ടി ജെ എസ് ജോര്‍ജിനെ ഞാന്‍ ആദ്യമായി കാണുന്നത് 1980കളുടെ മധ്യത്തില്‍ ഹൈദരാബാദില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ട്രെയിനി സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇംഗ്ലീഷ് എം എ ബിരുദവുമായി ഞാന്‍ ആദ്യം പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിയത് കോഴിക്കോട്ട് ദേശാഭിമാനി ദിനപത്രത്തില്‍ ആയിരുന്നു. അന്നൊക്കെ പ്രഗത്ഭരായ നിരവധി പത്രാധിപന്മാരും ലേഖകന്മാരും ദേശാഭിമാനിയില്‍ ജോലി ചെയ്തിരുന്നു. പത്രാധിപര്‍ പി ഗോവിന്ദപിള്ള, കോഴിക്കോട്ടെ മാനേജര്‍ സി കെ ചക്രപാണി, ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹ്മാന്‍, അസോസിയേറ്റ് എഡിറ്റര്‍ ഇ പി ജനാര്‍ദ്ദനന്‍ എന്നിവരൊക്കെ വളരെ പ്രശസ്തരും പ്രഗത്ഭരുമായിരുന്നു. അവരില്‍ നിന്നും ഒരുപാടു പാഠങ്ങള്‍ പഠിക്കാനും കഴിഞ്ഞു. എന്നിരുന്നാലും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വിശേഷിച്ച് അക്കാലത്ത് ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്യാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ ഞാന്‍ നേരെ ഹൈദരാബാദില്‍ പോയി അവിടെ ഡെസ്‌കില്‍ ചേരുകയായിരുന്നു.
നൈസാമിന്റെ രാജകീയ ആസ്ഥാനം എന്ന നിലയില്‍ ഹൈദരാബാദ് അന്ന് ഒരു ഗതകാല പ്രതാപത്തിന്റെ നിഴലില്‍ കഴിയുന്ന നഗരമായിരുന്നു. ഹുസ്സൈന്‍ സാഗറിന് തൊട്ട് ദോമല്‍ഗുഡ എന്ന സ്ഥലത്തു പഴയൊരു ബിസ്‌കറ്റ് കമ്പനിയുടെ ഗോഡൗണ്‍ ആയിരുന്നു പത്രത്തിന്റെ ആസ്ഥാനം. കയറിച്ചെല്ലുമ്പോള്‍ കാണുന്നത് റസിഡന്റ് എഡിറ്റര്‍ ജി എസ് ഭാര്‍ഗവയുടെ മുറിയാണ്. അദ്ദേഹം സോഷ്യലിസ്റ്റും ജയപ്രകാശ് നാരായണന്റെ അടുപ്പക്കാരനുമായിരുന്നു. വായില്‍ കടിച്ചുപിടിച്ച പൈപ്പുമായാണ് അദ്ദേഹം എപ്പോഴും പ്രത്യക്ഷപ്പെടുന്നത്. സ്‌നേഹസമ്പന്നനായ മനുഷ്യന്‍. എളിമയുടെ മൂര്‍ത്തി.
എന്നാല്‍, ന്യൂസ് എഡിറ്റര്‍ ആര്‍ വി ഹര്‍ണൂര്‍ കണിശക്കാരനാണ്. മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതി. ഡെസ്‌കില്‍ അങ്ങോട്ടുമിങ്ങോട്ടും നിരന്തരം ഓടിനടക്കും. അവിടെയിരുന്നു കോപ്പികള്‍ എഡിറ്റു ചെയ്യുന്ന സബ് എഡിറ്റര്‍മാരുടെ കൈയില്‍ നിന്നും കടലാസ് പിടിച്ചു വാങ്ങും. അതില്‍ പെന്‍സില്‍ കൊണ്ട് തിരുത്തുകള്‍ വരുത്തിക്കൊണ്ട് ആള്‍ നടന്നുനീങ്ങും. പിന്നെ പ്രസ്തുത കോപ്പി തേടിപ്പിടിക്കുന്ന ജോലിയാണ് സബ് എഡിറ്റര്‍ക്ക്. കോപ്പി എഡിറ്റ് ചെയ്യാന്‍ നല്‍കുന്നത് ഡെസ്‌ക് ചീഫാണ്. അത് സമയത്തിനു കമ്പോസിങ്ങിന് അയയ്ക്കാനായി തിരിച്ചു കൊടുത്തില്ലെങ്കില്‍ ലോഗ്ബുക്കില്‍ അതു കുറിക്കപ്പെടും. ട്രെയിനി സബ് എഡിറ്റര്‍മാരുടെ തലവര അതിലാണ് നിശ്ചയിക്കപ്പെടുന്നത്.
അങ്ങനെ ഒരു ദിവസം രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ന്യൂസ് എഡിറ്ററുടെ മുറിയില്‍ ഒരു പുതിയ കഥാപാത്രം ഇരിക്കുന്നു. ഉരുണ്ട കണ്ണട വെച്ച് പ്രാദേശിക എഡിഷന്‍ സൂക്ഷിച്ചു വായിക്കുകയാണ്. തലയുടെ മുന്‍ഭാഗം കഷണ്ടി; പിന്നില്‍ കഴുത്തിലേക്ക് അല്‍പം നീണ്ടുകിടക്കുന്ന മുടി. ഊശാന്‍താടി. മുന്നിലിരിക്കുന്ന ടൈപ്പ്‌റൈറ്ററില്‍ ഇടയ്ക്കിടെ കൊട്ടുന്നു. കടലാസില്‍ അക്ഷരങ്ങള്‍ നിരന്തരം പതിയുന്നു.
രാവിലത്തെ പ്രധാന പണി അന്താരാഷ്ട്രവാര്‍ത്തകള്‍ ഏജന്‍സിയില്‍ നിന്നും കണ്ടെടുത്ത് എഡിറ്റ് ചെയ്തു കമ്പോസിങ്ങിന് അയയ്ക്കലാണ്. ആദ്യം തയ്യാറാക്കുന്ന പേജുകളില്‍ ഒന്നാണത്. അതിനാല്‍ ഞാന്‍ എന്റെ പണിയില്‍ മുഴുകി. വൈകിട്ടു പോരാന്‍ നേരത്ത് ലോഗ് ബുക്ക് തുറന്നു നോക്കിയപ്പോള്‍ മേല്‍പടിയാന്റെ ഒരു പേജ് നിറയെയുള്ള കുറിപ്പ് അതാ കിടക്കുന്നു. തലേന്നത്തെ എഡിഷന്റെ വിശദമായ വിമര്‍ശനമാണ്. കൃത്യമായ നിരീക്ഷണങ്ങള്‍. വാര്‍ത്തയും അതിന്റെ വിന്യാസവും പ്രത്യേകം ശ്രദ്ധ ചെലുത്തി വിലയിരുത്തിയിട്ടുണ്ട്. നല്ല തലക്കെട്ടുകള്‍ നന്നായി എന്നും മോശം തലക്കെട്ടുകള്‍ എങ്ങനെ മാറ്റാവുന്നതാണ് എന്നുമൊക്കെ അതില്‍ പറയുന്നുണ്ട്. ഒന്നുരണ്ടു ദിവസം അദ്ദേഹത്തെ അവിടെ കണ്ടു. പിന്നെ ആള്‍ അടുത്ത എഡിഷന്‍ ആസ്ഥാനത്തേക്കു സ്ഥലം വിട്ടു.
അതാണ് ടി ജെ എസ് ജോര്‍ജ് എന്ന പത്രപ്രവര്‍ത്തന ലോകത്തെ അതികായനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ. അദ്ദേഹം അതിനകം അതീവ പ്രശസ്തനായിരുന്നു. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് പത്രത്തില്‍ ജോലി ചെയ്യുന്ന കാലത്തെ ജയില്‍വാസവും ബോംബെയില്‍ ബാല്‍ താക്കറെയുമായുള്ള അടുപ്പവും ഹോങ്കോങ്ങിലെ പ്രവാസവും ഡെസ്‌കില്‍ അടക്കിപ്പിടിച്ച ചര്‍ച്ചയായിരുന്നു. പക്ഷേ, അന്ന് ഡെസ്‌കിലെ ജൂനിയര്‍മാര്‍ ആരുമായും അദ്ദേഹം കാര്യമായി ഇടപെട്ട ഓര്‍മയില്ല. അതായിരുന്നില്ല അദ്ദേഹത്തിന്റെ ചുമതലയും. എക്‌സ്പ്രസിന്റെ ദക്ഷിണേന്ത്യന്‍ എഡിഷനുകളുടെ ഉപദേശകന്‍ എന്ന നിലയിലാണ് അദ്ദേഹം അന്നു പ്രവര്‍ത്തിച്ചു വന്നത്. രാംനാഥ് ഗോയങ്കയുടെ കാലത്താണ് അദ്ദേഹം ചുമതല ഏറ്റത്. അതിനായി അദ്ദേഹം ശമ്പളമൊന്നും വാങ്ങിയിരുന്നില്ല എന്നാണ് ഞാന്‍ കേട്ടത്. പക്ഷേ, ബാംഗളൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിങ്ങനെ പത്രത്തിന്റെ പ്രധാന എഡിഷന്‍ ആസ്ഥാനങ്ങളില്‍ അദ്ദേഹം ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അവലോകന കുറിപ്പുകള്‍ സ്ഥലത്തെ എഡിഷന്റെ ചുമതലക്കാര്‍ക്കുള്ള കൃത്യമായ നിര്‍ദേശങ്ങളായിരുന്നു.
എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞു ഞാന്‍ കൊച്ചിയില്‍ എത്തി. അധികം വൈകാതെ ജോര്‍ജ് അവിടെ കാര്യങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന റസിഡന്റ് എഡിറ്ററുടെ ചുമതല ഏറ്റെടുത്തു. നേരത്തെ ഹോങ്കോങ്ങില്‍ ഏഷ്യാവീക്ക് വാരിക നടത്തിവന്ന കാലത്തെ ശീലങ്ങളും രീതികളുമായാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. പതിറ്റാണ്ടുകളോളം കൊച്ചി എഡിഷന്‍ റസിഡന്റ് എഡിറ്ററായി സേവനമനുഷ്ഠിച്ച എസ് കെ അനന്തരാമനെ ഒഴിവാക്കി പത്രം പുതിയ കാലത്തിനനുസരിച്ച് ഉടച്ചുവാര്‍ക്കുന്ന ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തത്. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്ന കാലത്ത് അതിനെ കൈകാര്യം ചെയ്യാനായി മദ്രാസില്‍ നിന്നും തിരുവനന്തപുരം പ്രത്യേക ലേഖകനായാണ് അനന്തരാമന്‍ കേരളത്തില്‍ അവതരിക്കുന്നത്. എഴുപതുകളുടെ മധ്യത്തില്‍ കൊച്ചിയില്‍ എഡിഷന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം റസിഡന്റ് എഡിറ്ററായി. സ്വാമി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
സ്വാമിയുടെ ഭരണകാലം ഒരു ഫ്യൂഡല്‍ കാലഘട്ടമായിരുന്നു. ഭീതിയുടെ ഒരു അന്തരീക്ഷമാണ് എന്നും ഡെസ്‌കില്‍ നിലനിന്നത്. ആരെയും എപ്പോഴും സ്ഥലംമാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം. അതിനാല്‍ ആര്‍ക്കും ഒരു സ്വസ്ഥതയും അവിടെ ഉണ്ടായിരുന്നില്ല. ഫോര്‍ട്ട് കൊച്ചി കല്‍വത്തിയിലെ ആസ്പിന്‍വാള്‍ കമ്പനിയുടെ പഴയ ഗോഡൗണ്‍ കെട്ടിടത്തിലെ മീന്‍നാറ്റം നിറഞ്ഞുനിന്ന ഓഫിസില്‍ അദ്ദേഹം ഒരു കണ്ണാടിക്കൂട്ടില്‍ എന്നും വിരാജിച്ചു. വിശദീകരണം തേടിയുള്ള ദൈനംദിന മെമ്മോകളിലൂടെയാണ് അദ്ദേഹം ഡെസ്‌കിലെ സ്റ്റാഫുമായി ബന്ധപ്പെട്ടത്.
സ്വാമിയുഗം കഴിയും മുമ്പുതന്നെ ഞാന്‍ ഡെസ്‌കില്‍ നിന്നും ആദ്യം എറണാകുളം ബ്യുറോയിലേക്കും അവിടെ നിന്നും തൃശ്ശൂരിലേക്കും മാറിയിരുന്നു. അതിനാല്‍ ജോര്‍ജ് കൊച്ചിയില്‍ ചമതലയേറ്റപ്പോള്‍ അദ്ദേഹവുമായി നേരിട്ട് ഇടപെടാന്‍ എനിക്ക് അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍, ഇടയ്ക്കിടെ അദ്ദേഹം ഫോണില്‍ വിളിക്കും. പ്രത്യേക സ്റ്റോറികള്‍, ഫോട്ടോകള്‍ എന്നിവയ്ക്കായാണ് അദ്ദേഹം പലപ്പോഴും വിളിക്കുന്നത്. ശനിയാഴ്ച തോറും ഇറങ്ങിയ പ്രത്യേക ഫീച്ചര്‍ പേജ് അദ്ദേഹത്തിന്റെ ആശയമായിരുന്നു. ദേശീയതലത്തില്‍ ഞായറാഴ്ച ഇറങ്ങുന്ന സണ്‍ഡേ സപ്ലിമെന്റിനു പുറമെ കേരളത്തിനു സവിശേഷമായി ഒരു ഫീച്ചര്‍ സപ്ലിമെന്റ് എന്നായിരുന്നു ഉദ്ദേശ്യം.
ഒരിക്കല്‍ അതുമായി ബന്ധപ്പെട്ടു അദ്ദേഹം വിളിച്ചു. തൃശൂരില്‍ ആനയൂട്ടു നടക്കുന്നുണ്ട്. തേക്കിന്‍കാട് മൈതാനിയില്‍ നിരവധി ഗജവീരന്മാര്‍ അണിനിരക്കുന്ന ചടങ്ങാണ്. പ്രത്യേക ഫീച്ചര്‍ വേണം. ഫോട്ടോ എടുക്കാന്‍ കൊച്ചിയില്‍ നിന്നും സ്റ്റാഫ് ഫോട്ടോഗ്രാഫറെ അയയ്ക്കുന്നുണ്ട്. അടുത്ത ശനിയാഴ്ചത്തെ എഡിഷനില്‍ കൊടുക്കാനുള്ളതാണ്.
തൃശൂരില്‍ ചിത്രങ്ങള്‍ക്കായി ഞാന്‍ സാധാരണ ആശ്രയിക്കുന്നത് കുറുപ്പം റോഡില്‍ സ്റ്റുഡിയോ നടത്തിയിരുന്ന നജീബിനെയാണ്. എന്നാല്‍ ഇത്തവണ ഫോട്ടോ വേണ്ടതില്ല എന്നു ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. എന്റെ കോപ്പി കൃത്യമായി ടെലിപ്രിന്റര്‍ വഴി അയയ്ക്കുകയും ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞു കൊച്ചിയില്‍ നിന്നും ടിജെഎസിന്റെ ഫോണ്‍. പടം ഉടന്‍ വേണം. ഡെസ്‌കില്‍ കിട്ടിയ പടങ്ങളില്‍ തൃപ്തിയില്ല. അതിനാല്‍ ഇന്നുതന്നെ കൂടുതല്‍ പടങ്ങള്‍ അയക്കണം. ഞാന്‍ പരിഭ്രാന്തനായി. ടൗണില്‍ വേറെയും ഫോട്ടോഗാഫര്‍മാരുണ്ട്. അവരെ പോയിക്കണ്ടു കുറെ ചിത്രങ്ങള്‍ സംഘടിപ്പിച്ചു. ആനയൂട്ടിന് നേതൃത്വം നല്‍കിയ വെറ്ററിനറി സര്‍വകലാശാലയിലെ പണിക്കരെയും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ഈസായെയും കണ്ടു അവരുടെ കയ്യിലുള്ള ചിതങ്ങളും വാങ്ങി. എല്ലാം പ്രിന്റ് എടുത്തു കൊച്ചിയിലേക്കു ബസ്സില്‍ അയച്ചു. ഡെസ്‌കില്‍ വിളിച്ചു വിവരം അറിയിച്ചു.
രണ്ടു ദിവസം കഴിഞ്ഞു പത്രം വന്നു നോക്കിയപ്പോള്‍ ഞാന്‍ അയച്ച പടമൊന്നും കൊടുത്തിട്ടില്ല. കൊച്ചിയിലെ സ്റ്റാഫ് ഫോട്ടോഗാഫര്‍ നല്‍കിയ ചിത്രങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. പിന്നെന്തേ ഇങ്ങനെയൊരു കശപിശ? കാര്യം ലളിതം. അക്കാലത്തു ഡാര്‍ക്ക് റൂമില്‍ പോയി ഫോട്ടോ പ്രിന്റ് എടുക്കുന്നത് മെനക്കെട്ട പണിയാണ്. അതിനാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ സ്വയം ഒരു തെരഞ്ഞെടുപ്പു നടത്തി മെച്ചമെന്ന് അവര്‍ക്കു തോന്നുന്നത് പ്രിന്റിട്ടു കൊടുക്കും. നിര്‍ഭാഗ്യവശാല്‍ ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസിന് ഇഷ്ടമായ പടങ്ങള്‍ ടിജെഎസിനു പിടിച്ചില്ല. എടുത്ത പടങ്ങള്‍ മുഴുക്കെ പ്രിന്റിട്ടു കൊടുത്തപ്പോള്‍ പുള്ളി ഹാപ്പി. അതില്‍ നിന്നും തനിക്ക് വേണ്ടതു അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്തു.
ഇത് ഏഷ്യാവീക്കില്‍ നിന്നും കൊണ്ടുവന്ന ശീലമാണ്. ഗുണമേന്മയില്‍ കണിശത ടിജെഎസിനെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടാനാകാത്ത തത്ത്വമായിരുന്നു. വാര്‍ത്തയിലും ഫീച്ചറിലും പേജ് ഡിസൈനിലും എല്ലാം ഇത് അദ്ദേഹം കര്‍ക്കശമായി അനുഷ്ഠിച്ചു. എതിര്‍പ്പുകളെ ശക്തമായി നേരിടുകയും ചെയ്തു. കൊച്ചി ഡെസ്‌കില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ കേട്ടറിഞ്ഞ കഥ പറയാം. പത്രം ഓഫിസ് കലൂരിലേക്കു മാറ്റിയ സമയത്ത് പുതിയ മട്ടില്‍ അതിനെ അണിയിച്ചൊരുക്കുന്ന തിരക്കിലായിരുന്നു ടിജെഎസ്. ഗ്രിഡ് ശൈലിയില്‍ വേണം ഇനി പേജുകള്‍ എന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത് ചതുരമോ ദീര്‍ഘചതുരമോ ആയ കോളങ്ങളില്‍ വാര്‍ത്ത വിന്യസിക്കുന്ന രീതിയാണ്. ഉള്‍പേജുകളിലേക്കു നീളുന്ന പരിപാടി ഇല്ല. അത് കര്‍ശനമായി നടപ്പാക്കാന്‍ അദ്ദേഹം സ്‌കെയിലും പെന്‍സിലും ഉപയോഗിച്ചു പേജുകള്‍ വരയ്ക്കാന്‍ ഡെസ്‌ക് ചീഫുമാരോടു നിര്‍ദേശിച്ചു. അതുകണ്ടു ഒരു ന്യൂസ് എഡിറ്റര്‍ തമാശയായി ചോദിച്ചു, ‘എന്താ കാര്‍പെന്‍ട്രി പണിയാണോ ഇവിടെ നടക്കുന്നത്’ എന്ന്. ടിജെഎസ് പക്ഷേ അത് തമാശയായി എടുത്തില്ല. കക്ഷിയെ രായ്ക്കുരാമാനം സ്ഥലം മാറ്റി.
തൊഴിലില്‍ ഇത്തരം കര്‍ക്കശ്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. 2000മാണ്ടില്‍ ഇന്ത്യയുടെ ആയിരം വര്‍ഷങ്ങള്‍ എന്നൊരു പുസ്തകം അദ്ദേഹം ആസൂത്രണം ചെയ്തു. പല മേഖലകളില്‍ വിദഗ്ദ്ധര്‍ ആയവര്‍ അതാതു വിഷയങ്ങളെ കുറിച്ച് എഴുതി. അതിലേക്കായി ഇന്ത്യയുടെ പത്താം നൂറ്റാണ്ടിനു ശേഷമുള്ള ചരിത്രത്തെക്കുറിച്ചു ഒരു ദീര്‍ഘലേഖനം തയ്യാറാക്കാനായി ഡോ. എം.ജി.എസ് നാരായണനെ സമീപിക്കാന്‍ അദ്ദേഹം എന്നോടു നിര്‍ദേശിച്ചു. ഞാന്‍ നേരെ മലാപ്പറമ്പില്‍ പോയി എംജിഎസിനെ കണ്ടു. അദ്ദേഹം സമ്മതിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും എഴുത്തൊന്നും നടന്നില്ല. പ്രസിദ്ധീകരണ തിയ്യതി പല തവണ മാറ്റി. ടിജെഎസ് അക്ഷമനായി. ഉടന്‍ സാധനം കിട്ടിയില്ലെങ്കില്‍ എന്നെ ജോലിയില്‍ നിന്നും പറഞ്ഞുവിടും എന്നൊരു പ്രഖ്യാപനവും വന്നു. ഞാന്‍ ആകെ പരിഭ്രാന്തിയിലായി. പലപ്പോഴും രാവിലെയും വൈകിട്ടും മലാപ്പറമ്പില്‍ എംജിഎസ് താമസിക്കുന്ന മൈത്രിയുടെ മുന്നിലെത്തി. അവസാനം അദ്ദേഹത്തിന്റെ ഭാര്യ പ്രേമിച്ചേച്ചിയും ഇടപെട്ടതോടെ എംജിഎസ് കംപ്യൂട്ടറിന്റെ മുന്നില്‍ തപസ്സിരിപ്പായി. പലപ്പോഴും ക്ഷൗരം ചെയ്യാന്‍ പോലും അദ്ദേഹം മറന്നു. അവസാനം ഞാന്‍ സിഡി കൈക്കലാക്കി കൊച്ചിയിലേക്ക് അയച്ചു. ടിജെഎസ് അത് വായിച്ചു എന്നോടു പറഞ്ഞു, ‘എത്ര വൈകിയാലെന്താ, ഒന്നാന്തരം പഠനം!’
അന്നൊക്കെ ഏതു കൊലകൊമ്പന്‍ എഴുത്തുകാരനും പ്രതിഫലമായി ഏറിയാല്‍ അയ്യായിരം രൂപ കൊടുക്കും. എംജിഎസിനുള്ള പ്രതിഫലം ചെക്കായി ടിജെഎസ് എന്റെ വിലാസത്തിലാണ് അയച്ചത്. അത് തുറന്നുനോക്കിയ ഞാനും കിട്ടിബോധിച്ച എംജിഎസും തുക കണ്ടു കണ്ണുതള്ളി ഇരുപതിനായിരം രൂപ!
അങ്ങനെ ടിജെഎസിനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ പറയാനേറെയുണ്ട്. അദ്ദേഹം എത്രയോ കാലം മുമ്പുതന്നെ ധിഷണാശാലിയായ പത്രാധിപരും എഴുത്തുകാരനും എന്ന ഖ്യാതി മലയാളികള്‍ക്കിടയില്‍ നേടിയിരുന്നു. വി കെ കൃഷ്ണമേനോന്റെയും പോത്തന്‍ ജോസഫിന്റെയും നര്‍ഗീസിന്റെയും സുബ്ബലക്ഷ്മിയുടെയും ജീവചരിത്രങ്ങള്‍ കഌസ്സിക് കൃതികള്‍ എന്ന നിലയിലാണ് വായനക്കാര്‍ സ്വീകരിച്ചത്. പത്രാധിപര്‍ എന്ന നിലയില്‍ അദ്ദേഹം ശക്തമായ മതേതര ജനാധിപത്യ പ്രതിബദ്ധതകള്‍ പുലര്‍ത്തി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. ഒരുപക്ഷേ ഇന്ത്യന്‍ എക്‌സ്പ്രസ്സ് കൂടുതല്‍ വലതുപക്ഷ നയങ്ങളിലേക്കു വഴുതുന്ന കാലത്ത് അദ്ദേഹം അത് വിട്ടു പുറത്തുപോവേണ്ടതായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, അവസാനംവരെ അദ്ദേഹം അവിടെ തുടര്‍ന്നു. ഒരുപക്ഷേ നാലുപതിറ്റാണ്ടിലേറെക്കാലം ജീവിതത്തിന്റെ ഭാഗമായി മാറിയ പത്രത്തോട് അഗാധമായ ഒരു മമതാബന്ധം അദ്ദേഹത്തിന്റെ ഉള്ളില്‍ അങ്കുരിച്ചിരിക്കാം. അതു സ്വാഭാവികവുമാണല്ലോ.





No Comments yet!