ഡോ. സി ജയരാമന്‍
അപകടങ്ങള്‍ കുറയണമെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ചിന്താഗതി അടിമുടി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.
ഒരു കഥ, കാര്യം: ലോറന്‍സ് ബര്‍ക്കിലി നാഷണല്‍ ലാബിലെ വിഖ്യാത ശാസ്ത്രഞ്ജനായ സ്റ്റീവ് ഗ്രീന്‍ബര്‍ഗിനോടൊപ്പം രാത്രി കാറില്‍ സഞ്ചരിക്കാനിടയായി. റോഡ് വിജനമായിരുന്നു. ചില കവലകള്‍ എത്തുമ്പോള്‍ അദ്ദേഹം വാഹനം നിര്‍ത്തി മുന്നോട്ടെടുക്കുന്നത് ശ്രദ്ധിച്ചു. അവിടെ ട്രാഫിക് ലൈറ്റുകള്‍ ഒന്നുമില്ലായിരുന്നു, പക്ഷേ, നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ കാണാം. സ്‌കൂളുകളുടെ പരിസരത്ത് അത്തരം ബോര്‍ഡുകള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രാത്രി കുട്ടികളൊന്നും ഉണ്ടാവില്ലല്ലോ, പിന്നെന്തിന് ബോര്‍ഡ് കാണുമ്പോള്‍ എന്തിന് നിര്‍ത്തണം എന്ന എന്റെ സംശയത്തിന് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ‘സ്റ്റോപ്’ ബോര്‍ഡില്‍ സമയം പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ആ നിയമം എല്ലായ്‌പ്പോഴും അനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. നിയമം സ്വന്തം ചിന്തകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ആ ബോര്‍ഡ് തെറ്റായി സ്ഥാപിച്ചതാണെന്ന് തോന്നുന്നുവെങ്കില്‍ ഉത്തരവാദപ്പെട്ടവരെ അറിയിച്ചു മാറ്റുക എന്നതാണ് ചെയ്യേണ്ടത്.”
ഇക്കാര്യം ഓര്‍ക്കാന്‍ കാരണം കേരളത്തില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്നതാണ്. അപകടങ്ങളിലേക്കു നയിക്കുന്ന സാമൂഹ്യ ബോധത്തിനെക്കുറിച്ചുള്ള ചിന്തകളാണ്. റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്ക് പ്രകാരം 2024 ഒക്ടോബര്‍ വരെ സംസ്ഥാനത്ത് 40,821 റോഡപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 3,168 പേര്‍ മരിച്ചു, 45,657 പേര്‍ക്ക് പരിക്കേറ്റു.
റോഡപകടങ്ങളില്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഉയര്‍ത്തിക്കാട്ടുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. ആലപ്പുഴയിലും, പാലക്കാടും, പത്തനംതിട്ടയിലും നടന്ന അപകടങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവരെല്ലാം ‘ഡ്രൈവറുടെ അശ്രദ്ധ’ എന്ന ഒറ്റ വിഷയത്തിലേക്ക് ഇതിനെ സൗകര്യപൂര്‍വം മാറ്റുന്നതാണ് കണ്ടത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് പ്രശ്‌നം ചുരുക്കിത്തീര്‍ക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെങ്കിലും പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കില്ല. അപകടങ്ങള്‍ കുറയണമെങ്കില്‍ നമ്മുടെ പെരുമാറ്റങ്ങളില്‍, സംസ്‌കാരത്തില്‍, സമൂഹ ചിന്താഗതിയില്‍, നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള സമീപനങ്ങളിലെല്ലാം മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ‘ഞെട്ടിക്കുന്ന റിപോര്‍ട്ടുകള്‍’ക്കപ്പുറത്ത് വളര്‍ത്തിയെടുക്കേണ്ട ഒരു പൊതു ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമ നിര്‍മാണങ്ങളിലേക്ക്, പെരുമാറ്റ മാറ്റങ്ങളിലേക്ക് തിരിച്ചു വിടേണ്ടതുണ്ട്. ”വാഹനാപകടം ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്” എന്ന സമീപനം ഡോ. ഇക്ബാല്‍, തന്റെ ഒരു ലേഖനത്തിലൂടെ സമര്‍ത്ഥിക്കുകയുണ്ടായി (മാതൃഭൂമി ദിനപത്രം, ഡിസംബര്‍ 7). ഏതെങ്കിലും അപകടം ഉണ്ടാവുമ്പോള്‍ തല്‍ക്കാലത്തേക്ക് ആലോചനാ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന, ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള, ശ്രമങ്ങളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു; ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉത്തരവാദപ്പെട്ടവരെ കടമകള്‍ നിരന്തരം ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു.
നീതിയുക്തമായ പെരുമാറ്റ രീതി (എത്തിക്‌സ്)
വാഹനാപകടങ്ങളെ വ്യക്തിയുടെ ശ്രദ്ധക്കുറവായോ റോഡുകളുടെ അപര്യാപ്തതയായോ മാത്രം ലഘൂകരിച്ച് ചിത്രീകരിക്കരുത്. നമ്മുടെ ഭരണസംവിധാനങ്ങള്‍ക്കും നിയമപാലകര്‍ക്കും അതില്‍ ഒരുപോലെ ഉത്തരവാദിത്തമുണ്ട്. മറ്റുള്ള നിരവധി ഘടകങ്ങളില്‍ നിലവിലെ വിദ്യാഭ്യാസ രീതി, നമ്മുടെ പെരുമാറ്റ രീതികളെ രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവസ്ഥകള്‍ എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഒരു സമൂഹം സ്വായത്തമാക്കിയിട്ടുള്ളതും അംഗീകരിച്ചിട്ടുള്ളതുമായ നീതിയുക്തമായ പെരുമാറ്റ രീതി (ethical behaviour) യാണ് ഇവയെക്കാളേറെ പ്രധാനം. നാട്ടില്‍ ഒരു നയം നടപ്പാക്കാന്‍ കഴിയാതെ വരുന്നതിനു പിന്നിലെ പ്രധാന കാരണം അത് ആ നാട്ടിലെ ജനങ്ങളുടെ പെരുമാറ്റരീതികളെ മനസ്സിലാക്കാതെ ഉണ്ടാക്കപ്പെട്ടതാവുന്നതുകൊണ്ടാണ് എന്ന് പ്രശസ്ത ചിന്തകനായ പോള്‍ സി സ്റ്റെര്‍ണ്‍ പറയുന്നു. ഒരു നാട്ടില്‍ നിയമങ്ങള്‍ ജനങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍, ഭരണ- നീതിന്യായ സംവിധാനങ്ങള്‍ നിയമലംഘനങ്ങളുടെ അളവ് കുറച്ചു കൊണ്ടുവരുന്നതിന് പരാജയപ്പെടുന്നു എങ്കില്‍ അതിന് വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നീതിയുക്തമായ പെരുമാറ്റരീതി എന്താണ്, അത് നിലനിര്‍ത്തുന്നതിന്റെ പ്രധാന ഉത്തരവാദികള്‍ ആരാണ് തുടങ്ങി, സമൂഹം നീതിയുക്തമായ രീതിയില്‍ പെരുമാറുന്നില്ലെങ്കില്‍ വ്യക്തികളെ പഴിക്കുന്നതില്‍ എന്താണര്‍ത്ഥം എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് നമ്മള്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

എത്തിക്‌സ് എന്നാല്‍ എന്താണ്? നിങ്ങളുടെ വളരെ വേണ്ടപ്പെട്ട ഒരാള്‍ക്ക് ഒരപകടം സംഭവിച്ചു എന്ന് കരുതുക, അവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സ്വന്തം വാഹനമോടിച്ച് പോവുമ്പോള്‍ ഒരു ട്രാഫിക്ക് ജങ്ഷനിലെ ചുവപ്പ് ലൈറ്റിന് മുന്നില്‍ എത്തുന്നു. നിങ്ങള്‍ വാഹനം അവിടെ നിര്‍ത്താതെ മുന്നോട്ടു പോകുമോ അതോ നിര്‍ത്തുമോ? നമ്മുടെ നാട്ടില്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ കാണിക്കുന്നത് മിക്കവാറും പേര്‍ നിര്‍ത്താനുള്ള സൂചന മറികടന്ന് മുന്നോട്ടു പോകുന്നതായിട്ടാണ്. പിഴയൊടുക്കേണ്ടി വന്നാല്‍ പോലും പെരുമാറ്റ രീതി ഇതായിരിക്കും എന്ന ഉത്തരമാണ് ലഭിക്കാറുള്ളത്! അതാണവര്‍ക്ക് ശരി എന്ന് തോന്നുന്ന ന്യായയുക്തമായ പെരുമാറ്റ രീതി. നിയമത്തിന് മുകളില്‍ വില കല്‍പ്പിക്കേണ്ടത് ജീവനാണ് എന്നതാണ് അവരുടെ ന്യായം. പ്രത്യക്ഷത്തില്‍ ശരി എന്ന് തോന്നുന്ന ഈ നടപടി നീതിപൂര്‍വ്വമല്ല!
ഈ ന്യായം പലരും പിന്തുടരുകയും അത് സമൂഹത്തിന്റെ രീതിയായി മാറുകയും അത് സമൂഹത്തിന് ദോഷകരമായി ഭവിക്കുകയും ചെയ്യുമെങ്കില്‍ ആ പ്രവൃത്തി എത്തിക്കല്‍ അല്ല. എന്ത് കാരണം കൊണ്ടുമായിക്കോട്ടെ, നിങ്ങള്‍ക്ക് ചുവപ്പ് ലൈറ്റ് ചാടിക്കടക്കാമെങ്കില്‍ നിങ്ങളുടെ പിറകിലുള്ള ഓരോ വ്യക്തിക്കും അതിനവകാശമുണ്ട്. നിങ്ങളുടെ യുക്തി എന്താണെന്ന് അത് പിന്തുടരുന്ന ആള്‍ അറിയേണ്ട കാര്യമേയില്ല. അനവധി പേര്‍ ചുവപ്പ് ലൈറ്റിനെ അവഗണിച്ചാല്‍ അത് വലിയൊരു അപകടത്തിന് കാരണമാകും. അതുകൊണ്ടാണത് നീതിപൂര്‍വ്വമല്ലാതാകുന്നത്.
നിയമലംഘനങ്ങള്‍ നിത്യക്കാഴ്ചകള്‍
കേരളത്തിലെ ഏത് കവലയില്‍ നിന്നാലും ഇരു ചക്രവാഹനങ്ങളും ഓട്ടോ റിക്ഷകളും വണ്‍വേ ലംഘിക്കുന്നത് കാണാന്‍ കഴിയും. പലയിടങ്ങളിലും ”നോ എന്‍ട്രി” ബോര്‍ഡുകള്‍ വെറും നോക്കുകുത്തികളാണ്. മിക്കവാറും പോലിസിന്റെ മൂക്കിന് കീഴിലൂടെയാണ് ഈ നിയമലംഘനങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ മുന്നില്‍ പോകുന്നവയുടെ ഇടത് വശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്യുന്നതും ഫുട്പാത്തിലൂടെ നിര്‍ബാധം ഓടിക്കുന്നതും നിയമ ലംഘനമല്ല എന്നാണ് പൊതു ധാരണ! വലിയ വാഹനങ്ങള്‍ ഇടതു വശം ചേര്‍ന്ന് വേഗത കുറഞ്ഞ ട്രാക്കിലൂടെ പോകണമെന്ന നിയമം ഒരിക്കലും പാലിക്കപ്പെടാറില്ല. ബസ്സുകളുടെ പിറകില്‍ എഴുതിയ വേഗത പാലിക്കപ്പെടാറേയില്ല. ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യരുത് എന്ന് എഴുതിവച്ച ബസ്സുകളില്‍ യാത്രക്കാര്‍ കാലുവയ്ക്കുന്ന നിമിഷം തന്നെ ഡ്രൈവര്‍മാര്‍ വാഹനം മുന്നോട്ടെടുക്കുന്നതിന്റെ പിന്നിലെ ന്യായം സമയക്രമം പാലിക്കാന്‍ അവര്‍ നേരിടുന്ന കഷ്ടതകളാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സീറ്റുകള്‍ ഒരിക്കലും അവര്‍ക്കായി മാറ്റിവെക്കപ്പെടാറില്ല. ഇങ്ങനെ പാലിക്കപ്പെടാന്‍ നിര്‍ബന്ധമില്ലാത്ത നിയമങ്ങള്‍ അനവധി ഉണ്ടാകുമ്പോള്‍ ജനം സ്വാഭാവികമായും ആശയക്കുഴപ്പത്തില്‍ എത്തിച്ചേരുകയും തങ്ങളുടെ സൗകര്യാര്‍ത്ഥം അവയെ അനുസരിക്കുവാന്‍ തയ്യാറാവുകയും ചെയ്യും. ഇതിനെല്ലാം പുറമെയാണ് വാഹനം ഓടിക്കുന്നവര്‍ സ്വയം ഉണ്ടാക്കിയെടുക്കുന്ന നിയമങ്ങള്‍. അതിലൊന്നാണ് ഇടതുവശത്തുകൂടി ഓവര്‍ ടേക്ക് ചെയ്തുകൊള്ളൂ എന്ന സന്ദേശം നല്‍കുവാനെന്നോണം ഇടത് ഇന്‍ഡിക്കേറ്റര്‍ ഇടുന്നത്. നാം പഠിപ്പിക്കാതെ പോകുന്ന ഒരു പാഠം നിയമം സ്വയം നിര്‍വ്വചിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന സ്വാഭാവിക നീതിയുടെ പാഠമാണ്.
ആംബുലന്‍സുകള്‍ക്കും ഫയര്‍ എന്‍ജിനുകള്‍ക്കും പോലിസിനും എമര്‍ജന്‍സി വിഭാഗത്തില്‍ പെടുന്നു എന്നത് കൊണ്ട് ചില പ്രത്യേക പരിഗണന മറ്റു വാഹനങ്ങളും ട്രാഫിക്ക് നിയന്ത്രിക്കുന്നവരും നല്‍കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതിനാല്‍ അവര്‍ എടുക്കുന്ന ചില അമിതസ്വാതന്ത്ര്യങ്ങള്‍ (വേഗത, ഇടത് വശത്തുകൂടിയുള്ള മറികടക്കല്‍ തുടങ്ങിയ) മറ്റുള്ളവര്‍ അതേപടി അനുകരിക്കാന്‍ സാധ്യത കുറവാണ്. പക്ഷെ, ഇവരുടെ പ്രവൃത്തി കൂടുതല്‍ അപകടമുണ്ടാക്കുമെങ്കില്‍ അതും ശരിയായ രീതിയല്ല. എന്നാല്‍ ഈ അമിത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കും മറ്റു വിഐപികള്‍ക്കും പ്രത്യേക പരിഗണന ഒരു നിയമ സംവിധാനവും നല്‍കുന്നില്ല. നീതി എന്നത് സ്ഥാനമാനങ്ങള്‍ അടിസ്ഥാനമാക്കി വ്യാഖ്യാനിക്കാവുന്ന ഒന്നായി മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഇവര്‍ തിരിച്ചറിയേണ്ട ഒരു പ്രധാനകാര്യം ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്ന തങ്ങളുടെ പ്രവൃത്തി ഒരു സമൂഹത്തെ മുഴുവന്‍ വഴിതെറ്റിക്കും എന്നതാണ്. ഇവര്‍ നിയമത്തിന്റെ മുന്നില്‍ സ്വന്തം അധികാരവും സ്വാധീനവുമുപയോഗിച്ച് രക്ഷപ്പെടുന്നു. അവര്‍ നിയമം ലംഘിക്കുമ്പോള്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം പ്രതിലോമപരമാണ്. ഇത്തരം നിയമലംഘനങ്ങള്‍ നിത്യേന കാണുന്നവര്‍ സ്വന്തം സൗകര്യമനുസരിച്ച് നിയമപാലനം നടത്തുന്നത് സ്വാഭാവികം. ഒരു ജനപ്രതിനിധിക്ക് റോഡിലൂടെ ചീറിപ്പാഞ്ഞു പോകാമെങ്കില്‍ ആ നാട്ടിലെ മറ്റു പൗരന്‍മാര്‍ക്കെല്ലാം ആ രീതി പിന്തുടരാന്‍ അവകാശമുണ്ട് എന്ന് കരുതിയാല്‍ അവരെ പഴിപറയാന്‍ പറ്റില്ല. സമയം എല്ലാവര്‍ക്കും ഒരു പോലെ വിലപ്പെട്ടതാണ്, ജീവനും.
പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രത്യക്ഷ ലക്ഷ്യങ്ങളും
സര്‍ക്കാറിന്റെ തെറ്റായ ചില നയങ്ങള്‍ എങ്ങനെ അപകടങ്ങള്‍ കൂട്ടുന്നു എന്നതിന് ഒരു ഉദാഹരണമാണ് എഐ കാമറ ഉപയോഗിച്ചുള്ള പിഴ ചുമത്തല്‍. അപകടങ്ങള്‍ കുറയ്ക്കാനാണ് നിര്‍മിത ബുദ്ധി ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള പിഴചുമത്തലും. ഇതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ട്രാഫിക്ക് നിയമലംഘന പരിശോധന സംവിധാനം അതിന്റെ രൂപകല്‍പ്പനയില്‍ തന്നെ പാളി. ഈ സംവിധാനത്തിനുള്ള മുതല്‍മുടക്ക് പിഴയിലൂടെ തിരിച്ച് പിടിക്കാനും തുടര്‍ന്ന് സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചിലവിലേക്കുള്ള വരുമാന മാര്‍ഗവുമായാണ് എഐ കാമറകള്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വാര്‍ത്ത. അതായത്, ഈ പദ്ധതിയുടെ വിജയസാധ്യത നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് എന്നര്‍ത്ഥം. കൂടുതല്‍ കാര്യക്ഷമമായ നിയമനടത്തിപ്പ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനല്ല! ഈ വിശ്വാസം തന്നെയാണല്ലോ മുതല്‍മുടക്ക് തിരിച്ച് പിടിക്കുവാനുള്ള വിജയ സാധ്യത കൂട്ടുന്നത്. സര്‍ക്കാര്‍ തന്നെയാണ് ഇവിടെ ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ആരോഗ്യത്തിന് ഹാനികരമെന്ന പരസ്യങ്ങളും മുന്നറിയിപ്പും നല്‍കി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ട് മദ്യം വില്‍ക്കുന്നതു പോലെ തന്നെയാണിതും. പ്രഖ്യാപിത ലക്ഷ്യം മദ്യവര്‍ജനവും യഥാര്‍ത്ഥ ലക്ഷ്യം പണ സമ്പാദനവും. പ്രഖ്യാപിത ലക്ഷ്യവും പ്രത്യക്ഷ ലക്ഷ്യവും തമ്മില്‍ അജഗജാന്തരമുണ്ട്. നിയമലംഘനങ്ങളും അനാരോഗ്യവും വര്‍ധിപ്പിക്കുക എന്നത് ഒരു സര്‍ക്കാരിന്റെയും ലക്ഷ്യമാകാന്‍ നൈതികമായോ, ഭരണഘടനാപ്രകാരമോ പാടില്ല. ഇവ സ്വാഭാവികം എന്ന രീതിയില്‍ സ്വീകരിക്കപ്പെടുന്നു, ആരും ചോദ്യം ചെയ്യുന്നില്ല. പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കു മേലെ പ്രത്യക്ഷ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ നയങ്ങള്‍ സംവിധാനം ചെയ്യപ്പെടേണ്ടതിന്റെ സാംഗത്യം വിലയിരുത്തപ്പെടേണ്ടതുണ്ട്.
നിരവധി സര്‍ക്കാര്‍ നയങ്ങള്‍ നിര്‍വ്വഹണ സമയത്ത് പരാജയപ്പെടുന്നത് എന്തുകൊണ്ട് എന്നതിനെക്കുറിച്ച് നടന്നിട്ടുള്ള സുപ്രധാന പഠനങ്ങള്‍ കാണിക്കുന്നത് അവ ജനങ്ങളുടെ പെരുമാറ്റരീതികളെ ഒരു തരത്തിലും ഉള്‍ക്കൊണ്ട് നിര്‍മിക്കുകയോ, നടപ്പാക്കപ്പെടുകയോ ചെയ്യുന്നവയല്ല എന്നതാണ്. അതായത്, നിയമനിര്‍മാതാക്കളും നിയമപാലകരും നിയമം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. നിയമ നിര്‍മാതാക്കളുടെയും, നിയമപാലകരുടെയും, നിയമം അനുസരിക്കേണ്ടവരുടെയും പെരുമാറ്റരീതികളെ മനസ്സിലാക്കി നിര്‍മിക്കേണ്ട നയങ്ങള്‍- Behaviourally informed policy ആണ് നമുക്ക് അനിവാര്യമായിട്ടുള്ളത്. അവ ജനവിരുദ്ധമാവരുത്.
സ്വഭാവ സമ്പദ് ശാസ്ത്രപഠനങ്ങള്‍ (Behaviour Economics) നല്‍കുന്ന ഉള്‍ക്കാഴ്ച ബിഹേവിയറല്‍ ഇക്കണോമിക്‌സ് എന്ന പുതിയ സാമ്പത്തിക ശാസ്ത്ര ശാഖ പെരുമാറ്റം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക മാനദണ്ഡങ്ങളുടെ പങ്ക് ഊന്നിപ്പറയുന്നു. മനുഷ്യര്‍ പലപ്പോഴും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. ഡ്രൈവര്‍മാര്‍ ഇതില്‍ നിന്നൊട്ടും വ്യത്യസ്തരാവുന്നില്ലല്ലോ? ട്രാഫിക് നിയമലംഘനങ്ങളായ അമിതവേഗതയോ ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതോ ഇടതു വശത്തുകൂടിയുള്ള ഓവര്‍ ടേക്കിങ്ങോ അനാവശ്യമായ ഹോണ്‍ അടിയോ സര്‍വ്വസാധാരണമായ ഒരുനാട്ടില്‍ നിയമങ്ങള്‍ അനുസരിക്കുന്നതിലെ വിമുഖത വളരെ വ്യക്തമായി കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതേ ഡ്രൈവര്‍മാര്‍ വിദേശ രാജ്യങ്ങളില്‍ മറ്റൊരു രീതിയില്‍ പെരുമാറുന്നത് കാണാം. നിയമങ്ങളുടെ അപര്യാപ്തതയല്ല അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നത്, നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന സമൂഹ ചിന്താഗതിയാണ്. അതിനര്‍ത്ഥം പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നവര്‍ സാമൂഹ്യ ബോധം വളര്‍ത്താനും നിലവിലെ നിയമങ്ങള്‍ പിഴവ് കൂടാതെ നടപ്പാക്കുവാനുമാണ് ശ്രമിക്കേണ്ടത്. ഇതില്‍ ആദ്യത്തേത് തുടങ്ങേണ്ടത് സ്‌കൂള്‍ തല വിദ്യാഭ്യാസത്തില്‍ നിന്ന് തന്നെയാണ്.
സാമൂഹിക മനഃശാസ്ത്ര സിദ്ധാന്തമനുസരിച്ചു് (ബൈസ്റ്റാന്‍ഡര്‍ ഇഫക്റ്റ് കാര്യത്തില്‍ മുന്‍കൈ എടുക്കാനുള്ള ഉദാസീനത) നിയമം ലംഘിക്കപ്പെടുന്ന സമൂഹത്തില്‍ വ്യക്തികള്‍ സ്വയം മുന്നോട്ടു വന്ന് നിയമം പാലിക്കാന്‍ സാധ്യത കുറവാണ്. മറ്റുള്ളവര്‍ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടാല്‍ (ഉദാ. ചുവപ്പ് ലൈറ്റ് അവഗണിക്കുന്നത്), മറ്റാരെങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിശ്വസിച്ചുകൊണ്ട് മാറി നില്‍ക്കുകയാവും ചെയ്യുക.
മറ്റൊരു മനഃശാസ്ത്ര സിദ്ധാന്തമാണ്, മനുഷ്യര്‍ പുലര്‍ത്തുന്ന അവബോധ വൈരുദ്ധ്യം (Cognitive dissonance). ഇത് പ്രകാരം സ്വന്തം അവബോധത്തിന് വിരുദ്ധമായി തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍, എടുത്ത തീരുമാനത്തെ സ്വയം ന്യായീകരിച്ചുകൊണ്ട് മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വ്യക്തികള്‍ ശ്രമിക്കും. ഉദാഹരണത്തിന്, അമിതവേഗത അപകടകരമാണെന്ന് പല ഡ്രൈവര്‍മാരും സമ്മതിക്കുമെങ്കിലും അവര്‍ അതില്‍ സ്വയം ഏര്‍പ്പെടുകയും, ഈ വൈരുദ്ധ്യം ലഘൂകരിക്കാന്‍, ‘ഞാനൊരു നല്ല ഡ്രൈവറാണ്; എനിക്കപകടം സംഭവിക്കില്ല’ എന്ന് ന്യായീകരിച്ച് അവരുടെ പെരുമാറ്റം യുക്തിസഹമാക്കുകയും ചെയ്യും. ആളുകള്‍ സ്വന്തം കഴിവുകളെയും പ്രകടനത്തെയും സംബന്ധിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത ശുഭാപ്തിവിശ്വാസവും അമിത ആത്മവിശ്വാസവും കാണിച്ചേക്കും. പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും അവരുടെ ഡ്രൈവിങ് കഴിവുകളെ അമിതമായി വിലയിരുത്തുകയും അപകടങ്ങളില്‍ ഉള്‍പ്പെടാനുള്ള സാധ്യത കുറച്ചുകാണുകയും ചെയ്യുന്നതായി ഗവേഷണങ്ങള്‍ കാണിക്കുന്നു.
ഇവിടെയാണ് സമൂഹത്തില്‍ പാലിക്കപ്പെടേണ്ട പെരുമാറ്റരീതികള്‍ (എത്തിക്‌സ്) പ്രസക്തമാകുന്നത്. പെട്രോളിയം കണ്‍സെര്‍വഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ (ജഇഞഅ) നടത്തിയിരുന്ന ഡ്രൈവര്‍ ട്രെയിനിങ് പ്രോഗ്രാമില്‍ നിന്നും മനസ്സിലായത് അനുഭവപരിചയത്തിനനുസരിച്ച് അമിത-ആത്മവിശ്വാസം കുറയുമെന്നതിന് യാതൊരു തെളിവുമില്ല എന്നാണ്. പത്തിരുപതു വര്‍ഷത്തെ ഡ്രൈവിങ് പരിചയമുള്ള ആളുകളില്‍ വലിയൊരു പങ്കിനും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഒരു വാഹനം ബ്രേക്കിട്ടാല്‍ എത്ര ദൂരം മുന്നോട്ടുപോകും എന്നതിനെക്കുറിച്ചു യാതൊരു ധാരണയും ഇല്ലായിരുന്നതായും കണ്ടിരുന്നു! ഒരപകടം മുന്നില്‍ കണ്ട് ഡ്രൈവര്‍ക്ക് പ്രതികരിക്കണമെന്ന തോന്നല്‍ ഉണ്ടായതിനുശേഷമുള്ള ഒരു നിമിഷം കൊണ്ട് മണിക്കൂറില്‍ 60 കിലോ മീറ്റര്‍ മണിക്കൂറില്‍ സഞ്ചരിക്കുന്ന ഒരു വാഹനം 16 മീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുമെന്നും, പിന്നീട് ബ്രേക്ക് അമര്‍ത്തിക്കഴിഞ്ഞാല്‍ വീണ്ടും 10 മീറ്ററില്‍ അധികം മുന്നോട്ടു പോകുമെന്നും അറിയുമ്പോളാണ് വാഹനങ്ങള്‍ തമ്മില്‍ നിലനിര്‍ത്തേണ്ട അകലത്തെപ്പറ്റി ഒരു ധാരണയുണ്ടാവുന്നത്; അമിതമായ വേഗതയുടെ പിന്നിലെ അപകടം മനസ്സിലാകുന്നത്, മനുഷ്യരുടെ പ്രതിചേഷ്ടാ ശേഷിയുടെ പരിമിതിയറിയുന്നത്. അമിതമായ ആത്മവിശ്വാസങ്ങള്‍ പരാജയപ്പെടുന്നതപ്പോളാണ്.
ആലപ്പുഴ അപകടത്തെക്കുറിച്ച് വരുന്ന റിപോര്‍ട്ടുകളില്‍ കാണുന്ന ഒരു പ്രധാന അപകട കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണ്. പക്ഷെ അത് ഡ്രൈവറുടെ മാത്രം അശ്രദ്ധയല്ലല്ലോ? എട്ട് പേര്‍ക്ക് മാത്രം കയറാന്‍ അനുവാദമുള്ള വാഹനത്തില്‍ 11 പേര്‍ കയറി. ആര്‍ക്കും അത് തെറ്റാണ് എന്ന് എന്തേ തോന്നിയില്ല? ഡ്രൈവിങ് പരിചയക്കുറവുള്ള കൂട്ടുകാരന്റെ കൂടെ യാത്ര ചെയ്യാന്‍ എന്തിന് ‘മിടുമിടുക്കന്‍മാരായ’ കുട്ടികള്‍ തീരുമാനിച്ചു? മുന്നിലെ വാഹനത്തിലെ ഡ്രൈവര്‍ അനുവാദം നല്‍കാതെ ഓവര്‍ ടേക്ക് ചെയ്യരുത് എന്ന് ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരാള്‍ അറിയാതെ പോകുന്നതെന്തുകൊണ്ടാണ്? ഇനിയും മറ്റൊരു സംഘം കുട്ടികള്‍ ഈ നിയമങ്ങളെല്ലാം ലംഘിക്കുന്നത് കണ്‍മുമ്പില്‍ കണ്ടാലും നമ്മളില്‍ പലരും പ്രതികരിക്കാതെ പോകുന്നതെന്തുകൊണ്ടാണ്? ചോദ്യങ്ങള്‍ നിരവധിയാവാം, പക്ഷെ, അപകടങ്ങള്‍ കുറയണമെങ്കില്‍ നമ്മുടെ സമൂഹ ചിന്താഗതി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മുന്നില്‍ നടക്കുന്ന ഗോക്കളുടെ പുറകെ നടക്കുന്ന ഗോക്കളായതിനാല്‍ ആ മാറ്റം ആരംഭിക്കേണ്ടത് സമൂഹത്തിലെ മുന്നില്‍ നടക്കുന്നവരായ, മാതൃക കാണിക്കാന്‍ ബാദ്ധ്യസ്ഥരായ ജനനേതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും നിയമപാലകരില്‍ നിന്നും മറ്റും തന്നെയാണ്.
(PCRA യുടെ ആദ്യ സംസ്ഥാന കോര്‍ഡിനേറ്ററും ഫുള്‍ബ്രൈറ്റ് കലാം ക്ലൈമറ്റ് ചേഞ്ച് ഡോക്ടറല്‍ ഫെലോയുമാണ് ലേഖകന്‍)





No Comments yet!