Skip to main content

പുതിയ ആഗ്‌നേയാസ്ത്രം

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

നാടകത്തോളം പ്രേക്ഷകരുടെ തൊട്ടടുത്ത് നില്‍ക്കുന്ന മറ്റൊരു ദൃശ്യഭാഷയില്ല. പ്രേക്ഷകരുമായി നേരിട്ടും എളുപ്പത്തിലും സംവേദനം സാധിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാമത് നാടകമായതുകൊണ്ട് അങ്ങനെ സംഭവിച്ചേ മതിയാകു. ഇവിടെ ഒരു നാടകകൃതിയാണ് പരിചയപ്പെടുത്തുന്നത് ‘തണുപ്പ്’. അരങ്ങില്‍ കളിക്കാനുള്ള നാടകം സാഹിത്യമാകുമോ എന്ന ചോദ്യമുയരാം. അരങ്ങില്‍ പ്രകമ്പനം സൃഷ്ടിച്ച നാടകം വായനയില്‍ അരോചകമായി തീര്‍ന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട് എന്ന യാഥാര്‍ത്ഥ്യമായിരിക്കും ചോദ്യകര്‍ത്താക്കളുടെ ഇന്ധനം.

എന്നാല്‍ അവതരണത്തിലും വായനയിലും പ്രകമ്പനം സൃഷ്ടിച്ച നാടകങ്ങള്‍ എണ്ണിയാല്‍ തീരില്ല എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. വില്യം ഷെയ്ക്‌സ്പിയര്‍, സാമുവല്‍ ബെക്കറ്റ്, ബര്‍തോള്‍ഡ് ബ്രഹ്ത്, ബാദല്‍സര്‍ക്കാര്‍ തുടങ്ങിയവരുടെ നാടകങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. മേല്‍പ്പറഞ്ഞവരുടെ നാടകകൃതികള്‍ വായനക്കാര്‍ നെഞ്ചേറ്റുന്നതിന് പ്രധാനകാരണം അവ സൃഷ്ടിക്കുന്ന ഒരിക്കലും മാഞ്ഞുപോകാത്ത വാങ്മയചിത്രങ്ങള്‍ തന്നെയാണ്. മലയാളസാഹിത്യം പരതിയാല്‍ സി എന്‍ ശ്രീകണ്ഠന്‍ നായരുടെയും സി ജെ തോമസിന്റെയും ജി ശങ്കരപ്പിള്ളയുടെയും കെ ടി മുഹമ്മദിന്റെയും മധുമാസ്റ്ററുടെയും നാടകകൃതികള്‍ വായനയെ പിടിച്ചിരുത്തുന്നത് കാണാന്‍ പ്രയാസമില്ല. മേല്‍പ്പറഞ്ഞവരെ പോലെ ധാരാളം നാടകകൃത്തുക്കളെക്കൊണ്ട് സമ്പന്നമാണ് മലയാളസാഹിത്യം.

ഈ പൊതുപശ്ചാത്തലത്തെ മുന്‍നിര്‍ത്തി വേണം മനോജിന്റെ ‘തണുപ്പ്‘ എന്ന നാടകകൃതിയെ സമീപിക്കേണ്ടത്. മനുഷ്യരുടെ സ്ഥായിയായ സ്വാര്‍ത്ഥതയിലും കാലത്തിന്റെ അടയാളമായ നിസ്സംഗതയിലും ആഞ്ഞുപതിക്കുന്ന സുദര്‍ശനചക്രമാണ് ഈ നാടകം. ഇതിലെ പ്രധാന കഥാപാത്രമായ കിഴവന്‍ ലോകത്തിന്റെ കാപട്യങ്ങള്‍ക്ക് സാക്ഷിയായ, അനുഭവങ്ങളെ തീച്ചൂളയിലൂടെ കടത്തിവിട്ട മഹാജ്ഞാനിയാണ്.

ഒരു ബസ് കാത്തിരുപ്പ് കേന്ദ്രത്തിലാണ് നാടകത്തിലെ സംഭവങ്ങള്‍ നടക്കുന്നത്. അവിടെ ബസ് കയറാനെത്തുന്നവരുടെ വികാരവിചാരങ്ങളിലൂടെ ഈ ലോകം എത്രമാത്രം ക്രൂരമാണെന്ന് വെളിപ്പെടുന്നു. നൈമിഷിക സുഖത്തിനുവേണ്ടി മൂല്യങ്ങള്‍ വലിച്ചെറിയുന്ന മനുഷ്യസമൂഹത്തിന്റെ പ്രതിനിധികളെ നാമിവിടെ കണ്ടുമുട്ടുന്നു. താന്‍ അനുഭവിക്കുന്ന ജീവിതകാഠിന്യങ്ങളുടെ തീവ്രത മറികടക്കാനാകാതെ, നിസ്സഹായനും നിരാശ്രയനുമായ കിഴവന്‍ മരണത്തെ പുല്‍കുന്നു. പക്ഷെ, അതിനുമുമ്പ് അയാള്‍ ഇരമ്പുന്ന ചോദ്യങ്ങള്‍ സമകാലീനലോകത്തിന് മുമ്പാകെ ആഞ്ഞെറിയുന്നു. അവ ആഗ്‌നേയാസ്ത്രങ്ങളായി സമൂഹ മനസ്സാക്ഷിയെ വെന്തുവെണ്ണീരാക്കുന്നു.

മനോജ്

കാലത്തിന് മനസ്സിലാകാതെ പോയ എഴുത്തുകാരനാണ് മനോജ്. ശരാശരി മലയാളിയുടെ സംവേദനത്തിനപ്പുറമാണ് അദ്ദേഹത്തിന്റെ കൃതികള്‍ സഞ്ചരിക്കുന്നത്. ദര്‍ശനങ്ങള്‍ക്കും ഇസങ്ങള്‍ക്കും അപ്പുറമുള്ള വിശാലഭൂമികയില്‍. ആത്മരതിയും പൊങ്ങച്ചവും അഹംഭാവവും മേല്‍ക്കൈ നേടുന്ന വര്‍ത്തമാനത്തിന്റെ മുഖത്ത് മനോജിന്റെ കൃതികള്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. 1956ല്‍ പാലക്കാട്ടെ കഞ്ചിങ്കോട്ടായിരുന്നു മനോജിന്റെ ജനനം.പിന്നെ കുറച്ചുകാലം ചിറ്റൂരും അതിനുശേഷം കൊല്ലങ്കോട്ടുമായി ജീവിതം. 1976ല്‍ പ്രഥമകൃതി പുറത്തിറങ്ങി. ‘മിന്നാമിനുങ്ങുകള്‍, മെഴുകുതിരികള്‍’. അതൊരു നോവലായിരുന്നു. 1974ല്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ റെയില്‍വേ സമരമായിരുന്നു ഇതിന്റെ പ്രമേയം. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ അവാര്‍ഡ് നേടിയ ഈ നോവലിന് അവതാരിക എഴുതിയത് എകെജി ആയിരുന്നു. ചെറുകാടും ബി രാജീവനുമാണ് ‘മിന്നാമിനുങ്ങുകള്‍ മെഴുകുതിരികള്‍’ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മനോജിന്റെ ‘കാട്ടാളന്‍’ എന്ന നോവല്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ ധാര്‍മ്മികാധഃപതനത്തിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. തീവ്ര ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയ ജനകീയ സാംസ്‌കാരികവേദിയുടെ അനുഭാവിയായിരുന്നു. എം സുകുമാരനുമായി ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിച്ചു. എന്നാല്‍ മനോജിന്റെ ധൈഷണികത എവിടെയും തളച്ചിടപ്പെട്ടില്ല. സത്യാന്വേഷിയുടെ സഞ്ചാരം പുതിയ ആകുലതകള്‍ തേടിക്കൊണ്ടിരുന്നു. 2022 ആഗസ്ത് 6ന് മനോജ് ഈ ലോകത്തോട് വിടപറഞ്ഞു.
നോവല്‍, കഥ, നാടകം, ദര്‍ശനം എന്നീ വിഭാഗങ്ങളിലായി അദ്ദേഹത്തിന്റെ സാഹിത്യം പരന്നുകിടക്കുന്നു. മനോജിന്റെ കൃതികള്‍ പുതിയ വായനക്കാരെ നിരന്തരം പ്രലോഭിപ്പിക്കുന്നുണ്ട്. പുതിയകൃതികള്‍ വായനക്കാരന്റെ മേശപ്പറത്തെത്തുന്നത് അതിന്റെ സൂചനയാണ്.
അതൊരു വീണ്ടെടുപ്പാണ്. അന്തര്‍മുഖത്വം ഉപാസനയാക്കിയ ഒരു എഴുത്തുകാരന്റെ വീണ്ടെടുപ്പ്. ‘സുഖവാസികളുടെ ലോകം’ എന്ന കൃതിക്ക് ഇംഗ്ലീഷ് പരിഭാഷ ഒരുങ്ങുകയാണ്. ‘കാലാവധി’, ‘ജീവിച്ചിരിക്കുന്നവരുടെ ശ്മശാനം’, ‘വേദാരണ്യം’, ‘സത്യവാഗീശ്വരന്‍’, ‘സമാന്തര യാത്രകള്‍’, ‘രാക്ഷസകുലം’, ‘ചിതയൊരുക്കം’, ‘ശവസംസ്‌കാരം’, ‘മഹാബലി‘ തുടങ്ങിയവയാണ് മറ്റു കൃതികളില്‍ ചിലത്. ഭാര്യ: ഡോ. പി സുഖലത.

കൃത്രിമത്വത്തിലും പൊങ്ങച്ചത്തിലും കാപട്യത്തിലും അഭിരമിക്കുന്ന, അങ്ങേയറ്റം പ്രതിലോമപരത മുറ്റിനില്‍ക്കുന്ന വര്‍ത്തമാനകേരളത്തിന് നേര്‍ക്കുപിടിച്ച കണ്ണാടിയാണ് ‘തണുപ്പ്’. അത് പ്രേക്ഷകന്റെയും വായനക്കാരന്റെയും അഹങ്കാരത്തെ കെടുത്തിക്കളയുന്നു. കിഴവന്റെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്കുമുന്നില്‍ അവര്‍ അസ്വസ്ഥതയുടെ പാരമ്യതയിലേക്ക് വഴുതിവീഴുന്നു. പത്തില്‍ താഴെ വരുന്ന കഥാപാത്രങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ അപസ്വരങ്ങളെ കീറിമുറിക്കുകയാണ് നാടകകൃത്ത് അനുഷ്ഠിക്കുന്ന കലാധര്‍മ്മം. സാഹിത്യത്തിന്റെ മിക്ക ശാഖകളിലും മനോജിന്റെ കൈയൊപ്പുണ്ട്. ‘മിന്നാമിനുങ്ങുകള്‍ മെഴുകുതിരികള്‍’, ‘കാട്ടാളന്‍’, ‘സത്യവാഗീശ്വരന്‍’, ‘സുഖവാസികളുടെ ലോകം’ തുടങ്ങിയ കൃതികളില്‍ മലയാളി അനുഭവിച്ച മനോജിന്റെ ദര്‍ശനത്തിന്റെ ചൂടും ചൂരും ‘തണുപ്പ്’ എന്ന നാടകത്തിലും അനുഭവവേദ്യമാകുന്നു.

പ്രതിബദ്ധതയുടെ ആഴവും അര്‍ത്ഥവും മനസ്സിലാക്കിയ എഴുത്തുകാരനാണ് മനോജ്. പ്രതിബദ്ധ സാഹിത്യത്തെ മുദ്രാവാക്യസമാനമായി ചുരുക്കിയവര്‍ക്ക് അദ്ദേഹത്തിന്റെ അക്ഷരദര്‍ശനം മനസ്സിലാകില്ല. കാല്‍ നൂറ്റാണ്ട് മുമ്പാണ് മനോജ് ഈ നാടകമെഴുതിയത്. കേരളീയ സമൂഹം ഇപ്പോള്‍ അന്നത്തേക്കാള്‍ കെട്ടുപോയിട്ടേയുള്ളു. ആ മഹാനാറ്റം എത്രമാത്രം ദുസ്സഹമാണെന്ന് ‘തണുപ്പ്’ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. തീക്ഷ്ണമായ രംഗാവതരണമെന്ന പോലെ ഉത്തമമായ സാഹിത്യവും കൂടിയാണ് ഈ നാടകം. കേരളീയ സമൂഹത്തെ ആകെ ബാധിച്ച കൊടുംതണുപ്പിനെ കീറിമുറിച്ച് ജ്ഞാനത്തിന്റെ ഉഷ്ണവും പുതുപ്രകാശവും ചൊരിയുന്ന മന്ത്രധ്വനിയാണ് ഈ നാടകം മുഴക്കുന്നത്. അതുതന്നെയാണ് ‘തണുപ്പിന്റെ’ സമകാലപ്രസക്തി. ഉദ്വേഗവും നാടകീയതയും നിറഞ്ഞുനില്‍ക്കുന്ന ഈ അക്ഷരക്കൂട്ടുകള്‍ അതിന്റെ ധൈഷണികമായ തീക്ഷ്ണത കൊണ്ടുതന്നെ പുതിയ അനുവാചകനെ പ്രലോഭിപ്പിക്കാതിരിക്കില്ല.

No Comments yet!

Your Email address will not be published.