ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നടക്കുമ്പോള്‍, പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടി അവളുടെ ദയനീയമായ അവസ്ഥ അല്‍ജസീറ ചാനലിന്റെ റിപോര്‍ട്ടറോട് വിവരിക്കുന്നത് കഴിഞ്ഞദിവസം കാണുകയുണ്ടായി. ഇറാനിലെ ഒരു പട്ടണത്തില്‍ നിന്നും സ്വന്തം വീടും ഉണ്ടായിരുന്ന പേസ്റ്ററി കടയും എല്ലാം നഷ്ടപ്പെട്ട് അകലെ ഉള്ള ഒരു ഗ്രാമത്തില്‍ കൂട്ടമായി താമസിക്കുന്ന മനുഷ്യരുടെ കൂട്ടത്തിലൊരുവളായിരുന്നു അവള്‍. അവള്‍ പറഞ്ഞത് പതിമൂന്ന് വയസ്സുള്ള താന്‍ ഇപ്പോള്‍, മുപ്പത്തി മൂന്നു വയസ്സുള്ള ഒരാളുടെ പക്വത നേടിക്കഴിഞ്ഞു എന്നാണ്. ഒരു ദിവസം പതിവുപോലെ കൂട്ടുകാരികളുമായി അടുത്തുള്ള കിണറ്റില്‍ നിന്ന് വീട്ടിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാന്‍ പോയതാണ്. പെട്ടെന്ന് ഒരു മിസൈല്‍ വന്ന് വലിയ ശബ്ദത്തോടെ അവരുടെ സമീപത്ത് പതിക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് ഒന്നും കാണാനും കേള്‍ക്കാനും അവള്‍ക്ക് കഴിഞ്ഞില്ല. പിന്നെ അവള്‍ കണ്ടത് നിമിഷങ്ങള്‍ക്കപ്പുറം കളിച്ച് ചിരിച്ച് തന്നോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ ചിന്നിച്ചിതറിയ മൃതദേഹങ്ങളും ദീനരോദനങ്ങളും ആയിരുന്നു. അവള്‍ വീട്ടിലേക്ക് ജീവനും കൊണ്ടോടി.. അപ്പോഴേക്കും സര്‍ക്കാരിന്റെ നിര്‍ദേശം വന്നു, നഗരത്തിലുള്ളവരെല്ലാം ഒഴിഞ്ഞു പോകാനായി. അങ്ങനെയാണ് അവളും മാതാപിതാക്കളും ഗ്രാമത്തിലെ ടെന്റില്‍ എത്തുന്നത്. അവള്‍ പറയുന്നത് ലോകത്തെ മറ്റെല്ലാവര്‍ക്കും നാളത്തെ പ്രഭാതം പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍, തന്നെ സംബന്ധിച്ച് ഏത് നിമിഷത്തിലാണ് സര്‍വ്വവും തകര്‍ത്തു കൊണ്ട് മിസൈല്‍ വീഴുന്നത് എന്ന ഭയം മാത്രമാണുള്ളത്. ഒരു പ്രാര്‍ത്ഥനയേ അവള്‍ക്കിപ്പോഴുള്ളൂ. താന്‍ മരിക്കുന്നതിന് മുമ്പേ മാതാപിതാക്കള്‍ മരിക്കരുതേ എന്നതാണത്!
മനുഷ്യനെ മറ്റ് മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവാണ്. സഹജീവികളെ പരിഗണിക്കുക, അവര്‍ക്ക് സ്‌നേഹവും ബഹുമാനവും നല്‍കുക എന്നതു പോലെ, ആശയപരമായി ഒത്തു പോകുന്നവരുമായി ചേര്‍ന്ന് പോകുകയും അല്ലാത്തവരെ മാറ്റി നിര്‍ത്തുകയും മനുഷ്യ സഹജമാണ്.
യുദ്ധങ്ങളുടെ ചരിത്രം
മനുഷ്യര്‍ തമ്മിലുള്ള സ്പര്‍ദ്ധ മുകളില്‍ സൂചിപ്പിച്ച സ്വഭാവ വൈവിധ്യത്തിന്റെ ഒരു ഉപോല്‍പ്പന്നം ആണ്. സ്പര്‍ദ്ധ ഉള്ളവര്‍ തമ്മിലുള്ള യുദ്ധം പല രീതിയിലാണ്. ആദ്യകാലത്ത് ചെറിയ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളായിരുന്നുവെങ്കില്‍ പിന്നീട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ആയി, അത് പിന്നെ മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പേരിലായി. പിന്നീട് അത് ഏകാധിപതികളുടെ സാമ്രാജ്യ വികസനത്തിനുവേണ്ടിയായി.
1792-1815കാലത്ത് നടന്ന ഫ്രഞ്ച് വിപ്ലവവും തുടര്‍ന്ന് അമേരിക്കയില്‍ 1861-1865 കാലത്ത് നടന്ന ആഭ്യന്തര കലാപവും മുതലാണ് പുതിയ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിച്ചു തുടങ്ങിയത്. 1914-1918 വരെയുണ്ടായ ഒന്നാം ലോകയുദ്ധവും 1939-1945കാലത്തെ രണ്ടാം ലോകയുദ്ധവുമാണ് മനുഷ്യ ചരിത്രത്തില്‍ ഏറ്റവും വിനാശകരമായത്. ആധുനിക ലോകത്ത് നേരിട്ട് ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതിനേക്കാള്‍ മാരകമായ രീതിയിലുള്ള ആശയപരമായും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ കടന്നുകയറ്റങ്ങളിലൂടേയും രാസായുധം മുതല്‍ ജൈവായുധങ്ങള്‍ വരെ രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ഉപയോഗിച്ച് തുടങ്ങി. എന്നാല്‍, സാംസ്‌കാരിക വളര്‍ച്ചയുടെ ഫലമായി മനുഷ്യര്‍ തമ്മില്‍ ആശയപരമായി ചേരാതെ വരുമ്പോള്‍ യുദ്ധം ചെയ്യുക എന്നത് മാറി പരസ്പരം ചര്‍ച്ചയിലൂടേയും മധ്യസ്ഥതയിലൂടേയും മറ്റും രമ്യതയില്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമങ്ങളുണ്ടായി. ലോകമഹായുദ്ധങ്ങളിലൂടെ മനുഷ്യകുലത്തിന് നേരിടേണ്ടിവന്ന നഷ്ടങ്ങള്‍ കണക്കിലെടുത്ത്, 1945ല്‍ ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും സമാധാനവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംവിധാനം നിലവില്‍ വന്നത്.
യുദ്ധത്തില്‍ ഒരിക്കലും ആരും ജയിക്കുന്നില്ല എന്ന് മാത്രമല്ല യുദ്ധം ഏല്‍പ്പിക്കുന്ന പരിക്ക് മനുഷ്യന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും എത്രയോ മടങ്ങാണെന്ന് വിയറ്റ്‌നാം ജനത വിവിധ രാജ്യങ്ങളില്‍ നിന്ന് അവിടെ വരുന്ന ഓരോരുത്തരേയും ഓര്‍മപ്പെടുത്തുന്നു. അവര്‍ അതിനായി 1975ല്‍ അവസാനിച്ച യുദ്ധത്തില്‍ നടന്ന സംഭവങ്ങള്‍, അതേപടി ഇന്നും പുനരാവിഷ്‌കരിച്ച് ഓരോ ട്യൂറിസ്റ്റുകള്‍ക്കും കാണിച്ച് കൊടുക്കുന്നു. ഇന്നും ജീവിക്കുന്ന യുദ്ധരക്തസാക്ഷികളെ സാക്ഷിനിര്‍ത്തി വിയറ്റ്‌നാം ലോകത്തോട് വിളിച്ചു പറയുന്നത് ‘യുദ്ധം നിങ്ങളെ മാത്രമല്ല തലമുറകളെ തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കും’ എന്നാണ്.
വിയറ്റ്‌നാം യുദ്ധം ഒരു പുനര്‍വായന
1945ല്‍ ഫ്രഞ്ച്കാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം 1955 മുതല്‍ 1975വരെ അമേരിക്കന്‍ സഖ്യ കക്ഷികളും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയ്ക്ക് തെക്കുകിഴക്കന്‍ ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ലക്ഷ്യമായി വിയറ്റ്‌നാം. കൂടാതെ മുതലാളിത്ത വ്യവസ്ഥിതി പിന്തുടരുന്ന തെക്കന്‍ വിയറ്റ്‌നാം ഹോചിമിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സംവിധാനം പിന്തുടരുന്ന വടക്കന്‍ വിയറ്റ്‌നാം പിടിച്ചെടുത്താല്‍ അത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ക്ഷതമാകും. ഇതെല്ലാം കൊണ്ട് ഇരുപത് വര്‍ഷത്തോളം നീണ്ട ഒരു യുദ്ധത്തിന് വിയറ്റ്‌നാം സാക്ഷിയായി.
1975 മുതല്‍ യുദ്ധാനന്തരം പൂജ്യത്തില്‍ നിന്ന് തുടങ്ങിയ അവര്‍ എവിടെ എത്തിനില്‍ക്കുന്നു എന്നത് ആ രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മയുടേയും ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റേയും അടയാളമാണ്. തെക്കന്‍ വിയറ്റ്‌നാമാം സന്ദര്‍ശിക്കുന്ന ഒരാളും കുചി ടണല്‍ മിസ്സ് ചെയ്യരുത്!
കു ചിയുടെ തുരങ്കങ്ങളുടെ ചരിത്രം
യുഎസ് സൈന്യം അവരുടെ റഡാര്‍ സംവിധാനം ഉപയോഗിച്ച് വിയറ്റ് കോംഗിന്റെ സൈനിക താവളങ്ങള്‍ തിരിച്ചറിഞ്ഞു, തുരങ്ക സംവിധാനം കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമായി പ്രവര്‍ത്തനമാരംഭിച്ചു. ഓപറേഷന്‍ ക്രൈംപ്, ഓപറേഷന്‍ സെഡാര്‍ ഫാള്‍സ് എന്നിവയായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്.
1966 ജനുവരി 7ന് ഓപറേഷന്‍ ക്രൈംപ് ആരംഭിച്ചു, ബി52 ബോംബര്‍ വിമാനങ്ങള്‍ 30ടണ്‍ ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ ഈ പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു, ഒരിക്കല്‍ സമൃദ്ധമായ കാടിനെ പോക്ക്മാര്‍ക്ക് ചെയ്ത ചന്ദ്രദൃശ്യമാക്കി മാറ്റി. യുഎസില്‍ നിന്ന് എണ്ണായിരം സൈനികര്‍ ഒന്നാം കാലാള്‍പ്പട ഡിവിഷന്‍, 173ആം എയര്‍ബോണ്‍ ബ്രിഗേഡ് കോംബാറ്റ് ടീം (ന്യൂസിലാന്‍ഡ് ആര്‍ട്ടിലറിയുടെ റോയല്‍ റെജിമെന്റിന്റെ ഒരു പീരങ്കി ബാറ്ററി ഉള്‍പ്പെടെ), ഒന്നാം ബറ്റാലിയന്‍, റോയല്‍ ഓസ്‌ട്രേലിയന്‍ റെജിമെന്റ്, എന്നിവര്‍ ഏകോപിച്ച് വിയറ്റ്‌നാം എന്ന കൊച്ച് രാജ്യത്തിന് നേരെ ആക്രമം അഴിച്ച് വിട്ടു.
ആധുനിക സംവിധാനങ്ങളുണ്ടായിരുന്നിട്ടും, വിയറ്റ്‌നാം ജനതയും പട്ടാളവും ചേര്‍ന്ന് സ്വയരക്ഷയ്ക്കും ശത്രുവിനെതിരേ ഒളിപ്പോര് നടത്തുവാനും നിര്‍മ്മിച്ച തുരങ്കങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതില്‍ യുഎസ് പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമായിരുന്നു. കുഴി ബോംബുകള്‍ വെച്ച് തകര്‍ത്ത ശത്രു സൈന്യത്തിന്റെ തന്നെ ടാങ്കുകളുടെ ടയര്‍ ഉപയോഗിച്ച് വിയറ്റ്‌നാം സൈനികര്‍ക്ക് ചെരുപ്പുകള്‍ വരെ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മ്മിച്ചിരുന്നു. 1967ല്‍, ജനറല്‍ വില്യം വെസ്റ്റ്‌മോര്‍ലാന്‍ഡ്, ഇരുമ്പ് ട്രയാംഗിള്‍ എന്ന പേരില്‍ ഒരു വലിയ ആക്രമണം നടത്താന്‍ ശ്രമിച്ചു. ഓപറേഷന്‍ സീഡാര്‍ വെള്ളച്ചാട്ടം എന്ന് വിളിക്കപ്പെടുന്ന ഇത് മുമ്പത്തെ ഓപറേഷന്‍ ക്രൈംമ്പിന് സമാനമായിരുന്നുവെങ്കിലും 8,000 സൈനികര്‍ക്ക് പകരം ഇതില്‍ 30,000 സൈനികരുണ്ടായിരുന്നു. 1966 ജനുവരി 18ന്, ഒന്നാം ബറ്റാലിയന്‍, 5ആം ഇന്‍ഫന്റ്ട്രി റെജിമെന്റ്, 25ആം ഇന്‍ഫെന്റ്ട്രി ഡിവിഷന്‍ എന്നിവയില്‍ നിന്നുള്ള ടണല്‍ എലികളുടെ, (വിയറ്റ്‌നാം ഒളിപ്പോര്‍ സൈന്യത്തെ വിളിച്ചിരുന്ന പേര്) എല്ലാത്തരം സൈനിക തന്ത്രങ്ങളെയും കുറിച്ചുള്ള അര ദശലക്ഷം രേഖകള്‍ അടങ്ങിയ വിയറ്റ് കോംഗ് ജില്ലാ ആസ്ഥാനം കണ്ടെത്തി.
1969ഓടെ, വടക്കന്‍ വിയറ്റ്‌നാമിലെ ബോംബിങില്‍ നിന്ന് 52 ബോംബര്‍ വിമാനങ്ങള്‍ പിന്‍വലിച്ചു. തുടര്‍ന്ന് കു ചി പ്രദേശങ്ങളിലും ഇരുമ്പ് ത്രികോണത്തിന്റെ ബാക്കി ഭാഗങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ‘കാര്‍പെറ്റ് ബോംബിങ്’ ആരംഭിച്ചു. യുദ്ധത്തിന്റെ അവസാനത്തില്‍, ചില തുരങ്കങ്ങളില്‍ വളരെ ശക്തമായി ബോംബെറിഞ്ഞു, ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു, മറ്റ് ഭാഗങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. കിലോമീറ്ററുകളോളം നീളത്തില്‍ കിടക്കുന്ന തുരങ്കങ്ങളുടെ ഭൂരിഭാഗവും തകര്‍ക്കാന്‍ ബോംബാക്രമണത്തിന് കഴിഞ്ഞില്ല.
യുദ്ധകാലത്തുടനീളം, കു ചിയിലും ചുറ്റുപാടുമുള്ള തുരങ്കങ്ങള്‍ സൈഗോണിലെ യുഎസ് സൈന്യത്തിന് നിരാശയുടെ ഒരു ഉറവിടമായി മാറി. 1973ല്‍ പിന്‍വാങ്ങുന്നതുവരെ യുഎസിന്റെ ചെലവുകളും അപകടങ്ങളും വര്‍ധിപ്പിക്കാനും കൂ ചി തുരങ്കങ്ങള്‍ വലിയ പങ്ക് വഹിച്ചു.
കു ചി തുരങ്കങ്ങള്‍, അത് പോലെ സംരക്ഷിച്ച് അതില്‍ എങ്ങനെയാണ് സൈന്യം കഴിഞ്ഞിരുന്നത്, അവിടെ ഭക്ഷണം തയ്യാറാക്കുന്ന വിധം (കപ്പയാണ് ഭക്ഷണം), ഇത് പാകം ചെയ്യുമ്പോള്‍ പുകയോ ആവിയോ പുറത്ത് കണ്ടാല്‍ ശത്രു സൈന്യം ബോംബ് ഇടും അത് കൊണ്ട് മണ്ണിനടിയില് ഫര്‍ണസ് പോലുള്ള സംവിധാനം വെച്ച് പൈപ്പ് വഴി പുക പല സ്ഥലങ്ങളിലായി ഭൂമിക്ക് അടിയില്‍ നിന്ന് പുറത്തു വിടും.. അതും പുറമെ അറിയാതിരിക്കാന്‍ മുകള്‍ ഭാഗം ചവറുകള്‍ കൂട്ടിയിടും. വയലുകളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ ശത്രുവിന്റെ നീക്കങ്ങള്‍ സൈന്യത്തെ ധരിപ്പിച്ച് കൊണ്ടിരുന്നു. അത് പോലെ സൈനികര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാന്‍ എല്ലാവരും സൈന്യത്തിന്റെ ഭാഗമായി. സൈന്യത്തിന്റെ വസ്ത്രങ്ങള്‍, എന്ന് വേണ്ട ശത്രുവിനെ വഴിതെറ്റിക്കാന്‍ പാകത്തിന് ഉപയോഗിച്ചിരുന്ന ചെരുപ്പുകള്‍ വരെ അവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
വഴിയില്‍ ഒരു സ്ഥലത്ത് മൂകരും ബധിരരുമായവര്‍ നിര്‍മിക്കുന്ന കരകൗശല വസ്തു നിര്‍മാണ ശാലയും കാണാം.. അത്തരം ആളുകള്‍ക്ക് സ്വയം പര്യാപ്തത നേടാന്‍ ഒരുക്കിയിരിക്കുന്ന വിപണിയും ഇവിടത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാണാന്‍ കഴിയും. ഈ കാഴ്ചകളില്‍ കൂടി നടക്കുമ്പോള്‍ ഇനിയുമൊരു യുദ്ധം ലോകത്ത് എവിടെയും നടക്കരുതേ എന്ന് ഇവിടെ വരുന്ന ഓരോരുത്തരും മനസ്സിലെങ്കിലും പറഞ്ഞുപോകും.
പുതിയ ലോകക്രമത്തിലെ യുദ്ധതന്ത്രങ്ങള്‍
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന്, സാമ്പത്തിക ഉപരോധങ്ങളായും സാംസ്‌കാരിക അധിനിവേശങ്ങളായുമുള്ള കടന്നുകയറ്റങ്ങള്‍ കൂടിവരികയുണ്ടായെങ്കിലും, അമേരിക്ക-ഇറാഖ് യുദ്ധത്തിന് ശേഷം രാജ്യങ്ങള്‍ തമ്മില്‍ പ്രത്യക്ഷത്തിലുള്ള സമ്പൂര്‍ണ്ണ യുദ്ധം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വലിയ രീതിയില്‍ കേട്ടിരുന്നില്ല. അടുത്തകാലത്തായി റഷ്യ-ഉക്രൈന്‍ യുദ്ധത്തോടെ അന്തരീക്ഷത്തില്‍ പതിയെ പതിയെ വീണ്ടും യുദ്ധങ്ങള്‍ തലപൊക്കിത്തുടങ്ങി. കഴിഞ്ഞ മാസം പഹല്‍ഗാം തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന് നമ്മള്‍ നേരിട്ട് സാക്ഷിയാകുകയും ചെയ്തു.
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷ നാളുകളില്‍ നമ്മുടെ മാധ്യമങ്ങള്‍ യുദ്ധം റിപോര്‍ട്ട് ചെയ്യുന്നത് എത്ര നിരുത്തരവാദപരമായിരുന്നു എന്നത് ലോകത്ത് തന്നെ ചര്‍ച്ചയായതാണ്. സ്വന്തം ജനതയുടെ മനഃസാനിധ്യം നിലനിര്‍ത്താനും മറ്റുമായി ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം വാര്‍ത്തകള്‍ക്ക് നിമിഷങ്ങള്‍ മാത്രമാണ് ആയുസ്സെങ്കിലും പലപ്പോഴും ഇവയുണ്ടാക്കുന്ന ആഘാതങ്ങള്‍ രാസായുധത്തേക്കാള്‍ മാരകമായി മാറുന്നു. ആധുനിക ലോകക്രമത്തില്‍ സൈബര്‍ ആക്രമണങ്ങള്‍, ശത്രുവിനെ മാനസികമായി തകര്‍ക്കുന്നതിന് എല്ലാവിധ സാധ്യതകളും ഉപയോഗിച്ച് കുപ്രചരണങ്ങള്‍ അഴിച്ചു വിടുക തുടങ്ങിയ പുതിയ യുദ്ധ മുഖങ്ങള്‍ക്കും നാം സാക്ഷിയായി കൊണ്ടിരിക്കുന്നു. എല്ലാത്തിനും ഒടുവില്‍, ഇന്ന് നമ്മുടെ രാജ്യത്തിന് നേര്‍ക്ക് അമേരിക്ക പ്രയോഗിക്കുന്ന ‘തീരുവ യുദ്ധം’ വരെ എത്തി നില്‍ക്കുന്നു പുതിയ ലോക ക്രമത്തിലെ യുദ്ധ തന്ത്രങ്ങള്‍!
യുദ്ധങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ ഇത്രയേറെ നേരിട്ട് വളര്‍ന്ന ആധുനിക ലോകത്തില്‍ കൂടുതല്‍ വിനാശകരമായ യുദ്ധങ്ങള്‍ വീണ്ടും വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന്റെ ഔചിത്യം സാമാന്യബുദ്ധിക്ക് എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നതല്ല. അമേരിക്ക, ഫ്രാന്‍സ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആയുധ കച്ചവട താല്‍പ്പര്യമാണ് മറനീക്കി പുറത്തുവരുന്നത്. വിദ്യാഭ്യാസവും സംസ്‌കാരവും ചരിത്രബോധവും നേടിയ സമൂഹം ഒരിക്കലും തര്‍ക്കങ്ങള്‍ക്ക് പരിഹാരം യുദ്ധം എന്ന നിലപാട് സ്വീകരിക്കും എന്ന് കരുതാന്‍ വയ്യ. മറവി പലപ്പോഴും മനുഷ്യരെ നയിക്കുന്നത് അവര്‍ക്ക് പോലും ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ പരാജയങ്ങളിലേക്കാണ് എന്ന് തിരിച്ചറിയണം. മനുഷ്യര്‍ തമ്മിലുള്ള ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒന്നല്ല യുദ്ധം എന്ന തിരിച്ചറിവാണ് സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ അടയാളം.






No Comments yet!