Skip to main content

ഹിന്ദു ഇന്ത്യയില്‍ മാര്‍ക്‌സ് എങ്ങനെ പരാജയപ്പെട്ടു?

വി ടി രാജശേഖര്‍

ഒരു ബൂര്‍ഷ്വാ പ്രതിനിധി കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി എഴുതുന്ന ഒരു ശകാരമായി ഈ പുസ്തകത്തെ ആരും തെറ്റിദ്ധരിക്കരുത്. എന്റെ ഒരു ലേഖനം ഏതാണ്ട് അല്‍പ്പം വ്യത്യസ്തമായ ഇതേ ദീര്‍ഘ ശീര്‍ഷകത്തില്‍ ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ഒരു പത്രത്തില്‍ 1974ല്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഇത്തരത്തിലുള്ള ആരോപണം എനിക്കെതിരേ ചില ആളുകള്‍ ഉന്നയിച്ചു. ആ ലേഖനം വലിയ വാദപ്രതിവാദത്തിന് ഇടയാക്കുകയും, കമ്മ്യൂണിസ്റ്റുകാരുടെ ഇടയില്‍ അതൊരു തര്‍ക്കവിഷയമായി തീരുകയും ചെയ്തു. പല ആളുകളും എന്നെ ഒരു കമ്മ്യൂണിസ്റ്റ് വിരോധിയായി മുദ്രകുത്തുകയും ആ ലേഖനം ഞാന്‍ എഴുതിയത് ഏതോ കമ്മ്യൂണിസ്റ്റ് വിരോധികളായ ഏജന്റുമാരുടെ നിര്‍ദ്ദേശപ്രകാരമാണ് എന്ന് പറയുകയും ചെയ്തു. എന്നാല്‍, എന്റെ ആ ലേഖനത്തെ അംഗീകരിച്ച് 15 കത്തുകള്‍ അതേ പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെടുകയും, കത്തുകളില്‍ അധികവും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ എഴുതിയതാണെന്ന് അറിയുകയും ചെയ്തതില്‍ ഞാന്‍ അതീവ സന്തുഷ്ടനുമാണ്. കൂടാതെ എന്റെ പ്രബന്ധത്തെ അംഗീകരിച്ചുകൊണ്ട് അന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുകൂടിയ എ കെ ഗോപാലനില്‍നിന്നും എനിക്ക് ഒരു കത്ത് ലഭിക്കുകയും ചെയ്തു. പ്രമുഖ കമ്മ്യൂണിസ്റ്റുകാരായ പി സുന്ദരയ്യ, ജ്യോതി ബസു എന്നിവരുമായി ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എന്റെ വീക്ഷണം അവര്‍ തത്ത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. ഈ കാരണങ്ങളാലാണ് ഈ പ്രബന്ധം കൂടുതല്‍ ബൃഹത്തായി എഴുതാന്‍ എനിക്ക് ധൈര്യവും പ്രചോദനവും ഉണ്ടായത്. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഒരു അഭ്യുദയകാംക്ഷിയായി എന്നെ വിശ്വസിച്ച് എന്റെ ആശയങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ വായനക്കാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സിപിഐയിലും സിപിഎമ്മിലും നക്‌സലൈറ്റ് പ്രസ്ഥാനത്തിലുമുള്ള എന്റെ സ്‌നേഹിതന്‍മാര്‍ക്ക് എന്നെയും എന്റെ ചിന്താഗതിയെയും നല്ലവണ്ണം അറിയാം. എനിക്ക് മാര്‍ക്‌സിസത്തില്‍ വലിയ വിശ്വാസം ഉണ്ട്. എന്റേതായ ഒരു മാര്‍ഗം അവലംബിച്ച് എളിയ നിലയില്‍ ഒരു വിപ്ലവത്തിനു വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ്.

മാര്‍ക്‌സിസം, ലെനിനിസം, മാവോയിസം എന്നീ രാഷ്ട്രീയദര്‍ശനത്തെ വെല്ലുന്നമറ്റൊരു തത്ത്വചിന്ത ഇതുവരെ ഉടലെടുത്തിട്ടില്ലെന്ന് ലോകചരിത്രം തെളിയിച്ചു കഴിഞ്ഞു. ലോകജനസംഖ്യയില്‍ പകുതിയിലധികവും ഈ ദര്‍ശനത്തിന്റെ സ്വാധീനതയില്‍ കഴിഞ്ഞു കൂടുകയാണ്. കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതിന്റെ പിടിയില്‍ പെട്ടു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റിതര രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശത്തിന് വേണ്ടി അര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍, ഇന്ത്യയിലെ സ്ഥിതി എന്താണ്? ഒരു വിപ്ലവത്തിനു വേണ്ടി ഈ രാജ്യത്തെ പോലെ പക്വമായ മറ്റൊരു രാജ്യം ലോകത്തെങ്ങും ഇല്ല. ഈ രാജ്യം വളരെ ധൃുതഗതിയില്‍ ഒരു വിപ്ലവത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ജയപ്രകാശ് നാരായണന്‍ ആവര്‍ത്തിച്ച് പറയുകയും അദ്ദേഹത്തിന്റെ ഭാവനയിലുള്ള ഒരു സമ്പൂര്‍ണ വിപ്ലവം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെയും അവരുടെ കോണ്‍ഗ്രസ്സിന്റെയും പരാജയത്തോടു കൂടി ഒരു വിപ്ലവം ഇവിടെ പൊട്ടിപ്പുറപ്പെടുമെന്ന് പലരും പറയുകയുണ്ടായി. കൂടാതെ 1974ല്‍ ഒരു വിപ്ലവം ഇവിടെ പൊട്ടിപ്പുറപ്പെടുമെന്ന് കാണിച്ച് നക്‌സലൈറ്റുകള്‍ (സിപിഐ എം എല്‍) ഒരു ലഘുലേഖ പുറപ്പെടുവിക്കുകകൂടി ചെയ്തു. ജനസംഖ്യയില്‍ കഷ്ടിച്ച് 10 ശതമാനം മാത്രം വരുന്ന ഇവിടത്തെ ഭരണാധികാരി വര്‍ഗം അല്‍പ്പം പോലും കാരുണ്യമോ മനുഷ്യത്വമോ കാണിക്കാതെ ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങളെ അസഹനീയമായ ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും കൊണ്ടെത്തിച്ചിരിക്കുന്ന പരിതഃസ്ഥിതിയില്‍ രക്തപങ്കിലമായ ഒരു വിപ്ലവം വളരെ വേഗത്തില്‍ ഇവിടെ പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് കരുതുന്നത് വെറും സ്വാഭാവികം മാത്രമാണ്. നിഷ്‌ക്രിയമായി നില്‍ക്കുന്ന ഒരു രാജ്യമാണിത്. ഐക്യരാഷ്ട്രസഭയില്‍ ഈ രാജ്യത്തിന്റെ സ്ഥാനം നൂറ്റഞ്ചാമത് ആണ്. അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് സ്വതന്ത്രമാക്കപ്പെട്ട ചൈന ഇന്ന് മൂന്നാം ലോകത്തിന്റെ നേതൃത്വം വഹിക്കുന്ന ഒരു വന്‍ശക്തിയാണ്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ആഴവും വ്യാപ്തിയും എത്രമാത്രമുണ്ടെന്ന് കാണിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ ഇവിടെ ഉദ്ധരിക്കേണ്ട ആവശ്യമില്ല. കാരണം ഗവണ്‍മെന്റിനും പ്ലാനിങ് ബോര്‍ഡിനും റിസര്‍വ് ബാങ്കിനും ഇത് നല്ലവണ്ണം അറിയാം. ഈ രാജ്യം ക്രമേണ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ കടം വാങ്ങിക്കാത്ത ഒരൊറ്റ രാജ്യം പോലും ഇന്നില്ല. അതുകൊണ്ടാണ് അന്തര്‍ദേശീയ രംഗത്ത് ഈ രാജ്യത്തെ ഒരു ‘തെണ്ടി രാജ്യം’ എന്ന് വിളിക്കപ്പെടുന്നത്. കൂടാതെ ഈ രാജ്യത്തെ ‘ഏഷ്യയിലെ രോഗാതുരന്‍’ എന്ന് കൂടിയാണ് അറിയപ്പെടുന്നത്. എന്തുകൊണ്ടിതിനെ ലോകത്തിലെ ‘രോഗാതുരന്‍’ എന്ന് വിളിച്ചുകൂടാ? ഇതൊരു രോഗബാധിത രാജ്യവും നമ്മള്‍ ഒരു രോഗാതുര സമൂഹവുമാണ്.

ലക്ഷക്കണക്കിന് ആളുകള്‍ ഒരുവശത്ത് വിശന്ന് പൊരിയുന്നു. അവര്‍ തൊഴിലില്ലായ്മയ്ക്കും രോഗത്തിനും ഇരയാകുന്നു. അയിത്തജാതിക്കാര്‍ അനുദിനം ക്രൂരമായ മര്‍ദ്ദനത്തിനിരയാകുന്നു. പോഷകവൈകല്യം അവരുടെ ബുദ്ധിവൈശിഷ്ട്യത്തെ നശിപ്പിക്കുന്നു. മറുവശത്ത് നാം എന്താണ് കാണുന്നത്? ജനസംഖ്യയില്‍ വെറും 10 ശതമാനം മാത്രം വരുന്ന പ്രമാണിവര്‍ഗം തിന്നു കൊഴുത്തുതടിച്ച് ഒന്നിനൊന്ന് ധനവാന്‍മാരായിക്കൊണ്ടിരിക്കുന്നു. അവരുടെ സമ്പല്‍സമൃദ്ധമായ ജീവിതത്തിനും ആഡംബരത്തിനും ഒരു അതിരില്ല. എല്ലാം അവര്‍ നിയന്ത്രിക്കുന്നു. എന്നിട്ടും അവരുടെ അമിതമായ സ്വത്തിലും സുഖത്തിലും സമൃദ്ധിയിലും അവര്‍ തൃപ്തരല്ല!

വേര്‍പെട്ടു നില്‍ക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം

ഇത്തരം ഒരു പരിതഃസ്ഥിതിയില്‍ ഇടതുപക്ഷ നേതാക്കളായ ജയപ്രകാശ് നാരായണനും ജോര്‍ജ് ഫെര്‍ണാണ്ടസും ഒരു വിപ്ലവം ആസന്നമായി പൊട്ടിപ്പുറപ്പെടുമെന്ന് പ്രഖ്യാപിച്ചത് വെറും സ്വാഭാവികം മാത്രമാണ്. അതിതീവ്രവാദികളും വിപ്ലവകാരികളും ചൈനപക്ഷവാദികളുമായ സിപിഎംകാരും മോസ്‌കോ ചേരിക്കാരായ സിപിഐക്കാരും ഉള്‍പ്പെടെ പൊതുവേ ശക്തമായ ഒരിടതുപക്ഷ പ്രസ്ഥാനം ഇവിടെയുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെ ഐക്യത്തിനു വേണ്ടി ഇടതുപക്ഷ നേതൃത്വം അനുഭവിച്ച യാതനകള്‍ സ്തുത്യര്‍ഹമാണ്. അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല. ആത്മാര്‍പ്പണത്തോടുകൂടി ഒന്നാംകിടയില്‍ നില്‍ക്കുന്ന ഒരു ഇടതുപക്ഷ നേതൃത്വം നമുക്കുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ വെറും 10ശതമാനം വോട്ട് ഒഴികെ മറ്റെന്താണ് മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നേടിയത്.

1977 ഫെബ്രുവരി 12ാം തിയ്യതിയിലെ ‘ഫ്രോണ്ടിയര്‍’ മാസികയില്‍ ഒരു എഴുത്തുകാരന്‍ ഇപ്രകാരം തുറന്ന് സമ്മതിച്ചു: ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ഇരുണ്ട നാളുകളിലൂടെ പോയിക്കൊണ്ടിരിക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കുഴപ്പം, സംഭ്രാന്തി, നിരാശ, വിയോജിപ്പ്, വിഘടനം, സ്വയം സന്ദേഹം, സ്വയം തിരസ്‌കരണം മുതലായ വികാരപ്രകടനങ്ങളാണ് ഇന്ന് നാം ആ പ്രസ്ഥാനത്തില്‍ കാണുന്നത്. കാര്യങ്ങള്‍ അത്രമാത്രം മോശമാണ്. ദീര്‍ഘമായ 52 വര്‍ഷത്തെ ചരിത്രവും പ്രയത്‌നവും യജ്ഞവും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനങ്ങളെ സ്വാധീനിക്കാനും സാമൂഹിക ജീവിതത്തില്‍ ഒരു നിര്‍ണായക ശക്തിയായി അവരെ മാറ്റാനും കഴിയാതെ പോയത്? അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? അവയില്‍ ഏറ്റവും പ്രധാനമായ കാരണമെന്ത്?”

ഇതൊന്നും എന്റെ വാക്കുകള്‍ അല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി ദീര്‍ഘകാലത്തെ സേവന പാരമ്പര്യം പിന്നിലുള്ള ഫ്രോണ്ടിയര്‍ മാസികയുടെ വാക്കുകളാണിത.്

വഴിതെറ്റിയ കമ്മ്യൂണിസ്റ്റുകാര്‍

വിവിധ സാമ്പത്തികവര്‍ഗങ്ങള്‍ തമ്മിലുള്ള വര്‍ഗസമരത്തില്‍ അധിഷ്ഠിതമാണ് മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തം. സാമൂഹികവളര്‍ച്ചയുടെ നിര്‍ണായകശക്തി വിഭിന്ന താല്‍പ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ വര്‍ഗങ്ങളുടെ സമരമാണെന്നാണ് മാര്‍ക്‌സിസ്റ്റുകാര്‍ കരുതുന്നത്. ചരിത്രത്തോടുള്ള അവരുടെ സമീപനവും അങ്ങനെത്തന്നെയാണ്. മാര്‍ക്‌സ് അദ്ദേഹത്തിന്റെ കാലത്ത് നടന്നിരുന്ന വര്‍ഗസമരങ്ങളെക്കുറിച്ച് ഗാഢമായി പഠിക്കുകയും അതിന്റെയടിസ്ഥാനത്തില്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള സമരത്തിന്റെ നിയമങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്തു. ഈ വര്‍ഗസമരസിദ്ധാന്തത്തിന്റെ മുഖ്യപ്രമേയം, ദാരിദ്ര്യം വിപ്ലവത്തിന് വഴിയൊരുക്കുന്നുവെന്നതാണ്. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ് റഷ്യയിലും ചൈനയിലും മറ്റു പല രാജ്യങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയിലും അതുപോലെയുള്ള ഭിന്നവര്‍ഗങ്ങളും ഹൃദയം കാര്‍ന്നുതിന്നുന്ന ദാരിദ്ര്യവും ഉണ്ട്. അങ്ങനെയുള്ള ഇന്ത്യയില്‍ ഒരു വിപ്ലവം ഉണ്ടാകുന്നില്ലെങ്കില്‍ മറ്റൊരു രാജ്യത്തും അത് ഉണ്ടാവുകയില്ല എന്നാണ് വിദേശികളായ ഇന്ത്യന്‍ അഭ്യുദയകാംക്ഷികളുടെയും ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലെ സഖാക്കളുടെയും ഉറച്ച വിശ്വാസം.ഇന്ത്യയുടെ എല്ലാവിധ കുഴപ്പങ്ങള്‍ക്കും ഉള്ള ഒരേയൊരു പരിഹാരമാര്‍ഗം ഒരു വിപ്ലവം മാത്രമാണെന്ന് ആരോട് ചോദിച്ചാലും പറയും. ഒരു വിപ്ലവത്തിനു വേണ്ടി അവര്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്നു ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഉപാസകനായിരുന്നു ജയപ്രകാശ് നാരായണന്‍. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വിപ്ലവം ഇന്ത്യയില്‍ ഉണ്ടാകാത്തത്? അതിന്റെ ഒരകന്ന സൂചന പോലും ഇവിടെയെങ്ങും എന്തുകൊണ്ടാണ് നാം കാണാത്തത്?

ആര്‍എസ്എസ് ചിന്തകനും പാര്‍ലമെന്റ് മെമ്പറുമായ ഡോക്ടര്‍ എസ് സുബ്രഹ്മണ്യസ്വാമിക്ക് മാത്രമേ ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അധോഗതി ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. 1977 ഏപ്രില്‍ 18ാംതിയ്യതിയിലെ സ്‌റ്റേറ്റ്‌സ്മാന്‍ എന്ന ദിനപത്രത്തില്‍ അതിന്റെ കൊല്‍ക്കത്ത ലേഖകന്‍ താഴെപ്പറയുന്ന പത്രറിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ‘വഴിതെറ്റിയ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് ഇന്ന് കല്‍ക്കത്തവിമാനത്താവളത്തില്‍ വച്ച് ഡോക്ടര്‍ സുബ്രഹ്മണ്യസ്വാമി പത്രലേഖകരോട് പറഞ്ഞു. ആര്‍എസ്എസ് ഒരു വലിയ ശക്തിയാണെന്നും അതിനു മാത്രമേ ശരിയായ ഒരു നേതൃത്വം ഇന്ത്യക്ക് നല്‍കാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കരുതുന്നു. കമ്മ്യൂണിസം ഇന്ത്യയില്‍ പരാജയപ്പെട്ടു. കമ്മ്യൂണിസ്റ്റ്കാര്‍ ഇനി മറ്റൊരു രാജ്യം കണ്ടുപിടിക്കണം.’

യുവാവായ ഈ ഹാര്‍വാഡ് ധനതത്ത്വ ശാസ്ത്രജ്ഞന്റെ അഹങ്കാരോല്‍ഘോഷണം ഊതിവീര്‍പ്പിച്ചതാണെന്ന് തോന്നാമെങ്കിലും ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് പരിചിന്തിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് പ്രേരണ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇത്തരമൊരു പ്രസ്താവന ഇറക്കാന്‍ ഡോക്ടര്‍ സ്വാമിക്കും അദ്ദേഹത്തിന്റെ കൂട്ടര്‍ക്കും ധൈര്യം നല്‍കിയത്, ആര്‍എസ്എസ്- ജനത കൂട്ടുകെട്ടിന് ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ള സത്യാവസ്ഥയാണ്. അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ മാന്യത നേടാന്‍ സാധിച്ചു എന്ന് മാത്രമല്ല, കൈക്കൂലിയിലും കരിഞ്ചന്തയിലും കലഹത്തിലും കഴിഞ്ഞുകൂടുന്ന സമ്പന്ന വര്‍ഗത്തെ കോണ്‍ഗ്രസ്, ജനത എന്ന രണ്ട് ദേശീയ പാര്‍ട്ടികളായി പിളര്‍ക്കാനും കഴിഞ്ഞു. ആരംഭത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് എന്ന ഒരൊറ്റ ശത്രുവിനെ നേരിട്ടാല്‍ മതിയായിരുന്നു. എന്നാല്‍ ആര്‍എസ്എസ്-ജനത കൂട്ടുകെട്ടിന് സമ്പന്ന വര്‍ഗത്തെ പ്രേരിപ്പിച്ച് ഒരു ദേശീയ മുന്നണി പടുത്തുയര്‍ത്തി കൈക്കൂലിയും അഴിമതിയും കൊണ്ട് ജനഹിതം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിയുടെ പിന്തിരിപ്പന്‍ കോണ്‍ഗ്രസ്സില്‍ നിന്നും ഭരണം പിടിച്ചെടുത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. ജനത പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടുകൂടി ഇടതുപക്ഷത്തിന് മറ്റൊരു ശത്രുവിനെ കൂടി നേരിടേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ അധികാരിവര്‍ഗമായ ബ്രാഹ്മിണ്‍-ബനിയ-ഭൂസ്വാമി കൂട്ടുകെട്ട് കോണ്‍ഗ്രസ്-ജനത പാര്‍ട്ടികളായി പിളര്‍ന്നേക്കാം. എന്നാല്‍, ഇടതുപക്ഷ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതില്‍ അവര്‍ രണ്ടു കൂട്ടരും ഒരുപോലെ ദൃഢനിശ്ചയത്തിലും ഐക്യത്തിലും ഉറച്ചുനില്‍ക്കും. അങ്ങനെ ഒന്നിന് പകരം രണ്ടു ശത്രുനിരകളെ ഇടതുപക്ഷപ്രസ്ഥാനത്തിന് നേരിടേണ്ടതായിരിക്കുന്നു. ഈ പരിതഃസ്ഥിതിയില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് ഒന്നിച്ചു ചേര്‍ന്ന് ഒരു കൂട്ടു മന്ത്രിസഭ കേന്ദ്രത്തില്‍ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായി.

അങ്ങനെ, സാമൂഹ്യ പ്രതിവിപ്ലവകാരികളെകൂടാതെ, അതിശക്തമായ ഈ രണ്ട് പുതിയ ശത്രുക്കളെ കൂടി ഇടതു പ്രസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ആര്‍എസ്എസ്-ജനസംഘം ഫാസിസ്റ്റ് കൂട്ടുകെട്ടിനാല്‍ നയിക്കപ്പെടുന്ന ജനതാ പാര്‍ട്ടിയുടെ ആവിര്‍ഭാവമാണ് ഡോക്ടര്‍ സാമിയെ പോലുള്ള വ്യക്തികള്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അധഃപതനത്തെക്കുറിച്ച് ഇത്ര വിശ്വാസത്തോടുകൂടി പ്രവചിക്കാന്‍ ധൈര്യം കൊടുത്തത്. ഡോക്ടര്‍ സാമിയുടെ അത്തരത്തിലുള്ള പ്രവചനങ്ങള്‍ വെറും നിസ്സാരമായ പ്രസ്താവനകളായി തള്ളിക്കളയരുത് എന്ന് ഞാന്‍ ഇടതുപക്ഷ നേതൃത്വത്തോട് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. ആര്‍എസ്എസ്-ജനസംഘ കൂട്ടുകെട്ടിന്റെ കരുത്താര്‍ന്ന ഒരു വക്താവാണ് ഡോക്ടര്‍ സ്വാമി. അദ്ദേഹത്തിന്റെ പ്രസ്താവന കറയറ്റ സത്യമായി കരുതണം. എന്തുകൊണ്ടെന്നാല്‍ വിവാദമായ അത്തരത്തിലുള്ള പ്രസ്താവനകള്‍ ഒന്നും മേല്‍പ്പറഞ്ഞ കൂട്ടുകെട്ട് ഇതുവരെ നിഷേധിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന കാര്യം നാം ഓര്‍ത്തിരിക്കണം. അദ്ദേഹത്തിന്റെ വാക്കുകളും പ്രസ്താവനകളും പ്രവചനങ്ങള്‍ ആയി മാറിയേക്കാം. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി മാറാനുള്ള സൂചനകള്‍ ഞാന്‍ കാണുന്നു.

പ്രതിലോമ ശക്തികള്‍

ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകല്‍ച്ചയുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒരു വിപ്ലവത്തിനുള്ള സകലസാധ്യതകളും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തോന്നാമെങ്കിലും, ഹിന്ദു ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതി ശരിയായി അപഗ്രഥിച്ച് നോക്കുമ്പോള്‍ അതൊരു രൗദ്രമായ പ്രതിലോമശക്തിയുടെ പിടിയില്‍ പെട്ടിരിക്കുകയാണെന്നു കാണാം. ഇന്ത്യയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഒരു പരിവര്‍ത്തനമോ വിപ്ലവമോ അല്ല, മറിച്ച് വിപ്ലവത്തിനെതിരേ ബഹുമുഖമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിവിപ്ലവമാണ്. എന്നാല്‍, നമ്മുടെ ഇടതുപക്ഷ നേതൃത്വം ഈ വാസ്തവം മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.

1. ജാതിവ്യവസ്ഥ

ജാതിസമ്പ്രദായത്തിന്റെ പ്രതിവിപ്ലവസ്വഭാവം ഒരുപക്ഷേ മാര്‍ക്‌സ് അവഗണിച്ച് തള്ളിയിരിക്കാം. ചൈനയ്ക്കും റഷ്യക്കും അവരുടേതായ മതങ്ങള്‍ ഉണ്ടായിരുന്നിട്ടും ആ രാജ്യങ്ങളിലെ ജനങ്ങളെ വര്‍ഗസമരങ്ങളിലേക്ക് നയിക്കാനുള്ള ആവേശവും പ്രചോദനവും നല്‍കാന്‍ മാര്‍ക്‌സിസത്തിന് കഴിഞ്ഞു. കാരണം അവിടെ ജനങ്ങളെ ഉയര്‍ന്നവരും താഴ്ന്നവരും, ധനവാന്‍മാരും ദരിദ്രരും, ചൂഷകരും ചൂഷിതരും എന്ന സാമ്പത്തിക വര്‍ഗങ്ങളായി മാത്രമേ വിഭജിച്ചിരുന്നുള്ളൂ. എന്നാല്‍, ഹിന്ദു ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഗങ്ങള്‍ക്ക് പുറമേ ജനങ്ങളെ ജാതികളായി തിരിച്ച്, ഓരോ തട്ടുകളില്‍ മേല്‍ കീഴായി നിര്‍ത്തിയിരിക്കുന്നു. ഇത് ഹിന്ദു ഇന്ത്യയുടെ വിചിത്രമായ ഒരു സാമൂഹികപ്രതിഭാസമാണ്. മറ്റു രാജ്യങ്ങളില്‍ എങ്ങും ഇത്ര വിചിത്രമായ ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല. വര്‍ഗങ്ങള്‍ക്കുള്ളില്‍ ജാതികളും ജാതികള്‍ക്കുള്ളില്‍ വര്‍ഗങ്ങളും ഉണ്ടെന്നാണ് ഹിന്ദു ഇന്ത്യയുടെ പ്രത്യേകത. നേരത്തെ പറഞ്ഞതുപോലെ ഇത്തരമൊരു സാമൂഹികപ്രതിഭാസം മറ്റെങ്ങും കാണുന്നില്ല. ജാതി സ്തംഭത്തിന്റെ അഗ്രഭാഗത്ത് കുടികൊള്ളുന്ന ബ്രാഹ്മണരുടെ ഇടയില്‍ പാവങ്ങള്‍ ഉണ്ട്. എന്നാല്‍ പാവപ്പെട്ട ബ്രാഹ്മണര്‍ സമ്പന്നരായ ബ്രാഹ്മണര്‍ക്കെതിരേ സമരം ചെയ്യാന്‍ മുന്നോട്ടുവരില്ല. മറ്റെല്ലാ ജാതിയിലും ഉപജാതിയിലുംപെട്ട പാവങ്ങളുടെ നിലയും ഇതുതന്നെയാണ്. ജാതിവിഭജനം മൂലം ജാതിക്കെതിരായ ഒരു പൊതുസമരവേദി സംഘടിപ്പിക്കാന്‍ അത്ര എളുപ്പമല്ല. ജാതിയെ ഇല്ലാതാക്കുന്നതിനുള്ള യാതൊരു കര്‍മ്മ പരിപാടികളും കൈക്കൊള്ളാതെ ഭരണഘടനയില്‍ അയിത്തം ഇല്ലാതാക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുക മാത്രമാണ് അധികാരി വര്‍ഗം ചെയ്തിരിക്കുന്നത്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നീ നാല് വര്‍ണങ്ങള്‍ക്ക് പുറമേ പഞ്ചമര്‍ എന്നും മറ്റും വിളിക്കുന്ന അഞ്ചാമതൊരു ജാതിക്കാര്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ ആണ്ടു കിടന്നു. ഈ അഞ്ചാമത്തെ കൂട്ടര്‍ ചാതുര്‍വര്‍ണ്യ കോട്ടയുടെ പുറത്തു നില്‍ക്കുന്നവരാണ്. ലജ്ജിപ്പിക്കുന്ന രീതിയിലുള്ള അതിക്രൂരവും നിന്ദ്യവുമായ ഒരു സാമൂഹ്യവ്യവസ്ഥയിലാണ്് ഇക്കൂട്ടര്‍ ജീവിക്കുന്നത്. മനുഷ്യരെന്ന പരിഗണന പോലും ഇവര്‍ക്ക് ഹൈന്ദവ സംസ്‌കാരം നല്‍കുന്നില്ല. ഓരോ ജാതിയും ജാതി വിഭജനം കൊണ്ട് അല്‍പ്പാല്‍പ്പം മെച്ചം നേടുന്നു. ഈ പരിതസ്ഥിതിയില്‍ വര്‍ഗസമരത്തെ ആസ്പദമാക്കിയുള്ള മാര്‍ക്‌സിന്റെ മുദ്രാവാക്യത്തിന് ഹിന്ദു ഇന്ത്യയിലെ തൊഴിലാളി വര്‍ഗത്തെ ഉണര്‍ത്താന്‍ സാധ്യമല്ല. ലോകത്ത് നിലവിലുള്ള സാമൂഹികക്രമങ്ങളെ ആകെ മറിച്ചിടാന്‍ മാര്‍ക്‌സ് ലോകതൊഴിലാളി വര്‍ഗങ്ങളെ ഇങ്ങനെ ആഹ്വാനം ചെയ്തു. ‘എല്ലാ രാജ്യത്തുമുള്ള തൊഴിലാളികളെ സംഘടിക്കുവിന്‍, സ്വന്തം അടിമച്ചങ്ങലയല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് നഷ്ടപ്പെടാനില്ല, നേടാനോ ഒരു ലോകവും”! എന്നാല്‍ സാമൂഹികവും മതപരവുമായ പ്രാമാണികത്വവും മേല്‍ക്കോയ്മയും അവകാശങ്ങളും ഓരോ ജാതിക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായി വിഭജിച്ചിരിക്കുന്ന ഇന്ത്യയില്‍ മാര്‍ക്‌സിന്റെ മുദ്രാവാക്യത്തിന് ഹിന്ദുക്കളെ ആകമാനം ജാതിക്കെതിരായ ഒരു പൊതു സമരത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യമല്ല

2 കര്‍മ്മ സിദ്ധാന്തം

ഹിന്ദുമതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് കര്‍മസിദ്ധാന്തം. പ്രതിവിപ്ലവശക്തികളില്‍ രണ്ടാമത്തെ സ്ഥാനമാണ് അതിനുള്ളത.് ഒരു സായുധ വിപ്ലവത്തിന്റെ കാര്യം പോകട്ടെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മനുഷ്യന്റെ പരിശ്രമത്തില്‍ നിന്നും അവനെ നിര്‍വര്യനാക്കി പിന്തിരിപ്പിക്കുന്ന ഒരു ചിന്താഗതിയാണ് ഈ സിദ്ധാന്തത്തിന്റെ അന്തസത്ത. ഈ കാട്ടുവിഷപുല്ലുകൊണ്ട് ഈ രാജ്യം മുഴുവന്‍ പങ്കിലവും നിര്‍ജീവമാക്കപ്പെട്ടിരിക്കുകയാണ്. ക്രിസ്ത്യാനികളും മുസ്‌ലിംകളും ഉള്‍പ്പെടെയുള്ള ഹിന്ദു ഇന്ത്യയിലെ ആരോട് ചോദിച്ചാലും മുന്‍ജന്‍മത്തില്‍ താന്‍ ചെയ്ത കര്‍മത്തിന്റെ ഫലമാണ് ഇന്നു താന്‍ അനുഭവിക്കുന്നതെന്ന് നിസ്സംശയം പറയും. ഇവിടെ ഓരോ കാര്യവും മുന്‍വിധിയെ അഥവാ തലയിലെഴുത്തിനെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ കാര്‍ അപകടത്തില്‍ മരിച്ചാല്‍ അത് തലയിലെഴുത്ത്, പാവപ്പെട്ടവന് ലോട്ടറി സമ്മാനം കിട്ടിയാല്‍ അതും തലയിലെഴുത്ത് എന്നുവേണ്ട സര്‍വ്വതും തലയിലെഴുത്ത്. ആര്‍ക്കെങ്കിലും അല്‍പ്പം വിപ്ലവാസക്തി ഉണ്ടായാല്‍ കര്‍മസിദ്ധാന്തം അതിനെ പാടെ നശിപ്പിക്കും. പുനര്‍ജന്‍മസിദ്ധാന്തം ഈ രാജ്യത്ത് വരുത്തിവച്ചിരിക്കുന്ന വില അതിഭയങ്കരവും ആപല്‍ക്കരവുമാണ്. ഹിന്ദു ഇന്ത്യയില്‍ ആരും ഒന്നിനെയും എതിര്‍ക്കുന്നില്ല. കഷ്ടപ്പാടുകള്‍ പോലും പുണ്യം എന്നുകരുതി സഹിക്കുന്നു. ജന്‍മത്തില്‍ അയാള്‍ ചെയ്ത സല്‍കര്‍മങ്ങളുടെ ഫലമായിട്ടാണ് മറ്റൊരാള്‍ ദരിദ്രനായത്. അതുപോലെ മുജ്ജന്‍മത്തില്‍ അയാള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്നും ഇന്ത്യക്കാര്‍ വിശ്വസിക്കുന്നു. എന്തൊരു രാജ്യം, എന്തൊരു ജനത. മനുഷ്യര്‍ക്ക് ഉണരാനും ഉയരാനുമുള്ള ആകാംക്ഷയും ആവേശവും അത് പാടെ നശിപ്പിച്ചിരിക്കുന്നു. പാവപ്പെട്ടവരെ എന്നന്നേക്കും പാവപ്പെട്ടവരായി അടിച്ചമര്‍ത്തി നിര്‍ത്താന്‍ ചൂഷക വര്‍ഗം മെനഞ്ഞുണ്ടാക്കിയ ഈ മാരക സിദ്ധാന്തം അവര്‍ സമര്‍ത്ഥമായി ഇന്നും കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

3. മനുഷ്യ ദൈവങ്ങള്‍

ഇവിടത്തെ മൂന്നാമത്തെ പ്രതിരോധശക്തി നാമിവിടെ കാണുന്ന മനുഷ്യദൈവങ്ങളാണ്. ഇവരെക്കൊണ്ട് ഈ രാജ്യം നിറഞ്ഞിരിക്കുകയാണ്. ദൈവം ഇല്ലാതെ ഒരു ഹിന്ദുവിന് ജീവിക്കാന്‍ കഴിഞ്ഞു എന്ന് വരാം. എന്നാല്‍ അയാള്‍ക്ക് അയാളുടെ മനുഷ്യദൈവങ്ങളില്ലാതെ ജീവിക്കാന്‍ സാധ്യമല്ല. ദൈവത്തെ അവഹേളിക്കുകയോ ആക്രമിക്കുകയും ചെയ്താല്‍ അയാളത് കണ്ടില്ലെന്ന ഭാവം നടിച്ചേക്കാം. എന്നാല്‍ അയാളുടെ മനുഷ്യദൈവത്തെ അധിക്ഷേപിച്ചാല്‍ ഗോപാകുലനായി അയാള്‍ കുതിച്ചുചാടുന്നതും കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും ശക്തനുമായ മനുഷ്യദൈവമാണ് സത്യസായിബാബ. ഇയാളുടെ കപടവിദ്യകളെ കണ്ടുപിടിക്കാന്‍ പുറപ്പെട്ട ഡോക്ടര്‍ എച്ച് നരസിംഹ ബാംഗ്ലൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഹിന്ദു ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന ഹൈന്ദവ ക്ഷേത്രങ്ങള്‍ അഴിമതിയുടെയും ജീവിതത്തിന്റെയും രഹസ്യ സങ്കേതങ്ങളാണ്. ഈ ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്‍ നടത്തുന്നത് വഞ്ചകരും സൂത്രശാലികളും ആയ പാരമ്പര്യ പുരോഹിതനാണ് മനുഷ്യദൈവങ്ങളുടെ കൈയുംകണക്കുമില്ലാത്ത തന്ത്രപ്രയോഗങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഈ പാരമ്പര്യ പുരോഹിതവൃന്ദമാണ്.

4.ജ്യോത്സ്യര്‍

ഈ കപട മനുഷ്യദൈവങ്ങളോടൊപ്പം ഒത്തുനില്‍ക്കുന്ന നാലാമത്തെ പ്രതിവിപ്ലവകാരികളാണ് ഒരു സേനാവിഭാഗം പോലെ ശക്തമായി നില്‍ക്കുന്ന ഇവിടത്തെ ജോത്സ്യര്‍. ലക്ഷണം പറയുന്നവര്‍, കൈനോട്ടക്കാര്‍, നക്ഷത്രഫലം പറയുന്ന പണ്ഡിത•ാര്‍, ഗ്രഹനിരീക്ഷകര്‍, പക്ഷി ശാസ്ത്രക്കാര്‍, മന്ത്രവാദികള്‍ മുതലായവര്‍ അക്രമികളും കൊലയാളികളും വഞ്ചുകരുമാണ് ഈ രാജ്യം കേന്ദ്രം മുതല്‍ പഞ്ചായത്ത് വരെ ഭരിക്കുന്നത്. തീവ്രവാദികളായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ പോലും ഇതിന്റെ മാസ്മരികശക്തിയില്‍ നിന്ന് വിമുക്തരാവാന്‍ കഴിഞ്ഞിട്ടില്ല. അമ്പലം പുതുക്കിപ്പണിയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ചുറ്റി നടന്ന് പണം പിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തിരുപ്പതിയിലും സായിബാബയുടെ അരികിലും രഹസ്യമായി അവര്‍ പോകുന്നു. ജയപ്രകാശ് നാരായണന്‍ സായിബാബയുടെ ഒരു വലിയ ആരാധകനായിരുന്നു വിസ്മയകരമായ ഈ രാജ്യം അജ്ഞാതത്തിന്റെ വിളഭൂമിയാണ്.

5.ആര്‍എസ്എസ്- ജനസംഘ പുനരുദ്ധാരകര്‍

മേല്‍പ്പറഞ്ഞ നാല് പിന്തിരിപ്പന്‍ ശക്തികള്‍ക്ക് പുറമേ വീര്യവും ക്രൗര്യവും വര്‍ഗീയ വിഷവും കലര്‍ന്ന മറ്റൊരു പ്രതിവിപ്ലവ ശക്തിയാണ് പുനരുദ്ധാരകരായ ആര്‍എസ്എസുകാരും ജനസംഘക്കാരും കേന്ദ്രത്തിലും ഹിന്ദി സംസ്ഥാനങ്ങളിലും അവരുടെ വര്‍ഗീയവിഷം അതിശക്തമായി പടര്‍ന്നുപിടിച്ചു. പുറമേ കാണുന്നതുപോലെയല്ല അതിന്റെ ശക്തി. മുസ്‌ലിംകളെ വെറുക്കുക ക്രിസ്ത്യാനികളെ വെറുക്കുക എന്ന മുദ്രാവാക്യങ്ങള്‍ തുറപ്പു ചീട്ടായി അംഗീകരിച്ചിരുന്ന ഈ ഫാസിസ്റ്റ് കൂട്ടുകെട്ട് ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരെ മാസ്മരശക്തിയാല്‍ മയക്കി അതിനെ തീറ്റിപ്പോറ്റുന്ന ബ്രാഹ്മണരുടെയും മാര്‍വാടികളുടെയും ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ ഏതിന്റെയെങ്കിലും ഒന്നിന്റെ കൂടെ വെറും കസേരയ്ക്ക് വേണ്ടി മന്ത്രിസഭ ഉണ്ടാക്കി പരസ്പരം വാശിയോടു കൂടി തമ്മിലടിച്ചു കഴിയുന്ന സിപിഎം സിപിഐ പാര്‍ട്ടികള്‍ കൈക്കൊണ്ടിരിക്കുന്ന ഏറ്റവും ബുദ്ധിശൂന്യമായ നിലപാട് വരുത്തിക്കൂട്ടുന്ന ആപത്ത് അവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ കൂട്ടുകൂടി നില്‍ക്കുന്ന ഓരോ ബൂര്‍ഷ്വാ പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് അവര്‍ക്കറിയാമെങ്കിലും മന്ത്രി കസേരയോടുള്ള ഭ്രമത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

6.ഗാന്ധിസവും അക്രമരാഹിത്യസിദ്ധാന്തവും

ഈ രാജ്യത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ആപല്‍ക്കരമായ അക്രമരാഹിത്യ സിദ്ധാന്തം. ഗാന്ധിയും ഗാന്ധിസവും അതിന് ഒരു പുതുജീവിതവും ഉശിരും ഉ•േഷവും നല്‍കി. ഭൂതദയാപരം എന്ന് പ്രഖ്യാപിക്കപ്പെടുന്ന ഈ സിദ്ധാന്തം തൊഴിലാളിവര്‍ഗ വിപ്ലവത്തെ അങ്ങേയറ്റം ഭയപ്പെടുന്ന ഒന്നാണ്. ആത്മീയവും ശാസ്ത്രവും വിചിത്രമായ രീതിയില്‍ കോര്‍ത്തിണക്കി പ്രതിലോമ ശക്തികള്‍ക്ക് കരുത്തു നല്‍കുന്ന ഈ തത്ത്വചിന്ത ഫാസിസത്തിന്റെ ആശയപരവും സാംസ്‌കാരികവുമായ അടിസ്ഥാനം കെട്ടിപ്പടുത്തു. ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടാല്‍ അതിന്റെ ആദ്യത്തെ ബലിയാടുകള്‍ സമ്പന്ന വര്‍ഗവും അവരുമായി കൈകോര്‍ത്തു പിടിച്ചു നടക്കുന്ന വഞ്ചകരായ പുരോഹിത വര്‍ഗവും ആയിരിക്കും. ഈ ആപത്ത് നല്ലവണ്ണം മനസ്സിലാക്കിക്കൊണ്ടാണ് ഇക്കൂട്ടര്‍ സുരക്ഷിതമായ ഗാന്ധിയന്‍ തത്ത്വശാസ്ത്രത്തില്‍ തൂങ്ങിപ്പിടിച്ചു കിടക്കുന്നത്.

7 പാര്‍ലമെന്ററി ഭരണം

പാര്‍ലമെന്ററി പാത ആപല്‍ക്കരമാണെന്നും അത് സ്വീകരിക്കാന്‍ പാടില്ലെന്നും ലെനിന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ആശയപരമായോ ആദര്‍ശപരമായോ യാതൊരു ബന്ധവുമില്ലാത്ത തനിപിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കല്ല, മറിച്ച് പിന്തിരിപ്പന്‍ പാര്‍ട്ടിക്കാണ് നേട്ടം ഉണ്ടാവുന്നത്. അവസരവാദിത്തം തന്നെ കാരണം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അടിസ്ഥാനപരമായ താല്‍പര്യങ്ങളെ താല്‍ക്കാലിക ആനുകൂല്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന പാര്‍ലമെന്ററി ഭരണസമ്പ്രദായം കൈവരിച്ചതോടെ കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളിവര്‍ഗ സമരം നിര്‍ജീവമാക്കിത്തീര്‍ത്തു. വോട്ടുപെട്ടിയില്‍ കൂടി ഒരു സോഷ്യലിസ്റ്റ് സമുദായം ഹിന്ദു ഇന്ത്യയില്‍ കെട്ടിപ്പടുക്കാന്‍ സാധ്യമല്ല. ഭൂപരിഷ്‌കരണ ബില്ലിന്റെ പേരില്‍ കാട്ടിക്കൂട്ടിയ ചില വിക്രിയകളെപ്പോലെ വല്ലതും കാട്ടിക്കൂട്ടാം എന്നല്ലാതെ അടിസ്ഥാനപരമായ സോമൂഹിക പ്രശ്‌നങ്ങള്‍ക്കൊന്നും ഒരു പരിഹാരം കണ്ടെത്താന്‍ പാര്‍ലമെന്ററി ഭരണകൊണ്ട് കഴിയുകയില്ല.

8. ട്രേഡ് യൂണിയനിസം

ഈ രാജ്യത്തിന്റെ വിപ്ലവത്തിലേക്കുള്ള മുന്നേറ്റത്തിന് തടസ്സമായി നില്‍ക്കുന്ന മറ്റൊരു പിന്‍തിരിപ്പന്‍ശക്തിയാണ് ഇവിടത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം. ഞാന്‍ തൊഴിലാളി വര്‍ഗത്തിനെതിരല്ല. വ്യവസായ തൊഴിലാളികളെയും കര്‍ഷക തൊഴിലാളികളെയും വിപ്ലവത്തിലേക്ക് നയിക്കുന്നതിന് ഇത്തരം പ്രസ്ഥാനങ്ങള്‍ ആവശ്യമാണ.് എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഹിന്ദു ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കള്‍ ഈ പ്രസ്ഥാനത്തെ സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റത്തിന് എതിരായിട്ടാണ് നയിച്ചത്. ഇവിടത്തെ ട്രേഡ് യൂണിയനിസം അസംഘടിത തൊഴിലാളി വര്‍ഗത്തിന്റെ ചെലവില്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ വാഴിച്ച് വഷളാക്കുകയാണ് ചെയ്തത.് തൊഴിലാളികളില്‍ ജനസംഖ്യ കൊണ്ട് ഏറ്റവും മുന്നിരിയില്‍ നില്‍ക്കുന്ന കര്‍ഷക തൊഴിലാളികളെ അങ്ങേയറ്റം അവഗണിക്കുകയാണ് സംഘടിത ട്രേഡ് പ്രസ്ഥാനം ചെയ്തത്. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ അതിന്റെ സദുദ്ദേശങ്ങളില്‍ നിന്ന് വഴിതെറ്റിച്ച് വികൃതമാക്കിത്തീര്‍ത്തത് ഇവിടത്തെ ഇടതുപക്ഷ നേതാക്ക•ാരാണ്. ഒരു സോഷ്യലിസ്റ്റ് സമുദായം ഇവിടെ പടുത്തുയര്‍ത്തുന്നതിന് ട്രേഡ് യൂണിയനിസം ഒരു പ്രതിബന്ധമായി തീര്‍ന്നിരിക്കുകയാണ്. അങ്ങനെ നമ്മുടെ സംഘടിത തൊഴിലാളി പ്രസ്ഥാനം എന്ന് പ്രതിവിപ്ലവ കൂട്ടുകെട്ടിന്റെ കൂടാരത്തില്‍ കൂടി പറ്റിയിരിക്കുകയാണ്.

9 പോലിസിന്റെയും പട്ടാളത്തിന്റെയും പങ്ക്

ചൂഷക വര്‍ഗത്തില്‍ നിന്നും പോലിസിലേക്കും പട്ടാളത്തിലേക്കും എടുത്തിട്ടുള്ള ഉദ്യോഗസ്ഥ•ാര്‍ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ്. നീതിന്യായവകുപ്പിലെ ഉദ്യോഗസ്ഥ•ാരും വിപ്ലവപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ സദാസന്നദ്ധരാണ്. കാരണം ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടാല്‍ അവരുടെ സ്വത്തും സ്ഥാപനങ്ങളും അപകടത്തിലാകും എന്ന് അവര്‍ക്കറിയാം. ഈ വിഭാഗത്തിന് ഇടതുപക്ഷ പ്രസ്ഥാനത്തോട് യാതൊരു കൂറും ഇല്ലെന്ന് മാത്രമല്ല അതിന്റെ വളര്‍ച്ചയ്ക്ക് അവര്‍ അങ്ങേയറ്റം എതിരുമാണ്. ഈ പ്രശ്‌നത്തെക്കുറിച്ച് ഇവിടത്തെ ഇടതു നേതാക്കന്‍മാര്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല.

10 വേദാന്തവും മാര്‍ക്‌സിസവും

നിലവിലെ പരിതസ്ഥിതിയെ അഭിമുഖീകരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനം പരിപൂര്‍ണമായും മരവിച്ചുകിടക്കുകയാണ്. കാരണം ഇവിടത്തെ ഇടതു നേതൃത്വം ഒന്നടങ്കം സിപിഎം ആയാലും സിപിഐ ആയാലും വിപ്ലവത്തിന്റെ ജീവനാഡി എന്ന് വീമ്പിളക്കി നടക്കുന്ന സിപിഐഎമ്മല്‍ ആയാലും മേല്‍ ജാതിയില്‍ നിന്ന് വന്നിട്ടുള്ളവരും തന്‍മൂലം അവരുടെ ജാതി പാരമ്പര്യത്തിന്റെ പിടിയില്‍ നിന്ന് വിട്ടുമാറാന്‍ കഴിയാത്തവരുമാണ്. പൊങ്ങിയ ജാതിബോധത്തില്‍ അധിഷ്ഠിതമായ അവരുടെ ജീവിതപാരമ്പര്യം ജാതിക്കെതിരേയുള്ള സമരത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. അധികാരവും പ്രമാണിത്തവും ജാതിയില്‍ കൂടിയാണ് ഈ രാജ്യത്ത് കൈവരുന്നത്. ജാതി പോയാല്‍ അത് രണ്ടും നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്ന ഹിന്ദുമതം തികച്ചും ഫാസിസ്റ്റ് സ്വഭാവവും ഉള്‍ക്കൊള്ളുന്ന ഒരു പിന്തിരിപ്പന്‍ തത്ത്വജ്ഞാനത്തിന്റെ ഉറവിടമാണ്. അതില്‍ നിന്ന് രക്ഷപ്പെടല്‍ ആപല്‍ക്കരമാണെന്നും അവര്‍ക്ക് അറിയാം. ബ്രാഹ്മണ മേല്‍ക്കോയ്മയുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന ഇടതു നേതൃത്വം സാധാരണ ജനങ്ങളില്‍ അവശേഷിച്ചു നില്‍ക്കുന്ന വിപ്ലവാസക്തിയെ പോലും ഇല്ലാതാക്കുന്നവിധത്തിലുള്ള പിന്തിരിപ്പന്‍ ആശയങ്ങള്‍ അവരുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നു. ബുദ്ധിശക്തി മുഴുവനും വേദാന്തത്തില്‍ നിന്നും ലഭിച്ചിട്ടുള്ളതാണെന്നാണ് അവരുടെ നിഗമനം. ഏറ്റവും നീചമായ അത്തരം ദുഷ്പ്രചാരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകമാണ് ‘യൂണിവേഴ്‌സ് ഓഫ് വേദാന്ത്.’ ഈ പുസ്തകം സിപിഐ നേതാവും ഡാങ്കെയുടെ മരുമകനുമായ ദേശ് പാണ്ഡെയാണ് എഴുതി പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ അഗ്രഗണ്യനും, സിപിഐയുടെ മുന്‍ ചെയര്‍മാനും, ഉന്നതമായ ലെനിന്‍ അവാര്‍ഡ് ലഭിച്ച ആളുമായ ഡാങ്കെ തന്റെ പൂര്‍ണമായ അംഗീകാരം ആ പുസ്തകത്തിന് നല്‍കി എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പിന്നീട് ആ പുസ്തകം സിപിഐ ഔദ്യോഗികമായി നിരാകരിച്ചുവെങ്കിലും ബ്രാഹ്മണരായ കമ്മ്യൂണിസ്റ്റ് നേതാക്ക•ാര്‍ക്ക് അവരുടെ പരമ്പരാഗത ജാതീയ ചിന്തയില്‍ നിന്നും വിമുക്തരാവാന്‍ കഴിയുകയില്ലെന്ന സത്യം ഇന്നും അവശേഷിക്കുന്നു. ബ്രാഹ്മണചിന്താഗതി ഉള്‍ക്കൊള്ളുന്ന മറ്റു മേല്‍ജാതി നേതൃത്വം ഇതില്‍നിന്ന് വ്യത്യസ്തമല്ല. മേല്‍ ചൂണ്ടിക്കാണിച്ച വിധത്തിലുള്ള പ്രതിവിപ്ലവശക്തികളെ കൈകാര്യംചെയ്യുന്നതില്‍ അങ്ങേയറ്റം പരാജയപ്പെട്ടതോടുകൂടി മേല്‍ ജാതി ഇടതു നേതൃത്വം ബൂര്‍ഷ്വാ പാര്‍ലമെന്ററി ഭരണസമ്പ്രദായത്തില്‍ പൂര്‍ണമായി അലിഞ്ഞു ചേര്‍ന്ന് തൊഴിലാളിവര്‍ഗ സമരത്തെ വഞ്ചിച്ചു. രാജ്യത്തെ ഒരിഞ്ചുപോലും വിപ്ലവപാതയിലേക്ക് നയിക്കാന്‍ കഴിയാതെ വിപ്ലവത്തിന് വേണ്ടി ജീവിതം മുഴുവന്‍ ആത്മാര്‍പ്പണം ചെയ്ത നൂറുകണക്കിന് മാര്‍ക്‌സിസ്റ്റുകാര്‍ കഠിന ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും മരണം പ്രാപിച്ചു.

പരിഹാരമാര്‍ഗം

ഹൈന്ദവ ഇന്ത്യയുടെ വികൃതവും വിചിത്രവുമായ സാമൂഹ്യവ്യവസ്ഥയെ കണക്കിലെടുക്കാതെ മാര്‍ക്‌സിസ്റ്റ് ലെനിസ്റ്റ് സമരമാര്‍ഗങ്ങളെ അതേപടി ഇന്ത്യയില്‍ പ്രയോഗിക്കാമെന്ന ഇടതുപക്ഷ നേതൃത്വത്തിന്റെ ധാരണയാണ് അവര്‍ക്ക് പറ്റിയിട്ടുള്ള അടിസ്ഥാനപരമായ തെറ്റ്. ഇടതു നേതൃത്വത്തിന്റെ വര്‍ഗീയ സ്വഭാവം ജാതിധര്‍മ്മസിദ്ധാന്തത്തെ അല്‍പ്പം പോലും വ്രണപ്പെടുത്താന്‍ അനുവദിക്കുകയില്ല. ഇന്ത്യക്ക് അതിന്റേതായ അസാധാരണമായ സാമൂഹിക പ്രശ്‌നങ്ങളുള്ളതുകൊണ്ട് മാര്‍ക്‌സിസം കണ്ണുമടച്ച് അതേപടി ഇവിടെ പ്രയോഗിക്കാന്‍ സാധ്യമല്ല. ഇവിടത്തെ ഇടതു നേതൃത്വം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടാന്‍ വര്‍ഗസമരങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം സാമൂഹ്യം, മതം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മര്‍മ്മപ്രധാനങ്ങളായ രംഗങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കണം എന്നുള്ളതാണ്.

ജന്മനാ  സമരസന്നദ്ധരും ജനസംഖ്യയില്‍ മൂന്നിലൊന്നോളം വരുന്ന പട്ടികജാതിക്കാരെയും ഗിരി വര്‍ഗക്കാരെയും ജനസംഖ്യയില്‍ ഏതാണ്ട് 13 ശതമാനം വരുന്നവരുമായ മുസ്‌ലിം ജനതയെയും തങ്ങളുടെ ചേരിയിലേക്ക് ആകര്‍ഷിച്ച് അവരുടെ വിമോചനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ഒരു സന്ധിയില്ലാ സമരം പ്രഖ്യാപിക്കുക എന്നതാണ് അവര്‍ ആദ്യം ചെയ്യേണ്ട കൃത്യം. ഞാന്‍ സാധാരണ പറയാറുള്ളതു പോലെ ഒരു ഹരിജന്‍-മുസ്‌ലിം സമരസഖ്യം സംഘടിപ്പിക്കണം അപ്പോള്‍ അവര്‍ വിപ്ലവത്തിന്റെ മുന്നണി പടയാളികള്‍ ആയി മാറും.

സാംസ്‌കാരിക വിപ്ലവം

ഒരു സോഷ്യലിസ്റ്റ് ഗവണ്‍മെന്റ് ചൈനയില്‍ വന്നതിനുശേഷമാണ് അവിടെ ഒരു സാംസ്‌കാരിക വിപ്ലവം പ്രഖ്യാപിച്ചത്. എന്നാല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ ഇന്ത്യയില്‍ സ്ഥാപിക്കണമെങ്കില്‍ അതിന്റെ മുന്നോടിയായി ഒരു സാംസ്‌കാരിക വിപ്ലവം ഇവിടെ ഉണ്ടാകണം. അത്തരമൊരു വിപ്ലവത്തില്‍ കൂടി മാത്രമേ സോഷ്യലിസം ഇവിടെ പിടിക്കുകയുള്ളൂ. അതുകൊണ്ട് ഒരു സാംസ്‌കാരിക വിപ്ലവം ഇവിടെ ഉടലെടുക്കാനുള്ള എല്ലാ പ്രാഥമിക കര്‍മ്മപരിപാടികളും ഇടതു നേതൃത്വം കൈക്കൊള്ളണം. അത്തരമൊരു വിപ്ലവത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ഇവിടത്തെ ബൂര്‍ഷ്വാ പിന്തിരിപ്പന്‍ സംസ്‌കാരമാണ്. മതപരവും വിദ്യാഭ്യാസപരവുമായ ഇവിടത്തെ ബൂര്‍ഷ്വാ സംസ്‌കാരം ഇന്ന് ബ്രാഹ്മിണ്‍-ബനിയ മേധാവിത്വത്തിന്റെ നിയന്ത്രണത്തിലാണ് ഈ ബൂര്‍ഷ്വാ സംസ്‌കാരത്തെ പാടെ നശിപ്പിക്കാന്‍ ഒരു ജനകീയ സാംസ്‌കാരിക വിപ്ലവത്തിന് മാത്രമേ കഴിയുകയുള്ളൂ.

വിവ: ടി കെ നാരായണന്‍

 

 

No Comments yet!

Your Email address will not be published.