വി സി ജെന്നി/അംബിക
‘‘വായ്പാ കുടിശ്ശികയുടെ പേരില്‍ കുട്ടികളെ കുടിയിറക്കുന്ന രാഷ്ട്രം എന്റേതല്ല!” പോരാളിയായ വിസി ജെന്നി ഉയര്‍ത്തുന്ന മുദ്രാവാക്യം ആരേയും പിടിച്ചുലയ്ക്കും. അവരുടെ നേതൃത്വത്തിലുള്ള സമരസമിതി ഉയര്‍ത്തുന്ന എതിര്‍പ്പുകൊണ്ട് മാത്രം ഇപ്പോഴും സ്വന്തം വീട്ടില്‍, കൂരയില്‍ കിടന്നുറങ്ങാന്‍ കഴിയുന്നവരേറെയാണ്. കുട്ടികളുടെ പുസ്തകങ്ങളോ, റേഷന്‍ കാര്‍ഡോ, ആശുപത്രിച്ചീട്ടുകളോ, കഞ്ഞിക്കലമോ കിടക്കപ്പായയോ പോലും കൈയിലെടുക്കാന്‍ അനുവദിക്കാതെ കടക്കെണിയുടെ പേരില്‍, സര്‍ഫാസി നിയമത്തിന്റെ താക്കോല്‍പാളികളുപയോഗിച്ച് ജപ്തിചെയ്ത് അടച്ചുപൂട്ടി സീല്‍വച്ച് നിരവധി വീട്ടുകാരെ കുടിയൊഴിപ്പിച്ചിരുന്ന ക്രൂരതകള്‍ നമ്മള്‍ ഏറെ കേള്‍ക്കുന്നതാണ് എന്നാല്‍ അത്തരം വീടുകള്‍ ബലപ്രയോഗത്തിലൂടെ തുറന്ന് വീട്ടുകാരെ തിരിച്ചുതാമസിപ്പിക്കാനാവുന്നു എന്നത് അത്രചെറിയ കാര്യമാണെന്നു തോന്നുന്നില്ല. കേരളമാകെ സര്‍ഫാസി വിരുദ്ധ സമരസമിതിയുടെ ശാഖകള്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമരസമിതിയുടെ നേതൃത്വംവഹിക്കുന്ന വി സി ജെന്നി മറുവാക്കിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
‘ഞങ്ങട മക്കളെ ജില്ലാതല സ്‌പോര്‍ട്‌സ് മത്സരത്തിന് അയക്കാതിരിക്കുന്ന സ്‌കൂളില്‍ നാളെ മുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്നില്ല’ നായരമ്പലം എന്‍എസ്എസ് കരയോഗം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരേ മാനേജ്‌മെന്റ് എടുത്ത ജാതി വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ ചാത്തനാണ് എന്റെ അച്ഛന്‍! അച്ഛന്‍ വീട്ടിലെത്തുന്നതിന് മുമ്പേ സ്‌കൂള്‍ അധികാരികള്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചു പൊറുതി പറഞ്ഞു.

അച്ഛന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു. നാട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും അനീതിയെ എതിര്‍ക്കാനും അച്ഛനെന്നും മുന്നില്‍ ഉണ്ടായിരുന്നു. പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ച സവര്‍ണ കുടുംബത്തിന്റെ വളപ്പില്‍ കയറിച്ചെന്ന് കുളത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ നടത്തിയ സമരം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വൈപ്പിനിലെ ഭൂവുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നടത്താനിരുന്ന ജാഥ തടയാന്‍ അച്ഛന്റെ നേതൃത്വത്തില്‍ തൂമ്പകളും, കൊയ്ത്തരിവാളുകളുമായി ആണ്‍പെണ്‍ ഭേദമെന്യേ അണിനിരന്നത് നാട്ടുകാര്‍ ഇന്നും ഓര്‍മപ്പെടുത്താറുണ്ട്. കുടുംബം പുലര്‍ത്തുന്നതിനേക്കാള്‍ ജനങ്ങളും ജനങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളിലും, ജനങ്ങളും ജനശത്രുക്കളും തമ്മിലുള്ള തര്‍ക്കങ്ങളിലും ഇടപെട്ട് ആദ്യത്തേത് കരുതലോടെ ഐക്യത്തിലൂന്നുമ്പോള്‍ മറ്റേത് വര്‍ഗവിശകലനത്തിലൂടെ തീര്‍പ്പാക്കിയും വ്യക്തമായ നിലപാടോടെ, പ്രായോഗിക ക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന അച്ഛന്റെ കമ്മ്യൂണിസ്റ്റ് മൂല്യബോധം എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഭൂരഹിത കര്‍ഷക തൊഴിലാളി കുടുംബമായിരുന്നു ഞങ്ങളുടേത്. സാമ്പത്തികമായി അല്‍പ്പം മെച്ചപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു അമ്മ ലീല. കുടുംബത്തിലെ ദൈനംദിന കാര്യങ്ങള്‍ നോക്കിയിരുന്നത് സാമ്പത്തിക അച്ചടക്കവും ശുചിത്വബോധവും കൂടപ്പിറപ്പായ അമ്മയായിരുന്നു. ആ സവിശേഷതകള്‍ ചിലത് ഞാനും സ്വായത്തമാക്കിയിട്ടുണ്ട്. കടം വരുമ്പോള്‍ വീട്ടിലെ ചെമ്പ്, ഓട്ടു പാത്രങ്ങള്‍ അയല്‍പക്കത്തെ പ്രമാണിത്വമുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ പണയംവച്ച് അമ്പതോ, നൂറോ രൂപ വാങ്ങി അമ്മ കാര്യങ്ങള്‍ നടത്തും. അമ്മയുടെ വീട്ടിലെ കാര്‍ഷിക വിളവെടുപ്പു നടക്കുമ്പോള്‍ ലഭിക്കുന്ന വിഹിതം കൊണ്ട് അത് വീട്ടും. തവണക്കുറികളും ഓണക്കുറികളും അരിക്കുറികളും സഹകരണപ്രസ്ഥാനം പോലെ ജനങ്ങള്‍ക്കിടയില്‍ നടത്തിവന്നത് കടക്കെണിയില്‍ വീഴാതെ കഴിഞ്ഞുപോരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇവിടെ ഇത് പരാമര്‍ശിക്കാന്‍ കാരണമുണ്ട്. ഈ സമയത്തും വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ ആയിരക്കണക്കിന് വരുന്ന ദ്വീപിലെ അടിസ്ഥാന ജനവിഭാഗങ്ങള്‍ കടത്തില്‍ മുങ്ങി നേരിടുന്ന കിടപ്പാട ജപ്തിക്കെതിരേ അനിശ്ചിതകാല ജപ്തി വിരുദ്ധ സമരം 152 ദിവസമായി സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളീകരണ നവലിബറല്‍ കാലം ദ്വീപിലെ സാധാരണ ജനങ്ങളെ കൂടുതല്‍ കൂടുതല്‍ കടത്തില്‍ ആഴ്ത്തുമ്പോള്‍ പൊക്കാളി കൃഷിയും മത്സ്യാദായവും ഉണ്ടായിരുന്ന എന്റെ കുട്ടിക്കാലത്തെ പഴയ വൈപ്പിന്‍ ദ്വീപിലെ ജനത കടത്തിന്റെ പിടിയില്‍ പെട്ടിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ്!
അടിയന്തരാവസ്ഥയില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ഭീകരമായ മര്‍ദ്ദനത്തിന് വിധേയമാവുകയും ചെയ്ത സഖാവ് വി സി രാജപ്പന്‍ എന്ന എന്റെ ബന്ധുവിലൂടെയാണ് നക്‌സലൈറ്റ് രാഷ്ട്രീയത്തെപ്പറ്റി മനസ്സിലാക്കുന്നത്. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ചേട്ടന്റെ വീട്ടില്‍ വരുന്ന സഖാക്കളുമായി ഇടപഴകാന്‍ കിട്ടിയ അവസരങ്ങള്‍ പാര്‍ട്ടിക്ലാസിന്റെ ഫലം ചെയ്തിരുന്നു.
വൈപ്പിനില്‍ വിപ്ലവ രാഷ്ട്രീയം കത്തിപ്പടരുന്നു 1982 ല്‍ വൈപ്പിന്‍ വ്യാജ മദ്യ ദുരന്തം ഉണ്ടായതോടെയാണ്. പിന്നീട്, കേരളീയ സമൂഹത്തില്‍ നക്‌സലൈറ്റ് രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനീയരായ ഒട്ടുമിക്ക സഖാക്കളെയും നേരില്‍ കാണാനുള്ള അവസരം കൂടുതല്‍ രാഷ്ട്രീയ വ്യക്തത ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. അതോടെ മാല്യങ്കര എസ്എന്‍എം കോളജിലെ പ്രീഡിഗ്രി പഠനം അവസാനിച്ചു. ആ സമയത്താണ് വ്യാജമദ്യവില്‍പ്പന നടത്തിയ ‘കൊച്ചാഗസ്തി’ എന്ന ജന്‍മിയുടെ വിളഞ്ഞു കിടക്കുന്ന ഏക്കര്‍ കണക്കിന് നെല്‍പ്പാടം കൊയ്‌തെടുക്കാന്‍ അന്നത്തെ വിദ്യാര്‍ത്ഥി സംഘടനാ നേതൃത്വം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. നെടുങ്ങാട് വലിയവട്ടം പാടശേഖരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഞാനും പങ്കെടുത്തിരുന്നു. വിപ്ലവ രാഷ്ട്രീയത്തിന്റെ ആശയശാസ്ത്രം മുഴുവനുമായി ഗ്രഹിച്ചിരുന്നില്ലെങ്കിലും അനീതിക്കെതിരേ പോരാടണം എന്ന ജീവിതവീക്ഷണം എന്നില്‍ വേരുറച്ചു കഴിഞ്ഞിരുന്നു. മാര്‍ച്ചില്‍ ഞാന്‍ പങ്കെടുത്ത വിവരം മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലെങ്ങും പാട്ടായി. സിപിഎം പ്രവര്‍ത്തകരായ സ്ത്രീകള്‍ മാര്‍ച്ച് കഴിഞ്ഞ് തിരികെ പോകുമ്പോള്‍ ‘ദേ, ഒരു അജിത പോകുന്നു’ എന്ന് പറഞ്ഞ് അപഹസിച്ചത് ഇന്നും ഓര്‍മയിലുണ്ട്. അച്ഛന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. എന്നാല്‍, അമ്മ കലിപ്പിലായിരുന്നു. മുട്ടന്‍വടിയുമായി കാത്തുനിന്നിരുന്ന അമ്മ വീട്ടില്‍ കയറിയപ്പോള്‍ തന്നെ അടി തുടങ്ങി. അരിശം തീരും വരെ അമ്മ അടിച്ചു. അടി തടുത്തപ്പോള്‍ വിരലിനുണ്ടായ ക്ഷതം ഇന്നും ശരിയായിട്ടില്ല. പെണ്‍കുട്ടികളായാല്‍ അടങ്ങി ഒതുങ്ങി കഴിയണമെന്ന പുരുഷാധിപത്യബോധമാണ് അമ്മയെ നയിച്ചിരുന്നത്.
വിവാഹം കഴിപ്പിച്ചയച്ചു നന്നാക്കികളയാമെന്ന ആശയം അതില്‍നിന്നാവും ഉരുവംകൊണ്ടത്. ‘വിവാഹം കഴിക്കണമെങ്കില്‍ ഒരു പാര്‍ട്ടി സഖാവിനേ മാത്രമേ കഴിക്കൂ’ എന്ന നിലപാട് എടുത്ത് ഞാനും നിന്നു. അങ്ങനെയാണ്, 1988ല്‍ സഖാവ് കെ മുരളിയുമായി വിവാഹം നടക്കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിലെത്തി.

സമരമുഖത്തേക്ക്
മുംബൈയിലെത്തിയതോടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി. നിരവധി സമരങ്ങളിലും സാംസ്‌കാരിക പരിപാടികളിലും ഏര്‍പ്പെടാന്‍ അവസരമുണ്ടായി. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവിയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം തുടര്‍ന്നു. വലിയ വ്യവസായനഗരമായി മാറിക്കഴിഞ്ഞ മുംബൈയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നുചേര്‍ന്ന ദലിത്, ദരിദ്ര മതന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കഴിയുന്ന ചേരിയാണ് ധാരാവി. ആകെ ഒരു മുറി! ആറടി നീളം കഷ്ടിയാണ്. നിവര്‍ന്നു കിടക്കാന്‍ കഴിയില്ല. മൂത്രമൊഴിക്കുന്നതും പാത്രം കഴുകുന്നതും മുറിയുടെ മൂലയിലെ ഓവിനോട് ചേര്‍ന്നാണ്. കക്കൂസ് പൊതുവായുള്ളതാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം. ഒരു കുഞ്ഞു ബക്കറ്റ് മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. വെള്ളം കഷ്ടിയായതുകൊണ്ട് തന്നെ വിസര്‍ജ്യം ചന്തിയില്‍ മുട്ടാതെ സൂക്ഷിച്ചു വേണം കാര്യം സാധിക്കാന്‍. രാജ്യത്തെ അതിസമ്പന്നരും അതിദരിദ്രരും തമ്മിലുള്ള അകലം എത്രമാത്രമാണെന്ന് ധാരാവി കാണിച്ചു തന്നു. ധാരാവിക്കടുത്തണ് അനാഥര്‍ക്ക് വേണ്ടി വഖഫ് ആയി ദാനം ചെയ്തിട്ടുള്ള ഭൂമിയില്‍ എഴുന്നുനില്‍ക്കുന്ന ‘ആന്റിനെ’ എന്ന മുകേഷ് അംബാനിയുടെ 27 നിലകൊട്ടാരം!
സാമൂഹ്യ ചൂഷണത്തിനും മര്‍ദ്ദനത്തിനുമെതിരേ അവിടെവച്ച് നടത്തിയ സമരത്തിലാണ് പോലിസ് മര്‍ദ്ദനം ആദ്യമായി ഏല്‍ക്കേണ്ടിവരുന്നത്. പിന്നീട്, നിരവധി സമരമുഖങ്ങളില്‍ വൈപ്പിനിലെയും മുംബൈയിലെയും സഖാക്കള്‍ പകര്‍ന്നു നല്‍കിയ ലക്ഷ്യബോധവും, കരുത്തും എനിക്ക് വഴികാട്ടിയായിരുന്നിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം അവിടെ പ്രവര്‍ത്തിച്ചു.
വീണ്ടും കേരളത്തിലേക്ക്
ഇവിടെ തിരിച്ചു വരുമ്പോഴേക്കും കെ വേണു പാര്‍ട്ടിയൊക്കെ പിരിച്ചുവിട്ടിരുന്നു. പിന്നീട് കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. അതും നിലച്ചു. പിന്നീടാണ് വിപ്ലവ സ്ത്രീ വാദി പ്രസ്ഥാനം, കര്‍ഷകസമരകേന്ദ്രം, യുവജനപ്രസ്ഥാനം, ആദിവാസിസമരസംഘവുമെല്ലാം ചേര്‍ന്ന പോരാട്ടം എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. 2003ലാണ് വിപ്ലവ സ്ത്രീ വാദി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി നടന്ന ആഗോള മുതല്‍മുടക്ക് മേളയുടെ പരസ്യ ബോര്‍ഡുകള്‍ കരി ഓയില്‍ അടിച്ചതും, ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി വാജ്‌പേയിയെ വഴിയില്‍ തടയുന്നതും. ആദിവാസി സമര സംഘവുമായി ഐക്യപ്പെട്ട് വയനാട് നൂല്‍പ്പുഴയില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ തടഞ്ഞുകൊണ്ട് നടത്തിയ സമരം വറുതിയനുഭവിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം തുടങ്ങുന്നതിന് കളമൊരുക്കുകയുണ്ടായി. കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന എക്‌സ്പ്രസ് ഹൈവേ എന്ന ആകാശപാതയ്‌ക്കെതിരേ കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉപരോധിച്ചതാണ് മറ്റൊരു സമരം. ദരിദ്രരുടെ ചോരയൂറ്റുന്ന ബ്ലേഡ് മാഫിയകള്‍ക്കെതിരേ നിരവധിയായ സമരങ്ങള്‍ നടത്തി ‘ഓപറേഷന്‍ കുബേരയ്ക്ക്’ വഴിയൊരുക്കാനായി. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് റിലയന്‍സ് എന്ന സ്വകാര്യ കുത്തകയ്ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന തൃശ്ശൂര്‍ കുരിയച്ചിറയിലുള്ള കേന്ദ്ര കലവറയുടെ സംഭരണശാലയില്‍ വന്‍ സെക്യൂരിറ്റി ഭേദിച്ച് കടന്നു കയറി വിഭവങ്ങളെടുത്ത് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നവര്‍ക്കിടയില്‍ വിതരണം ചെയ്തതും സാഹസിക സമരംതന്നെയായിരുന്നു. കാവാലത്തെ അഞ്ചാം ക്ലാസുകാരിയായ ദലിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സവര്‍ണ അധ്യാപകനെ ജനകീയവിചാരണ ചെയ്ത് ശിക്ഷിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച വല്ലാര്‍പാടത്ത് സ്ഥാപിച്ച ദുബെ കണ്ടെയ്‌നര്‍ പോര്‍ട്ട് എന്ന വിനാശ വികസന പദ്ധതിയ്‌ക്കെതിരേ മുളവുകാട് വില്ലേജിലെ മത്സ്യതൊഴിലാളി കുടുംബങ്ങളെ അണിനിരത്തിയതും, എറണാകുളത്തെ നാഷണല്‍ അപ്പാരല്‍സ് കമ്പനിയില്‍ മുതലാളിയും സിഐടിയു നേതൃത്വവും ചേര്‍ന്ന് പിരിച്ചുവിട്ട 63 സ്ത്രീ തൊഴിലാളികളെ തിരിച്ചെടുപ്പിക്കുവാന്‍ ഒരു നാടിനെ മുഴുവന്‍ അണിനിരത്തി നടത്തിയ ഉജ്ജ്വല തൊഴില്‍സമരവും മറക്കാനാവുകയില്ല.
കൊക്കോകോള എന്ന സാമ്രാജ്യത്വ കമ്പനി പാലക്കാട് നടത്തിവന്ന ജല ചൂഷണത്തിനെതിരേ സമരം ചെയ്ത് മര്‍ദ്ദനമേറ്റ് ജയിലില്‍ അടക്കപ്പെടുകയുണ്ടായി. പാലിയേക്കര ടോള്‍ കൊള്ളക്കെതിരേ നിരവധിയായ ഉപരോധസമരങ്ങളില്‍ പങ്കെടത്തു. അതുപോലെ തോപ്പുംപടിയിലെ ബിഒടി പാലത്തിന്റെ ടോള്‍പിരിവ് കൊള്ളയ്‌ക്കെതിരേയും പ്രതിരോധസമരങ്ങള്‍ നടത്തി.
തിരുവനന്തപുരം നാവായിക്കുളം നൈനാംകോണം കോളനിയിലെ ദലിത് കുറവ കുടുംബങ്ങളുടെ വീടുകള്‍ തീവച്ച് ചുട്ടെരിച്ച് കുടിയിറക്കിയതിനെതിരേ കോളനിയില്‍ നിലയുറപ്പിച്ച് ഭൂസമരം നയിച്ചതും, ബാങ്ക് വായ്പാ തട്ടിപ്പിനിരയായ 17 ദലിത്, ദരിദ്ര കുടുംബങ്ങളുടെ ജപ്തി തടഞ്ഞതും, ജപ്തി ചെയ്യപ്പട്ട കിടപ്പാടങ്ങള്‍ തിരികെ പിടിച്ചെടുത്തു നല്‍കാനായതുമെല്ലാം ഏറെ ആവേശകരമായ ഓര്‍മകളാണ്.
രണ്ടു ലക്ഷം രൂപ വായ്പയ്ക്ക് ഈടുനിന്ന പ്രീത ഷാജിയുടെ കുടുംബത്തെ രണ്ടു കോടി എഴുപത് ലക്ഷം രൂപ കുടിശ്ശിക ഉണ്ടെന്നു വരുത്തി, മൂന്നു കോടി രൂപ വിലയുള്ള അവരുടെ കിടപ്പാടം 36 ലക്ഷം രൂപയ്ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് ലേലത്തിന് വിറ്റ എച്ച്ഡിഎഫ്‌സി എന്ന ഷൈലോക്ക് ബാങ്കിനെതിരായ സമരം ഏറെ പ്രധാനമാണ്. ബാങ്ക് ഹൈക്കോടതിയുടെ ഉത്തരവിന്റെ പുറത്ത് നടത്തിയ കുടിയിറക്ക് നീക്കങ്ങളെ തടഞ്ഞുകൊണ്ട് ചിതയൊരുക്കി രണ്ടര വര്‍ഷം നീണ്ട ചെറുത്തു നില്‍പ്പുമടക്കം നിരവധിയായ സമരമുഖങ്ങളിലൂടെ കടന്നുപോവുകയുണ്ടായിട്ടുണ്ട്. ഇത്തരം സമരങ്ങളുടെ പേരില്‍ പലവട്ടം പോലിസ് മര്‍ദ്ദനവും ജയില്‍വാസവും പോലിസ് കസ്റ്റഡിയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിലെല്ലാമുപരി ഓരോ സമര സ്ഥലികളിലും സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ എല്‍ക്കേണ്ടിവന്ന പീഡനങ്ങളും സംഘര്‍ഷങ്ങളും അപമാനപ്പെടുത്തലുകളും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്രയുണ്ട്.
എന്നാല്‍, ആവേശം പകരുന്ന സമരമുഖങ്ങളില്‍ ഒന്നാണ് 93ല്‍ കേരളത്തില്‍ വന്നശേഷം കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ കൊച്ചിന്‍ റിഫൈനറി സ്തംഭിപ്പിച്ചുകൊണ്ട് ജാതി വിവേചനത്തിനെതിരേ നടത്തിയ സമരം. പട്ടികജാതി പട്ടികവര്‍ഗ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കസ്തൂരിയെ സമീപിച്ച ദലിത് യുവാവിനോട് ‘എന്നെപ്പോലുള്ള ബ്രാഹ്മണരും മേല്‍ ജാതിക്കാരും ഭക്ഷണം കഴിക്കുന്ന കാന്റീനില്‍ കണ്ട പുലയനെയും പറയനേയും നിയമിക്കാന്‍ പറ്റില്ലെന്ന’ സവര്‍ണന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ജാതിവെറിക്കെതിരേയായിരുന്നു സമരം. ‘കസ്തൂരി എന്ന ബ്രാഹ്മണ പട്ടി ദലിതരോട് മാപ്പ് പറയണം’! എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദലിത് സാംസ്‌കാരിക സംഘടന കൊച്ചിന്‍ റിഫൈനറിക്ക് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ കമ്പനി സ്തംഭിപ്പിച്ചു. പുരുഷ സഖാക്കളും, ഒന്നര വയസ്സുള്ള മകന്‍ നചികേതസ്സിനെ എടുത്ത് ഞാനും മറ്റൊരു സ്ത്രീ സഖാവുമാണ് സമരത്തില്‍ പങ്കെടുത്തത്. മൂന്ന് മണിക്കൂറോളം കമ്പനി സ്തംഭിച്ചതോടെ വിറളിപിടിച്ച ഭരണകൂടം ഞങ്ങളെ അറസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ട് സമര സഖാക്കളെ അഭിവാദ്യം ചെയ്തത് മായാത്ത ഓര്‍മയായി നില്‍ക്കുന്നു.
ആത്മാഭിമാന പ്രചോദിതരായ ദലിത് ജനത, ഏഴടി ഉയരത്തിലും ഏതാണ്ട് 2000 അടി നീളത്തിലുമായി സവര്‍ണതമ്പ്രാക്കള്‍ വടയമ്പാടി പൊതു മൈതാനത്തിന് ചുറ്റും കെട്ടിയുയര്‍ത്തിയ ‘ജാതിമതില്‍’ കല്ലിന്‍മേല്‍കല്ല്‌ശേഷിക്കാതെ അംബേദ്കര്‍ ജയന്തി ദിനത്തിലാണ് തകര്‍ത്തെറിഞ്ഞത്. നൈനാംകോണം കോളനിയിലെ വീടുകള്‍ ചുട്ടെരിച്ച് സിഐടിയു സംസ്ഥാന നേതാവ് ചാല മോഹനന്‍ നായര്‍ കുടിയിറക്കിയ കുടുംബങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരത്തെ തകര്‍ക്കാന്‍ നാല് പോലിസ് സ്റ്റേഷനുകളിലെ പോലിസ് സേനയെ ഉപയോഗിച്ച് രാത്രിയില്‍ കോളനി വളഞ്ഞ് നടത്തിയ നരവേട്ടയ്ക്കും ഷെല്‍, ഗ്രനേഡ്, ടിയര്‍ഗ്യാസ് ആക്രമണത്തിനും ശേഷം ആറ്റിങ്ങല്‍ ജയിലിലടച്ചു. തടവില്‍ കഴിയുന്ന കാലത്ത് ശിരസ്സിനു താഴെ ചലനമറ്റുപോയ എനിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് നൈനാംകോണത്തെ ദലിത് സഹോദരങ്ങള്‍ നല്‍കിയ പരിചരണവും കരുതലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന് നല്‍കിയ ഊര്‍ജം ചെറുതല്ല. പോലിസ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായിരുന്ന ഞാന്‍ ജയിലിലെ ജാതി വിവേചനത്തിനെതിരേ നിരാഹാരം കിടന്ന സമയത്താണ് തളര്‍ച്ച ബാധിച്ചത്. വനിതാ വാര്‍ഡന്‍മാര്‍ കക്കൂസ് കഴുകല്‍, മാലിന്യം അടിച്ചുവാരല്‍ തുടങ്ങിയവ അടിമവേലചെയ്യിക്കും പോലെ ദലിത് സ്ത്രീ തടവുകാരെ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതിനെതിരേ നിരാഹാരം കിടന്നതിനെ തുടര്‍ന്നാണ് ശരീരം തളര്‍ന്ന എന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്. ചലനശേഷി നഷ്ടപ്പെട്ട എന്നെ വാര്‍ഡന്‍മാര്‍ വലിച്ചിഴച്ചാണ് ബാത്‌റൂമിലേക്ക് കൊണ്ടുപോയത്. സഖാക്കള്‍ പരിചരണത്തിന് വരുന്നതു വരെ ദിവസങ്ങളോളം അഴുക്കുപുരണ്ട വസ്ത്രം ധരിച്ച് കിടക്കേണ്ടതായി വന്നു. അതേത്തുടര്‍ന്ന് മുതുകിലുണ്ടായ വ്രണം ഉണങ്ങാന്‍ ഒരുപാട് കാലമെടുത്തു. സമരഅടയാളമായത് ഇന്നുമുണ്ട്.
സര്‍ഫാസിയും അതിനെതിരായ പോരാട്ടങ്ങളും
2013ല്‍ ബാങ്ക് വായ്പാ തട്ടിപ്പിന് ഇരകളായ 17 ദലിത്, ദരിദ്ര കുടുംബങ്ങളുടെ സമരവുമായി ബന്ധപ്പെട്ടാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ഉടലെടുക്കുന്നത്. ബ്ലേഡ് ചൂഷണത്തിലൂടെ ജീവിതം വഴിമുട്ടിയ കുടുംബങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി ബ്ലേഡ് വിരുദ്ധ സമിതിയും അനുബന്ധമായി പ്രവര്‍ത്തിച്ചിരുന്നു. Secutarization and Reconstruction of Financial Assets and Enforcement of Securtiy Interest Act -2002 (SARFAESI) എന്ന പേരില്‍ രാജ്യാന്തര ബാങ്കിങ് കുത്തകകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുലാളിത്ത രാജ്യമായ അമേരിക്കയിലുണ്ടായ ബാങ്കുകളുടെ തകര്‍ച്ചയില്‍ നോക്കുകുത്തിയായി നിലകൊണ്ട ഒരു നിയമത്തെയാണ് ഇന്ത്യന്‍ പട്ടിണി റിപബ്ലിക്കിലെ പാര്‍ലമെന്റ് ചര്‍ച്ച പോലും കൂടാതെ അതേപടി പാസാക്കിയെടുത്തത്. ഇങ്ങനെ ഒരു കൊലയാളി നിയമം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് കേരളത്തിലെ നിയമസഭാ സമാജികരില്‍ തന്നെ രണ്ടേ രണ്ടുപേര്‍ക്കു മാത്രമാണ് അറിയുമായിരുന്നത് എന്ന് പറയുമ്പോള്‍ സാമാന്യ ജനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ! 2002ല്‍ ഈ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കപ്പെടുമ്പോള്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന ഒ രാജഗോപാലിനു പോലും നിയമത്തെപ്പറ്റി ധാരണയില്ലായിരുന്നു. നിയമനിര്‍മാണ സഭകളിലേക്ക് തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ക്ക് ഇന്ത്യന്‍ ജനതയോടെന്നതിനേക്കാള്‍ കൂറ് മൂലധനശക്തികളോടാണെന്നതാണ് ഇത് തെളിയിക്കുന്നത്. തിരുവനന്തപുരത്തെ നിയമസാമാജികരുടെ മുറികളില്‍ കയറിയിറങ്ങി നടത്തിയ ക്യാമ്പയിന് ഫലമുണ്ടായി.
2017 ആഗസ്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ സര്‍ഫാസി നിയമം റദ്ദാക്കപ്പെടേണ്ടതാണെന്ന പ്രമേയം നിയമസഭയില്‍ പാസ്സാക്കപ്പെട്ടു. പിന്നീട്, പലവട്ടം നിയമസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അഞ്ച് സെന്റില്‍ താഴെയുള്ള കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്നും, 5 ലക്ഷം രൂപ വരെയുള്ള വായ്പകളിന്മേല്‍ സര്‍ഫാസി നടപടികള്‍ കൈക്കൊള്ളരുതെന്നും സഭ പ്രമേയത്തില്‍ ആവശ്യപ്പെട്ടു . സര്‍ഫാസി നിയമത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാന്‍ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തിക്കൊണ്ട് 13 എംഎല്‍എമാരുടെ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് തന്നെ സര്‍ക്കാര്‍ രൂപം കൊടുക്കയുണ്ടായി.
ട്രാന്‍സ് നാഷണല്‍ ബാങ്കുകള്‍ക്ക് 120 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഇന്ത്യയുടെ ബാങ്കിങ്/ ഇന്‍ഷുറന്‍സ് വ്യവസായ രംഗത്തേക്ക് കടന്നുവരാനുള്ള താല്‍പ്പര്യം സാധ്യമാക്കിയെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലെ ബേസില്‍ നഗരത്തില്‍ നടന്ന കണ്‍വന്‍ഷനില്‍വച്ച് ഇന്ത്യന്‍ ഭരണകൂടത്തെ കക്ഷിചേര്‍ത്തുകൊണ്ട് ആഗോള കരാറില്‍ ഒപ്പുവയ്പ്പിച്ചു.
തൊണ്ണൂറുകള്‍ക്ക് ശേഷം സ്വകാര്യവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സുഗമമായി കടന്നുവരാന്‍ പതിനഞ്ചോളം നിയമങ്ങള്‍ ബാങ്കിങ് മേഖലയ്ക്ക് വേണ്ടി മാത്രം നിര്‍മിക്കപ്പെട്ടു. ദേശാതിര്‍ത്തികള്‍ കടന്നുവരുന്ന വിദേശ മൂലധനം തിരിച്ചുപിടിക്കാനാവശ്യമായ ജനവിരുദ്ധ നിയമങ്ങള്‍ പല മൂന്നാം രാജ്യങ്ങളുടെയും നിയമനിര്‍മാണ സഭകളില്‍ ചുട്ടെടുക്കപ്പെടുകയുണ്ടായി.
1993ല്‍ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന, സിവില്‍ കോടതികളില്‍ പോകാനുള്ള ജനങ്ങളുടെ അവകാശം എടുത്തു കളഞ്ഞുകൊണ്ട്, ഇന്ത്യന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് ബദലായി, കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ ട്രിബ്യൂണലുകള്‍ സ്ഥാപിച്ചുകൊണ്ട്, കടം പിടിച്ചെടുക്കുന്നതിനുള്ള നിയമങ്ങള്‍ ബാങ്കുകള്‍ക്കും സ്വകാര്യധനകാര്യസ്ഥാപനങ്ങള്‍ക്കും വേണ്ടി ഉണ്ടാക്കപ്പെട്ടു. Recovery of Debts Due to Banks and Financial Institutions Act അതിലൊന്നാണ്. അതുവരെ, കടാശ്വാസവും കടപരിഹാരവും നല്‍കിയിരുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പ്പം അമ്പേ മാറി ‘കടം പിടിച്ചെടുക്കുന്ന കച്ചേരികള്‍’ (ഡിആര്‍ടി) ഉണ്ടാക്കി കടത്തില്‍ വീണ സാധാരണക്കാരുടെ കിടപ്പാടങ്ങള്‍ ചുളുവിലയ്ക്ക് ലേലം ചെയ്തു വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുടെ പറുദീസയായി അതു മാറി. ബാങ്കുകള്‍ക്കു വേണ്ടി ജില്ലാ ജഡ്ജിയുടെ പദവിയില്‍ നിയമിതനായ പ്രിസൈഡിങ് ഓഫിസറുടെ മുന്നില്‍ ഒരു കശാപ്പ് ശാലയിലേക്ക് എന്ന വിധം കടക്കെണിയിലായ ഹതഭാഗ്യരായ മനുഷ്യര്‍ ആട്ടി തെളിക്കപ്പെട്ടു. ബാങ്കിങ് മൂലധന ശക്തികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുതിയ നിയമനിര്‍മാണത്തിനായി മന്‍മോഹന്‍സിങും, പി ചിദംബരവും നീക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍, 2002ല്‍ വാജ്‌പേയി നേതൃത്വം കൊടുത്ത ബിജെപി സര്‍ക്കാരിനാണ് സര്‍ഫാസി നിയമം പാസ്സാക്കാനുള്ള നറുക്ക് വീണത്. രസകരമായ വസ്തുത ഒമ്പതിനായിരം കോടി രൂപയുമായി വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയും രാജ്യസഭാ എംപി എന്ന നിലയില്‍ ഈ നിയമനിര്‍മാണത്തില്‍ പങ്കാളിയായിരുന്നു എന്നതാണ്. 130 കോടി രൂപ ബ്യൂറോക്രാറ്റുകള്‍ക്കും പാര്‍ലമെന്റ് എംപിമാര്‍ക്കും കോര്‍പറേറ്റുകളുടെ ബ്രോക്കര്‍മാര്‍ക്കും വിതരണം ചെയ്തിരുന്നുവെന്ന അഴിമതി ആരോപണവും അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. എന്തായാലും, സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (BEFI) നിയമത്തെ പിന്തുണച്ചിരുന്നു എന്നതും, ഇന്നും ആ നയം പിന്തുടരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്! സിപിഎം നേതൃത്വം സ്വീകരിക്കുന്ന മഹാ മൗനം ഇതിനെ സാധൂകരിക്കുന്നുണ്ട്.
സര്‍ഫാസി നിയമത്തിന്റെ തുടക്കത്തില്‍ തന്നെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ അല്ല മറിച്ച് അതിസമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക് ജപ്തി നേരിടുന്ന സാധാരണക്കാരുടെ ഈടുവെച്ച വസ്തു വഹകള്‍ ചുളുവിലക്ക് ബാങ്കുകളില്‍ നിന്ന് ഒന്നാകെ വാങ്ങിയെടുത്ത് അമിത ലാഭത്തിന് വിറ്റഴിക്കാനുള്ള കൗശലമായിരുന്നു ഇതിനു പിന്നില്‍ നടന്നതെന്ന് ആസ്തി പുനര്‍ നിര്‍മാണ കമ്പനികളുടെ (എആര്‍സി) രൂപീകരണം വെളിവാക്കുന്നു. ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വരുത്തിയിട്ടുള്ള അനില്‍ അംബാനിക്ക് പോലും ‘Reliance Asset Reconcession Company’ എന്ന പേരില്‍ എആര്‍സി ഉണ്ടെന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. ഇതേ അനില്‍ അംബാനിയുടെ കമ്പനിയാണ് 2015ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ 137 കോടി രൂപയുടെ വിദ്യാഭ്യാസ ലോണുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് കേവലം 67 കോടി രൂപയ്ക്ക് വാങ്ങിയെടുത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരേ ജപ്തി നടപടിക്ക് നോട്ടീസ് നല്‍കി പണം വസൂലാക്കിയെടുത്തത്! സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനമാണ് ഇടപ്പള്ളിയിലെ അനില്‍ അംബാനിയുടെ എആര്‍സിയിലേക്ക് ജനകീയ മാര്‍ച്ച് നടത്തി ആ പകല്‍ക്കൊള്ള അവസാനിപ്പിച്ചത്. കടത്തില്‍ വീണവരുടെ ആസ്തി വഹകള്‍ ഒന്നിച്ച് അമിതലാഭത്തിന് വിലപേശി എടുക്കാന്‍ ആഗോള റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരുമായി കൈകോര്‍ത്ത് രാജ്യത്തെ ഹതഭാഗ്യരായ ജനങ്ങളുടെ സമ്പത്ത് പങ്കു കച്ചവടം നടത്തി ലാഭം കൊയ്യാന്‍ ഇതിലൂടെ കഴിയുമെന്ന രാജ്യദ്രോഹ ഉള്ളടക്കമുള്ള നീക്കവും ഈ നിയമത്തിന്റെ ഒളിയജണ്ടയാണ്.
നീണ്ട 23 വര്‍ഷമായി വായ്പയെടുത്ത് മൂന്നു തവണ തുടര്‍ച്ചയായി കുടിശ്ശിക വരുത്തുന്ന ഇടപാടുകാരുടെ ഈടുവസ്തു നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു നിഷ്‌കരുണം കുടിയിറക്കി വസ്തു പിടിച്ചെടുത്തു വില്‍ക്കുകയാണീ കൊലയാളി നിയമം! പത്തുവര്‍ഷ കാലാവധിയുള്ള വായ്പയാണെങ്കിലും മൂന്നു ഗഡു മുടങ്ങിയാല്‍ ആദ്യവര്‍ഷം തന്നെ ധനകാര്യ സ്ഥാപനത്തിന് ഈടു വസ്തു പിടിച്ചെടുക്കാം എന്നാണ് ഈ നിയമം പറയുന്നത്. ബാങ്കുകള്‍ക്ക് മാത്രമല്ല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (മുത്തൂറ്റ്, മണപ്പുറം…) പോലും ഈ ജനവിരുദ്ധ നിയമം ഉപയോഗിക്കാനാവും. സാധാരണ ജനങ്ങളെ വ്യാമോഹത്തില്‍പ്പെടുത്തി തിരിച്ചടക്കാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ sub prime loan (വിപണിമൂല്യത്തേക്കാള്‍ ഉയര്‍ന്ന വായ്പ) നല്‍കി പ്രദേശത്തെ കണ്ണായ വസ്തുക്കള്‍ ഗുണ്ടാ റിക്കവറി ഏജന്റുമാരെ ഉപയോഗപ്പെടുത്തി ഉടമയെ ഒഴിപ്പിച്ച് സ്വന്തമാക്കി കൊള്ളലാഭമടിക്കാന്‍ നിയമത്തെ ഉപയോഗിക്കാന്‍ കഴിയും.
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലെ സ്വതന്ത്ര സംവിധാനമായ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ തന്നെ ബാങ്കിന്റെ റിക്കവറി ഏജന്റാക്കുന്ന, ഭരണഘടനയെ തന്നെ അപഹാസ്യമാക്കുന്ന നിയമമാണിത്! വായ്പ കുടിശ്ശികയായ ആളുടെ കിടപ്പാടം കൈവശപ്പെടുത്തി എടുക്കാന്‍ ബാങ്ക് അപേക്ഷ കൊടുത്താല്‍ കുടിയിറക്കുന്ന ആള്‍ക്ക് നോട്ടീസ് കൊടുക്കാതെ അഡ്വക്കേറ്റ് കമ്മീഷണറേയും പോലിസിനെയും നിയോഗിച്ച് 60 ദിവസത്തിനകം ആസ്തി പിടിച്ചെടുക്കാന്‍, ക്രിമിനല്‍ കേസുകള്‍ കുറ്റവിചാരണ ചെയ്യേണ്ട, കോടതിയെ തന്നെ അധികാരപ്പെടുത്തിയിരിക്കുകയാണിവിടെ ചെയ്യുന്നത്.
കടത്തില്‍ വീണവര്‍ക്ക് സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം ഈ നിയമത്തിന്റെ 34ാം വകുപ്പിലൂടെ റദ്ദാക്കിയിരിക്കുന്നു. കടം തിരിച്ചുപിടിക്കുന്നതിന് സിവില്‍ കോടതി നടപടികള്‍ കാല വിളംബം ഉണ്ടാകുമെന്ന തൊടുന്യായമാണ് നിയമനിര്‍മാണ സഭ ന്യായീകരിക്കാനായി കണ്ടെത്തിയത്.
ഒന്നര സെന്റ് കോളനികളില്‍ നിന്നുപോലും നിഷ്‌ക്രിയ ആസ്തിയുടെ പേരില്‍ കുടിയിറക്കി കൈവശപ്പെടുത്താന്‍ ഇഎസ്ഇഎഫ്, ഉജ്ജീവന്‍ പോലുള്ള മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്കു പോലും ഈ നിയമം ഉപയോഗിക്കാമെന്നായിരിക്കുന്നു.
ആഗോളീകരണ കാലത്തെ ജനാധിപത്യം കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ആധിപത്യമാണെന്നും ഭൂരിപക്ഷം വരുന്ന സാധാരണ ജനതയെ വരിഞ്ഞിട്ട് കൊള്ള ചെയ്യാനും ജീവിതം തകര്‍ക്കാനും എത്ര കാരുണ്യലേശമില്ലാത്ത മനുഷ്യത്വ വിരുദ്ധമായ നിയമങ്ങളാണ് മൂലധനകൊള്ളയുടെ പേരില്‍ പുത്തന്‍ കോളനികളായി രൂപപ്പെടുത്തിയ ഇന്ത്യയെ പോലുള്ള വികസ്വര, അവികസിത രാജ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ ഒന്നാംതരം തെളിവാണ് സര്‍ഫാസി നിയമം.
അതിസമ്പന്നരായ കോര്‍പറേറ്റുകളുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യുന്നില്ല. 85 ശതമാനം കിട്ടാക്കടവും അവരാണ് വരുത്തിവെച്ചിട്ടുള്ളതെങ്കിലും സര്‍ഫാസി നിയമം തങ്ങള്‍ക്ക് ബാധകമാക്കരുത് എന്ന് മുറവിളി കൂട്ടിയപ്പോള്‍ 2017ല്‍ ബിജെപി സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി bankruptcy & Insolvency Code (പാപ്പരത്ത നിയമം) നിയമം കൊണ്ടുവന്നു. ഡിആര്‍ടി എന്ന കര്‍ക്കശ സംവിധാനത്തിന് പകരം National Company Law Tribunal (NCLT) എന്ന സമവായ സംവിധാനം അവര്‍ക്കായി ഒരുക്കി കൊടുത്തു.
മോദി ഭരണത്തിന്റെ പത്തുവര്‍ഷ കാലയളവിനുള്ളില്‍ 15 ലക്ഷം കോടി രൂപയാണ് അതിസമ്പന്ന കോര്‍പറേറ്റുകള്‍ക്കായി സര്‍ക്കാര്‍ എഴുതി തള്ളിയത്! നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്നു വീമ്പിളക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാജ്യത്ത് രണ്ടു തരം പൗരന്‍മാരെ സൃഷ്ടിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.

സര്‍ഫാസി വിരുദ്ധ ജനകീയപ്രസ്ഥാനം അടിസ്ഥാന ജനവിഭാഗങ്ങളെ കടബാധ്യതയില്‍ നിന്നും മോചിക്കാനാണ് കൂടുതലായും പ്രവര്‍ത്തിച്ചു വരുന്നത്. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികളിലെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളാണ് അംഗങ്ങളില്‍ തൊണ്ണൂറു ശതമാനവും. സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യവും സാമൂഹികപ്രതിബദ്ധതയും ആണ് ചെറുത്തുനില്‍പ്പ് സമരത്തിന് കരുത്തുപകരുന്നത്.
സംസ്ഥാനത്ത് എണ്ണമറ്റ ജപ്തി തടയല്‍ സമരങ്ങളും, ജപ്തിചെയ്ത കിടപ്പാടങ്ങള്‍ തിരികെപിടിച്ചെടുക്കുന്ന സമരങ്ങളും നടത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. സമരപ്പന്തലില്‍ വന്നവര്‍ പോലും ഒറ്റയ്ക്ക് നിന്നും പൊരുതുന്ന പോരാളികളായി മാറിയ അനുഭവങ്ങളുണ്ട്. ആത്മഹത്യകളല്ല, വേണ്ടത് സംഘടിതമായ ചെറുത്തുനില്‍പ്പുകളാണെന്നും, ജപ്തിയല്ല സമവായമാണ് നീതിയെന്നുമുള്ള സംഘടനയുടെ നിലപാട് ഉള്‍ക്കൊണ്ട് ദുരഭിമാനബോധം വെടിഞ്ഞ് ആത്മവിശ്വാസത്തോടെ നിര്‍ഭയം പ്രവര്‍ത്തിക്കാനും സഹപ്രവര്‍ത്തകര്‍ക്ക് ആവേശംപകരാനും അംഗങ്ങള്‍ക്ക് കഴിയുന്നുണ്ട്. പ്രചാരണ ക്യാമ്പയിനുകള്‍ക്ക് ഊന്നല്‍ കൊടുത്ത് ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ പഠിപ്പിച്ചു തരുന്ന പാഠങ്ങളും സമരരൂപങ്ങളും ആണ് സംഘടനയെ നാള്‍ക്കുനാള്‍ മുന്നേറാന്‍ സഹായകമാക്കുന്നത്.
‘വായ്പാ കുടിശ്ശികയുടെ പേരില്‍ കുട്ടികളെ കുടിയിറക്കുന്ന രാഷ്ട്രം എന്റേതല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്‌കൂള്‍ കുട്ടികളുടെ മുന്‍കൈയില്‍ ഒരു ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നേരിട്ട് നല്‍കാനുള്ള ക്യാമ്പയിന്‍ സ്‌കൂള്‍ അവധിക്കാലത്ത് തുടക്കമിടുകയാണ്. നേതൃത്വ പരിശീലന കളരികളും പ്രഭാഷണ പരമ്പരകളും ചുവരെഴുത്ത് ക്യാമ്പയിനുകളും, നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജഭവന്‍ മാര്‍ച്ച് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട.്
മൈക്രോ ഫൈനാന്‍സ് കമ്പനികള്‍, ബാങ്ക് വായ്പ കിട്ടാക്കനിയായ കുടുംബങ്ങള്‍ക്ക് വായ്പ എത്തിച്ചു കൊടുക്കന്നതിനായി വിഭാവന ചെയ്ത് ലൈസന്‍സ് നല്‍കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. എന്നാല്‍, കേരളത്തിലെ വീട്ടമ്മമാര്‍ ഇന്ന് മൈക്രോ ഫൈനാന്‍സ് കമ്പനികളുടെ കടക്കെണിയില്‍ കുടുങ്ങി അഞ്ചും, ആറും ലക്ഷം രൂപയുടെ കടബാധ്യത ഉള്ളവരായി മാറിയിരിക്കുന്നു. ദൈനംദിന ജീവിത ആവശ്യങ്ങള്‍ക്ക് പോലും കടമെടുക്കുന്ന അവസ്ഥയാണ് ഉള്ളത്. മൈക്രോ ഫൈനാന്‍സ് കമ്പനികളുടെ ഭീഷണിയും, ലോണ്‍ വാങ്ങുന്ന ഗ്രൂപ്പുകളില്‍ ഉണ്ടാവുന്ന പരസ്പര വിശ്വാസത്തകര്‍ച്ചയും വലിയ സാമൂഹ്യ പ്രശ്‌നമായി മാറുകയാണ്. ആത്മഹത്യക്കും അവയവക്കച്ചവടത്തിനും ഒളിച്ചോട്ടത്തിനും മാനസിക സംഘര്‍ഷത്തിനും കുടുംബ സാമൂഹ്യബന്ധങ്ങളിലുള്ള ഉലച്ചിലുകള്‍ക്കും ഇതുവഴിവയ്ക്കുകയാണ്. മൈക്രോ ഫൈനാന്‍സ് കമ്പനികളെ നിയന്ത്രിച്ച് ബദല്‍ വായ്പാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്.
അഴിമതിയിലും കെടുകാര്യസ്ഥതയിലും തകരുന്ന സഹകരണബാങ്കുകള്‍ അത് മറച്ചുവയ്ക്കാന്‍ ജനങ്ങള്‍ക്ക് നേരെ കുതിരകയറുകയാണ്. കരുവന്നൂര്‍, പുല്‍പ്പള്ളി ബാങ്കുകള്‍ തകര്‍ന്നത് ആന്തരികമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ്, വായ്പ തിരിച്ചടക്കാത്തത് കൊണ്ടല്ല. രണ്ടര ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള സഹകരണ പ്രസ്ഥാനത്തെ വിഴുങ്ങാന്‍ അമിത്ഷാ നയിക്കുന്ന കേന്ദ്ര സഹകരണ വകുപ്പ് കൊണ്ടുവരുന്ന നിയമ ഭേദഗതികളേയും, കനത്ത നികുതി ചുമത്തലുകളേയും, കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ ഉണ്ടാക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതല്‍ കൊടുത്തുകൊണ്ട് സ്ഥാപിക്കുന്നതിനേയും എതിരിടാന്‍ സഹകരണ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ക്കുന്ന ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുകയാണ് കക്ഷിരാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രാദേശിക പ്രമാണിമാരുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതികള്‍ ചെയ്യേണ്ടത്.
സര്‍ഫാസി വിരുദ്ധ ജനകീയപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആവശ്യങ്ങളോട് കേരള സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ കിടപ്പാടം ജപ്തി ചെയ്യാതിരിക്കാന്‍ കര്‍ക്കശമായ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് കൊടുക്കുമെന്നും കിടപ്പാട ജപ്തിക്കെതിരേ വലിയൊരു പ്രസ്ഥാനം കേരളത്തില്‍ ഉയര്‍ന്നുവന്നതായും അംഗീകരിക്കുന്നുണ്ടെങ്കിലും ജപ്തി ഒരു പ്രളയം പോലെ കേരളത്തെ വിഴുങ്ങുക തന്നെയാണ്. കേരളത്തില്‍ 65 ശതമാനം കുടുംബങ്ങളും കടക്കണിയില്‍ പെട്ടിരിക്കുന്നുവെന്ന് നബാര്‍ഡിന്റെ തന്നെ പഠനം വ്യക്തമാക്കുന്നു. എന്നിട്ടും, ഭരണപ്രതിപക്ഷ കക്ഷികള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ‘ജപ്തി തടയല്‍ നിയമം’ എന്ന പേരില്‍ റവന്യൂ റിക്കവറി ആക്ടിലെ നികുതി വസൂലാക്കല്‍ നിയമഭേദഗതി ഉയര്‍ത്തിക്കാണിച്ച് കബളിപ്പിക്കുകയാണ്. ആര്‍ബിട്രേഷന്‍ നിയമത്തേയോ സര്‍ഫാസി നിയമത്തേയോ സ്പര്‍ശിക്കാത്ത ഈ നിയമഭേദഗതി വോട്ടു രാഷ്ട്രീയത്തെ ലക്ഷ്യംവച്ച് മാത്രം കൊണ്ടുവന്നതാണ്.
‘നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി’ എന്ന പേരില്‍ സഹകരണ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ കിടപ്പാടം വിറ്റഴിച്ച് കുടിശ്ശിക തീര്‍ക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് വ്യക്തമായി കഴിഞ്ഞു. വായ്പകുടിശ്ശികയായ സാധാരണ ജനങ്ങള്‍ നേരിടുന്ന പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും അഭിസംബോധന ചെയ്യാതെ 2023ല്‍ ഇറക്കിയ അതേ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സര്‍ക്കുലര്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഇറക്കിയ സര്‍ക്കാരിന്റെ സഹകരണ നാട്യം തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. പലതവണ മുടങ്ങിയ കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ എങ്ങനെയാണ് സാമ്പത്തിക ഞെരുക്കത്തില്‍ കിടപ്പാടം തന്നെ ഈടുവെച്ച ജനങ്ങള്‍ക്ക് ആവുന്നത് എന്ന് ചിന്തിച്ചാല്‍ മതിയല്ലോ. ഏറെക്കാലം സഹകരണ സംഘങ്ങള്‍ നടത്തി പരിചയമുള്ള വാസവന്‍ മന്ത്രിക്ക് ഇത് അറിയാത്തതല്ലല്ലോ.
നവകേരള സദസ്സിനുശേഷം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ നടത്തിയ ‘കരുതലും കൈത്താങ്ങും’ പരിപാടിയിലേക്ക് കടബാധ്യത നേരിടുന്നവരാരും അപേക്ഷയുമായി വന്നേക്കരുത് എന്ന് വാര്‍ത്ത കൊടുത്ത സര്‍ക്കാരിന് എങ്ങനെയാണ് കടക്കെണിയെന്ന ജീവല്‍ പ്രശ്‌നത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവുക? സര്‍ഫാസി എന്ന കൊലയാളി നിയമം റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. ദരിദ്ര ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് ദലിത് ആദിവാസി കര്‍ഷക, വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറാവണം. മൈക്രോ ഫൈനാന്‍സുകള്‍ നിയന്ത്രിച്ച് ബദല്‍ വായ്പാ സംവിധാനങ്ങള്‍ കൊണ്ടുവരണം. ന്യായവും നീതിപൂര്‍വ്വമായ ഈ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ഫാസി വിരുദ്ധജനകീയ പ്രസ്ഥാനം നിലകൊള്ളുന്നത്.





No Comments yet!