ക്രിസ്ത്വാബ്ദം 712 മുതല്‍ 1492 വരെയുള്ള നീണ്ട 780 വര്‍ഷക്കാലം മുസ്‌ലിംകളാണ് സ്‌പെയിന്‍ ഭരിച്ചിരുന്നത്. സ്പാനിഷ് ജീവിതത്തിന്റെ ഓരോ ഭാവവും ഇസ്‌ലാമിക ചുവയുള്ളതാണ്. സ്പാനിഷ് ഭാഷയില്‍ എമ്പാടും അറബിപദങ്ങള്‍ കാണാം. അവിടത്തെ സംഗീതത്തിനുപോലുമുണ്ട് അറബിച്ചുവ. യൂറോപ്യന്‍ എന്നതിലേറെ അറബി സ്വാധീനമാണ് അവിടത്തെ സംസ്‌കാരത്തില്‍ മുഴച്ചുനില്‍ക്കുന്നത്. സാക്ഷാത്തായ സ്പാനിഷ് പദങ്ങളില്‍ അറബി ഉപസര്‍ഗങ്ങള്‍ പോലും ധാരാളമുണ്ട്. എന്നിട്ടെന്ത്? ഇന്നവിടെ മുസ്‌ലിംകളില്ല!
1492 മുതല്‍ അതായത് മുസ്‌ലിം രാഷ്ട്രീയ അധികാരത്തിന്റെ സിരാകേന്ദ്രമായിരുന്ന ഗ്രാനഡയുടെ പതനം മുതല്‍ സ്പാനിഷ് മുസ്‌ലിംകള്‍ അധഃപതനത്തിലേക്ക് മുതലക്കൂപ്പുകുത്തുകയായിരുന്നു. 120 വര്‍ഷത്തിനുശേഷം 1612ല്‍ അവസാനത്തെ മുസ്‌ലിം സംഘവും സ്‌പെയിന്‍ വിട്ടതോടെ അത് പൂര്‍ത്തിയാവുകയും ചെയ്തു. ആ വര്‍ഷമാണ് സ്‌പെയിനിന്റെ അന്തരീക്ഷത്തില്‍നിന്ന് ഇസ്‌ലാം തീര്‍ത്തും അപ്രത്യക്ഷമായത്. രസകരവും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നതുമായ ഒരു കാര്യമുള്ളത് സ്‌പെയിനില്‍ നിന്ന് ഇസ്‌ലാം തിരോഭൂതമായിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും ലോകത്തിന്റെ മുഴുവന്‍ നാഗരിക ഭൂഭാഗങ്ങളും മുസ്‌ലിംകളാണ് ഭരിച്ചിരുന്നതത്രേ. 1553 ഒട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി. ബാള്‍ക്കന്‍ വെനിന്‍സുല തീര്‍ത്തും അവരാണ് ഭരിച്ചിരുന്നത്. ഈജിപ്ത് അടിമവംശരാജാക്കന്‍മാരുടെ കീഴിലായിരുന്നു. പേര്‍ഷ്യ അബ്ബാസികളുടെ കീഴില്‍ രാഷ്ട്രീയമായ അതിന്റെ ഉച്ചാവസ്ഥയിലായിരുന്നു. ഇന്ത്യയില്‍ മുഗുള ഭരണമായിരുന്നു. എന്നിട്ടും സ്‌പെയിനില്‍ നിന്ന് ഇസ്‌ലാം നിഷ്‌കാസിതമായി. അവിടത്തെ മുസ്‌ലിംകളെ രക്ഷിക്കാന്‍ ഈ വിശാല മുസ്‌ലിം ശക്തികള്‍ യാതൊന്നും ചെയ്തിരുന്നില്ല.
സ്‌പെയിനില്‍ ഇസ്‌ലാമിന് സംഭവിച്ച ഈ പതനം ഈ നൂറ്റാണ്ടിന്റെ മൂന്നും നാലും ദശകങ്ങളില്‍ ഇന്ത്യയിലെ ഹിന്ദു നാസികള്‍ അഗാധപഠനത്തിന് വിധേയമാക്കുകയുണ്ടായി. പരമാവധി, സ്‌പെയിന്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അന്നത്തെ മുസ്‌ലിം നേതാക്കളും അത് പഠനവിധേയമാക്കാതെയല്ല. ഇന്ത്യയില്‍ സ്‌പെയിന്‍ ആവര്‍ത്തിക്കാനുള്ള ശ്രമങ്ങളെ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഹിന്ദു നാസികള്‍- ഗവണ്‍മെന്റിന്, അകത്തും പുറത്തുമുള്ളവര്‍- അന്നുതൊട്ട് ഇവിടെയും വ്യവസ്ഥാപിതമായി സ്പാനിഷ് രീതി പിന്തുടര്‍ന്ന് വരികയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം എന്ന നിലയില്‍ ഇവിടത്തെ മുസ്‌ലിംകള്‍ (1981 കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 11.35 ശതമാനം വരും) ജാതി ഹിന്ദുക്കള്‍ക്ക് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നു. പക്ഷേ, ഇന്ന് ഇന്ത്യയിലെ മുസ്‌ലിം ജനസാമാന്യം സ്‌പെയിനിലെ ഇസ്‌ലാമിന്റെ അധഃപതനകാരണത്തെക്കുറിച്ച്, അതിനുചുറ്റും ഉരുണ്ടുകൂടിയിരുന്ന ഭീകരാവസ്ഥയെക്കുറിച്ച് തീര്‍ത്തും അജ്ഞരായി കഴിഞ്ഞുകൂടുകയാണ്.
ഇത്തരുണത്തില്‍ മുസ്‌ലിംകളിലെ തന്നെ ചിന്താശീലരും അവരോട് അനുഭാവം പുലര്‍ത്തുന്ന മറ്റുള്ളവരും പഠനവിധേയമാക്കിയേക്കുമെന്ന പ്രതീക്ഷയോടെ നാം ഈ വിഷയത്തിലേക്ക് അല്‍പ്പം വെളിച്ചം വീശാന്‍ ഉദ്ദേശിക്കുകയാണ്.
ഇന്ത്യയിലെന്നപോലെത്തന്നെ സ്‌പെയിനിലും മുസ്‌ലിംകള്‍ മൂന്ന് വിഭാഗമായിരുന്നു. തനി അറബി വംശജര്‍, സ്പാനിഷ് മാതാക്കളില്‍ അറബി പിതാക്കള്‍ക്ക് ജനിച്ച സങ്കര വര്‍ഗം, ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍.
ഗ്രാനഡയുടെ പഠനത്തിന് തൊട്ടുടനെത്തന്നെ അറബിവംശജര്‍ ഏറിയകൂറും ജീവരക്ഷാര്‍ത്ഥം സ്‌പെയിന്‍ വിട്ട് തുനീഷ്യയിലേക്കും മൊറോക്കോയിലേക്കുമൊക്കെ ഓടിപ്പോയിരുന്നു. സമ്പത്ത് രക്ഷിക്കാന്‍ അവര്‍ മെനക്കെട്ടില്ല. സമ്പാദ്യത്തിന്റെ യാതൊരു അംശവും കൂടെക്കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദം കിട്ടിയിരുന്നില്ല. അവരില്‍ത്തന്നെ ധാരാളമാളുകള്‍ യാത്രാമധ്യേ ക്രിസ്ത്യന്‍ തെമ്മാടികളെ എതിരിട്ട് കൊല്ലപ്പെടുകയും ചെയ്തു. സ്‌പെയിനില്‍ത്തന്നെ ജീവിക്കാന്‍ ആഗ്രഹിച്ച ശേഷിച്ച അറബി വംശജരാണെങ്കില്‍ ഇന്ത്യയിലെ പോലെത്തന്നെ വിദേശീയരും സ്‌പെയിനിന്റെ ശത്രുക്കളുമായി മുദ്രകത്തപ്പെടുകയാണ് ഉണ്ടായത.് മുസ്‌ലിം പിതാക്കള്‍ക്ക് ക്രിസ്ത്യന്‍ മാതാക്കളില്‍ ജനിച്ചവരും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരുമായ മറ്റ് രണ്ട് വിഭാഗങ്ങളാകട്ടെ പരിപൂര്‍ണ മതസ്വാതന്ത്ര്യം ഉറപ്പുതരാം എന്നുള്ള രാജാവിന്റെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച,് സ്‌പെയിനില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിച്ചു (ഇന്ത്യയിലും മുസ്‌ലിംകള്‍ പൂര്‍ണ മതസ്വാതന്ത്ര്യവും ന്യൂനപക്ഷഅവകാശങ്ങളും അനുഭവിക്കുന്നുണ്ടെന്നാണല്ലോ നാം വാദിച്ചു കൊണ്ടിരിക്കുന്നത്). എന്നാല്‍ അവരുടെ ജീവധനാദികള്‍ക്ക് നേരെ തുടക്കത്തില്‍ നടന്ന ക്രിസ്ത്യന്‍ ആക്രമണങ്ങളെയും താല്‍ക്കാലികപ്രതിഭാസങ്ങള്‍ എന്ന നിലയ്ക്ക് അവഗണിക്കപ്പെട്ടു.
1947ലെ വിഭജനത്തിനുശേഷം ഇന്ത്യയില്‍ നടന്ന സംഭവങ്ങളെ ഇതുമായി തുലനം ചെയ്യാവുന്നതാണ്. സ്‌പെയിനില്‍ മുസ്‌ലിംകളുടെ ജീവനും സ്വത്തിനുംനേര്‍ക്കുള്ള കൈയേറ്റങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. നീണ്ട 50 വര്‍ഷത്തോളം അത് അടിക്കടി ആവര്‍ത്തിച്ചു കൊണ്ടിരുന്നു ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയും ഇതുതന്നെയാണ് ആദ്യഘട്ടങ്ങളില്‍ അവര്‍ ഇത്തരം കയ്യേറ്റങ്ങളെ ചെറുക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു തെരുവിയുദ്ധങ്ങള്‍ പോലും സാധാരണമായിരുന്നു ക്രമേണ അത് ഏകപക്ഷീയമായ ആക്രമണങ്ങളായി പരിണമിച്ചു നഷ്ടമെപ്പോഴും മുസ്‌ലിംകള്‍ക്കാണ് ഏറ്റവും ഒടുവില്‍ മുസ്‌ലിംകളെ കൊന്നൊടുക്കുവാന്‍ ഹിന്ദു പോലീസ് സ്വയം കുത്തഴിഞ്ഞ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു
സ്‌പെയിനില്‍ സംഘടിത ക്രൈസ്തവ വിഭാഗങ്ങള്‍ തെരുവില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഫെര്‍ഡിന്റ് ഗവണ്‍മെന്റ് മുസ്‌ലിംകളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അകറ്റിനിര്‍ത്തി. ഭരണരംഗങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ഉ•ൂലനം ചെയ്യാന്‍ അദ്ദേഹം പരിപാടികള്‍ ആവിഷ്‌കരിച്ചു
1. ഔദ്യോഗിക രംഗങ്ങളില്‍ നിന്ന് അറബി ഭാഷ തീര്‍ത്തും ഒഴിവാക്കി
2. പള്ളികളോട് അനുബന്ധിച്ച് നടന്നുവന്നിരുന്ന പാഠശാലകളില്‍ ശാസ്ത്രം, ചരിത്രം, ഗണിതം, തത്ത്വശാസ്ത്രം തുടങ്ങിയുള്ള മതേതര കലാലയ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് തടഞ്ഞു. മതപഠനം മാത്രം അനുവദിച്ചു.
3. മുസ്‌ലിം ഭരണം പ്രാകൃതമായിരുന്നുവെന്ന് സമര്‍ത്ഥിക്കാന്‍ പാകത്തില്‍ ചരിത്രപാഠങ്ങളില്‍ അസത്യങ്ങള്‍ തിരുകിക്കയറ്റി സ്‌പെയിനിന്റെ വളര്‍ച്ചയില്‍ മുസ്‌ലിംകള്‍ക്കുള്ള പങ്ക് തീര്‍ത്തും അവഗണിച്ചു.
4. ആയുധ സൂക്ഷിപ്പ് കേന്ദ്രങ്ങളും ഗൂഢാലോചന വേദികളും എന്ന വ്യാജേന മുസ്‌ലിം വീടുകള്‍ പോലിസിന്റെ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കി.
5. അറബിവംശജരെ ക്രിസ്ത്യന്‍വിരോധികളും സ്‌പെയിനിന്റെ അന്തകരുമായി ചിത്രീകരിച്ചു.
6. തങ്ങളുടെ പൂര്‍വികര്‍ ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതാണെന്നും എന്നാല്‍ പൂര്‍വ്വ മതത്തിലേക്ക് തിരിച്ചുപോവാന്‍ തങ്ങളുടെമേല്‍ യാതൊരുതരത്തിലുള്ള നിര്‍ബന്ധവും നടന്നിട്ടില്ലെന്നുമുള്ള മട്ടില്‍ ഇസ്‌ലാം സ്വീകരിച്ച തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പുനഃപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ചു.
7. ക്രിസ്ത്യന്‍ മാതാക്കളില്‍ മുസ്‌ലിം പിതാക്കള്‍ക്ക് ജനിച്ച സങ്കര സമൂഹത്തെ അനാഥരായി പ്രഖ്യാപിക്കുകയും ക്രിസ്തുമതം അവലംബിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു
8. ഇസ്‌ലാമിക രീതിയില്‍ നടക്കുന്ന വിവാഹങ്ങള്‍ നീതിന്യായ ഉദ്യോഗസ്ഥരുടെ മുമ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനവച്ചു.
9. ഇസ്‌ലാമിക നിയമത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
അന്ന് സ്‌പെയിനില്‍ പ്രാവര്‍ത്തികമാക്കിയ അതേ രീതികളാണ് സമര്‍ത്ഥമായും സമയോചിതമായും ഇന്ന് ഇന്ത്യയിലും പരീക്ഷിച്ചു വരുന്നത.് സ്‌പെയിനില്‍ മുസ്‌ലിംകള്‍ പരിഹാസത്തിനും പീഡനങ്ങള്‍ക്കും തുടരെയുള്ള ആക്രമണങ്ങള്‍ക്കുംവിധേയരായി വീടും കടകളും ചുട്ടെരിച്ചുകൊണ്ട് അവരെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടന്നു വന്നു. ക്രിസ്തുമതത്തിലേക്കുള്ള മുസ്‌ലിംകളുടെ മതം മാറ്റത്തോട് അനുബന്ധിച്ച് നടന്ന യോഗങ്ങള്‍ അവഹേളനം ലക്ഷ്യംവെച്ചും വമ്പിച്ച കോലാഹലങ്ങളോടുകൂടിയും കൊണ്ടാടപ്പെട്ടു. ഇന്ത്യയില്‍ ആര്യസമാജം, രാമകൃഷ്ണമിഷന്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയുള്ള ഹിന്ദു നാസികളുംഇതേ രീതിയാണ് പിന്തുടര്‍ന്നു വരുന്നത്.

സ്‌പെയിനിലെ നിര്‍ബന്ധിത മതപരിവര്‍ത്തനം
സ്‌പെയിനില്‍ മുസ്‌ലിംകളിലെ ആദ്യത്തെ ഒന്നും രണ്ടും തലമുറകള്‍ വീട്ടിലും പള്ളിയിലും വെച്ച് കുട്ടികളെ അശാസ്ത്രീയ രീതിയില്‍ അറബി ഭാഷ പഠിപ്പിച്ചും കാര്യങ്ങള്‍ ചൊല്ലിക്കൊടുത്തും മതത്തെ സംരക്ഷിക്കാനുള്ള ചില ശ്രമങ്ങളൊക്കെ നടത്താതെയല്ല. പക്ഷേ, അവസാനം അവര്‍ക്ക് ആവേശം നഷ്ടപ്പെട്ടുപോയി. വിവാഹം ഗവണ്‍മെന്റ് ഏജന്റ്മാര്‍ മുഖേന വേണം നടത്താന്‍ എന്നുള്ള നിയമം വന്ന ആദ്യനാളുകളില്‍ ആദ്യം ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരുടെ സാന്നിധ്യത്തിലും പിന്നെ രഹസ്യമായി ഇസ്‌ലാമിക രീതിയിലുമായി അവര്‍ ഒരേ വിവാഹം രണ്ടു തവണ നടത്തുമായിരുന്നു. എന്നാല്‍ രഹസ്യപരിപാടി നിരോധിച്ചതോടെ ഇസ്‌ലാമികരീതി ക്രമേണ ഉപേക്ഷിക്കപ്പെട്ടു.
ഈ ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നേതൃത്വം നഷ്ടപ്പെടുകയും അവരില്‍ കഴിവുള്ളവര്‍ തുര്‍ക്കി മൊറോക്കോ, ഈജിപ്ത് തുടങ്ങി തങ്ങളെ അനുഭാവപൂര്‍വ്വം സ്വീകരിക്കാന്‍ തയ്യാറുള്ള നാടുകളിലേക്ക് രക്ഷപ്പെടുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുകയും ചെയ്തു. ഒറ്റപ്പെട്ടുകഴിഞ്ഞ പാവങ്ങളാകട്ടെ നിസ്സഹായരായി ഉഴന്നു. അന്തിമ വിശകലനത്തില്‍ ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സമ്പത്തും ആംഗലവിദ്യാഭ്യാസവുമുള്ളവര്‍ ബ്രാഹ്മണ വല്‍ക്കരിക്കപ്പെടുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ അല്ല ഹൈന്ദവ ദേശങ്ങളിലാണ് തങ്ങള്‍ താമസിക്കുന്നത് എന്ന മട്ടില്‍ ജാതി ഹിന്ദുക്കളായി അവര്‍ താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.
തെരുവോരങ്ങളില്‍ താമസിക്കുന്നവരും ലളിതജീവിതം നയിക്കുന്നവരും ഇസ്‌ലാമിനെ ആത്മാര്‍ത്ഥമായി പിന്തുടരുന്നവരുമായ മുസ്‌ലിം സാധാരണക്കാര്‍ മുസ്‌ലിം ജനസംഖ്യയുടെ 95 ശതമാനവും അവരാണ്- നിസ്സഹായരായും അവഗണിക്കപ്പെട്ടും കഴിയുന്നു. മുസ്‌ലിംവിരുദ്ധ കലാപങ്ങളില്‍ ഏറിയകൂറും അവരാണ് കൊല്ലപ്പെടുന്നത്.
സ്‌പെയിനില്‍ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ വിതച്ചത് അവസാനപാതിയില്‍ ഫലം നല്‍കിത്തുടങ്ങി. മുസ്‌ലിംകളെ രക്ഷിക്കാന്‍ പറ്റിയ രാഷ്ട്രീയനേതൃത്വമോ സംഘടനകളോ സാഹചര്യത്തിനൊത്ത് രക്ഷാമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാകത്തില്‍ മേധാശക്തിയുള്ള വ്യക്തിത്വങ്ങളും അവിടെ ഇല്ലാതെപോയി. അധ്യാത്മവിദ്യയല്ലാതെ മറ്റൊന്നും അഭ്യസിച്ചിട്ടില്ലാത്ത മതപണ്ഡിതന്‍മാര്‍ ശ്രമിക്കായ്കയല്ല. സാഹചര്യത്തിനൊത്ത് രക്ഷാമാര്‍ഗം കണ്ടെത്തുന്നതിനോ ഗവണ്‍മെന്റ് ഏജന്റ്മാര്‍ നടത്തിക്കൊണ്ടിരുന്ന രൂക്ഷമായ ഇസ്‌ലാംവിരുദ്ധ പ്രചാരണത്തെ ചെറുക്കുന്നതിനോ പ്രീനത്തിലൂടെയും അനുനയത്തിലൂടെയും നടത്തിവന്നിരുന്ന മതംമാറ്റ സംരംഭങ്ങളെ എതിര്‍ക്കാന്‍പോലുമോ അവര്‍ അശക്തരായിരുന്നു. താത്ത്വികാചാര്യന്‍മാരുടെ മുമ്പില്‍ ഏറ്റവും വലിയ തടസ്സമായി നിന്നിരുന്നത് ഇസ്‌ലാമിനെ സംബന്ധിച്ചുള്ള മുസ്‌ലിം ബഹുജനത്തിന്റെ അജ്ഞതതന്നെയായിരുന്നു. ശക്തമായ രാഷ്ട്രീയനേതൃത്വത്തിന്റെയും പ്രത്യാക്രമണത്തിന് പര്യാപ്തമായ സായുധസംഘടനയുടെയും അഭാവം ഇത് വ്യക്തമാക്കി. ഈജിപ്ത,് തുര്‍ക്കി തുടങ്ങിയ മുസ്‌ലിംശക്തികളുടെ സഹായമഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിച്ചവര്‍ തന്നെ നിരസിക്കപ്പെടുമോ എന്ന ഭയത്താല്‍ അധികൃതരുടെ മുമ്പില്‍ അത്തരം ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചില്ല. പോരാടേണ്ടവര്‍ അതിന് മുതിരുന്നില്ല എങ്കില്‍ സഹായിക്കേണ്ടവര്‍ക്ക് അതിന് കഴിയാതെ പോവുക സ്വാഭാവികമാണല്ലോ. ഈജിപ്തിലും തുര്‍ക്കിയിലുമൊക്കെ അഭയം തേടിയെത്തിയവരാണെങ്കില്‍ അത്തരമൊരു സഹായചിന്ത തീര്‍ത്തും ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം സ്‌പെയിനില്‍ അവശേഷിക്കുന്ന മുസ്‌ലിംകള്‍ക്കു നേരെയുള്ള കടുത്ത ആക്രമണങ്ങള്‍ക്ക് ഇനിയും ശക്തി കൂടാന്‍ അത് കാരണമായിരിക്കുമെന്ന് അവിടങ്ങളിലെ ഭരണാധികാരികളെ ഉപദേശിക്കുകയായിരുന്നു. അവിടെ ഒരു അഹമ്മദ് ഷാ അബ്ദാലിയായിരുന്നു ആവശ്യം. അങ്ങനെ അവസാനം മുസ്‌ലിംകള്‍ സ്പാനിഷ് ജീവിതത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേര്‍ന്നു. തങ്ങളുടെ തത്ത്വപ്രസംഗങ്ങള്‍ക്ക് സ്ഥാനമില്ലെന്നു കണ്ട പുരോഹിതന്‍മാരും ക്രമേണ സ്‌പെയിന്‍ വിട്ടുപോന്നു. 1512 സ്‌പെയിന്‍ വിട്ട അവസാന സംഘത്തില്‍ പോലുമുണ്ടായിരുന്നു ഈ മുരടിച്ച പുരോഹിതന്‍മാര്‍.
ഇന്ത്യയിലും മുസ്‌ലിം രാഷ്ട്രീയ നേതൃത്വം ജാതിഹിന്ദുക്കള്‍ നയിക്കുന്ന പാര്‍ട്ടികളുടെ വാലായി മാറുകയാണ്. ആശയതലത്തില്‍ നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള ചുരുക്കം ചിലര്‍ മാത്രമേ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാംസ്‌കാരികതനിമ നിലനിര്‍ത്താന്‍ വല്ലതുമൊക്കെ ചെയ്യുന്നുള്ളൂ.
സ്‌പെയിനില്‍ അരങ്ങേറിയ അതേ പരീക്ഷണം തന്നെയാണ് വലിയ തോതിലും കാര്യക്ഷമമായും ഇന്ത്യയിലും ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സ്‌പെയിനില്‍ അറബി ഭാഷ എന്നപോലെ ഇന്ത്യയിലെ ഇസ്‌ലാമിക സ്വഭാവമുള്ള ഉറുദു ഭാഷയെ നശിപ്പിക്കുന്നു. മുസ്‌ലിംകള്‍ സ്വന്തമായാണ് മതപാഠശാലകള്‍ നടത്തുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള സമ്പന്നരായ മുസ്‌ലിംകള്‍, മുസ്‌ലിം ബഹുജനങ്ങളില്‍ നിന്ന് അകന്നാണ് കഴിയുന്നത 1985 മാര്‍ച്ച് 15ന് ബാംഗ്ലൂരില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിന്റെ ലോകസമ്മേളനത്തില്‍ അത് നാം കണ്ടതാണ്. മുസ്‌ലിം പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു പകരം ശാരീരികവും മാനസികവുമായ ഏകാന്തതയില്‍ അഭയം കണ്ടെത്തുകയത്രെ അവര്‍ ചെയ്യുന്നത്. ജീവധനാദികള്‍ സംരക്ഷിക്കാനുള്ള മുസ്‌ലിംകളുടെ ഏതൊരു ശ്രമവും വര്‍ഗീയമായി മുദ്രകുത്തപ്പെടുന്നു. ജാതിഹിന്ദുക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഒരു മുസ്‌ലിമിന്റെ പ്രവര്‍ത്തനമെങ്കില്‍ അയാള്‍ വിളിക്കപ്പെടുക ‘ദേശീയമുസ്‌ലിം’ എന്നാവും. മുസ്‌ലിം ബഹുജനവും സമ്പത്തും വിദ്യാഭ്യാസവുമുള്ള മുസ്‌ലിംകളും തമ്മിലുള്ള അകലം അനുദിനം ഏറിയേറി വരികയാണ്. മുസ്‌ലിം കൂട്ടക്കൊലകളെ ഒരു സ്വാഭാവിക കാര്യം എന്ന രീതിയിലാണ് മുസ്‌ലിംനേതാക്കള്‍ പോലും സമീപിക്കുന്നത്. അന്താരാഷ്ട്ര ഇസ്‌ലാമിക വേദികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. മുസ്‌ലിംചരിത്രം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കംചെയ്തിരിക്കുന്നു. ഇന്ത്യക്ക് വേണ്ടി വീരചരമം പ്രാപിച്ചവരുടെ പേരുകള്‍ ഒഴിവാക്കിയിരിക്കുന്നു. ടിപ്പുസുല്‍ത്താനെപോലെ ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു മഹാനെക്കുറിച്ച് യുവാക്കള്‍ തീര്‍ത്തും അജ്ഞരാണ്. ശാസ്ത്രം, വൈദ്യശാസ്ത്രം, സംഗീതം, കല, ധീരത ആദിയായ രംഗങ്ങളില്‍ മുസ്‌ലിംകള്‍ അര്‍പ്പിക്കുന്ന മഹത്തായ പങ്ക് മാനിക്കപ്പെടുകയോ അവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം ലഭിക്കുകയോ ചെയ്യുന്നില്ല. മൗലാന ആസാദ,് കിദ്വായി, സയ്യിദ് മഹ്മൂദ്, ഹുമയൂണ്‍ കബീര്‍ തുടങ്ങി ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ അണിയില്‍ നിന്ന് പൊരുതിയവര്‍ പോലും മരണത്തോടുകൂടി വിസ്മൃതരായിത്തീര്‍ന്നു. അതേസമയം നമ്മുടെ റോഡുകളിലും പട്ടണങ്ങളിലും ജാതിഹിന്ദുക്കളുടെ പേരില്‍ അറിയപ്പെടുന്നവ കുറഞ്ഞപക്ഷം അരഡസനിലധികമെങ്കിലും ഉണ്ടാകും. അതെ ചരിത്രം തിരുത്തി എഴുതപ്പെടുന്നു. നിത്യവും മുസ്‌ലിംകള്‍ വധിക്കപ്പെടുന്നു. അവരുടെ വീടും കടകളും ചുട്ടെരിക്കപ്പെടുന്നു. പോലിസിലും പട്ടാളത്തിലും ഭരണരംഗങ്ങളിലും അവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നു. ഇസ്‌ലാമിന്റെ സംരക്ഷണം ലക്ഷ്യംവയ്ക്കുന്ന സംഘടനകള്‍ കുമിളകളെപ്പോലെ പെരുകുന്നു. ഇസ്‌ലാമിനെ രക്ഷിക്കാന്‍ എല്ലാവരുമുണ്ട്. പക്ഷേ, മുസ്‌ലിംകളുടെ രക്ഷയ്ക്ക് മാത്രം ആരുമില്ല. ഈ ദയനീയചിത്രം നമ്മെ വേദനിപ്പിക്കുന്നു.
ഫെര്‍ഡിനന്റും ഇസബെല്ലയും സ്‌പെയിനില്‍ കൈകൊണ്ട സമീപനങ്ങളുമായി അവയ്ക്ക് അനല്‍പ്പമായ സാദൃശ്യം ഉണ്ടെന്നാണ് ഭരണവര്‍ഗത്തിന്റെ നയങ്ങള്‍ സംബന്ധിച്ചുള്ള പഠനം തെളിയിക്കുന്നത്. ലോക പൊതുജനാഭിപ്രായം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനം തുടങ്ങി ഈ നൂറ്റാണ്ടിന്റെ നിയന്ത്രണങ്ങള്‍ കാരണം ജാതി ഹിന്ദുക്കള്‍ കൂടുതല്‍ കുരുട്ട് വാദികളും ചതിയ•ാരും ആയി തീര്‍ന്നിരിക്കുന്നു എന്നതുമാത്രമാണ് ഒരേയൊരു വ്യത്യാസം.
ആസൂത്രിതവും നിത്യവും നടന്നുവരുന്നതുമായ മുസ്‌ലിംവിരുദ്ധ കലാപങ്ങളുടെ ഫലമായി ജീവധനാദികള്‍ നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല, ഭയാശങ്കകളോടെയാണ് ഓരോ മുസ്‌ലിമും കഴിഞ്ഞുകൂടുന്നത്. യോഗ്യരായ മുസ്‌ലിംകളെ പ്രതിരോധം, പാരാമിലിറ്ററി, പോലിസ് എന്നീ വകുപ്പുകളില്‍ നിന്നെല്ലാം അകറ്റിനിര്‍ത്തുന്നു. അവയുടെയെല്ലാം ബ്രാഹ്മണവല്‍ക്കരണം ഗവണ്‍മെന്റ് സര്‍വീസുകളുടെയും പൊതുസ്ഥാപനങ്ങളുടെയും കവാടങ്ങള്‍ മുസ്‌ലിംകള്‍ക്ക് മുമ്പില്‍ കൊട്ടിയടയ്ക്കല്‍, വിദ്യാഭ്യാസം, റേഡിയോ, ടിവി, പരസ്യം പോലുള്ള പൊതുജന മാധ്യമങ്ങളുടെ ബ്രാഹ്മണവല്‍ക്കരണം തുടങ്ങി ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാവുന്നതാണ്. 1947-48കാലത്ത് പഞ്ചാബ്, ഹരിയാന, യുപി, ബിഹാര്‍, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍, മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഉറുദു ഭാഷയുടെ ഔദ്യോഗികപദവി എടുത്തുകളഞ്ഞതും ക്രമത്തില്‍ ഉറുദു സ്‌കൂളുകള്‍ നിര്‍ത്തലാക്കിയതും മറക്കാവതല്ല. ഇവയത്രയും മുസ്‌ലിംവിരുദ്ധ നയങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
ഇപ്പോള്‍ കോമണ്‍ സിവില്‍ കോഡ് എന്ന് മയപ്പെടുത്തിപ്പറയുന്ന വ്യക്തിനിയമ ഭേദഗതിക്ക് വേണ്ടിയുള്ള മുറവിളി, ഇന്ത്യന്‍ (ഹിന്ദു) സംസ്‌കാരത്തിന്റെ മഹത്വവല്‍ക്കരണം, രാഷ്ട്ര പുരോഗതിയിലും വളര്‍ച്ചയിലുമുള്ള മുസ്‌ലിംകളുടെ പങ്കിനെ കുറച്ചുകാണിക്കല്‍, മഹാത്മാഗാന്ധി, ബി ജി തിലകന്‍, മദന്‍ മോഹന്‍ മാളവ്യ, ലാലാ ലജ്പത്‌റായി തുടങ്ങിയുള്ള മുസ്‌ലിംവിരുദ്ധരെ വീരജേതാക്കളായി ചിത്രീകരിക്കല്‍, ഇന്ത്യാചരിത്രം തിരുത്തിയെഴുതല്‍, ഇറച്ചി വില്‍പ്പനപോലുള്ള മുസ്‌ലിംകള്‍ ചെയ്യുന്ന തൊഴിലുകളെ അപരാധമായി ഗണിക്കല്‍, ഗോവര്‍ദ്ധന പരിപാടിക്ക് കല്‍പ്പിക്കുന്ന അനാവശ്യമായ പവിത്രത, കശാപ്പുജോലിയെ തകര്‍ക്കാന്‍ യന്ത്രം കൊണ്ട് നടത്തുന്ന അറവിന് നല്‍കുന്ന പ്രചാരണം, കയറ്റിറക്ക് ജോലിയെ അത് മുസ്‌ലിംകളാണ് ചെയ്യുന്നതെങ്കില്‍ അതിനെ കള്ളക്കടത്തായി ചിത്രീകരിക്കല്‍, തുടങ്ങി ഇന്ത്യയിലെ സാധാരണ ജനങ്ങളെ വഴിതെറ്റിക്കുന്ന നടപടികള്‍ ബ്രാഹ്മണ വര്‍ഗം നടത്തുന്ന മനഃശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണ.് ‘തിരഞ്ഞെടുപ്പില്‍ ഒരിടത്തും മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാവാന്‍ പറ്റാത്തവിധം മുസ്‌ലിംഭൂരിപക്ഷ നിയോജകമണ്ഡലങ്ങള്‍ തലങ്ങും വിലങ്ങും വിഭജിക്കപ്പെടുന്നു. ഹിന്ദുമൂര്‍ത്തികളെ ആരാധിക്കുന്ന മറുകണ്ടം ചാടിയ മതേതരവാദികളായ മുസ്‌ലിം നേതാക്കളെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം രംഗങ്ങള്‍ ചിട്ടയോടെ ചിത്രീകരിക്കപ്പെടുന്നത് ദൗര്‍ഭാഗ്യമെന്നു പറയട്ടെ. സര്‍ക്കാരുമായി ഇടഞ്ഞു കഴിയുന്ന ചില മുസ്‌ലിം നേതാക്കള്‍ സാമാന്യ ഹിന്ദു ജനത്തെ വിശ്വസിക്കുകയും അവരുടെ സഹായം കിട്ടുമെന്നുള്ള അമിതപ്രതീക്ഷയില്‍ മുഴുകുകയും ചെയ്യുന്നു. ഇത്തരം പ്രചാരണങ്ങള്‍കൊണ്ട് പലപ്പോഴും ബലിയാവുന്നത് പിന്നാക്ക, (ദലിത്) ഹിന്ദുക്കള്‍ തന്നെയാണെന്ന കാര്യം അവര്‍ ഓര്‍ക്കുന്നില്ല.
ഇപ്പോള്‍ വിത്തുവിതച്ചതേയുള്ളൂ. കൊയ്ത്തുകാലം വരാനിരിക്കുന്നതേയുള്ളൂ. കൊയ്ത്തുകാലമാകുമ്പോള്‍ മുസ്‌ലിംകള്‍ എത്രയും വേഗം ഒരു പ്രത്യാക്രമണത്തിന് ഉദ്യുക്തരാവുന്നില്ലെങ്കില്‍ ഇന്ത്യയിലും സ്‌പെയിന്‍ ആവര്‍ത്തിക്കുകയാവും ഫലം, തീര്‍ച്ച. സ്‌പെയിന്‍ ആവര്‍ത്തിക്കാതിരിക്കാന്‍പാകത്തില്‍ ഇന്ത്യയില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. എക്കാലത്തും ഇസ്‌ലാമിനെ സംരക്ഷിച്ചു പോന്നിട്ടുള്ളത് മുസ്‌ലിം പൊതു ജനങ്ങളാണ്, ഉന്നത വര്‍ഗങ്ങളല്ല. മുസ്‌ലിം സമ്പന്ന വിഭാഗം, മുസ്‌ലിം ജനസംഖ്യയില്‍ – അവര്‍ അഞ്ചു ശതമാനം പോലും എത്തുകയില്ല-ചൂഷകരായ ജാതി ഹിന്ദുക്കളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണ്. അല്‍പ്പം ചില അപവാദങ്ങള്‍ കണ്ടെന്ന് വരാം. ഇസ്‌ലാമിന്റെ കാര്യത്തില്‍ അവര്‍ വാചാലരായി വരാം. എന്നാല്‍, സ്വന്തം മുസ്‌ലിം സഹോദരന്‍മാരെ അവര്‍ തീര്‍ത്തും വിസ്മരിക്കാറായാണ് പതിവ്. ഓര്‍ക്കുക, മതം അനുയായികളെയല്ല, അനുയായികള്‍ മതത്തെയാണ് രക്ഷിക്കുന്നത്. അതെ, ഓര്‍ക്കുക ഇന്ത്യയില്‍ ഇസ്‌ലാം സുരക്ഷിതമായിരിക്കണമോ, മുസ്‌ലിംകള്‍ സുരക്ഷിതമായിരിക്കണം.
വിടി രാജശേവര്‍, ലഘുലേഖ, 1987, ദലിത് കള്‍ച്ചറല്‍ ഫോറം, കോഴിക്കോട്




No Comments yet!