Skip to main content

മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച്

കെ അഷ്‌റഫ്

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്.

റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 മുതല്‍ 29 വരെ, ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വിദ്വേഷപ്രസംഗങ്ങളും സംഭവങ്ങളും നടന്നു. ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്കെതിരേ അധിക്ഷേപങ്ങള്‍ വ്യാപകമാക്കുകയും സാമ്പത്തിക-സാമൂഹിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും, അക്രമത്തിന് പ്രേരിപ്പിക്കുകയും, ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. നിരവധി റാലികളില്‍, പ്രാസംഗികര്‍ മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്നു പുറന്തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും, അവരെ പാകിസ്താനുമായും ബംഗ്ലാദേശുമായും ബന്ധിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പശ്ചിമബംഗാളിലെ ബിദാന്‍ ചന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക ഫാക്കല്‍റ്റിയുടെ നോട്ടീസ് ബോര്‍ഡില്‍ ഇസ്‌ലാമോഫോബിയയും വിദ്വേഷപരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതായി 2025 ഏപ്രില്‍ അവസാന വാരം റിപോര്‍ട്ടുകള്‍ പുറത്തുവന്നു (മക്തൂബ് മീഡിയ, 25 ഏപ്രില്‍ 2025). പോസ്റ്ററില്‍ ‘നായ്ക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല’, ‘എല്ലാവരുടെയും കണ്ണുകള്‍ പഹല്‍ഗാമില്‍’, ‘ഭീകരവാദം എന്നത് ഇസ്‌ലാമാണ്’ എന്നീ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ബ്രാക്കറ്റില്‍ ചെറിയ ചുവന്ന അക്ഷരങ്ങളില്‍ ‘ജിഹാദി’ എന്നും കാണാം. ‘ഇസ്‌ലാം’ എന്ന വാക്ക് പച്ച നിറത്തില്‍, നക്ഷത്രാങ്കിത ചന്ദ്രക്കലയോട് ചേര്‍ത്താണ് എഴുതിയിരിക്കുന്നത്. പോസ്റ്റര്‍ ആരാണ് പതിപ്പിച്ചതെന്ന് വ്യക്തമല്ല; അതില്‍ പേര് അല്ലെങ്കില്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ ഇല്ല.

സര്‍വകലാശാലയിലെ ചില വിദ്യാര്‍ത്ഥികളും സ്റ്റാഫും ഈ സംഭവത്തില്‍ ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. അക്കാദമിക് മികവിന് പ്രശസ്തമായ ഒരു കാമ്പസില്‍ ഇത്തരമൊരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നത് ദൗര്‍ഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ഒരു മുന്‍ വിദ്യാര്‍ത്ഥി മക്തൂബ് മീഡിയയോട് അഭിപ്രായപ്പെട്ടു. സര്‍വകലാശാല അധികൃതര്‍ ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു, എന്നാല്‍ പോസ്റ്റര്‍ പതിപ്പിച്ചവര്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.

ഈ സംഭവം രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമാണെന്ന് ക്ലാരിയോണ്‍, മക്തൂബ് മീഡിയ, ഒബ്സര്‍വര്‍ പോസ്റ്റ് തുടങ്ങിയ മുസ്‌ലിം ഉടമസ്ഥതയിലുള്ള ബദല്‍ ന്യൂസ് പോര്‍ട്ടലുകള്‍ പറയുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കിയില്ല.

മൃഗഭാവനകള്‍

ഴാക് ദെറിദയുടെ The Animal That Therefore I Am (2008) എന്ന പ്രഭാഷണ പരമ്പരയില്‍ സൂചിപ്പിക്കുന്നതുപോലെ, മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കുന്ന രീതി വംശീയ ആധിപത്യത്തിന്റെ ലോകത്തെ മനസ്സിലാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചരിത്രപരമായി, പാശ്ചാത്യ തത്ത്വചിന്തയില്‍ ‘മൃഗം’ എന്നത് ഒരൊറ്റ വര്‍ഗമായി കുറിക്കപ്പെട്ടിരിക്കുന്നു-മനുഷ്യനല്ലാത്ത എല്ലാം മൃഗരൂപകങ്ങളിലേക്ക് മാറ്റപ്പെട്ടു. പ്ലേറ്റോയുടെ ഗുഹയില്‍ ഇരിക്കുന്ന മൃഗങ്ങള്‍, ഇമ്മാനുവല്‍ കാന്റിന്റെ മാന്യതയ്ക്ക് പുറത്തുള്ള ജീവിവര്‍ഗങ്ങള്‍, ഡെക്കാര്‍ട്ടിന്റെ യന്ത്രം പോലെയുള്ള അമാനവ സ്വത്വങ്ങള്‍-പട്ടിക നീളുന്നു. മനുഷ്യന് പുറത്തുള്ള എല്ലാം ചേര്‍ത്ത് ‘മൃഗം’ എന്ന് ഒരൊറ്റ പേര് നല്‍കാനുള്ള അധികാരം ആര്‍ക്കാണ് എന്ന ചോദ്യം ഏറെ പ്രധാനമാണ്. മനുഷ്യന്‍ എന്ന നിര്‍മിതി താനല്ലാത്തതിനെയെല്ലാം താഴ്ത്തിവച്ചിരിക്കുന്നു. താനാണ് ഭാഷ, ആലോചന, മാന്യത, ന്യായം എന്നിവയുടെ അധിപനെന്ന് കണക്കാക്കുന്നു.

അതോടൊപ്പം മറ്റൊരു പിളര്‍പ്പ് കൂടിയുണ്ട്: ചരിത്രത്തിലുടനീളം വ്യത്യസ്ത സമൂഹങ്ങളെയും വര്‍ഗങ്ങളെയും ‘മൃഗം’ എന്ന് വിളിച്ചാണ് അവര്‍ക്കെതിരേ കൊടും ക്രൂരതകള്‍ നിക്ഷേപിച്ചത്. ദെറിദയുടെ ചിന്തയില്‍, ‘മൃഗം’ എന്നത് ചില മനുഷ്യരെ ഉള്‍ക്കൊള്ളാനും ചിലരെ പുറന്തള്ളാനും ഉപയോഗിക്കുന്ന രാഷ്ട്രീയ ഉപാധിയാണ്. അതിനാല്‍, മൃഗസൂചന ഒരു കേവല വസ്തുതയല്ല, മറിച്ച് അധികാരത്തിന്റെ ഭാഷാരൂപമാണ്.

റൂത്ത് മാസ് എഴുതിയ The Refugee and the Dog (2019) എന്ന പഠനം, മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്കും നായകള്‍ക്കും പ്രവേശനമില്ലാത്ത ബര്‍ലിനിലെ ചെറിയ കടകളെക്കുറിച്ച് ചില ആലോചനകള്‍ സമര്‍പ്പിക്കുന്നു. 2016ല്‍, ബര്‍ലിനിലെ ഒരു കടക്കാരന്‍ ‘നായകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡില്‍ ‘നായ’ എന്ന് വെട്ടി, ‘അഭയാര്‍ത്ഥി’ എന്ന് എഴുതിച്ചേര്‍ത്തു. ബോര്‍ഡിലെ അക്ഷരങ്ങളാണ് വെട്ടിയത്. നായയുടെ ചിത്രം നിലനിര്‍ത്തുകയും ചെയ്തു. ഇത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രശ്നം കോടതിയിലെത്തി. കോടതി കടയുടമയുടെ പ്രവൃത്തിയെ ‘സ്റ്റുപിഡ്’ എന്ന് വിളിച്ചു. കടയുടമയോട് 1800 യൂറോ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം മറ്റൊരു കാര്യവും പറഞ്ഞു: നായയോടൊപ്പം അഭയാര്‍ത്ഥികളെ ചിത്രീകരിക്കേണ്ടിയിരുന്നില്ല. പകരം, വേറൊരു ബോര്‍ഡ് വച്ച് അഭയാര്‍ത്ഥികളെ അകറ്റിനിര്‍ത്താമായിരുന്നു. അഭയാര്‍ത്ഥികള്‍ക്കെതിരായ നിയമപരമായ പരിധിക്കുള്ളില്‍ വംശീയത പൊറുക്കുമെന്നായിരുന്നു ജഡ്ജ്മെന്റ് നല്‍കിയ സന്ദേശം.

ദെറിദയുടെ കാഴ്ചപ്പാടില്‍, മൃഗങ്ങള്‍ പ്രതികരിക്കും, പക്ഷേ അവ സംസാരിക്കില്ല. വിവിധ ലോകരാജ്യങ്ങളിലെ പല കോടതിമുറികളിലും നായ്ക്കള്‍ സാക്ഷിനില്‍ക്കാറുണ്ട്. എന്നാല്‍, ബര്‍ലിനിലെ കോടതിയില്‍ അഭയാര്‍ത്ഥികള്‍ പ്രതികരിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. നായക്കും അഭയാര്‍ത്ഥിക്കും വേറെ ബോര്‍ഡുകള്‍ തൂക്കി ഒഴിവാക്കാനുള്ള ഒരു ജര്‍മന്‍ പൗരന്റെ അവകാശമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.

മൃഗത്തിനും പൗരനും അഭയാര്‍ത്ഥിക്കും വേറെ മാനദണ്ഡങ്ങള്‍ സാധ്യമാവുന്നുവെന്നാണ് റൂത്ത് മാസ് കരുതുന്നത്. മൃഗത്തിന് തുല്യമോ പൗരന് തുല്യമോ അല്ല അഭയാര്‍ത്ഥി. എന്നാല്‍, മൃഗത്തിന് താഴെയാണോ അഭയാര്‍ത്ഥി എന്ന ചോദ്യത്തിന്റെ പ്രസക്തി അന്വേഷിക്കപ്പെട്ടില്ല. അതിനുത്തരം നല്‍കാന്‍ ഒരു അഭയാര്‍ത്ഥിയും പൗരന്‍മാരെപ്പോലെ കോടതിയില്‍ ഇല്ല. നായയും പൗരനും തമ്മിലുള്ള ഒരു വ്യവഹാരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നഷ്ടപ്പെട്ടുപോയ ഒരു കണ്ണി മാത്രമായി അഭയാര്‍ത്ഥി മാറി. നിയമം വംശീയതയുടെ കോഡുകളെ ഉള്‍വഹിക്കുന്ന ഒരു രീതിയാണിത്.

മനുഷ്യനും മൃഗവും തമ്മിലുള്ള അതിരുകള്‍ ആര് നിര്‍വചിക്കുന്നു? അതിന്റെ പിന്നിലുള്ള അധികാരം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഈ ചോദ്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള അതിരുകള്‍ സുതാര്യമല്ല, മറിച്ച് അവ അധികാരത്താല്‍ വരച്ച രേഖകളാണ്-ആര്‍ക്കാണ് സംസാരിക്കാനര്‍ഹതയുള്ളത്, ആരാണ് കൃത്യമായ വിലയിരുത്തലുകള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹര്‍, എന്തിനധികം, ആരെ കൊല്ലാമെന്നും ജീവിപ്പിക്കാമെന്നും നിശ്ചയിക്കുന്ന വംശീയ അധികാര രേഖകള്‍.

ഇന്ത്യ: രണ്ട് മൃഗസൂചനകള്‍

ഹിന്ദുത്വ ഇന്ത്യയില്‍ മൃഗവല്‍ക്കരണത്തിന് കുറഞ്ഞത് രണ്ട് രീതികളുണ്ട്. ഒരുവശത്ത്, മുസ്‌ലിംകള്‍ മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നവരാണ്. അവര്‍ മൃഗസ്നേഹികളായ മനുഷ്യരുടെ ഭാഗമല്ല എന്ന അപരവ്യവഹാരം നമുക്ക് കാണാം.

ഉദാഹരണത്തിന്, പശു സംരക്ഷണത്തിന്റെ പേര് പറഞ്ഞാണ് രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതെന്ന വൈരുധ്യം. ‘പശുക്കടത്ത്’ എന്ന വാക്കാണ് മലയാള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. കള്ളക്കടത്ത് എന്ന രീതിയിലാണ് മലയാളമാധ്യമങ്ങള്‍ പോലും ഈ പ്രയോഗം കാണുന്നത്. എന്നാല്‍, വസ്തുത എന്താണ്? കാലിക്കച്ചവടക്കാരായ ബഹുജനങ്ങള്‍ ഒരു ചന്തയില്‍ പോയി വിവിധ ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന കാലികളെ മേച്ചുകൊണ്ടുപോകുമ്പോള്‍, ഹിന്ദുത്വ ആക്രമണകാരികള്‍ റെയ്ഡ് ചെയ്ത് പിടിക്കുന്നു. കാലികളെ തട്ടിയെടുക്കുന്നു. ഇങ്ങനെ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നു. നിയമപരമായ അര്‍ത്ഥത്തില്‍, ഇത് നിയമബാഹ്യമായ അക്രമപ്രവര്‍ത്തനമാണ്. നിയമത്തിന്റെ ഭാഷയില്‍, ഭീകര പ്രവര്‍ത്തനമാണ്.

പക്ഷേ, മാധ്യമ വിവരണങ്ങള്‍ ഇരകളുടെ പ്രവൃത്തിയെ അട്ടിമറിച്ചാണ് ‘പശുക്കടത്തിന്റെ’ പേര് പറഞ്ഞ് ആള്‍ക്കൂട്ട ആക്രമണം എന്നൊക്കെ വിളിച്ച് പറയുന്നത്. നിയമഭാഷ ഒഴിവാക്കിയാണ് മാധ്യമങ്ങള്‍ സ്വന്തം നിലയ്ക്ക് പേര് നല്‍കുന്നത്. ‘പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം’ (24 ന്യൂസ്, 8 ജൂണ്‍ 2024), ‘പശുക്കടത്ത് ആരോപിച്ച് ആക്രമണം’ (മാധ്യമം, 23 ഡിസംബര്‍ 2024), ‘പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവര്‍ക്കും കൂട്ടാളിക്കും ക്രൂരമര്‍ദ്ദനം’ (ഏഷ്യാനെറ്റ്, 3 ജൂലൈ 2024) എന്നിങ്ങനെ പോകുന്നു തലക്കെട്ടുകള്‍.

കേരളത്തിന്റെ സാഹചര്യത്തിലും വ്യാവഹാരികമായി ഇത്തരം ഭാഷാ മാതൃകകള്‍ പ്രവര്‍ത്തനക്ഷമമാണ്. 2020 ജൂണ്‍ മാസം, പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ ആന പൈനാപ്പിളില്‍ നിറച്ച പടക്കക്കെണി കഴിച്ച് മരണപ്പെട്ട സംഭവം നടന്നു. ദേശീയ തലത്തില്‍ വരെ പ്രതിഷേധവും ചര്‍ച്ചകളുമുണ്ടായി. ട്വിറ്ററില്‍ #riphumanity, #KeralaElephantMurder തുടങ്ങിയ ഹാഷ് ടാഗുകളില്‍ ട്വീറ്റുകള്‍ ട്രെന്‍ഡിംഗിലായി. ആനിമല്‍ പ്ലാനറ്റും നാഷണല്‍ ജ്യോഗ്രഫിക്കും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ ആനയ്ക്ക് ആദരമര്‍പ്പിച്ച് മാറ്റി. അന്താരാഷ്ട്ര മാധ്യമങ്ങളിലും ആനയോടുള്ള കൊടുംക്രൂരത ചര്‍ച്ചയായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍, പ്രശ്നത്തിന് ഒരു ഇസ്‌ലാമോഫോബിക് മാനവും കൈവന്നു.

ഇതിന്റെ തുടര്‍ച്ചയില്‍, 2020 ജൂണ്‍ മൂന്നിന് മൃഗാവകാശ പ്രവര്‍ത്തകയും ഹിന്ദുത്വ പ്രചാരകയുമായ മനേകാ ഗാന്ധി നടത്തിയ പ്രസ്താവന ശ്രദ്ധിക്കുക: ‘മലപ്പുറം രാജ്യത്തെ ഏറ്റവും കലുഷിതമായ ജില്ലയാണ്. ഓരോ ദിവസവും ഒരു കുറ്റകൃത്യം മലപ്പുറത്തുനിന്ന് പുറത്തുവരുന്നു. ആനകളെ മാത്രമല്ല, അവിടത്തെ ജനങ്ങള്‍ പക്ഷികളെയും പട്ടികളെയും ദിനേന വിഷം കൊടുത്ത് കൊല്ലുന്നു. എത്രയോ സ്ത്രീകളെ അവര്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കി മനുഷ്യരുടെ കൈകള്‍ വെട്ടുന്നു. മലപ്പുറത്തിന്റെ സ്ഥിതി ഭയാനകമാണ്,’ എന്ന് മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്ന ക്രൂരന്‍മാരായി മുസ്‌ലിംകള്‍ അധിവസിക്കുന്ന ലോകം ചിത്രീകരിക്കപ്പെട്ടു. ആന മാത്രമല്ല, മലപ്പുറത്തെ പക്ഷികളും പട്ടികളും മറ്റ് മനുഷ്യരുടെ അവയവങ്ങളും ജീവനും വരെ ഈ ചിത്രീകരണത്തില്‍ ഒരു നുണപ്രചാരണമായി കടന്നുവരുന്നു. മൃഗാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പരിധികളെ ലംഘിക്കുന്ന ലോകമാണ് ‘മലപ്പുറം’ എന്നാണ് സൂചന. ഹിന്ദുത്വ മൃഗാവകാശ ആഖ്യാനത്തിന്റെ ഭാഗമായി സാധ്യമാവുന്ന ഒരു അതീന്ദ്രിയ യുക്തിയായി ഇത് വായിക്കാവുന്നതാണ്. മൃഗങ്ങളുടെയും മനുഷ്യരുടെയും അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു ഹിംസാത്മക ജീവിത ലോകമാണ് മുസ്‌ലിംകള്‍ പങ്കിടുന്നതെന്നാണ് വിവക്ഷ.

മറുവശത്ത്, മുസ്‌ലിംകള്‍ മൃഗങ്ങളെപ്പോലെ മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീകരിക്കപ്പെടുന്നു. മനുഷ്യാവകാശം, പൗരാവകാശം തുടങ്ങിയ വ്യവഹാരങ്ങളുടെ ഭാഗമായി ഇത് പ്രവര്‍ത്തിക്കുന്നു.

2018ല്‍, ആഭ്യന്തര മന്ത്രിയായ അമിത് ഷാ അനധികൃത കുടിയേറ്റക്കാരെ ‘ചിതലുകള്‍’ (ടെര്‍മൈറ്റ്) എന്ന് വിശേഷിപ്പിച്ചു: ‘ഈ കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ നമ്മുടെ ഭക്ഷണവും തൊഴിലും തിന്നുന്ന ചിതലുകള്‍ പോലെയാണ്,’ എന്നാണ് ബംഗാളില്‍ വച്ച് അദ്ദേഹം പ്രസംഗിച്ചത്. ഷാ ഉപയോഗിച്ച മൃഗവല്‍ക്കരണ രൂപകം പൗരത്വ നിഷേധത്തിന്റെ തന്നെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായിരുന്നു.

ഒരു മനുഷ്യനോ ഒരു വിഭാഗം മനുഷ്യരോ താനല്ലാത്തതിനെ ‘മൃഗം’ എന്ന് പേര് നല്‍കുമ്പോള്‍, അവര്‍ സ്വയം ഒരു ‘സര്‍വഭൂരിപക്ഷമായ’ ഉന്നതസ്ഥാനത്തേക്ക് ഉയര്‍ത്തുന്നു. ഈ ഭേദം (മനുഷ്യന്‍/ മൃഗം) അധികാരത്തെയും, ന്യായത്തെയും, ഹിംസ ചെയ്യാന്‍ സാധ്യമാക്കുന്ന ആശയങ്ങളായി മാറുന്നു.

മാത്രമല്ല, പൗരത്വ നിഷേധം തന്നെ ഒരു സമൂഹത്തില്‍ ചില വിഭാഗങ്ങളെ മനുഷ്യരല്ലാത്തവരായി ചിത്രീകരിക്കുന്ന പ്രക്രിയയാണ്. അവകാശങ്ങള്‍ ലനഭ്യമാവാന്‍ പൗരന്മാര്‍ക്ക് മാത്രമേ ആധുനിക ദേശരാഷ്ട്രത്തില്‍ അര്‍ഹതയുള്ളൂ. മറ്റെല്ലാ അവകാശങ്ങളും പൗരന്‍/ പൗരി എന്ന അവകാശത്തിലൂടെയാണ് കൈവരുന്നത്. അവകാശമുണ്ടാവാനുള്ള അവകാശമാണ് പൗരത്വം.

പൗരത്വനിഷേധം വ്യക്തികളെ അവകാശ രാഷ്ട്രീയത്തില്‍നിന്ന് പുറന്തള്ളുന്നു. ഇത് അവരെ നഗ്നമനുഷ്യരാക്കി മാറ്റുന്നു. ഇത് അവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ വഴിയൊരുക്കുന്നു. മൃഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശം പോലും ഈ നഗ്ന മനുഷ്യര്‍ക്ക് നിഷേധിക്കപ്പെടുന്നു. അവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും നിരീക്ഷണ സ്ഥലങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ഈ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാണ് ദേശീയത നല്‍കുന്ന പൗരാവകാശത്തോടൊപ്പം ആഗോള മനുഷ്യാവകാശ സമീപനങ്ങളും ഗൗരവത്തിലെടുക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നിര്‍മിക്കപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ ദേശരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുന്നത്. എങ്കിലും, പ്രയോഗത്തില്‍ മനുഷ്യാവകാശം ദേശീയമായ പൗരാവകാശത്തിന് ഒരു പടി താഴെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യന്റെ അവകാശം ഒരു പ്രേരണാവകാശം മാത്രമാണ്. അതിന് ദേശരാഷ്ട്രം നല്‍കുന്ന പൗരാവകാശത്തിന്റെ നിയമപരമായ ബലമില്ല. എന്നാല്‍, മൃഗാവകാശങ്ങള്‍ക്ക് വ്യത്യസ്തമായ നിയമപദവിയുണ്ട്. മനുഷ്യന്റെ മൃഗവല്‍ക്കരണം അനുഭവിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയാണിത്. മൃഗവല്‍ക്കരണത്തിന് വിധേയമാകുന്ന മനുഷ്യര്‍ ദേശരാഷ്ട്രത്തില്‍ നിയമസാധുതയുള്ള മൃഗത്തിനും മനുഷ്യനും ഇടയിലുള്ള ഒരു സംക്രമണ സ്ഥലത്താണ് അധിവസിക്കുന്നത്.

നായ്ക്കളും മുസ്‌ലിംകളും

മേല്‍പ്പറഞ്ഞ രണ്ട് രീതികളും കൂടിക്കുഴഞ്ഞ പ്രശ്നമാണ് പശ്ചിമ ബംഗാളിലെ ബിദാന്‍ ചന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക ഫാക്കല്‍റ്റിയുടെ പ്രവേശന നോട്ടീസില്‍ കണ്ടത്. ‘നായ്ക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനമില്ല’ എന്ന ആളില്ലാ സന്ദേശം നല്‍കുന്ന സൂചന, മൃഗവല്‍ക്കരണത്തിന്റെ പരിചിത മാതൃകകളെ പ്രതിസന്ധിയിലാക്കുന്നു. അമൂര്‍ത്തവും പേര് നല്‍കാത്തതുമായ മനുഷ്യരാണ് ഈ നോട്ടീസിന് പിന്നില്‍. മൃഗത്തിന് പകരം മുസ്‌ലിം കുടിയേറ്റക്കാരെ കണ്ട ജര്‍മനിയിലെ മേല്‍വിലാസമുള്ള ചായക്കടക്കാരന്‍ എന്ന ഉത്തമപൗരന്റേതു പോലെയുള്ള ഒരു പ്രശ്നമല്ല ഇത്.

മുസ്‌ലിംകളെ ‘നായ’ എന്ന് വിളിക്കുന്ന ലളിതമായ മൃഗവല്‍ക്കരണമല്ല ഇവിടെ സംഭവിച്ചത്. നായയോട് ഉപമിച്ചതല്ല. തുല്യരാണെങ്കില്‍ രണ്ടായി പിരിച്ചെഴുതേണ്ടിയിരുന്നില്ല. ‘നായ്ക്കളും മുസ്‌ലിംകളും’ എന്നാണ് പ്രയോഗം. ബഹുവചനമാണ്. ഒരു കൂട്ടത്തെയാണ് വിലക്കുന്നത്. നായ്ക്കളോട് ഉപമിച്ചിരുന്നെങ്കില്‍, മൃഗവല്‍ക്കരണത്തിന്റെ ഒരു മാതൃകയായിരുന്നു. മുസ്‌ലിംകളെ മാത്രം പുറന്തള്ളി നായ്ക്കളെ മാറ്റിവച്ചിരുന്നെങ്കില്‍, മാനവികതയ്ക്ക് പുറത്താക്കിയതാണെന്നും പറയാം. പക്ഷേ, പിരിച്ചെഴുതിയ ‘നായ്ക്കളും മുസ്‌ലിംകളും’ സൃഷ്ടിക്കുന്ന കോഡ് ഏറെ സങ്കീര്‍ണമാണ്. മൃഗത്തിന് തുല്യരായോ, സമാന്തരമായ മറ്റൊരു ജീവിവര്‍ഗമായോ, മറ്റൊരു പ്രത്യേക മനുഷ്യ വിഭാഗമായോ മുസ്‌ലിംകള്‍ എന്ന പേര്, പച്ചനിറം, ചന്ദ്രക്കല എന്നീ രാഷ്ട്രീയ ചിഹ്നങ്ങളോടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

മാത്രമല്ല, നായ ഒരു മൃഗമാണ്. നായയുടെ അവകാശങ്ങളുടെ പരിധി എല്ലാവര്‍ക്കും വ്യക്തമാണ്. സര്‍വകലാശാലകളിലെ മൃഗാവകാശ പ്രവര്‍ത്തകരായ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെങ്കിലും അത് അറിയാം. നായ്ക്കളുടെ അവകാശ പരിധിയും മുസ്‌ലിംകളുടെ അവകാശ പരിധിയും വേറെത്തന്നെയാണ് എന്നാണ് സൂചന.

ആ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ‘മുസ്‌ലിം’ ആര് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ‘നായ്ക്കളും മുസ്‌ലിംകളും’ എന്ന് പിരിച്ചാണ് എഴുതിയത്. അതെഴുതിയ പേര് നല്‍കാത്ത അമൂര്‍ത്ത മനുഷ്യര്‍, നായക്ക് ഒരു സ്ഥാനവും മുസ്‌ലിമിന് വേറൊരു സ്ഥാനവും നല്‍കിയിരിക്കുന്നുവെന്ന് കരുതാം. അതെഴുതിയ മനുഷ്യര്‍, മൃഗത്തിനും വ്യത്യസ്തമായ ഒരു സ്ഥാനം മുസ്‌ലിമിന് കല്‍പ്പിച്ചിരിക്കുന്നു. നായക്കും പേര് നല്‍കാത്ത അമൂര്‍ത്ത മനുഷ്യര്‍ക്കും ഇടയില്‍, സന്നിഗ്ധമായ ഭാഷാ സൂചനയായി മുസ്‌ലിം കടന്നുവരുന്നു. മനുഷ്യര്‍, മൃഗം, മുസ്‌ലിം എന്ന വ്യത്യാസത്തിലൂന്നിയ സൂചക ശൃംഖലയുടെ നിര്‍മാണമാണ് അതിദേശീയതയുടെ സമ്മര്‍ദത്തിന്റെ ഭാഗമായി വികസിച്ചത്. രാഷ്ട്രീയം സാധ്യമായ മനുഷ്യരുടെ/പൗരസഞ്ചയത്തിന്റെ പ്രശ്നത്തിലൂടെ മാത്രമല്ല, ജീവന്‍ തന്നെ പ്രതിസന്ധിയിലാവുന്ന അസ്തിത്വ പ്രശ്നത്തിന്റെ ഘടനയില്‍നിന്നാണ് നാം മുസ്‌ലിംകളെക്കുറിച്ച് സംസാരിക്കുന്നത്.

റഫറന്‍സ്

1. Jacques Derrida. 2008. The Animal That Therefore I Am. Edited by Marie-Louise Mallet. Translated by David Wills. New York: Fordham University Press.
2. Ruth Mas. 2019. ‘The Refugee and the Dog.’ In, Ways of Knowing Muslim Cultures and Societies: Studies in Honour of Gudrun Krämer, edited by Birgit Krawietz, Schirin Amir-Moazami, and Benoît Gräf, 441-467. Leiden: Brill.

 

No Comments yet!

Your Email address will not be published.