നവോത്ഥാന കേരളം ഇപ്പോള്‍ ജീര്‍ണ്ണിച്ച് ജീര്‍ണ്ണിച്ച് കെട്ടഴുകാന് തുടങ്ങിയിട്ടുണ്ട്. ജാതിയില്ലാ കേരളം എന്നത് ഇന്ന് അമൂര്‍ത്തമായ ഒരു പരികല്‍പ്പന മാത്രമാണ്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ കാണുന്നത്ര ജാതീയ വിവേചനങ്ങളും പീഡനങ്ങളും ഇല്ല എന്നതും ജാതിവിവേചനം ഇവിടെ അത്രയ്ക്ക് പ്രത്യക്ഷമല്ല എന്നതും മാത്രമാണ് വ്യത്യാസം. മുസ്ലിംവിരുദ്ധ മിഥ്യാഭീതി പ്രചരിപ്പിച്ചും അതിനെ മറയാക്കിക്കൊണ്ടും ഹിന്ദുത്വവാദികള്‍ ഒരു വശത്ത് ഹൈന്ദവ മത ഏകീകരണത്തിന് തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതേസമയം കേരളത്തില്‍ വര്‍ണ-ജാതി മേധാവിത്വത്തിലധിഷ്ഠിതമായ ബ്രാഹ്മണിക മൂല്യങ്ങള്‍ കൂടുതല്‍ ഉറപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. അതിന് തെളിവാണ് ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി രണ്ടാമത്തെ കഴകക്കാരനായെത്തിയ ഈഴവ സമുദായ അംഗമായ ബി എ ബാലുവിന്റെ നിയമനത്തെ ക്ഷേത്രം തന്ത്രിമാര്‍ നിരസിച്ചത്. കഴക സ്ഥാനം എന്നത് മാലകളും പൂജാ സാമഗ്രികളും തയ്യാറാക്കുന്ന ബാഹ്യ ജോലി മാത്രമാണ്. ബാലുവിന്റെ നിയമനം തള്ളപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ഇത്തരം പല സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതായാലും സവര്‍ണ സ്വകാര്യ ക്ഷേത്രങ്ങളിലായാലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരം ക്ഷേത്രങ്ങളിലെ ഭരണസമിതികള്‍ ഇടതായാലും വലതായാലും നടപ്പാക്കേണ്ടി വരുന്നത് ഒരേ ബ്രഹ്മണാചാരാനുഷ്ഠാനങ്ങള് തന്നെയാണ്.
കൂടല്മാണിക്യക്ഷേത്രത്തിലുണ്ടായ സംഭവത്തെ തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രീയ ഉപാസകനായ വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവര്‍ പറഞ്ഞത്, ഹിന്ദു ഏകീകരണത്തിന് തുരങ്കം വയ്ക്കാനുള്ള ഏതാനും ചിലരുടെ നീക്കമാണിതെന്നാണ്. ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് നേരിടേണ്ടി വന്ന ജാതി വിവേചനങ്ങളടക്കം കേരളത്തിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലും ഇതര സവര്‍ണ ക്ഷേത്രങ്ങളിലും സമാനസ്വഭാവമുള്ള പല സംഭവങ്ങളും അരങ്ങേറികൊണ്ടിരിക്കുന്നുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളെല്ലാം തന്നെ വര്‍ണജാതി വിവേചനത്തിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള ശുദ്ധാശുദ്ധി ബന്ധങ്ങളുടേയും കേന്ദ്രങ്ങളാണ്. ഒരു വശത്ത് ജാതി വിവേചനങ്ങളെ അപലപിക്കുമ്പോള്‍ത്തന്നെ ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പറയുന്നത്. ആരുടെ ആചാരങ്ങളാണ് ഇവര്‍ സംരക്ഷിക്കണമെന്ന് പറയുന്നത്?
അയ്യാവൈകുണ്ഠ സ്വാമിയും ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും സഹോദരനയ്യപ്പനും മറ്റും ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിച്ച വര്‍ണജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ബ്രാഹ്മണാചാരങ്ങളേയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തില്‍ സംരക്ഷിക്കണമെന്ന് പറയുന്നത്. ഇതിലൂടെ നവോത്ഥാനം നേടിയെടുത്ത അവസാന ശേഷിപ്പിനേയും ബ്രാഹ്മണ്യത്തിന് മുമ്പില്‍ അടിയറവെക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. ഭരണഘടന ഉയര്‍ത്തി പിടിക്കേണ്ട കോടതികളുടെ സമീപനവും വ്യത്യസ്തമല്ല. മുമ്പ് തമിഴ്നാട്ടില്‍ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരായി അനുവദിക്കുന്നത് സുപ്രിം കോടതി തടഞ്ഞതും ബ്രാഹ്മണരല്ലാത്തവര്‍ക്ക് ക്ഷേത്ര പൂജാരികളാകാന്‍ അനുമതി നല്‍കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പരിശോധിക്കുന്നതില്‍ നിന്ന് സുപ്രിം കോടതി പിന്മാറിയതും ഇതിന് ഉദാഹരണങ്ങളാണ്. ഭരണകൂട സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ബ്രാഹ്മണാധിപത്യത്തെയാണ് ഇത് തുറന്ന് കാട്ടുന്നത്.
ഇന്ന് ക്ഷേത്രകേന്ദ്രിതമായ സംസ്കാരം കേരളത്തെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കയാണ്. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലേയും ആചാരാനുഷ്ഠാനങ്ങളാകട്ടെ ചേന്നാസ് നാരായണന് നമ്പൂതിരിയുടെ (എ.ഡി 1427-28) തന്ത്രസമുച്ചയത്തെയാണ് പിന്‍പറ്റുന്നത്. ഒരു പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം മുതല്‍ ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ക്ക് മുഴുവന്‍ അടിസ്ഥാനം തന്ത്രസമുച്ചയം എന്ന ഗ്രന്ഥമാണ്. അതില്‍ പറയുന്നത് എല്ലാ വര്‍ണങ്ങള്‍ക്കും ബ്രാഹ്മണന് തന്നെ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ ചെയ്യണം എന്നാണ്. അത് ചെയ്യുന്നത് ബ്രാഹ്മണരില്‍ തന്നെ ഉത്തമകുലത്തില്‍ ജനിച്ചവരായിരിക്കുകയും വേണം. വേദങ്ങളും ആഗമങ്ങളും അറിഞ്ഞിരിക്കണം. നാല് വര്‍ണങ്ങളുടേയും നാല് ആശ്രമങ്ങളുടേയും ആചാരങ്ങളില്‍ താല്‍പ്പര്യം അഥവാ വിശ്വാസം അവര്‍ക്കുണ്ടായിരിക്കണം എന്നും പറയുന്നു. വര്ണാശ്രമധര്മ്മങ്ങളെക്കുറിച്ചും ജീവിതരീതിയെ നിയന്ത്രിക്കുന്ന നാല് ആശ്രമവ്യവസ്ഥകളെക്കുറിച്ചും പ്രതിപാദിക്കുന്നതിലൂടെ തന്ത്രസമുച്ചയം മനുസ്മൃതിയുടെ കാല്‍പ്പാടുകളെയാണ് പിന്‍പറ്റുന്നത്. മനുസ്മൃതിയാകട്ടെ സമഭാവനയ്ക്കോ മാനവികമൂല്യങ്ങള്ക്കോ ഒരു സ്ഥാനവും കല്‍പ്പിക്കുന്നതുമല്ല.

ബ്രാഹ്മണ്യം ജനനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രമീകൃത അസമത്വം കൊണ്ടുവന്നു എന്നാണ് അംബേദ്കര്‍ പറയുന്നത്. ഇതിനെതിരേ സവര്ണഹിന്ദുത്വവാദികള് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് കര്‍മ്മംകൊണ്ട് ഒരാള്‍ക്ക് ബ്രാഹ്മണനാകാന്‍ കഴിയുമെന്നാണ്. മാത്രമല്ല, ജന്മമല്ല, വര്‍ണ ഭേദത്തിനടിസ്ഥാനമെന്നും. അതിനവര്‍ ഇതിഹാസങ്ങളില്‍ നിന്നൊക്കെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കും. പരാശരന് മീന്പിടിത്തക്കാരിയിലുണ്ടായ മകനാണ് വ്യാസനെന്നും മറ്റും. കൂടാതെ കര്‍മ്മമാണ് വര്ണഭേദത്തിനടിസ്ഥാനമെന്ന് ഭവിഷ്യപുരാണത്തില്‍ നിന്നുള്ള ഉദ്ധരണികളും ഉരുവിടും. വ്യാസന്റേതു പോലുള്ള ഉദാഹരണത്തെ സംബന്ധിച്ചിടത്തോളം പറയാനാവുന്ന വസ്തുത, വര്‍ണവ്യവസ്ഥ വേരുറയ്ക്കാന്‍ തുടങ്ങുന്ന ഒരന്തരാളഘട്ടത്തിലാണ് മഹാഭാരതം പോലുള്ള ഇതിഹാസകൃതികള്‍ രൂപംകൊള്ളുന്നത് എന്നതാണ്. ഭവിഷ്യപുരാണമൊഴിച്ചുള്ള പുരാണങ്ങളിലും ശ്രുതികളിലും സ്മൃതികളിലും ഇതിഹാസങ്ങളിലുമൊക്കെയും ഒരാളുടെ വര്‍ണവും ജാതിയും ജനനം കൊണ്ടുതന്നെയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്ന് കാണാം.
മഹാപുരാണപരമ്പരയിലെ ഒമ്പതാമത്തെ പുരാണമെന്ന് പറയപ്പെടുന്ന ഭവിഷ്യപുരാണത്തില്‍ മാത്രമാണ്, കര്‍മ്മമാണ് വര്‍ണഭേദങ്ങള്‍ക്ക് അടിസ്ഥാനം എന്ന് പറയുന്നത്. അതാകട്ടെ പിന്നീട് കൂട്ടി ചേര്‍ക്കപ്പെട്ടതാണെന്ന് ഊഹിക്കാവുന്നതാണ്. കാരണം, ഇന്ത്യയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രത്തിലേക്ക് വരെ വെളിച്ചം വീശുന്ന കൃതിയാണിത്. മധ്യകാലത്തില്‍ ജീവിച്ചിരുന്ന ഹര്ഷവര്ദ്ധനന് മുതല്‍ അലാവുദീന്‍, തുഗ്ലക്ക്, പൃഥ്വിരാജ്, ബാബര്‍, ശിവാജി, അക്ബര്‍ എന്തിനേറെ ബ്രിട്ടീഷ് ഭരണാധികാരികള്‍ വരെ ഭവിഷ്യപുരാണത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദൈവത്തിന് മുന്നില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ഭക്തിപ്രസ്ഥാനത്തിന്റേയും, മനുഷ്യര്‍ തമ്മില്‍ ദൈവശാസ്ത്രപരമായി ഭിന്നതകളില്ലെന്ന മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളുടെയും മറ്റും സ്വാധീനവുംമൂലം പിടിച്ചുനില്ക്കാനായിരിക്കണം പിന്നീട് ഭവിഷ്യപുരാണത്തില്‍ ബ്രാഹ്മണവാദികള്‍ കര്‍മ്മമാണ് വര്ണദേദത്തിന് അടിസ്ഥാനം എന്ന് കൂട്ടിച്ചേര്‍ത്തത്.
എന്തായാലും ചരിത്രത്തില്‍ ഇന്നോളം ഒരാളും കര്‍മ്മം കൊണ്ട് ബ്രാഹ്മണനായ സംഭവം ഉണ്ടായിട്ടില്ല. ഹിന്ദുത്വവാദികള്‍ ലോകോത്തര സൃഷ്ടിയെന്ന് വിശേഷിപ്പിക്കുന്ന ‘വിചാധാര’യില്‍ ആര്‍എസ്എസ് സര്‍വസംഘചാലക് ആയിരുന്ന ഗോള്‍വാല്‍ക്കര്‍ ‘നമ്മുടെ സമാജത്തിന്റെ സവിശേഷ മേന്മ വര്ണവ്യവസ്ഥയാണെ’ന്ന് പറയുന്നുണ്ട്. ആര്‍എസ്എസ് നേതാവും ജനസംഘം അദ്ധ്യക്ഷനുമായിരുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ തന്റെ ‘ഏകാത്മമാനവവാദം’ എന്ന കൃതിയില്‍ ഇങ്ങനെപറയുന്നു: ‘നമ്മുടെ വര്‍ണവ്യവസ്ഥയെ വിരാട് പുരുഷന്റെ നാല് അംഗങ്ങളായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിരാട്പുരുഷന്റെ ശിരസ്സില്‍ നിന്ന് ബ്രാഹ്മണനും ബാഹുക്കളില്‍ നിന്ന് ക്ഷത്രിയനും ഊരുക്കളില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും ഉദ്ഭവിച്ചു’. ഉപാദ്ധ്യായ വര്‍ണവ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുകയും അതിന്റെ മഹത്വം സംഘര്‍ഷങ്ങളിലല്ല പരസ്പരപൂരകങ്ങളിലാണെന്ന് അനുബന്ധമായി പറഞ്ഞ്കൊണ്ട് വര്‍ണവ്യവസ്ഥയെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു. എങ്കിലും അവര്‍ കര്‍മ്മമാണ് വര്‍ണഭേദത്തിന് അടിസ്ഥാനം എന്ന് ഇരട്ടനാവുകള്‍ കൊണ്ട് സംസാരിച്ചുകൊണ്ടിരിക്കും.
വര്‍ണ-ജാതി അധീശത്വത്തിലും ശുദ്ധാശുദ്ധി ബന്ധങ്ങളിലും അടിസ്ഥാനപ്പെടുത്തിയ ക്ഷേത്ര സംസ്കാരം ഇന്ന് സവര്‍ണ ഹിന്ദുത്വശക്തികളുടെ പ്രത്യയശാസ്ത്രാടിത്തറ വിപുലപ്പെടുത്താനുള്ള ഉപകരണം കൂടിയായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളീയരുടെ സാംസ്കാരിക പ്രവര്‍ത്തനംതന്നെ ഇന്ന് ക്ഷേത്രകേന്ദ്രിതമായി പരിണമിച്ചുകൊണ്ടിരിക്കയുമാണ്. ഇത് യാദൃച്ഛികമായി ഉണ്ടായിവന്നതല്ല.
കേരളത്തിലെ ക്ഷേത്രകാര്യങ്ങളില്‍ ആര്‍എസ്എസിന്റെ സാംസ്കാരിക രാഷ്ട്രീയം അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലെ ഇടപെടുന്നുണ്ട്. സി കെ മൂസ്സതിന്റെ ‘കെ കേളപ്പന് എന്ന മഹാമനുഷ്യന്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ വള്ളുവനാട്ട് രാജാവിന്റെ കഴിവുകേടുകൊണ്ട് നശിച്ചുപോയ അങ്ങാടിപ്പുറത്തെ തളി ശിവക്ഷേത്രം ജീര്‍ണ്ണോദ്ധാരണം ചെയ്യാന്‍ മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റായിരുന്ന കെ കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1968 ആഗസ്തില്‍ ഒരു ക്ഷേത്രസംരക്ഷണ സമിതിക്ക് രൂപം കൊടുത്ത് പ്രവര്‍ത്തിച്ചതായി എഴുതുന്നുണ്ട്. ഈ പ്രവര്‍ത്തനത്തില്‍ കെ കേളപ്പനോടൊപ്പം മാധവ്ജി അടക്കമുള്ള ചില ആര്‍എസ്എസുകാരും പങ്കാളികളായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിന് ശേഷം കെകേളപ്പന് ഇത്തരം സംരംഭങ്ങളില്‍ നിന്ന് വിട്ടുപോയിരുന്നു. എന്നാല്‍ ആര്‍എസ്എസ് അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് കൊണ്ടുപോവുകയുമായിരുന്നു. ആര്‍എസ്എസ് മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയെ കേരള ക്ഷേത്രസംരക്ഷണ സമിതിയായി വികസിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ കേരളത്തില്‍ നൂറു കണക്കിന് ക്ഷേത്രസംരക്ഷണ സമിതികളാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അന്ന് കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് നേതൃത്വം കൊടുത്ത ആര്‍എസ്എസുകാരനായ മാധവ്ജി തന്ത്രവിദ്യയും പൂജാവിധികളും പഠിപ്പിക്കുന്നതിനായി ആലുവയില്‍ തന്ത്രവിദ്യാപീഠം എന്നൊരു സ്ഥാപനവും ആരംഭിച്ചിരുന്നു. ഇന്ന് തന്ത്രവിദ്യാപീഠം ഈ രംഗത്തെ പ്രധാനപ്പെട്ട സ്ഥാപനമാണ്. ‘നമ്പൂതിരി മുതല്‍ നായാടിവരെ’യെന്ന് വിശാല ഹിന്ദുത്വം പറയുന്നവര്‍ ഇവിടെ ബ്രാഹ്മണര്‍ക്ക് മാത്രമേ പ്രവേശനം നല്കുന്നുള്ളു. ഹിന്ദുത്വശക്തികള്‍ പറയുന്ന വിശാല ഹിന്ദുത്വം പോലും ജാതിക്കതീതമായ ഒന്നല്ല. അത് വര്‍ണജാതി വ്യവസ്ഥയുടെ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ഒന്നാണെന്നതാണ് വസ്തുത. തന്ത്രവിദ്യാപീഠം പോലെ വ്യത്യസ്ത സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ സ്വാധീനത്തില്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ദേവസ്വം ബോര്‍ഡ് കമ്മിറ്റികളും വിദഗ്ധാഭിപ്രായം തേടുന്നതിന്, മാധവ്ജി സ്ഥാപിച്ച തന്ത്രാവിദ്യാപീഠത്തേയും, അവിടെ പഠനം പൂര്‍ത്തിയാക്കിയ തന്ത്രിമാരേയുമാണ് ആശ്രയിക്കുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ തങ്ങളുടെ പ്രത്യയശാസ്ത്രം ചുളുവില്‍ എത്തിക്കുന്നതിന് ആര്‍എസ്എസ് ഉപയോഗിക്കുന്നത് ഇത്തരം സ്ഥാപനങ്ങളെയും കൂടിയാണ്.
ഒരര്‍ത്ഥത്തില്‍ ക്ഷേത്രങ്ങള്‍ ഹിന്ദുത്വരാഷ്ട്രീയ ഇടങ്ങളായി അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രപുനഃരുത്ഥാനങ്ങള്, പുനഃപ്രതിഷ്ഠകള്‍, ഗണപതിഹോമം, കോടിയര്‍ച്ചന, നവീകരണകലശങ്ങള് എന്ന് വേണ്ട ഒരു വര്‍ഷത്തില്‍ എത്ര ദിവസങ്ങളുണ്ടോ അത്രയും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹൈന്ദവാചാര പരമ്പരകളാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ അഖണ്ഡനാമ യജ്ഞം, ഭാഗവത യജ്ഞം, ഗീതായ ജ്ഞം, രാമായണ മാസാചരണം, പൊങ്കാല ഉത്സവങ്ങള്‍ തുടങ്ങിയ നിരവധിയായ പദ്ധതികളും, ക്ഷേത്രത്തിന് പുറത്ത് ബാലഗോകുലം, ഗണപതിയുത്സവം എന്നിവയും അരങ്ങേറിക്കൊണ്ടിരിക്കുന്നു. നിരന്തരമായി നടത്തുന്ന ഇത്തരം പരിപാടികളിലൂടെ ആര്‍എസ്എസിന് സാധരണ വിശ്വാസികളെ ഹിന്ദുവെന്ന ബോധത്തിലേക്കും സവര്‍ണഹിന്ദുത്വ രാഷ്ട്രീയത്തിലേക്കും എളുപ്പത്തില്‍ ബന്ധിപ്പിക്കാനാവുന്നുണ്ട്. മാത്രമല്ല, ഇത്തരം ആവിഷ്കാരങ്ങള്‍ ഹിന്ദു ഏകീകരണത്തിന് കൂടി ഉപാധിയാക്കുന്നതായി കാണാം. ബ്രാഹ്മണാചാരങ്ങളില്‍ അധിഷ്ഠിതമായ ക്ഷേത്രാചാരങ്ങള്‍ പിന്തുടരുന്നതിലൂടെ തങ്ങളുടെ സാമൂഹ്യപദവി ഉയര്‍ത്തപ്പെടുമെന്ന ഒരു മിഥ്യാധാരണ പിന്നാക്കസമുദായ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരു പറഞ്ഞിട്ടും അന്നത് കേള്‍ക്കാതെ കാവിലും തറയിലും പീഠപ്രതിഷ്ഠയിലും ആരാധന തുടര്‍ന്നു കൊണ്ടിരുന്ന പിന്നാക്ക ജാതിക്കാര്‍ പുനഃപ്രതിഷ്ഠയിലൂടെ ഹൈന്ദവ ദൈവങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഹിന്ദുത്വശക്തികളുടെ തന്നെ താല്‍പ്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്ന പദ്ധതികളാണ് നടന്നു കൊണ്ടിരിക്കുന്നത്.
അമ്പതുകളിലും അറുപതുകളിലും കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ നവോത്ഥാനാശയങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും പ്രാമുഖ്യം ഉണ്ടായിരുന്നു. എന്നാല്‍ 57 ലെ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമങ്ങളും വിദ്യാഭ്യാസ ബില്ലുമൊക്കെ ഫ്യൂഡല്‍ ശക്തികളെയും വര്‍ണജാതി മതവിഭാഗങ്ങളേയും ഭയപ്പെടുത്തുകയും അവര്‍ കുപ്രസിദ്ധ വിമോചന സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. അന്ന് സവര്‍ണവിഭാഗങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളിലൊന്ന് തമ്പ്രാനെന്ന് വിളിപ്പിക്കും പാളയില്‍ കഞ്ഞി കുടിപ്പിക്കും എന്നായിരുന്നല്ലോ. ബ്രാഹ്മണ്യത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു അത്. അതുവരെ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടേയും കേരളത്തില്‍ രൂപപ്പെട്ടുവന്ന പ്രതിസംസ്കാരം 1959ല്‍ പ്രതിലോമശക്തികള്‍ നടത്തിയ വിമോചനസമരത്തോടെ പ്രക്ഷീണമാവാന് തുടങ്ങിയിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 64ലെ പിളര്‍പ്പിന് ശേഷം രൂപംകൊണ്ട സിപിഎം, സിപിഐ വിഭാഗങ്ങള്‍ വര്‍ഗസമരം തന്നെ പതിയെ പതിയെ കൈയൊഴിയുകയും തിരഞ്ഞെടുപ്പ് ഒരു പ്രധാന ലക്ഷ്യമാക്കുകയും ചെയ്തു. ഇതോടെ ഈ രണ്ട് പാര്‍ട്ടികളും അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിഞ്ഞ് അവരുടെ കര്‍മ്മമണ്ഡലം മദ്ധ്യവര്‍ഗ, ഉപരി മദ്ധ്യവര്‍ഗ വിഭാഗങ്ങളിലേക്ക് ചുവട് മാറ്റുകയും ചെയ്തു. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ ഗണിതശാസ്തപരമായ സാധ്യത പടിപടിയായി അടിസ്ഥാനവര്‍ഗങ്ങളുടെ പിന്തുണ അത്യാവശ്യമല്ലാതാക്കി.
ഏതുവിധേനയും അധികാരം എന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ചതിനെ തുടര്‍ന്ന് വിമോചന സമരത്തിന് നേതൃത്വം കൊടുത്ത അതേ ശക്തികളെ തന്നെ ചേര്‍ത്ത് പിടിച്ച് സിപിഎം 67ല്‍ അധികാരത്തില്‍ വന്നു. പിന്നാലെ കേരളത്തിന്റെ സാംസ്കാരികമണ്ഡലം വലിയ രീതിയില്‍ പിറകോട്ട് സഞ്ചരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എഴുപതുകളില്‍ ഉണ്ടായ ഉണര്‍വാകട്ടെ പെട്ടെന്ന് തന്നെ കെട്ടടങ്ങുകയും വീണ്ടും കേരളം അതിവേഗം തിരിച്ച് നടക്കാനാരംഭിക്കുകയും ചെയ്തു. പിന്തിരിപ്പന്‍ശക്തികള്‍ നടത്തിയ വിമോചനസമരത്തിന്റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ മുതലാക്കിയത് ആര്‍എസ്എസായിരുന്നു എന്നത് ആരും ഗൗരവമായി കണ്ടില്ല. 1964ല്‍ ഗുരുവായൂരില്‍ നടന്ന ഹിന്ദുഐക്യ സമ്മേളനം ഇതിനുദാഹരണമാണ്. 1982ല്‍ ആര്‍എസ്എസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന വിശാല ഹിന്ദു സമ്മേളനമാണ് ഇത്തരുണത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. 82ല്‍ തന്നെ ആര്‍എസ്എസ് സൈദ്ധാന്തികനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി പരമേശ്വരന് കര്‍ക്കിടക മാസം രാമായണ മാസമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതും മുമ്പ് പറഞ്ഞ സാഹചര്യങ്ങളുടെ പിന്‍ബലത്തിലായിരുന്നു.
ഇന്ന് നിര്‍മാനുഷികമായ ബ്രാഹ്മണിക്കല്‍ ആശയസംഹിത പുതിയ ആദരണീയത നേടുകയും കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ബ്രാഹ്മണ്യപ്രത്യയശാസ്ത്രത്തെ കാണാതെ അതിനെ കേവലമായ രാഷ്ട്രീയാനുഭവം മാത്രമായി ചുരുക്കിക്കാണാനാണ് പൊതുവില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വര്ണജാതിയില് അധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തിന്റെ അപകടകരമായ സാംസ്കാരിക മാനങ്ങളെ അവര്‍ കാണാതെ പോവുന്നു. അതുകൊണ്ടവര്‍ ഹിന്ദുത്വ ഫാസിസത്തെ കേവലം ഹിന്ദുവര്‍ഗീയത എന്ന് അഭിസംബോധന ചെയ്യുന്നു.
ഇതിന്റെ പ്രതിഫലനമാണ് സിപിഎം പോലുള്ള പാര്‍ട്ടികള്‍ ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചെടുക്കുന്നതിലൂടെ അവിടത്തെ ആര്‍എസ്എസ് സ്വധീനത്തെ ചെറുക്കാനാവുമെന്ന് വിചാരിക്കുന്നത്. എന്നാല്‍ യാഥര്‍ത്ഥ്യം മറിച്ചാണ്. ‘ഇടതുപക്ഷങ്ങള്‍’പിടിച്ചെടുക്കുന്ന ക്ഷേത്ര കമ്മിറ്റികളും വര്‍ണ ജാതിയിലും ശുദ്ധാശുദ്ധി ബന്ധങ്ങളിലും അതിഷ്ഠിതമായ ബ്രാഹ്മണാചാരങ്ങള്‍ തന്നെ പിന്തുടരുന്നു എന്നതാണ് വിരോധാഭാസം. അവര്‍ണ ആരാധന രീതികള്‍ ബ്രാഹ്മണിക്കല്‍ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കിലും അവിടെയും ബ്രാഹ്മണാചാരങ്ങള്‍ കടത്തിക്കൊണ്ടുവരുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ സിപിഎം പോലുള്ള പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. ഇത് അവര്‍ ബ്രാഹ്മണിസത്തേയും അതിന്റെ ഗുരുത്വത്തേയും കണക്കിലെടുക്കാത്തതിന്റെ കൂടി ഫലമാണ്. ബ്രാഹ്മണിസം എന്നത് വര്ണജാതിയിലധിഷ്ഠിതമായ സാംസ്കാരികവും സമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു ദാര്‍ശനിക പദ്ധതിയാണ്. ഇക്കാര്യം തിരിച്ചറിയാത്തുകൊണ്ടോ, ബ്രാഹ്മണിസം ആന്തരവല്ക്കരിച്ചതുകൊണ്ടോ, ബ്രാഹ്മണിക്കല്‍ വ്യവഹാരത്തിനകത്ത് തന്നെയാണവര്‍ കുടുങ്ങി കിടക്കുന്നത്. ‘ഇടതുപക്ഷ’ബുദ്ധിജീവികളുടെ രാമായണ-മഹാഭാരത പാരായണ യജ്ഞത്തിലും ഇത് അനുഭവവേദ്യമാണ്. രാമയണത്തിലെ ഹിന്ദുത്വവാദികളുടെ രൗദ്രനായ രാമന് പകരം സര്‍വഗുണ സമ്പന്നനായ രാമനെ സ്വീകരിക്കുമ്പോഴും ഒരേ വ്യവഹാര മണ്ഡലത്തിലാണ് വ്യാപരിക്കുന്നതെന്നും വര്‍ണനീതി നടപ്പാക്കിയിരുന്ന രാമന് എന്ന സങ്കല്‍പ്പത്തെ തന്നെയാണ് ഇവര്‍ ഉറപ്പിച്ചെടുക്കുന്നതെന്നും കാണാതെ പോകുന്നു. ഇത് തന്നെയാണ് ബാലഗോകുലം സംഘടിപ്പിക്കുമ്പോഴും സംഭവിക്കുന്നത്. ശ്രീകൃഷ്ണനോടൊപ്പം ശ്രീനാരായണ ഗുരുവിനേയോ മാര്‍ക്സിനേയോ ഇഎംഎാിനേയുമൊക്കെ അവതരിപ്പിക്കുമ്പോഴും ശ്രീകൃഷ്ണ ജയന്തി എന്ന പ്രസ്തുത വ്യവഹാരത്തിന് ഒന്നും സംഭവിക്കുന്നില്ല. വര്‍ണജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ ആചാരാനുഷ്ഠാനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടി ആര്‍എസ്എസ് തങ്ങളുടെ സാംസ്കാരിക രാഷ്ട്രീയ പദ്ധതികളുമായി മുന്നോട്ടു പോകുമ്പോള്‍ പുരോഗമന ഇടതുപക്ഷങ്ങള്‍ ക്ഷേത്രകേന്ദ്രിതമായ ആചാരങ്ങളെ മതപരമായ കാര്യങ്ങള്‍ എന്ന നിലയില്‍ പാടെ അവഗണിക്കുകയുമാണ്. വര്ണജാതിയില് അധിഷ്ഠിതമായ ബ്രാഹ്മണിക്കല്‍ ആശയ സംഹിതകള്ക്കെതിരേയും ആചാരാനുഷ്ഠാനങ്ങള്ക്കെതിരേയും സാംസ്കാരികരംഗത്ത് വലിയതോതിലുള്ള പ്രചാരണങ്ങളും ഇടപെടലുകളും ആവശ്യമാക്കുന്നുണ്ട്. അത് നവോത്ഥാന സമരങ്ങളുടെ ചരിത്രം യാന്ത്രികമായി ആവര്‍ത്തിച്ചതുകൊണ്ടു സാധ്യമാവില്ല. ഇന്ന് സാമ്രാജ്യത്വ ശക്തികളുടെയും ഭരണകൂടങ്ങളുടെയും പിന്തുണയില്‍ ആഗോളതലത്തില്‍ത്തന്നെ സ്പിരിച്ച്വല്‍ മാര്‍ക്കറ്റ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ പുതിയ കാലത്തിന്റെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ സാമ്പത്തിക പരിതോവസ്ഥകളില്‍ നിന്നുകൊണ്ടും നവോത്ഥാന സമരങ്ങളെ പുനര്‍നിര്‍വ്വചിച്ചു കൊണ്ടുമുള്ള ഇടപെടല്‍ അത്യന്താപേക്ഷിതമാണ്.





No Comments yet!