പ്രഫ. കെ അരവിന്ദാക്ഷന്
നമ്മുടെ സര്‍വ്വകലാശാലകളെല്ലാം ആഗോളതലത്തില്‍ത്തന്നെ നിലനില്‍പ്പിനായുള്ള ഭീഷണിയാണ് അഭിമുഖീകരിച്ചുവരുന്നത്. മുന്‍കാലങ്ങളില്‍ ഇത്തരം ഭീഷണി ഏകാധിപത്യ, ഫാസിസ്റ്റ് ഭരണക്രമങ്ങള്‍ നിലവിലിരുന്ന രാജ്യങ്ങളിലായിരുന്നുവെങ്കില്‍, ഇപ്പോള്‍ ജനാധിപത്യവ്യവസ്ഥ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന ഇടങ്ങളിലും ഈ ദുഃസ്ഥിതി അനുഭവപ്പെട്ടുവരുന്നുണ്ട്. ഇത്തരം ദുരനുഭവങ്ങള്‍ പിന്നിട്ട മൂന്നു ദശകക്കാലത്തിനിടയില്‍ സര്വ്വസാധാരണമായിരിക്കുകയുമാണ്. ഇന്ത്യയില്‍ ഈ സ്ഥിതി നിലവില്‍ വന്നതായി കരുതപ്പെടുന്നത് 2014ല്‍ ബിജെപി നേതാവ് നരേന്ദ്രമോദി കേന്ദ്രഭരണത്തിലെത്തിയതോടെയാണെങ്കില്, സമാനമായൊരു അവസ്ഥാവിശേഷമാണ് 2025ല്‍ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവോടെ അമേരിക്കയിലും യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മോദി സര്‍ക്കാര്‍ പലപ്പോഴും, അക്കാദമിക്ക് സ്ഥാപനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുക പരോക്ഷമായ നിലയിലാണെങ്കില്‍, ട്രംപിന്റേത് നേരിട്ടുള്ള ഇടപെടലുകളിലൂടെയാണെന്നതാണ് ഏക വ്യത്യാസം. മാര്‍ഗമേതായാലും, ലക്ഷ്യം ഒന്നുതന്നെ. സര്‍വ്വകലാശാലകളെയും, അതുവഴി അക്കാദമിക്ക് സമൂഹത്തെയും സ്വന്തം ചൊല്പ്പടിക്കുനിര്ത്തുക എന്നതാണിത്.
ട്രംപിന്റെ രണ്ടാംവരവില്‍ ഈ പ്രക്രിയക്ക് തുടക്കമിട്ടത് അമേരിക്കയിലെ ആഗോളപ്രശസ്തി നേടിയ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കുള്ള ഗ്രാന്റുകളിലും, കരാറുകളിലും ഒറ്റയടിക്ക് 3.2 ബില്യണ്‍ ഡോളര്‍ വരുന്ന സഹായം റദ്ദാക്കിയതിലൂടെയാണ്. തുടര്‍ന്ന് ഈ സര്‍വ്വകലാശാലയെ നികുതി ബാധ്യതയില്‍ നിന്നും ഇളവ് നല്‍കിക്കൊണ്ടുള്ള പ്രത്യക ആനുകൂല്യത്തില്‍ നിന്നും അപ്പാടെ ഒഴിവാക്കുകയും ചെയ്തു. ഇതിലൂടെ ഏതാനും മില്യണ്‍ ഡോളര്‍ സാമ്പത്തികാനുകൂല്യങ്ങളാണ് ഈ അക്കാദമിക്ക് സ്ഥാപനത്തിന് നഷ്ടപ്പെടുക. ഡൊണാള്‍ഡ് ട്രംപിന്റെ തീര്‍ത്തും അനാവശ്യവും, ദുരുപദിഷ്ടവുമായ ഇത്തരം നടപടികള്‍ക്കെതിരായി അതിശക്തമായ പരസ്യനിലപാടുകളുമായി രംഗത്തെത്തിയത് ഹാര്‍വാര്‍ഡിന്റെ പ്രസിഡന്റ് അലന് എം ഗാര്‍ബര്‍ എന്ന ധീരനായ അക്കാദമീഷ്യന് തന്നെയാണ്. അറിയപ്പെടുന്നൊരു ഡോക്ടറും, ധനശാസ്ത്രജ്ഞനുമായ ഡോക്ടര്‍ ഗാര്‍ബര്‍ ആയിരിക്കും ട്രംപ് ഭരണകൂടത്തിനെതിരായ അക്കാദമിക്ക് സ്വാതന്ത്ര്യനിഷേധത്തിന്റെ ചെറുത്തുനില്‍പ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിന് ഇതിനകം തന്നെ അമേരിക്കന്‍ സര്‍വ്വകലാശാലകളുടെ മുഴുവന്‍ മേധാവികളും ഏകകണ്ഠമായി അംഗീകാരവും നല്‍കിയിട്ടുണ്ട്. ഇതില്‍ തെല്ലും അത്ഭുതപ്പെടെണ്ടതില്ല. കാരണം, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുമായി അദ്ദേഹത്തിന് 1973 മുതല്‍, ഒരു അണ്ടര്‍ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയായി എന്റോള്‍ ചെയ്തതു മുതലുള്ള ബന്ധമാണുള്ളത്. ഈ സര്‍വ്വകലാശാലയിലെ ഐവി ലീഗ് എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് ധനശാസ്ത്രബിരുദങ്ങളാണ് ഗാര്‍ബര്‍ കരസ്ഥമാക്കിയത്. ഒരു ബാച്ച്ലര് ഡിഗ്രി, ഒരു മാസ്റ്റേഴ്സ് ഡിഗ്രി എന്നിവയ്ക്കുപുറമെ ധനശാസ്ത്രത്തില്‍ തന്നെ ഡോക്ടറേറ്റും. ഇതിനു പുറമേയാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ ഡിഗ്രിയും നേടിയത്. ഈ സ്ഥാപനത്തില്‍ മെഡിക്കല്പ്രഫഷനില് അദ്ദേഹം തുടര്‍ച്ചയായി 25 വര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെന്തെന്ന് ഒന്നാലോചിച്ചു നോക്കുക. നമ്മുടെ രാജ്യത്ത് സര്‍വ്വകലാശാലകളുടെയും, അവയ്ക്ക് കീഴിലുള്ള ലക്ഷക്കണക്കിന് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഭരണപരമായ മാനേജ്മെന്റ് മാത്രമല്ല, അക്കാദമിക്ക് മേല്‍നോട്ടം പോലും വിദ്യാഭ്യാസ വിദഗ്ധന്മാരല്ല നടത്തുന്നത്. ബ്യൂറോക്രാറ്റുകളുടേയും, അവരോടൊപ്പം നിലകൊള്ളുന്ന മൂന്നാംകിട രാഷ്ട്രീയ നേതാക്കളുടെയും കൈകളില്‍ നിക്ഷിപ്തമാക്കപ്പെട്ടിരിക്കയാണ്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷ(യുജിസി)നും, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും കഴിഞ്ഞ നാലുപതിറ്റാണ്ടോളം കാലമായി അവയുടെ അക്കാദമിക്ക് സ്വഭാവം നഷ്ടമായിരിക്കുകയാണ്. ചുരുക്കത്തില്‍ രാജ്യത്താകമാനമുള്ള അക്കാദമിക്ക് സമൂഹത്തിന് അധ്യാപന, ഗവേഷണമേഖലകളില്‍ കടുത്ത വെല്ലുവിളികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അവയുടെ മാനേജ്മെന്റിന് സ്വയം ഭരണാധികാരമില്ലാത്തതിനാല് തന്നെ സ്വന്തം അക്കാദമിക്ക് സ്റ്റാഫ് അടക്കമുള്ള ജീവനക്കാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം അക്കാദമിക്ക് കാര്യങ്ങളില്‍ പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്ന ദയനീയാവസ്ഥയാണുള്ളത്. രാജ്യത്തെ പരമോന്നത സ്ഥാനത്തുള്ള അശോക യൂണിവേഴ്സിറ്റി എന്ന സ്വകാര്യ സര്‍വ്വകലാശാലയിലെ ഒരു പ്രമുഖ അക്കാദമീഷ്യനായ കേരളീയന് തൊഴില്‍ നഷ്ടപ്പെട്ടത് അദ്ദേഹം ദേശവിരുദ്ധനായതുകൊണ്ടായിരുന്നില്ല, മറിച്ച് സര്‍വ്വകലാശാല മേധാവിയുടെ ജനാധിപത്യവിരുദ്ധമായ ഏതാനും തീരുമാനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു എന്നോര്‍ക്കുക. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജെഎന്‍യുവില്‍ നടന്നതിന്റെ ഒരു തനിയാവര്‍ത്തനമാണിത്. ഇന്ത്യന്‍ സമൂഹത്തിന് മൊത്തത്തിലും അക്കാദമിക്ക് സമൂഹത്തിന് പ്രത്യേകമായും, സര്‍വ്വകലാശാലാ വിദ്യാഭ്യാസ മേഖലയിലുള്ള പങ്ക് എന്തെന്നതിനെപ്പറ്റിയാണ് നാം ഇപ്പോള്‍ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടത്. ഡൊണാള്‍ഡ് ട്രംപ് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിക്കെതിരായി വാളോങ്ങിയിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍, അമേരിക്കന്‍ മോഡല്‍ അനുകരിക്കാമെന്ന പ്രതീക്ഷ കൂടി ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്.
സര്‍വ്വകലാശാലകളുടെ സാമൂഹ്യപങ്കാളിത്തം എന്തെന്നതിനെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം ഉന്നയിക്കുന്ന വാദഗതി സര്‍വ്വകലാശാലകള്‍, സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമായ വിജ്ഞാനം ലഭ്യമാക്കണമെന്നാണ്. മറു വിഭാഗമാണെങ്കില്‍ വാദിക്കുന്നത്, നിലവിലുള്ള സാമൂഹ്യ ആന്തരഘടനയ്ക്ക് ഹാനികരമായതൊന്നും ചെയ്യരുതെന്നുമാണ്. ആദ്യത്തെ റോള്‍ നിര്‍വ്വഹിക്കണമെങ്കില്‍, സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം അനിവാര്യമായിരിക്കും. ബൗദ്ധിക സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായിരിക്കുകയുള്ളൂ. ഇതിന് അവശ്യം വേണ്ടത് ശാരീരികവും, ബൗദ്ധികവുമായ സ്വാതന്ത്ര്യം തന്നെയാണ്. നമ്മുടെ ഭരണാധികാരികള്‍, കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പോലും ഈ വിഷയത്തില്‍ ഒരു ഇരട്ടത്താപ്പ് സമീപനമാണ് പിന്തുടര്‍ന്നുവരുന്നത്. സ്വയംഭരണ വാദം വാക്കില്‍ മാത്രം ഒതുക്കിനിര്‍ത്തുമ്പോള്‍, പ്രയോഗത്തിലാക്കുന്നത് പരിപൂര്‍ണ്ണമായ നിയന്ത്രണ ചട്ടക്കൂടുതന്നെയാണ്. സ്വയംഭരണ സംവിധാനത്തിലൂടെ അക്കാദമിക്ക് സമൂഹത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന് ഇടം ലഭ്യമാകും. സാമൂഹ്യമേഖല ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടെത്തി അവയെ കൃത്യമായി നേരിടാനും സാദ്ധ്യമാകും. ഇത്തരമൊരു പശ്ചാത്തലം അനിവാര്യമാകുന്നത്, നിര്‍മ്മിത ബുദ്ധിയുടേയും, സാമൂഹ്യമാധ്യമങ്ങളുടെയും വലിയ തോതിലുള്ള സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ്. തൊഴിലവസരങ്ങളുടെ ലഭ്യതയും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്താതിരിക്കില്ല.
സ്വയംഭരണം നിലവിലാകുന്നതോടെ, വിജ്ഞാനത്തിന്റെ പുതിയ മേഖലകള്‍ തുറന്ന് കിട്ടുമെന്നാണ് കരുതപ്പെടുന്നത്. അക്കാദമിക്ക് മേഖലയിലുള്ളവര്‍ മാറ്റങ്ങള്‍ക്കായി പരിശ്രമിക്കുക, അവരുടെ വിജ്ഞാനത്തിന്റെ പരിമിതികളെപ്പറ്റി സ്വയം ബോധവാന്മാരാകുന്നതോടെയായിരിക്കും. തല്‍സ്ഥിതി തുടരുന്ന സാഹചര്യത്തില്‍ സമൂഹത്തിന് ചലനാത്മകത കൈവരിക്കുക അസാധ്യമായിരിക്കും. സ്വയംഭരണവും, സ്വയം നയരൂപീകരണവും യാഥാര്‍ത്ഥ്യമാകുന്ന പക്ഷം, സമൂഹത്തില്‍ ചലനാത്മകത ദൃശ്യമാവുകയും ചെയ്യും. ശാസ്ത്രലോകത്ത് ഗലീലിയോവിന്റെയും, സര് ഐസക്ക് ന്യൂട്ടന്റെയും സംഭാവനകള്‍ പ്രസക്തമാകുന്നത് ഈ അവസരത്തിലുമാണ്.
ആധുനിക ആഗോള, ദേശീയ, സാഹചര്യങ്ങളില്‍, അക്കാദമിക്ക് സമൂഹം പൊതുവില്‍ ‘സ്റ്റാറ്റസ്ക്വൊയിസ്റ്റുകള്’ – തല്സ്ഥിതിവാദികള് ആണെന്നൊരു ആരോപണം നിലവിലിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കണം നല്ലതിലേക്കുള്ള മാറ്റത്തില്‍ സമൂഹത്തിന്റെ നീക്കം മന്ദഗതിയിലായിരിക്കുന്നത്. സാമ്പത്തികാസൂത്രണത്തില്‍ ഇന്ത്യയുടെ സംഭാവനയായ പ്രഫ. പി സി മഹലനോബിസിനെ പോലെ മറ്റൊരാളെ നമുക്കിനി സര്‍വ്വകലാശാല പരിസ്ഥിതി വിജ്ഞാനമേഖലയിലേക്കായി പുതുതായി കണ്ടെത്തേണ്ടിയിരിക്കുന്നു. സാമ്പത്തിക, സാമൂഹ്യമേഖലകളില്‍ അച്ചടക്കത്തോടു കൂടിയ വികസനമുന്നേറ്റത്തിന് പുതിയൊരു നേതൃത്വം കൂടിയേ തീരൂ. പ്രവര്‍ത്തന സ്വാധീന മേഖല വിപുലമാകുന്നതോടെ, വിജ്ഞാനത്തിന്റെ പുതിയ ഔന്നത്യങ്ങളിലേക്ക് നമുക്ക് കുതിച്ചുയരാനും സാധ്യമാകും.
സ്വയംഭരണം അടിമുതല്‍ മുടിവരെ വേണ്ടിവരും. വ്യക്തികളെന്ന നിലയില്‍ അക്കാദമിക്ക് മേഖലയിലുള്ളവരെ അത്യന്താധുനിക വിജ്ഞാനമേഖലകളില്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കണമെങ്കില്‍, അവരെ സ്ഥാപിതതാല്പ്പര്യക്കാരില് നിന്നെല്ലാം പൂര്‍ണമായി സംരക്ഷിക്കേണ്ടതുണ്ട്. സ്വയംഭരണം വൈസ്ചാന്സലര്ക്കോ, പ്രൊ. വൈസ് ചാന്‍സലര്‍ക്കോ, രജിസ്ട്രാര്‍ക്കോ, പരീക്ഷാകണ്ട്രോളര്ക്കോ, ഡയറക്ടര്‍മാര്‍ക്കോ മാത്രമായാല്‍ മതിയാവില്ല. അധ്യാപന ഗവേഷണമേഖലകളില്‍ വ്യാപൃതരായിരിക്കുന്ന മുഴുവന്‍ അക്കാദമിക് സ്റ്റാഫിനും ഉറപ്പാക്കുക തന്നെ വേണം. ഈ വ്യവസ്ഥ കര്‍ശനമായി പാലിക്കപ്പെടുകയും വേണം. ഇതിലേക്കായി അവശ്യം വേണ്ടത് ഭരണച്ചുമതലയിലുള്ളവര്ക്ക് ജനാധിപത്യ ബോധം വേണമെന്നതാണ്. ബ്യൂറോക്രസിക്കോ, ബ്യൂറോക്രാറ്റിക്ക് സംസ്കാരമുള്ള അക്കാദമിക്ക് മേധാവികള്‍ക്കോ, ഇതേപ്പറ്റി മതിയായ ധാരണ ഉണ്ടായിരിക്കണമെന്നില്ല. ഒരു ബ്യൂറോക്രാറ്റ് എക്കാലവും ഒരു ബ്യൂറോക്രാറ്റ് തന്നെ ആയി തുടരുകയാണ് ചെയ്യുക. ഒരു തികഞ്ഞ ഏകാധിപതിയായ ഡൊണാള്‍ഡ് ട്രംപിനു പോലും, ബ്യൂറോക്രസിയെ ഭയമാണ്. അതുകൊണ്ടുതന്നെ ബ്യൂറോക്രാറ്റുകളുടെ വെല്ലുവിളികളെ ഏതു വിധേനയും തടഞ്ഞു നിര്‍ത്തി ‘മെഗാ’ ലക്ഷ്യം നേടാനാണ് ട്രംപിന്റെ പരിപാടി.
അതേയവസരത്തില്‍, യാഥാസ്ഥിതിക സമീപന സിദ്ധാന്തത്തെ വെല്ലുവിളിക്കുക എന്നത് മാത്രം അക്കാദമിക് സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമായിരിക്കരുത്. അക്കാദമിക്ക് മേഖലയുടെ പുരോഗതിക്കാവശ്യമായ തീരുമാനങ്ങളെടുക്കുന്നതിന്, അതിന്റെ തലപ്പത്തുള്ളവര്‍ ജനാധിപത്യബോധം ഉള്‍ക്കൊള്ളാനും സന്നദ്ധമാകണം. എതിര്‍പ്പും, വിമര്‍ശനവും അപ്പാടെ നിഷിദ്ധമായി കരുതപ്പെടുന്നത് ശരിയായിരിക്കില്ല. അതുകൊണ്ടുതന്നെ, അത് വെറുക്കപ്പെടുകയുമരുത്. ഇക്കാരണത്താല്‍ തന്നെയാണ് സര്‍വ്വകലാശാലകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളില്‍ ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യമായ ഇടപെടലുകള്‍ ചെറുത്തുനില്പ്പുകള്ക്കിടയാക്കുന്നതും. ഈ ചെറുത്തുനില്‍പ്പിന് കൂട്ടുനില്‍ക്കുന്ന അക്കാദമിക്ക് സമൂഹത്തിലെ ഏത് ഉന്നതനായാലും, ആ വ്യക്തി തല്‍സ്ഥാനത്തിന് അര്ഹനായിരിക്കുകയുമില്ല. വൈസ് ചാന്‍സലര്‍ മുതല്‍ വകുപ്പ് മേധാവി വരെയുള്ളവരെ സമാനമായ നിലയിലായിരിക്കും വിലയിരുത്തേണ്ടിവരികയും ചെയ്യുക. യാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്നതിന്റെ ഫലമായി ‘സര്‍വ്വകലാശാലകള്‍ ഏതു വിധേനയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്’ എന്നും, ‘അവരില്‍ നിന്നും ഭരണകര്‍ത്താക്കള്‍ എന്താണ് പ്രതീക്ഷിക്കുക’ എന്നതും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാതിരിക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ സംഘര്‍ഷ ലഘൂകരണത്തിന് സഹായകമായ ഇടപെടലുകള്‍ നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ മധ്യസ്ഥത വഹിക്കാന്‍ യോഗ്യരായവര്‍ അക്കാദമിക്ക് മേഖലയിലുള്ളവരായിരിക്കും, ബ്യൂറോക്രാറ്റുകളായിരിക്കില്ല. വിമര്‍ശനപരമായ സമീപനം സ്വീകരിക്കുന്ന അക്കാദമിക്ക് സമൂഹം നിലവിലിരിക്കുന്ന സ്ഥാപിത താല്‍പ്പര്യങ്ങളെ ശക്തമായി വിമര്ശിക്കുന്നവരായിരിക്കുമെന്നതും ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ, ഭരണവര്‍ഗത്തിന്റെ അജണ്ട നടപ്പാക്കാന്‍ അവര്‍ സന്നദ്ധരായിരിക്കുകയുമില്ല. ഭരണവര്‍ഗത്തിന് താല്‍പ്പര്യം നിലവിലിരിക്കുന്ന സാമൂഹ്യബന്ധങ്ങള്‍ കോട്ടം കൂടാതെ നിലനിര്ത്തുന്നതിലുമായിരിക്കുമല്ലോ. ഫ്യൂഡല്‍ വ്യവസ്ഥയില്‍ ഭരണകര്‍ത്താക്കള്‍, സ്വന്തം അധികാരം അവരുടെ ജന്മാവകാശമാണെന്ന് അവകാശപ്പെടുന്ന പക്ഷം അത് വകവെച്ചുകൊടുക്കാന്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര് തയ്യാറാവില്ല. അതേയവസരത്തില്‍, മുതലാളിത്തവ്യവസ്ഥയില്‍ തൊഴിലാളിവര്ഗത്തില് നിന്ന് ഭരണകര്‍ത്താക്കള്‍ പ്രതീക്ഷിക്കുന്നത് തീര്‍ത്തും ദാസ്യമനോഭാവമായിരിക്കുകയും ചെയ്യും. ചൂഷണത്തിനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തെപ്പറ്റി മുതലാളിത്ത ഭരണകര്‍ത്താക്കള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞേക്കില്ല. ഇത്തരമൊരു മുതലാളി-തൊഴിലാളി ബന്ധത്തിലൂടെ ബലി കൊടുക്കപ്പെടുക ജനാധിപത്യവ്യവസ്ഥയായിരിക്കും എന്നതൊന്നും അവര്‍ക്ക് പ്രശ്നമേ ആയിരിക്കില്ല.
ഇടുങ്ങിയ അജണ്ടയും ആത്മവിശ്വാസമില്ലായ്മയും അന്തര്‍ലീനമായിരിക്കുന്ന ഭരണക്രമങ്ങള്‍ക്ക് ഭരണവര്‍ഗ വിരുദ്ധചിന്ത തന്നെ വെറുപ്പുള്ളവാക്കുന്ന വികാരങ്ങളായിരിക്കും. സ്വയംഭരണാവകാശം അവ വിനിയോഗിക്കുക സ്വന്തം അജണ്ട ഏതുവിധേനയും നേടിയെടുക്കുന്നതിന് മാത്രമായിരിക്കുകയും ചെയ്യും. പുതിയ ആശയങ്ങളോ, മൂല്യങ്ങളോ അവര്‍ക്ക് ആവശ്യമില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രമായ ആശയങ്ങള്‍ക്കും, ബുദ്ധിപരമായ വ്യാപാരങ്ങള്‍ക്കും വേദികളായി യൂണിവേഴ്സിറ്റികള്‍ നിലകൊള്ളണമെന്നവര് ആഗ്രഹിക്കുന്നുമില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ അക്കാദമിക് സമൂഹം ആകെത്തന്നെ ‘സ്റ്റാറ്റസ്കൊ’ നിലനിര്‍ത്തുന്ന വിധത്തിലുള്ള ഒരു പൊതുവേദിയായിരിക്കുകയും ചെയ്യും. ശാസ്ത്ര-സാങ്കേതിക വിജ്ഞാനമേഖലയും ചരിത്ര-സാമൂഹ്യ ശാസ്ത്ര വിജ്ഞാനമേഖലകള്‍ പോലെത്തന്നെ ആധുനിക ചിന്തയ്ക്കു നേരെ മുഖം തിരിക്കുന്നൊരു മനോഭാവത്തിലായിരിക്കുമല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ ഭാവി വികസനം മുഴുവന്‍ ഇരുളടഞ്ഞ രൂപത്തിലായിരിക്കും നടക്കുക. സമൂഹത്തില്‍ നിലവിലുള്ള മത, ജാതി, പ്രാദേശിക വിഭിന്നതകള്‍ക്ക് പരിഹാരം കാണുന്നതിന് വഴിയൊരുക്കില്ലെന്നു മാത്രമല്ല, ഇത്തരം വിഭാഗീയ ചിന്തകള്‍ കൂടുതല്‍ സങ്കീര്ണമാവുക എന്ന പ്രക്രിയയായിരിക്കും തന്മൂലം നടക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഉടനടി നടക്കാനിരിക്കുന്ന ജനസംഖ്യാ കണക്കെടുപ്പും, തുടര്‍ന്നുള്ള ജാതിസെന്‍സസ് എന്ന പ്രത്യേക അഭ്യാസവും, ഒറ്റനോട്ടത്തില്‍ സദുദ്ദേശപരമായ തുടര്പ്രക്രിയകളാണെന്നു തോന്നാമെങ്കിലും ജാതിസെന്സസ്സിന്റെ ലക്ഷ്യം ഫലത്തില്‍ വിഭാഗീയതയുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ളൊരു മണ്ണായി നമ്മുടെ രാജ്യത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന നിഗൂഢലക്ഷ്യത്തിലെത്താതിരിക്കാന് നാം പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്.
സാമൂഹ്യബന്ധങ്ങളെ ചൂഷണത്തിനുള്ള ഉപാധികളാക്കി മാറ്റാനുള്ള ഹിന്ദുത്വ ശക്തികളുടെ രഹസ്യ അജണ്ടയായി ജാതി സെന്‍സസ് മാറാതിരിക്കുകയാണ് സെക്കുലര്‍ ഇന്ത്യ എന്ന ആശയം തുടര്‍ന്ന് പ്രയോഗത്തിലാക്കാന്‍ അനിവാര്യമായി നമുക്ക് ചെയ്യാനുള്ളത്. ഇന്റര്‍നെറ്റ,് നിര്‍മ്മിത ബുദ്ധി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ സമൂഹത്തിന്റെ ലളിതവും ആരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് എന്നത് പോലെത്തന്നെ കൂടുതല്‍ സങ്കീര്‍ണതയിലേക്കും നാശത്തിലേക്കും സമൂഹത്തെ കൊണ്ടെത്തിക്കാനും ദുരുപയോഗപ്പെടുത്തിക്കൂടെന്നില്ല. ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങള്‍ ഒരിക്കലും ജനാധിപത്യവല്‍ക്കരണത്തിന് എതിരായ ആശയപ്രചാരണത്തിനായി വിനിയോഗിക്കപ്പെടുകയുമരുത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത കൂടിയേ തീരൂ. എന്തെന്നാല്‍ നമ്മുടെ ഭരണവര്‍ഗം ഇവയുടെ ദുരുപയോഗത്തിന് സദാ ശ്രദ്ധാലുക്കളായിരിക്കും എന്നതുതന്നെ.
അമേരിക്കയും ചൈനയും ആഗോളതലത്തില്‍ ത്വരിതഗതിയില്‍ നടന്നുവരുന്ന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, സാങ്കേതിക ബഹിരാകാശ ശാസ്ത്ര, മേഖലകളിലെ വിജ്ഞാനവും പുതിയ ആശയങ്ങളും സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളുടെ ഭാഗമാക്കാന്‍ കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണല്ലോ. ഇതിലേക്കായി അമേരിക്ക സ്വതന്ത്രമായ പ്രവര്‍ത്തന സൗകര്യങ്ങളോടു കൂടിയുള്ള സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും അടങ്ങുന്ന വലിയൊരു ശൃംഖലയ്ക്ക് തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഇവിടേക്ക് നിരവധി വിദേശീയരായ അക്കാദമിക് വിദഗ്ധന്മാരെയും ശാസ്ത്ര ഗവേഷകരെയും പ്രത്യേകം കണ്ടെത്തി നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപിന്റെ രണ്ടാം വരവോടെ ഇതെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള സംഘടിത ശ്രമമാണ് നടന്നുവരുന്നത്. ‘മസ്ക് ഓര് നോ മസ്ക്’ ഈ നയം അനുസ്യൂതം തുടരാനാണ് സാധ്യത തെളിയുന്നതും.
സര്‍വകലാശാലകളെ നിഷ്ക്രിയമാക്കാനും തകര്‍ക്കാനും ഏറ്റവും അനുയോജ്യമായി ട്രംപ് കണ്ടെത്തിയ മാര്‍ഗം സ്വയംഭരണാവകാശ നിഷേധത്തോടൊപ്പം ധനസഹായവും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കുക എന്നതുതന്നെയാണ്. ഇതേത്തുടര്‍ന്ന് കൊളംബിയ യൂണിവേഴ്സിറ്റിക്ക് വഴങ്ങേണ്ടി വന്നെങ്കിലും, ഹാര്‍വാഡ് പിടിച്ചു നില്‍ക്കുകയാണ്. ഈ വെല്ലുവിളി എത്രനാള്‍ തുടരാനാകും എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. സര്‍വ്വനാശം കാത്തുകിടക്കുന്നത് 150ല്‍പരം സര്‍വ്വകലാശാലകളാണ്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക്, വന്‍ എന്‍ഡോവ്മെന്റുകള്‍ ഉണ്ടെങ്കിലും അധോഗതിയിലാകുന്നത് എന്തുകൊണ്ടാണെന്നതാണ് അന്വേഷണ വിധേയമാക്കേണ്ടത്. നിരവധി കാരണങ്ങളുണ്ട് ഈ ദുഃസ്ഥിതിക്ക്. ഒന്ന്, സര്‍വകലാശാലാ വിദ്യാഭ്യാസവും ഗവേഷണവും ചെലവേറിയ പരിപാടികളാണ്. ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് പ്രതിഫലം കൂടാതെ ഗവേഷണ പ്രോജക്ടുകള്‍ക്കും ഫണ്ട് ആവശ്യമാണ്. ശാസ്ത്ര സാങ്കേതികവിദ്യാ മേഖലകളില്‍ മാത്രമല്ല, കലാസാഹിത്യ സാംസ്കാരിക മേഖലകളിലും അധിക ഫണ്ടിങ് കൂടിയേ തീരൂ. ഗവേഷണ മേഖലകളില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേകം ഊന്നല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണല്ലോ.
രണ്ട്, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ ഫണ്ടിന്റെ വിനിയോഗത്തില്‍ വ്യവസ്ഥകള്‍ നിജപ്പെടുത്തുന്നത് സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ആയതിനാല്‍ ചെറുക്കപ്പെടേണ്ടതാണ്. സ്വകാര്യ നിക്ഷേപമാണെങ്കില്‍ അതിന്റെ ലക്ഷ്യം വിജ്ഞാന സമ്പാദനത്തേക്കാള്‍ ലാഭത്തിനായിരിക്കുമല്ലോ. ഇതും ആശാസ്യമല്ല. അപ്പോള്‍ സാമ്പത്തിക ബാധ്യത വന്നുപതിക്കുക പൊതു ഏജന്‍സിയുടെ അഥവാ സര്‍ക്കാരിന്റെ ചുമലിലായിരിക്കും. സര്‍ക്കാരിനാണെങ്കില്‍ ഈ അധിക ഭാരം എത്രമാത്രം താങ്ങാന്കഴിയുമെന്ന് സംശയകരമാണ്. ധനസഹായം ഏത് ഏജന്‍സിയുടെ വകയായിരുന്നാലും സര്‍വ്വകലാശാലകളുടെ വളര്‍ച്ചയ്ക്ക് ഉദാരമായ ഫണ്ടിങ്ങിനോടൊപ്പം സ്വതന്ത്രമായ പ്രവര്‍ത്തന ഫണ്ട് വിനിയോഗ സംവിധാനവും കുടിയേ തീരൂ.
ഇന്ത്യയിലാണെങ്കില്‍, സ്വകാര്യ ഫണ്ടിങ് ഗവേഷണ മേഖലയിലേക്ക് നിസ്സാരമായ തോതില്‍ മാത്രമേ ഒഴുകിവരുന്നുള്ളൂ. 1990കള്‍ക്ക് ശേഷം പൊതുഫണ്ടിങ്ങും മരവിപ്പിലാണ്. നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമ ദാരിദ്ര്യത്തിലകപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സര്‍വകലാശാലകളുടെ കാര്യം പ്രത്യേകം പറയാനുമില്ല. സര്‍ക്കാര്‍ നിയന്ത്രിത ഭരണവുമില്ല, സ്വയംഭരണവും നേരെ നടക്കുന്നില്ല എന്നതാണ് നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലെയും അവസ്ഥ. ഈ ദുഃസ്ഥിതിക്ക് കാരണം, സംസ്ഥാന ഇടതുമുന്നണി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ നിരവധി ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പുള്ള മുന്‍ഗണനാക്രമങ്ങള്‍ വേണ്ടത്ര ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കുന്നില്ല എന്നതാണ്. അവയുടെ കൃത്യമായ പ്രാവര്‍ത്തികമാക്കലും, കടലാസില്‍ അവശേഷിക്കുന്നതായിട്ടാണ് അനുഭവം സാക്ഷ്യപ്പെടുത്തുന്നതും. സമൂഹത്തിന് ആവശ്യമുള്ള വിജ്ഞാനം ലഭ്യമാക്കുക എന്ന ലക്ഷ്യം, രാഷ്ട്രീയ താല്പര്യ സംരക്ഷണത്തിനായി ബലികൊടുക്കപ്പെടുകയാണ്. യാഥാസ്ഥിതികത്വത്തെ വെല്ലുവിളിക്കുന്നു എന്നതാണ് അവകാശപ്പെടുന്നതെങ്കിലും നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇടതു-വലതു ഭേദമില്ലാതെ അറിഞ്ഞോ അറിയാതെയോ സംരക്ഷിക്കുന്നത് പരമ്പരാഗത ഭരണസംവിധാനത്തേയും ഫ്യൂഡല്‍ വാഴ്ചയേയുമാണ,് അത് പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ്. ദീര്‍ഘകാല വികസന പരിപ്രേക്ഷ്യം താത്ത്വികഗ്രന്ഥങ്ങളില് ഒതുക്കപ്പെടുമ്പോള്‍, ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്കപ്പെടുന്നത്. നമുക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്, സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമല്ല മറിച്ച് ഒരു ‘ഐഡിയല്‍ സ്റ്റേറ്റി’ന്റെ ഭാവനാ ചിത്രമാണ്. യൂണിവേഴ്സിറ്റികള്‍ ആഗോള തലം മുതല്‍ സംസ്ഥാനതലംവരെ ഒരുതരം ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് സി അലന്ഗാര്ബര് സൂചിപ്പിച്ചത് എത്രയോ ശരിയാണെന്ന് കേരളീയ സമൂഹവും ഏറ്റുപറയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കേരളത്തിലെ ഏത് സര്‍വകലാശാലയും ഇപ്പോള്‍ നേരിടുന്നത് നിലനില്‍പ്പിന്റെ തന്നെ വെല്ലുവിളിയാണ്. ഇത് നേരിടാനുള്ള മാനസികാവസ്ഥയും ഇച്ഛാശക്തിയും സംസ്ഥാനഭരണകൂടത്തിന്് നഷ്ടപ്പെട്ടിരിക്കുകയാണ്.




No Comments yet!