Skip to main content

‘നിനക്ക് ദിവാനാകണം അല്ലേടാ ഡേഷ് മോനേ?’

വി എസ് അച്യുതാനന്ദന്‍

‘നിനക്ക് ദിവാനാകണം അല്ലേടാ ഡേഷ് മോനേ എന്നു ചോദിച്ചാണ് മാഷേ പണ്ടെന്നെ മര്‍ദ്ദിച്ചത്. അതുകൊണ്ട് ധൈര്യമായിരിക്ക്… ഞാനുന്നയിക്കാം നിങ്ങളുടെ പ്രശ്‌നം’… കണ്ണൂര്‍ ജയിലിലെ 10ാം ബ്ലോക്കില്‍ നിന്ന് എന്റെ ചുമലില്‍ കൈ വെച്ച് സഖാവ് വിഎസ് ഈ വാചകങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്കുണ്ടായ വികാരങ്ങള്‍ പറഞ്ഞറിയിക്കാനാവില്ല. ആദിവാസികളെ തീവ്രവാദം പഠിപ്പിച്ച അധ്യാപകന്‍ എന്ന പൊതുബോധം കത്തി നിന്ന സമയമാണ്. സിപിഎമ്മുകാരനല്ല നക്‌സലാണ് എന്ന വയനാട്ടില്‍ നിന്നുള്ള കുത്തിത്തിരിപ്പുകള്‍ വേറെ. ഇങ്ങനെയൊരു പരിതോവസ്ഥയിലാണ് കണ്ണൂര്‍ ജയിലില്‍ വെച്ച് വിഎസ് എന്നെ കാണുന്നത്. സിപിഎം അനുഭാവി പോലുമല്ലെന്നുള്ള സത്യം ഞാന്‍ അദ്ദേഹത്തോട് പറയുന്നുണ്ട്. കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള വിഎസിന് എന്റെ ആദിവാസികളോടുള്ള മനോഭാവം മനസ്സിലായത് അത്ഭുതമുളവാക്കുന്ന കാര്യമല്ല. 2003 മാര്‍ച്ച് അവസാനവാരം ജയിലില്‍ നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍ ഞാനൊരു കാര്യം ഉറപ്പിച്ചു. എന്താവശ്യം വന്നാലും വിഎസിനെ മാത്രമേ കാണൂ. എന്തു കാര്യവും വിഎസിനോടേ പറയൂ. അതുകൊണ്ട് അന്നുമുതല്‍ കന്റോണ്‍മെന്റ് ഹൗസും സഖാവ് വിഎസും എന്റെ നിത്യസന്ദര്‍ശന ഇടങ്ങളായി. അവിടെ ഞാന്‍ ഏവര്‍ക്കും പരിചിതനായി. അതിനിടെ സര്‍വീസില്‍ തിരിച്ചു കയറുന്നതിന് സിബിഐക്കെതിര്‍പ്പില്ല എന്ന വിവരം കിട്ടിയപ്പോള്‍ ആ കാര്യങ്ങള്‍ വിഎസിനോട് പറഞ്ഞു. എനിക്കു വേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയെ വരെ വിഎസ് വിളിക്കുന്നുണ്ട്.

രാഷ്ട്രീയ നേതാവെന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരുടെ നേതാവെന്നാണല്ലോ വെപ്പ്. ഒരു കാലത്ത് വിഎസും അതായിരുന്നു. അവിടെ നിന്നും ആദിവാസികളുടേയും സ്ത്രീകളുടെയും ഭൂമിയിലെ സര്‍വ പീഡിതരുടേയും നേതാവാകാന്‍ കഴിഞ്ഞു എന്നതാണ് വിഎസ് എന്ന ഓര്‍ഗാനിക് ഇന്റലക്ച്ച്വലിന്റെ വികാസം. അത് മതികെട്ടാനിലായാലും മൂന്നാറിലായാലും മുത്തങ്ങയിലായാലും നമുക്ക് ദൃശ്യമാണ്. പീഡിതര്‍ക്കായി നിലപാടെടുക്കാന്‍ വിഎസിനൊരു നിമിഷം പോലും ആലോചിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തോടണി ചേരുന്നവരെല്ലാം സ്വയം മറന്ന് സ്ഥാന മഹിമകള്‍ വിസമരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. സുരേഷ് കുമാര്‍ ഐഎഎസ് സ്വന്തം കരിയര്‍ ഉപേക്ഷിച്ചപ്പോള്‍ ടി പി ചന്ദ്രശേഖരന് ജീവന്‍ തന്നെ നല്‍കേണ്ടിവന്നു. വിഎസ് പ്രശനങ്ങളിലിടപെട്ടപ്പോള്‍ വ്യക്തിയാണോ പാര്‍ട്ടിയാണോ വലുത് എന്നായിരുന്നു ചര്‍ച്ച. കാലാന്തരത്തില്‍ ചില വ്യക്തികള്‍ പാര്‍ട്ടിക്ക് ബദലായപ്പോള്‍ ആരും ആ ചര്‍ച്ച ഉയര്‍ത്തുന്നില്ല. ശിങ്കിടികളേയും ഏറാന്‍മൂളികളേയും വളര്‍ത്താന്‍ നേതൃത്വം തയ്യാറായപ്പോള്‍, ഭൂമിയിലെ പീഡിതര്‍ക്കായി തന്റെ മനസ്സും വപുസ്സും അര്‍പ്പിക്കുകയായിരുന്നു ആ താന്തോന്നിയായ പോരാളി. ദുരിതത്തിന്റേയും കഷ്ടപ്പാടിന്റെയും നാളുകളില്‍ ‘മാഷേ’ എന്ന നീട്ടിയുള്ള വിളികള്‍ക്കു ശേഷമുള്ള ഓരോ വാക്കുകളും അന്നെന്റെ മുറിവുകള്‍ക്കൗഷധമായിരുന്നു. പ്രതീക്ഷകള്‍ നശിച്ച കുടുംബത്തിന്റെ ഏകരക്ഷയായ ജോലിയും നഷ്ടപ്പെടുമെന്ന ഘട്ടത്തിലായിരുന്നു വിഎസിന്റെ സാന്ത്വനവചസ്സുകളും ഇടപെടലുകളും ലഭിച്ചത്. എനിക്ക് സഹായകരമായി വര്‍ത്തിച്ച അനവധി നല്ല മനുഷ്യരുണ്ട്. അവരെനിക്ക് നല്‍കിയ സ്‌നേഹവും സാന്ത്വനവും സഹായവും വിസ്മരിക്കാവതല്ല. അതില്‍ അദ്വതീയമായി നില്‍ക്കുന്നു വിഎസിന്റെ നില. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങളേറ്റുവാങ്ങാനായത് ജീവിതത്തിലെ അമൂല്യമായ അനുഭവമാണ്. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അദ്ദേഹത്തിന് കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കാനോടി നടന്ന ഇത്തിരിവട്ടം മാത്രം കാണുന്ന, ഇത്തിരിവട്ടം മാത്രം ചിന്തിക്കുന്ന കൂപമണ്ഡൂകങ്ങളെ കുറിച്ച് ഹാ കഷ്ടം എന്നു പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നതെങ്ങനെ?!

No Comments yet!

Your Email address will not be published.