Skip to main content

‘മഹാനടനം’ എന്‍ പ്രഭാകരന്റെ ആഖ്യാനത്തുടര്‍ച്ചകളും ഇടര്‍ച്ചകളും

എന്‍ പ്രഭാകരന്റെ ഏറ്റവും പുതിയ നോവല്‍ വായനക്കാരുടെ മുന്നില്‍ തുറന്നിടുന്നത് പുതിയൊരു ലോകവീക്ഷണമാണ്.

ഒരര്‍ത്ഥത്തില്‍ ‘തീയൂര്‍ രേഖ’കളുടേയും ‘ജനകഥ’യുടേയും തുടര്‍ച്ചയായി മഹാനടനത്തെ കാണാവുന്നതാണ്. ‘മായാമനുഷ്യര്‍’ അവതരിപ്പിക്കാന്‍ ശ്രമിച്ച ലോകവീക്ഷണത്തിന്റെ നിഷേധവുമാണത്. ഇത്തരത്തിലുള്ള നിരവധി തുടര്‍ച്ചകളുടേയും ഇടര്‍ച്ചകളുടേയും ആഖ്യാനമാണ് എന്‍ പ്രഭാകരന്റേത്.

എഴുത്തിന്റെ സാങ്കേതികമായ രൂപത്തിലുള്ള തുടര്‍ച്ചകളേയും ഇടര്‍ച്ചകളേയുമല്ല ഇവിടെ പരിഗണിക്കുന്നത്. ഒരെഴുത്തുകാരന്റെ നൈതികവും രാഷ്ട്രീയപരവും സര്‍ഗാത്മകവുമായ നിലപാടുകളുടെ തുടര്‍ച്ചകളും ഇടര്‍ച്ചകളും രചനകളില്‍ അടയാളപ്പെട്ടു കിടക്കും.

ഇത് ബോധപൂര്‍വ്വമായി സംഭവിക്കുന്നതാകണമെന്നില്ല. ചരിത്രത്തിന്റെയും മാനവിക ചിന്തയുടേയും ഉദാരമായ നോട്ടത്തില്‍ മനുഷ്യന്‍ ഏറ്റവും നിസ്സാരനായ ജീവിയായാണ് കാണപ്പെടുക എന്നത് ഈ നോവലിസ്റ്റ് അവതരിപ്പിക്കുന്ന മൗലികമായ ഉള്‍ക്കാഴ്ച്ചയാണ്. മുന്‍ നോവലുകള്‍ അപൂര്‍ണമായി അവശേഷിപ്പിച്ച ഇത്തരമൊരു ദര്‍ശനത്തിന് സ്വാഭാവികമായ തുടര്‍ച്ച കണ്ടെത്താനാണ് ‘മഹാനടനം’ ശ്രമിക്കുന്നത്.

ഈ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ‘മഹാഖ്യാന’ സങ്കല്‍പ്പം മാത്രമല്ല ‘അന്യനെ’ നിസ്സാരനായി കാണുകയും ‘അന്യ ജീവിത’ങ്ങളെ വളമാക്കി സ്വന്തം മഹത്വത്തേയും ഗരിമയേയും ഊട്ടി വളര്‍ത്തുകയും ചെയ്യുന്ന നായക (നായികാ) സങ്കല്‍പ്പങ്ങളെയെല്ലാം പരിത്യജിക്കുകയാണ് ‘മഹാനടനം’. സാരമെന്നും നിസ്സാരമെന്നുമുള്ള വേര്‍തിരിവുകള്‍ എവിടെയും രൂപപ്പെടാന്‍ അവസരം നല്‍കാത്ത അത്യന്തം ഉദാരമായ കാരുണ്യത്തിന്റെ ലോകമാണിത്. ബുദ്ധന്റെ ദര്‍ശനമാണ് ആഖ്യാനത്തിന്റെ വെളിച്ചമാകുന്നത്.

ഉയരെയുമല്ല, കീഴെയുമല്ല മധ്യപാതയാണ് തന്റെ വഴി- എന്ന നോവലിലെ ഗഗന്റെ ചിന്തയോട് ആഖ്യാനം നീതിപുലര്‍ത്തുന്നു. സാരമുള്ളതിനെ നിസ്സാരമായും നിസ്സാരമായവയെയെല്ലാം സാരമുള്ളതുമാക്കുന്ന ഈ വിപരീത ദര്‍ശനം നമ്മുടെ നോവല്‍ ലോകത്തിന് പരിചിതമല്ലാത്ത രീതിയിലുള്ള രാഷ്ട്രീയ ദുരധികാര നിഷേധത്തിന്റെ വഴിയൊരുക്കലാണെന്ന് കാണാന്‍ നിരൂപണത്തിന് കഴിയേണ്ടതാണ്.

യഥാര്‍ത്ഥത്തില്‍ എന്‍ പ്രഭാകരന്റെ നോവലുകളോരോന്നും മുമ്പ് നിലവിലിരുന്ന ‘മഹാഖ്യാന’ത്തിന്റേയും ‘മഹത്തര’ സങ്കല്‍പ്പത്തിന്റേയും നിഷേധങ്ങളായാണ് പ്രത്യേകം പ്രത്യേകമായി അവതരിച്ചതെങ്കിലും അവയെല്ലാം ചേര്‍ന്ന് അവസാനിക്കാന്‍ കൂട്ടാക്കാത്ത ഒരു ‘മഹാഖ്യാന’ത്തിന്റെ തുടരുന്ന അധ്യായങ്ങളായിത്തീരുകയാണ് ചെയ്തത് എന്ന് കഴിഞ്ഞ അരനൂറ്റാണ്ടിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. പുതിയ നോവലിനെയും അത്തരമൊരു മഹാഖ്യാനത്തിന്റെ ഒടുവിലത്തെ കണ്ണിയായി കാണാനാണ് ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്. യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും കൈയിലൊതുക്കാനും മെരുക്കിയെടുക്കാനും വേണ്ടിയുള്ള സാഹസികമായ ശ്രമമാണ് ഓരോ നോവലിന്റേയും ആഖ്യാനത്തിന് പിന്നിലെന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക് ദീര്‍ഘമായ ഒരു ആഖ്യാനത്തിന്റെ തുടര്‍ച്ചകളായേ ‘മഹാനടന’മുള്‍പ്പെടെയുള്ള പ്രഭാകരന്റെ നോവലുകളെയെല്ലാം കാണാന്‍ കഴിയുകയുള്ളു. ഒട്ടും അനുകൂലമല്ലാത്ത ഇന്നത്തെ ജീവിതാവസ്ഥകളോടും സാഹചര്യങ്ങളോടും എതിരിട്ട് ജീവിതമെന്ന ‘ആചാരം’ മുന്നോട്ട് കൊണ്ടുപോകാന്‍ സാഹസപ്പെടുന്ന ഒരു സാധാരണ മനുഷ്യന്റെ ശ്രമത്തില്‍ നിന്ന് ഒട്ടു വ്യത്യസ്തമല്ല എന്‍ പ്രഭാകരന്‍ എന്ന നോവലെഴുത്തുകാരന്റെയും തുടര്‍ച്ചയായുള്ള ആഖ്യാനശ്രമങ്ങളും. ജയമോ പരാജയമോ ആകട്ടെ അതിജീവനമാണ് മുഖ്യമായ കാര്യം. പുതിയ നോവലായ ‘മഹാനടന’വും ഉറക്കെയും മൗനമായും പ്രക്ഷേപിക്കുന്ന സന്ദേശമിതാണ്. ജൈവികമായ വാസനകളാലോ ഉള്‍പ്രേരണകള്‍ നിമിത്തമോ തുടരുന്ന കഥാഖ്യാനത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായം മാത്രമായി പുതിയ നോവലിനെ കാണാനാണ് ഇവിടെ താല്‍പ്പര്യപ്പെടുന്നത്.

ആകെ ഇരുപത്തിയൊന്ന് അധ്യായങ്ങളായി വേര്‍തിരിച്ച 146 പേജുകളുള്ള നോവലാണ് ‘മഹാനടനം’. ഡോ. ജൈനിമോള്‍ കെ വി എഴുതിയ ‘ജീവിതത്തിന്റെ മഹാനടനം’ എന്ന ആസ്വാദനക്കുറിപ്പും നോവലിന്റെ അവസാനം ചേര്‍ത്തിരിക്കുന്നു.

വാസ്തവത്തില്‍ ഓരോരുത്തരുടെ ജീവിതവും മഹത്തായ ഒരു നാടകാഭിനയമാണെന്ന ആശയം കലയിലും സാഹിത്യത്തിലും തത്ത്വചിന്തയിലും നൂറ്റാണ്ടുകളായി നിലവിലുള്ളതാണ്. ഒട്ടും ‘മൗലിക’മല്ലാത്ത ഇത്തരമൊരാശയത്തെ കേന്ദ്രീകരിച്ച് പലവിധത്തിലും മൗലികതയുള്ള ഒരു നോവല്‍ രചിക്കാനും പൂര്‍ത്തീകരിക്കാനും സാധിച്ചത് എഴുത്തുജീവിതത്തിലാര്‍ജ്ജിച്ച വലിയ നേട്ടമായാണ് കാണുന്നത്. ഈ പശ്ചാത്തലത്തില്‍ ജീവിതമെന്ന ഏറെ പഴകിയ ‘ആചാര’ത്തിന് സഹസ്രാബ്ദങ്ങളായി പുതിയ പുതിയ ആവിഷ്‌കാര രൂപങ്ങള്‍ കണ്ടെത്തുന്ന ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളുടെ ജൈവികമായ ‘മൗലികത്വ’ത്തെ അനുസ്മരിപ്പിക്കുന്നതാണ് എന്‍ പ്രഭാകരന്റെ നോവലിന്റെ ആഖ്യാനവും.

‘മഹാനടന’ത്തിലെ മിക്കവാറും എല്ലാ മനുഷ്യരുടേയും വ്യക്തിത്വരൂപീകരണത്തില്‍ ജീവിതാസക്തിയുടേയും മൃത്യുവാഞ്ഛയുടേയും വിപരീത പ്രേരണകള്‍ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നത് നമ്മെ ഒട്ടും അത്ഭുതപ്പെടുത്തുകയില്ല. ഈ എഴുത്തുകാരന്റെ സര്‍ഗാത്മകചോദനയെ ആരംഭകാലം തൊട്ടേ ത്രസിപ്പിച്ചു പോന്ന വിരുദ്ധശക്തികളാണവ രണ്ടും. ഏറ്റക്കുറച്ചിലുകളോടെ കഥകളിലും നോവലുകളിലും ആ ചോദനകള്‍ രണ്ടും തുടര്‍ച്ചയായ സ്വാധീനശക്തികളായി പ്രവര്‍ത്തിച്ചുപോന്നിട്ടുണ്ട്. ‘കാട്ടാടി’ന്റെ അന്ത്യത്തില്‍ കേട്ട ജോര്‍ജ്കുട്ടിയുടെ ഉന്മത്തമായ നിലവിളിശബ്ദം ഈ വൈരുദ്ധ്യങ്ങളുടെ കൂടിച്ചേര്‍ച്ചയുടെ ആദിമരൂപമായി കേള്‍ക്കാവുന്നതാണ്. ആ നിലവിളി ജീവിതമരണങ്ങളെ ഒരേസമയം ഉറക്കെ പ്രഘോഷിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന വിധത്തില്‍ പ്രഭാകരന്റെ രചനയുടെ ലോകത്തില്‍ അവസാനമില്ലാത്ത മുഴക്കം ഇടതടവില്ലാതെ കേള്‍പ്പിക്കുന്നുണ്ട്.

വീടിന്റെ നടുമുറ്റത്ത് ചിരട്ടയും ചകിരിയും കൂട്ടി തീക്കുണ്ഡം സൃഷ്ടിച്ച് ഭാര്യയെ സാക്ഷിയാക്കി നിര്‍ത്തി താണ്ഡവ നൃത്തം ചവിട്ടുകയാണ് ‘മഹാനടന’ത്തിലെ ‘അപ്രസക്ത’രില്‍ ‘അപ്രസക്ത’നായി ഗണിക്കപ്പെടുന്ന ചിണ്ടന്‍ എന്ന ‘മന്ത്രവാദി’. ഒരേസമയം ഹാസ്യവും ദുരന്തവും തമ്മില്‍ ഇണചേരുന്ന വിധത്തില്‍ ചിണ്ടന്റെ ‘മഹാനടന’ത്തിന്റെ അവസാനമാകുന്നത് പെട്ടെന്ന് തീക്കൂനയിലേക്കുള്ള അയാളുടെ ബോധപൂര്‍വ്വമുള്ള വീഴ്ചയിലാണ്. ഒരേയൊരു അധ്യായത്തില്‍ മാത്രം പ്രത്യക്ഷപ്പെടുകയും അതോടെ അവിടെത്തന്നെ അവസാനിക്കുകയും ചെയ്യുന്ന ‘ശ്മശാന നടന’ത്തിന്റെ അന്ത്യരംഗം മറ്റുള്ള അധ്യായങ്ങളിലും മൃദുലമോ ചടുലമോ ആയ രൂപങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. നോവലില്‍ ഒന്നിന് പിറകെ മറ്റൊന്നായി പ്രത്യക്ഷപ്പെടുന്ന നിരവധി ‘അപ്രസക്ത’ പാത്രങ്ങളുടെ വ്യക്തിത്വരൂപീകരണത്തേയും ശിഥിലീകരണത്തേയും ചിണ്ടന്റെ കഥ ആലങ്കാരികമായി പ്രതീകവല്‍ക്കരിക്കുന്നുണ്ട്.

എന്‍ പ്രഭാകരന്റെ ‘മായാമനുഷ്യര്‍’ (2019) എന്ന നോവലിനെക്കുറിച്ചുള്ള അഞ്ചുവര്‍ഷം മുമ്പത്തെ ചിന്തകളില്‍ (നെടുകെ പിളര്‍ന്ന ശീര്‍ഷകം, നിശ്ശബ്ദനിലവിളികള്‍ 2021) ഇപ്രകാരം ഒരു നിരീക്ഷണം ഉള്‍ക്കൊള്ളുന്നുണ്ട്. ആരംഭത്തില്‍ സൂചിപ്പിച്ച ‘മായാമനുഷ്യര്‍’ എന്ന നോവലിന്റെ നിലപാടുകളോടുള്ള വിയോജിപ്പുകള്‍ അവിടെ പ്രകടിപ്പിക്കപ്പെടുന്നത് ഇപ്രകാരമാണ്.

എന്‍ പ്രഭാകരന്റെ മുമ്പുള്ള കൃതികളില്‍ നിന്നുള്ള പ്രകടമായ വ്യതിയാനമാണ്, ചരിത്രത്തിന്റെ ഇടര്‍ച്ചയാണ്, മായാമനുഷ്യരെന്ന നോവലെന്ന് അന്ന് വ്യക്തമാക്കിയത് ഓര്‍മിപ്പിക്കേണ്ട സന്ദര്‍ഭംകൂടിയാണിത്:

‘അടിത്തട്ടുകളിലെ അനുഭവജീവിതവും മുകളില്‍ രൂപപ്പെട്ടു വരുന്ന ആശയജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളുമാണ് ‘മായാമനുഷ്യര്‍’ പോലുള്ള ഒരു നോവലിനെ മലയാളത്തില്‍ സാധ്യമാക്കിത്തീര്‍ക്കുന്നത്. ഇത് ഇന്ന് ഊന്നിപ്പറയേണ്ട അവസ്ഥയുണ്ട്. മറ്റേത് വിപണി വസ്തുക്കളേയും പോലെ സര്‍ഗാത്മക രചനകളേയും സുഭഗവും സുന്ദരവുമാക്കി കൊണ്ടാടേണ്ട ഉത്തരവാദിത്തം വിമര്‍ശനത്തിനില്ല’

നോവല്‍ രചനപോലെ വിമര്‍ശനവും ഇന്ന് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും നേരിടേണ്ട വെല്ലുവിളിയും വളരെ വലുതാണെന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്തത്. ആ ഉത്തരവാദിത്തങ്ങളേയും വെല്ലുവിളികളേയും ഒരു നോവലിന്റെ രചനയില്‍ മറക്കുകയാണെന്ന് തോന്നലുണ്ടായപ്പോഴാണ് വിമര്‍ശകന്റെ തൂലിക ലക്ഷ്യവേധിയായി മുനകൂര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

‘മായാപരത’ യുടെ ഒരു മിഥ്യാലോകം ഗഗന് വേണ്ടി നോവലില്‍ മെനഞ്ഞെടുക്കപ്പെടുന്നത് അടിത്തട്ടുകളിലും അരികുകളിലും പുറന്തള്ളുന്ന അനവധി യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടാണ്. അവയുടെ ഞരക്കങ്ങളും നിശ്ശബ്ദതകളും നോവലിന്റെ അകത്തളത്തില്‍ നിന്നുയരുന്നത് ‘മായാമനുഷ്യര്‍’ എന്ന ശീര്‍ഷകത്തെ നെടുകെ രണ്ടാക്കി പിളര്‍ക്കുന്നു.’ (നിശ്ശബ്ദനിലവിളികള്‍)

ഇന്ന് ‘മഹാനടന’ത്തിന്റെ വായനയില്‍ ‘മായാമനുഷ്യ’രുടെ മിഥ്യാലോകത്തില്‍ നിന്ന് അശരണരും അപ്രസക്തരുമായ മനുഷ്യരുടെ ജീവിതനടനങ്ങളുടെ ദ്രുതവും മന്ദവുമായ താളങ്ങളിലേക്ക് എന്‍ പ്രഭാകരന്റെ ആഖ്യാനം ഒരിക്കല്‍ക്കൂടി ചുവടുറപ്പിക്കുകയാണെന്ന് തിരിച്ചറിയുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്.

 

No Comments yet!

Your Email address will not be published.