Skip to main content

ഭൗമരാഷ്ട്രീയത്തിന്റെ തീച്ചിന്തുകള്‍

കെ വിനോദ്ചന്ദ്രന്‍

രോഷം നമ്മുടെ കാലത്തെ ഏറ്റവും വിപ്ലവകരമായ ഭാവശക്തി (affect). അലിവും വിലാപവും ക്രോധവും കടഞ്ഞെത്തുന്ന തീ. ഭീകരത ലോകം വാഴുന്ന, നേരും നീതിയും തുറുങ്കിലാവുന്ന, നിന്ദ്യനേരങ്ങളില്‍, രോഷത്തിന്റെ ആവിഷ്‌കാരം നേരിടലിന്റെ ആഗ്‌നേയം. തീരുമാനങ്ങളിലേക്ക്
നമ്മെ എടുത്തെറിയുന്ന ഊര്‍ജ്ജസ്‌ഫോടനം. അനുരഞ്ജനത്തെ, വിധേയത്വത്തെ, ഉള്ളില്‍നിന്നു തുരത്തുന്ന നീതിക്ഷോഭം.

കെജിഎസിന്റെ ‘ഒറ്റുകാരന്റെ പെട്രോള്‍പമ്പ്’ എന്ന വിചിത്രശീര്‍ഷകമുള്ള കവിത രോഷത്തിന്റെ പൊട്ടിത്തെറിയാണ്. ഭൂമിയുടെ ആഴങ്ങളില്‍ നിന്നുവരുന്ന തീച്ചിന്തുകള്‍. പാരിസ്ഥിതികവും നൈതികവും സൂക്ഷ്മരാഷ്ട്രീയപരവുമായ നേരിടലിന്റെ കനല്‍വെളിവുകള്‍. Highly inflammable.

ഭൂമിയുടെ ഊര്‍ജ്ജം ഊറ്റിയെടുത്താണ് മനുഷ്യസംസ്‌കൃതി വളര്‍ന്നത്. ആഗോള കോര്‍പറേറ്റ് നാഗരികതയായി പന്തലിച്ചത്. സര്‍വ്വജീവികള്‍ക്കും അവകാശപ്പെട്ടഭൂമിയുടെ വരദാനമായ എണ്ണയുംനീരും ധാതുക്കളും ചോര്‍ത്തിയെടുത്ത്. മണ്ണും വിണ്ണും പാതാളവും കൊള്ളയടിച്ച്. ബഹുരാഷ്ട്രകോര്‍പറേറ്റുകള്‍ കോടിപതികളായത്, ലോകാധിപരായത്, അങ്ങനെ. നാഗരികതയുടെ ചരിത്രം, ലോകചരിത്രം, ഭൂമിയെ ഊറ്റലിന്റെയും ഒറ്റലിന്റെയും ചതിക്കഥ. കോര്‍പറേറ്റ് വികസനത്തിന്റെ ഗുണഭോക്താക്കളും ഇരകളുമായ നാമെല്ലാം ഈ ഭൂഹത്യക്ക്, ലോകഹത്യക്ക്, മൂകസാക്ഷികള്‍. നിരപരാധികളെന്ന് നടിക്കുമെങ്കിലും നാം ഭൂമിയുടെ ഒറ്റുകാര്‍, വഞ്ചനയുടെ കൂട്ടാളികള്‍, എന്ന് കവിത തുറന്നുകാട്ടുന്നു. കോര്‍പറേറ്റുകളുടെ പരസ്യമൊഴികള്‍ ഒരു ബഹുരാഷ്ട്രക്കമ്പനിയുടെ പരസ്യവാണിയില്‍ കവിത തുടങ്ങുന്നു. പ്രോഡക്ടിന്റെ പെരുമയേയും മേന്‍മയേയും പറ്റിയുള്ള വര്‍ണ്ണനയോടെ. സര്‍വ്വജീവികള്‍ക്കും മോദം പകരാനായി തങ്ങളൊരുക്കിയ തേന്‍, തണ്ണീര്‍, രക്ത, ബാറുകളിലേക്ക് ഏവര്‍ക്കും ക്ഷണം. ആധുനികോത്തര വിപണീലാവണ്യകത്തിന്റെ വാഗ്ജാലം. ഉപഭോക്താവിനെ ത്രസിപ്പിക്കുന്നത്, അഡ്രെനാലിന്‍ സ്രവിപ്പിക്കുന്നത്. തേന്‍പ്രിയരായ കുരുവി കരടി ആള്‍ക്കുരങ്ങുകളും തണ്ണീര്‍പ്രിയരായ കാക്കകളും രക്തപാനികളായ നരനരികളും എല്ലാം ക്ഷണിതാക്കള്‍. പഞ്ചതന്ത്രകഥകളിലെ മൃഗങ്ങളെ അനുസ്മരിപ്പിക്കുന്ന നരമൃഗസംരചനകള്‍. ആകെക്കൂടി ഒരു പോസ്റ്റ്‌മോഡേണിസ്റ്റ്, പോസ്റ്റ്ഹ്യൂമണിസ്റ്റ്, ഫ്‌ളെയര്‍ ഉണ്ട് ഈ വിപണനകലാശൈലിയില്‍. നാനാനരജന്തുപക്ഷിസംകുലമായ ഒരു ലോകത്തെയാണ് തങ്ങള്‍ വിഭാവനംചെയ്യുന്നതെന്ന ഉദാരതാനാട്യം. ഓഫറുകള്‍ ധാരാളം.

കോര്‍പറേറ്റുകളുടെ തേന്‍ ബാര്‍

തേന്‍ബാര്‍ക്ഷണിക്കുന്നു. തേന്‍പ്രിയരായകുരുവി, കരടി ആള്‍ക്കുരങ്ങുകളേവരൂ! എത്ര തേനും ഫ്രീ. തേന്‍തേടി പൂവുകള്‍ തോറും കുരുവികള്‍ ഇനി അലയേണ്ട. പൂവിന്റെ ദാനം നുകരാന്‍ ബുദ്ധഭിക്ഷുവിന്റെ കരുതലോ അലിവോ ഇനി കുരുവികള്‍ക്കേുവേണ്ട. കരടികള്‍ക്കിനിമേല്‍ തേനറകള്‍ കൊള്ളയടിക്കേണ്ടതില്ല. ഏതുതരം തേനും ഈ ഭരണികളില്‍ ലഭ്യം. ഈ തേങ്കുഴല്‍ച്ചുണ്ടില്‍ ചുണ്ട് ചേര്‍ത്താല്‍മതി. അത്രമേല്‍ ഉദാരം, ഉപഭോക്തൃപ്രിയം.

ഇത് ചുരത്തും തനിത്തേന്‍.
ബഹുരാഷ്ട്ര മദിര,
മദിപ്പിക്കും മൈലേജ് വര്‍ദ്ധിനി,
കുടിക്കൂ
ഉള്‍ച്ചിറക് വേഗോന്‍മാദിയാവും വരെ
കുരുവി കഴുകനായ്
കരടി ഹിറ്റ്‌ലറായ്
മിത്രം ശത്രുവായ് ചീറും വരെ.

എന്നാല്‍ ഈ തേന്‍കുഴലുകള്‍ ചുരത്തുന്നത് തനിത്തേനല്ല എന്നും ഈ പരസ്യം ‘സത്യാന്തക’കാലത്തെ നുണപ്പേച്ചെന്നും വിരുദ്ധോക്തികള്‍ വെളിവാക്കുന്നുണ്ട്. ഇത് ബ്രൂവറികളില്‍ രാസത്വരകങ്ങള്‍ ചേര്‍ത്ത് വീര്യംകൂട്ടിയ ആധുനികോത്തര ലഹരി. സിന്തെറ്റിക്ക്മധു. ഹിംസാവാസനകളെ തോറ്റിയുണര്‍ത്തുന്ന, ഹിംസ്രജന്തുക്കളാക്കി, കൊടുംഭീകരരാക്കി, ഭോക്താക്കളെ രൂപാന്തരപ്പെടുത്തുന്ന ഉത്തേജകം. വെറുപ്പിന്റെ മദദ്രവം. കുരുവിയെ കഴുകനായും കരടിയെ ഹിറ്റ്‌ലറായും മിത്രത്തെ ശത്രുവായും രൂപം മാറ്റുന്ന ‘ബഹുരാഷ്ട്രമദിര’.

പെട്രോളും പെട്രോള്‍പമ്പും കവിതയിലെ കേന്ദ്രരൂപകങ്ങള്‍. ഭൂമിയിലെ ഊറ്റലിന്റെ, ഒറ്റലിന്റെ, കോര്‍പറേറ്റ് ചോരണപ്രക്രിയയുടെ പ്രതീകം. തേനും നീരും ചോരയും എല്ലാം ഇവിടെ പെട്രോളിന്റെ വകഭേദങ്ങള്‍. മദിപ്പിക്കുകയും വേഗോന്‍മാദം പകരുകയും ചെയ്യുന്ന വീര്യം കൂടിയ ഇന്ധനങ്ങള്‍. പെട്രോള്‍പ്പമ്പ് തേന്‍ തണ്ണീര്‍ ചോരപ്പമ്പുകളായി കുഴമറിയുന്നു.

തണ്ണീര്‍ശാലയുടെ ക്ഷണമൊഴികള്‍

തണ്ണീര്‍ശാലയുടെ പരസ്യവും ആകര്‍ഷകം. ഇതിഹാസപ്രോക്തങ്ങളായ കാകവര്‍ഗമാണ് ഇവിടെ ക്ഷണിതാക്കള്‍. കുടത്തില്‍ കല്ലിട്ട് വെള്ളത്തിന്റെ വിതാനമുയര്‍ത്തുന്ന വിരുതന്‍കാക്കകള്‍. ഇനിമേല്‍ ദാഹംതീര്‍ക്കാന്‍ പഴയവിരുതുകള്‍ വേണ്ട കാക്കയ്ക്ക്. കീഴാളരുടെ, തോറ്റവരുടെ, ദരിദ്രരുടെ, പ്രതീകമോ ഈകാക്കകള്‍?

ഈനീര്‍ക്കുഴല്‍ത്തുമ്പില്‍മൊത്തൂ
ചിരസ്മരണകള്‍കുതിച്ചുവരും.
കാര്യങ്കോട്പുഴ, ചന്ദ്രഗിരി, തിരുനെല്ലി,
ഗംഗ, യമുന, വോള്‍ഗ, യാങ്‌സി…
സഹികെട്ട സര്‍വ്വംസഹയുടെ ആത്മക്ഷോഭങ്ങള്‍
ഓരോതുള്ളിയും ആത്മാവില്‍ മിന്നലുള്ളവ.
കോര്‍പറേറ്റ് വെള്ളക്കമ്പനി വിളിക്കുന്നു. കാക്കകളേ, കീഴാളപ്പോരാളികളേ, ഇത് നിങ്ങളുടെ സ്വന്തം തണ്ണീര്‍ശാല. ഈ നീര്‍ക്കുഴല്‍ മൊത്തിയാല്‍ വിപ്ലവബലിസ്മരണകള്‍ കുതിച്ചുവരും.

ചിരസ്മരണ’ എന്ന പ്രയോഗം സ്മൃതിപരമ്പരകളുടെ ടാപ്പ് തുറന്നുവിടുന്നുണ്ട്. കര്‍ണ്ണാടക സാഹിത്യകാരനായ നിരഞ്ജനയുടെ ഗ്രന്ഥത്തെയും അതുവഴി കയ്യൂര്‍ സമരചരിത്രത്തെയും ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. കാര്യങ്കോട് പുഴയില്‍നിന്നും തിരുനെല്ലിയില്‍നിന്നും സംഭരിച്ച തെളിനീര്‍നുകരൂ. കയ്യൂര്‍സമരവീരരുടെയും സഖാവ് പെരുമന്‍ വറുഗീസിന്റെയും വിപ്ലവബലിക്കഥകള്‍ ഇരമ്പിവരും. വോള്‍ഗയിലേയും യാങ്‌സിയിലെയും നീര്‍ത്തുള്ളികള്‍ മൊത്തിക്കുടിക്കൂ. ലോകമഹാവിപ്ലവങ്ങളുടെ ഓര്‍മ്മകള്‍ ചുരന്നുതരും. ഗംഗായമുനകളില്‍നിന്നു നിറച്ച പുണ്യതീര്‍ത്ഥം സേവിക്കൂ. വാഴ്‌വ് പവിത്രമാകും. മാത്രമല്ല, സഹികെട്ടസര്‍വ്വം സഹയുടെ അന്തഃക്ഷോഭങ്ങളുമുണ്ട് ഈ നീര്‍ത്തുള്ളികളില്‍. ഓരോന്നും ആത്മാവില്‍ മിന്നല്‍ പേറുന്നവ. കുടിക്കൂ, നിര്‍വൃതിപൂകൂ.

രക്തശാലയിലേക്ക്

ഇതുവരെ നാം കേട്ട തേന്‍തണ്ണീര്‍ശാലകളുടെ പ്രലോഭനീയമായ പരസ്യവാങ്മയങ്ങള്‍. കോര്‍പറേറ്റുകളുടെ തേന്‍മൊഴികളും തണ്ണീര്‍മൊഴികളും. തേന്‍ പുരട്ടിയ ഈ ക്ഷണവാക്യങ്ങള്‍ പതുക്കെപ്പതുക്കെ, വിരുദ്ധോക്തികളാലും സിനിക്കല്‍ധ്വനികളാലും സ്വയംപിളര്‍ന്ന്, എതിരര്‍ത്ഥങ്ങളിലേക്കുവളഞ്ഞ് പുളഞ്ഞ്‌പോകുന്നത് നാം കണ്ടു. കേട്ടൂ. നേര്‍മൊഴികള്‍ക്കുപകരം നേരിനെ മറച്ചുവയ്ക്കുന്ന, നേരെന്ന് തോന്നിപ്പിക്കുന്ന, ഈ നുണപ്പേച്ചിനെ ക്രമേണ സ്വയം വെളിപ്പെടുത്തലിന്റെ വന്യതയിലേക്ക് തുറന്നുവിടുന്നു കവിത. രക്തശാലയിലെത്തുമ്പോള്‍      കോര്‍പറേറ്റ്  മധു വാണി രക്തരക്ഷസ്സാവുന്നു.

ഭാഷണവും ഭാഷകനും ശ്രോതാവും മറ്റൊരു രൂപാന്തരണത്തിലേക്ക് കടക്കുകയാണ്. വെളിപ്പെടുത്തലില്‍ ഒരുമ്യൂട്ടേഷന്‍. കോര്‍പറേറ്റ് ഭാഷകന്‍ വഞ്ചനീയമായ പൂന്തേന്‍ മൊഴികളും തെളിനീര്‍മൊഴികളും മാറ്റിവച്ച് ചോരപ്പേച്ച് ചീറ്റുന്നു. നരികളും ഘാതികളുമാണ് ഈചുടുരക്ത സത്രത്തിലേക്കുള്ള ക്ഷണിതാക്കള്‍. ബഹുരാഷ്ട്ര മധുസേവിച്ചവര്‍ ഇതിനകം ഹിംസ്രജീവികളായി പരിണമിച്ചിരിക്കണം. ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ രൂപാന്തരീകരണത്തിനിനാം ഇതാസാക്ഷികളാവുകയാണ്. സമകാലമനുഷ്യസംസ്‌കൃതിയുടെ, ലോകക്രമത്തിന്റെ, ചരിത്രത്തിന്റെ, പരമനീചവും പൈശാചികവുമായ സ്വരൂപം നമുക്ക് മുന്നില്‍. സര്‍ റിയലിസമോ മാജിക്കല്‍ റിയലിസമോ അല്ല. സൂക്ഷ്മയാഥാര്‍ത്ഥ്യം, ഫാന്റസികളേക്കാള്‍, ഹൊറര്‍ സിനിമകളെക്കാള്‍ ഭീകരം, മാന്ത്രികം, പൈശാചികം, എന്ന് കാട്ടുന്ന ക്രൗര്യാവിഷ്‌കാരം, Brutal Realism.

രക്തശാലയുടെ പരസ്യം വര്‍ത്തമാന ചരിത്രത്തിന്റെ സൂക്ഷ്മവും പ്രതീകാത്മകവുമായ സത്യത്തെയാണ് ഉന്മീലനം ചെയ്യുന്നത്.

നരികളേ ഘാതികളേ വരൂ
ഇത് നാം തുടങ്ങിയ ചുടുരക്തസത്രം;
കുലദ്രോഹിസോദരരില്‍നിന്ന്
സ്മരണകളിരമ്പുംരണങ്ങളില്‍നിന്ന്
പകമുറ്റിയനേര്‍ക്ക്‌നേര്‍കളില്‍നിന്ന്
ഒളിപ്പോരുകളില്‍നിന്ന്
നാമൊന്നായ്‌ചോര്‍ത്തിയചോര.

ചരിത്രത്തിന്റെയും, ആഖ്യാനത്തിന്റെയും രേഖീയമായ നൈരന്തര്യം തകര്‍ക്കപ്പെടുന്നു. അതേസമയം മറ്റൊരുതരം നൈരന്തര്യം നിര്‍മ്മിക്കപ്പെടുന്നുമുണ്ട്. നരിനരത്തുടര്‍ച്ച. ജന്തുപരിണാമത്തിന്റെ പ്രാക്തനകാലങ്ങളില്‍ തുടങ്ങി ചരിത്രാതീതഗോത്രകാലങ്ങളിലൂടെയും നാഗരികതയുടെ ചരിത്രകാലങ്ങളിലൂടെയും ആവര്‍ത്തിതമായി മുന്നോട്ടുപോകുന്ന ഹിംസ്രനേരത്തിന്റെ നൈരന്തര്യം. ബലിച്ചോരപുരണ്ട ബഹുകാലങ്ങളുടെ സഹസംയോഗം. ചരിത്രത്തിന്റെ സൂക്ഷ്മവും പ്രതീതിപരവുമായ ക്രൂരസത്യത്തെ മൊണ്ടാഷുകളായി പിടിച്ചെടുക്കുന്ന, വാക്കിലേക്കാവാഹിക്കുന്ന, രോഷത്തിന്റെ എതിര്‍സൗന്ദര്യപ്രകാരം.

കോര്‍പറേറ്റുകളുടെ രക്തബലിയാഗം

ഇത് ചുടുരക്തസത്രത്തിന്റെ ഊഴം. രക്തസത്രം എന്നപദത്തിന് വിപുലമായ അര്‍ത്ഥധ്വനികളുണ്ട്. രക്തശാല, എന്നും രക്തബലിയാഗം എന്നുമുള്ള വിവക്ഷകള്‍ ഇവിടെ ഏകോപിതമാവുന്നു.

കോര്‍പറേറ്റ് യജമാനന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന മഹാരക്തബലിയാഗത്തിന്റെ പൈശാചിക രംഗവിധാനത്തിലാണ് നാം. ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ നമുക്കായ് ഒരുക്കിയ രക്തപാനോല്‍സവമഹാമഹം. ചരിത്രത്തില്‍ ഇതേവരെ ദൃശ്യമാകാത്ത ബലിരക്തസമാഹരണയജ്ഞം. നരഭോജനത്തിന്റെയും രക്തപാനത്തിന്റെയും പ്രാചീനഗോത്രരാത്രികളും, മദ്ധ്യകാല തമോനേരങ്ങളും, ലോകമഹായുദ്ധങ്ങള്‍, അധിനിവേശങ്ങള്‍, ഫാസിസത്തിന്റെയും സ്റ്റാലിനിസത്തിന്റെയും നരമേധയജ്ഞങ്ങള്‍, രക്തരൂഷിതമാക്കിയ ആധുനിക അന്ധകാരങ്ങളും എല്ലാം തന്നെ ആധുനികോത്തരമായ ഈ കോര്‍പറേറ്റ് ഹൈപ്പര്‍മാളില്‍ ഭയാനകമായി സന്ധിക്കുന്നു. സമത്വത്തിനും സാഹോദര്യത്തിനും വിപ്ലവത്തിനും വേണ്ടി, പ്രത്യയശാസ്ത്ര മദ്ധ്യസ്ഥതയില്‍ നാം ചോര്‍ത്തിയ മനുഷ്യരക്തം, കുലംകുത്തികളായ പാര്‍ട്ടിവിമതരില്‍നിന്ന്, ‘സ്മരണകളിരമ്പുന്ന’ വിപ്ലവപ്പോരാട്ടങ്ങളില്‍നിന്ന്, പകവീട്ടലിന്റെ നേര്‍പ്പോരുകളില്‍നിന്നും ഒളിപ്പോരുകളില്‍നിന്നും, ‘നമൊന്നെന്ന മന്ത്രവുമായി’ നാം ചിന്തിയ സോദരച്ചോര, എല്ലാം ഈ കൂറ്റന്‍സംഭരണികളില്‍ നിറച്ചിരിക്കുന്നു. നിന്ദയും വെറുപ്പും കൊലവെറിയും സിരകളില്‍ ആളിപ്പടര്‍ത്താന്‍, വീര്യവും ‘ചരിത്രശൗര്യ’വുമേറ്റാന്‍, സേവിക്കൂ ഈ ബലിരക്തതീര്‍ത്ഥം. ക്രൂരതയും ധീരതയും ഒന്നിക്കുന്ന, കൊല്ലല്‍ മോക്ഷപ്രദായകമാകുന്ന, ആദര്‍ശസുന്ദരബലിനിമിഷങ്ങളിത്. ചോരയൊഴുക്കലില്‍നാം അജയ്യര്‍. നരഭോജികളേ രക്തപാനികളേ, നരനരികളേ, ഘാതകരേവരൂ, കുടിക്കൂ, സഹജീവികളുടെ ബലിച്ചോര.

ചോരയുടെ ആഗോളവണിക്കുകള്‍ വിളിക്കുന്നു. രക്തദാഹികളേ, ഘാതികളേ, ഇതിലേ ഇതിലേ. ഏത് ബ്രാന്‍ഡ് രക്തവും ഈ മാളുകളില്‍ ലഭ്യം.’ നാടനും കാടനും വ്യാജവും നിജവും, ആണ്‍ചോരയും പെണ്‍ചോരയും റഷ്യനും ചൈനീസും കൊറിയനും ചിലിയനും വിയറ്റ്‌നാമീസും, ഇന്ത്യനും ഹിന്ദുസ്ഥാനും ഭാരതും’.എന്തും.

ആഴത്തില്‍ നിന്നു വരുന്ന മൊഴികള്‍

സമകാലീന മനുഷ്യന്റെ ഈ ഹിംസാവ്യഗ്രത, നരഭോജിത്വത്തോളം, പോന്ന ഭീകരത, ആത്മഘാതകത്വം, ലോകവിധ്വംസകത്വം, എവിടെ നിന്നു വരുന്നു? അതിനുത്തരം കിട്ടാന്‍ ഭൂമിയുടെ ആഴങ്ങളോളം അബോധത്തിന്റെ, ജന്തു പരിണാമത്തിന്റെ, ലോക ചരിത്രത്തിന്റെ, പ്രാചീന നിമിഷങ്ങളോളം പിന്നാക്കം പോവണം. ഹൈദഗര്‍ പറഞ്ഞ പോലെ എല്ലാത്തിന്റെയും തുടക്കത്തിലേക്ക്, തുടക്കത്തിന്റെ ഒടുക്കത്തിലേക്ക്.

എത്രയഗാധതലങ്ങളില്‍നിന്നുവരുന്നൂ
നമ്മുടെവന്യതവഞ്ചനഒറ്റുകള്‍പോലും

അയ്യപ്പപ്പണിക്കരുടെ കവിതയുടെ (‘കുടുംബപുരാണം’) പാരഡി. പുഞ്ചിരിമാത്രമല്ല, നമ്മുടെ തീരാപ്പകയും ചോരക്കൊതിയും എല്ലാംവരുന്നത് അബോധത്തിന്റെ ഭൂ ആഴങ്ങളില്‍നിന്നെന്ന് പണിക്കരുടെ ഉള്‍ക്കാഴ്ച ബഹുലമാക്കപ്പെടുന്നു.

കോര്‍പറേറ്റ് ‘ഞങ്ങള്‍ക്ക്’ ശേഷം മറ്റൊരു ‘നമ്മളും’ ‘ഞാനും’ ഭാഷകസ്ഥാനത്തിലെത്തുന്നുണ്ട്. മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുന്ന, നരിയാവുന്ന, നരഭോജിയാകുന്ന, രക്തപാനിയാകുന്ന, ആ ആദിമ വ്യതിയാന ബിന്ദുവേതെന്ന് ഈ മറുമൊഴി നമുക്കൊരു സൂചനതരും.

വനയാത്രയില്‍ നമുക്കിഷ്ടം
മല തരും കുളിര്‍ നീരും.
ആരോര്‍ക്കുന്നൂ അതില്‍ ആദിവാസികളുടെ
ചോരയും തേനും കണ്‍നീരുമുണ്ടെന്ന്.
തേനോ തണ്ണീരോ ചോരയോ
ഏതും മണ്‍നീര്‍, മണ്ണൂര്‍ജ്ജം.
ഏതും പെട്രോള്‍, ഇന്ധനം, മണ്‍ദാനം, വന്‍ ധനം.

ഇത് കവിതയുടെ സൂത്രവാക്യം. നൈതികവും ഭൗമരാഷ്ട്രീയപരവുമായ മനുഷ്യവിമര്‍ശം, ആത്മവിചാരണ, നരചരിത്രത്തിന്റെ സാരസംഗ്രഹം. എല്ലാം ഇതിലുണ്ട്. ഗോത്രജനതയുടെ കുടിമുടിച്ചാണ് നമ്മുടെ നാഗരികത തഴയ്ക്കുന്നത് എന്ന ചരിത്രസത്യം. സര്‍വ്വ ജീവികള്‍ക്കും അവകാശപ്പെട്ട മണ്ണിന്റെ ഊര്‍ജ്ജം,വരദാനം, ധനം, വിനിമയ വസ്തുവായി, വ്യവസായ ഉല്പന്നമായി, കൊള്ളലാഭമായി, അധികാരമായി, ആധിപത്യമായി, പരിവര്‍ത്തിതമാവുമ്പോള്‍ ദാനം, ധര്‍മ്മം, ഹതമാവുന്നു. ഭൂമിയെ, ഭൂസന്തതികളെ, സഹജീവികളെ, കുരുതി കൊടുത്ത് നരാധമന്മാര്‍ സര്‍വ്വാധിപതികളാവുന്ന കുടിലനേരങ്ങളില്‍, നരന്‍ നരിയായി, നരഭോജിയായി, ഹിംസ്രജന്തുവായി, പ്രതിരൂപാന്തരണം ചെയ്യുന്നു.

ആഗ്‌നേയമായ വെളിവുകള്‍

ഈ ആദിമബലി മൂഹൂര്‍ത്തങ്ങളുടെ നൈരന്തര്യം മദ്ധ്യകാലങ്ങളിലും ആധുനിക ആധുനികോത്തരകാലങ്ങളിലും കവിത കണ്ടെത്തുന്നുണ്ട്. പ്രാചീനമായ ബലിരാത്രികളുടെ, മദ്ധ്യകാല വൈരങ്ങളുടെ, ആധുനികമായ നരമേധങ്ങളുടെ, പരാവര്‍ത്തനമാണ് കോര്‍പറേറ്റ് യജമാനന്‍മാര്‍ ഇന്നു നേതൃത്വം നല്‍കുന്ന ബലിരക്ത സമാഹരണ യജ്ഞം. ‘ഇന്നലെയുടെ ബിനാമികള്‍’ എന്ന് മറ്റൊരു കവിതയില്‍ ഇവര്‍ നാമകരണം ചെയ്യപ്പെടുന്നുണ്ട്. (‘ഇന്നലെയുടെ ബിനാമികള്‍’, കൂര്‍മ്മം, 2025. മാതൃഭൂമി ബുക്ക്‌സ്). ‘ഭയാകാരം പാതക സമുച്ചയം അധികാരം’ എന്നും, ‘നരബലിയില്ലാതെ എവിടെയൊരു വിശ്വാസക്കൂട്ടം?’ എന്നും ഈ കോര്‍പറേറ്റ് ഭീകരതയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ ദൈവശാസ്ത്രത്തെ മറനീക്കിക്കാട്ടുന്നുണ്ട്. സാത്താന്‍ ഡോട്ട് കോം എന്ന് ആധുനികോത്തര ജ്ഞാനമുതലാളിത്തത്തിന്റെ ഈ പൈശാചിക സംരംഭങ്ങള്‍ മറ്റൊരിടത്ത് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. (‘മള്‍ട്ടിനാഷനല്‍’, കൂര്‍മ്മം). ഭൂമിയുടെ, സഹജീവികളുടെ കുരുതിച്ചോരയിലാണ് സമകാല ‘യജമാന’ വര്‍ഗങ്ങള്‍, അവരുടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതെന്നും, നരഭോജനത്തിന്റെയും രക്തപാനത്തിന്റെയും ബലിയുടെയും പൈശാചിക ഉല്‍സവങ്ങളാണ് അവര്‍ നമുക്കായൊരുക്കുന്നതെന്നും ‘ഇന്നലെയുടെ ഈ ബിനാമികള്‍ക്ക്’, ആധുനികോത്തര നരമേധകര്‍ക്ക്, മൗനസമ്മതി നല്‍കുന്ന നാമെല്ലാം ഒറ്റുകാരും പാതകികളുമെന്ന അറിവില്‍ നാം അന്തരാപിളരുന്നു.

ഏതു വിറ്റാലും എനിക്കും കിട്ടും മുപ്പത് ഡോളര്‍.
കിട്ടിയില്ലെങ്കിലോ?
ഞാനും ഹൈലി ഇന്‍ഫ്‌ലേമബിള്‍.

ഈ മുപ്പത് ഡോളര്‍ കോര്‍പറേറ്റ് കൊള്ള മുതലിന്റെ ഒരുപങ്കാണ്. ഭൂമിയുടെ വരദാനമായ ഊര്‍ജ്ജരാശികള്‍ വിറ്റ് മുടിച്ചതിന്റെ ലാഭവീതം. ചരിത്രം എന്ന ചതി പ്രസ്ഥാനത്തെ, ഭൂചോരണത്തിന്റെ രാഷ്ട്രീയ സമ്പ്ദ്‌വ്യവസ്ഥയെ, പിന്തുണയ്ക്കുന്നതിനുള്ള പ്രതിഫലം. കോര്‍പറേറ്റ് കാര്‍മ്മികത്വത്തില്‍ നടക്കുന്ന ബലിസത്രങ്ങള്‍ക്ക്, മൗന സമ്മതം നല്‍കുന്നതിനുള്ള നോക്കുകൂലി. പതഞ്ഞു പൊന്തുന്ന ആത്മരോഷത്തെ, പ്രതിരോധാഗ്നിയെ, നമുക്കുള്ളില്‍ത്തന്നെ തടഞ്ഞു നിര്‍ത്തുന്ന രോഷശമനി. ഈ ഭൂഹത്യയില്‍, ലോകഹത്യയില്‍, നമ്മെ പങ്കാളിയാക്കുന്ന മുപ്പത് വെള്ളിക്കാശ്. സഹജീവികളുടെ ബലിച്ചോര പുരണ്ട ഒറ്റുകാശ്. ഈ കൊള്ളവീതം നിലച്ചാല്‍, അതല്ലെങ്കില്‍ ഈ ഉടമ്പടിയില്‍ നിന്ന് പിന്തിരിഞ്ഞാല്‍, ‘ഞാന്‍’ ഒരു സ്‌ഫോടകവസ്തുവായി മാറും.

ഒറ്റുകാരനും നീതിപ്പോരാളിയും

ആഗ്‌നേയമായ ഈ വെളിവില്‍, ഇതേവരെ തടഞ്ഞു നിര്‍ത്തപ്പെട്ട ഭൗമക്ഷോഭം, ധര്‍മ്മരോഷം, തടകളെല്ലാം തകര്‍ക്കുന്ന ഉരുള്‍പ്പൊട്ടലാകുന്നു. ആ മലവെള്ളപ്പാച്ചിലില്‍ ധീരമായ തീരുമാനങ്ങളിലേക്ക് കവിതയിലെ ‘ഞാന്‍’ എറിയപ്പെടുന്നു. വിപ്ലവകരമായ ഈ വെളിപ്പെടല്‍ ഒറ്റുകാരനായ ‘എന്നെ’ ഭൗമ പ്രതിരോധത്തിന്റെ ഇന്ധനമാക്കുന്നു. ഭൂമിയുടെ ഒറ്റുകാരായ കോര്‍പറേറ്റ് യജമാനന്‍മാരെ, ഇന്നലെയുടെ ബിനാമികളെ, രക്തപങ്കിലമായ ഈ ചതിച്ചരിത്രത്തെ, ഒറ്റിക്കൊടുക്കുന്ന നീതിപ്പോരാളിയായി, ‘ഞാന്‍’ പൊട്ടിത്തെറിക്കുന്നു.

റിലീസ് ചെയ്യും ഞാന്‍
മനസാ നരികളായി നാം ചെയ്ത കൊലകള്‍.
ഒറ്റും ഞാനീ തേന്‍ തണ്ണീര്‍ ബലിച്ചോര ലേബല്‍
കീറും ഞാനീ വിപ്ലവ നാട്യ മേലങ്കികള്‍
വ്യാജമീ നെറ്റിപ്പട്ട ജാടകള്‍; ഇവ പല പല
സഹമരണബാങ്കുകളിലെ ജീവനും
വിസര്‍ജ്യദ്രവ്യങ്ങളുമെന്ന് വിളിച്ചു കൂവും;
ഒറ്റും ഞാന്‍ തുഛലാഭത്തിനായാലുമീ
കൂറ്റന്‍ ചതിച്ചരിത്ര സംഭരണി.

ഭീകരത നാടുവാഴുന്നത് ഭൂരിഭാഗം ജനങ്ങളെയും അതിന്റെ ഒറ്റുകാരാക്കിക്കൊണ്ടാണ്. ഒറ്റുകാശിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജനസമ്മതിയിലൂടെയാണ്. ഒറ്റിന്റെ ഈ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലാണ് ഭരണകൂടങ്ങള്‍, കോര്‍പറേറ്റ്‌സാമ്രാജ്യങ്ങള്‍ തങ്ങളുടെ വാഴ്ച നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഒറ്റിനെ ഒറ്റലാണ്, തന്നെത്തന്നെ ഒറ്റലാണ്, യഥാര്‍ത്ഥത്തില്‍ വിപ്ലവം, പ്രതിരോധം. വിസില്‍ ബ്ലോവറായും, വിപ്ലവകാരിയായും, പ്രതിരോധത്തിന്റെ മുന്നണിപ്പോരാളിയായും അധികാര ഭീകരതയെ, അനീതിയെ, ഫാസിസങ്ങളെ, കോര്‍പറേറ്റ് അതിക്രമങ്ങളെ, ചോദ്യം ചെയ്യുന്നവര്‍ ഒറ്റിനെ ഒറ്റുന്ന, തങ്ങളെത്തന്നെ ഒറ്റുന്ന, എതിര്‍ ഒറ്റുകാരാണ്. കോര്‍പറേറ്റ് ഭീകരക്രമത്തിന്റെ ഗൂഢാലോചനകളെ, നശീകരണ പദ്ധതികളെ, വഞ്ചനകളെ, പുറം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുന്ന എതിരൊറ്റുകാര്‍. കവിത പ്രതിരോധത്തിന്റെ മര്‍മ്മസത്യം തൊടുന്നു ഇവിടെ. നാഗരികതയുടെ, അധികാരത്തിന്റെ, പാതക ചരിത്രത്തെ, ബലിരക്തസത്രങ്ങളെ, മറനീക്കിക്കാട്ടുന്ന, ഭൗമരാഷ്ട്രീയത്തിന്റെ സ്‌ഫോടകമൊഴിയാവുന്നു അത്.

No Comments yet!

Your Email address will not be published.