ഗീതശേഷു
ഇന്ത്യന്‍ എക്‌സ്പ്രസ്സിലൂടെ പത്രപ്രവര്‍ത്തനമാരംഭിച്ച ഗീത ശേഷു മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് എന്ന സംഘടനയുടെ പ്രധാനപ്രവര്‍ത്തകയാണ്. പൗരാവകാശ നിഷേധങ്ങള്‍ക്കെതിരേ ധീരമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഈ മാധ്യമപ്രവര്‍ത്തക യോഗി സര്‍ക്കാര്‍ കള്ളക്കേസെടുത്ത് രണ്ടരവര്‍ഷത്തോളം ജയിലിലടച്ച സിദ്ദിഖ് കാപ്പനെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയുണ്ടായി. ഈയിടെ കേരളത്തിലെത്തിയ ഗീത ശേഷു മറുവാക്കിനോട് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു.
എങ്ങനെയാണ് പൗരാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായത്?
ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ തൊഴില്‍ അവസാനിപ്പിച്ച ശേഷം ഞാനും സുഹൃത്തുക്കളും ഓണ്‍ലൈന്‍ മാധ്യമ മേഖലയിലാണ് കേന്ദ്രീകരിച്ചത്. അവിടെ നിന്ന് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ എത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്നവരുടെ കൂട്ടായ്മ രൂപപ്പെടുത്തി. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കാനും സാമൂഹികപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സജീവമായി. ‘ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന കൂട്ടായ്മ 2018 മുതല്‍ രൂപപ്പെടുത്തി. ഇത് പ്രതിഫലം പറ്റാതെയുള്ള പ്രവര്‍ത്തനമായിരുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനയുടെ സഹായം സ്വീകരിക്കാതെയായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കണം എന്ന് നിര്‍ബന്ധമുള്ള ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, എല്ലാ മനുഷ്യരുടെയും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.

The Telegraph Journalist R. Rajagopal
മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുണ്ട്, ജയിലില്‍ അടയ്ക്കപ്പെടുന്നവരുണ്ട്, രാജ്യദ്രോഹക്കുറ്റം പോലുള്ളവ ചുമത്തപ്പെടുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും ഭയന്ന് അകന്നു പോകും. എങ്ങനെ പ്രതിരോധിക്കണമെന്ന് കുറ്റാരോപിതര്‍ക്ക് അറിയാതെയാകും. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിസ്സഹായരാകും. ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് പിന്തുണ ആവശ്യമുണ്ട്. എങ്ങനെ നിയമസഹായം കിട്ടും, ഏത് നിലയില്‍ കേസുകള്‍ മുന്നോട്ടുകൊണ്ടുപോകും തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു വരും. ഇത്തരം ഘട്ടങ്ങളില്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയതരത്തില്‍പ്പെട്ടതാണെങ്കിലും കുറ്റാരോപിതര്‍ക്ക് ഇത് വലിയ സഹായമായി അനുഭവപ്പെടും. ചെറിയൊരു ഗ്രൂപ്പാണ് ഇതിനു പിന്നിലുള്ളത്. മുംബൈ, ദില്ലി, ബംഗളൂരു, കശ്മീര്‍, ഛത്തീസ്ഗഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഇതിലുണ്ട്. കര്‍ണാടകയിലെ പൗരാവകാശ പ്രവര്‍ത്തക ലക്ഷ്മി മൂര്‍ത്തിയെ പോലുള്ളവരുടെ പിന്തുണ എടുത്തു പറയേണ്ടതുണ്ട.് മുംബൈയിലെയും കര്‍ണാടകയിലെയും പിയുസിഎല്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ ശ്ലാഘനീയമാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വെറുപ്പുളവാക്കുന്ന പ്രസംഗങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരേ വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേയുള്ള വിദ്വേഷപ്രചാരണം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. മന്ത്രിമാരും നിയമസഭാംഗങ്ങളും എംപിമാരും ഉള്‍പ്പെടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ മത്സരിക്കുകയാണ.് പൂര്‍ണ്ണമായും നിയമലംഘനമാണ് നടക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാരിനേയും സംഘപരിവാറിനേയും വിമര്‍ശിക്കുന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. മുന്‍നിരമാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസുകള്‍ എടുത്തു. രവീഷ് കുമാര്‍, കരണ്‍ ഥാപര്‍, സിദ്ധാര്‍ത്ഥ വരദരാജന്‍, തീസ്ത സെതല്‍വാദ്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത തുടങ്ങി നിരവധി പേര്‍ ഭരണകൂടത്തിന്റെ എതിര്‍പ്പ് നേരിട്ടു. സിദ്ദിഖ് കാപ്പനെപോലെ നിരവധിപേര്‍ തടവിലായി. എന്നിട്ടും മാധ്യമ മുതലാളിമാര്‍ ഗവണ്‍മെന്റിനെതിരേ നിലപാടെടുക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണിത്?
മാധ്യമ മുതലാളിമാര്‍ക്ക് വ്യാവസായികവും രാഷ്ട്രീയവുമായ താല്പര്യങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാരിനെതിരേ ശബ്ദിക്കാന്‍ താല്പര്യമില്ല എന്നതാണ് അതിനു കാരണം. മിക്കവാറും ടെലിവിഷന്‍ ചാനലുകളും ദിനപത്രങ്ങളും വ്യാവസായിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. എന്‍ഡിടിവി പോലുള്ള ഒരു സ്ഥാപനം പോലും അദാനിയുടെ കൈകളിലേക്ക് പോയത് ഓര്‍ക്കുക. അംബാനി നിരവധി മാധ്യമങ്ങളുടെ ഉടമസ്ഥനാണ.് കുമാരമംഗലം ബിര്‍ളയ്ക്കും ഇത്തരം താല്‍പര്യങ്ങളുണ്ട്. ടെലഗ്രാഫില്‍ നിന്നും ആര്‍ രാജഗോപാലിന് പുറത്തു പോകേണ്ടി വന്നത് ഉടമസ്ഥരുടെ വ്യാവസായിക താല്‍പര്യത്തെ പിന്തുണയ്ക്കാത്തതിനാലാണ്. പരസ്യവരുമാനം കുറയും എന്നത് മാത്രമല്ല, മാധ്യമ മുതലാളിമാരെ ഭയപ്പെടുത്തുന്നത്. അവര്‍ക്ക് ഇഡിയുടെയും സിബിഐയുടെയും ഒക്കെ അന്വേഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭയവുമുണ്ട്. ഹിന്ദി മേഖലയില്‍ വലിയ സ്വാധീനമുള്ള ‘ദൈനിക് ഭാസ്‌കര്‍’ പോലുള്ള പ്രസിദ്ധീകരണ ശൃംഖല പോലും മോദിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് കാണാം. കോവിഡ് മരണങ്ങളിലെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടാന്‍ പോലും മാധ്യമങ്ങള്‍ക്ക് ധൈര്യമുണ്ടായില്ല. ‘ന്യൂസ് ക്ലിക്ക്’ പോലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പോലും സര്‍ക്കാരിന്റെ പകപോക്കലിന് ഇരയായത് നാം കണ്ടു. പ്രസിദ്ധീകരണങ്ങളുടെ സ്വാതന്ത്ര്യം വരിഞ്ഞുമുറുക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മേഖലയിലും നിയമങ്ങള്‍ മാറാന്‍ പോവുകയാണ്. സ്വതന്ത്രമായ ആവിഷ്‌കാരവും വാര്‍ത്താവിനിമയവും തടസ്സപ്പെടുത്താനാണിത്. പൊതു താല്‍പര്യമുള്ള വിഷയങ്ങളില്‍ പോലും നിരോധനം നേരിടേണ്ടി വരും. പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് ചോദിച്ചാല്‍ അത് സ്വകാര്യ വിവരമാണെന്നും പുറത്തുവിടാന്‍ പറ്റില്ലെന്നും മറുപടി കിട്ടും. പ്രധാനമന്ത്രിയുടെ ബിരുദം എങ്ങനെയാണ് സ്വകാര്യ കാര്യമാകുന്നത്?

Journalist Paranjoy Guha Thakurtha
ജനങ്ങളുടെ പിന്തുണയില്ലാതെ ഈ പ്രതിസന്ധിഘട്ടം മറികടക്കുക എളുപ്പമല്ല. ജനങ്ങള്‍ക്ക് വന്‍കിടമാധ്യമങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുകയാണ്. കര്‍ഷകസമരം നടക്കുമ്പോള്‍ ഇത് കണ്ടു. സമര രംഗത്തുള്ള കര്‍ഷകര്‍ വന്‍കിട മാധ്യമങ്ങളില്‍ (ഗോദി മീഡിയ) തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പരസ്യമായി പറഞ്ഞു. അവര്‍ ആശയവിനിമയത്തിന് തങ്ങളുടേതായ രീതികള്‍ കണ്ടെത്തി. സര്‍ക്കാരും മാധ്യമങ്ങളെ കയ്യൊഴിയുകയാണ്. യുപിയില്‍ യോഗി ആദിത്യനാഥ് പത്രങ്ങളെയും ടെലിവിഷനെയും ആശ്രയിക്കുന്നില്ല. യൂട്യൂബ് ചാനലുകളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരുമാണ് സര്‍ക്കാരിനു വേണ്ടി വാദിക്കുന്നത.് സര്‍ക്കാര്‍ അവര്‍ക്ക് പരസ്യങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കുന്നു. പത്രസമ്മേളനങ്ങള്‍ പോലും സര്‍ക്കാര്‍ നേതൃത്വത്തിലുള്ളവര്‍ ഒഴിവാക്കുകയാണ്.
തിരഞ്ഞെടുപ്പിലെ വിജയങ്ങള്‍ പോലും അട്ടിമറികളിലൂടെ നേടുന്നതാണെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം മാധ്യമങ്ങള്‍ വലിയതോതില്‍ ഏറ്റെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥ പ്രതിസന്ധിയെ മറികടക്കുമോ?
മഹാരാഷ്ട്രയുടെ അനുഭവത്തില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ അട്ടിമറികള്‍ നടന്നു എന്ന് ഉറപ്പാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ മണ്ഡലത്തില്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കൃത്രിമം നടന്നതായി തെളിവുകള്‍ കണ്ടെത്തി. 89,000 വോട്ടുകള്‍ ഒരൊറ്റ മണ്ഡലത്തില്‍ വര്‍ദ്ധിച്ചു. രണ്ടും മൂന്നും വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉള്ളവരുണ്ട്. എല്ലാ ഐഡിയിലും വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിക്കോ സര്‍ക്കാരിനോ ഇക്കാര്യത്തില്‍ യാതൊരു പ്രശ്‌നവും തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുകയും കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി മാറുകയും ചെയ്തു. പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബ്ബലപ്പെടുത്താനും കേന്ദ്രത്തിന്റെ സ്വാധീനം ഉറപ്പിക്കാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഫെഡറലിസത്തിന്റെ അന്തഃസത്ത തന്നെ ചോര്‍ത്തിക്കളയുകയാണ.് ഇതൊരു ഇരുണ്ട കാലഘട്ടമാണ.്

Writer & Human Rights Defender Teesta Setalvad
മാധ്യമ മേഖലയില്‍ ഒരു ബദല്‍ മാര്‍ഗം സാധ്യമാണോ? സോഷ്യല്‍ മീഡിയ ഒരു ബദലാകുമോ?
സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടല്ലോ. ഒരു ബദല്‍ മാധ്യമം ആകണമെങ്കില്‍ വന്‍കിട ഐടി ഭീമന്‍മാരുടെ പിന്തുണ വേണം. അവര്‍ സഹായിക്കുന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയക്ക് ചലിക്കാനാവില്ല. അവരുടെ പിന്തുണയുള്ളിടത്തോളം മാത്രമേ മാധ്യമരംഗത്തെ ബദല്‍ നിലനില്‍ക്കുകയുള്ളൂ. കേരളം പോലുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരീക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ കുറേകൂടി സാധ്യതകളുണ്ട്. സെന്‍സര്‍ഷിപ്പിന്റെ ഭീഷണിയെ എങ്ങനെ മറികടക്കാനാകുമെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ഒരടി മുന്നില്‍ സഞ്ചരിച്ചാലേ ഇതെല്ലാം സാധിക്കുകയുള്ളൂ.






No Comments yet!