മനുഷ്യാവസ്ഥയെക്കുറിച്ചുള്ള കാല്‍പ്പനികമായ ധ്യാനങ്ങളാണ് അബ്ദുല്ല പേരാമ്പ്രയുടെ കവിതകള്‍. കവിതയുടെ ഉടല്‍ പൂക്കുകയും തളിര്‍ക്കുകയും അകമേ വേവുകയും ചെയ്യുന്നു. പ്രണയവും വിരഹവും വിഷാദവും മരണവും, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളുടെയും സൂക്ഷ്മമായ പ്രകൃതി നിരീക്ഷണത്തിന്റെയും നിത്യസഞ്ചാരമായ മുപ്പത്തൊമ്പത് കവിതകളുടെ സമാഹാരമാണ് ‘ദൈവം വന്ന ദിവസം’.
കേവലമായ ആശയങ്ങള്‍ മണ്ണിലൂടെ ഇഴഞ്ഞു നടക്കുന്ന പുഴുക്കളാണ്. കവി പ്രേമപൂര്‍വ്വം അതിലൊന്നു തൊടുമ്പോള്‍ അവയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്നു. അനന്തവിഹായസ്സിലേക്ക് പറക്കുന്നു. സൗന്ദര്യത്തിന്റെ അളവറ്റ ധന്യത അനുവാചകന് പകര്‍ന്നുതരുന്നു. അകലെ നിന്നു നോക്കുമ്പോള്‍ കാട് കടലായി തോന്നുകയും മുറ്റത്തെ ജമന്തിയില്‍ സൂര്യന്‍ മൂക്കുത്തിയിടുകയും, പുലിനഖമേറ്റ് പൊള്ളിയ മരവേരുകളെ ഉമ്മവച്ച് ഉറുമ്പുകള്‍ പായുകയും ചെയ്യുന്നു. മനോഹരങ്ങളായ രൂപകങ്ങള്‍ കവിതയിലുടനീളം കാണാം. ഈ കവിതകള്‍ സൃഷ്ടിക്കുന്ന കാവ്യാത്മകമായ ജ്ഞാനം അപരിമേയമാണ്. പ്രഭാതത്തിന്റെ നിശ്ശബ്ദതയില്‍ അഴിഞ്ഞുവീണുപോയ മുടിയൊതുക്കി, ആടിയുലയുന്ന മീന്‍കൂക്കിയില്‍, പ്രണയത്തിന്റെ ഉടല്‍ക്കെണിയില്‍, അയാള്‍ വെന്തുവീഴുന്നു. പ്രണയമോ കാല്‍പ്പനികതയോ എണ്ണിയാല്‍തീരാത്ത കല്‍പ്പനകളുടെ ചൂണ്ടല്‍കൊരുത്തുകളില്‍ കുരുങ്ങി, ഇഴപിരിച്ചെടുക്കാനാവാത്ത ആസക്തിയോടെ കടലിനെ തടങ്കലിലിട്ട മീന്‍കാരന്‍. എകരമിറങ്ങിയാലും ഒഴിഞ്ഞു പോകുന്നില്ല അവന്റെ നോട്ടത്തിന്റെ ചൂണ്ടല്‍ക്കൊളുത്തുകള്‍.

പ്രണയത്തിന്റെ പിടച്ചിലില്‍ നിര്‍വചിക്കാന്‍ ആവാത്ത മനുഷ്യകാമനകള്‍ അകമേ നുരയിടുമ്പോള്‍ കവിത ഭാവനയുടെ പുറന്തോട് പൊട്ടിക്കുന്നു. താങ്കള്‍ ഇത്ര മനോഹരമായി എങ്ങനെ കവിത സൃഷ്ടിക്കുന്നു എന്ന് തോമസ് ഗ്രേയോട് നിരൂപകര്‍ ആരാഞ്ഞപ്പോള്‍ ‘ഞാന്‍ നീണ്ട ഒരു ഗദ്യമെടുത്ത് അതിലൊരു പൂവ് തിരുകിവെക്കും’. ഇതാണ് ഗ്രേ എന്നാ ആംഗലേയ കവിയുടെ ഉത്തരം. സൃഷ്ടിയുടെ അപാരതയില്‍ കാടും വീടും കടലും ബുദ്ധനും മരംകൊത്തിയും, തടാകവും ധ്യാനവും ഉണങ്ങാനിട്ട ഉടുപ്പുകള്‍ പോലും കവിതയ്ക്ക് വിഷയമാകുന്നു. വായനയില്‍ ജ്വലിച്ചുനില്‍ക്കുന്ന കവിതകളാണ് പേറ്റ് നോവ്, പെങ്ങള്‍, കടല്‍ ഒരു വനം, വീട് ധ്യാനിക്കാന്‍ പോവുമ്പോള്‍. ‘പേറ്റുനോവ്’ എന്ന കവിതയില്‍ പൂച്ച നില്‍ക്കുന്ന ഇടം കത്തുമോ എന്ന് ഭയന്ന് കവി വാതില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്.
അയയില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന ഉടുപ്പില്‍ വൈകുന്നേരത്തെ സൂര്യന്‍ ഒരു മഴവില്ല് വരച്ചുവച്ചിരിക്കുന്നു. നനവ് വറ്റാത്ത ഉടുപ്പിനെ വലംചുറ്റി ചിത്രശലഭങ്ങള്‍ അന്തി കറുത്തതോടെ സങ്കടത്തിന്റെ പരാഗങ്ങള്‍ പൊഴിച്ചു പറന്നുപോവുന്നു. കവിത മുഴുവന്‍ വായിച്ചുതീര്‍ന്നപ്പോള്‍ ഉടലില്‍ നിന്നും പൂമ്പാറ്റകള്‍ പറന്നു പോകുന്നു.
വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നു വരുന്ന ഇരുണ്ട നര്‍മം അബ്ദുള്ളയുടെ കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്ന് ആമുഖക്കുറിപ്പില്‍ സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു. ‘മഴവില്ലുകളെ കൊത്തിയെടുത്തു പറക്കുന്ന പറവ’ എന്ന ശീര്‍ഷകത്തോടെ, ഈ കവിയുടെ മിക്ക കവിതകളിലും പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു മിസ്റ്റിക്ക് ഭാവമണ്ഡലം കോടമഞ്ഞുപോലെ പടര്‍ന്നു കിടക്കുന്നതായും കണ്ടെത്താല്‍ കഴിയുന്നുവെന്ന് കവിതാപഠനത്തില്‍ ഡോ. പി സുരേഷ് വെളിവാക്കുന്നു.
ഡിസി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രകൃതി ഉപാസനയുടേയും, മനുഷ്യസങ്കടങ്ങളുടെയും ഭാവോജ്ജ്വലമായ കവിതകള്‍.
No Comments yet!