ആ രാജ്യത്തെ പ്രസിഡന്റിന്റെ കൊട്ടാരവും ഓഫിസും ജനങ്ങള്‍ കൈയേറി പിടിച്ചെടുത്തിരിക്കുന്നു. പല ദിക്കില്‍ നിന്നെത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധറാലികള്‍ ഒന്നുചേര്‍ന്ന് ഒരു മനുഷ്യക്കടലായി മാറി പ്രധാനമന്ത്രിയുടെ വസതിക്ക് തീയിട്ട ശേഷം അതീവ സുരക്ഷയുള്ള ഫോര്‍ട്ട് മേഖലയിലെ പോലിസ് ബാരിക്കേഡുകള്‍ അടക്കുള്ള തടസ്സങ്ങള്‍ മറികടന്നു മുന്നേറുകയും പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞ് ഉള്ളില്‍ പ്രവേശിക്കുകയുമായിരുന്നു.
അഴിമതിക്കാരായ പ്രസിഡന്റും പ്രധാനമന്ത്രിയും ചേര്‍ന്ന് ആ രാജ്യത്തെ വര്‍ഷങ്ങളായി കൊള്ളയടിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവരുടെ കെടുകാര്യസ്ഥത, ധൂര്‍ത്ത്, വികലമായ നയങ്ങള്‍ എന്നിത്യാദി കാരണങ്ങളാല്‍ ആ രാജ്യം തകര്‍ന്ന് തരിപ്പണമാവുകയും തൊഴില്‍ നഷ്ടം കൂടി വിലക്കയറ്റം ഏറുകയും ചെയ്തു.
ഭക്ഷ്യലഭ്യത കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിമൂലം മാസങ്ങളായി അരാജകത്വം നിലനില്‍ക്കുന്ന ആ രാജ്യത്തെ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.
ഇതിനകം പ്രസിഡന്റും കുടുംബവും രണ്ട് നാവിക കപ്പലുകളിലായി രാജ്യത്തു നിന്നും കപ്പല്‍ മാര്‍ഗം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
എന്നാല്‍, പ്രസിഡന്റിന്റേയും പത്‌നിയുടേയും ഓമന നായ ഹാര്‍പ്പറിനെ മറന്നതുകൊണ്ടോ, മനപ്പൂര്‍വ്വമോ യാത്രയാവും മു് ആ വലിയ ബംഗ്ലാവില്‍ അവര്‍ ഉപേക്ഷിച്ചിരുന്നു.
ആഢംബര കാറുകള്‍ നിര്‍ത്താനായി മാത്രം പണികഴിപ്പിച്ച ആ നീണ്ട കാര്‍പോര്‍ച്ചിന്റെ അറ്റത്തായി സ്വര്‍ണവര്‍ണമുള്ള അഴികളോടുകൂടിയതും, മുകളില്‍ പച്ച ഓട് പാകി അതിന് മുകളില്‍ വെള്ളി മകുടങ്ങള്‍ പിടിപ്പിച്ച കൂട്ടില്‍ നിന്ന്, ഇരച്ചെത്തുന്ന പ്രക്ഷോപകരെ കണ്ട് ആദ്യം അമ്പരന്ന ഹാര്‍പ്പര്‍ സര്‍വ്വ ശക്തിയുമെടുത്ത് കുരച്ചും, അഴികളില്‍ കടിച്ചും അവരെ ഭയപ്പെടുത്താന്‍ നോക്കി.
പക്ഷേ രോഷത്തിന്റെ മഹാമുന്നേറ്റമായ ആ പ്രകടനങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ഹാര്‍പ്പറിന്റെ ശബ്ദം ഒന്നുമല്ലാതെ ലയിച്ചു ചേര്‍ന്നു.
ഈ ജനങ്ങള്‍ക്ക് തന്നെ എറിഞ്ഞുകൊടുത്തുപോയ പ്രിയ യജമാനനോടും, ഒരിക്കലും മടിയില്‍ നിന്ന് തന്നെ ഇറക്കാത്ത, സ്‌നേഹപ്രകടനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പ്രസിഡന്റ് പത്‌നിയോടുമുള്ള നീരസം അവനില്‍ നിറയാന്‍ തുടങ്ങി.
പ്രക്ഷോപകര്‍ കാറുകള്‍ കത്തിക്കുകയും പൂച്ചട്ടികള്‍ എറിഞ്ഞ് ഉടയ്ക്കുന്നതും കണ്ട് ഹാര്‍പ്പര്‍ ഭയന്നു.
അവര്‍ അടുക്കളയില്‍ കയറി പാചകം തുടങ്ങുകയും സംഭരണമുറിയിലെ വിഭവങ്ങള്‍ കഴിക്കുകയും പൊതിഞ്ഞെടുക്കുകയും ചെയ്തു.
പ്രസിഡന്റിന്റെ വിലകൂടിയ മദ്യശേഖരങ്ങള്‍ ഒന്നൊന്നായി കൈമാറി അവര്‍ കുടിച്ചു വറ്റിച്ചു.
മറ്റൊരു വിഭാഗം കൊട്ടാരവളപ്പിലെ സ്വിമ്മിങ് പൂളില്‍ ചാടിത്തിമര്‍ത്തു കുളി ആരംഭിച്ചു.
നാട്ടുകാരുടെ നീരാട്ടില്‍ ജനകീയവിപ്ലവത്തിന്റെ നീലനിറമുള്ള തിരകള്‍ അതില്‍ അലയടിച്ചുകൊണ്ടിരുന്നു.
ചിലര്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാനും ഫോട്ടോ എടുക്കാനും തിക്കിതിരക്കി.
ഒരുപാട് രാത്രികളില്‍ പ്രസിഡന്റും പത്‌നിയും രമിക്കാറുള്ള, പത്‌നി ബംഗ്ലാവില്‍ ഇല്ലാത്ത വേളകളില്‍ പ്രസിഡന്റ് വേലക്കാരികളോടും സ്വകാര്യമായി എത്തിക്കുന്ന വേശ്യകളോടുമൊപ്പവും, പ്രസിഡന്റ് ബംഗ്ലാവില്‍ ഇല്ലാത്ത വിദേശയാത്രാ വേളകളില്‍ പ്രസിഡന്റ്പത്‌നി അംഗപരിചാരകര്‍ക്കൊപ്പവും, തന്നെക്കാള്‍ പ്രായം കുറഞ്ഞ ആണ്‍ സുഹൃത്തുക്കളോടൊപ്പവും രമിക്കാറുള്ള പ്രധാന കിടപ്പുമുറിയിലെ വിലകൂടിയ കിടക്കകളില്‍ യുവതീയുവാക്കള്‍ കൂട്ടത്തോടെ കയറിമറിയുകയും കെട്ടിപിടിച്ച്ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു.
വെളിയില്‍ ഹാര്‍പ്പര്‍ കരഞ്ഞുകൊണ്ടുമിരുന്നു.
അവനെ കൊണ്ടുപോവാന്‍ ഇത്രയും കാലം ഈ രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന തന്റ പ്രിയയജമാനന്‍ വരും എന്ന പ്രതീക്ഷ അവനില്‍ വേരറ്റു തുടങ്ങിയിരുന്നു.
പൂന്തോട്ടത്തിലെ അലങ്കാരവിളക്കുകളും പ്രതിമകളും തകര്‍ത്തുകൊണ്ടിരുന്ന ഒരു കൂട്ടം യുവാക്കള്‍ പരാക്രമത്തിനിടയില്‍ ഹാര്‍പ്പറെ ശ്രദ്ധിക്കുകയും അതിലൊരുവന്‍ ആക്രോശിച്ചുകൊണ്ട് അലറുകയും ചെയ്തു…
‘പ്രസിഡന്റ് കോപ്പന്റെ നായിന്റെ മോന്‍ കിടക്കണ കൂടുകണ്ടില്ലെ … നമ്മുടെ വീട് ഇതിന്റെ പകുതി വരുമോ?’
‘തല്ലികൊല്ലടാ അവനെ ..’ മറ്റൊരുത്തന്‍ ഏറ്റുപിടിച്ചു.
ഭയഭീതനായ ഹാര്‍പ്പര്‍ കൂടിന്റെ അറ്റത്തേക്ക് ചേര്‍ന്നു നിന്നു.
പ്രതിരോധിക്കാനായി കുരയ്ക്കാന്‍ ശ്രമിച്ച ഹാര്‍പ്പറിന്റെ ശബ്ദം അവനോട് പിണങ്ങി നിന്നു.
കൂടുതുറന്നതും ഗത്യന്തരമില്ലാതെ അവന്‍ ഇറങ്ങി ഓടി.
പിന്തുടര്‍ന്ന് ഓടിയ യുവാക്കള്‍ ഗേറ്റ് കടന്ന് മരണവെപ്രാളത്തിലോടുന്ന അവനെവിട്ട് മറ്റെന്തെല്ലാമോ തല്ലിപൊളിക്കാനായി മറ്റൊരു ദിക്കിലേക്കോടി.
ഹാര്‍പ്പര്‍ ഓടികൊണ്ടേ ഇരുന്നു. ഓടിത്തളര്‍ന്ന ഹാര്‍പ്പര്‍ അണച്ചുകൊണ്ട് ഒരിടത്ത് നില്‍ക്കുകയും നിറകണ്ണുകളോടെ തിരിഞ്ഞു നോക്കുകയും ചെയ്തു.
അങ്ങു ദൂരെ പ്രസിഡന്റിന്റെ ബംഗ്ലാവ് വളപ്പില്‍ നിന്ന് മുകളിലേക്കുയരുന്ന കലാപത്തിന്റെ കറുത്ത പുക!
ഒരിക്കലും ഇങ്ങനെ ഒരു പതനം പ്രതീക്ഷിച്ചതല്ല. കണ്ണീര്‍ വാര്‍ത്തുകൊണ്ട് ഹാര്‍പ്പര്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. പണ്ട് അവധിക്കാല വാസത്തിനായി നഗരത്തിലെത്തിയ ഗോലിയത്ത് മദാമ്മയുടെ പേരില്‍ പ്രശസ്തമായ കടലിനഭിമുഖമായുള്ള ആ തെരുവിലേക്ക് പ്രവേശിച്ചതും ഹാര്‍പ്പറിനു നേരെ ഒരു കൂട്ടം തെരുവുപട്ടികള്‍ കുരച്ചു ചാടി.
പരിഹാസത്തിന്റയും ക്രോധത്തിന്റെയും ക്രൗര്യത്തിന്റെയും കുരകള്‍ അവനെ വട്ടംവച്ചു. അവനെ അക്രമിക്കാനും വാലിലെ സ്വര്‍ണപ്പൂട കടിച്ചു വലിച്ചു ഊതിവിടാനും അതില്‍ ചില തെരുവുപട്ടികള്‍ തുനിഞ്ഞു.
വട്ടത്തില്‍ നിര്‍ത്താതെ ഓടിനോക്കിയെങ്കിലും ഒടുവില്‍ ഹാര്‍പ്പര്‍ തളര്‍ന്ന് വീണു.
മറ്റ് നായകള്‍ അവനരികിലായിത്തന്നെ വന്നു വീണ് കടലിന്റെ നീലിമ നോക്കി ഇരുന്ന് നിര്‍ത്താതെ അണച്ചു.
‘ഓഹ് എന്തായിരുന്നെടാ പോലിസ് അകമ്പടിയോടെ നിന്റെ യജമാനത്തിക്കൊപ്പം ഇതിലൂടെ പോവുമ്പോള്‍ ഞങ്ങളോടുള്ള നിന്റെ പുച്ഛവും കുരച്ചു ചാടലും’ കൂട്ടത്തിലെ ചൊറിപിടിച്ച, ഒരു വെണ്ണീരിന്റെ നിറമുള്ള നായ അണയ്ക്കുന്നതിനിടയിലും അവനെ ഒന്ന് കുത്തി.
താന്‍ അര്‍ഹിക്കുന്ന പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് ഹാര്‍പ്പര്‍ കണ്ണടച്ച് മൗനിയായിരുന്നു.
അതീവ സുരക്ഷയോടെ പ്രസിഡന്റും ഭാര്യയും ഞായറാഴ്ചകളില്‍ നടത്തുന്ന ഷോപ്പിങ്ങിന് കാറില്‍ താനും കൂടെ പോവുന്ന അവസരങ്ങളിലും,
അംഗരക്ഷകരുടെ അകമ്പടിയോടെ പ്രസിഡന്റ് പത്‌നി നടത്താറുള്ള സായാഹ്ന സവാരികള്‍ക്ക് കൂടെ പോവുമ്പോഴും ഈ തെരുവു പട്ടികളെ കണ്ട് ഹാര്‍പ്പര്‍ കുരച്ചുചാടുമായിരുന്നു.
അവന്റെ കഴുത്തിലെ ലെതര്‍ തുകല്‍ പൊട്ടിച്ച് ഓടാനും അവരെ കടിച്ചു കീറാനും ആക്രോശിക്കുമായിരുന്നു.
ചിലര്‍ തിരിച്ചു കുരച്ചു…
ചിലര്‍ ഭയന്നു പമ്മി …
എപ്പോഴും ശാന്തനായ ഒരു നായമാത്രം മിണ്ടാതെ ആ കാഴ്ചകണ്ട് പുഞ്ചിരിച്ച് തിരിഞ്ഞുകിടക്കുമായിരുന്നു.
ഇന്ന് ഹാര്‍പ്പറും ഈ തെരുവിലേക്കെത്തിയിരിക്കുന്നു!
സ്വന്തം വര്‍ഗക്കാരാണെങ്കിലും അവരുടെ പരിഹാസങ്ങള്‍ക്ക് മുമ്പില്‍ ഹാര്‍പ്പര്‍ ഒറ്റപ്പെട്ടു.
അവന്‍ തലകുനിച്ചുള്ള ആ ഇരിപ്പ് തുടര്‍ന്നു…
രണ്ട് ദിവസത്തെ വിശപ്പുണ്ടായിട്ടും സായാഹ്നവെയില്‍ കൊള്ളാന്‍വന്ന ആംഗ്ലോ ഇന്ത്യന്‍ വൃദ്ധ ദമ്പതികള്‍ എറിഞ്ഞുകൊടുത്ത ബിസ്‌കറ്റ് അവന്‍ കണ്ടില്ല എന്നുനടിച്ചു കിടന്നു.
ഒരു ചാക്കില്‍ ആരോ കൊണ്ട്തള്ളിയ അല്‍പ്പസ്വല്‍പ്പം മാംസം അവശേഷിക്കുന്ന കോഴിക്കാലുകള്‍ക്ക് മറ്റു നായകള്‍ ആക്ര കൂട്ടി ഓടിപ്പോയപ്പോഴും ഹാര്‍പ്പര്‍ അതില്‍ ചേര്‍ന്നില്ല.
സൂര്യന്റെ മുക്കാല്‍ ഭാഗവും കടലിന്റെ അറ്റത്ത് മുങ്ങിക്കഴിഞ്ഞപ്പോള്‍ അതുവരെ എല്ലാം കേട്ട് മിണ്ടാതിരുന്ന ശാന്തനായ നായ ഹാര്‍പ്പറുടെ അരികിലെത്തി പൊഴിയാന്‍ രോമങ്ങള്‍ ബാക്കിയില്ലാത്ത വാലുകൊണ്ട് അവനെ തലോടിക്കൊണ്ട് ആശ്വസിപ്പിക്കാനാരംഭിച്ചു.
‘ഞാനും എന്നും നിന്റെ പരാക്രമം കാണാറുണ്ടായിരുന്നു. അത് കാണുമ്പോള്‍ എനിക്ക് ചിരി മാത്രമേ വരാറുള്ളു, കുരവരാറില്ല. കാരണം ഒരിക്കല്‍ ആ നീയായിരുന്നു ഞാനും! ഞാനും കുരച്ച് ചാടി പണ്ട് ഈ വഴിയിലൂടെ ഗമയില്‍ കടന്നുപോയിട്ടുണ്ട്’!
ഹാര്‍പ്പര്‍ അവന്റെ മുഖത്തേക്ക് വെറുതെ ഒന്നു നോക്കുക മാത്രം ചെയ്തു.
പട്ടണത്തില്‍ വെള്ളിപാത്രങ്ങളും- ആഭരണങ്ങളും വില്‍ക്കുന്ന അഗര്‍വാള്‍ കുടുംബത്തിലെ വാത്സല്യഭാജനമായിരുന്നു അവന്‍.
പ്രായമായി കുരയ്ക്കാന്‍ വയ്യാതാവുകയും രോമങ്ങള്‍ കൊഴിഞ്ഞ് തൊലി വെളിയില്‍ കാണാനും തുടങ്ങിയപ്പോള്‍ അവര്‍ അവനെ ഈ വീഥിയില്‍ ഉപേക്ഷിച്ചു.
‘ഇവിടെ വന്ന് ചേര്‍ന്നപ്പോള്‍ നിനക്ക് ഇന്ന് കിട്ടിയ സ്വീകരണം എനിക്കും കിട്ടി അന്ന്! കാര്യമാക്കേണ്ട ഇത് ഇന്നത്തേക്കുള്ള ഒരു രസം. ഇവരൊക്കെ മനുഷ്യരേക്കാള്‍ കൂറുള്ള, ഉത്തമരായ സുഹൃത്തുക്കളാണ് സുഹൃത്തെ’!
ഹാര്‍പ്പറിന്റെ കണ്ണീര്‍ വറ്റിയിരുന്നു. രാത്രി മറ്റു തെരുവുപട്ടികളും അവന്റെ വട്ടം കൂടി ഓരോന്ന് പറഞ്ഞ് അവനെ ഉഷാറാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഈ ദേശത്തേയും, അന്യദേശങ്ങളിലേയും വാര്‍ത്തകള്‍ അറിയുന്നതില്‍ തല്‍പ്പരനായ ആ കൂട്ടത്തിലെ ഒരു ബുദ്ധിജീവി പട്ടി തെരുവിന്റെ അറ്റത്തെ ചായക്കടയില്‍ നിന്നും റേഡിയോ വാര്‍ത്ത കേട്ട് വരുന്ന വഴി ആ കൂട്ടത്തില്‍ ചേരുകയും, രാസവള ഇറക്കുമതി നിര്‍ത്തി ജൈവ കൃഷിയിലേക്ക് തിരിഞ്ഞതിനാല്‍ കാര്‍ഷിക മേഖല തകര്‍ന്നതിനാലും, ഇറക്കുമതികളെല്ലാം നിലച്ചു വ്യാപാര കമ്മി കൂടിയതിനാലും സര്‍വ്വോപരി വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും പ്രസിഡന്റിന്റെ ആഢംബര ജീവിതത്തിന്റെ നിലനില്‍പ്പിനായി, കണ്ട രാജ്യങ്ങളില്‍ നിന്നൊക്കെ വാങ്ങികൂട്ടിയ വിദേശകടങ്ങള്‍ ഉയര്‍ന്നതിനാലുമാണ് രാജ്യം കടക്കെണിയില്‍ അകപ്പെട്ടതെന്നും ഇപ്പോള്‍ പ്രസിഡന്റ് ഒരു ദ്വീപില്‍ അഭയം തേടിയിരിക്കുകയാണെന്നും അറിയിച്ചു.
‘ഈ പട്ടി കഴുവേറിയുടെ മോനും ആ കടംവേടിച്ച മുതലില്‍ നിന്ന് കൊറേ നക്കിയിട്ടുണ്ടാവും’ എന്ന് പറഞ്ഞുകൊണ്ട് ആ കൂട്ടത്തിലെ നാക്കെടുത്താല്‍ തെറിമാത്രം പറയുന്ന ഒരു പട്ടി ചരിഞ്ഞു കിടന്ന് തന്റെതന്നെ മുലകള്‍ നക്കി വെടിപ്പാക്കാന്‍ തുടങ്ങി.
ഇടയ്‌ക്കൊന്നു നിര്‍ത്തി…
‘ഈ കടലിന്റെ നേരെ അറ്റത്താണ് ആ ദ്വീപ്. യശമാനനെ കാണാന്‍ നീ വേണേല്‍ നീന്തി പൊയ്‌ക്കോ’ എന്ന് പരിഹസിച്ചുകൊണ്ട് ആ ജോലി തുടര്‍ന്നു.
പ്രസിഡന്റിനെ ഉടനെ ഈ നാട്ടില്‍ കൊണ്ടുവരുമെന്നും തെറ്റുകള്‍ ഏറ്റുപറയിപ്പിച്ച് ഈ തെരുവിലൂടെ നടത്തിക്കാനുമാണ് സാധ്യത എന്ന തന്റെ അനുമാനം ആ ശ്വാന കൂട്ടത്തിലേക്ക് ഇട്ട് കൊടുത്തുകൊണ്ട് ബുദ്ധിജീവി പട്ടി തെരുവു വിളക്കിന്റെ മഞ്ഞ ചൂട് പറ്റി കിടക്കാന്‍ റോഡ് മുറിച്ചുകടന്നു പോയി.
ദൈവത്തിന് മാത്രമേ ഇനി നിന്നേയും നിന്റെ ഏമാനെയും രക്ഷിക്കാന്‍ പറ്റുകയുള്ളു എന്ന് അതിലൊരു പട്ടിപറഞ്ഞതും ആ കൂട്ടത്തിലെ നിരീശ്വരവാദിയായ എന്നാല്‍ ഒരു പട്ടിയും അറിയാതെ നിത്യവും അതിരാവിലെ ഭൈരവന്‍ കോവിലില്‍ തൊഴുത് ‘അടുത്ത ജന്മം തന്നെ ഒരു മന്ത്രിയോ, സിനിമാനടനോ ആക്കണേ’ എന്ന് സ്വകാര്യമായി പ്രാര്‍ത്ഥിക്കാന്‍ പോവാറുള്ള മറ്റൊരു പട്ടി ‘ഏത് ദൈവം? അങ്ങനൊരാളില്ല. നീ തന്നെ നിനക്ക് രക്ഷ’ എന്ന് പ്രതികരിച്ചു!
ഹാര്‍പ്പറിന് രാത്രി ഉറങ്ങാനേ പറ്റിയില്ല.
പതുപതുത്ത ബോള്‍സ്റ്റര്‍ കിടക്കയില്‍ മാത്രം ഉറങ്ങാറുള്ള അവന് കല്ലുപാകിയ നിലത്ത് കിടന്നുറങ്ങാന്‍ കഴിഞ്ഞില്ല. മയക്കത്തിലേക്ക് വീണുകൊണ്ടിരുന്ന അവന്‍ കറുത്ത് നീളം കൂടിയ യജമാനന്റെ കാറ് തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നതും അതിലിരുന്ന് യജമാനന്റെ ഭാര്യ കൈ നീട്ടുന്നതുമായ ചിത്രം സ്വപ്‌നത്തില്‍ ഇടയ്ക്കിടയ്ക്ക് കണ്ട് ഞെട്ടി ഉണര്‍ന്നുകൊണ്ടേ ഇരുന്നു.
കരഞ്ഞും, കാത്തിരിപ്പിന്റെ വേദന കണ്ണില്‍ നിറഞ്ഞും ഒരു പകലിന്റെ മുഴുവന്‍ ചൂടും, പൊടിയുമേറ്റും ഹാര്‍പ്പറെന്ന ‘ഡോഗ്’ ഒരു ദിവസംകൊണ്ട് വെറുമൊരു ‘പട്ടി’യായി മാറിക്കഴിഞ്ഞിരുന്നു.
പിറ്റേ ദിവസം അവന്‍ അവിടെ നിന്നും അപ്രത്യക്ഷനായി.
രണ്ട് ദിവസത്തേക്ക് അവനെ ആരും കണ്ടില്ല.
മറ്റ് നായകളാരും അവനെക്കുറിച്ചോര്‍ത്ത് വ്യസനപ്പെട്ടില്ലെങ്കിലും ശാന്തനായ നായ അവനെക്കുറിച്ചോര്‍ത്ത് വ്യസനപ്പെടുകയും എന്തോ ആപത്ത് കാലേക്കൂട്ടി കാണുകയും ചെയ്തു.
അവന്‍ ഊഹിച്ചതുപോലെ
പിറ്റേ ദിവസം കടല്‍ പാലത്തിനടിയില്‍ ഹാര്‍പ്പറുടെ ശവം പൊന്തി.
വെള്ളം കുടിച്ച് അവന്റെ പള്ള വീര്‍ത്തിരുന്നു.
സ്വര്‍ണ നിറമുള്ള രോമങ്ങള്‍ നിറംമങ്ങി നീലച്ചിരുന്നു.
അവനെ ആരും ശ്രദ്ധിച്ചില്ല.
നഗരത്തില്‍ അതൊരു വാര്‍ത്തയേ ആയില്ല.
വിവരമറിഞ്ഞെത്തിയ നായക്കൂട്ടങ്ങള്‍ നിര്‍വികാരതയോടെ കുറച്ചു നേരം നോക്കി നില്‍ക്കുകയും, പ്രസിഡന്റും പത്‌നിയും അഭയം തേടിയ ദ്വീപിലെ ബംഗ്ലാവിലേക്ക് കടല്‍ നീന്തിപോവാന്‍ ശ്രമിച്ച അവന്റെ പോഴത്തത്തെ കളിയാക്കിക്കൊണ്ട് തെരുവുതെണ്ടാനായി നാലുദിക്കിലേക്കായി പിരിഞ്ഞു പോവുകയും ചെയ്തു.
ശാന്തനായ പട്ടി മാത്രം അവനെ നിറകണ്ണുകളോടെ കുറച്ചുനേരംകൂടി നോക്കി നിന്നു.
അവനുമാത്രം അറിയാം അത് കടല്‍ കടന്ന് പോവാനുള്ള ശ്രമമായിരുന്നില്ലെന്നും അവന്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതാണെന്നും.
അതെ! പ്രണയം തകര്‍ന്ന കമിതാക്കളും, ബിസിനസ്സില്‍ കാലിടറിയ പണക്കാരും ചാടി മരിക്കാന്‍ തിരഞ്ഞെടുക്കുന്ന കടലിലേക്ക് ഉന്തിനില്‍ക്കുന്ന ചെകുത്താന്‍പാറയില്‍ നിന്ന് അവനും എടുത്തു ചാടുകയായിരുന്നു.
ഇരട്ടി ശക്തിയുള്ള ആ പാറയിടുക്കിലെ തിരകള്‍ അവനെ പാറകളില്‍ തുടരെ അടിച്ചുകൊന്ന് കടലിന്റെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോവുകയായിരുന്നു.
തന്റെ യജമാനന് തല ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത ഈ തെരുവിലൂടെ തനിക്കും ഇനി നടക്കേണ്ടെന്നും അങ്ങിനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അവന് തോന്നി.
ചങ്ങാതികള്‍ പറഞ്ഞതുപോലെ ഒരിക്കല്‍ ഈ തെരുവിലൂടെ തന്റെ യജമാനനെ ജനങ്ങള്‍ കല്ലെറിഞ്ഞ് നടത്തിക്കുമെന്നും, ചാട്ടവാറിനാല്‍ അടിക്കുമെന്നും, അഴിമതിയില്‍ ആഴ്ത്തിയ വിരലുകള്‍ വെട്ടി താനടക്കമുള്ള പട്ടിക്കൂട്ടങ്ങള്‍ക്ക് തിന്നാന്‍ ഇട്ടു കൊടുക്കുന്നത് കാണേണ്ടി വരുമെന്നും അവന്‍ ഭയന്നു.
പക്ഷെ, ഹാര്‍പ്പറിന് അറിയില്ലല്ലൊ വീണ്ടും അവന്റെ യജമാനന്‍ വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങി ഈ നഗരത്തില്‍ തിരിച്ചെത്തുമെന്നും തല ഉയര്‍ത്തി ഈ തെരുവിലൂടെ നടക്കുമെന്നും അതിനകം തനിക്കു പകരം അന്ന് വിലകൂടിയ മറ്റൊരു പട്ടിയെ അവര്‍ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നും, വര്‍ഷങ്ങള്‍ക്കപ്പുറം പ്രസിഡന്റിന്റെ വീരചരിതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ആത്മകഥ ഇറങ്ങുമെന്നും അതിലെ ചില അധ്യായങ്ങള്‍ സ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ ഇടം പിടിക്കുമെന്നും!
എത്ര മുന്തിയ വര്‍ഗത്തില്‍പ്പെട്ട ഇനമാണെന്ന് പറഞ്ഞാലും, എത്ര വലിയ വീട്ടില്‍ വളര്‍ന്നവനാണെന്നു പറഞ്ഞാലും എത്ര വിലകൂടിയ പെഡിഗ്രീ ന്യൂട്രീഷ്യന്‍ ഡോഗ് ഫുഡ് കഴിച്ചു വളര്‍ന്നവനാണെന്നു പറഞ്ഞാലും അവനും വെറുമൊരു നായിന്റെ മോനായി പോയതിന്റെ ഫലം…!



No Comments yet!