Skip to main content

വിഎസിനെ ചരിത്രം എങ്ങനെ വിലയിരുത്തും?

വി എസ് അച്യുതാനന്ദന്‍

 

മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ എന്‍ പി ചെക്കുട്ടി.

കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഒരിക്കലും മായാത്ത മഹാ ദീപസ്തംഭങ്ങള്‍ എന്നു വാഴ്ത്തപ്പെട്ട പലരും കാലാന്തരത്തില്‍ വെറുമൊരു ക്ഷണികദീപ്തി മാത്രമായി അവസാനിച്ചുപോയ അനുഭവങ്ങള്‍ നിരവധിയാണ്. ചരിത്രം യാതൊരു ദാക്ഷിണ്യവുമില്ലാത്ത ഒരു വിധികര്‍ത്താവാണ്. അതിനാല്‍ പൂന്താനം ഓര്‍മപ്പെടുത്തിയ പോലെ തണ്ടിലേറിയവന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ചരിത്രയുക്തിയാണ്.

അതിനാല്‍ ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തില്‍ എട്ടു പതിറ്റാണ്ടിലധികം കാലം പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന വി എസ് അച്യുതാനന്ദന്‍ യാത്ര പറയുമ്പോള്‍ എന്താവും അദ്ദേഹത്തിന്റെ ഈടുവയ്പ് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരം അത്ര എളുപ്പത്തിലൊന്നും നമുക്ക് ലഭ്യമാവുകയുമില്ല എന്നാണ് എന്റെ തോന്നല്‍. അതിനുള്ള കാരണം വിഎസ് എന്നത് ഒരൊറ്റ രാഷ്ടീയ ജീവിതമല്ല; മറിച്ച് അതൊരു മഹാപ്രവാഹമാണ് എന്നതു കൂടിയാണ്. നാല്‍പ്പതുകളില്‍ ആലപ്പുഴയിലെ മഹാപ്രക്ഷോഭങ്ങളുടെ കാലം മുതല്‍ ആരംഭിച്ച്, പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ശക്തമായ ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ മുന്നണിപ്പോരാളിയായി, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ എതിരാളികളുടെ ജീവിതവും കുടുംബവും പോലും തകര്‍ത്തെറിഞ്ഞു, പിന്നീട് താന്‍ തന്നെ പാലൂട്ടി വളര്‍ത്തിയ സര്‍പ്പങ്ങളുടെ കൊത്തേറ്റു വീണ്, അവസാനം സ്വന്തം പാര്‍ട്ടിയുടെ സമ്മേളനത്തില്‍ നിന്നും ക്ഷീണിതനും ഒറ്റയാനുമായി ഇറങ്ങിപ്പോവാന്‍ നിര്‍ബന്ധിതനായ വിഎസുണ്ട്. അന്ത്യകാലത്ത് മാഞ്ഞുപോകുന്ന ഓര്‍മകളുടെ പോക്കുവെയിലില്‍ അഞ്ചുവര്‍ഷം കഴിച്ചുകൂട്ടി അവസാന നാളുകളില്‍ ആരൊക്കെയോ വലിച്ചു നീട്ടിയ ആയുസ്സിന്റെ ശാപം ഏറ്റുവാങ്ങി പിന്നെ വെന്റിലേറ്ററിലെ അവസാന കടമ്പയും ചാടിക്കടന്ന് ജനസാഗരങ്ങളിലേക്കു തിരിച്ചിറങ്ങി അസാധാരണമായ ഒരു അന്ത്യയാത്രയും കഴിഞ്ഞു അദ്ദേഹം ഇപ്പോള്‍ എവിടെയോ ഇരുന്നു മന്ദസ്മിതം തൂകുന്നുണ്ടാകും എന്നൊരു തോന്നല്‍.

വിഎസിന്റെ ജീവിതം ഒരുതരത്തില്‍ നോക്കിയാല്‍ വിവിധ ജന്മങ്ങള്‍ ഒന്നിക്കുന്ന ഒരു മഹാസാഗരമാണ്. ഐതിഹാസിക മാനമുള്ള ഒരു ജീവിതമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനെ ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന് വിഎസ്സിന്റെ ജീവിതത്തിലുണ്ട്. അതെന്തെന്നു മലയാളികള്‍ കൃത്യമായി വിശകലനം ചെയ്തു മനസ്സിലാക്കിയതല്ല. മറിച്ചു ജനങ്ങളുടെ സഹജാവബോധത്തിലൂടെ അവരില്‍ എത്തിച്ചേര്‍ന്ന ഒരു ബോധ്യമാണത്. അതിനാലാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര കേരളം എന്നെന്നും ഓര്‍ക്കാനിടയുള്ള മഹത്തായ ഒരു വിടവാങ്ങല്‍ സന്ദര്‍ഭമായി മാറിയത്. ഒരു ജനതയും അതിന്റെ നേതാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഹൃദയസ്പൃക്കായ പ്രഖ്യാപനം കൂടിയായിരുന്നു ആ സന്ദര്‍ഭം.

വിഎസിനെ വിലയിരുത്തുന്നതില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകര്‍ക്കും സഖാക്കള്‍ക്കും പോലും തെറ്റുപറ്റിയിട്ടുണ്ട് എന്ന് അവരില്‍ പലരും ഇപ്പോള്‍ കുറ്റസമ്മതം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുണ്ടിന്റെ കോന്തലയില്‍ തൂങ്ങി രാഷ്ട്രീയത്തില്‍ ഉന്നതങ്ങളില്‍ എത്തിയ കൂട്ടര്‍ തന്നെയാണ് പിന്നീട് അദ്ദേഹത്തിന് എതിരെ തിരിഞ്ഞത്. കൊച്ചുമക്കളുടെ പ്രായം പോലുമില്ലാത്ത വിദ്വാന്മാരും വിദുഷികളുമാണ് അദ്ദേഹത്തിനു കാപിറ്റല്‍ പണിഷ്‌മെന്റ് ശിക്ഷ പ്രഖ്യാപിച്ചത്. അവരെ സംബന്ധിച്ച് വിഎസ് തങ്ങളുടെ പാര്‍ട്ടിയിലെ വഴിമുടക്കിയായ ഒരു കടല്‍ക്കിഴവന്‍ മാത്രമായിരുന്നു. അദ്ദേഹം പാര്‍ട്ടി ഔദ്യോഗിക നേതൃത്വവുമായി തെറ്റിയ സന്ദര്‍ഭത്തില്‍ പുതിയൊരു സംഘം അദ്ദേഹത്തിന്റെ അടുപ്പക്കാരായി വന്നു. പുതിയ വിഎസ് തങ്ങള്‍ നിര്‍മിച്ചു കമ്പോളത്തിലിറക്കിയ ഒരു രാഷ്ട്രീയ ഉല്പന്നമായിരുന്നു എന്നാണ് അവരില്‍ ചിലര്‍ അവകാശപ്പെട്ടത്. അക്കൂട്ടത്തില്‍ ചിലരാകട്ടെ, പിന്നീട് വിഎസ്സിനെ പരസ്യമായി അധിക്ഷേപിക്കുന്നതും കേരളം കേട്ടു. മരണാനന്തരം അദ്ദേഹത്തിന്റെ രാഷ്ട്രീയ അനന്തരാവകാശികളായി അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നതും നമ്മള്‍ കണ്ടു. ഇനിയൊരു കൂട്ടര്‍ ഓണത്തിനിടയിലെ പുട്ടുകച്ചവടത്തെ ഓര്‍മിപ്പിക്കുന്ന വിധം തിരക്കിട്ടു ജീവചരിത്രങ്ങള്‍ എഴുതുകയാണ്. അവരില്‍ പലരും വിഎസ്സിന്റെ വലിയ അടുപ്പക്കാര്‍. വിഎസ് പക്ഷം എന്ന് ഖ്യാതി നേടിയവര്‍. മുന്‍കാല സേവകരും പുസ്തകമെഴുത്തു പരിപാടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഒരു ജീവചരിത്രമെന്നത് അടുപ്പുകൂട്ടി അപ്പം ചുട്ടെടുക്കുന്നതു പോലെ എളുപ്പമുള്ള കാര്യമാണെന്നു നമ്മള്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. അതിനു പ്രത്യേകിച്ച് പഠനമോ ഗവേഷണമോ ഒന്നും ആവശ്യമില്ലെന്നു തോന്നുന്നു.

അതിനാല്‍ ആരാണ് മലയാളിയുടെ മുന്നിലുള്ള വിഎസ് എന്ന ചോദ്യം പ്രസക്തമാണ്. മരണാനന്തരം കേരളീയ സമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വിഎസ് പഴയ കോമഡി ഷോകളിലെ അച്ചുമ്മാനു തുല്യനായ ഒരു കഥാപാത്രമാണ്. ഒരുപക്ഷേ പത്തുപതിനഞ്ചു കൊല്ലക്കാലം നിരന്തരമായി വിവിധ ചാനലുകളിലെ കോമഡിഷോ ആശാന്മാര്‍ ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഒരു വിഎസ്സിനെയാണോ ഇന്നത്തെ കേരളം യഥാര്‍ത്ഥത്തില്‍ ഓര്‍ക്കുന്നത് എന്ന് സംശയിക്കണം. നാല്പതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ അന്ത്യം വരെയുള്ള കാലത്തെ വിഎസ് അച്യുതാനന്ദനെ കണ്ടവരും അറിയുന്നവരുമായ ഒരു സമൂഹമല്ല ഇന്ന് കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇന്നത്തെ കേരളീയ സമൂഹത്തിന്റെ മുഖ്യമുഖം പുതിയ നൂറ്റാണ്ടില്‍ ജനിച്ചു വളര്‍ന്ന പുതുതലമുറയാണ്. അവര്‍ക്കു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍ക്കശക്കാരനായ നേതാവ് വിഎസ് അച്യുതാനന്ദന്‍ പരിചിതനല്ല. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെ നയിച്ച അച്യുതാനന്ദനെയും അവര്‍ക്കു അറിയാനിടയില്ല. അദ്ദേഹം നയിച്ച തീവ്രമായ വര്‍ഗസമരങ്ങളുടെ ചരിത്രവും അവര്‍ക്കു അറിയാനിടയില്ല. കാരണം കേരളത്തില്‍ ഇന്ന് കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നില്ല. വയലുകള്‍ ഒരു ഗതകാല സ്മരണിക പോലെ ചിലേടത്തൊക്കെ ബാക്കിയുണ്ട്. അവയില്‍ പക്ഷേ കര്‍ഷകത്തൊഴിലാളികളില്ല. മറിച്ചു കൃഷി ഹോബിയാക്കിയ സെലിബ്രിറ്റികളും അവര്‍ക്കു കൂട്ടായി ബംഗാളി തൊഴിലാളികളുമാണ് വയലുകളില്‍ കാണപ്പെടുന്നത്. അതായതു കേരളത്തിന്റെ ഭൂതകാല ചരിത്രം ഇന്നു ബംഗാളികള്‍ അഭിനയിക്കുന്ന ഒരു കമേഴ്‌സ്യല്‍ സാംസ്‌കാരികോല്‍പ്പന്നമാണ്.

ഇങ്ങനയൊക്കെ നോക്കിയാല്‍ യഥാര്‍ത്ഥ വിഎസ് ആരാണ്, എന്താണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നൊക്കെ തിരിച്ചറിയാന്‍ നമ്മള്‍ കുറേയൊക്കെ ക്ലേശിക്കേണ്ടി വരും. ഇന്ന് വിഎസ്സിനെക്കുറിച്ച് വാതോരാതെ പറയുന്നവര്‍ നല്‍കുന്ന കാര്യങ്ങള്‍ അദ്ദേഹത്തെ പൂര്‍ണാര്‍ത്ഥത്തില്‍ മലയാളി യുവതയ്ക്ക് പരിചയപ്പെടുത്താന്‍ ഉതകുന്നതല്ല. ആരാധകരുടെ വീരാരാധനയോ എതിരാളികളുടെ നിന്ദാപൂര്‍ണമായ വിലയിരുത്തലുകളോ ഒരിക്കലും വിഎസ്സിനെ അദ്ദേഹത്തിന്റെ അനുഭവങ്ങളുടെയും അദ്ദേഹം കടന്നുപോന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയങ്ങളുടെയും തിരിച്ചടികളുടെയും സങ്കീര്‍ണതയില്‍ പുനഃസൃഷ്ടിക്കാന്‍ സഹായകമാകില്ല. അതിനാല്‍ ആരായിരുന്നു വിഎസ് എന്നതിനെക്കുറിച്ചു കുറേക്കാലം കഴിഞ്ഞു മാത്രമേ മലയാളി സമൂഹം അറിയാനിടയുള്ളൂ. എന്നിരുന്നാലും നമ്മുടെ രാഷ്ടീയ ചരിത്രത്തില്‍ ദീര്‍ഘകാലം അദ്ദേഹം ഓര്‍മ്മിക്കപ്പെടും എന്ന് ഉറപ്പാണ്. അദ്ദേഹം കടന്നുപോന്ന പാതകള്‍ അത്രമാത്രം കഠിനവും വിപുലവും സങ്കീര്‍ണവുമാണ് എന്നതുതന്നെ കാരണം. വിഎസ്സിന്റെ വിയോഗത്തില്‍ നമ്മുടെ സമൂഹ ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് വിസ്മൃതിയിലേക്ക് മറയുന്നത്.

 

 

No Comments yet!

Your Email address will not be published.