞകള്‍ നീ പാലിച്ചില്ല.
രണ്ടാമത്തെ വെടിയുണ്ടയേറ്റ് പിടയുമ്പോള്‍ മെഹ്താബ് പറഞ്ഞു: നിന്റെ ആദര്‍ശങ്ങള്‍ കുഞ്ഞുങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് നീ ശ്രമിച്ചത്. അത് മറ്റൊരു തെറ്റ്.
മൂന്നാമത്തെ വെടിയുണ്ടയുമേറ്റപ്പോള്‍ അദൃശ്യനായ മെഹ്താബ് വിശദമാക്കി: ഇതെല്ലാം നീ തന്നെ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഇപ്പോള്‍ നീ നിന്റെ കാലഘട്ടത്തിലെ സമ്പൂര്‍ണമനുഷ്യനാണ്.
പൂര്‍ണതയെക്കുറിച്ചുള്ള ഈ പ്രസ്താവനയോടെയാണ് പ്രശസ്ത കന്നട സാഹിത്യകാരനായ ബൊളുവാറു മഹമ്മദു കുഞ്ഞി ‘മോഹന്‍ദാസില്‍ നിന്ന് മഹാത്മാഗാന്ധിയിലേക്ക്’ എന്ന ബാലസാഹിത്യകൃതി അവസാനിപ്പിക്കുന്നത്. ആരാണ് ഈ മെഹ്താബ്?
ജീവിതത്തിലെ പല പരീക്ഷണഘട്ടങ്ങളിലും ഗാന്ധിജിയെ മെഹ്താബ് അനുയാത്ര ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ദക്ഷിണാഫ്രിക്കയിലെ കോടതിയില്‍, തലപ്പാവ് ധരിച്ച മോഹന്‍ദാസിനെ ജഡ്ജി പരിഹസിക്കുമ്പോള്‍ അയാള്‍ മെഹ്താബിനെയാണ് ധ്യാനിക്കുന്നത്: മെഹ്താബേ, നിന്റെ കരുത്തില്‍ നിന്നിത്തിരിയെനിക്ക് തരൂ.
പ്രിറ്റോറിയയിലെ ഇംഗ്ലീഷുകാരനായ ന്യായാധിപനോട് തലപ്പാവ് എന്റെ ജന്‍മാവകാശമാണെന്ന് പറയാന്‍ ധൈര്യം നല്‍കുന്നത് ഇതേ മെഹ്താബാണ്. തീവണ്ടിയില്‍ ഒന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുമ്പോള്‍ വെള്ളക്കാരനായ റയില്‍വേ ഉദ്യോഗസ്ഥന്‍ അയാളുടെ പെട്ടിയും പുതപ്പും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞു. അന്നേരം പുറത്തേക്ക് ചിതറി വീണ സാധനങ്ങള്‍ പെറുക്കിയെടുക്കാന്‍ സഹായിക്കുന്ന കറുത്ത യുവാവില്‍ മോഹന്‍ദാസ് കാണുന്നത് മെഹ്താബിന്റെ നീലക്കണ്ണുകളാണ്.
സ്‌കൂളില്‍ സഹപാഠിയായിരുന്നു ശൈഖ് മെഹ്താബ്. മോഹന്‍ദാസ് അയാളോടൊപ്പമാണ് ആദ്യമായി മാംസാഹാരം കഴിക്കുന്നത്. തന്റെ രണ്ടാമത്തെ ചേട്ടന്‍ കര്‍സണ്‍ ദാസ് രഹസ്യമായി മാംസം കഴിക്കുന്നത് മോഹന്‍ദാസിനറിയാമായിരുന്നു. എന്നാല്‍ ഒരു വലിയ കഷ്ണം ബ്രഡിനോടൊപ്പം ചെറിയ ഒരു തുണ്ടം ഇറച്ചി വായില്‍ വച്ചതേയുള്ളു. വയറ്റില്‍ ഒരാട്ടിന്‍കുട്ടി നിലവിളിക്കും പോലെ തോന്നി. അത് തുപ്പിക്കളയുകയായിരുന്നു. സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു ശൈഖ് മെഹ്താബ് അയാളോടെപ്പം മോഹന്‍ദാസ് കൂട്ടുകൂടുന്നത് കുടുംബത്തിലാര്‍ക്കും ഇഷ്ടമല്ലായിരുന്നു. എന്നിട്ടും മെഹ്താബിന്റെ സൗഹൃദം കൊതിച്ചത് എന്തുകൊണ്ടായിരിക്കും?
ഒരു ബാലസാഹിത്യകൃതി എന്നതിനപ്പുറം ഈ പുസ്തകത്തിന് ദാര്‍ശനികവും മനശ്ശാസ്ത്രപരവുമായ മാനം നല്‍കുന്നതില്‍ മെഹ്താബിന് ഒരു പങ്കുള്ളതുപോലെ തോന്നുന്നുണ്ട്.
മഹാത്മാഗാന്ധിയെപ്പോലെ ആയിത്തീരുകയെന്നത് അപ്രാപ്യമല്ലെന്ന തന്റെ ആശയം പ്രകാശിപ്പിക്കാനാണ് മഹമ്മദു കുഞ്ഞി ഈ പുസ്തകരചന നടത്തിയിരിക്കുന്നത്. ഒരു സാധാരണ മനുഷ്യന് അസാധാരണ ജീവിതം നയിക്കാന്‍ സാധിക്കുന്നതെങ്ങനെയാണെന്ന് കാണിച്ചു തന്ന മുത്തച്ഛനായിരുന്നു അദ്ദേഹം.
രണ്ടു വട്ടം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പ്രശസ്ത കന്നട സാഹിത്യകാരനാണ് മഹമ്മദു കുഞ്ഞി. പ്രവാചക ജീവിതത്തെ ആധാരമാക്കി രചിച്ച നോവലും ഗാന്ധിജിയുടെ ജീവിതകഥ പറയുന്ന ബാലസാഹിത്യരചനയും ‘Gandhi from Monu to Mahathma’ എന്ന ഇംഗ്ലീഷ് പരിഭാഷയുടെ വിവര്‍ത്തനവുമാണ് ‘മോഹന്‍ ദാസില്‍ നിന്ന് മഹാത്മയിലേക്ക്’. ഈ തര്‍ജ്ജമ മലയാള രചന പോലെ വായിക്കാന്‍ കഴിയുന്നു എന്നത് എ പി കുഞ്ഞാമുവിന്റെ കൈത്തഴക്കത്തിന്റെ ഗുണം കൊണ്ടാണ്. മോനുക്കുട്ടന്‍ എന്നും ഗാന്ധിജി മെട്രിക്കുലേഷന്‍ ജയിച്ചപ്പോള്‍ കുടുംബം ത്രില്ലടിച്ചു എന്നും എഴുതാന്‍ സ്വാതന്ത്ര്യമെടുത്ത വിവര്‍ത്തകന്‍ മലയാളി മനസ്സറിഞ്ഞാണ് തന്റെ കൃത്യം ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാന്‍ കൊള്ളാവുന്ന നല്ലൊരു പുസ്തകം. എം ഋത്വിക്കിന്റെ രേഖാചിത്രങ്ങള്‍ക്കുമുണ്ടൊരു സുഭഗത. മാതൃഭൂമി ബുക്‌സാണ് പ്രസാധനം.



No Comments yet!