Skip to main content

സിവില്‍ സര്‍വീസില്‍നിന്ന് വീണ്ടും ആര്‍ബിഐ ഗവര്‍ണര്‍

സഞ്ചയ് മല്‍ഹോത്ര

1935ല്‍ ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ രൂപമെടുത്ത ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യില്‍ ഇതുവരെയായി 25 ഗവര്‍ണര്‍മാരാണ് മേധാവികളായി എത്തിയിട്ടുള്ളത്. ഈ ഗവര്‍ണര്‍മാരാണ് പിന്നിട്ട തൊണ്ണൂറു വര്‍ഷക്കാലയളവില്‍ സമ്പദ്‌വ്യവസ്ഥയുടെ ബാങ്കിങ്-ധനകാര്യവ്യവസ്ഥയുടെ മേല്‍നോട്ടവും നിയന്ത്രണവും നിര്‍വഹിച്ചുവന്നിട്ടുള്ളത്. ഇവരില്‍ 14 പേര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരും ഏഴുപേര്‍ ധനശാസ്ത്ര പ്രഫഷണല്‍ മേഖലയില്‍ നിന്നുള്ളവരും മൂന്നുപേര്‍ ധനകാര്യമേഖലാ വിദഗ്ധന്‍മാരും, ഒരാള്‍ മാത്രം ആര്‍ബിഐ പദവി വഹിച്ചിരുന്ന ഓഫീസറും ആയിരുന്നു. സിവില്‍ സര്‍വീസില്‍ നിന്നും നിയോഗിക്കപ്പെട്ടവരില്‍ത്തന്നെ ധനശാസ്ത്ര വിജ്ഞാന മേഖലയില്‍ പരിശീലനം നേടിയവരുമുണ്ടെന്ന് തിരിച്ചറിയാനാകും. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ പൊതുവില്‍ ആര്‍ബിഐ ഗവര്‍ണര്‍മാരായി എത്തുന്നവരില്‍ എത്രപേര്‍ സിവില്‍ സര്‍വീസുകാരായിരുന്നു എന്നതൊന്നും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടാറില്ല.

സ്വാതന്ത്ര്യാനന്തരകാലഘട്ടത്തില്‍ സാമ്പത്തികാസൂത്രണത്തിന് വിത്തുപാകിയ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ തന്റെ സേവന കാലയളവില്‍ 17 ഗവര്‍ണര്‍മാരെ സിവില്‍ സര്‍വീസില്‍ നിന്നും കണ്ടെത്തി നിയോഗിച്ചിട്ടുണ്ട് എന്നതും ചരിത്ര വസ്തുതയാണ്. പരിശീലനം സിദ്ധിച്ചിട്ടുള്ള ധനശാസ്ത്രജ്ഞര്‍ ലഭ്യമാകാതിരുന്നിട്ടല്ല നെഹ്‌റു ഈ വിധത്തില്‍ നിയമനം നടത്തിയത്. പണ്ഡിറ്റ്ജിക്കു ശേഷം പ്രധാനമന്ത്രിപദത്തില്‍ എത്തിയ ശ്രീമതി ഇന്ദിരാഗാന്ധി ആര്‍ബിഐ മേധാവികളായി നിയോഗിക്കുന്നതിന് മുന്‍ഗണന നല്‍കിയത് സിവില്‍ സര്‍വന്റ്‌സിനുതന്നെയായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ പിന്തുണര്‍ന്നുവന്നിരുന്ന പ്രവണതയും ഇതിന് സമാനമായിരുന്നു എന്ന് 1935 മുതല്‍ 1947 വരെയുള്ള നിയമനങ്ങളിലൂടെ വ്യക്തമാകും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സിവില്‍ സേവകരല്ലാത്ത വിഭാഗങ്ങളില്‍ നിന്നും ആര്‍ബിഐ ഗവര്‍ണര്‍മാരെ നിയോഗിക്കാതിരുന്ന പ്രധാനമന്ത്രിമാര്‍ മൊറാര്‍ജി ദേശായി, പി വി നരസിംഹറാവു എന്നിവരും രണ്ടാംതവണ പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശ്രീമതി ഇന്ദിരാഗാന്ധിയും ആയിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.

ശക്തികാന്ത ദാസിനുശേഷം തന്റെ രണ്ടാമൂഴത്തിലും പ്രധാനമന്ത്രി മോദി ആര്‍ബിഐ ഗവര്‍ണര്‍ പദവിയിലേക്ക് സഞ്ജയ് മല്‍ഹോത്രയെന്ന സിവില്‍ സര്‍വന്റിനെ വീണ്ടും എത്തിക്കുകയാണ്   പതിനഞ്ചാമനായി ആര്‍ബിഐയുടെ തലവനായെത്തുന്ന ഡോക്ടര്‍ മല്‍ഹോത്ര ധനശാസ്ത്രജ്ഞന്‍ കൂടിയാണ്. 2014നും 2024നും ഇടയ്ക്കുള്ള ഒരു ദശകകാലയളവില്‍ മോദിക്ക് കീഴില്‍ ആര്‍ബിഐ ഗവര്‍ണര്‍മാരായിരുന്ന മൂന്നുപേരില്‍ രണ്ടുപേരും സിവില്‍ സര്‍വീസ് മേഖലയില്‍ നിന്നുള്ളവരാണ്.

ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങില്‍ നിന്നും പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയെ വേറിട്ട് നിര്‍ത്തുന്നത് മറ്റു പലതിന്റെയും കൂട്ടത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ പദവിയിലേക്ക് നിയോഗിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ആണെന്നതാണ്. മോദിയെ പിന്തുണയ്ക്കുന്ന ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടി സാമ്പത്തികശാസ്ത്രജ്ഞന്‍മാരെ ഗവര്‍ണര്‍മാരാക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തം. ഇതിനുള്ള കാരണങ്ങളും നമുക്ക് മുന്നിലുണ്ട്. മോദിക്ക് കീഴില്‍ ഗവര്‍ണര്‍മാരായിരുന്ന രണ്ട് ധനശാസ്ത്രകാരന്‍മാര്‍ സര്‍ക്കാരുമായി സ്വരച്ചേര്‍ച്ചയില്ലാത്ത വിധത്തില്‍ ആയിരുന്നു സ്ഥാനങ്ങള്‍ ഒഴിഞ്ഞുപോയത്. ഇതില്‍ ഒരാള്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന ധനശാസ്ത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ രഘുറാം ഗോവിന്ദരാജനും മറ്റൊരാള്‍ അത്രതന്നെ പ്രസിദ്ധനായ ഡോക്ടര്‍ ഊര്‍ജിത്  പട്ടേലുമാണ്‌
സിവില്‍ സര്‍വീസിലുള്ളവരുടേതുപോലെ ധനശാസ്ത്രകാരന്മാര്‍ക്ക് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളോടും രാഷ്ട്രീയ നേതാക്കളോടും വിധേയത്വമുണ്ടാകണമെന്നില്ലല്ലോ. ഇവര്‍ ഇരുവരും കാലാവധി അവസാനിക്കുന്നതിന് ആഴ്ചകളോ മാസങ്ങളോ അവശേഷിക്കുമ്പോളായിരുന്നു സ്വയം സ്ഥാനമൊഴിയുന്നത്

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍വേണ്ടത്ര ഭരണപരിചയം ഉണ്ടായിരുന്ന നരേന്ദ്രമോദിക്ക് തന്റെ പഴയ സഹപ്രവര്‍ത്തകന്‍ അമിത്ഷായുടെ സഹവര്‍ത്തിത്വംകൂടി ഉറപ്പാക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. അക്കാദമിക്തല ധനശാസ്ത്രജ്ഞന്‍മാരെക്കാള്‍ ഇവര്‍ക്ക് താല്‍പ്പര്യവും വിശ്വാസവും സിവില്‍ സര്‍വീസ് തല ബ്യൂറോക്രാറ്റിക് പാരമ്പര്യമുള്ള ധനശാസ്ത്രജ്ഞന്‍മാരോടായിരുന്നു. ഏറ്റവും ഒടുവില്‍ സ്ഥാനമൊഴിഞ്ഞ ദാസിന്റെ മുന്‍ഗാമികള്‍ ഇരുവരും കാലാവധി പൂര്‍ത്തീകരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തല്‍സ്ഥാനത്തുനിന്ന് പിരിഞ്ഞു പോകുന്നത.് മോദി സര്‍ക്കാരുമായുള്ള നയപരമായ അഭിപ്രായഭിന്നതകളെ തുടര്‍ന്നായിരുന്നു ഇരുവരുടെയും മടക്കം. മറ്റൊരു ധനശാസ്ത്ര വിദഗ്ധന്‍ തല്‍സ്ഥാനത്തെത്തിയാലും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം ആദ്യം ശക്തികാന്ത് ദാസ് എന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയും തുടര്‍ന്ന് 2014ല്‍ സേവനമാരംഭിച്ച മറ്റൊരു ഐഎഎസ്‌കാരനെയും വീണ്ടും ആര്‍ബിഐ ഗവര്‍ണറാക്കാന്‍ തീരുമാനമെടുത്തതെന്ന് വ്യക്തമാണ്. കേന്ദ്രഭരണകൂടവും ധനമന്ത്രാലയവുമായി സ്വരച്ചേര്‍ച്ചയുള്ള പ്രവര്‍ത്തനശൈലിയും ബന്ധങ്ങളും നിലനിര്‍ത്തുക എന്നതു തന്നെയായിരിക്കും സുഗമമായ ഭരണത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതില്‍ സംശയമില്ലല്ലോ. പിന്നിട്ട ദാസ്-നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തനകാലയളവിലെ അനുഭവങ്ങള്‍ മോദിക്കും സ്വീകാര്യമായി തോന്നിയിട്ടുണ്ടായിരിക്കണം. അതേസമയം ഇക്കാലത്തും നിസ്സാരമായ ഏതാനും ഭിന്നതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതെല്ലാം കാലവിളംബമില്ലാതെ പരിഹരിക്കപ്പെടുകയും ചെയ്തു. കാരണം, സിവില്‍ സര്‍വീസുകാരാണ് ധനശാസ്ത്രകാരന്‍മാരെ അപേക്ഷിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന വഴികളിലൂടെ നീങ്ങുന്നതിന് കൂടുതല്‍ മെയ്‌വഴക്കമുള്ളവര്‍ എന്നതുതന്നെ.

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ കഴിയുന്ന വസ്തുത പിന്നിട്ട ആറുവര്‍ഷക്കാലത്തിനിടയിലെ അനുഭവപാഠങ്ങള്‍ തന്നെയാണ് പുതുതായി ആര്‍ബിഐ ഗവര്‍ണറെ നിയമിക്കുമ്പോഴും തുണയായത് എന്നതാണ്. ഇതിന്റെയര്‍ത്ഥം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ എല്ലാം സമാനചിന്താഗതിക്കാരും സ്വഭാവക്കാരും ആണെന്നുമല്ല. പണ്ഡിറ്റ് നെഹ്‌റുവിന്റെ പ്രതാപകാലത്ത് പോലും ആര്‍ബിഐ ഗവര്‍ണര്‍ പദവിയിലെത്തിയ ഉദ്യോഗസ്ഥന്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഓട്ടോണമി ഗവര്‍ണര്‍ക്കായിരിക്കണം എന്നതിനെപ്പറ്റിയുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് തല്‍സ്ഥാനത്തുനിന്നും സ്വയം ഒഴിഞ്ഞിരുന്നു. ഡോക്ടര്‍ ഐജി പട്ടേല്‍ ആയിരുന്നു ഇത് എന്നാണ് എന്റെ ഓര്‍മ്മ പ്രവര്‍ത്തനമേഖലയിലെ സ്വയംഭരണാവകാശമായിരുന്നില്ല വിവാദത്തിലേക്ക് നയിച്ചത്. മറിച്ച് അന്ന് ധനമന്ത്രിപദത്തിലിരുന്ന വ്യക്തി ആര്‍ബിഐക്കെതിരായി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടോ എന്നതായിരുന്നു പ്രശ്‌നം. ഈ അവസരത്തില്‍ പ്രധാനമന്ത്രി നെഹ്‌റു ഇടപെട്ട് അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു. ”ആര്‍ബിഐ ഗവര്‍ണറുടെ ചുമതല സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമല്ല, സര്‍ക്കാരുമായി യോജിപ്പോടെ പ്രവര്‍ത്തനംനടത്തുക എന്നതുകൂടിയാണ്.”

പലിശനിരക്കില്‍ മാറ്റംവരുത്തുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത ഭിന്നത കേന്ദ്രസര്‍ക്കാരിനെപ്രതിസന്ധിയിലാക്കിയ അനുഭവവും നമുക്കുണ്ടായിട്ടുണ്ട്. പ്രശ്‌നം പലിശനിരക്ക് കുറയ്ക്കുന്നതിലൂടെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന ധനമന്ത്രിയുടെ നിലപാടും അത്തരമൊരു തീരുമാനമെടുക്കുന്ന പക്ഷം ലിക്വിഡിറ്റി വര്‍ദ്ധിക്കുമെന്നും പണപ്പെരുപ്പത്തിനിടയാക്കുമെന്നുമുള്ള ഗവര്‍ണറുടെ നിലപാടും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു.

ഇത്തരം അവസരങ്ങളില്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള പ്രശ്‌നങ്ങളില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നിലകൊള്ളുന്ന വ്യക്തികള്‍ ആരെല്ലാമാണെന്നതല്ല, പ്രസക്തമായ തീരുമാനം സാമ്പത്തികപുരോഗതിക്ക് അനുയോജ്യമായതാണോ അതല്ല പുരോഗതിയെ പിറകോട്ട് വലിക്കാന്‍ ഇടയാക്കുന്നതാണോ എന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിന് അനുയോജ്യമായ നയപരമായ തീരുമാനങ്ങള്‍ ആര്‍ക്കാണ് സ്വീകരിക്കാനും നടപ്പാക്കാനും കഴിയുക എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്നര്‍ത്ഥം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഏതു ലാവണത്തില്‍ നിന്നോ മേഖലയില്‍ നിന്നോ വരുന്നുവെന്നതിന് ഏറ്റവും താഴ്ന്ന പരിഗണന മാത്രമേ നല്‍കേണ്ടതുള്ളൂ.

ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം ശക്തികാന്ത ദാസ് വിരമിച്ചതിനുശേഷം പുതുതായി ആരെയാണ് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിക്കേണ്ടതെന്ന തീരുമാനത്തിലെത്തുന്നതില്‍ രണ്ടാം മോദി സര്‍ക്കാരിന് പ്രതീക്ഷിച്ചതിലുമേറെ കാലതാമസമുണ്ടായി എന്ന വസ്തുത വിലയിരുത്തപ്പെടാന്‍. ഈ കാലതാമസം ഇന്ത്യയുടെ ബാങ്കിങ്- ധനകാര്യമേഖലയില്‍ ഒട്ടേറെ ഊഹാപോഹങ്ങള്‍ക്കിടയാക്കി എന്നത് സ്വാഭാവികം മാത്രം. ഈ വിധത്തിലൊരു അനിശ്ചിതത്വം മോദി ഭരണകൂടത്തിന് ഒഴിവാക്കാമായിരുന്നതാണ്. ഇതിനുമുമ്പ് പലപ്പോഴും കേന്ദ്ര ഭരണകൂടങ്ങള്‍ ചെയ്യാറുള്ളതുപോലെ നിലവിലുള്ള വ്യക്തിയുടെ കാലാവധി തീരുന്നതിനും ഏതാനും നാള്‍ മുമ്പ് തന്നെ പുതിയ സാരഥിയുടെ പേര് വെളിപ്പെടുത്താവുന്നതാണ്. എന്തുകൊണ്ട് ഇതുണ്ടായില്ല എന്ന സംശയം ഉന്നയിക്കപ്പെടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ഡോക്ടര്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ആ വിധത്തില്‍ ചെയ്തിട്ടുള്ളതുമാണ്. ആര്‍ബിഐ ഗവര്‍ണര്‍ വൈ വേണുഗോപാല്‍ റെഡ്ഡിയുടെ അഞ്ചുവര്‍ഷ സേവന കാലാവധി 2008 സപ്തംബര്‍ 8ന് മാത്രമാണ് അവസാനിക്കുമായിരുന്നതെങ്കിലും പുതിയ മേധാവിയുടെ നിയമന തീരുമാനം സപ്തംബര്‍ ഒന്നിന് തന്നെ പുറത്തുവന്നു. ഡോക്ടര്‍ രഘുറാം ഗോവിന്ദരാജന്റെ നിയമന തീരുമാനം പ്രഖ്യാപിക്കപ്പെടുന്നത് ഒരു മാസം മുന്‍കൂട്ടിയായിരുന്നു. ഡോക്ടര്‍ ഊര്‍ജ്ജിത് പട്ടേലിന്റെ നിയമനതീരുമാനം രണ്ടാഴ്ചകള്‍ക്ക് മുമ്പ് തന്നെയാണ് ഉണ്ടായത്.

ചുരുക്കത്തില്‍, നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനമിതാണ്. പുതുതായി നടക്കുന്ന നിയമനവും പുനര്‍നിയമനവും ഒരേ നിലയില്‍ത്തന്നെ നടക്കണമെന്നില്ല. ആര്‍ബിഐയുടെ ഈ വിഷയത്തിലുള്ള സാങ്കേതിക ശൈലി കടമെടുത്താല്‍ പുനര്‍നിയമനം എന്നല്ല കാലാവധി ദീര്‍ഘിപ്പിക്കല്‍ എന്നാണെന്ന് മാത്രമേ ഉള്ളൂ വ്യത്യാസം. അതായത് ഡോക്ടര്‍ ബിമല്‍ ജലാന്‍, ഡോക്ടര്‍ ദുവ്വൂരി സുബ്ബറാവു, ശക്തികാന്ത ദാസ് എന്നിവരുടേത് കാലാവധി ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ എന്ന നിലയില്‍ അവരുടെ നിയമന പ്രഖ്യാപനം ഒന്നു മുതല്‍ നാലുമാസം വരെ മുന്‍കൂറായി നടക്കുകയുണ്ടായി. ഏറ്റവുമൊടുവില്‍ ദാസിന്റെ കാര്യത്തില്‍ രണ്ടാംവട്ടം കാലാവധി ദീര്‍ഘിപ്പിക്കല്‍ സാധ്യത കൊട്ടിയടക്കപ്പെട്ടു എന്നത് ഈ ഒരു കാഴ്ചപ്പാടില്‍ വിലയിരുത്തുമ്പോള്‍ ഏറെക്കുറെ ഉറപ്പാക്കാവുന്നതുമായിരുന്നു. അതായത് ദാസിന്റെ കാലാവധി അവസാനിക്കുന്നതോടെ പുതിയൊരു വ്യക്തി തല്‍സ്ഥാനത്തെത്തുമെന്ന് ഉറപ്പാക്കാന്‍ കഴിയുമായിരുന്നു എന്നര്‍ത്ഥം. ഈ ഒരു കീഴ്‌വഴക്കം ഇക്കുറിയും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുകയായിരുന്നുഎന്നു മാത്രമേ കരുതേണ്ടതുള്ളൂ. കാര്യങ്ങള്‍ ഈ നിലയില്‍ കാണുന്നതില്‍ പരാജയപ്പെട്ടത് മോദി സര്‍ക്കാര്‍ ആയിരുന്നില്ല, ഇന്ത്യയിലെ ബാങ്കിങ് ധനകാര്യ മേഖലയായിരുന്നു. കേന്ദ്രസര്‍ക്കാരുമായും ധനമന്ത്രാലയവും ആയും യോജിച്ച് പ്രവര്‍ത്തനം നടത്തുന്നതില്‍ വിജയിച്ചിരുന്ന ശക്തികാന്ത ദാസിന് മൂന്നാമതൊരു ടേം കൂടി നല്‍കുമായിരുന്നെങ്കില്‍ അതില്‍ അത്ഭുതത്തിന് അവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ ബാങ്കിങ്-ധനകാര്യമേഖലാ നിരീക്ഷകര്‍ക്ക് പറ്റിയ അമളി കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരെല്ലാം ഡോക്ടര്‍ സഞ്ജയ്മല്‍ഹോത്രയില്‍ അപ്പോഴേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞിരുന്നു എന്നതാണ്. അദ്ദേഹത്തെ തന്നെ നിയമിക്കുകയും ചെയ്തു.

ഡോക്ടര്‍ മല്‍ഹോത്രയുടെ പരിചയസമ്പത്തും അത്ര മോശപ്പെട്ടതല്ല. ഹ്രസ്വകാലം ധനകാര്യ-സേവന മേഖലാ വകുപ്പില്‍ റവന്യു നയങ്ങള്‍ കാര്യക്ഷമമായി മാനേജ് ചെയ്തുവെന്ന സല്‍പേരും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഡോക്ടര്‍ അനന്തനാഗേശ്വരനും നീതി ആയോഗ് മേധാവിയും കേന്ദ്രഭരണകൂടത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും. അടുത്തുതന്നെ അവസാന രൂപം നല്‍കപ്പെടാനിടയുള്ള 2025-26 ലേക്ക് ഉള്ള ബജറ്റിന്റെ രൂപവും ഭാവവും നിര്‍ണയിക്കുന്നതില്‍ പണനയവും ധനകാര്യ മേഖലാ നയങ്ങളും നിര്‍ണായകമായ പങ്ക് വഹിക്കുമെന്ന സാഹചര്യവും മല്‍ഹോത്രയുടെ നിയമനത്തെ സ്വാധീനിച്ചിരിക്കും. ആര്‍ബിഐയുടെ ഭാഗമായി പ്രവര്‍ത്തനം നടത്തിവരുന്ന മോണിറ്ററി പോളിസി കമ്മിറ്റിയും 2025 ഫെബ്രുവരിയില്‍ നാളിതുവരെയുള്ള പണനയവും റവന്യൂനയവും പതിനാറാം ധനകാര്യ കമ്മീഷന് ലഭ്യമായ കണ്ടെത്തലുകളും ശുപാര്‍ശകളും സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഇരിക്കുകയാണ്.

ഇതിനിടെ മോണിറ്ററി നയരൂപീകരണത്തിന്റെ ചുമതലക്കാരനായി ആര്‍ബിഐയിലേക്ക് ഒരു പുതിയ ഡെപ്യൂട്ടി ഗവര്‍ണറെയും കേന്ദ്ര സര്‍വീസിലേക്ക് അനുയോജ്യനായ ഒരു പുതിയ റവന്യൂ സെക്രട്ടറിയേയും കണ്ടെത്തി നിയമിക്കാനുള്ള അടിയന്തരബാധ്യതയും മോദി സര്‍ക്കാരിനുണ്ട്.
ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് പ്രായോഗിക പരിചയവും ആശയദൃഢതയുമുള്ള ഒരു ധനശാസ്ത്രജ്ഞനെ ജീവിക്കുന്നതായിരിക്കും ഉചിതം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തോടൊപ്പം പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരൂ.

 

No Comments yet!

Your Email address will not be published.