Skip to main content

മറുവാക്കുകളുടെ ദശകം:ഭൂതം, വര്‍ത്തമാനം,പിന്നെ ഭാവിയും

എം പി ബാലറാം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ആഗോളീകരണം കേരളീയ സാഹചര്യങ്ങളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്.

ഭൗതികജീവിത സ്ഥിതിഗതികള്‍ മാറിമറഞ്ഞു. പരസ്പര ബന്ധങ്ങളില്‍ ഉലച്ചിലുണ്ടായി. വ്യക്തി, കുടുംബം, സമൂഹം ഇവയുടെ അതിര്‍വരമ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും വഴങ്ങാതായി. ഭാഷകളും ദേശങ്ങളും സംസ്‌കാരങ്ങളും കൂടിക്കലരുകയും കേരളീയ ഭാവനയുടെ സങ്കരമായ സ്വത്വത്തെ ദൃഢപ്പെടുത്തുകയും ചെയ്തു.

മതപരമായ ആത്മീയത പ്രകടനപരം മാത്രമായിത്തീര്‍ന്നു. മതത്തിന്റേയും ദേശത്തിന്റേയും ജാതിയുടേയും രാഷ്ട്രീയത്തിന്റേയും പേരിലുള്ള പകയും ചതിയും സ്പര്‍ദ്ധയും ഹിംസയും വര്‍ദ്ധിച്ചത് ആഗോളീകരണത്തിന്റെ പ്രതിലോമ സ്വഭാവത്തെ പ്രത്യക്ഷമാക്കി.

സൗന്ദര്യാത്മകതയ്ക്കും ധൈഷണികതയ്ക്കും നൈസര്‍ഗികമായുള്ള സ്വഭാവസവിശേഷതകളെന്ന് പ്രകീര്‍ത്തിക്കപ്പെട്ട പുരോഗമനാത്മകതയേയും സാമൂഹികതയേയും ആഗോളീകരണം നഷ്ടപ്പെടുത്തി. സൗന്ദര്യബോധവും ശാസ്ത്രജ്ഞാനവും വ്യക്തിപരമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണെന്ന വിശ്വാസം ബലപ്പെട്ടുവന്നു.

സൗന്ദര്യബോധത്തിന്റേയും ചരിത്രത്തിന്റേയും ശാസ്ത്രജ്ഞാനത്തിന്റേയും അടിത്തറയില്ലാത്ത ഒരു സംസ്‌കാരത്തിനും ഭൂമുഖത്ത് മനുഷ്യവര്‍ഗത്തിന്റെ പേരില്‍ നിലനില്‍ക്കാന്‍ അര്‍ഹതയുണ്ടാവില്ല എന്നതിന് നമ്മുടെ അവസ്ഥ തെളിവാകുന്നുണ്ട്.

ഈ ചരിത്രസന്ദര്‍ഭത്തില്‍ സ്വകാര്യമൂലധനശക്തികള്‍ക്കും മുഖ്യധാരയിലെ ഇടത്-വലത് രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും കീഴ്‌പ്പെടാതെ സ്വതന്ത്രമായി ചെറുത്തു നിന്ന് പോരാടുക എന്ന ദുഷ്‌കരമായ ദൗത്യം നിറവേറ്റാനാണ് മറുവാക്ക് ഒരു ദശകമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള അമിതാധികാര രാഷ്ട്രീയവ്യവസ്ഥയെ ബലപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്ന ആത്യന്തിക ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്ന മറ്റെല്ലാ മലയാള പ്രസിദ്ധീകരണങ്ങളില്‍ നിന്നും ആദര്‍ശാത്മകമായ അകലം പാലിക്കുക- ഇതു തന്നെ ഈ സാഹചര്യത്തില്‍ ഏറെ ക്ലേശകരമായ സാഹസിക കൃത്യമാണ്. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കാനും പ്രായോഗികമായും ആശയപരമായും കീഴാളവര്‍ഗത്തിന്റെ ശബ്ദത്തെ പ്രതിനിധീകരിക്കാനുമാണ് മറുവാക്ക് സാമാന്യമായി ശ്രമിച്ചുപോരുന്നത് – വിശദാംശങ്ങളില്‍ നമുക്ക് യോജിക്കാന്‍ കഴിയാത്ത അപൂര്‍ണതകളേയും അപാകതകളേയും കണക്കിലെടുക്കുമ്പോള്‍ മറുവാക്കിന്റെ ദൗത്യം ഏറെ പ്രശ്‌നസങ്കീര്‍ണവും ക്ലേശകരവുമാണെന്ന സത്യം കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

നവംബര്‍, 2025-ലെ മറുവാക്ക്

പത്തു വര്‍ഷം മുമ്പാണ് മറുവാക്ക് ജന്മമെടുത്തത്. മുഖ്യധാരയിലെ വ്യാജ വാക്കുകളോട് എതിരിട്ടാണ് മറുവാക്ക് സ്വന്തം നില സ്ഥാപിച്ചതും ശക്തിപ്പെടുത്തിയതും. ഭദ്രമായ സാമ്പത്തിക അടിത്തറയില്ലാത്ത ഏതൊരു പ്രസിദ്ധീകരണത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളെല്ലാം മറുവാക്കിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. കോളനി വാഴ്ച്ചയ്ക്കും രാജഭരണത്തിനുമെതിരേ പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഭാഷയിലെ പത്ര-പ്രസിദ്ധീകരണങ്ങള്‍ നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം തുടര്‍ച്ചകളില്ലാതാവുകയും അവയില്‍ മിക്കതും ജനകീയ ജിഹ്വകളാകുന്നതിന് പകരം അധികാരശക്തിയുടെ വിളംബരശബ്ദങ്ങളായിത്തീരുകയും ചെയ്തു. സ്വദേശാഭിമാനിയുടേയും കേസരിയുടേയും സമദര്‍ശിയുടേയും സഞ്ജയന്റേയും പഴയ ലക്കങ്ങള്‍ ഇന്നത്തെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മ്യൂസിയം കൗതുകക്കാഴ്ച്ച മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്.

ഈ അവസ്ഥയില്‍ പ്രവര്‍ത്തിക്കാനും പ്രതിബദ്ധതയോടെ പുതിയ വെല്ലുവിളികളെ നേരിടാനും ഒരുങ്ങുന്ന ഏതൊരു സ്വതന്ത്രസംരഭത്തിനും അതിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടം വാക്കുകള്‍ക്ക് പകരം ഉരിയാടാനും പ്രയോഗിക്കാനും ഞങ്ങള്‍ക്ക് മറുവാക്കുകളുണ്ടെന്ന് ഉറച്ച ബോദ്ധ്യമുള്ള കരുത്തുറ്റ ഒരു എഴുത്തു നിരയുടെ സര്‍ഗാത്മക ശേഷി മാത്രമായിരിക്കുമെന്ന് സ്വയം കണ്ടെത്താന്‍ നാം തയ്യാറാവേണ്ടതുണ്ട്.

No Comments yet!

Your Email address will not be published.