ഒരമ്മ മകള്‍ക്ക് അയക്കുന്ന കത്തുകള്‍ എങ്ങനെ ഉള്ളതായിരിക്കും? അതും തടവിലുള്ള മകള്‍ക്ക്; അതിലുമേറെ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ശിക്ഷ അനുഭവിക്കുന്ന മകള്‍ക്ക് അയയ്ക്കുന്ന കത്തുകള്‍…? അവളുടെ ഏകാന്തതയിലും ഒറ്റപ്പെടലിലും ജീവന്റെ സുരക്ഷിതത്വത്തിലും ആരോഗ്യത്തിലും അമിതമായ ഉല്‍ക്കണ്ഠയും വേദനയും വാത്സല്യവും പ്രകടിപ്പിക്കുന്ന അതിവൈകാരികമായ കത്തുകളായിരിക്കും നമുക്ക് പരിചിതയായ ഒരു അമ്മയില്‍നിന്ന് പ്രതീക്ഷിക്കുക; അല്ലെ?
എന്നാല്‍, മന്ദാകിനി നാരായണന്‍, തിരുവനന്തപുരം പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലില്‍ 4143 ആം നമ്പര്‍ തടവുകാരിയായി കഴിഞ്ഞിരുന്ന കോമ്രേഡ് കെ അജിതയ്ക്ക് അയച്ച കത്തുകള്‍ അങ്ങനെയുള്ളതല്ല. അത്തരം സെന്റിമെന്റ്സ് ഒന്നും പ്രകടമായ രൂപത്തില്‍ അവയില്‍ കാണാനാവില്ല. അതേസമയം, താനും ഭര്‍ത്താവും മകളും അങ്ങേയറ്റം സുദൃഢമായി മുറുകെപ്പിടിച്ച രാഷ്ട്രീയ തത്ത്വശാസ്ത്രത്തെയും അതിന്റെ പ്രാദേശികവും അന്തര്‍ദേശീയവുമായ ചലനങ്ങളെയും പുറംലോകത്ത് നടക്കുന്ന കാര്യങ്ങളെയും തന്റെ ഒരു സഹപ്രവര്‍ത്തകയെ അപ്പോഴപ്പോള്‍ അറിയിക്കുന്ന രീതിയിലാണ് ഓരോ കത്തിലെയും പ്രതിപാദനം. സ്നേഹവാത്സല്യങ്ങള്‍ ഉള്ളിലൊളിപ്പിച്ച്, ഇങ്ങനെയും ഒരു അമ്മയ്ക്ക് എഴുതാന്‍ ആവുമോ എന്ന് നമുക്ക് സംശയം തോന്നും.
എഴുപതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടുക്കം സൃഷ്ടിച്ച നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഒരു കുടുംബമായിരുന്നു മന്ദാകിനിയുടേത്. ഗുജറാത്തിലെ ഭാവ് നഗറില്‍ ജനിച്ച് പതിനേഴാം വയസ്സില്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റവന്യൂവകുപ്പിലെ ജോലി വലിച്ചെറിയുകയും കമ്മ്യൂണിസ്റ്റുകാരനും മലയാളിയുമായ കുന്നിക്കല്‍ നാരായണനെ വിവാഹം കഴിക്കുകയും ചെയ്ത മാ, അടിസ്ഥാനപരമായി ഒരു റിബല്‍ ആയിരുന്നു. ആ രീതിയില്‍ തന്നെയാണ് മകള്‍ അജിതയെയും വളര്‍ത്തിക്കൊണ്ടുവന്നത് എന്ന് അജിതയുടെ ‘ഓര്‍മക്കുറിപ്പുകള്‍’ വായിച്ചവര്‍ക്കൊക്കെ അറിയാം. അതുകൊണ്ടുതന്നെയാവണം 16 കാരിയായ മകള്‍ വിപ്ലവപാത തിരഞ്ഞെടുത്ത് ജയിലില്‍ കഴിയേണ്ടി വന്നപ്പോള്‍ അതിവൈകാരികത പ്രകടിപ്പിക്കാത്ത, സൈദ്ധാന്തികമായ കരുത്ത് പകരുന്ന കത്തുകള്‍ അയക്കുവാന്‍ അവര്‍ ശ്രമിച്ചത്. അതിന്റെ അര്‍ത്ഥം മകളോട് അവര്‍ക്ക് സ്നേഹവും വാത്സല്യവും ഇല്ലായിരുന്നു എന്നല്ല. അത്തരം ദൗര്‍ബല്യങ്ങളുടെ പ്രകടനപരത വിപ്ലവാഭിനിവേശത്തെ തണുപ്പിച്ചുകളയും എന്നവര്‍ കരുതിക്കാണും. വിപ്ലവകാരികളുടെ രീതി അതാണല്ലോ. തന്റെ രോഗകാര്യങ്ങള്‍ മറച്ചു പിടിക്കാനും ആ അമ്മ ശ്രദ്ധിച്ചിരുന്നു. കത്തുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു അമ്മ എന്ന നിലയില്‍ അത്തരം വേദനകള്‍ അവര്‍ വിഴുങ്ങുകയായിരുന്നു.
‘മായുടെ കത്തുകള്‍’ എന്ന സമാഹാരത്തിന്റെ അവതാരികയില്‍ സമകാലിക മലയാളം എഡിറ്റര്‍ ആയിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ മന്ദാകിനിയോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അജിതയെ കാണാന്‍ പോയ സന്ദര്‍ഭം വിവരിക്കുന്നുണ്ട്: ”യാത്രയ്ക്കിടയില്‍ അവര്‍ നിശബ്ദയായിരുന്നു, ഒന്നും ഉരിയാടാതെ കടന്നുപോകുന്ന നഗരക്കാഴ്ചകള്‍ പോലും കാണാതെ അവര്‍ ഇരുന്നു. ജയിലിനകത്ത് പോകുന്ന അവര്‍ മടങ്ങിവരുന്നതും കാത്ത് കാറില്‍ ഞാന്‍ കഷ്ടിച്ച് ഒരു മണിക്കൂര്‍ നേരം…
മടങ്ങി വരുമ്പോള്‍ ഒരിക്കലും മായാത്ത ആ മുഖപ്രസാദത്തില്‍ സങ്കടത്തിന്റെ നിഴല്‍ കാണാമായിരുന്നു. വീണ്ടും മൗനം നിറഞ്ഞ മടക്കയാത്ര. ഉച്ചയോടെ ഓഫീസില്‍ എത്തി. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് ഒന്നോ രണ്ടോ വാക്കുകള്‍ കൈമാറിയ ശേഷം കോഴിക്കോട്ടേക്ക്”.
ഈ മൗനത്തിന്റെ അഗ്നിപര്‍വ്വതത്തില്‍ എരിയുന്ന ദുഃഖം ഒരു അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന സ്വകാര്യതയായിരിക്കാം. പതിനാറാം വയസ്സില്‍ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്തു തടവു ശിക്ഷ അനുഭവിക്കുന്ന മകളെ കുറ്റപ്പെടുത്തുവാനോ അവളുടെ തലവിധിയോര്‍ത്ത് സങ്കടപ്പെടുവാനോ പെടുത്തുവാനോ അല്ല, വിപ്ലവാശയങ്ങള്‍ക്ക് നിരന്തരം ഊര്‍ജ്ജം പകരാന്‍ ശ്രമിക്കുന്ന ഒരു അമ്മയെയാണ് ഈ കത്തുകളില്‍ കാണാന്‍ കഴിയുന്നത്. ചരിത്രത്തില്‍ ഇത്തരം ഒരു അമ്മ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായിരിക്കും. നക്സലൈറ്റ് പ്രസ്ഥാനത്തോടും അതിന്റെ വിപ്ലവ ആശയങ്ങളോടും ആഭിമുഖ്യമില്ലാത്തവര്‍ക്ക് പോലും ആദരംതോന്നുന്ന ആദര്‍ശദാര്‍ഢ്യം. ഈ സമാഹാരത്തിലെ ആദ്യ കത്തില്‍ തന്നെ മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.
04. ഡിസം 1972
”എന്റെ പ്രിയപ്പെട്ട അജി ബേട്ടി. ഞാന്‍ 23- 11- 72ന് നിനക്കൊരു കത്തയച്ചിരുന്നു. അത് നിന്റെ കൈകളില്‍ കിട്ടിക്കാണും എന്ന് കരുതുന്നു. നീ ഇവിടെ നിന്ന് പോയതില്‍ പിന്നെ ഒരു വിവരവുമില്ലല്ലോ നീ ജീവിച്ചിരിക്കുന്നോ അതോ കൊല്ലപ്പെട്ടോ?…
‘ഊഷ്മളമായ വിപ്ലവാഭിവാദനങ്ങളോടെ” അവസാനിപ്പിക്കുന്ന മായുടെ ഈ സെന്‍സര്‍ ചെയ്ത കത്തുകള്‍ പോലും ഭരണവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അപകടകരമായി തോന്നിയേക്കാം എന്ന് പറയുന്നുണ്ട്. അച്ഛനെ രഹസ്യ പോലിസില്‍ നിന്നും രക്ഷിക്കാന്‍ മകള്‍ക്ക് കള്ളം പറഞ്ഞ് കത്തെഴുതിയ അമ്മയെയും ഇതില്‍ കാണാം എന്ന് കത്തുകളുടെ സമ്പാദകനായ സജി ജെയിംസ് വ്യക്തമാക്കുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും ഇക്കാര്യത്തില്‍ ബോധവാനായിരുന്നു. അദ്ദേഹം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്തിരിക്കുമ്പോള്‍ സാധാരണ വേഷം ധരിച്ച രണ്ടുപേര്‍ തന്നെ പിന്തുടരുന്നതുപോലെ തോന്നുന്നുവെന്ന് ഒരു പോസ്റ്റ് കാര്‍ഡില്‍ ഭാര്യയെ അറിയിച്ചു. തന്നില്‍ നിന്നും ഒരു സന്ദേശവും ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടി വേണ്ടതുപോലെ ചെയ്യുവാനും അതില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തെക്കുറിച്ച് അതിനുമുമ്പ് എഴുതിയ ഒരു കത്തില്‍ മന്ദാകിനി ഇങ്ങനെ എഴുതിയിട്ടുണ്ട്:
”24 മണിക്കൂറും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ക്രമസമാധാനത്തിന്റെ വക്കീലന്മാര്‍ അച്ഛനെ വഴിമധ്യേ അപഹരിക്കാനുള്ള സാധ്യത വലുതാണ്.”
സെന്‍സര്‍ ചെയ്യപ്പെട്ടതിന് ശേഷവും മകള്‍ക്ക് വായിക്കാന്‍ കിട്ടുന്ന കത്തുകളില്‍ എന്തെല്ലാം എഴുതാം എഴുതാതിരിക്കാം എന്നതിനെക്കുറിച്ച് തികഞ്ഞ ബോധത്തോടുകൂടിയാണ് അവര്‍ എഴുതിയത്. ഇംഗ്ലീഷില്‍ എഴുതപ്പെട്ട ഈ ലിഖിതങ്ങള്‍ പിന്നീട് പുസ്തകത്തിന് വേണ്ടി വിവര്‍ത്തനം ചെയ്യുകയായിരുന്നു. മലയാളത്തിലും എഴുതിക്കൂടെ എന്ന് ഇടയ്ക്കെപ്പോഴോ മകള്‍ ചോദിച്ചിട്ടും തനിക്ക് കൂടുതല്‍ വഴങ്ങുന്ന ഭാഷയില്‍ തുടരുകയായിരുന്നു മന്ദാകിനി. ക്രോണിക് ബ്രോങ്കൈറ്റിസ് രോഗിയായിരുന്ന മാ സ്വയം കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോഴും കുടുംബാംഗങ്ങളില്‍ നിന്നും ചുറ്റുപാടുള്ളവരില്‍ നിന്നും ഒറ്റപ്പെടലും അവഹേളനങ്ങളും നേരിടുമ്പോഴും തനിക്ക് മാനസികമായി ശക്തി പകരാനാണ് ശ്രമിച്ചതെന്ന് അജിത തന്നെ പറഞ്ഞിട്ടുണ്ട്.
മകളുടെ വിപ്ലവാവേശം ആളിക്കത്തിക്കുന്നതിനും രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ഈ അമ്മ ചിലപ്പോള്‍ ചില കഥകള്‍ എഴുതുന്നു; പുറംലോകത്ത് നടക്കുന്ന സമകാലീന, അന്താരാഷ്ട്രീയ ചലനങ്ങള്‍ അപ്പോഴപ്പോള്‍ അറിയിക്കുന്നു; ചില കത്തിനുള്ളില്‍ മറ്റു കത്തുകള്‍ ഉദ്ധരിക്കുന്നു. രാഷ്ട്രീയ വായനയെ സഹായിക്കുന്ന പുസ്തകങ്ങള്‍ അയച്ചു കൊടുക്കാന്‍ ശ്രമിക്കുന്നു. ഒരു കത്തില്‍ എഴുതുന്നു:
”നിന്നെ പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് ആക്കിയത് സത്യത്തില്‍ ഉപകാരമായി. മാര്‍ക്സിന്റേയും എംഗല്‍സിന്റേയും ലെനിന്റേയും കൃതികള്‍ ശ്രദ്ധയോടെ പഠിക്കാനുള്ള സമയം കൂടുതല്‍ ലഭിക്കാന്‍ അത് സഹായകമാകും”
1973 ഫെബ്രു: 12ന് അയച്ച കത്തില്‍ തുടരുന്നു: ”കഷ്ടപ്പാടുകളും ദുരിതങ്ങളുമൊക്കെ വിപ്ലവകാരികളെ പരീക്ഷിക്കാനും പാകപ്പെടുത്താനും ഉള്ളവയാണെന്ന് ഞാന്‍ കരുതുന്നു. ഏത് വിജയകരമായ വിപ്ലവത്തിലാണ് വിപ്ലവകാരികള്‍ക്ക് സുഖകരമായ ഒരു സമയം ഉണ്ടായിരുന്നത്? …..കഷ്ടപ്പെടാത്ത വിപ്ലവകാരികള്‍ ഒരിക്കലും വിപ്ലവകാരികളല്ല.”
മറ്റൊരു കത്തില്‍ വിപ്ലവാത്മകമായ ശുഭാപ്തി വിശ്വാസത്തോടെ തൂക്കുമരം കാത്തിരിക്കുന്ന സഖാവ് നാഗ്ഭൂഷന്‍ പട്നായിക്കിന്റെ വാക്കുകളാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മകള്‍ക്ക് ആവേശം പകരുന്നതിനായി ഉദ്ധരിക്കുന്നത്.
ഇതിനിടെ ഭര്‍ത്താവായ കുന്നിക്കല്‍ നാരായണനെ പോലിസ് തട്ടിക്കൊണ്ടുപോയതിനേയും അതിനെതിരേ നിയമനടപടി സ്വീകരിച്ചതിനെയും കുറിച്ചെല്ലാം അവര്‍ അജിതയെ അറിയിക്കുന്നുണ്ട്.
”അച്ഛ അണ്ടര്‍ ഗ്രൗണ്ടില്‍ പോയിരിക്കുകയാണെന്നും മറ്റുമുള്ള വൃത്തികെട്ട കുപ്രചാരണങ്ങളാണ് അവര്‍ നടത്തുന്നത്. സത്യത്തില്‍ അവര്‍ തന്നെയായിരിക്കും അദ്ദേഹത്തെ എങ്ങോട്ടെങ്കിലും കൊണ്ടുപോയിരിക്കുന്നത്”.
അജിതയുടെ സുഖവിവരം അന്വേഷിച്ച പഴയ ഒരു സഹപാഠിയോട് മാ പറഞ്ഞത് അവളിപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ പൊളിറ്റിക്സില്‍ എം എ ചെയ്യുകയാണെന്നാണ്. വായിച്ചും റേഡിയോ കേട്ടും സുഹൃത്തുക്കളെ സന്ദര്‍ശിച്ചും മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങിയും വീട്ടുജോലികള്‍ ചെയ്തും സമയം ചെലവഴിക്കുന്ന തന്റെ ഒരു ചിത്രം മകള്‍ക്ക് നല്‍കാന്‍ അവര്‍ ശ്രമിക്കുന്നില്ല.
ഒരു കത്തില്‍ ഹോച്ചിമിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്:
”എന്റെ ശരീരം തടവിലാണ്” പക്ഷേ, എന്റെ മനസ്സ് അതിന് പുറത്തേക്ക് രക്ഷപ്പെട്ടിരിക്കുന്നു. വലിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ മനസ്സ് വലിയതായിരിക്കണം പാകപ്പെട്ടതും”.
കേരളത്തിലെ രാഷ്ട്രീയസംഭവങ്ങള്‍ വിലയിരുത്തുന്ന മറ്റൊരു കത്തില്‍ മന്ദാകിനിയുടെ നര്‍മബോധവും പ്രകടമാണ്.
”അച്യുതമേനോന്‍ മന്ത്രിസഭ താഴെ വീഴുമെന്നൊരു ശ്രുതിയുണ്ട്. അയാളുടെ പകരക്കാരനാവാന്‍ ഇ എം എസ് കാത്തിരിക്കുന്നു. അവര്‍ ഒരു ഡ്യുയറ്റ് (യുഗ്മഗാനം) നടത്തുകയാണ്..” (6-6-1973)
ഈ സുദൃഢമായ രാഷ്ട്രീയവിശ്വാസത്തിലും ഇടയ്ക്ക് തനിക്ക് ചാഞ്ചല്യമുണ്ടാകുന്നുണ്ടെന്ന് തുറന്നുപറയാനും അത് തനിക്കുള്ള വര്‍ ഗസ്വഭാവം കൊണ്ടാണെന്ന് തിരിച്ചറിയാനും മന്ദാകിനി മടിക്കുന്നില്ല.
”ചിലപ്പോഴൊക്കെ നമ്മുടെ ക്ലാസ്ഒറിജിന്‍ മൂലം എന്തോ ഒരു ചഞ്ചലത ഉണ്ടാകാറുണ്ട്. പക്ഷേ, ചെയര്‍മാന്‍ മാവോയുടെ വിപ്ലവപാതയിലൂടെ മുന്നേറാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്.”
‘മാ’ എന്ന് ഇടതുപക്ഷക്കാര്‍ അരുമയോടെ വിളിക്കുന്ന മന്ദാകിനി നാരായണന്റെയോ കുടുംബത്തിന്റെയോ രാഷ്ട്രീയ സൈദ്ധാന്തികതയോടുള്ള താല്‍പ്പര്യമൊന്നുമല്ല ഈ ലേഖനത്തിനു കാരണം. ആ അമ്മയുടെ മനസ്സ് വായിക്കാനുള്ള ഒരു ശ്രമം മാത്രം. മായുടെ ജന്‍മശതാബ്ദി വര്‍ഷമാണിത്. ഏതാനും വര്‍ഷം മുമ്പ്, ആ പുസ്തകം വായിച്ചപ്പോള്‍ എഴുതിയതാണ്. പ്രസിദ്ധീകരിക്കുന്നത് ഇപ്പോഴാണെന്നുമാത്രം!





No Comments yet!