Skip to main content

കെ ടി മുഹമ്മദ് എഴുതാതെപോയ ഒരു നാടകം

കെ ടി മുഹമ്മദ്‌

വളരെ ചെറുപ്പത്തില്‍ത്തന്നെ കെ ടി മുഹമ്മദ് എന്ന എഴുത്തുകാരന്‍ എന്നില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അത് ഒരു പാട്ടിലൂടെയായിരുന്നു:

മുടിനാരേഴായ് കീറിട്ട്
നേരിയ പാലം കെട്ടീട്ട്
അതിലെ നടക്കണമെന്നല്ലെ
പറയുന്നത് മരിച്ചു ചെന്നിട്ട് – വെറുമൊരു പാട്ടായിരുന്നില്ലത്. ഒരു ജനത വച്ചുപുലര്‍ത്തുന്ന വിശ്വാസസങ്കല്‍പ്പങ്ങളെ വളരെ ലളിതവും സുന്ദരവുമായ മൊഴിമലയാളത്തില്‍ വിമര്‍ശനാത്മകമായി ആവിഷ്‌കരിക്കുന്ന വരികളായിരുന്നവ. അതെഴുതിയതാരാണെന്ന് അന്ന് ഞാനറിഞ്ഞിരുന്നില്ല. അത് മലബാറിലെങ്ങോ അവതരിപ്പിച്ച ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലേതാണെന്നും നാടകവും പാട്ടും എഴുതിയത് കെ ടി മുഹമ്മദ് എന്ന ഒരാളാണെന്നും യൗവ്വനത്തിലേക്ക് മുതിര്‍ന്നപ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്.

മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരേ ആദ്യമായി കോളിളക്കം സൃഷ്ടിച്ച നാടകമായിരുന്നു അത്. യാഥാര്‍ത്ഥ്യങ്ങളെ കണ്ണുതുറന്ന് കാണാനും കാല്‍പ്പനികതയുടെ ആകാശങ്ങളില്‍ മേഞ്ഞുനടക്കാതെ ഭൂമിയില്‍ കാലുറപ്പിച്ചു നടക്കാനും മനുഷ്യരെ പ്രേരിപ്പിക്കുകയെന്ന ഒരു സാമുദായികദൗത്യം അത് നിര്‍വ്വഹിച്ചു. അതിനെ തുടര്‍ന്നാണ് ‘ജ്ജ് നല്ല മനിസനാകാന്‍ നോക്ക്’, ‘കണ്ടം ബെച്ച കോട്ട്’ തുടങ്ങിയ നാടകങ്ങളുണ്ടാകുന്നത്. കെ ടിയുടെ ‘കാഫര്‍’ പോലുള്ള രചനകളും ആ ജനുസ്സില്‍പെട്ടവയായിരുന്നു.

എങ്കിലും കേരളത്തിലെ നാടകചരിത്രത്തില്‍ കെടി മുഹമ്മദ് നടത്തിയ വിപ്ലവമെന്തെന്ന് കൊച്ചി തൊട്ട് തെക്കോട്ടൊക്കെ അറിയുന്നത് കോഴിക്കോട്ടെ സംഗമം തിയറ്റേഴ്‌സ് കെ ടിയുടെ സകാര നാടകങ്ങളുമായി എത്തിയപ്പോള്‍ മാത്രമാണ്. ‘സൃഷ്ടി’ എന്ന നാടകത്തിലായിരുന്നു അതിന്റെ തുടക്കം.

വിശപ്പ് എന്ന സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ഒരു കഥാപാത്രമായി അതിലദ്ദേഹം അവതരിപ്പിച്ചു. സൃഷ്ടിയും യാഥാര്‍ത്ഥ്യവും എന്ന രണ്ട് സമസ്യകളെ ഒരു വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ നാടക സങ്കല്‍പ്പങ്ങളാകെ അട്ടിമറിഞ്ഞു. പ്രഫഷണല്‍ നാടകങ്ങളുടെ പരമ്പരാഗതമായ ഫോര്‍മലിസം തകിടംമറിഞ്ഞു. പ്രഫഷണല്‍, അമേച്വര്‍ വരമ്പുകളെ മായ്ച്ചുകളഞ്ഞു. എന്നിട്ടും നാടകപ്രേമികള്‍ സഹര്‍ഷം ‘സൃഷ്ടി’യെ സ്വീകരിച്ചു. മൂന്നേ മൂന്ന് ദിവസം കൊണ്ടാണ് ആ നാടകമെഴുതിയത്.

ഈ വിപ്ലവം നടത്താന്‍ കെ ടിക്ക് കരുത്തും തുണയും നല്‍കിയത് ആറേഴ് ചങ്ങാതികള്‍ ചേര്‍ന്നു രൂപം നല്‍കിയ സംഗമം തിയറ്റേഴ്‌സായിരുന്നു. അവരിലൊരാളായിരുന്നു കെ ടിയും.

വിക്രമന്‍ നായര്‍, വില്‍സന്‍സാമുവല്‍, ആര്‍ട്ടിസ്റ്റ് എഎം കോയ (എന്റെ ഭാര്യാപിതാവ്) അനന്തകൃഷ്ണന്‍ പി എം ആലിക്കോയ (പി എം താജിന്റെ പിതാവ്) പി പി ആലിക്കോയ തുടങ്ങി കലാകാരന്‍മാരും സഹൃദയരുമായ ഏഴു പേര്‍. സൃഷ്ടിയുടെ തുടര്‍ച്ചയായി കെ ടി എഴുതിയ ‘സ്ഥിതി’, ‘സംഹാരം’, ‘സാക്ഷാത്ക്കാരം’, ‘സമന്വയം’, ‘സന്നാഹം’ തുടങ്ങിയ സകാരനാടകങ്ങളും വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹ്യവുമായ അടിയൊഴുക്കുകളെ മനുഷ്യപക്ഷത്തുനിന്ന് നോക്കിക്കാണുന്നവയായിരുന്നു. നിലനിന്നിരുന്ന അവതരണ സങ്കല്‍പ്പങ്ങളെയും അവ നവീകരിച്ചു.

സംഗമം തിയറ്റേഴ്‌സില്‍ അഭിനയിച്ചിരുന്ന വിക്രമന്‍ നായര്‍, ഇബ്രാഹിം വെങ്ങര എന്നിവരുമായുള്ള സൗഹൃദമാണ് കൊച്ചിക്കാരനായ എന്നെ ഒരു കോഴിക്കോടന്‍ പുതിയാപ്ലയാക്കിയത്. സൃഷ്ടിയില്‍ വിശപ്പായി അഭിനയിച്ച ആര്‍ട്ടിസ്റ്റ് എ എം കോയയുടെ മൂത്ത മകള്‍ ഫാത്തിമ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്. അമ്മോശ്ശന്റെ അകന്ന ബന്ധുക്കള്‍ കൂടിയായിരുന്നു കെ ടിയും
പി എം ആലിക്കോയയും.

കെ ടി കലിംഗ തിയറ്റേഴ്‌സ് തുടങ്ങിയപ്പോള്‍ മാത്രമാണ് സംഗമം മറ്റു നാടകകൃത്തുക്കളെ തേടാന്‍ തുടങ്ങിയത്. അങ്ങനെയാണ് തിക്കോടിയന്റെ ‘മഹാഭാരതം’, എം ടിയുടെ ‘ഗോപുരനടയില്‍’ എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചത്. വിക്രമന്‍ നായരുടെ പ്രേരണയില്‍ ഞാനും സംഗമത്തിന് വേണ്ടി ഒരു നാടകമെഴുതി: ‘ഇനിയും ഉണരാത്തവര്‍’. ഇന്ത്യക്കകത്തും പുറത്തും ഒട്ടേറെ വേദികളില്‍ അത് കളിച്ചു.

സംഗമം വിട്ടു പോയതില്‍ അല്‍പ്പം നീരസമുണ്ടായിരുന്നെങ്കിലും കെ ടിയെ ഗുരുതുല്യനായിത്തന്നെ അവരെല്ലാം ആദരിച്ചു. പിന്നീട് വിക്രമേട്ടനും സംഗമം വിട്ട് സ്റ്റേജ് ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന നാടക സമിതി രൂപീകരിച്ചു. അവര്‍ക്കു വേണ്ടി ഞാനെഴുതിയ ക്ഷുഭിതരുടെ ആശംസകള്‍ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ കേമ്പില്‍ കെ ടി വന്ന് പിഴവുകള്‍ ചൂണ്ടിക്കാട്ടിത്തന്നത് വലിയ പാഠങ്ങളായിരുന്നു. സ്‌നേഹവാത്സല്യങ്ങളോടും സമഭാവനയോടും കൂടി മാത്രമേ എന്നോടദ്ദേഹം പെരുമാറിയിരുന്നുള്ളു. ആചാര്യനാട്യമോ, കൃത്രിമവിനയമോ അദ്ദേഹത്തിന്നറിയില്ലായിരുന്നു. ധൈഷണികത അനാവരണം ചെയ്യുന്ന വിശാലമായ നെറ്റിത്തടവും ആലോചനാഭരിതമായ മുഖഭാവവും ഏതോ ഒരു ബംഗാളി സാഹിത്യകാരനെ ഓര്‍മിപ്പിച്ചു. തള്ളിവരുന്ന വികാരവിചാരങ്ങള്‍ സംഭാഷണഗതിയെ മിക്കവാറും തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും.

പല സന്ദര്‍ഭങ്ങളിലായി കെ ടി തന്റെ ജീവിത, നാടകാനുഭവങ്ങള്‍ പറഞ്ഞത് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട്.

മഞ്ചേരിക്കും നിലമ്പൂരിനുമിടയ്ക്കുള്ള ഏറനാടന്‍ ഗ്രാമത്തില്‍ ഒരു പോലിസുകാരന്റ എട്ടുമക്കളില്‍ മൂത്തവനായിട്ടാണ് പിറവി. സൃഷ്ടിയില്‍ സാഹിത്യകാരനായി അഭിനയിച്ച കെ ടി, സെയ്ത് അനുജന്‍. ബാപ്പയ്ക്ക് കോഴിക്കോട്ടേക്ക് മാറ്റം കിട്ടിയതോടെ പോലിസ് ലൈനിലായി താമസം. അവിടെത്തന്നെ താമസിച്ചിരുന്ന സഹൃദയനായ മറ്റൊരു കോണ്‍സ്റ്റബിളുണ്ടായിരുന്നു കുഞ്ഞാമതുക്ക. ബാബുരാജ് എന്ന സംഗീതപ്രതിഭയെ തെരുവില്‍ നിന്ന് കണ്ടെടുത്ത മനുഷ്യസ്‌നേഹി. ആ കളരിയില്‍ത്തന്നെ കളിച്ചു വളര്‍ന്നവരായിരുന്നു കോഴിക്കോട് അബ്ദുല്‍ഖാദറും സി എ അബുബക്കറും കെ പി ഉമ്മറുമൊക്കെ.

ഗോട്ടി കളിച്ചു നടക്കുന്ന പന്ത്രണ്ടാം വയസ്സില്‍ നാടകമെഴുതിത്തുടങ്ങിയ തനിക്ക് തുടര്‍ന്നും രചന തുടരാന്‍ പ്രേരണ നല്‍കിയത് കുഞ്ഞാമത്ക്കയായിരുന്നെന്ന് കെ ടി പലവുരു പറഞ്ഞുകേട്ടിട്ടുണ്ട്. ലോക ചെറുകഥാ മത്സരത്തിലേക്ക് ‘കണ്ണുകള്‍’ എന്ന കഥ അയയ്ക്കാന്‍ ആത്മവിശ്വാസം പകര്‍ന്നത് അദ്ദേഹമാണ്. അന്ന് കെ ടിക്ക് തപാല്‍ വകുപ്പില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. കബീര്‍ദാസ് എന്ന പേരിലാണ് കഥ അയച്ചതും സമ്മാനം സ്വീകരിച്ചതും. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രി ബ്യൂണ്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, മാതൃഭൂമി എന്നീ പത്രങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് ആ എട്ടാം ക്ലാസ്സ്‌കാരന്‍ ഒന്നാം സമ്മാനാര്‍ഹനാകുന്നത്.

എന്നാല്‍ കഥയേക്കാള്‍ നാടകം തന്നെയാണ് തന്റെ തട്ടകമെന്നറിഞ്ഞ് കെ ടി ഉറച്ചുനിന്നു.

‘ഊരും പേരു’മായിരുന്നു ആദ്യ നാടകം. ഇതു തന്നെയാണൊ ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’ ആയി മാറിയതെന്ന് സംശയമുണ്ട്. അക്കാലത്ത് ‘ഒരു പുതിയ വീട്’ എന്ന മറ്റൊരു നാടകവുമെഴുതി. എന്നാല്‍ ‘കറവറ്റ പശു’ ആണ് കെ ടിയില്‍ മറഞ്ഞിരുന്ന സര്‍ഗപ്രതിഭയെ വെളിച്ചത്തേക്ക് കൊണ്ടുവന്നത്. അതെഴുതുമ്പോള്‍ നാടകകൃത്ത് ഇരുപതു വയസ്സ് പിന്നിട്ടിട്ടേയുണ്ടായിരുന്നുള്ളു.

കോഴിക്കോട് ടൗണ്‍ ഹാളില്‍ ഈ നാടകത്തിന്റെ ഓരോ രംഗവും ചുരുളഴിയുന്നതു കണ്ട് വീര്‍പ്പുമുട്ടി നിന്നവരില്‍ താനുമുണ്ടായിരുന്നുവെന്ന് കഥാകാരനും ചിന്തകനുമായ എന്‍ പി മുഹമ്മദ് എഴുതിയിട്ടുണ്ട്:

‘അന്നേരം എന്റെ തന്നെ അസ്തിത്വത്തെ കുറിച്ചായിരുന്നു ഞാന്‍ വികാരം കൊണ്ടത്.’

കറവറ്റ പശുവും പേരില്ലാത്ത കഥാപാത്രമായ വൃദ്ധനും മാരകമായ ക്ഷയരോഗം ബാധിച്ച് മരണത്തെ സമീപിച്ചുകൊണ്ടിരിക്കുന്ന പുരുഷുവും ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ശക്തമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. മനുഷ്യനും മൃഗവും മരവുമുള്‍പ്പെടെയുള്ള എല്ലാ സചേതനങ്ങളുടെയും അതിജീവന ത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത് അവരുടെയൊക്കെ പ്രയോജനക്ഷമതയാണെന്ന് വന്നാല്‍ ജീവിതമൂല്യങ്ങളുടെ അര്‍ത്ഥമെന്താണ്?

നാടകമെഴുതൂമ്പോള്‍ താന്‍ അത്രയൊന്നും ആഴത്തില്‍ ചിന്തിച്ചിരുന്നില്ല എന്ന് കെ ടി പറഞ്ഞിട്ടുണ്ട്. ആ ആശയത്തിന്റെ വിത്ത് കൗമാരം കടന്ന കാലയളവിലും നാടകകൃത്തില്‍ മറഞ്ഞു കിടന്നിരിക്കാം. എന്നാല്‍, അറംപറ്റിയതു പോലെ തന്നെയും ക്ഷയരോഗം ബാധിച്ചതും അക്കാരണത്താല്‍ പന്ത്രണ്ടു വര്‍ഷത്തെ പ്രണയമവസാനിപ്പിച്ച് കാമുകി വേറെ വഴിതേടി പോയതും കെ ടിക്ക് മറക്കാനാകുമായിരുന്നില്ല. മറ്റൊരു നഷ്ടപ്രണയത്തിന്റെ കഥയും വികാരഭരിതമായ ആ മനസ്സില്‍ മുറിവേല്‍പ്പിച്ചിരുന്നു. രണ്ടു പ്രണയഭാജനങ്ങളും അന്യമതസ്ഥരായിരുന്നു എന്ന്
പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.

ആറ് സഹോദരിമാരെ വിവാഹം ചെയ്തയക്കേണ്ട ഉത്തരവാദിത്തം ചുമലിലേല്‍ക്കേണ്ടി വന്ന കുടുംബനാഥന്‍ ജീവിക്കാന്‍ മറന്നു പോവുകയായിരുന്നു. ഒടുവില്‍ അമ്പത്തിനാലാം വയസ്സില്‍ ചെറുപ്പക്കാരിയായ സീനത്ത് എന്ന നടി ജീവിതപങ്കാളിയായപ്പോള്‍ എല്ലാം ശുഭമായി എന്ന് കരുതി ആഹ്‌ളാദിച്ചു. ജിതിന്‍ മുഹമ്മദ് എന്ന പുത്രന്‍ ആ ബന്ധത്തില്‍ പിറന്നു.

എന്നാല്‍, ഒരു ദിവസം ഭാര്യ മറ്റൊരു യുവാവിനോടൊപ്പം പൊയ്ക്കളഞ്ഞപ്പോള്‍ നാടകാചാര്യന്‍ തളര്‍ന്നുപോയി. അന്നേരം നളന്ദ ലോഡ്ജില്‍ സംഗമത്തിലെ കലാകാരന്‍മാരോടൊപ്പം ഞാനുമുണ്ടായിരുന്നു. ആ സംഭവം കെ ടിയിലുണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ചോര്‍ത്ത് ഞങ്ങളെല്ലാം ആശങ്കയിലായി. ശാന്തേച്ചി (ശാന്താദേവി) പറഞ്ഞു: കെ ടി ഇപ്പോള്‍ കൈകളിട്ട് കശക്കണൊണ്ടാവും. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ അതാണദ്ദേഹത്തിന്റെ പതിവ്.

അന്ന് പുതിയങ്ങാടിയിലെ വാടകവീട്ടില്‍ ചെന്ന തനിക്ക് കാണാന്‍ കഴിഞ്ഞത് ദുഃഖം നിയന്ത്രിക്കാനാവാതെ കടുത്ത അസ്വാസ്ഥ്യമനുഭവിക്കുന്ന കെ ടിയെയായിരുന്നുവെന്ന് സുഹൃത്തായ വിക്രമന്‍ നായര്‍ ഓര്‍മിക്കുന്നു:

”നമ്മെ ഇഷ്ടമല്ലാത്തതു കൊണ്ടല്ലെ അവര്‍ പോയത്? പിന്നെ അതോര്‍ത്ത് ദുഃഖിച്ചിട്ടെന്ത് കാര്യം?”

ആ ചോദ്യത്തിന് മുന്നില്‍ തീവ്ര ദുഃഖം എരിഞ്ഞടങ്ങി.

താനെഴുതിയ നാല്‍പ്പതിലേറെ നാടകങ്ങളിലേക്കാള്‍ വൈകാരിക സംഘര്‍ഷങ്ങള്‍ കെ ടിയുടെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നിലമ്പൂരിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ കരുത്തനായ നേതാവായിരുന്ന സഖാവ് കുഞ്ഞാലി കെ ടി യുടെ സഹോദരീ ഭര്‍ത്താവായിരുന്നു. അദ്ദേഹത്തെ വെടിവച്ചു കൊന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവായ ആര്യാടന്‍ മുഹമ്മദാണെന്ന് കമ്മ്യൂണിസ്റ്റുകാരും കുഞ്ഞാലിയുടെ കുടുംബവും ശക്തമായി വിശ്വസിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രൂപം കൊണ്ട രാഷ്ട്രീയ മുന്നണിയില്‍ പുതിയ സമവാക്യങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു. ആര്യാടന്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി. ആര്യാടന് അനുകൂലമായി കുഞ്ഞാലിയുടെ വിധവയുടെ പ്രസ്താവനയിറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ സമീപിച്ച കഥ കെ ടി എന്നോട് തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അന്നനുഭവിച്ച മാനസിക സംഘര്‍ഷം താനെഴുതിയ എല്ലാ നാടകങ്ങളിലേതിനെക്കാളും തീവ്രമായിരുന്നുവെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഇരുകൈകളിലേയും വിരലുകള്‍ കൂടിച്ചേരുകയും വിട്ടുമാറുകയും വീണ്ടും കൂടിച്ചേരുകയും ചെയ്യുന്നത് കാണാമായിരുന്നു.

‘രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രു ഇല്ല’ എന്ന തത്ത്വം കൊണ്ടാണ് പുതിയ രാഷ്ട്രീയ നിലപാടിനെ പാര്‍ട്ടിനേതൃത്വം ന്യായീകരിച്ചത്. അതിനോട് സഹകരിക്കാന്‍ താന്‍ നിര്‍ബ്ബന്ധിതനാവുകയായിരുന്നു, കുഞ്ഞാലിയുടെ വിധവയായ തന്റെ സഹോദരിയും.

കെ ടി എഴുതാതെ പോയ ആ നാടകമിന്നും ദുരൂഹസമസ്യയായി അവശേഷിക്കുന്നു. കുറിക്കു കൊള്ളുന്ന നിരവധി സംഭാഷണങ്ങള്‍ രചിച്ച നാടകമെഴുത്തുകാരന്‍ നിശ്ശബ്ദനായിപ്പോകുന്ന സന്ദര്‍ഭങ്ങള്‍.

കെ ടി മുഹമ്മദിന്റെ കല്‍പ്രതിമ

അടിയന്തിരാവസ്ഥയില്‍ സാഹിത്യകാരന്മാര്‍ മുട്ടിലിഴഞ്ഞപ്പോള്‍, ‘സന്നാഹ’ത്തിലാണെന്ന് തോന്നുന്നു, കെ ടിയുടെ ഒരു കഥാപാത്രം -പത്രാധിപര്‍-പറഞ്ഞു:
‘കണ്ണുകളുണ്ട് കാണാനാവില്ല
നാവുണ്ട് മിണ്ടാനാവില്ല
കൈകളുണ്ട് ഉയര്‍ത്താനാവില്ല
കാലുകളുണ്ട്, നടക്കാനാവില്ല.’
‘സന്നാഹ’ത്തില്‍ വിജയലക്ഷ്മി അവതരിപ്പിച്ച സ്വേച്ഛാധിപതിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രം താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞാണ് പിന്‍വാങ്ങുന്നത്. (എത്ര പ്രവചനാത്മകം!)

‘കറവറ്റ പശുവി’ലെ ഈ സംഭാഷണം മറക്കാനാവുമോ?

”പശുവിനെ വില്‍ക്കാം, വിറ്റാല്‍ വില കിട്ടും മനുഷ്യനെ വില്‍ക്കാനാവില്ല വിറ്റാല്‍ വില കിട്ടില്ല”

അമ്പതുകളിലെഴുതിയ ആ നാടകം എത്രമാത്രം പ്രവചനാത്മകമായിരുന്നുവെന്ന്, ചുറ്റുപാടും വൃദ്ധമന്ദിരങ്ങളുയരുന്ന വര്‍ത്തമാനകാലത്തിരുന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും.

മലയാള നാടകത്തില്‍ സി ജെ തോമസ് തുടങ്ങിവച്ച പുതുവഴി കുറെക്കൂടി മുന്നോട്ട്‌കൊണ്ടുപോയ നാടകകാരനായിരുന്നു കെ ടി. തോപ്പില്‍ ഭാസിയും എസ്സെല്‍ പുരവും എന്‍ എന്‍ പിള്ളയും കാവാലവും സി എന്‍ ശ്രീകണ്ഠന്‍ നായരും കെ ജി ശങ്കരപിള്ളയും നടന്ന വഴികളായിരുന്നില്ല അത്. സാധാരണക്കാരന്റെ ഭാഷയില്‍ കെ ടിയുടെ കഥാപാത്രങ്ങള്‍ സംസാരിച്ചു. ആരും ശ്രദ്ധിക്കാതെ പോയ പ്രമേയങ്ങള്‍ ചുറ്റുപാടു നിന്നും കണ്ടെത്തി. ആ രീതിയില്‍ സമഗ്രമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കെ ടിയുടെ ജീവിതത്തെക്കുറിച്ച് ഇബ്രാഹിം വെങ്ങര എഴുതിയ നാടകം- ‘കളത്തിങ്കല്‍ത്തൊടിയില്‍ കല്‍വിളക്ക്’ -ആ വഴിക്ക് ഒരു ശ്രമമായിരുന്നു.

സ്വീകരണങ്ങളും പുരസ്‌കാരങ്ങളും നിരവധി ഏറ്റുവാങ്ങുമ്പോഴും വാടകവീട്ടില്‍ നിന്ന് വാടകവീട്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു കെ ടി. ലോറിയില്‍ ചാരുകസാരയിലിരുത്തി ഒരു പ്രദര്‍ശന വസ്തുവെന്ന പോലെ കെ ടിയെ സ്വീകരണക്കമ്മിറ്റിക്കാര്‍ കൊണ്ടു പോകുന്നതു കണ്ട് ആരും കാണാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അവസാന നാളുകളില്‍ നിഴല്‍പോലെ കൂടെ നടന്ന നാടകകൃത്ത് ഇബ്രാഹിം വെങ്ങര അനുസ്മരിക്കുന്നു.

സംഗീത നാടക അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും അധ്യക്ഷപദവിയിലിരുന്ന, ഇരുപതിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഒരു വലിയ സാഹിത്യകാരനാണ് ഈ അനുഭവം. അവസാന നാളുകളില്‍ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ചപ്പോള്‍ ഒരു കാലത്ത് മനസ്സാക്ഷിക്ക്‌വിരുദ്ധമായി താന്‍ തുണച്ച പ്രസ്ഥാനം പോലും സഹായത്തിനെത്തിയില്ല. പകരം അവര്‍ കോഴിക്കോട് നഗരത്തിന്റെ നെഞ്ചിന്‍ കൂട്ടില്‍ ഒരു വലിയ കല്‍പ്രതിമയുണ്ടാക്കിവച്ചു, കാക്കകള്‍ക്ക് കാഷ്ഠിക്കാന്‍!

No Comments yet!

Your Email address will not be published.