Skip to main content

ലിബറല്‍ ഗാന്ധിയും ഫെനാറ്റിക് മാപ്പിളയും

ഒരുപാട് യാദൃച്ഛികതകളാണ് ഈ പുസ്തകത്തിന്റെ ആദ്യ വായന തന്നെ സമ്മാനിച്ചത്. ഗാന്ധിയെപ്പറ്റി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് കുറച്ചുകാലമായി ഞാന്‍ പലരുമായും പങ്കുവെച്ചിരുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ പുസ്തകം എന്നതാണ് അവയില്‍ ഏറ്റവും പ്രധാനം.

ഗാന്ധി 1925നും 1937നും ഇടയില്‍ അഞ്ച് പ്രാവശ്യം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഓരോ സന്ദര്‍ശനവും വളരെ വിശദമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട.് ഗാന്ധിയോളം ജീവിതം ഡോക്യുമെന്റ് ചെയ്യപ്പെട്ട മറ്റൊരാള്‍ ആധുനിക കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഓരോ സന്ദര്‍ശനത്തിലും നാരായണഗുരുവും അയ്യങ്കാളിയും അടക്കമുള്ള വിവിധ മത-സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഗാന്ധി നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. അവരുമായി ഗാന്ധി നടത്തിയ സംസാരങ്ങള്‍ (സംവാദങ്ങളും) പില്‍ക്കാലത്ത് ഗാന്ധിയുടെ ചിന്താഗതിയെ (പ്രത്യേകിച്ച് ജാതി വ്യവസ്ഥയെക്കുറിച്ചുള്ള) മാറ്റിയിട്ടുണ്ടെന്നത് പലയിടങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍, ഈ വരവിലൊന്നും ഒരൊറ്റ മുസ്‌ലിം സമുദായിക നേതാക്കന്മാരുമായും ഗാന്ധി സംവദിച്ചതായി രേഖകള്‍ ഇല്ല. താന്‍ വക്കം മൗലവിയുമൊത്ത് തിരുവനന്തപുരത്ത് വച്ച് ഗാന്ധിയെ കണ്ടിട്ടുണ്ടെന്ന് സീതി സഹിബ് എഴുതിയിട്ടുണ്ട്. സന്ദര്‍ശനം വളരെ ഹ്രസ്വമായിരുന്നുവെന്നും സീതി സാഹിബ് പറയുന്നുണ്ട്. അദ്ദേഹം ഗാന്ധിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തിട്ടുണ്ട് എന്നതും പ്രസിദ്ധമാണ്.

മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ഗാന്ധിയുമായി ഇടപഴകിയിട്ടുണ്ട്. എന്നാല്‍, ഈ ഇടപഴകലുകളുടെയെല്ലാം ഉള്ളടക്കം രാഷ്ട്രീയമായിരുന്നുവെന്ന് അനുമാനിക്കാം. മത-സാമൂഹിക നവോത്ഥാനത്തെക്കുറിച്ച് ഇവര്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളതായി ആരും രേഖപ്പെടുത്തിയിട്ടില്ല.

കേരളത്തില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിലും 1921ല്‍ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയ മലബാര്‍ കലാപത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് ഗാന്ധി അന്വേഷിച്ചതായി ആരും എഴുതി കണ്ടില്ല.

‘ഈ അഭാവം’ പ്രസക്തമാകുന്നത് കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തിലാണ്. കേരളത്തിലെ മുസ്‌ലിം നേതൃത്വത്തിനിടയില്‍ ഗാന്ധി നേരത്തെമുതലേ പ്രശസ്തനാണ.് ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തുമ്പോഴേക്കും തന്നെ, ഗാന്ധിയുടെ അല്‍-മനാര്‍ അടക്കമുള്ള അറബി ഭാഷാ മാസികകളില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച കൃതികള്‍ വക്കം മൗലവി അടക്കമുള്ള പലരും വായിച്ചിട്ടുണ്ട് എന്നുള്ളത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ അന്വേഷണത്തിന്റെ കൗതുകവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു സംഗതി ഉത്തരേന്ത്യയിലെ മുസ്‌ലിം സമുദായവുമായുള്ള ഗാന്ധിയുടെ ആഴത്തിലുള്ള ബന്ധമാണ.് ഈ ബന്ധം പ്രധാനമായും ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്നുണ്ടായ അടിച്ചമര്‍ത്തലിനു ശേഷം, രാഷ്ട്രീയമായി അരികുവല്‍ക്കരിക്കപ്പെട്ട മുസ്‌ലിം സമുദായത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ഏവരാലും അംഗീകരിക്കപ്പെട്ട വസ്തുതയുമാണ്.

ഇത്തരം കൂടിക്കാഴ്ചകള്‍ നടക്കാതിരുന്നത് ചരിത്രത്തിലെ യാദൃശ്ചികതയായിരുന്നോ, അതല്ലെങ്കില്‍ ഗാന്ധിയുടെ നിലപാടിന്റെ പ്രതിഫലനമായിരുന്നോ? എങ്ങനെ വിലയിരുത്തപ്പെടണം?

ഗാന്ധിയുടെ ചിന്തയിലും ദര്‍ശനത്തിലും പ്രവര്‍ത്തനത്തിലും മുസ്‌ലിം വിരുദ്ധതയുടെ ഒരു കണികയെങ്കിലും കണ്ടെത്തുക എന്നത് കൊടിയ ഗാന്ധി വിരുദ്ധര്‍ക്ക്‌പോലും പ്രയാസകരമായ കാര്യമാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.

അതേസമയം മലബാറിലെ മുസ്‌ലിം സമുദായത്തെ ഇന്ത്യന്‍ മുസ്‌ലിംകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായിട്ടാണ് ഗാന്ധി കണ്ടതെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.

മലബാറിലെ മാപ്പിളമാരെക്കുറിച്ച് കൊളോണിയല്‍ സാമൂഹികശാസ്ത്രം നിര്‍മിച്ചെടുത്ത തികച്ചും വംശീയമായ പരിപ്രേക്ഷ്യമാണ് ഇക്കാര്യത്തില്‍ ഗാന്ധി ഉപയോഗപ്പെടുത്തിയതെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു.

ഒരുപക്ഷേ, കേരളത്തിലെ മുസ്‌ലിംകളുമായി ഗാന്ധിയുടെ എന്‍ഗേജ്‌മെന്റ് (കൃത്യമായി പറഞ്ഞാല്‍ എന്‍ഗേജ്‌മെന്റിന്റെ അഭാവം) എന്ന വിഷയത്തില്‍ ഊന്നിയ ആദ്യ പുസ്തകമായിരിക്കും ‘ലിബറല്‍ഗാന്ധിയും ഫെനാറ്റിക് മാപ്പിളയും’.

ചരിത്രവിജ്ഞാനീയങ്ങള്‍ വ്യവസ്ഥാപിതമാക്കിയ ചരിത്രത്തില്‍ ഇടപെടേണ്ടതുണ്ടെന്ന ഒരു താര്‍ക്കിക വിചാരമാണ് ഈ പുസ്തകത്തിന് പ്രചോദനം നല്‍കിയതെന്ന് ഗ്രന്ഥകാരന്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ചുള്ള ചരിത്ര പഠനങ്ങള്‍ പൊതുവേ മൂന്നുതരത്തില്‍ വേര്‍തിരിക്കാം. കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ (പലരും പിന്നീട് ചരിത്രകാരന്‍മാരായി പരിണമിച്ച ഉദ്യോഗസ്ഥരാണ്) നടത്തിയ പഠനങ്ങളാണ് ഒന്നാമത്തെ ഗണത്തില്‍ വരുന്നത്. അവയില്‍ ചുരുക്കം ചിലത് മാറ്റിനിര്‍ത്തിയാല്‍ മിക്കവയും ഒരു അനിവാര്യമായ ‘ഓറിയന്റല്‍ പരിപ്രക്ഷ്യം’ പേറുന്ന, മുസ്‌ലിംകളെ, അവരുടെ ചരിത്രത്തെ അപരവല്‍ക്കരിക്കുന്ന തരത്തിലുള്ളതാണ്. ‘ദേശീയ ചരിത്രകാരന്‍മാര്‍’, എന്ന ഗണത്തില്‍ പെടുന്നവരുടേതായി പുറത്തുവന്നിട്ടുള്ളതാണ് രണ്ടാമത്തെ വിഭാഗം രചനകള്‍. ഇവയില്‍ പലരും പ്രബലമായ സവര്‍ണ, ദേശീയ ചരിത്ര രചനാ-ധാരയെ പിന്‍പറ്റുന്നവരായിരുന്നു. മൂന്നാമത്തെ തരം രചനകള്‍ അടുത്തിടെ ഉയര്‍ന്നുവന്ന ശ്രദ്ധേയമായ കീഴാള ചരിത്രധാരയുടെ അനുരണനങ്ങള്‍ എന്ന നിലയ്ക്ക് വിലയിരുത്തേണ്ടുന്നവയാണ്. ഒരു ‘വ്യക്തിനിഷ്ഠ സമീപനം’ നിലനിര്‍ത്തുക മാത്രമല്ല, ഇവ ഉപയോഗിക്കുന്ന സ്രോതസ്സുകളുടെ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. നേരത്തെ പരിപൂര്‍ണമായും ആശ്രയിച്ചിരുന്ന കൊട്ടാര- കൊളോണിയല്‍ ചരിത്ര സ്രോതസ്സുകളില്‍ നിന്നുള്ള മാറ്റം രചനാരീതികളിലും പ്രകടമാണ്. ഈ പുസ്തകത്തിന്റെ സ്ഥാനം ഇപ്പറഞ്ഞ ഗണത്തില്‍ മൂന്നാമത്തേതിലാണ്.

രീതിശാസ്ത്രപരമായ ഒരടുപ്പം ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് വിശകലന രീതിയോടും ഗ്രാംഷീയന്‍ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തോടുമാണെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാല്‍, അന്വേഷണങ്ങള്‍ ഇവയില്‍ നിന്ന് മുന്നോട്ട് കുതിച്ച് ഒരു- പോസ്റ്റ് സെക്കുലര്‍ ചട്ടക്കൂടിലേക്ക് സംക്രമിക്കുന്ന കാഴ്ചയാണ് പഠനത്തില്‍ ഉടനീളം കാണുന്നത്.

ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ട പ്രതിപാദ്യങ്ങളില്‍ ഒന്ന് മലബാറിലെ മുസ്‌ലിംകളുടെ പലതരത്തിലുള്ള രാഷ്ട്രീയ കര്‍തൃത്വങ്ങളുടെ നിര്‍മാണത്തെക്കുറിച്ചുള്ള വിവരണമാണ്. ഒരുപക്ഷേ, ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനമായിരിക്കണം ആദ്യമായി ദേശീയ രാഷ്ട്രീയ ഭൂമികയോട് മാപ്പിളമാരെ അടുപ്പിച്ച രാഷ്ട്രീയ സംഭവം. ചരിത്രപരമായി, മാപ്പിളമാരുടെ ‘ദേശീയ ഭാവനകള്‍’ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ രാഷ്ട്രീയ-ഭൂമിക കേന്ദ്രീകരിച്ചായിരുന്നു വളര്‍ന്നതും വ്യാപിച്ചതും. സാംസ്‌കാരിക തലത്തില്‍ യാത്രകള്‍, കച്ചവട- വിശ്വാസ അധിഷ്ഠിതമായ കുടിയേറ്റങ്ങള്‍, പണ്ഡിത പ്രബോധക ശൃംഖലകള്‍ തുടങ്ങിയ ആശയങ്ങളുടെ ഒരു മഹാ സഞ്ചാരപദം മലബാര്‍, തെക്കന്‍ അറേബ്യ, സ്വാഹിരി തീരം, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളെ ബന്ധപ്പെടുത്തി നിലനിര്‍ത്താന്‍ സഹായിച്ചിരുന്നു. രാഷ്ട്രീയതലത്തിലും ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഒരു സ്വാധീനശക്തിയായി വര്‍ത്തിച്ചിരുന്നു. ഇതേ രാഷ്ട്രീയ സാംസ്‌കാരിക പടപ്പാട്ടുകളില്‍ തന്നെയാണ് മാപ്പിളമാര്‍ അവരുടെ രാഷ്ട്രീയസ്വത്വത്തെ സ്വയം പ്രതിഷ്ഠിച്ചു പോന്നിരുന്നത്. ഖിലാഫത്ത് പ്രസ്ഥാനത്തിലെ പങ്കാളിത്തത്തോടുകൂടിയാണ് ഇന്ത്യന്‍ ദേശീയത കേരളത്തിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവനയെ നിശ്ചയിക്കുന്ന ഒന്നായി, അല്ലെങ്കില്‍ ഒരു റഫറന്‍സ് പോയിന്റായി മാറുന്നത്.

എന്നാല്‍, വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ച് ഖിലാഫത്ത് പ്രസ്ഥാനം ഒരു സമ്പൂര്‍ണതുറവിയാണ് സമ്മാനിച്ചതെങ്കിലും മലബാറിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ തുറവിയോടൊപ്പം ഒരു അടയലും ഒരുപോലെ സമ്മാനിച്ചിട്ടുണ്ടെന്നാണ് ഗ്രന്ഥകാരന്‍ പറഞ്ഞുവയ്ക്കുന്നത്. 1921ലെ വിപ്ലവത്തിനുശേഷം മാപ്പിളമാര്‍ സവര്‍ണ രാഷ്ട്രീയ ബോധത്തില്‍ കെട്ടിപ്പൊക്കിയ ഇന്ത്യന്‍ ദേശീയ സമരത്തില്‍ നിന്ന് അതിദ്രുതം പുറത്താക്കപ്പെടുന്നുണ്ടെന്നാണ് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നത്. ഈ ‘പുറത്താക്കല്‍’ പ്രക്രിയയില്‍ ഗാന്ധിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. ഗാന്ധിയന്‍ ലിബറലിസത്തില്‍ അടങ്ങിയ ആശയവൈരുദ്ധ്യങ്ങളെയും അതിന്റെ രാഷ്ട്രീയാവിഷ്‌കാരങ്ങളെയും സമരോത്സുകരായ മാപ്പിളമാരോടുള്ള അദ്ദേഹത്തിന്റെ നിലപാടിനെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനമാണ് ‘ലിബറല്‍ ഗാന്ധിയും ഫെനറ്റിക് മാപ്പിളയും’ എന്ന ഈ പുസ്തകത്തിലെ ഒരു ഖണ്ഡത്തിന്റെ ഉള്ളടക്കം തന്നെ.

ഈ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ചില സംഗതികള്‍ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നേരത്തെ മുതല്‍ക്കേ പരസ്പരം ചേര്‍ന്നു പോകാത്തതായിരുന്നു. വടക്കേ ഇന്ത്യയിലെ മുസ്‌ലിം സമുദായങ്ങളെ പോലെ തുര്‍ക്കിഷ് ഖിലാഫത്തിനോടുള്ള വൈകാരികമായ അടുപ്പം മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയത്തെ ഒരു ഘട്ടത്തിലും സ്വാധീനിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. പ്രധാനമായും മലബാറില്‍ നിലനിന്നിരുന്ന സവിശേഷമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും അതിനോടുള്ള മാപ്പിള ജനസാമാന്യത്തിന്റെ ഏറ്റവും ജൈവികമായ പ്രതികരണവുമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ് മലബാര്‍ കലാപം. തുര്‍ക്കിഷ് ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കല്‍ ഉത്തരേന്ത്യയില്‍ ഒരു വലിയ വൈകാരിക പ്രശ്‌നമായിരുന്നു എങ്കിലും മലബാറില്‍ അതത്ര ആഴത്തിലുള്ള രാഷ്ട്രീയപ്രശ്‌നമായി മാറിയിരുന്നില്ല.

ഫൈസല്‍ ദേവ്ജി വിലയിരുത്തുന്നതുപോലെ സ്വതന്ത്രപൂര്‍വ്വ ഇന്ത്യയില്‍ ഗാന്ധി നടത്തിയ ഏറ്റവും തന്ത്രപൂര്‍വ്വമായ രാഷ്ട്രീയപ്രയോഗമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. പല ഗാന്ധി ചിന്തകരും അതൊരു ‘പകരംവയ്ക്കല്‍’ പോലെയാണ് കണക്കാക്കുന്നത്. മുസ്‌ലിംകള്‍ പശുവിന്റെ ഹിന്ദുമത ദര്‍ശനത്തിനുള്ള സ്ഥാനത്തെ മാനിക്കുന്നതിന് പകരമായി തുര്‍ക്കി ഖിലാഫത്തിന്റെ പരമാധികാരത്തെ ഹിന്ദുക്കള്‍ അംഗീകരിക്കുക. ഇത്തരമൊരു ‘ട്രേഡ് ഓഫ്’ മലബാര്‍ പോലുള്ള സ്ഥലത്തെ മുസ്‌ലിംകളുടെ കാര്യത്തില്‍ എത്രത്തോളം പ്രസക്തവും പ്രായോഗികവുമായിരുന്നു എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഖിലാഫത്തിനെ മലബാറിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ-സമരഭാവനയുടെ കേന്ദ്രബിന്ദുവായി പരിവര്‍ത്തിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ്സും ഗാന്ധിജിയും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഗാന്ധിയെ മാത്രം വിമര്‍ശിക്കുന്നതില്‍ വലിയ സാംഗത്യമില്ല.

രണ്ടാമതായി ഗാന്ധിയെ പ്രത്യയശാസ്ത്രപരമായി ഒരു ലിബറലായി വിലയിരുത്തുന്നതിലുള്ള പ്രശ്‌നമാണ്. തന്റെ രാഷ്ട്രീയ ചിന്തയില്‍ സ്റ്റേറ്റിന്റെ പങ്കിനെ മൂലയ്ക്കിരുത്തി അവഗണിച്ച, അതുമല്ലെങ്കില്‍ സ്റ്റേറ്റിന്റെ സര്‍വ്വാധിപത്യത്തിനും മേലെ വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണത്തെയും കയറ്റിവച്ച ഉദാരസിദ്ധാന്ത വാദിയായിരുന്നു ഗാന്ധി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍, നമ്മള്‍ വിവക്ഷിക്കുന്ന യൂറോപ്യന്‍ സെന്‍സിലുള്ള ലിബറലിസത്തിന്റെ സിദ്ധാന്തസഞ്ചി ഗാന്ധിക്ക് ചേരുമോ? തീര്‍ച്ചയായും ഇല്ല എന്ന് തന്നെ വേണം പറയാന്‍. അതുകൊണ്ടുതന്നെ, ലിബറലിസത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തുനിന്ന് ഗാന്ധിയന്‍ ചിന്തയില്‍ അടങ്ങിയ വൈരുദ്ധ്യങ്ങളെ വിലയിരുത്തുന്നതില്‍ കുറവുണ്ട്.

ഈ പുസ്തകം മലബാര്‍ കലാപത്തെക്കുറിച്ചുള്ള വ്യത്യസ്ത തരത്തിലുള്ള അന്വേഷണ സാധ്യതകളിലേക്കുള്ള പ്രവേശികയാണ്. മത-വര്‍ഗ ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടു പോരുന്ന ഒരു സംഗതിയെ രാഷ്ട്രീയ കര്‍തൃത്വത്തിന്റെ അടിസ്ഥാനത്തിലും അതിന്റെ ആത്മീയ ചേരുവയുടെ അടിസ്ഥാനത്തിലും വ്യവഹരിക്കപ്പെടുന്നുണ്ട്. ആലി മുസ്‌ല്യാര്‍ അടക്കമുള്ള മാപ്പിള കലാപത്തിലെ മുന്നണി പോരാളികളുടെ സൂഫി ബന്ധം ഈ പുസ്തകത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമാണ്. ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി ആത്മീയ ആചാര്യന്‍മാരായിരിക്കുന്നതിനു പുറമേ കേരളത്തിലെ സൂഫിവര്യന്‍മാരില്‍ പലര്‍ക്കും സമൂഹത്തില്‍ മറ്റു പല സ്ഥാനങ്ങളും ഉണ്ടായിരുന്നു. അവരില്‍ പലരും സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. പൊന്നാനിയിലെ മഖ്ദൂമുമാര്‍ പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളികള്‍ ആയിരുന്നപ്പോള്‍, മമ്പുറം തങ്ങള്‍ അടക്കമുള്ള സയ്യിദന്മാരുടെ വെള്ളിയാഴ്ച ഖുതുബകളും ഫത്വകളും തെക്കന്‍ മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കി. അവര്‍ രചിച്ച കിതാബുകളില്‍ പലതും തെക്കന്‍ മലബാറിലെ മുസ്‌ലിംകള്‍ക്കിടയില്‍ കോളനി-വിരുദ്ധ വികാരം ഉണ്ടാക്കിയെടുക്കാന്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ആലി മുസ്‌ല്യാര്‍ പിന്‍പറ്റിയിരുന്ന ഖാദിരിയ ത്വരീഖത് ഉള്‍പ്പെടെ സൂഫി ത്വരീക്കത്തുകള്‍ മാപ്പിളമാരുടെ രാഷ്ട്രീയ കര്‍തൃത്വം നിര്‍മ്മിച്ചെടുക്കുന്നതില്‍ നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള വിശദമായ ചര്‍ച്ച ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നാണ്.

കാലങ്ങളായി മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തളച്ചിട്ട സൈദ്ധാന്തിക പരിമിതിയായിരുന്നു മത-വര്‍ഗ ദ്വന്ദം. കര്‍ഷക ജനസാമാന്യത്തിന്റെ കലാപമായി ചിത്രീകരിച്ച മാര്‍ക്‌സിയന്‍ രീതി (ഇഎംഎസ് അടക്കമുള്ളവര്‍ പിന്‍പറ്റിയ ധാര). മതത്തിന്റെയും വിശ്വാസത്തിന്റെയും പ്രാധാന്യത്തെ താരതമ്യേന അപരാധമായി കാണുന്ന ഒരു ഉള്ളടക്കം ഈ ലൈനില്‍ ഉണ്ട.് കലാപത്തിലെ മതത്തിന്റെ സാമൂഹിക രാഷ്ട്രീയ ഇടപെടലിനെ വിശദ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന എം ഗംഗാധരന്‍ അടക്കമുള്ള ചരിത്രകാരന്‍മാര്‍ തുടര്‍ന്നു പോന്നിരുന്നതാണ് മറ്റൊരു അന്വേഷണ രീതി. വിശ്വാസത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ എക്സ്റ്റന്‍ഷന്‍ ആയി മാപ്പിളയുടെ സമരോത്സുകതയെ വിലയിരുത്തുന്നതാണ് രണ്ടാമത്തെ രീതിയുടെ പ്രത്യേകത. എന്നാല്‍ ഇതില്‍ നിന്നെല്ലാം മുന്നോട്ടുപോയി മലബാര്‍ കലാപത്തിന് പിന്നിലെ ആത്മീയവും, സാമൂഹികവും, രാഷ്ട്രീയവുമായ പല ചോദനകളും പ്രതീക്ഷകളും സ്വപ്‌നങ്ങളും ഈ പുസ്തകം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ഇതുകൂടാതെ ഒരു ദശകക്കാലം ദേശീയ രാഷ്ട്രീയം മലബാര്‍ പ്രദേശത്തുണ്ടാക്കിയ അനുരണനങ്ങളുടെ ഒരു സൂക്ഷ്മ ചരിത്രം കൂടിയാണ് ഈ പുസ്തകം. ഓരോ സംഭവവും മാപ്പിളമാരില്‍ ഉണര്‍ത്തിയ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.

അതുപോലെ, പോരാട്ടത്തില്‍ മാപ്പിള സ്ത്രീകള്‍ വഹിച്ച പങ്ക് പൊതുവേ എവിടെയും പരാമര്‍ശിക്കപ്പെടാറില്ല. ഈ പുസ്തകത്തില്‍ സ്വന്തം വല്യമ്മയുടെ അനുഭവത്തെ മുന്‍നിര്‍ത്തി വിസ്തരിച്ച് അല്ലെങ്കിലും പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ പോരാട്ടത്തിന്റെ പല ആഖ്യാനങ്ങളും ഈ പുസ്തകത്തില്‍ വെളിപ്പെടുന്നത് ‘സാധാരണക്കാരായ കാലാളുകളുടെ’ അനുഭവപരിസരങ്ങളിലൂടെയാണ്.

‘വഴക്കാളി- മതഭ്രാന്തന്‍’ എന്ന മാപ്പിള മുസ്‌ലിമിന്റെ ചിത്രം അതിനെക്കുറിച്ചുള്ള പൊതുബോധ നിര്‍മാണത്തിന്റെ നാള്‍വഴികള്‍ ഇത്രയും നന്നായി പകര്‍ത്തിയിട്ടുള്ള മറ്റൊരു കൃതി ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. വഴക്കാളി, മതഭ്രാന്തന്‍, മാപ്പിള എന്ന കലാപവസ്തു, മാപ്പിളപ്പേടി എന്നിങ്ങനെ മലബാര്‍ മുസ്‌ലിം പ്രതിനിധാനത്തില്‍ ഉള്‍ച്ചേര്‍ന്ന മൂന്നു പ്രശ്‌നങ്ങളുടെ സാമൂഹികശാസ്ത്രപരമായ അന്വേഷണമാണ് ചുരുക്കത്തില്‍ ഈ പുസ്തകം. കൊളോണിയല്‍ നിര്‍മിതികളായ ഈ പ്രശ്‌നങ്ങള്‍ കേരളത്തിലും ദേശീയതലത്തിലും കോണ്‍ഗ്രസ് എങ്ങനെ ഏറ്റെടുത്തു എന്നതിന്റെ ഒരു വിശദചിത്രം ഈ പുസ്തകം തരുന്നു. കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ ഒരുക്കിയ സൈദ്ധാന്തിക കെണിയില്‍ ഗാന്ധി എങ്ങനെ വീഴുന്നു എന്നും ഈ പുസ്തകം കാട്ടിത്തരുന്നു.

ഈ വിഷയത്തില്‍ എം ടി അന്‍സാരി നേരത്തെ നടത്തിയിട്ടുള്ള പഠനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, എന്നാല്‍ ഒരു ചുവട് മുന്നോട്ട് പോയി ‘മാപ്പിള എന്ന കലാപ വസ്തുവിന്റെ’നിര്‍മിതിയുടെ സാമൂഹിക രാഷ്ട്രീയ ചേരുവകള്‍ ആഴത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത.് മലബാറിലെ ജാതി പ്രശ്‌നം അഡ്രസ്സ് ചെയ്തതാണ് മാപ്പിളപ്പേടിയുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്ന സംഗതി.

അവസാനമായി സൂചിപ്പിക്കേണ്ട ഒരു കാര്യം ഇതിന്റെ ആഖ്യാന ഘടനയാണ്. ചരിത്ര സംഭവങ്ങളും അനുഭവങ്ങളും ആഖ്യാനങ്ങളും അവയ്ക്ക് അനുപൂരകങ്ങളായ വരികല്‍പ്പനകളും സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങളും ചേര്‍ത്ത് അടുക്കിവച്ചിരിക്കുന്ന സവിശേഷ ഘടനയാണ് ഈ പുസ്തകത്തിന്റേത്. മലബാര്‍ കലാപത്തെ കുറിച്ചുള്ള പല വായനകള്‍ അവയുടെ പരിമിതികളും സാധ്യതകളുമടക്കം ഈ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഒരുപാട് തുടര്‍ അന്വേഷണങ്ങളിലേക്ക് വാതില്‍ തുറന്നു വയ്ക്കുന്ന ശ്രദ്ധേയമായ ശ്രമമാണ് ഈ പുസ്തകം. സമൃദ്ധമായ റഫറന്‍സുകളും വിപുലമായ ഗ്രന്ഥവരിയും ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയാണ്.

(സി കെ അബ്ദുല്‍ അസീസിന്റെ കൃതിക്ക് ഡോ. എം എച്ച് ഇല്യാസ് എഴുതിയ മുന്നുര, എംജി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രഫസറാണ് ലേഖകന്‍)

No Comments yet!

Your Email address will not be published.

No related posts found.