കാതറിന്‍ മാന്‍സ്ഫീല്‍ഡ്/വിവര്‍ത്തനം: സത്യന്‍ കല്ലുരുട്ടി
ഓക്‌സ്‌ഫോര്‍ഡ് തെരുവിന്റെ ഒരു മൂലയില്‍ നിന്നാണ് റോസ് ബെല്ലിന് ആ വയലറ്റ് പൂക്കള്‍ കിട്ടിയത്. വൈകുന്നേരത്തെ തന്റെ ഭക്ഷണം റൊട്ടിയിലും ഒരു പുഴുങ്ങിയ മുട്ടയിലും ഒരു കപ്പ് കൊക്കോ നീരിലും ഒതുക്കിയത് അവള്‍ അതുകൊണ്ടുതന്നെയാണ്. അതവളുടെ കഠിനാധ്വാനത്തിന് അപര്യാപ്തമായിരുന്നു. അറ്റ്‌ലസ് ബസ്സിന്റെ പടിയിലേക്ക് ചാടിക്കയറി തന്റെ പാവാട ഒരു കൈകൊണ്ട് പിടിച്ച് അവള്‍ മറ്റേ കൈകൊണ്ട് ബസ്സിന്റെ കമ്പിയില്‍ തൂങ്ങി. നല്ലൊരു അത്താഴത്തിന് വേണ്ടി അവള്‍ തന്റെ ആത്മാവിനെ കൂടി പണയപ്പെടുത്താന്‍ ഒരുക്കമായിരുന്നു അപ്പോള്‍. പൊരിച്ച താറാവും ഗ്രീന്‍പീസും പിന്നെ പുഡിങ്ങും. ചൂടുള്ളതും കടുപ്പമുള്ളതും തന്റെ വയറുനിറയാന്‍ പോരുന്നതായ എന്തും മതിയായിരുന്നു അപ്പോള്‍ അവള്‍ക്ക്. തന്റെ സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിക്ക് അരികിലായിരുന്നു അവള്‍ക്ക് ഇരിപ്പിടം കിട്ടിയത്. ‘അന്ന ലംബാര്‍ഡ്’ എന്ന പുസ്തകത്തിന്റെ വിലകുറഞ്ഞ ഒരു പതിപ്പ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. മഴവെള്ളം അവളുടെ പുസ്തകത്താളുകളെ നനച്ചുകൊണ്ടിരുന്നു.
ജാലകത്തിലൂടെ റോസ് ബെല്‍ പുറത്തേക്ക് നോക്കി. പാതയോരം മുഴുവന്‍ മഞ്ഞുവീണ് നരച്ചിരിക്കുന്നു. ജനാലച്ചില്ലുകളിലൂടെ വെളിച്ചം കാഴ്ചകള്‍ക്കുമേല്‍ വെള്ളി നിറം ചാര്‍ത്തി. യക്ഷിക്കഥകളിലെ സ്ഥലങ്ങള്‍ പോലെയുണ്ട് ചില്ലുജാലകത്തിലൂടെ പുറത്തുകാണുന്ന സ്വര്‍ണക്കടകള്‍. അവളുടെ പാദങ്ങള്‍ നനഞ്ഞിരുന്നു. അതുപോലെ അവളുടെ പാവാടയുടെയും പെറ്റിക്കോട്ടിന്റെയും അടിഭാഗവും. കറുത്ത വഴുവഴുപ്പാര്‍ന്ന തെരുവിലെ ചെളി അവയില്‍ പുരണ്ടിരിക്കണം. ചൂടാര്‍ന്ന ഒരു മനുഷ്യഗന്ധം അവിടെ ആകെ നിറഞ്ഞിരുന്നു. ആ ബസ്സിലുള്ള എല്ലാവരില്‍ നിന്നും എന്നപോലെ നിശ്ചലരായി മുന്നോട്ടു തുറിച്ചു നോക്കി കൊണ്ടിരിക്കുകയാണ് എല്ലാവരും.

VIOLET FLOWER TREES
എത്ര പ്രാവശ്യം അവള്‍ ഈ പരസ്യം കണ്ടിരിക്കുന്നു. സാപ്പൊലിയോ സമയം ലാഭിക്കാം അധ്വാനം കുറയ്ക്കാം. ‘ഹൈന്‌സെസ് ടൊമാറ്റോ സോസ്’
‘ലാമ്പ് ലോ’യുടെ രോഗശമനിയുടെ അസാധാരണമായ ശക്തി വിശേഷത്തെക്കുറിച്ച് ഒരു ഡോക്ടറും ജഡ്ജിയും തമ്മിലുള്ള സൈ്വരം കെടുത്തുന്ന സംഭാഷണം.
തന്റെ അരികിലിരുന്ന് ആ പെണ്‍കുട്ടി വായിക്കുന്ന പുസ്തകത്തിലേക്ക് അവള്‍ നോക്കി. ഓരോ വാക്കുകളും നിശബ്ദമായി കടന്നു പോവുകയാണെങ്കിലും അവളുടെ ചുണ്ടുകള്‍ ചലിക്കുന്നുണ്ട്. അതാകട്ടെ റോസ് ബെല്ലിന് ഏറ്റവും വെറുപ്പ് ഉണ്ടാക്കുന്നതാണ്. കൂടാതെ അവള്‍ അവളുടെ ചൂണ്ടുവിരലില്‍ നക്കി പേജുകള്‍ മറിക്കുന്നു. ആ നോട്ടത്തില്‍ അവള്‍ക്ക് പുസ്തകത്തിനകം വ്യക്തമായി കാണാനായില്ല.
വാദ്യമേളങ്ങള്‍ക്കൊപ്പം കാമം വിതറുന്ന, വെളുത്ത ശരീരമുള്ള ഒരു യുവതിയെക്കുറിച്ച് എന്തൊക്കെയോ എഴുതിയിരിക്കുന്നു. ഹോ എന്റെ പിതാവേ! അവള്‍ഇരിപ്പിടത്തില്‍ നിന്നും ഇളകിയിരുന്നു. അവളുടെ കോട്ടിന്റെ മുകളിലത്തെ രണ്ട് ബട്ടണുകള്‍ ഊരിയിട്ടു… അവള്‍ക്ക് അപ്പോള്‍ ശ്വാസംമുട്ടി. തന്റെ പാതിയടച്ച കണ്ണുകളോടെ അവള്‍ എതിര്‍ഭാഗത്തുള്ളവരെ നോക്കി. അവരെല്ലാം കൂടി ചേര്‍ന്ന് ഒരൊറ്റ പൊണ്ണത്തടിയന്‍ മുഖമായി പരിണമിച്ചിരിക്കുന്നതായി അവള്‍ക്കു തോന്നി.
ഈ തെരുവിലാണ് അവള്‍ക്ക് ഇറങ്ങേണ്ടത്. വേച്ചുവേച്ചു മുന്നോട്ടു കുതിക്കുമ്പോള്‍ അവള്‍ അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടിപ്പോയി. ‘എന്നോട് ക്ഷമിക്കണേ’ എന്ന് അവള്‍ പറഞ്ഞെങ്കിലും ആ പെണ്‍കുട്ടി തല ഉയര്‍ത്തുക പോലും ചെയ്യാതെ വായനയുടെ രസത്തില്‍ പുഞ്ചിരിക്കുകയായിരുന്നു.
വെസ്റ്റ് ബോണ്‍ ഗ്രോവിലാണ് അവള്‍ ഇറങ്ങിയത്. അവളുടെ സങ്കല്‍പ്പത്തിലുള്ള വെനീസ് നഗരം പോലെ ഇരുണ്ടതും രഹസ്യാത്മകവുമാണത്. വെനീസിലൂടെ ഉയര്‍ന്നു താഴ്ന്നു പോകുന്ന വള്ളങ്ങള്‍ പോലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ ഓടിപ്പോകുന്ന കുതിരവണ്ടികള്‍. വെളിച്ചം നനഞ്ഞ തെരുവിനെ തീ നാവുകള്‍ കൊണ്ടു നക്കുന്നു, അല്ലെങ്കില്‍ ഗ്രാന്‍ഡ് കനാലിലെ മാജിക് മത്സ്യങ്ങളെ പോലെ.
റിച്ച് മണ്ട് റോഡില്‍ പ്രവേശിച്ചപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. എന്നാല്‍ റോഡിന്റെ മൂലയില്‍ നിന്നും മുന്നോട്ടുനടന്ന് ഇരുപത്തിയാറാം നമ്പര്‍ വീടിന്റെ മുന്നിലെത്തും വരെ അവള്‍ അസ്വസ്ഥയായിരുന്നു.
നാലുനിലകളിലെ പടികള്‍ കയറി വേണം അഞ്ചാം നിലയില്‍ എത്താന്‍. മനുഷ്യര്‍ എന്തിനാണ് ഇങ്ങനെ ഏറ്റവും ഉയരത്തില്‍ കയറി താമസിക്കുന്നത്? ചെലവ് കുറഞ്ഞ ഓരോ ലിഫ്റ്റ് ഓരോ വീടിനും ആവശ്യമാണ്. അതുമല്ലെങ്കില്‍ എള്‍സ്‌കോര്‍ട്ടിലേതുപോലെ ഒരു വൈദ്യുത ഗോവണി. എങ്കിലും ഈ നാലുനില കയറുക അല്‍പ്പം പ്രയാസം തന്നെ.
ഹാളില്‍ എത്തിയ റോസ് ബെല്‍ മുകളിലെ പടികളിലേക്ക് നോക്കി. അവിടെ ഒന്നാം നിലയിലെ ലാന്‍ഡിങ്ങില്‍ ആല്‍ബട്രോസ് പക്ഷിയുടെ പഞ്ഞിനിറച്ച തല കാണുന്നുണ്ട്. ഗ്യാസ് വിളക്ക് വിതറിയ മങ്ങിയ വെളിച്ചത്തില്‍ അതിന്റെ ശിരസ്സ് ഒരു പ്രേതത്തെപ്പോലെ തോന്നിച്ചു. ഇതിനെ മറികടന്നല്ലേ പറ്റൂ. ഒരു കുന്നിന്‍ മുകളിലേക്ക് സൈക്കിള്‍ ഓടിക്കുന്ന സാഹസികനെപ്പോലെ അവിടേക്ക് ഓടിക്കയറേണ്ടിയിരിക്കുന്നു.
അങ്ങനെ അവള്‍ തന്റെ മുറിയിലെത്തി. കതകടച്ച് വേഷം മാറിയശേഷം ഗ്യാസ്‌വിളക്ക് കത്തിച്ചു. കോട്ടും പാവാടയും ബ്ലൗസും തൊപ്പിയും ഒക്കെ ഊരി മാറ്റിയതിനുശേഷം പഴയ പ്ലാനല്‍ ഉടുപ്പ് ധരിച്ചു. ബൂട്ട് അഴിച്ചുമാറ്റി നോക്കിയപ്പോള്‍ ഷൂ അങ്ങനെ നനഞ്ഞിരുന്നില്ല. അതുകൊണ്ട് അതു മാറ്റേണ്ടെന്ന് അവള്‍ തീരുമാനിച്ചു.
വാഷ്‌ബേസിന് അരികിലെത്തി. പാത്രത്തില്‍ വെള്ളം നിറച്ചിട്ടില്ല എന്ന് ഓര്‍മിച്ചു. മുഖം കഴുകിത്തുടയ്ക്കാനുള്ള സ്‌പോഞ്ച് മുങ്ങിക്കിടക്കാനുള്ള വെള്ളം പോലും ഇല്ല. വാഷ്‌ബേസിനിലെ ഇനാമല്‍ കൂടി ആ സ്‌പോഞ്ചില്‍ പറ്റിക്കിടക്കുന്നു. അത് ശ്രദ്ധിക്കാതെ മുഖം കഴുകിയപ്പോള്‍ ഇനാമല്‍ താടിയിലും പറ്റി.
ഏഴു മണിയായപ്പോള്‍ ഗ്യാസ് വിളക്ക് അണച്ച് ജാലകവിരി ഉയര്‍ത്തിയിടാന്‍ അവള്‍ തീരുമാനിച്ചു. അപ്പോള്‍ വായിക്കാന്‍ ഒട്ടും മനസ്സ് വന്നില്ല. പിന്നെ ജാലകപ്പടിയില്‍ കൈ രണ്ടും മടക്കി തലയിണ പോലെ വെച്ച് തല അതില്‍ ചായ്ച്ചുവെച്ച് മുട്ടുകുത്തിയിരുന്നു. പുറത്തെ നനഞ്ഞു കുതിര്‍ന്ന ലോകത്തിനും അവള്‍ക്കും ഇടയില്‍ ഒരു ചില്ലുപാളി മാത്രം.
അങ്ങനെയിരിക്കെ അന്നേദിവസം സംഭവിച്ച കാര്യങ്ങള്‍ ഒന്നൊന്നായി അവള്‍ ഓര്‍മയിലേക്ക് എടുത്തു. അന്നേദിവസം അലങ്കാരപ്പണി ചെയ്ത മോട്ടോര്‍ ക്യാപ്പ് ചോദിച്ചു വന്ന ആ സ്ത്രീയെ അവള്‍ മറക്കില്ല. അവള്‍ ചാരനിറത്തിലുള്ള മഴക്കോട്ടാണ് ധരിച്ചിരുന്നത്. കടും ചുവപ്പ് നിറത്തിലുള്ളതായിരുന്നു അവള്‍ ചോദിച്ചിരുന്നത്. ഇരു ഭാഗത്തും റോസ് നിറത്തില്‍ എന്തെങ്കിലും ഒക്കെ ചിത്രപ്പണികള്‍ ഉള്ളത്.
അന്നുവന്ന മറ്റൊരാള്‍ ആ പെണ്‍കുട്ടിയായിരുന്നു. ആ കടയിലുള്ള എല്ലാ തൊപ്പിയും അവള്‍ വച്ചുനോക്കി. എന്നിട്ട് താന്‍ നാളെ വന്നു നോക്കി ഏതെങ്കിലുമൊന്ന് എടുക്കാം എന്ന് പറഞ്ഞവള്‍ പോയി. റോസ്‌ബെല്ലിന് ചിരി വന്നു. അതൊരു ദുര്‍ബലമായ ഒഴികഴിവാണെന്ന് അവള്‍ക്കറിയാം.
ഇന്ന് കടയില്‍ വന്ന മറ്റൊരു യുവതി വെളുത്ത നിറത്തോടുകൂടിയ ചുവന്ന മുടിയും നല്ല മിഴികളും ഉള്ള ഒരുവളായിരുന്നു. സുന്ദരിയായിരുന്നു. കഴിഞ്ഞയാഴ്ച പാരീസില്‍ നിന്ന് വരുത്തിച്ച ഒരു പച്ച റിബണിന്റെ മാതിരി.. ചലിക്കുമ്പോള്‍ സ്വര്‍ണനിറം വ്യക്തമാകുന്ന ആ റിബണിന്റെ നിറമായിരുന്നു അവളുടെ കണ്ണുകള്‍ക്ക്. അവള്‍ കൊണ്ടുവന്ന മുന്‍വശം തുറന്നു കിടക്കുന്ന മോട്ടോര്‍കാര്‍ വാതില്‍ക്കല്‍ കിടന്നിരുന്നു. അവളോടൊപ്പം മാന്യമായി വസ്ത്രമണിഞ്ഞ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.
അവളുടെ സുന്ദരമായ തൊപ്പിയില്‍ കുത്തിയിരുന്ന പിന്നുകളെല്ലാം റോസ് ബെല്‍ അഴിച്ചു. അതിനുശേഷം തൊപ്പിയും അതിനടിയില്‍ അവള്‍ അണിഞ്ഞ വസ്ത്രവും ഊരി മാറ്റി. ഒരു ചെറിയ കണ്ണാടിയെടുത്ത് റോസ് ബെല്‍ അവളുടെ കൈയില്‍ കൊടുത്തു.
അപ്പോള്‍ അവള്‍ അവളുടെ കൂടെ വന്നവനോട് വിളിച്ചുചോദിച്ചു: ‘ശരിക്കും ഞാന്‍ എന്താണ് വാങ്ങേണ്ടത് ഹാരി?’
അവന്‍ വിളിച്ചു പറഞ്ഞു:
‘ഒരു കറുത്ത തൊപ്പി.. അതിനടിയില്‍ നീളത്തിലുള്ള പക്ഷിത്തൂവല്‍ ഉറപ്പിക്കണം. അത് താഴേക്ക് വന്ന് കഴുത്തിലൂടെ താടിക്ക് അടിയില്‍ എത്തി ഒരു ബോ പോലെ നില്‍ക്കണം. അഗ്രഭാഗം ബെല്‍റ്റിനടിയില്‍ തിരുകി വെക്കുന്ന വിധം..’
അതുകേട്ട് അവള്‍ റോസ് ബെല്ലിനോട് ചോദിച്ചു:
‘അത്തരം തൊപ്പി ഉണ്ടോ ഇവിടെ?’
ഇവരെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് റോസ് ബെല്ലിന് അറിയാം. അവന്‍ പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ്. അത് ശരിക്കും റോസ് ബെല്ലിനെ നിരാശയിലാഴ്ത്തി.
ആ സമയത്ത് അവള്‍ക്ക് ഓര്‍മവന്നു, മുകളിലെ നിലയില്‍ ഒരിക്കലും പൊട്ടിക്കാത്ത ഒരു പെട്ടിയിരിക്കുന്നു.
‘ഒരു നിമിഷം… നിങ്ങള്‍ക്ക് ഇഷ്ടമാകുന്ന ഒരെണ്ണം ഞാനിപ്പോള്‍ എടുത്തു തരാം’ എന്നു പറഞ്ഞിട്ട് അവള്‍ കിതച്ചുകൊണ്ട് മുകളിലേക്ക് ഓടിപ്പോയി.
പിന്നെ ആ പെട്ടിയുടെ കെട്ടുകള്‍ പൊട്ടിച്ച ശേഷം അതിനകത്തുള്ള ടിഷ്യൂപേപ്പറുകള്‍ നീക്കം ചെയ്ത് അവള്‍ തൊപ്പി പുറത്തെടുത്തു. അവള്‍ പ്രതീക്ഷിച്ചത് തന്നെ. മൃദുലമായ വലിയ തൊപ്പി. അതില്‍ ഒരു തൂവല്‍ അലങ്കാരമായി ഘടിപ്പിച്ചിട്ടുണ്ട്. പിന്നെ കറുത്ത നിറത്തിലുള്ള ഒരു വെല്‍വെറ്റ് റോസാപ്പൂവും. അവള്‍ അതു കൊണ്ടുവന്നു കാണിച്ചപ്പോള്‍ അവര്‍ ഇരുവരും ആ തൊപ്പിയുടെ ചന്തത്തില്‍ ആകൃഷ്ടരായി. അവള്‍ ആ തൊപ്പി ധരിച്ചശേഷം അതെടുത്ത് റോസ് ബെല്ലിന് നല്‍കി.
എന്നിട്ട് പറഞ്ഞു:
‘നിങ്ങള്‍ ഇത് ധരിക്കൂ.. ഞാനൊന്നു നോക്കട്ടെ!’
റോസ് ബെല്‍ ആ തൊപ്പിയെടുത്ത് തലയില്‍വച്ച് കണ്ണാടിയില്‍ നോക്കി, അവര്‍ക്കു നേരെ തിരിഞ്ഞു നിന്നു. അപ്പോള്‍ അവളെക്കണ്ട് ആ പെണ്‍കുട്ടി അന്തിച്ചു നിന്നു.
‘ഓ ഹാരി, വളരെ മനോഹരമായിരിക്കുന്നു അല്ലേ? എനിക്ക് ഇതു മതി!’
അവള്‍ വിളിച്ചു കൂവി പറഞ്ഞു. എന്നിട്ട് റോസ് ബെല്ലിന്റെ നേരെ നോക്കി പറഞ്ഞു
‘നിങ്ങള്‍ക്ക് ഇത് നന്നായി ചേരുന്നുണ്ട്’
ശരിക്കും റോസ് ബെല്ലിന് അപ്പോള്‍ ദേഷ്യം വരുന്നുണ്ടായിരുന്നു. വേഗം കേടായി പോകാവുന്ന സുന്ദരമായ തൊപ്പി എടുത്ത് അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കാനാണ് അവള്‍ക്ക് ആദ്യം തോന്നിയത്. കോപത്താല്‍ ചുവന്ന മുഖം അവള്‍ കാണാതിരിക്കാനായി റോസ് ബെല്‍ തൊപ്പിയിലേക്ക് തന്നെ ശ്രദ്ധിച്ചു.
എന്നിട്ടു പറഞ്ഞു
‘ഇതിന്റെ അകത്തെ തയ്യല്‍ കണ്ടില്ലേ മാഡം? ഒന്നാന്തരം’
അപ്പോള്‍ ആ യുവതി തിരിഞ്ഞ് തന്റെ കാറിന്റെ നേര്‍ക്ക് നടന്നു. തൊപ്പി വാങ്ങിയത് ഹാരിയാണ്. പണം കൊടുത്തു. പോകുമ്പോള്‍ അവള്‍ പറഞ്ഞു:
‘ഞാന്‍ വീട്ടില്‍ പോയി ഈ തൊപ്പി വച്ചിട്ട് നിങ്ങളോടൊപ്പം ലഞ്ചിന് വരുന്നുണ്ട്’
ബില്ല് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു റോസ് ബെല്‍. അപ്പോള്‍ അവളുടെ നേര്‍ക്ക് കുനിഞ്ഞു പണം നല്‍കിക്കൊണ്ട് ഹാരി ചോദിച്ചു.
‘ഒന്ന് ചോദിച്ചോട്ടെ, ഇതിനുമുമ്പ് ആരെങ്കിലും നിങ്ങളുടെ ചിത്രം വരച്ചിട്ടുണ്ടോ?’
‘ഇല്ല’.. റോസ് ബെല്‍ പറഞ്ഞു. അയാളുടെ ശബ്ദത്തിന് പെട്ടെന്നൊരു മാറ്റം സംഭവിച്ചതായി അവള്‍ക്ക് തോന്നി. കുറേക്കാലം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെയോ അല്ലെങ്കില്‍ അപമര്യാദയായി ഇടപെടുമ്പോള്‍ ഒരാള്‍ സംസാരിക്കുന്നത് പോലെയോ.
‘അതെയോ? നിങ്ങളെ ആരെങ്കിലും വരയ്‌ക്കേണ്ടതാണ്. എന്തു മനോഹരമായ രൂപം. വല്ലാത്ത സൗന്ദര്യം തന്നെ’
എന്നാല്‍ റോസ് ബെല്‍ അത് ശ്രദ്ധിക്കാത്തത് പോലെ നിന്നു.
ഇപ്പോള്‍ അവള്‍ തന്റെ മുറിയില്‍ ഇരുന്ന് ആലോചിക്കുന്നു. അയാള്‍ ഒരു സുന്ദരനായിരുന്നു. ആ ദിവസം മുഴുവന്‍ അവള്‍ മറ്റൊരാളെക്കുറിച്ച് ചിന്തിച്ചില്ല. സുന്ദരമായ മുഖം മനസ്സില്‍ ഉടക്കിപ്പോയിരിക്കുന്നു. നീളന്‍പുരികങ്ങള്‍. മുടി ചുരുണ്ടാതാണെന്നു തോന്നുന്നു. അത് പിറകിലേക്ക് മാടിയൊതുക്കിയിട്ടുണ്ട്. പണം എണ്ണിത്തന്ന നീണ്ടുമെലിഞ്ഞ കൈകള്‍.
അവള്‍ തന്റെ നെറ്റിയിലേക്ക് വീണുകിടന്ന മുടിയും മാടിയൊതുക്കി.. തന്റെ നെറ്റിക്ക് അപ്പോള്‍ നല്ല ചൂട് തോന്നി. ആ മെലിഞ്ഞു നീണ്ട സുന്ദരന്‍ കൈകള്‍ ഒരു നിമിഷനേരം തന്റെ നെറ്റിയില്‍ വച്ചിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചുപോയി. അവള്‍ ഭാഗ്യവതി തന്നെ!
അവളും താനും പരസ്പരം സ്ഥാനം മാറിയതായി സങ്കല്‍പ്പിച്ചാലോ? അയാള്‍ക്കൊപ്പം വീട്ടിലേക്ക് കാറില്‍ സഞ്ചരിക്കുന്നത് റോസ് ബെല്‍ ആണെങ്കിലോ? അവര്‍ പ്രേമത്തില്‍ ആണെന്നു തോന്നുന്നു. വിവാഹം നിശ്ചയിച്ചിട്ടില്ലെങ്കിലും ഉറപ്പിച്ച മട്ടാണ്.
ഞാനൊരു നിമിഷംകൊണ്ട് തിരിച്ചുവരാം എന്നു പറഞ്ഞ് അവള്‍ പുറത്തേക്ക് പോകുന്നു. അയാള്‍ കാറില്‍ കാത്തിരിക്കുന്നു. അവളുടെ പരിചാരിക ആ തൊപ്പിയുമായി അവള്‍ക്ക് പിറകെ മുകളിലെ നിലയിലേക്ക് നടക്കുന്നു. അവളുടെ ബെഡ്‌റൂം റോസും വെള്ളയും നിറങ്ങള്‍ അടിച്ചതാണ്.. വെളിപ്പാത്രങ്ങളില്‍ നിറച്ചുവച്ച റോസാപ്പൂക്കള്‍.
അപ്പോള്‍ റോസ് ബെല്‍ ആ വലിയ കണ്ണാടിക്ക് മുന്നില്‍ ചെന്നിരിക്കും. ആ ഫ്രഞ്ചുകാരിയായ കൊച്ചു പരിചാരിക അവളുടെ ശിരസ്സില്‍ ആ തൊപ്പി മനോഹരമായി വച്ചു കൊടുക്കും. പിന്നെ കനം ഏതുമില്ലാത്ത മൂടുപടവും അവളെ അണിയിക്കും. അതിനുശേഷം രണ്ട് കൈയുറകള്‍… മുമ്പു ധരിച്ച കൈയുറയുടെ ഒരു ബട്ടണ്‍ ഇളകി പോയിരുന്നല്ലോ… ആ കമ്പിളിക്കുപ്പായത്തിലും കൈയുറകളിലും കൈലേസിലും എല്ലാം പെര്‍ഫ്യൂം അടിക്കും. പിന്നെ കമ്പിളി നിര്‍മിതമായ ഒരു ഷാളും കൈയിലേന്തി റോസ് ബെല്‍ താഴേക്ക് ഓടിയിറങ്ങി വരും. അപ്പോള്‍ ഒരു പരിചാരകന്‍ വന്ന് അവള്‍ക്ക് വാതില്‍ തുറന്നു കൊടുക്കും.
ഹാരി അപ്പോഴെല്ലാം അവളെ കാത്ത് വണ്ടിയില്‍ ഇരിക്കുകയാണ്. അങ്ങനെ അവര്‍ വീണ്ടും യാത്ര തുടങ്ങി…
റോസ് ബെല്‍ ആലോചിക്കുന്നു അതാണ് യഥാര്‍ത്ഥത്തിലുള്ള ജീവിതം.
കാര്‍ട്ടനിലേക്കുള്ള ആ യാത്രയ്ക്കിടയില്‍ അവള്‍ ജെറാള്‍ഡിന്റെ കടയ്ക്കു മുന്നില്‍ കാര്‍ നിര്‍ത്തിച്ചു. ഹാരി വയലറ്റ് പൂക്കളുടെ തണ്ടുകള്‍ അവളുടെ രണ്ട് കൈകളിലും അണിയിച്ചു.
‘ഹായ് ഇവയ്ക്ക് നല്ല സുഗന്ധം!’
ആ പൂക്കള്‍ തന്റെ മൂക്കിനടുത്തേക്ക് വച്ച് അവള്‍ പറഞ്ഞു.
‘നീ കൈ നിറയെ വയലറ്റ് പൂക്കളുമായി എല്ലായ്‌പ്പോഴും ഇരിക്കണം!’ ഹാരി പറഞ്ഞു.
റോസ് ബെല്‍ തറയില്‍ ഇരുന്നു കൊണ്ട് തന്റെ കാല്‍മുട്ടുകള്‍ തണുപ്പില്‍ വിറങ്ങലിക്കുകയാണെന്ന് മനസ്സിലാക്കി. അവള്‍ തന്റെ ശിരസ് ഭിത്തിയിലേക്ക് ചാരിക്കിടന്നു.
ആ മേശ മുഴുവന്‍ പൂക്കള്‍ കൊണ്ടു മൂടിയിരുന്നു. ഒരു സംഘം വാദ്യമേളക്കാര്‍ ഒരു മുളങ്കൂട്ടത്തിന് പിന്നില്‍ മറഞ്ഞിരുന്ന് സംഗീതമാലപിച്ചു. അതുകേട്ട് അവളുടെ സിരകളില്‍ രക്തം വീഞ്ഞ് എന്നപോലെ പതഞ്ഞുയര്‍ന്നു. സൂപ്പും കക്കയിറച്ചിയും പ്രാവിറച്ചിയും പാല്‍പ്പാട മെഴുകിയ ഉരുളക്കിഴങ്ങും… ഷാമ്പെയിനും, കാപ്പിയും സിഗരറ്റും…
മേശയ്ക്ക് മുകളില്‍ ചാഞ്ഞിരുന്നു ഒരു കൈയില്‍ ഗ്ലാസുമായി ആഹ്ലാദത്തോടെ വളരെ ആകര്‍ഷകമായി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു.. അവളുടെ സംസാരം ഹാരിക്ക് വലിയ ഇഷ്ടമായി. ലഞ്ചിനു ശേഷം അവര്‍ സിനിമയ്ക്ക് പോയി. രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്നതായിരുന്നു അത്. അതുകഴിഞ്ഞ് കോട്ടേജില്‍ തിരിച്ചെത്തി ചായയും ഉണ്ടാക്കി.
‘പഞ്ചസാരയോ പാലോ ക്രീമോ?’
പതിവായ ഇത്തരം ചോദ്യങ്ങള്‍ അവരുടെ അടുപ്പത്തിന്റെ ലക്ഷണങ്ങളാണ്. സന്ധ്യ കഴിഞ്ഞാണ് വീട്ടിലെത്തിയത്. അപ്പോഴും വയലറ്റ് പൂക്കളുടെ സുഗന്ധം വായുവില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
യാത്ര പറയുമ്പോള്‍ ഹാരി പറഞ്ഞു:
‘ഒമ്പതു മണിയാവുമ്പോള്‍ ഞാന്‍ വിളിക്കും!’
സ്വകാര്യമുറിയിലെ ഫയര്‍ പ്ലേസില്‍ നിന്ന് ചൂടുണ്ടായിരുന്നു. ജനാലക്കര്‍ട്ടനുകള്‍ വലിച്ചിട്ടു. കത്തുകളുടെ ഒരു കൂമ്പാരം മേശപ്പുറത്ത് അവളെ കാത്തു കിടക്കുന്നുണ്ടായിരുന്നു. അതിലേറെയും ക്ഷണക്കത്തുകള്‍ ആയിരുന്നു. നൃത്തനാടകങ്ങള്‍ കാണാനും ഡിന്നറുകളില്‍ പങ്കെടുക്കാനും ഡാന്‍സ് ചെയ്യാനും നദീതീരത്ത് വാരാന്ത്യം ചെലവിടാനും.
വസ്ത്രം മാറാന്‍ മുകളിലേക്ക് പോകുന്നതിനു മുമ്പ് അവള്‍ അതിലൂടെ ഒന്ന് ദീര്‍ഘമായി കണ്ണോടിച്ചു.
ഉറക്കറയിലും ഫയര്‍ പ്ലേസ് കത്തിച്ചിരുന്നു. തിളങ്ങുന്ന മനോഹരമായ ഉടുപ്പ് കിടക്കയില്‍ നിവര്‍ന്നുകിടക്കുന്നു. വെള്ള കൊണ്ടുള്ള ചിത്രപ്പണികള്‍ നിറഞ്ഞ വെള്ളി നിറത്തിലുള്ള വസ്ത്രം. പിന്നെ വെള്ളി നിറമുള്ള ഷൂ… വെള്ളി നിറമുള്ള സ്‌കാര്‍ഫ്.. വെള്ളി നിറമുള്ള വിശറി…
അന്നവിടെ നൃത്തത്തില്‍ പങ്കുചേരാന്‍ എത്തിയവരില്‍ ഏറ്റവും പ്രശസ്തയായിരുന്നു അവള്‍. അതുകൊണ്ടുതന്നെ ധാരാളം പുരുഷ•ാര്‍ വന്ന് അവളെ അഭിവാദ്യം ചെയ്തു. ഇംഗ്ലീഷ് സംസ്‌കാരത്തെ അമ്പരപ്പിക്കുന്ന അവളെ പരിചയപ്പെടാനായി ഒരു വിദേശ രാജകുമാരനും എത്തി. ശരിക്കും മദോ•ത്തമായ ഒരു രാത്രിയായിരുന്നു അത്. ബാന്റിന്റെ മധുര സംഗീതത്തിന് ഒപ്പിച്ച് അവളുടെ ചുമലുകള്‍ ഇളകി…
നൃത്തം കഴിയുമ്പോഴേക്കും അവള്‍ ക്ഷീണിച്ചുപോയി. ഹാരി അവളെ വീട്ടില്‍ കൊണ്ടു വന്നാക്കി. കുറച്ചുനേരം അയാള്‍ അവളുടെ മുറിയില്‍ കഴിച്ചുകൂട്ടി. ഫയര്‍ പ്ലേസിലെ അഗ്‌നിയെല്ലാം അണഞ്ഞുകഴിഞ്ഞെങ്കിലും പരിചാരിക അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. മേല്‍ക്കുപ്പായം ഊരിക്കൊടുത്ത് അവള്‍ പരിചാരികയെ പറഞ്ഞയച്ചു. ഫയര്‍ പ്ലേസിന് അരികില്‍ ചെന്ന് കൈയുറകള്‍ ഊരിയെടുത്തു. ഫയര്‍ പ്ലേസിലെ വെളിച്ചത്തില്‍ അവളുടെ മുടിയിഴകള്‍ തിളങ്ങി. അപ്പോള്‍ ഹാരി അവളെ തന്റെ കൈവലയത്തില്‍ ഒതുക്കി. അവളുടെ ചെവിയില്‍ ‘റോസ് ബെല്‍, റോസ് ബെല്‍, റോസ് ബെല്‍’ എന്നിങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു. ആ കൈകള്‍ അവള്‍ക്ക് ക്ഷീണിതയെങ്കിലും വല്ലാത്തൊരു സുരക്ഷിതത്വബോധം നല്‍കി.
നിലത്തിരുന്ന് അവള്‍ പൊട്ടിച്ചിരിച്ചു പോയി. പിന്നെ പെട്ടെന്ന് ബോധവതിയായി വായ് പൊത്തി.
അടുത്തദിവസം അവള്‍ ആ പുല്‍ത്തകിടിയിലൂടെ വണ്ടിയോടിക്കുകയായിരുന്നു. അവരുടെ വിവാഹനിശ്ചയം കോടതിയുടെ ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിച്ചു. ഹാന്നോവര്‍ സ്‌ക്വയറിലുള്ള സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. പിന്നെ മധുവിധുവിനായി ഹാരിയുടെ പുരാതന തറവാട്ടിലേക്ക്. കാറില്‍ അവര്‍ യാത്രയാവുമ്പോള്‍ അവിടത്തെ കര്‍ഷകര്‍ ശിരസ്സ് കുനിച്ച് അവളെ അഭിവാദ്യം ചെയ്തു. അന്ന് രാത്രി അവള്‍ വീണ്ടും തന്റെ വെള്ളി വെളുപ്പുള്ള വസ്ത്രമണിഞ്ഞു. യാത്ര അവളെ ക്ഷീണിതയാക്കിയിരുന്നു. അതുകൊണ്ട് വേഗം തന്നെ അവള്‍ ഉറക്കറയിലേക്ക് കടന്നു…
റോസ് ബെല്‍ നിലത്തു നിന്നും എഴുന്നേറ്റ് തന്റെ വസ്ത്രം മാറ്റി. പരുക്കനായ നിശാവസ്ത്രം എടുത്തണിഞ്ഞു. താന്‍ ധരിച്ച വസ്ത്രങ്ങള്‍ മടക്കിയെടുത്ത് കസേരയുടെ പിന്നിലേക്ക് ഇട്ടു. പിന്നുകള്‍ ഊരിയെടുക്കുമ്പോള്‍ തവിട്ടു നിറത്തിലുള്ള മുടിക്കെട്ട് അഴിഞ്ഞുവീണ് അവളെ പൊതിഞ്ഞു. മെഴുകുതിരി ഊതിക്കെടുത്തി അവള്‍ തന്റെ കിടക്കയിലേക്ക് ചെന്നു. അഴുക്കുപുരണ്ട വിരിപ്പും കമ്പിളിയും കഴുത്തിനു ചുറ്റും ഇറുക്കി പുതച്ചുകൊണ്ട് അവള്‍ ചുരുണ്ടു കൂടി ആ കിടക്കയില്‍ കിടന്നു.
ഉറക്കം അവളെ തൊട്ടു. സ്വപ്നത്തില്‍ അവള്‍ ആരോടുമില്ലാതെ പുഞ്ചിരിച്ചു. പിന്നീട് എപ്പോഴോ തന്റെ കിടക്കയില്‍ ഇല്ലാത്ത എന്തിനെയോ അവള്‍ പരതി നോക്കി..
അങ്ങനെ ആ രാത്രി കഴിഞ്ഞു. പുതപ്പിനുള്ളില്‍ നിന്നും പുറത്തുവന്നു കിടന്ന അവളുടെ കൈകളില്‍ പ്രഭാതത്തിന്റെ തണുപ്പ് വന്നു തൊട്ടു. മങ്ങിയ വെളിച്ചം മുറിയിലേക്ക് പതുക്കെപ്പതുക്കെ കടന്നുവന്നു. ഒരു ഞെട്ടലോടെ അവള്‍ പതുക്കെ എഴുന്നേറ്റിരുന്നു. തനിക്ക് ബാല്യകാലം മുതല്‍ ഉള്ളൊരു ശുഭാപ്തി വിശ്വാസം അവിടെയും അവളെ തേടി വന്നു. അതുകൊണ്ട് അവള്‍ക്കൊന്നു പുഞ്ചിരിക്കാന്‍ കഴിഞ്ഞു. ചെറുപ്പക്കാര്‍ക്ക് പാരമ്പര്യമായി കിട്ടുന്ന ഒരു അനുഗ്രഹമാണ് അത്.. പാതിയുറക്കത്തില്‍ അനിര്‍വചനീയമായ ഒരു വിറയലോടെ റോസ് ബെല്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു.



No Comments yet!