Skip to main content

സ്വയം പ്രകാശിക്കുന്ന ശവകുടീരങ്ങള്‍

എം എ റഹ്മാന്‍

സാഹിത്യത്തിലെ എഴുപതുകള്‍ ആധുനികതയുടെ (Modernism) ആഘോഷ കാലമായിരുന്നു. ചരസ്സും, ഭാംഗും, ആര്‍ത്തവരക്തവും, ജനിമൃതികളും നന്നായി വിപണിയില്‍ വിറ്റ്, തമ്പഴിച്ച് പിരിഞ്ഞു പോയ ആ കച്ചവടക്കാരുടെ നെടുമ്പാതകള്‍ക്ക് പുറത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരുപാട് ഊടുവഴികള്‍ ഉണ്ടായിരുന്നു. ഈ ഇടവഴികളിലെ നാട്ടുമരച്ചുവടുകളിലെ അപ്രശസ്തരായ എത്രയോ എഴുത്തുകാര്‍ നെടുമ്പാതയിലെത്താതെ വിസ്മൃതരായിപ്പോകുമെന്ന് ചിലരൊക്കെ ധരിച്ചിരുന്നു. കാലം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. യു പി ജയരാജും, എം സുകുമാരനും, എന്‍ എസ് മാധവനും, ടി ആറും, എം പി നാരായണപിള്ളയും, പട്ടത്ത് വിളയും, വി പി ശിവകുമാറും എല്ലാ തമസ്‌കരണങ്ങളെയും അതിജീവിച്ച് മുഖ്യധാരയിലെത്തിയത് നാം ചരിത്രത്തില്‍ കണ്ടതാണ്. യു എ ഖാദറിനെപ്പോലുള്ളവരും അതില്‍ പങ്കുചേര്‍ന്നു. ഇങ്ങനെ നെടുമ്പാതയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ പോയ ഒട്ടനവധി എഴുത്തുകാര്‍ ഇപ്പോഴും ഇടവഴികളില്‍ മികച്ച രചനകള്‍ എഴുതി തങ്ങളുടെ മൗലിക ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നു. ആധുനികതയ്ക്ക് ഒരു ഏകശിലാരൂപമുണ്ടായിരുന്നു. അതിലെ പ്രമേയങ്ങള്‍ ചിലപ്പോഴെങ്കിലും ഒരേ സ്വരം കേള്‍പ്പിച്ചു. എന്നാല്‍ ആധുനികത ഉപേക്ഷിച്ച നാനാതരം പ്രമേയങ്ങളെ വീണ്ടെടുക്കുന്ന മഹത്തായ ദൗത്യം നിര്‍വ്വഹിച്ചത് ഈ ഇടവഴികളില്‍ നിസ്സഹായരായി നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എഴുത്തുകാരാണ്. അവര്‍ കേള്‍പ്പിച്ച ശബ്ദങ്ങള്‍ക്ക് ബഹുസ്വരത (diverstiy) ഉണ്ടായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആവിഷ്‌കാരപ്രമേയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് നവജീവന്‍ നല്‍കിയ ഈ എഴുത്തുകാരാകട്ടെ സാഹിത്യ ചരിത്രങ്ങളില്‍ ഇടം നേടിയവരല്ല.

ഹബീസിയുടെ ‘ആരോ എവിടെയോ’, ‘സഹയാത്രികര്‍’ എന്നീ നോവലെറ്റുകള്‍ വായിച്ചപ്പോള്‍ പൊട്ടിവന്ന ചിന്തകളാണിവ. മൗലികമായ പ്രമേയങ്ങളും ശൈലിയുമുണ്ടായിട്ടും മുഖ്യധാരാരചനാ രീതികളോട് കലഹിക്കുന്നു എന്ന ഒറ്റകാരണത്താല്‍ പുറത്തു നിര്‍ത്തപ്പെട്ട അനേകം എഴുത്തുകാരുടെ പ്രതിനിധികളിലൊരാളാണ് ഹബീസി എന്ന് ഈ രചനകള്‍ ബോധ്യപ്പെടുത്തുന്നു. എങ്ങനെ നോക്കിയാലും ലഹളയ്ക്ക് ചേര്‍ന്നതല്ലാത്ത, സൗന്ദര്യത്തിന്റെ നേര്‍ത്തവലയം പൊതിഞ്ഞപോലെ ഹൃദയത്തില്‍ പ്രേമം നിറയ്ക്കുന്ന കാലവസ്ഥയുള്ള, വിഭജനത്തിന്റെ മുറിവുകള്‍ നില നിന്ന ഒരു മഹാനഗരത്തില്‍ എത്തിപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ അസ്തിത്വം നേരിടുന്ന പ്രശ്‌നങ്ങളാണ് ഹബീസിയുടെ ‘ആരോ എവിടെയോ’ എന്ന നോവലിലെ പ്രമേയം. ആധുനികരുടെ സൈക്കഡലിക് രചനാ മാതൃകകള്‍ വിട്ടുകളഞ്ഞ ഒരിടം, ഹബീസിയുടെ പ്രമേയമാകുന്നതിന്റെ പിറകില്‍, മുഖ്യധാര ഉപേക്ഷിച്ച ഇടവഴികള്‍ പിടിച്ചെടുക്കുന്ന ഒരു പ്രതിപ്രവര്‍ത്തനത്തിന്റെ ബലവത്തായ ശ്രമമുണ്ട്. നാട്ടിലെ കലാപം മൂലം (അത് വര്‍ഗീയ കലാപമാണെന്നതിന്റെ സൂചനകള്‍ കഥയില്‍ എല്ലായിടത്തുമുണ്ട്) സര്‍വ്വകലാശാലയില്‍ അനേകങ്ങള്‍ അഭയം തേടിയതു കാരണം ഇതിലെ നായകന് ഹോസ്റ്റലില്‍ മുറികിട്ടാതാവുന്നു. അവസാനം അയാള്‍ എത്തിപ്പെടുന്നത് ഒരു ശ്മശാനത്തില്‍! അവിടെ കിടന്ന് ആധുനികരുടെ നായകനെപോലെ അയാളും ഒരു കവിള്‍ പുകയ്ക്കുള്ള പുല്ല് നിറച്ച സിഗരറ്റ് വലിക്കുന്നുണ്ട്. (നാട്ടില്‍ ലഹളയാണ് കുട്ടികളെ, മരിച്ചവരുടെ ശാന്തിയും അവര്‍ കവര്‍ന്നെടുക്കും, ഇവനെ ഇങ്ങോട്ട് വലിച്ചെറിഞ്ഞത് അവരായിരിക്കും; കാത്തിരുന്നോളൂ നിങ്ങളോടൊപ്പം വരാനുള്ളത് തന്നെ എന്നുരുവിട്ടുകൊണ്ട് ശ്മശാനത്തിന്റെ കാവല്‍ക്കാരനായ ഷക്കീല്‍ മിയാന്‍ സാബ് എന്ന വൃദ്ധന്‍ ആ ചെറുപ്പക്കാരനെ കണ്ടെടുക്കുന്നു. (പിന്നീടയാള്‍ പുകയ്ക്കുന്നത് കഥയിലെവിടെയും കാണുന്നില്ല.) ‘നീയൊരു ശവക്കുഴി തിരയുകയാണോ’ ഞാനത് കാണുന്നുണ്ട് എന്ന് കൂടി വൃദ്ധന്‍ പറയുമ്പോള്‍ നമുക്ക് ആ കഥാപാത്രം മരണ ദൂതന്‍ തന്നെയാണെന്ന് തോന്നിപ്പോകുന്നു. അവരുടെ സംഭാഷണങ്ങളില്‍ പിന്നീട് നിറഞ്ഞു നില്ക്കുന്നത് മരണം തന്നെയാണ്:

ഉദാഹരണങ്ങള്‍ നോക്കൂ:

‘ദൈവത്തിനിതില്‍ കാര്യമൊന്നുമില്ല; ഞാന്‍ എനിക്കു മാത്രമുള്ള ഭക്ഷണമേ ഉണ്ടാക്കിയിട്ടുള്ളൂ, നീ മരിച്ചു പോയെന്നാണ് ഞാന്‍ കരുതിയത്.’

‘എനിക്കാരെയെങ്കിലും രക്ഷിക്കലല്ല ജോലി, മരിക്കുമ്പോള്‍ കുഴിച്ചു മൂടലാണ്’.

‘ഞാനെന്തിനു കാത്തിരിക്കണം? ഒരു ശവം അര്‍ഹിക്കുന്നത് ഞാന്‍ നല്കുന്നു’.

‘നീ ഒരു ചെകുത്താന്‍ തന്നെ! താമസിക്കാന്‍ സ്ഥലം തേടി ശ്മശാനത്തിലേക്ക് വരിക! ഏത് നരകത്തില്‍ നിന്നുള്ളതാണ് നീ?’

‘ചെകുത്താന്റെ മോനെ, എത്രയാളെ കൊന്നിട്ടാ നീ വരുന്നത്.’

ഈ സംഭാഷണങ്ങള്‍ക്കു ശേഷം ചെറുപ്പക്കാരനെ വൃദ്ധന്‍ കൊണ്ടുപോകുന്നത് ചെകുത്താന്റെ ഭവനത്തിലേക്കാണ്. ആധുനികരുടെ കയ്യില്‍ അസ്തിത്വവാദ കഥാപാത്രങ്ങളായി പരിണമിക്കുമായിരുന്ന, തദ്ദേശീയ യുക്ത്യാനുഭവങ്ങളില്‍ രൂപപ്പെടുത്തിയ ഈ കഥാപാത്രങ്ങളും അവരുടെ മൗലികമായ മൊഴികളും നോവലിസ്റ്റ് രേഖപ്പെടുത്തുന്നത് പൂര്‍ണമായും ഇന്ത്യന്‍ അവസ്ഥയില്‍ നിന്നു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഇതിനു ഇന്ദ്രിയാനുഭവപരമായ (emperical)
ഔചിത്യമുണ്ട്. ഹബീസിയുടെ രചനയുടെ കാതലായ അകം ഇതാണ്. നിര്‍മ്മിക്കപ്പെടുന്ന കലാപങ്ങളെ പ്രമേയമാക്കുക വഴി ഇന്ത്യന്‍ അവസ്ഥയുടെ നേര്‍പരിഛേദമാണ് ഹബീസി മുറിച്ചുവെക്കുന്നത്. കലാപങ്ങള്‍ എങ്ങനെ ജീവിതത്തെ നിശ്ചലമാക്കുന്നു എന്ന് കണിശമായി അടിവരയിടാന്‍ ഇത് സഹായിക്കുന്നു. കലാപങ്ങളെ എങ്ങനെ മാധ്യമങ്ങള്‍ ഹൈജാക്കുചെയ്യുന്നു എന്നൊരു രാഷ്ട്രീയ അവബോധം കൂടി ഈ നോവല്‍ ഉള്‍ക്കൊള്ളുന്നുണ്ട.് മരിച്ചവരെ ആദരിക്കുന്ന വൃദ്ധനെ അവതരിപ്പിക്കുന്നത് നോക്കുക:

‘ബാഗ് ചുമലില്‍ തൂക്കി ഞാന്‍ വേച്ച് വേച്ച് നടന്നു. നീണ്ട വടി കൊണ്ട് കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി. വഴികാട്ടിയായി വൃദ്ധന്‍ മുന്നിലും. എന്റെ കുട്ടികളെ ചവിട്ടരുത്’- അയാള്‍ പറഞ്ഞു. ‘ഏതെങ്കിലും കുഴിമാടത്തില്‍ കാല് തട്ടി പോവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചു.’

ഈ ഭാഗം എടുത്തുദ്ധരിച്ചത് ഹബീസിയുടെ രചനാ മാതൃക പരിചയപ്പെടുത്താനാണ.് കലാപത്തില്‍ തന്റെ രണ്ടു മക്കള്‍ മരിച്ച് ഖബറടക്കിയ സ്ഥലമാണ് ആ ശ്മശാനം. അതുകൊണ്ടാണ് ആ വൃദ്ധന്‍ ശ്മശാനത്തിന്റെ കാവല്‍ക്കാരനായത്. അയാള്‍ മരിച്ചവര്‍ക്കൊപ്പമാണ് ജീവിക്കുന്നത്. മരണം കൊണ്ട് എല്ലാം ശുദ്ധീകരിക്കാനാകുമെന്ന ഒരു ആദര്‍ശത്തിന്റെ വക്താവാണയാള്‍. ചെറുപ്പക്കാരനെ അയാള്‍ ഏല്പിക്കുന്നത് വിനയ് കാന്ത് അഗ്‌നിഹോത്രി എന്ന പത്രപ്രവര്‍ത്തകനെ. മാലിന്യങ്ങളുടെ രാജാവാണയാള്‍. വൃത്തികേടുകള്‍ നിറഞ്ഞ മുറിയിലാണയാള്‍ വസിക്കുന്നത്. അയാളത് ശുദ്ധീകരിക്കുന്നില്ല. ഇവിടെ പത്രപ്രവര്‍ത്തകന്‍ ഒരു രൂപകമാണ്. എല്ലാ മാലിന്യങ്ങളും വഹിക്കുന്ന ഒരു പത്രശരീരമായി, അയാള്‍ ഈ നോവലിലെ ആരക്കാലായി മാറുന്നുണ്ട്, കഥയവസാനിക്കുമ്പോള്‍. ആധുനികര്‍ പറയാന്‍ മടിച്ചിരുന്ന സത്യങ്ങളില്‍ ചിലതിനെയാണ് വിനയ് പ്രതിനിധാനം ചെയ്യുന്നത്. അതിനു നല്ല കൈയൊതുക്കമുണ്ട്. ‘ഒരു പത്രപ്രവര്‍ത്തകന്‍ ഇത്തരം വൃത്തികേടുകളോടൊപ്പം ജീവിക്കുന്നതില്‍ തെറ്റൊന്നുമില്ല.’ വിനയ് പറയുന്നു: ‘ഈ വൃത്തികേടുകളില്‍ എനിക്ക് കാര്യമായ പങ്കുണ്ട്’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെ പത്രപ്രവര്‍ത്തനത്തിനും ഈ വാക്യം പാകമാകുമ്പോള്‍ ഹബീസി എന്ന എഴുത്തുകാരന്റെ ക്രാന്തദര്‍ശിത്വമാണ് അത് വെളിവാക്കുന്നത്.’

‘ദിസ് വേ റ്റു ഹെല്‍’ എന്ന് രേഖപ്പെടുത്തിയ ഉപയോഗിക്കാന്‍ കഴിയാത്ത, കേടുവന്ന ഒരു കക്കൂസ് മാത്രമേ അവിടെയുള്ളു. അതുകൊണ്ട് വിനയ് ചോദിക്കുന്നത് ‘നിങ്ങള്‍ക്ക് കക്കൂസില്‍ പോകേണ്ടിവരുമോ?’ എന്നാണ് വിസര്‍ജ്യം മുഴുവന്‍ ഉള്ളില്‍ പേറി പുറത്തു വിടാതെ നടക്കുന്ന, സ്വന്തം മുറിയിലെ മാലിന്യത്തിന്റെയും ഉടമയായ പത്രപ്രവര്‍ത്തകന്‍ ഉത്തരാധുനിക കാലത്തെ മാധ്യമ കോര്‍പ്പറേറ്റുകളുടെ പ്രതിനിധാനമാണ്. കഥാനായകനായ ഗവേഷകന്‍ മറ്റു പോംവഴിയില്ലാതെ വിസര്‍ജിക്കുന്നത് ശ്മശാന കാവല്‍ക്കാരന്റെ രണ്ടു മക്കളുടെ ഖബറിടത്തിലാണ്. ഷക്കീല്‍ മിയാന്‍ സാബിന്റെ സാംസ്‌ക്കാരിക മഹത്വം വെളിപ്പെടുന്ന സന്ദര്‍ഭമാണിത്. മരിച്ചവരെ അടക്കം ചെയ്യുന്നവനാണെങ്കിലും അയാള്‍ക്ക് വ്യതിരിക്തമായ ഐഡന്റിയുണ്ട്. വിനയിന്റെ കോര്‍പ്പറേറ്റ് വിസര്‍ജ്യസംസ്‌കാരവും മിയാന്‍ സാബിന്റെ ശ്മശാനസംസ്‌ക്കാരവും തമ്മിലുള്ള വൈരുദ്ധ്യത്തിലൂടെ നോവലിസ്റ്റ് തൊഴിലിന്നതീതമായ മനുഷ്യമഹത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു.

‘എന്റെ കുഞ്ഞുങ്ങളുടെ നെഞ്ചില്‍ തന്നെ വേണോ നിന്റെ വൃത്തികെട്ട…മരിച്ചവരെയെങ്കിലും നിനക്ക് വെറുതെ വിടരുതോ…?’

‘നശിച്ചവനേ…നിന്റെ വൃത്തികേട് നിന്റെ കൈകൊണ്ട് തന്നെ വാരിയെടുക്ക്. അല്ലെങ്കില്‍ നിന്നെയിവിടെ കുഴിച്ചു മൂടും ഞാന്‍.’

സ്വന്തം ശവക്കുഴി തീര്‍ത്ത് അതിനടുത്തായി കാവലിരിക്കുന്ന ഷക്കീല്‍ മിയാന്‍ സാബിന്റെ ഈ വാക്കുകള്‍ ആധുനികര്‍ പരക്കെ ഉപയോഗപെടുത്തിയ ഉത്തരേന്ത്യയിലെ ശവകുടീര സംസ്‌കാരത്തില്‍ തന്നെയാണ് നമ്മോട് സംസാരിക്കുന്നത്. പക്ഷേ, അത് ആധുനികരുടേതില്‍ നിന്ന് എത്ര വ്യത്യസ്തമാണെന്ന് തിരിച്ചറിയണം. ഒരു കലാപം മുള്‍മുനയില്‍ നിര്‍ത്തിയ ശവകുടീരനഗരത്തില്‍നിന്ന് പൊന്തിവരുന്ന ഉല്‍കണ്ഠകളാണ് ഈ നോവലിന്റെ അസ്തിത്വം.

ഈ ശ്മശാനത്തിന് ഒരു സാംസ്‌കാരിക കേന്ദ്രത്തേക്കാള്‍ വലുപ്പമുണ്ടല്ലേ എന്ന കഥാനായകന്റെ ചോദ്യം മനുഷ്യ സമൂഹത്തോടു മുഴുവനുമാണ്.

ഹബീസി

ശ്മശാനം സാംസ്‌ക്കാരിക കേന്ദ്രത്തേക്കാള്‍ വലുതാണ് എന്ന പ്രഖ്യാപനം എഴുത്തുകാരന്റെ പ്രത്യയശാസ്ത്രം കൂടിയാണ്. മരണത്തിന്റെയും ജീവിതത്തിന്റേയും അതിരുകള്‍ നിര്‍ണയിക്കാനാവാത്ത മരിച്ചവരുടെ ഭവനമായ ശ്മശാനത്തില്‍ നിന്ന് കണ്ണുനീരില്‍ നിന്ന് മഴവില്ലെന്ന പോലെ, ജീവചൈതന്യത്തിന്റെ മുകുളങ്ങള്‍ ഉണ്ടാക്കുന്നു നോവലിസ്റ്റ്. ശവകുടീരങ്ങളില്‍ മഞ്ഞു തുള്ളികള്‍ വീഴുന്ന ശബ്ദം കേട്ടുണരുന്ന നായകന്‍ മരണത്തിന്റെയും ജീവിതത്തിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് ഖാജാ ബദറുദ്ദീന്‍ പറയുന്നത്; ഒരു കുരുവിയുടെ ചിറകില്‍ നിന്നടര്‍ന്നു വീണ തൂവലാണ് ജീവിതം എന്ന്. ഇരുട്ടില്‍ സ്വയം പ്രകാശിക്കുന്ന ശവകുടീരം എന്ന ബിംബവും ജീവിത രതിയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെയാണ് ഹബീസി ആധുനികരില്‍ നിന്നും വ്യത്യസ്തനാവുന്നത്.

കലാപം മനുഷ്യനെ വെട്ടിമുറിക്കുന്നു. ബന്ധങ്ങളെ നശിപ്പിക്കുന്നു. കുഞ്ഞുങ്ങളെ കശാപ്പു ചെയ്യുന്നു. അവരെല്ലാം എത്തിച്ചേരുന്നത് ശ്മശാനത്തില്‍. ശബ്ബിയയുടേയും, അത്തിയയുടേയും ആസിഫിന്റേയും ശരീരം അലിഞ്ഞു ചേര്‍ന്ന ശ്മശാനം ഒരു സാംസ്‌കാരിക കേന്ദ്രമാണെന്നു പറയാന്‍ തക്ക ബൗദ്ധിക ഉയരം നേടിയ ഒരു നോവലിസ്റ്റിനെ ‘ആരോ എവിടെയോ’ എന്ന നോവലെറ്റില്‍ കാണാം. ഗവേഷണത്തിനുവന്ന ഒരു വിദ്യാര്‍ത്ഥി ശ്മശാനത്തിലെ ശവമടക്കുന്ന ജോലിയിലെത്തിപ്പെടുന്നതും ഒടുവില്‍ അയാള്‍ കലാപത്തില്‍ നിന്നും രക്ഷപ്പെടുന്നതുമാണ് അത്യന്തം ഉദ്വോഗജനകമായ ഈ നോവലെറ്റിന്റെ ഇതിവൃത്തം.

രണ്ടാമത്തെ നോവലെറ്റായ ‘സഹയാത്രികരിലെ’ നായകന്‍ ആര്‍ കെ എന്നു വിളിക്കപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകനാണ്. യഥാര്‍ത്ഥത്തില്‍ ഇത് പത്രപ്രവര്‍ത്തനത്തിന്റേയും പത്രപ്രവര്‍ത്തകരുടേയും കഥയാണ്. ഈ പ്രമേയത്തിനും മുഖ്യധാര പ്രമേയങ്ങളില്‍ നിന്നു വ്യത്യസ്തമായ അസ്തിത്വമുണ്ട്. സാമൂഹ്യാംഗീകാരം നേടിയ ഒരു ബന്ധമല്ല ഷബാനയുടേതും ആര്‍ക്കെയുടേതും. അതീവരഹസ്യമായ ബദല്‍ ജീവിതമാണവരുടേത്. പരമ്പരാഗതമായ രീതിയില്‍ അവര്‍ വിവാഹിതരായിട്ടില്ല. എന്നിട്ടും അവര്‍ ഒന്നിച്ചു കഴിഞ്ഞു. വികാരങ്ങള്‍ പങ്കിട്ടു. ഷബാന ആര്‍ കെയെ വിട്ടുപോയതിനുശേഷം ജനിച്ച കുഞ്ഞാണ് നൗറീന്‍. അവളിപ്പോള്‍ എഴുത്തുകാരിയാണ്. അവളുടെ പുതിയ പുസ്തകത്തെചൊല്ലിയാണ് വിവാദം. നൗറീന്റെ പുസ്തകത്തെ ന്യായീകരിച്ചുകൊണ്ട് ആര്‍.കെയും എഴുതി. അതോടെ ആര്‍ കെയും അനഭിമതനായി. ഇത്തരമൊരു പ്രമേയം നമ്മുടെ സമകാലിക പരിസരങ്ങളെ കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത് ഈ നോവലെറ്റിനെ ഉത്തരാധുനിക കാലവുമായി ബന്ധിപ്പിക്കുന്നു.

ആധുനികാനന്തര രചനകള്‍ മുഖ്യമായും ഉടലെടുത്തത് ആധുനികതയുടെ വിടവുകള്‍ നികത്തിക്കൊണ്ടാണെന്നത് ഒരു ചരിത്ര സത്യമാണ്. ‘സഹയാത്രികര്‍’ എന്ന രചന ചരിത്രബോധമില്ലാത്ത ഒരെഴുത്തുകാരന്റെ കൈയില്‍ കേവല പൈങ്കിളി രചനയായി മാറിപ്പോകുമായിരുന്നു. അതിവിടെ സംഭവിച്ചില്ല. ഹബീസിയുടെ കൈയൊതുക്കം ഈ പ്രമേയത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന ജീവിതത്തിന്റെ ചാക്രികതയിലും നൈരന്തര്യത്തിലുമാണ്. ഒരര്‍ത്ഥത്തില്‍ ഷബാന ഉത്തരാധുനികകാലം പങ്കിടുന്ന ‘സഹയാത്രിക’ തന്നെയാണ്. പരമ്പരാഗത വിവാഹബന്ധങ്ങളെ നിരാകരിക്കുന്ന ഒരു നവമാതൃക. മകളാകട്ടെ പിതൃത്വത്തെ തന്നെ നിരാകരിക്കുന്ന പുതുമാതൃകയും. ‘തന്തയില്ലായ്മ’ നല്‍കുന്ന സ്വാതന്ത്ര്യത്തെയാണ് അവള്‍ ആഘോഷിക്കുന്നത്. നോവലെറ്റിന്റെ ഈ പരിപ്രേക്ഷ്യത്തെ സമര്‍ത്ഥമായ ആഖ്യാനരീതികൊണ്ട് ഉദ്വേഗജനകമാക്കുന്നു ഹബീസി. ബഷീര്‍ ‘ശബ്ദങ്ങളില്‍’ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായുണ്ടായ ‘തന്തയില്ലായ്മ’യെയാണ് പ്രതിനിധാനം ചെയ്തത്. ഇവിടെ അതല്ല. ജീവിതം ആഘോഷിക്കുന്നവരുടെ പാരമ്പര്യ നിരാകരണത്തിന്റെ ശക്തി ബിംബമായിട്ടാണ് നൗറീന്‍ കടന്നുവരുന്നത്. വായിപ്പിക്കുക എന്നത് രചനയുടെ മൂല്യമായി കരുതുന്ന എഴുത്തു രീതിയാണ് ഹബീസിയുടേത്, ഒരു പക്ഷേ നമ്മുടെ പല എഴുത്തുകാര്‍ക്കും നഷ്ടപ്പെട്ടു പോകുന്ന ഈ സിദ്ധി പുതിയ കാലത്തെ വാക്യങ്ങളിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന ഈ എഴുത്തുകാരന് കിട്ടിയ അപൂര്‍വ്വ സൗഭാഗ്യം കൂടിയാണ്. ജീവിതരതി ചുരമാന്തുന്ന രണ്ടു നോവലെറ്റുകളിലും സ്വയം പ്രകാശിക്കുന്ന ശവകുടീരങ്ങളെ സൃഷ്ടിച്ച ഈ എഴുത്തുകാരന് ആശംസകള്‍.

(2000 ജൂലൈയിലാണ് ഹബീസിയുടെ ‘ആരോ, എവിടെയോ’ ‘സഹയാത്രികര്‍’എന്നീ ലഘു നോവലുകള്‍ ചിന്താ പബ്ലിഷേഴ്‌സ് പുസ്തകത്തില്‍ പുറത്തിറക്കുന്നത്. ബീക്ക ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുതിയ പതിപ്പിനുവേണ്ടി എം എ റഹ്മാന്‍ എഴുതിയതാണ് ഈ പഠനം)

 

No Comments yet!

Your Email address will not be published.