വി ടി ആറിന്റെ ജന്മഗൃഹം
ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് വിടിആറിനെ ആദ്യം കാണുന്നത്. ഉപ്പ പലപ്പോഴും ആരെയെങ്കിലും കാണാനോ മറ്റോ പോകുമ്പോള്‍ എന്നെ കൂടെക്കൂട്ടും. അതാരാണെന്നോ എന്തിനാണെന്നോ ഉള്ള തീര്‍ച്ചയും അതിന്റെ വലുപ്പവും എനിക്ക് അത്രയ്ക്ക് അറിയാറൊന്നുമില്ല. 1981ല്‍ ഒരുദിവസം ഉപ്പ എന്റെയടുത്ത് പറഞ്ഞു, നമ്മളിന്ന് ഒരാളെ കാണാന്‍ പോകുകയാണ്. കോഴിക്കോട്ടേക്ക്. നിനക്കും വേണേല്‍ കൂടെ പോരാം. ഞാന്‍ ചോദിച്ചു, ആരെ കാണാന്‍. ഉപ്പ പറഞ്ഞു, വിടിആറിനെ. അദ്ദേഹവുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച. ദലിത് വോയ്‌സ് തുടങ്ങുന്നതിന്റെ ചര്‍ച്ചയ്ക്കായി അദ്ദേഹം കോഴിക്കോട് എത്തിയവേളയായിരുന്നു അത്. ദലിത് വോയ്‌സ് വാപ്പ വീട്ടില്‍ വരുത്തിക്കാറുണ്ടായിരുന്നു. ഞാനതിന്റെ ആമുഖക്കുറിപ്പുകള്‍ അല്‍പ്പാല്‍പ്പമായി വായിക്കും, കഴിയുന്നപോലെ. അദ്ദേഹത്തിന്റെ ചടുലമായ ചിന്തയും അടങ്ങാത്ത പോരാട്ടവീര്യവും മാനവികവും സാമൂഹികവുമായ നീതിക്കുവേണ്ടിയുള്ള ജാഗ്രത്തായ പരിശ്രമങ്ങളും എന്റെ നിരന്തര ആലോചനകളിലും വായനകളിലും കടന്നുകൂടുകയായിരുന്നു.
വയസ്സ് ഏകദേശം പതിനേഴിലേക്ക് കടന്നിട്ടേയുള്ളൂവെങ്കിലും, അദ്ദേഹത്തിന്റെ സമുന്നതമായ ചിന്താവൈശിഷ്ട്യം എന്നെയേറെ സ്വാധീനിച്ചു. നിരന്തരമായ അനീതിയുടെ വേദനിപ്പിക്കുന്ന ഓര്‍മകളും അനുഭവങ്ങളും അദ്ദേഹത്തെ വായിക്കുന്നതിലൂടെ എനിക്ക് മനസ്സിലാക്കാനായി. ഇരുപത്തഞ്ച് വര്‍ഷം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അദ്ദേഹം ജോലിചെയ്തു. എന്നാല്‍, നിരന്തര വിവേചനം സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. പത്രമോഫിസിലും പ്രസ്സിലുമുള്ള ജാതിക്കോയ്മയുടെ നിരന്തരമായ വേട്ടയാടല്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അസഹ്യമായപ്പോള്‍ അതേക്കുറിച്ച് എഴുതാനും ആളുകളെ അതുവഴി പ്രബുദ്ധരാക്കാനുമുള്ള തുടക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ ദലിത് വോയ്‌സ്. തുറന്നെഴുത്ത് പക്ഷെ, അദ്ദേഹത്തിന് ക്ലിഷ്ടതകളേറെ വരുത്തിവച്ചു. ടാഡ നിയമപ്രകാരം അറസ്റ്റ് വരെ, അകാരണമായി അദ്ദേഹത്തിന് നേരിടേണ്ടിവന്നു. 1986ല്‍ എച്ച് ഡി ദേവഗൗഡയായിരുന്നു അന്നതിന് ഉത്തരവിറക്കിയത്. അതേവര്‍ഷമാണ് ആന്റി ഹിന്ദൂയിസത്തെപ്പറ്റിയുള്ള എഴുത്ത്കാരണം അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതും.
1981ലാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നതെന്ന് പറഞ്ഞുവല്ലോ. ആലോചനകള്‍ക്ക് മുറുക്കവും ഉറപ്പും കണിശതയും വന്ന് അദ്ദേഹത്തിന് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയ ഒരു സമയമായിരുന്നു അത്. 1932ലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ണാടകയില്‍. ശരിയായ പേര് വി ടി രാജശേഖര്‍ ഷെട്ടിയെന്നാണ്. തന്റെ പേരിനോടൊപ്പമുള്ള ജാതി നാമമായ ഷെട്ടി പിന്നീട് അദ്ദേഹം എടുത്തുമാറ്റിക്കളഞ്ഞു. വിടിആറെന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. ദലിത് ചിന്തകനും രാഷ്ട്രീയനിരീക്ഷകനും ദാര്‍ശനികനുമായി സമപ്രായക്കാരിലും യുവചിന്തകര്‍ക്കിടയിലും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ദലിത്ചിന്തകരില്‍ പ്രമുഖര്‍ അദ്ദേഹത്തെ മാര്‍ഗദര്‍ശിയായി കണ്ടു. പ്രശസ്ത ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ തന്റെ വഴികാട്ടിയും സുഹൃത്തുമാണ് ഇല്ലാതായതെന്ന് വിടിആറിന്റെ മരണസമയത്ത് വേദനയോടെ ഓര്‍ക്കുകയുണ്ടായി.
പ്രശസ്ത ഗ്രന്ഥകാരി ഗെയ്ല്‍ ഓംവെദ് ദലിത് ചിന്തയ്ക്ക് ആക്കംകൂട്ടിയ മഹോന്നത നേതാവായാണ് അദ്ദേഹത്തെ കണ്ടിരുന്നത്. സമകാലികപണ്ഡിതനായ സൂരജ് യെങ്‌ഡെ എഴുതിയത്, ഇന്ത്യക്കകത്തും പുറത്തുമുള്ള ദലിത് ചിന്തയ്ക്കും അതിന്റെ വ്യാപനത്തിനും കാരണക്കാരനായ മൗലികപ്രതിഭയായിരുന്നു വിടിആറെന്നാണ്. വിവേചനത്തിന്റെ വ്യത്യസ്തഭാവങ്ങളെയും അതിന്റെ ഉള്ളുകള്ളികളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നതില്‍ ധീരോധാത്തമായ പങ്ക് അദ്ദേഹം വഹിച്ചു. തങ്ങളുടെ തലമുറയുടെ ആക്ടിവിസത്തിനും ചിന്തയ്ക്കും മൗലികതയ്ക്കും വിടിആര്‍ വഴിയൊരുക്കിയതെങ്ങനെയെന്നും അദ്ദേഹം അനുസ്മരിക്കുകയുണ്ടായി.

പലപ്പോഴായി അദ്ദേഹത്തെ കാണാനും ഇടപഴകാനുമായത് എന്റെയും ചിന്താരൂപഘടനയ്ക്ക് സഹായകമായിട്ടുണ്ട്.
ദലിത് വോയ്‌സ് പ്രസിദ്ധീകൃതമായതിനു ശേഷം, ഞാന്‍ ദലിത് വോയ്‌സിന്റെ നിരന്തരവായനക്കാരനായി. അങ്ങനെ അതിലേക്ക് നിരന്തരമായി കത്തുകളയച്ചാണ് ഈ ബന്ധത്തിന് ഗൗരവം വരുന്നത്. പിന്നീടദ്ദേഹത്തിന്റെ ഓരോരോ കൃതികള്‍ തേടിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍പോവുകയുണ്ടായി. ദലിത് വോയ്‌സില്‍ റിവ്യൂ ചെയ്യാനായി അയക്കപ്പെട്ട ഒരുപാട് പുസ്തകങ്ങള്‍ ചാക്കുകണക്കിന് നല്‍കിക്കൊണ്ട് വായിക്കാന്‍ നിര്‍ദ്ദേശിച്ചു. ജാതീയത എത്രകണ്ട് ഇന്ത്യന്‍ മണ്ണില്‍ വേരോടുന്നുണ്ടെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിത്തന്നു. കൂടാതെ, അദര്‍ ബുക്‌സ് പ്രസാധകനെന്ന നിലയില്‍, ഞങ്ങളുടെ കൃതി ‘Nine Decades of Brahmana Marxism’ പ്രകാശനം ചെയ്യാനെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ 93ാമത്തെ വയസ്സിലും അദ്ദേഹമെന്നെ ഓര്‍ക്കുന്നുവെന്നത്, സ്‌നേഹിക്കുന്നുവെന്നത്, വലിയ സന്തോഷമുണ്ടാക്കുന്നതാണ്.

ജാതി അവബോധത്തിലേക്ക്
സ്വജാതിയുടെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയും അതേക്കുറിച്ചുള്ള നിരന്തരാന്വേഷണത്തിലൂടെയുമാണ് വിടിആര്‍ എന്ന ജേണലിസ്റ്റ് തന്റെ ആശയങ്ങള്‍ക്ക് മൂലക്കല്ലിട്ടത്. ഷെട്ടി എന്ന പേര് അദ്ദേഹം ആദ്യത്തില്‍ ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞുവല്ലോ. ദലിത് വോയ്‌സ് എഡിറ്റര്‍ എന്ന പേരില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുമ്പോള്‍, വി ടി രാജശേഖര്‍ ഷെട്ടി എന്നുകൂടി ചേര്‍ക്കാറുണ്ടായിരുന്നു. പിന്നീടാണത് ഉപേക്ഷിക്കുന്നത്.
അദ്ദേഹത്തിന്റെ ജാതി ബണ്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹെഗ്‌ഡെ, റായ്, ആല്‍വ, റാവു, ഷെട്ടി, ഭണ്ഡാരി, ബള്ളാള, അഡപ്പ, അദ്‌യന്തായ എന്നീ സമുദായങ്ങള്‍ ബണ്ട് എന്ന ജാതിപ്പേരിനോടൊപ്പം ചേര്‍ത്താണ് പറയപ്പെടുന്നത്. എന്നാലിപ്പോള്‍, പൊതുസമൂഹത്തില്‍ നാഗവന്‍ഷി ക്ഷത്രിയരായാണ് ബണ്ട് സമുദായം അറിയപ്പെടുന്നത്. സെന്‍സസ് അനുസരിച്ച് ഇവര്‍ ഒബിസി ഗണത്തിലാണ് പെടുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍, കൊടവ സമുദായത്തെപ്പോലെ ഇവരെയും- ബണ്ടുകളെയും പൊതുധാര ഹിന്ദുസമുദായ ഗണത്തില്‍ ഉള്‍പ്പെടുത്തിയിയിരുന്നില്ല. ജാതിക്രമത്തെയും അതിന്റെ നേട്ടങ്ങളെയും നിര്‍ണയിക്കുന്നതും സ്ഥാപിക്കുന്നതും ബ്രാഹ്മണിക്കല്‍ താല്‍പ്പര്യമാണ്. ഉപഭോഗത്തിനനുസരിച്ച് ജാതിക്രമത്തിലും ഉയര്‍ച്ചതാഴ്ച്ചകള്‍ വരുത്തുന്നത് ബ്രാഹ്മണിസത്തിന്റെ ഒരു രീതിയാണെന്ന് പലപ്പോഴായി വിടിആര്‍ പറയാറുള്ളത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു.
സൈദ്ധാന്തകാടിത്തറ രൂപപ്പെട്ടുവരുന്നു
വിടിആര്‍ ഇന്ത്യയെ കാണുന്നത് രോഗാതുരമായി, വിള്ളലുകള്‍ വീണ്, വരണ്ടുണങ്ങിയ ഒരു പ്രദേശമായാണ്. ചികിത്സ അനിവാര്യമായ ഒരു നാട്. ചികിത്സ തേടണമെങ്കില്‍ രോഗമെന്തെന്ന് അറിയേണ്ടതുണ്ട്. ചികിത്സ അന്വേഷിക്കാനത് അനിവാര്യവും. പക്ഷെ, രോഗം പടര്‍ത്തുന്നവര്‍ ഭരണകര്‍ത്താക്കളാകുമ്പോള്‍ ചികിത്സ എങ്ങനെ സാധ്യമാകുമെന്നാണ് വിടിആര്‍ നിരന്തരം ചോദിച്ചത്. ചികിത്സ വേണ്ടതുണ്ടെന്ന് അറിഞ്ഞോ, അല്ലെങ്കില്‍ അറിഞ്ഞിട്ട് കണ്ണടച്ചോ അവര്‍ സുഖനിദ്രയിലാണ്. മേല്‍ജാതി വര്‍ഗം ചികിത്സിക്കപ്പെടാത്ത ഒരു സമൂഹത്തെ കൊതിച്ചു. അതിനായവര്‍ നിരന്തരം യത്‌നിച്ചു. താഴേക്ക് തള്ളപ്പെടേണ്ടവരും അഴിക്കുള്ളില്‍ കിടക്കേണ്ടവരുമാണ് ചിലരെന്ന് അധികാരിവര്‍ഗം ശാഠ്യംവയ്ക്കുന്നു. ചികില്‍സയും മരുന്നും ആവശ്യമുള്ളവര്‍ സുഖിക്കുന്നു. മറ്റുള്ളവരുടെ കാല്‍പ്പാദത്തെവരെ മുറിച്ചെടുത്തുകൊണ്ട്, അവരല്ലാത്തവരുടെയെല്ലാം നാവുകള്‍ അവര്‍ പിഴുതെടുക്കുന്നു, എന്നിട്ട് അതിലേക്ക് തുള്ളിതുള്ളിയായി മരുന്നിറ്റിക്കുന്നത് കാണിച്ച് അവരെ കബളിപ്പിക്കുന്നു. ചെന്നായ്ക്കളാണവര്‍. പാവം കുഞ്ഞാടുകളെ എന്നെന്നും വേവിച്ചു തിന്നുന്നവര്‍. അവരുടെ പാല്‍ വറ്റിച്ച് കിടപ്പാടം നശിപ്പിച്ച് തോലടക്കം അവര്‍ വില്‍പ്പന നടത്തുന്നു.
വിടിയുടെ ഇങ്ങനെയൊരു ഉപമ പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. ബ്രാഹ്മണിസത്തെ അത്രമേല്‍ ഭീകരമായ കീടമായാണ്, വിഷമായാണ് വിടിആര്‍ രേഖപ്പെടുത്തുന്നത്. അത് ശബ്ദമില്ലാത്തവന്‍ ഉണരുമ്പോഴേക്ക് അവനെ മയക്കിക്കിടത്തുന്നു. വീണ്ടും ഉറക്കമുണരുമ്പോള്‍ അകാരണമായി അവനെ ജയിലിലോ മറ്റോ ബന്ധിച്ചിരിക്കും. നീതി കിട്ടുമോ എന്ന് അവന്‍ ഇരക്കുമ്പോഴേക്ക് അവന്റെ നാവ് അരിഞ്ഞുവീഴ്ത്തും. അവന്റെ ഭാര്യ, മക്കള്‍ പീഡിപ്പിക്കപ്പെടും. വീട് കൊള്ളയടിക്കപ്പെടും. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തപ്പെടും.
ഈ അപരന് ശബ്ദമില്ല. പൊതു ശബ്ദം എന്നുമെപ്പോഴും മുകള്‍ത്തട്ടിലിരിക്കുന്ന , വെറും പതിനാറ് ശതമാനത്തോളം മാത്രം വരുന്ന, ജാതിചിന്താ കൂട്ടരുടേതാണ്. ചരിത്രവും നിര്‍മാണവും അവര്‍ തീരുമാനിക്കുന്നു. പത്രവും സ്‌കൂളും പഠിപ്പുരയും ഭൂമിയും അധികാരവും അവരുടെ കൈയിലാണ്. മിണ്ടുന്നതുമവര്‍. നിയമമെഴുതുന്നതും. അവകാശങ്ങളുടെ, ജനാധിപത്യത്തിന്റെ നിയമമെന്ന് ഘോഷിക്കുമ്പോഴും അധികാരികളുടെ കൈയാളരുടെ നിയമമാണതെന്ന് കണ്ണുള്ളവന് മനസ്സിലാകും. വിദ്യാഭ്യാസം തടയപ്പെട്ടാല്‍ പിന്നെങ്ങനെ, അവര്‍ക്കത് അറിയാനാകും.
ആശയവ്യക്തതയില്ലാത്ത വേദനിക്കുന്ന ഒരു തലമുറയ്ക്ക് നല്ലത് ലഘുലേഖയെന്ന് മനസ്സിലാക്കി അദ്ദേഹം. കൃതികളൊരുപാട് പ്രസിദ്ധീകൃതമെങ്കിലും ‘പാംഫ്‌ലെറ്റേറിയനെ’ന്ന് അദ്ദേഹം വിളിക്കപ്പെട്ടു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞും പലവട്ടം കേള്‍പ്പിച്ചും പ്രസംഗിച്ചും നിരന്തരമായി ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചും അദ്ദേഹം വിമര്‍ശകരെ നേരിട്ടു. കൂട്ടാളികള്‍ക്ക് വഴങ്ങുന്ന ഭാഷയില്‍ അവരിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. അദ്ദേഹത്തിന്റെ ഭാഷ സരളമായിരുന്നു, വ്യക്തവും. സാധാരണക്കാരുടെ ഭാഷയില്‍ വ്യക്തമായി പറഞ്ഞ് അവരെ സംസാരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു.
വിടിആര്‍ ചോദിച്ചും ചോദ്യം ചോദിപ്പിച്ചും അധികാരികളെ ചൊടിപ്പിച്ചു. വീണ്ടും വീണ്ടും പറഞ്ഞും അദ്ദേഹം അവര്‍ക്കുനേരെ മുനയെറിഞ്ഞു. മിണ്ടാനാവാതിരുന്നവര്‍ ശക്തിയുക്തം മിണ്ടിത്തുടങ്ങി. അവരുടെ നാവിന്റെ വിക്ക് മാഞ്ഞുണങ്ങി. അത് അടഞ്ഞുകിടന്ന വാതിലുകളെ തല്ലിപ്പൊളിച്ചു. അവിടെയിരിക്കുന്ന കുംഭകോണങ്ങളെ പുറത്തേക്ക് വലിച്ചിട്ടു. മുഖംമൂടിയണിഞ്ഞിരുന്ന അവര്‍ പേടിച്ചരണ്ടു, മാളത്തിലൊളിച്ചു. അദ്ദേഹത്തെ ബന്ധിക്കാന്‍ ശ്രമിക്കുന്തോറും അദ്ദേഹവും കൂട്ടാളികളും ഉയര്‍ന്നുയര്‍ന്നുവന്നു.
ജാതി ഒരു ചിന്തയാണ്. അതൊരു അധികാര ഭാഷയാണ്. ആഴത്തില്‍ വേരോടിയ ഒരു മനോഭാവമാണ്. രാഷ്ട്രത്തിനുള്ളിലെ ഭീതിതമായ രാഷ്ട്രമാണ് ജാതി. അതിന്റെ രാഷ്ട്രീയക്കൂടാണ് അദ്ദേഹത്തിന് ബിജെപി.
പോസ്റ്റ് അംബേദ്കറിസത്തിന് ഒരു തികഞ്ഞ ഉദാഹരണമാണ് വിടിആര്‍. അതുകാരണമാണ് ഹവാര്‍ഡിന്റെ അംബേദ്കര്‍ ജന്‍മദിനാഘോഷ പരിപാടിയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടത്. ഫൂലെയുടെയും പെരിയാറിന്റെയും ചിന്തകള്‍ക്ക് അദ്ദേഹം തുറന്ന നിലമൊരുക്കി. ദലിത്-മുസ്‌ലിം ഐക്യത്തിനുവേണ്ടി ശക്തിയുക്തം അദ്ദേഹം വാദിച്ചു. ആന്റി സയണിസം, ആന്റി വൈറ്റ് റൈസിസം, ആഫ്രോ-അമേരിക്കനിസം, ആന്റി ഇംപീരിയലിസം, ആന്റി കാപിറ്റലിസം തുടങ്ങിയ ആശയങ്ങളുടെ സമാനതകള്‍ അവതരിപ്പിച്ചു അദ്ദേഹം. വംശീയവിരുദ്ധ മുതലാളിത്ത ജാതിക്കോയ്മാ ധാരണകളെ തുറന്നുകാട്ടാനും അടയാളപ്പെടുത്താനും നിരന്തരം തന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും അദ്ദേഹം ഇടമൊരുക്കി. ഈ ആശയങ്ങളെല്ലാം ഒരര്‍ത്ഥത്തില്‍ സമാനമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. അധികാരികള്‍ അടിമകളെ വീണ്ടും വീണ്ടും അടിമകളാക്കുന്നു, താഴേക്ക് താഴേക്ക് നയിക്കുന്നു, അവര്‍ മേല്‍ജാതിക്കാരുടെ തോന്ന്യാസത്തിന് കൂട്ടുനില്‍ക്കുന്നു എന്നദ്ദേഹം ഉറക്കെപ്പറഞ്ഞു.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അന്തര്‍ദേശീയമായ സ്വാധീനംവരെ ചെലുത്താനായി. ഗദ്ദാഫിയുടെ അതിഥിയായി അദ്ദേഹത്തെ ക്ഷണിച്ചതും അന്തര്‍ദേശീയ മാനവിക ഗ്രൂപ്പുകള്‍ക്കൊപ്പം അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായതും ഇതു കാരണമാണ്. ബ്ലാക്ക് ആകാനായത് ഒരു ഭാഗ്യമാണെന്നും ബ്ലാക്ക് സംസ്‌കാരത്തില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടു. നിശിതമായ വിമര്‍ശങ്ങള്‍കൊണ്ട് മേല്‍ത്തട്ടിലുള്ളവരെ തുടര്‍ച്ചയായി അദ്ദേഹം ചൊടിപ്പിച്ചു. അവരുടെ ഹത്യകളെയും കാപട്യങ്ങളെയും അണുവിട കളയാതെ അദ്ദേഹം തുറന്നുകാട്ടി.
‘മുടന്തുള്ള കാലാള്‍ക്ക് പേശിവലിവില്ലാത്ത കാലാളോട് ജയിക്കാനായില്ലെന്നത് സാധാരണയാണ്. ദൃഢപേശിയുള്ള കാലാള്‍ വൈകല്യമുള്ള കാലാളെ ജയിച്ചുവെന്നത് നേട്ടമല്ല, അഭിമാനത്തിന് ഹേതുവുമല്ല’. സംവരണത്തെപ്പറ്റി സംസാരിക്കുന്നതിന് വിടിആര്‍ നല്‍കിയ ഉപമയാണിത്. അദ്ദേഹത്തിന് സംവരണം സാമ്പത്തികമോ രാഷ്ട്രീയമോ അല്ല, സാമൂഹികമാണ്.
രാഷ്ട്രീയനിലപാടുകള്‍
സവര്‍ണക്കോയ്മയുടെ പരസ്യ അടയാളമായിരുന്നു അദ്ദേഹത്തിന് ബിജെപി. അതിന്റെ സ്വഭാവം വിചിത്രമാണ്. അത് സംശയം നിറയ്ക്കുന്നു, കാണികളിലെപ്പോഴും. നല്ലപിള്ള ചമയാനുള്ള അടയാളങ്ങള്‍ എപ്പോഴും തിരശ്ശീലയ്ക്കു മുന്നില്‍ വരുന്നു. എല്ലാകാലത്തും ആ പാര്‍ട്ടിയില്‍ നല്ലവരും അല്ലാത്തവരും ഉണ്ടാകുന്നു. അത് തിന്‍മയെ കാണാതിരിക്കാനും ക്രൂരതകളെ മൂടിക്കെട്ടാനും അവര്‍ക്ക് സഹായകമാകുന്നു. പക്ഷെ ചരിത്രം ഒന്നും മറക്കില്ലല്ലോ. വിടിആര്‍ പറയുന്നു, ബിജെപി ബ്രാഹ്മണിസത്തിന് വീടൊരുക്കുകയാണെന്ന്. ഹിന്ദൂയിസമെന്ന മതത്തെ അത് പണിതു. താഴേക്കിടയിലുള്ളവരെ കൂട്ടുപിടിച്ചു, അതും അവരെ തെറ്റിദ്ധരിപ്പിച്ച്. കാണിച്ചുകൂട്ടിയ ക്രൂരതകളെ അവര്‍ മറച്ചുപിടിച്ചു.
വിവേചനവും വംശീയതയും നിഷ്ഠുരതയും കൂട്ടുപിടിച്ചു നടക്കുന്നവരാണവര്‍. കോണ്‍ഗ്രസ്സാണെങ്കിലോ, മിത്രമായി നിന്ന് കുടിലതന്ത്രങ്ങള്‍ മെനയുന്ന കപടവഞ്ചകരും. പൂന പാക്ട് ഒരുദാഹരണമായെടുത്ത് അദ്ദേഹം അതേക്കുറിച്ച് പറയാറുള്ളത് ഞാനോര്‍ക്കുന്നു. അംബേദ്കര്‍ പൂന പാക്ടിന് വേണ്ടി വാദിച്ചപ്പോള്‍, ഗാന്ധി നിരാഹാരത്തിലൂടെ പാവം ജനങ്ങളെ വശീകരിക്കാനും തന്റെ വാദത്തില്‍ നിന്ന് പിന്തിരിയാന്‍ അംബേദ്കറെ നിര്‍ബന്ധിച്ചതുമൊക്കെ അദ്ദേഹം ഓര്‍ത്തെടുത്ത് പറഞ്ഞിരുന്നു. മാര്‍ക്‌സിസം, അദ്ദേഹത്തിന് ബ്രാഹ്മണര്‍ക്കിടയിലെ ഒരു ചെറുതര്‍ക്കം മാത്രമാണ്. വിശ്വസ്തനായ ശത്രുവാണ് വഞ്ചകനായ മിത്രത്തേക്കാള്‍ ഉത്തമനെന്ന് അദ്ദേഹം എഴുതുക വരെയുണ്ടായി. കോണ്‍ഗ്രസ്സിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു വര്‍ഗവും അദ്ദേഹത്തിന്റെ ചിന്തയെ ഏറ്റുപിടിക്കുന്നുണ്ടെന്നോ അധഃസ്തിതരുടെ ശബ്ദത്തെ മുന്നോട്ടു നയിക്കുന്നതിന് സഹായകമായി നില്‍ക്കുന്നുവെന്നോ അദ്ദേഹത്തിന് തോന്നിയില്ല.
ദാദാ സാഹബ് കാന്‍ഷി റാമിന്റെ രാഷ്ട്രീയാലോചനകള്‍ മാത്രമാണ് അദ്ദേഹത്തിന് വേറിട്ടതായി തോന്നിയത്. ആ പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിലകൊണ്ടു. അതുമായി അദ്ദേഹം സംവദിക്കുകയും കൂടെച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.
അഴിമതിയെപ്പറ്റിയും അദ്ദേഹം വാതോരാതെ പറഞ്ഞു. അഴിമതിയെ നാലായി വേര്‍തിരിച്ചു കാണിച്ചു അദ്ദേഹം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ബൗദ്ധികവുമായ അഴിമതികളുണ്ടെന്ന് അദ്ദേഹം എഴുതുകയുണ്ടായി. അതില്‍ ബൗദ്ധികമായ അഴിമതി കൊടുംവിഷമാണെന്നും അതേറ്റവും ഭീകരവും ക്രൂരവുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ബ്രാഹ്മണിസം അതാണ് ചെയ്തുവയ്ക്കുന്നത്.
തന്റെ 93ാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തെ പിരിഞ്ഞു. ഒറ്റയ്ക്ക് താമസിച്ചിരുന്ന അദ്ദേഹം സ്വയം ഭക്ഷണം പാകംചെയ്ത് കഴിക്കുകയായിരുന്നു പതിവ്. തന്റെ ആയുസ്സിന്റെ അവസാനത്തിലും, തന്റെ ആശയങ്ങളെയും ആലോചനകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും അവരെ ബോധ്യപ്പെടുത്താനും അദ്ദേഹം യത്‌നിച്ചു.
തികഞ്ഞ ധൈര്യം കാത്തുസൂക്ഷിച്ച കൂസലില്ലാത്ത ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എനിക്കദ്ദേഹം ഒരു സ്‌നേഹം നിറഞ്ഞ ഒരു വഴികാട്ടിയും ധൈരത്തോടെ സംസാരിക്കാന്‍ പഠിപ്പിച്ച ഒരധ്യാപകനുമാണ്. സത്യത്തിനുവേണ്ടി നിരന്തരം കലഹിക്കാനും അനീതിക്കെതിരേ സഗൗരവം ചിന്തിക്കാനും പഠിപ്പിച്ച ഒരാത്മാര്‍ത്ഥ മാര്‍ഗദര്‍ശി, സുഹൃത്ത്.
(അദര്‍ ബുക്‌സ് മാനേജിങ്ങ് എഡിറ്ററാണ് ലേഖകന്‍)






No Comments yet!