Skip to main content

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വര്‍ഗീയതയും

ടി ജി ജേക്കബ്

കേരളത്തിലെ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി, പ്രത്യേകിച്ച് അതിലെ പ്രധാന പങ്കാളിയായ സിപിഐ (എം) വര്‍ഗീയ വിരുദ്ധം എന്നത് അതിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാക്കിയിരുന്നു. പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളെല്ലാം വര്‍ഗീയ പാര്‍ട്ടികളാണെന്ന് അത് കുറ്റപ്പെടുത്തി. (ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ പാര്‍ട്ടികളെല്ലാമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിരുന്നു.) ഒരേയൊരു മതേതര ജനാധിപത്യ പാര്‍ട്ടി സിപിഐ(എം) മാത്രമാണെന്ന് കാണിക്കാന്‍ അന്ന് കഴിയുന്നതൊക്കെ ചെയ്യുകയുമുണ്ടായി.

തിരഞ്ഞെടുപ്പുകാലത്തുതന്നെ കാര്യവിവരമുള്ള രാഷ്ട്രീയനിരീക്ഷകര്‍ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ അവകാശവാദം മുഖവിലയ്‌ക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അല്‍പ്പംമുമ്പവസാനിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പതിമൂന്നാം കോണ്‍ഗ്രസ് ഇത് സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം പൂര്‍ണമായ തെളിവോടെ നല്‍കുകയുണ്ടായി. ഇതോടനുബന്ധിച്ച് നടന്ന ‘പരസ്യപ്പൂരം’ എല്ലാത്തരം അന്ധമായ വര്‍ഗീയ വികാരങ്ങളെയും നിര്‍ലജ്ജം പ്രീണിപ്പിക്കുന്ന അവസരവാദപരവും അപകടകരവുമായ നിലപാടിനെയാണ് അസന്നിഗ്ധമായ വിധത്തില്‍ കാണിച്ചുതന്നത്.

അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയപശ്ചാത്തലം ഇതിനെ മനസ്സിലാക്കാന്‍ സഹായിക്കുന്നു. കേന്ദ്രത്തിലെ ഭരണകക്ഷി ഭൂരിപക്ഷ വര്‍ഗീയതയാണ് അതിന്റെ പ്രത്യയശാസ്ത്രമെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ വോട്ട് പിടുത്തം പ്രധാനമായും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. സിപിഐ (എം) ഇത് കാണാതിരുന്നില്ല. ഭരണകക്ഷിയെ അതിന്റെ കളിയില്‍ത്തന്നെ തോല്‍പ്പിക്കാനാണ് ഇപ്പോള്‍ സിപിഐ(എം) ശ്രമിക്കുന്നത്. അല്ലെങ്കില്‍ അതിന് പൂരകമായ വിധത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സ്വന്തം വിലപേശാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്തുനടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ‘പ്രകടന വിദ്യ’ ഈ പ്രത്യയശാസ്ത്രപരമായ അവസരവാദത്തെ ഫലപ്രദമായ വിധത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

സിപിഐ(എം) കൂസലില്ലാതെ ഉപയോഗിക്കുന്ന ഇരട്ടത്താപ്പ് പതിമൂന്നാം കോണ്‍ഗ്രസ് നടന്നപ്പോള്‍ തികച്ചും തെളിയുകയുണ്ടായി. ഒരു വശത്ത് സ്വന്തം വര്‍ഗീയ വിരുദ്ധ വിശ്വാസങ്ങളെക്കുറിച്ച് അവര്‍ പുരപ്പുറത്ത് നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതേസമയത്ത് അധികാര രാഷ്ട്രീയത്തില്‍ സ്വയം കാര്യങ്ങള്‍ നേടാനുള്ള മാര്‍ഗമായി ഉറച്ച വര്‍ഗീയ വികാരങ്ങളേയും സ്ഥാപിതതാല്‍പ്പര്യങ്ങളെയും ഇണക്കി നിര്‍ത്തുക എന്ന കുറ്റകരമായ നയം തുടരുകയും ചെയ്തു.

തിരുവനന്തപുരം നഗരത്തിന്റെ എല്ലാ ഭാഗത്തും പരിസരങ്ങളിലും നിരത്തിയിരുന്ന വലിയ ചിത്രീകരണങ്ങള്‍ നേരിട്ട് വര്‍ഗീയ സ്വഭാവമുള്ളവയായിരുന്നു. ചില പ്രാതിനിധ്യ സ്വഭാവമുള്ളവയുടെ ഫോട്ടോകള്‍ ഇവിടെ ചേര്‍ക്കുന്നത് ഇക്കാര്യം സംശയാതീതമാവിധം തെളിയിക്കും. ഹിന്ദു വര്‍ഗീയതയെ പൊക്കിപ്പിടിക്കുന്നതിനായിരുന്നു പ്രധാന ശ്രമം. എങ്കിലും മറ്റു വര്‍ഗീയ താല്‍പര്യങ്ങളും തീരെ ഉപേക്ഷിച്ചിരുന്നില്ല.

ഫ്യൂഡലിസം കേരളത്തില്‍നിന്ന് നാടുനീങ്ങി എന്നാരു പറഞ്ഞു? സിപിഐ(എം) പറയുന്നത് ഇല്ല എന്നാണ്. ഫ്യൂഡല്‍ മൂല്യങ്ങളും തത്ത്വശാസ്ത്രങ്ങളും അവര്‍ കൈയൊഴിയാന്‍ ഒരുക്കമല്ല, മറ്റെല്ലാവരും വിയോജിച്ചാലും വിരോധമില്ല. ഇതിന്റെ ഒരു ശരിയായ സൂചനയായിരുന്നു തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് നേരെ എതിരില്‍ പതിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസിന് വരുന്നവരെ സ്വീകരിക്കാന്‍ കെട്ടിയുണ്ടാക്കിയ വലിയ ചിത്രീകരണം. കുറച്ചു വസ്ത്രങ്ങള്‍ മാത്രം ധരിച്ച, നല്ല പുഷ്ടിയുള്ള ഒരു നായര്‍ സ്ത്രീ ഏറ്റവും മാദകമായ പോസില്‍, ഇരുവശത്തും പഴയ ആര്‍ഭാടങ്ങളോടെ, ആനകളുടെയും മറ്റും അകമ്പടിയോടെ, നില്‍ക്കുന്നതാണ് ഇവിടെ കാണിച്ചിരുന്നത്. കേരളചരിത്രത്തില്‍ കുറച്ചു ദശകങ്ങള്‍ക്ക് മുമ്പു വരെ സമുദായത്തെ മുഴുവന്‍ മലിനീകരിച്ചുകൊണ്ട് മേല്‍ജാതിക്കാരുടെ വാഴ്ച കൊടികുത്തിവാണപ്പോള്‍ ഇത്തരം കാഴ്ചകള്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു. ഹീനവും ബീഭത്സവുമായ ഒരു ജാതി ശ്രേണി അന്ന് നിലനില്‍ക്കുകയും ചെയ്തു. ഇത്തരം കാഴ്ചകളാണ് വിവേകാനന്ദനെപ്പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ ‘കേരളം ഭ്രാന്താലയ’മെന്ന് പറയാന്‍ കാരണമായത്.

ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ടി ജി ജേക്കബിന്റെ ലേഖനം

ഇതോടൊപ്പമുണ്ട് ‘മഹാഭാരത്’, ‘രാമായണ്‍’ (രാമായണമല്ല) എന്നിവയും ബൂര്‍ഷ്വാലിബറല്‍ ബുദ്ധിജീവികള്‍തന്നെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഈ ടിവി സീരിയലുകള്‍ ഹിന്ദു വര്‍ഗീയ താല്‍പ്പര്യങ്ങള്‍ വളര്‍ത്താനും ഭരണവര്‍ഗത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ സേവിക്കാനും വേണ്ടി ഉണ്ടാക്കിയവയാണെന്ന കാര്യം പരസ്യമായി പറയുന്നുണ്ട്. അത്തരം സാധാരണ നിരീക്ഷണങ്ങളൊക്കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പുല്ലാണ്. അവര്‍ക്ക് അവരുടേതായ ‘മഹാഭാരത്’ ഉണ്ട്. അത് പക്ഷേ ഇന്നത്തെ ടിവി സീരിയലിന്റെ അതേ രീതിയിലുള്ളത് തന്നെയാണ്‌
നമ്പൂതിരിപ്പാട് അതികേമമായ അലങ്കരിച്ചതും നാലു വെള്ള കുതിരകള്‍ വലിക്കുന്നതുമായ തേരില്‍ സവാരി ചെയ്യുന്നു. പശ്ചാത്തലത്തില്‍ ചെങ്കൊടികളും വെള്ളപ്രാവുകളുമായി നിരവധി അനുയായികളും. ഇതിനെല്ലാം മകുടം ചാര്‍ത്തുന്ന വിധത്തില്‍ അര്‍ജുനന്റെ സ്ഥാനത്ത് ഒരു തുറന്ന പുസ്തകം വച്ചിരിക്കുന്നു. അതിന്റെ പേര്‍ ‘ദാസ് ക്യാപിറ്റല്‍’ എന്നാണ്. അത് ‘ഭരണകൂടവും വിപ്ലവവും’ ആയില്ല എന്നതില്‍ നമുക്കാശിക്കാം. വാസ്തവത്തില്‍ എന്താണിവിടെ സൂചിതമാവുന്നത്, ഭഗവത്ഗീതയോ വര്‍ഗ സമരമോ?

‘അത്ഭുത ലോകത്തിലെ ആലീസി’ന്റെ അനുഭവം പോലെ കാര്യങ്ങള്‍ ‘വിചിത്രവും അതിവിചിത്രവും’ ആവുന്നു, നാം കൂടുതല്‍ കൂടുതല്‍ കാണുമ്പോള്‍. വഴുതക്കാട് കവലയില്‍ (ഹിന്ദു വര്‍ഗീയ ശക്തികള്‍ക്ക് നല്ല ബലമുള്ള പ്രദേശമാണിത്) കാര്യം ശരിക്കും വെളിപ്പെടുത്തുന്ന ഒരു

ചിത്രീകരണമുണ്ട്  വളരെ വലിയ ഈ ചിത്രത്തിന്മേലുള്ള മുദ്രാവാക്യം ഇതാണ്: മതമൗലികവാദികളെ ഒറ്റപ്പെടുത്തി ഇടതുപക്ഷ ഐക്യം ഊട്ടിവളര്‍ത്തുക’. ഈ മുദ്രാവാക്യവും അതോടൊപ്പമുള്ള പാര്‍ട്ടി കോണ്‍ഗ്രസിനെ പറ്റിയുള്ള അറിയിപ്പും പനയോലകളില്‍ കുറിച്ചിട്ടത് പോലെയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ പനയോല, സാക്ഷരതയില്‍ മേല്‍ജാതിക്കാര്‍ക്കുണ്ടായിരുന്ന കുത്തകയുടെ പ്രതിരൂപമാണല്ലോ.

ഏറ്റവും വലിയ കാഴ്ച തീര്‍ച്ചയായും ഗംഭീരമായ പൊതുയോഗത്തിനുവേണ്ടി ശംഖുമുഖത്ത് പണിതുണ്ടാക്കിയ കൂറ്റന്‍ പ്രസംഗ പീഠമായിരുന്നു. ഏതാണ്ട് പത്തുലക്ഷം പേരെ ഈ വന്‍പരിപാടിക്ക് വേണ്ടി ഒരുക്കിയിരുന്നു. ഈ പത്തുലക്ഷവും ഹിന്ദു ക്ഷേത്രത്തിന്റെ മാതൃകയില്‍ അങ്ങിങ്ങ് ‘ക്രമ്‌ലിന്‍’ സ്റ്റൈലും കലര്‍ത്തിയുണ്ടാക്കിയ വേദിയില്‍നിന്ന് നേതാക്കന്മാര്‍ പ്രസംഗിക്കുന്നത് വാപൊളിച്ചു നോക്കിയിരുന്നു. മേല്‍ക്കിടജാതിക്കാരായ നേതാക്കള്‍ പ്രധാനമായും കീഴ്ക്കിടജാതിക്കാരായ അണികളെ ഒരു ബ്രാഹ്മണക്ഷേത്ര മാതൃകയില്‍ നിന്നുകൊണ്ട് അഭിസംബോധന ചെയ്യുന്നത് കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കിയ ഒരു ആഭാസമല്ലാതെ മറ്റൊന്നുമല്ല. എന്തെന്നാല്‍ ഒരു ജനക്കൂട്ടത്തിന്റെ മനസ്സിനെ മുഴുവന്‍ ബോധപൂര്‍വ്വം അപമാനിക്കുകയും വികൃതമാക്കുകയുമാണ് അവിടെ നടന്നത്.

    ടി ജി ജേക്കബ്‌

പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സ്ഥലത്തിന്, കൃഷ്ണപിള്ള നഗറിന്, വളരെ വര്‍ണ്ണശബളമായ ഒരു പ്രവേശന കവാടമാണ് ഉണ്ടായിരുന്നത്. ഹിന്ദു വര്‍ഗീയതയുടെ ഏതാണ്ട് എല്ലാ പ്രതീകങ്ങളും അതിലുണ്ടായിരുന്നു. മൊത്തത്തില്‍ ഇത് കേരളത്തിലെ പരമ്പരാഗത നാടുവാഴി സ്വീകരണത്തെ വിശ്വസ്തമായി പകര്‍ത്തിയിരുന്നു. നെറ്റിപ്പട്ടംകെട്ടിയ ആനകളും താന്ത്രികചക്രങ്ങളും മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ തുടങ്ങിയവരെ ചൂഴ്ന്നു നിന്നു.

സിപിഐ(എം)ന്റെ പരസ്യ’കല’യ്ക്ക് വേറെയും ചില രസകരമായ വശങ്ങളുണ്ടായിരുന്നു. ഗോര്‍ബച്ചേവിന്റെ സമാധാനമുന്നേറ്റമെന്ന് പറയപ്പെടുന്നത് എങ്ങും കാണപ്പെട്ടു. എവിടെയും വെള്ളപ്രാവുകള്‍. പോലിസും പട്ടാളവും അധ്വാനിക്കുന്നവരെ മര്‍ദ്ദിക്കുന്നത് ചിത്രീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്രാവുകളെ കാണിക്കുന്നതു പോലുള്ള പരിഹാസ്യമായ പരിധിവരെ പോകുന്നതായിരുന്നു ചില പ്രദര്‍ശനങ്ങള്‍. നമ്പൂതിരിപ്പാട് പല അവതാരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്: കൃഷ്ണനായും മുസ്‌ലിംകളുടെ രക്ഷിതാവായും ബ്രാഹ്മണപണ്ഡിതനായും നാടുവാഴി മൂപ്പനായും സമാധാനത്തിന്റെ അപ്പോസ്തലനായും മറ്റും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലൈനിന് ചെങ്കൊടിയും വെള്ളപ്രാവുകളും ചേര്‍ന്നു പോകുന്നുണ്ട്.

വാസ്തവത്തില്‍ ഇതിനര്‍ത്ഥം കാര്യങ്ങള്‍ അസുഖകരമാകുമ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം കുറ്റം മുഴുവന്‍ അണികളുടെ ചുമലിലേക്ക് മാറ്റുന്നു എന്നുതന്നെയാണ്. അണികള്‍ ടിവി മഹാഭാരതം അതേപടി ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് ശരിക്കും കാണിക്കുന്നത് രാജീവ് ഗാന്ധിയും ഇഎംഎസും തമ്മില്‍ സാരമായ വ്യത്യാസമൊന്നുമില്ല എന്നാണ്.

No Comments yet!

Your Email address will not be published.