കളവ് നുണ ഭീഷണി ചതി
കൊല കൊള്ളയും തടയുന്നില്ല
അനുസരണ മുടക്കുന്നില്ല.
അടയ്ക്കേണ്ടതെല്ലാം അടയ്ക്കുന്നു,
വരി, കുറി, ഫീസ്, പിഴ, പിഴപ്പിഴ,
എസ് ടി, ജി എസ് ടി, വീട്ടുകരം,
നാട്ടുകരം, റോഡ് കരം, ജനനക്കരം,
വരുമാനക്കരം, അന്നക്കരം തേയ്മാനക്കരം,
രോഗക്കരം, മരണക്കരം, കണ്ണീര്‍ക്കരം,
വെള്ളക്കരം, വായുക്കരം,
കരക്കരം, കരക്കരക്കരം… എല്ലാമടയ്ക്കുന്നു,
നമ്മള്‍ ഇളിക്കുന്നു…
തീര്‍ന്നില്ല; കണ്ണും കാതും വായും
മനസ്സും അടയ്ക്കുന്നു,
നമ്മള്‍ ഇളിക്കുന്നു.
തുറക്കേണ്ടതൊന്നും തുറക്കുന്നില്ല;
ധൈര്യോല്‍പ്പാദനശാലയും
സെക്കുലര്‍ ക്ലിനിക്കും ധൈര്യ ഫാര്‍മസിയും
ധൈര്യയോഗ കേന്ദ്രവുമൊന്നും;
നമ്മള്‍ ഇളിക്കുന്നു.
തുറന്നാലും കിട്ടാനില്ല ധൈര്യം.
കിട്ടാനുണ്ട്, കരിഞ്ചന്തയില്‍
ധൈര്യ ബീഡി,ധൈര്യ ക്യാപ്‌സ്യൂളും
പ്രാണവിലയ്ക്ക്;
നമ്മള്‍ ഇളിക്കുന്നു.
ഇന്നത്തെ സൂര്യന്‍ അസ്തമിക്കാതെ
കാത്ത് നില്‍ക്കുന്നു
സാദാഭീരുക്കള്‍ നാം വെറും
വായാടികള്‍ ഇരുട്ടില്‍ ഇളിച്ചിളിച്ച്
പതിവായനുഷ്ഠിക്കുന്ന
ധൈര്യദാരിദ്ര്യചര്‍ച്ച നിര്‍ത്തിക്കാന്‍;
നമ്മുടെ വിശ്വാസവിത്തിലൊരു പുത്തന്‍
ക്ഷോഭക്കണം ചേര്‍ക്കാന്‍
ബയോ ടെക്‌നോളജിക്കാരെ ഏര്‍പ്പാടാക്കാന്‍



No Comments yet!