”ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാല്‍ മതി ജന്മത്തില്‍നിന്ന് ജന്മത്തിലേക്ക് തലചായ്ക്കുക. കാടായി, നിഴലായി, മണ്ണായി, ആകാശമായി…”
(ഖസാക്കിന്റെ ഇതിഹാസം)
ചരിത്രത്തിന്റെ ഏതോ അടരില്നിന്നിറങ്ങിവന്ന് സൂഫിവര്യനെയോ ഋഷി ഗുരുവിനെയോ പോലെ വിജയേട്ടന് മുമ്പിലിരിക്കുന്നു. ശാന്തിയും സൗമ്യതയും വിളമ്പുന്ന കണ്ണുകള്‍ പ്രാചീനമായ ആ തലമുടിയും താടിയും. ചിരിയുടെയും ചിന്തയുടെയും പുണ്യസ്നാനം കഴിഞ്ഞ്, അറച്ചറച്ച് വരുന്ന പിശുക്കന് വാക്കുകള്‍. അറുപത്തിമൂന്ന് മാത്രം പിന്നിട്ട ഈ മനുഷ്യന് അതിനേക്കാള്‍ എത്രയോ വയസ്സു തോന്നിക്കുന്നു. ഭോഗാസക്തനെപ്പോലെ പിന്തുടരുന്ന രോഗപീഡകളും മാനവഭാഗധേയത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും എല്ലാംകൂടി പടുവൃദ്ധനാക്കിയിരിക്കുന്നു. സ്വരം അതീവദുര്‍ബലം.
രണ്ടു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍വച്ച് കണ്ടപ്പോള്‍ കൈ വല്ലാതെ വിറച്ചിരുന്നു. ഇപ്പോള്‍ അത്രയ്ക്ക് വിറയില്ല. ഓര്‍മയില്‍നിന്ന് ഒരു പഴയ കാര്‍ട്ടൂണ്‍ പുനരാവിഷ്കരിച്ച് കണ്ടപ്പോള്‍, പേന ആ വിരലുകള്ക്കിപ്പോഴും അന്യമായിട്ടില്ലെന്നറിഞ്ഞു.

തീവണ്ടിയില്‍ ഒന്നര ദിവസം യാത്രചെയ്ത് ഈ മനുഷ്യനെ കാണാനെത്തുവാന് പ്രേരിപ്പിച്ചതെന്താണ്? ഒരു മാസം മുമ്പ് സെക്കന്തറാബാദില്‍ നിന്ന് ഒരു കത്ത് വന്നു:
”പ്രിയ ജമാല്‍, എഴുതിയെഴുതി മതിയായി. ഇനി നമുക്ക് എന്തെങ്കിലും ചെയ്യണം. ദൈവത്തെച്ചൊല്ലി കലഹിക്കുന്നതില്പരം നാണക്കേട് വേറെ എന്തുണ്ട്? ഒരു ഇക്യൂമെനിക്കല് വേദി, അതില്‍ പ്രശ്നങ്ങളുണ്ടാകാമെങ്കിലും ഉണ്ടായിത്തീരേണ്ടത് ഒരടിയന്തരാവശ്യമാണ്. ഞാന്‍ ഇക്കാര്യത്തിലെഴുതുന്ന ലേഖനങ്ങള്‍ക്ക് വൈദികമായ അനുമതി ഇല്ലായിരിക്കാം. അവ ഒരു സാധാരണ മനുഷ്യന്റെ ത്രാസം നിറഞ്ഞവയാണ്. നിങ്ങളുടെ മുസ്ലിം വായനക്കാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്.
മറുപടി, അല്ല സൗകര്യമാണെങ്കില്‍ ടെലഫോണ്‍ ചെയ്യുക”.
പെട്ടെന്ന് മറുപടിയെഴുതാന്‍ തോന്നിയില്ല. ഒരു കത്തിലൂടെ പകരാവുന്നതിനപ്പുറം എന്തൊക്കെയോ പറയുവാന്‍ കാണും. പോവുകതന്നെ. അങ്ങനെയാണ് ഇവിടെ, നൈസാമുമാരുടെ ഓര്‍മകളയവിറക്കി നില്ക്കുന്ന ഈ നഗരത്തില്‍ എത്തുന്നത്.
വരുമ്പോള്‍ കോഴിക്കോടന്‍ ഹലുവയും കൊണ്ടുവരണേ.. ഫോണില്‍ നേര്‍ത്ത ചിരി. ഹലുവ മാത്രമല്ല, ബനാനാചിപ്സും കൂടി കൊണ്ടുപോയി.
”ഇതൊക്കെയെന്തിനാണ്? ചുമ്മാ പറഞ്ഞതല്ലെ?” തെരേസ അകത്തു നിന്നു വന്നു. മനോഹരമായ ഹൈദരാബാദ് ബിരിയാണി തന്ന് സല്ക്കരിച്ചു.
കേട്ടെഴുത്തുകാരനായ രാമചന്ദ്രന് ‘തലമുറകള്‍’ എന്ന പുതിയ നോവലിന്റെ ആദ്യ അധ്യായം വായിച്ചു കേള്‍പ്പിച്ചു. (വലിയ പ്രതീക്ഷകളോടെ എഴുതിയതായിട്ടും മലയാളി വായനക്കാര്‍ വേണ്ടതുപോലെ സ്വീകരിച്ചോ? സംശയമാണ്.)

ഔപചാരികത്വത്തിന്റെയോ കൃത്രിമത്വത്തിന്റെയോ സ്പര്‍ശമില്ലാത്ത ആതിഥേയത്വം ബഷീര്‍ക്കയെ ഓര്‍മിപ്പിച്ചു. ആതിഥേയത്വത്തില്‍ മാത്രമല്ല മറ്റു പലതിലും ഒ വി വിജയന് ഓര്‍മിപ്പിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിനെ തന്നെ.
ജീവിതത്തിന്റെ നേരെ നോക്കിയുള്ള ഇരുണ്ടതും ദാര്‍ശനികവുമായ ചിരി. ഏതാനും രേഖകളിലൂടെ വാര്ന്നുവീഴുന്ന കാരിക്കേച്ചര്പോലുള്ള കഥാപാത്രങ്ങള്‍.
പുതിയ പദങ്ങള്‍ വിരചിച്ചുകൊണ്ട്, സ്വന്തം ഭാഷാപരിമിതികളെ മറികടക്കുന്ന മാന്ത്രികമായ രാസവിദ്യ. സ്ഥാപനവല്‍ക്കരിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങളോടും അധികാര ചിഹ്നങ്ങളോടുമുള്ള കലഹവാസന. ഇതൊക്കെ സാമ്യങ്ങളല്ലെ?
ശബ്ദങ്ങളും, ധര്‍മപുരാണവും സാമൂഹികാവസ്ഥയുടെ മാത്രമല്ല, സൗന്ദര്യബോധത്തിലെ അശ്ലീലത്തെയും കടന്നാക്രമിക്കുകയായിരുന്നുവല്ലോ.
അമീബ ഉള്‍പ്പെടെയുള്ള ജീവരാശിയെ മുഴുവന്‍ സ്നേഹിക്കുന്ന ബഷീര്‍ ദര്‍ശനം അനാദ്യന്തമായ കാലത്തിലൂടെ മുങ്ങിയും പൊങ്ങിയും നീറുന്ന ജന്മാ ന്തരങ്ങളുടെ തുടര്‍ക്കഥയായി ജീവിതത്തെ കാണുന്ന വിജയന്റെ സാകല്യബോധം.
(തന്റെ ആവര്‍ത്തനം സുനന്ദന്‍ കണ്ടു. തന്റെ ശരീരം പരിണമിക്കുന്നു. അതിപ്പോള്‍ ഭക്ഷണമാണ്. തീന്മേശക്കരികെയിരുന്ന ചെറിയ പെണ്‍കുട്ടിയോട് സുന ന്ദന്‍ പറഞ്ഞു. ”സുന്ദരിയായ പെണ്‍കുട്ടീ, എന്റെ ധാതുക്കള്‍ നിന്റെ ഉടലില്‍ വീണ്ടും പിറവികൊള്ളുന്നു’-‘ ധര്‍മപുരാണം)
സാമ്പ്രദായിക മതത്തിനപ്പുറത്തേക്ക് നീളുന്ന മതാത്മകമായ ഒരന്വേഷണത്തിന്റെ പ്രാഗ്രൂപങ്ങള്‍ ഇരുവരുടെയും ആദ്യകാല കൃതികളില്‍ പ്രകടമാകുന്നു. അത് വളര്‍ന്നുവളര്‍ന്ന് സമ്പുഷ്ടമാകുന്നു.
ഇരുവരും കൊണ്ടുനടന്നത് ഒരുതരം സൂഫിമനസ്സ്. തന്റെ ഗുരുവായ പോത്തന്‍കോട് കരുണാകര ഗുരുവിന്റെ ഉസ്താദ് പഠാണിയായ ഒരു സൂഫിയായിരുന്നു എന്നുപറയുമ്പോള്‍ വിജയേട്ടന് സൂചിപ്പിച്ചത് സൂഫിസവും അദൈ്വതചിന്തയും പിണഞ്ഞു കിടന്നിരുന്ന ഇന്ത്യന്‍ മനസ്സിനെയായിരിക്കുമോ? സാമ്പ്രദായികമായ ഗുരുകുലാധ്യയനമൊന്നുമിവിടെയില്ല. ഗുരുവിനെ അങ്ങനെ പോയി കാണാറുമില്ല. കാണണമെന്നു തോന്നുമ്പോള്‍ മനസ്സില്‍ സങ്കല്‍പ്പിക്കും. അല്ലെങ്കിലും, ചരാചരങ്ങളില്‍ മുഴുവന്‍ ഗുരുസാന്നിധ്യം കാണുന്ന ഒരു മനസ്സിന് എന്താണ് അന്യമായിട്ടുള്ളത്?
”വിജയേട്ടാ, വിജയേട്ടന് എന്തിനെയാണ് തിരയുന്നത്? സത്യത്തെയോ?”
”അല്ല, വിശ്വാസത്തെ, നിരുപാധികമായ വിശ്വാസത്തെ.”
”അതിനുവേണ്ടിയാണോ ഗുരുപ്രസാദം തേടിയത്?”
”അതെ, ഒ വി വിജയന് എന്ന ഈഗോയില്‍നിന്ന് മോചനം നേടാന്‍!”
”എന്നിട്ട് നേടിയോ?”
”ഇല്ല ഇപ്പോഴും എന്തൊക്കെയോ ബാക്കിനില്‍പ്പുണ്ട്.”
(”എന്റെ യുദ്ധങ്ങളും മൗഢ്യങ്ങളും കര്‍മ്മത്തിന്റെ ചവറുകളായി എന്നില്‍ ബാക്കിനില്ക്കുന്നു”- ഗുരു സാഗരം)
സാത്വികനായ അരാജകവാദിയാണ് കേരളത്തിന്റെ ഈ ജീനിയസ്സ്, വിഷാദാത്മകതയും ആക്രമണോല്സുകതയും ഈ പ്രതിഭയുടെ ഇരുവശങ്ങളാണ്. ജ്ഞാനിയുടേതാണ് അദ്ദേഹത്തിന്റെ സന്ദേഹങ്ങളത്രയും. ചിലപ്പോള്‍ ഒരു വിദൂഷകനെപ്പോലെ പരിഹസിച്ച് ചിരിക്കുന്നു. അവധൂതന്റെ നിര്മലതയോടെ സ്നേഹം വാരിത്തൂവുന്നു. വൈരുധ്യങ്ങളുടെ സമ്യക്കായ ചേര്‍ച്ച. ധിഷണയും സര്‍ഗാത്മകതയും സമ്മേളിക്കുന്നു.
അടിസ്ഥാനപരമായി കലാകാരനാണ്. പദങ്ങള്‍കൊണ്ട് നടത്തുന്ന ഇന്ദ്രജാലത്തിന് ഒരപൂര്‍വ ചാരുതയുണ്ട്. ഖസാക്കിലാണ് നാമത് കൂടുതല്‍ അനുഭവിക്കുന്നത്. ഇവിടെ നോവലിസ്റ്റ് ഒരേ സമയം ചിത്രകാരനും കാര്ട്ടൂണിസ്റ്റുമാകുന്നു, കവിയും സംഗീതജ്ഞനുമാകുന്നു. ഇവിടെ മിത്തുകള്‍ക്ക് ഇതിഹാസപരിവേഷം.
പുസ്തകങ്ങളില്‍നിന്നോ അധ്യാപനങ്ങളില്നിന്നോ അല്ല തനിക്ക് ആശയബീജങ്ങള്‍ കിട്ടുന്നതെന്ന് വിജയേട്ടന് പറഞ്ഞു. ഏകാന്ത മനനങ്ങളുടെ ഫലമാണത്. വെളിപാടുകള്‍ എന്ന് അവയെ വിളിക്കുന്നത് ധിക്കാരമാവും. പ്രവാചകന്മാര്ക്കും ഋഷിവര്യന്മാര്‍ക്കും കിട്ടിയ വെളിപാടുകളുടെ ചെറിയൊരംശം എഴുത്തുകാരനും കിട്ടിയെന്നുവരാം. മതവും കലയും പരസ്പരം കണ്ടെത്തുന്നത് ഇവിടെയാണ്. തത്ത്വശാസ്ത്രഗ്രന്ഥങ്ങള്‍ കുന്നുകൂടി കിടക്കുന്ന ഈ വീട്ടില്‍ ദര്‍ശനങ്ങളുടെ പൊരുള്‍ തേടുന്ന ഒരു വ്യക്തികൂടിയുണ്ട്. റിട്ട. ഫിലോസഫി പ്രഫസര്‍ തെരേസ, വിജയേട്ടന്റെ ഭാര്യ. തെലുങ്കിന്റെ ക്ലാവ് കലര്‍ന്ന മലയാളത്തിലും പാതി ഇംഗ്ലീഷിലുമായി അവര്‍ പറഞ്ഞു, ദര്‍ശനത്തിലുള്ള പൊരുത്തമാണ് തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ വിളക്കിച്ചേര്‍ത്ത ആദ്യത്തെ കണ്ണിയെന്ന്. പക്ഷേ, രണ്ടു പേരും രണ്ട് സ്കൂളുകളിലാണ്. വിജയേട്ടന് കരുണാകര ഗുരുവിന്റെ സ്കൂളിലാണെങ്കില്‍ അദ്ദേഹത്തിന്റെ പത്നി ആന്ധ്രയിലെ മറ്റൊരു ഗുരുവിന്റെ സ്കൂളിലാണ്. പക്ഷേ, മാനവികമായ ഒരടിത്തറയില്ലെങ്കില് ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് ഇരുവരും വിശ്വസിക്കുന്നു.
”ഇനിയുള്ള കാലം കേരളത്തില്‍ വന്ന് താമസിച്ചുകൂടേ? നമ്മുടെ ചെറുപ്പക്കാര്‍ വിജയേട്ടനെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ?”
”വരണമെന്നുണ്ട്. ശരീരം അനുവദിക്കേണ്ടേ?” പിന്നെ അടക്കിവച്ച ഒരാഗ്രഹം തുറന്നുകാണിക്കും മട്ടില്‍ പറഞ്ഞു: ”ഒരു അംബാസിഡര്‍ കാര്‍ കിട്ടിയിരുന്നെങ്കില്‍ ഓരോ കേന്ദ്രത്തിലും കുറച്ചുനാള്വീതം തങ്ങാമായിരുന്നു അല്ലെ?”
-പക്ഷെ ആര് സ്പോണ്സര് ചെയ്യാന്‍! ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ താങ്ങില്ലാതെ ഏകാകിയായ പഥികന് തന്റെ വഴി ഒറ്റയ്ക്കുതന്നെ നടന്നു തീര്ക്കേണ്ടതുണ്ടായിരിക്കാം.
യാത്രപറയാന്‍ എഴുന്നേറ്റപ്പോള്‍, നിരാമയമായ കുസൃതിച്ചിരിയോടെ ”ഇനിയെന്നാ, ഇങ്ങോട്ട്?
ദൈവത്തെ ഹൃദയമറിയുന്നത് സ്നേഹത്തിലൂടെയാണെന്ന് ജലാലുദ്ദീന്‍ റൂമി പറഞ്ഞിട്ടുണ്ട്. അറിവ് ദുഃഖമാണെന്ന് സിദ്ധാര്‍ഥനെപ്പോലെ തിരിച്ചറിയുന്ന സത്യാന്വേഷി നിരൂപാധികമായ വിശ്വാസത്തിലേക്ക് മുഖം തിരിക്കുന്നു. അയാളുടെ പാഥേയം സ്നേഹം മാത്രം. ഈശ്വരോന്മുഖമായി നീങ്ങുന്ന ഈ സൂഫിമനസ്സാണ് ഒ വി വിജയന് കൊണ്ടുനടക്കുന്നത്.
1997 മാര്‍ച്ചില്‍ സെക്കന്തറാബാദില്‍ വച്ച് ഒ വി വിജയനുമായി നടത്തിയ സംഭാഷണം


No Comments yet!