2014 ഡിസംബര്‍ 14നാണ് മറുവാക്കിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്യപ്പെട്ടത്. ആറളം ഫാമില്‍ നടന്ന ആദിവാസി പാര്‍ലമെന്റില്‍വച്ച് അന്ന് ആദിവാസി ഗോത്രമഹാസഭാനേതാക്കളായിരുന്ന സി കെ ജാനുവും എം ഗീതാനന്ദനും ചേര്‍ന്നായിരുന്നു അത് നിര്‍വഹിച്ചത്. ആദ്യലക്കത്തിന്റെ പ്രമേയം കേരളത്തിലെ ആദിവാസി ഭൂമിപ്രശ്‌നവുമായിരുന്നു. മറുവാക്ക് തുടങ്ങുമ്പോള്‍തന്നെ ഞങ്ങള്‍ ഏറ്റെടുക്കേണ്ടുന്ന വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യങ്ങളുണ്ടായിരുന്നു. ആദിവാസികള്‍, ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍, മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള, അടിച്ചമര്‍ത്തപ്പെടുന്ന എല്ലാവിഭാഗത്തില്‍ പെടുന്നവരുടെയും മനുഷ്യാവകാശപ്രശ്‌നങ്ങള്‍, പരിസ്ഥിതി വിഷയങ്ങള്‍, വിദ്യാഭ്യാസപ്രശ്‌നങ്ങള്‍, സാമ്പത്തിക മേഖല, തൊഴില്‍ മേഖലയിലെ കടുത്തചൂഷണങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ പത്തുവര്‍ഷമായി മറുവാക്കിന്റെ പ്രമേയമായിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രശ്‌നങ്ങളെ വിശകലനംചെയ്യാനും ഞങ്ങള്‍ ശ്രമിച്ചിട്ടിട്ടുണ്ട്.
ധാരാളം പ്രതിസന്ധികള്‍ കേസുകളും ആരോപണങ്ങളുമൊക്കെയായി ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, നിലനിന്നുപോവേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവില്‍ തളര്‍ന്നും കിതച്ചും കുതിച്ചും ഞങ്ങള്‍ മുന്നോട്ടുപോവുകയായിരുന്നു. മറുവാക്കിനെ നിലനിര്‍ത്തിയതും പ്രോല്‍സാഹനം തന്നതും ശക്തിപകര്‍ന്നതും എഴുത്തുകാരും വായനക്കാരും തന്നെയാണ്. മറുവാക്കിന്റെ അഭ്യുദയകാംക്ഷികളായവരെ ഓരോരുത്തരേയും പേരെടുത്ത് പറയാന്‍ ഈ സമയം മുതിരുന്നില്ല, അത് അസാധ്യവുമാണ്. പിന്തുണച്ച എല്ലാവര്‍ക്കും അകൈതവമായ സ്‌നേഹവും നന്ദിയും രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.
മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കാനുണ്ട്. മറുവാക്ക് പബ്ലിക്കേഷന്‍സ് പുസ്തകപ്രസിദ്ധീകരണരംഗത്തേക്കുകൂടി ചുവടുവയ്ക്കുകയാണ്.
ഈ ലക്കം ദലിത് വോയ്‌സ് പത്രാധിപരായിരുന്ന വി ടി രാജശേഖര്‍ അനുസ്മരണപ്പതിപ്പായാണ് ഇറങ്ങുന്നത്. ടി ജി ജേക്കബിന്റെ രണ്ടാം ചരമവാര്‍ഷികത്തിന്റെ ആദരാവായി അദ്ദേഹം ജയകേരളത്തിലേഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കെ ജി എസിന്റേ തുള്‍പ്പെടെയുള്ള കവിതകളും ലേഖനങ്ങളും കഥകളും പതിവുപംക്തികളുമായാണ് ഈ ലക്കം ഇറങ്ങുന്നത്.
No Comments yet!