ശ്യാം ബെനഗല്‍
എഴുപതുകളിലെ ഇന്ത്യന്‍ ന്യൂവേവ് സിനിമാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്ന ശ്യാം ബെന്ഗല്‍ (91)ഇനി ഓര്‍മ. സാമൂഹ്യാനുഭങ്ങളെ ദൃശ്യഭാഷയിലാവിഷ്‌കരിക്കാന്‍ ശ്രമിച്ച ഒരാള്‍ കൂടിയായിരുന്നു ബെനഗല്‍. ഏതൊരു മികച്ച ചലച്ചിത്രകാരനെപ്പോലെയും അദ്ദേഹത്തിന്റെ സിനിമകളും കാലം, ചരിത്രം, സ്ഥലം എന്നിവയിലൂടെ സഞ്ചരിക്കുന്ന, ജീവിതത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുളള അനുകമ്പയും ധിഷണാപരമായ സത്യസന്ധതയും രാഷ്ട്രീയ ഉള്‍ക്കാഴ്ച്ചയും അഗാതമായ മാനവികതയുമൊക്കെ അടയാളപ്പെടുത്തുന്നതായിരുന്നു ബെനഗലിന്റെ സിനിമകള്‍.
ആദ്യ സിനിമയായ ‘അങ്കൂര്‍’ അടക്കം ഇരുപത്തി നാല് സിനിമകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ‘അങ്കൂര്‍’, ‘നിശാന്ത്’, ‘മന്ഥന്‍’, ‘ഭൂമിക’, ‘ജുനൂന്‍’, ‘മണ്ഡി’, ‘കലിയുഗ്’ എന്നീ സിനിമകളിലൂടെയാണ് ബെനഗല്‍ ഇന്ത്യന്‍ സിനിമയുടെ സാമ്പ്രദായിക രീതികളെ മാറ്റിയെഴുതുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
പതിനെട്ടോളം ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിനും അര്‍ഹനായി. പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ആദ്യ സിനിമയായ അങ്കൂറി ന് മി കച്ച രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡും ശബാന ആസ്മിക്ക് മികച്ച നടിക്കുള്ള അവാര്‍ഡും ഉള്‍പ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലിഭിച്ചതിന് പുറമെ കാന്‍ ഫെസ്റ്റിവല്‍ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. തൊട്ടടുത്ത വര്‍ഷം ആവിഷ്‌കരിച്ച ‘നിശാന്ത്’ എന്ന ചലച്ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയചലച്ചിത്ര ബഹുമതി കൂടാതെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ‘മന്ഥന്‍’ എന്ന ചലച്ചിത്രം 77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതിന്റെ തിരക്കഥാകൃത്തായ വിജയ് ടെണ്ടുല്‍ക്കറിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലിഭിച്ചിരുന്നു.
ബെനഗലിനെ സംബന്ധിച്ചിടത്തോളം ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതാകട്ടെ നമ്മുടെ സാമൂഹിക യാഥാര്‍ത്ഥ്യവുമായി ആഴത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നു. തന്നെയുമല്ല, അത് യാഥാസ്ഥിതികവും ജാതി, മത നിര്‍ണിതവുമായ മൂല്യങ്ങളെ, പൊളിച്ചെഴുതുകയും അതുവഴി പുതിയ മാനവികമൂല്യപരിസരം പ്രേക്ഷക സംവേദനതലത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ നിലയില്‍ ശ്യാം ബെനഗലിന്റെ പ്രസക്തിയും സര്‍ഗാത്മകതയും എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്.
നാട്ടുരാജ്യമായിരുന്ന ഹൈദ്രാബാദിലെ ത്രിമുല്‍ഗേരിയിലാണ് ശ്യാം ബെനഗലിന്റെ ജനനം (1934). ശക്തമായ രാഷ്ട്രീയ ചായ്വുകളുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതല്‍ അദ്ദേഹത്തിന്റെ അഭിനിവേശം സിനിമയോടായിരുന്നു.
12ാം വയസ്സില്‍ പിതാവിന്റെ 16 എം എം ക്യാമറ ഉപയോഗിച്ച് ബെനഗല്‍ തന്റെ ആദ്യ സിനിമ ആവിഷ്‌കരിക്കുകയുണ്ടായി. ഒരു കൊച്ചുകുട്ടി വഴിതെറ്റുകയും കുടുംബം മുഴുവന്‍ അവനെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു സിനിമയായിരുന്നു അത്. ഇത് സൃഷ്ടിക്കാന്‍ അദ്ദേഹം തന്റെ കസിന്‍സിനെയും കൂട്ടുകുടുംബത്തിലെ അംഗങ്ങളെയുമൊക്കെ അണിനിരത്തി. ഈ പ്രക്രിയയ്ക്കിടയില്‍ റിവേഴ്സ് ചലനം സൃഷ്ടിക്കാനും ആളുകള്‍ വെള്ളത്തില്‍ നിന്ന് മുങ്ങി നിവരുന്നതിന് സഹായിക്കുന്ന സിനിമാട്ടോഗ്രാഫിക്ക് ട്രിക്ക് അന്ന് ബെനഗല്‍ കണ്ടെത്തുകയുണ്ടായി.
ശ്യാം ബനെഗലിന്റെ ബന്ധുവും ജനപ്രിയ നടനും സംവിധായകനുമായ ഗുരുദത്താണ് സ്വന്തമായി സിനിമ ചെയ്യാന്‍ ബെനഗലിനെ പ്രേരിപ്പിച്ചത്. അതേസമയം, കലയോടും സിനിമയോടും വ്യത്യസ്തമായ വീക്ഷണങ്ങളും സമീപനങ്ങളുമാണ് ഇരുവര്‍ക്കുമുണ്ടായിരുന്നത്. ബെനഗലിന്റെ ബാല്യ-കൗമാരകാലത്ത് അതായത്, നാല്‍പ്പതുകളിലും അമ്പതുകളിലുമൊക്കെ ഇന്ത്യന്‍ സിനിമ സാമൂഹികയാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങാന്‍ തുടങ്ങിയിരുന്നു. പ്രധാനമായും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്റെ (ഇപ്റ്റ) ചലച്ചിത്ര പ്രവര്‍ത്തകരായിരുന്നു ഇതിന് പിന്നില്‍. അവര്‍ സിനിമയെ സാമൂഹികപ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ചലച്ചിത്രശൈലി പരമ്പരാഗത രീതിയില്‍ നിന്ന് മുക്തമായിരുന്നില്ല. പാട്ടും നൃത്തവുമൊക്കെ അതിലും അവിഭാജ്യഘടകമായിരുന്നു.
എന്നാല്‍, ശ്യാം ബെനഗലിനെ വിസ്മയിപ്പിച്ചതും പ്രചോദിപ്പിച്ചതും സത്യജിത് റേയുടെ ‘പഥേര്‍ പാഞ്ചലിയും’ പിന്നീട് ഡിസിക്കയുടെ ‘ബൈസിക്കിള്‍ തീവ്‌സ്’ പോലുള്ള നിയോറിയലിസ്റ്റിക് സിനിമകളുമായിരുന്നു. നിയോറിയലിസ്റ്റുകള്‍ കെട്ടിക്കാഴ്ച്ചകളുടെതായ ശൈലികള്‍ കൈവിട്ട് മനുഷ്യന്റെ, സമൂഹത്തിന്റെ ആത്മവത്തയോടടുത്ത് നില്‍ക്കുന്ന ഒരു നവീന സമീപനമാണ് സ്വീകരിച്ചത്. മാത്രമല്ല അത് ആഖ്യാനത്തിലും പ്രമേയത്തിലും പരിചരണരീതിയിലുമെല്ലാം ഭാവുകത്വപരമായ മാറ്റവും കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും ശ്യാംബെനഗല്‍ പ്രായോഗിക പരീക്ഷണം നടത്തിയത് നിയോറിയലിസ്റ്റ് സിനിമകളിലായിരുന്നില്ല.
മറിച്ച്, ട്രൂഫോ, ഗോഡാര്‍ഡ്, റെനെ, ഷാബ്രോള്‍ എന്നിവര്‍ പ്രോത്ഘാടനം ചെയ്ത ഫ്രഞ്ച് ന്യൂ വേവ് സിനിമയിലായിരുന്നു. ഉദാഹരണത്തിന്, ഗോദാര്‍ഡിന്റെ ‘ബ്രത്ത്ലെസിലെ’ ഞെട്ടിപ്പിക്കുന്ന സ്വിഫ്റ്റ് എഡിറ്റ് പാറ്റേണുകളും കൂടാതെ മുഖ്യധാരാ താരങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള നായികാനായകന്മാരുടെ തിരഞെടുപ്പ്, പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്ന് പണം സ്വരൂപിക്കല്‍ (മന്ഥന്‍). സ്വാഭാവിക ശബ്ദം ഉള്‍പ്പെടെയുള്ള സൗണ്ട് ഡിസൈന്‍, എഡിറ്റിങ്്, ഷോട്ട്-ടേക്കിങ്് പാറ്റേണുകളുടെ ഉപയോഗം, സ്റ്റുഡിയോ സെറ്റുകളില്ലാതെ യഥാര്‍ത്ഥ ലൊക്കേഷനിലും പ്രകൃതിയിലുള്ള വെളിച്ചം ഉപയോഗിച്ചുകൊണ്ടും ക്യാമറ കൈകളിലേന്തിക്കൊണ്ടുള്ള ചിത്രീകരണം-ഇങ്ങനെ മേല്‍പ്പറഞ്ഞ സംവിധായകരെപ്പോലെ സാമ്പ്രദായികവും കമ്പോളാധിഷ്ഠിതവുമായ രീതിയില്‍ നിന്ന് ശ്യാം ബെനഗലും വഴിമാറി സഞ്ചരിക്കുകയായിരുന്നു.
ആദ്യ ചിത്രമായ ‘അങ്കുറി’ല്‍, ജാതിവിവേചനത്തിന്റേയും വര്‍ഗാധിഷ്ഠിതവും പുരുഷാധിപത്യപരവുമായ പ്രശ്‌നങ്ങളിലേക്കാണ് ബെനഗല്‍ തന്റെ ക്യാമറ തിരിച്ചത്.
ആന്ധ്രപ്രദേശിന്റെ ഗ്രാമീണപശ്ചാത്തലത്തിന്‍ ദലിത്‌സ്ത്രീയായ ലക്ഷ്മിയും (ഷബാന ആസ്മി) നഗരത്തില്‍ വിദ്യാഭ്യാസം നേടിയ സവര്‍ണ ജന്‍മിയുടെ മകനായ സൂരജും (അനന്ത് നാഗ്) തമ്മിലുള്ള ബന്ധത്തിലൂടെ ഫ്യൂഡല്‍ അടിമത്വത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ജാതിവിവേചനത്തെയുമൊക്കെ ഈ ചിത്രം പ്രശ്‌നവല്‍ക്കരിക്കുന്നു.
ഒരു സമാന്തര സിനിമാ ക്ലാസിക്കായാണ് ഈ സിനിമ അന്നുമിന്നും വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പ്രമേയം 1950ല്‍ ഹൈദരാബാദില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.
പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ് ടെണ്ടുല്‍ക്കറുടെ തിരക്കഥയെ അടിസ്ഥാനമാക്കി തെലങ്കാനയിലെ ഫ്യൂഡല്‍മേധാവിത്വത്തെക്കുറിച്ചും സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗികചൂഷണത്തിന്റെയും ഗ്രാമീണ വരേണ്യവര്‍ഗത്തിന്റെ അധികാരപ്രമത്തതയേയുമൊക്കെ പ്രതിഫലിപ്പിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘നിശാന്ത്’.

ഗിരീഷ് കര്‍ണ്ണാട് & സ്മിതാ പാട്ടീല്‍
മൂന്നാമത്തെ ചിത്രമായ ‘മന്ഥന്‍’ രണ്ടു രൂപ വീതം പാല്‍കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് നിര്‍മിച്ച ചിത്രമാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു കൂട്ടം പാവപ്പെട്ട കര്‍ഷകരേയും അവരുടെ മണ്ണിനോടും അധ്വാനത്തോടും ജീവിതത്തോടുമുള്ള ഉല്‍ക്കടമായ വാഞ്ഛയെ ഈ ചിത്രം അടയാളപ്പെടുത്തുന്നു. ഭൂമിക എന്ന ചലച്ചിത്രമാകട്ടെ പരമ്പരാഗത സ്ത്രീ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന സിനിമയാണ്. ഇതിലെ നായികയായി അഭിനയിച്ച സ്മിത പട്ടീലിനാണ് നല്ല നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
1857ലെ ഇന്ത്യയില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന്റെ പ്രക്ഷുബ്ധതയില്‍ അകപ്പെട്ടുപോയ ഇന്ത്യോ-ആഗ്ലിയന്‍ കുടുംബത്തിന്റെ ജീവിതത്തെ ചിത്രീകരിക്കുന്നതാണ് ‘ജുനൂന്‍’. ഒരു നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന വേശ്യാലയ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് ‘മണ്ഡി’. ഗുലാം അബ്ബാസിന്റെ ആനന്ദി എന്ന കഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ സിനിമ ആധുനിക ഫെമിനിസ്റ്റ് വീക്ഷണങ്ങളെ കൂടി മുന്നോട്ടുവെക്കുന്നുണ്ട്.
മഹാഭാരതത്തിന്റെ കാലികമായ പുനഃരാഖ്യാനമാണ് ‘കലിയുഗ്’. ഗാന്ധിജിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള ചിത്രമാണ് ‘ദി മേക്കിംങ് ഓഫ് ഗാന്ധി’.
ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ സൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബെനഗലിന്റെ സിനിമകള്‍. ജാതിയവും ലിംഗപരവുമായ വിവേചനങ്ങളും വര്‍ഗപരമായ ചൂഷണവും അങ്ങനെ ആധുനിക ഇന്ത്യനവസ്ഥയിലെ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളുമൊക്കെ ബെനഗലിന്റെ സിനിമകളില്‍ പ്രധാനപ്പെട്ട വിഷയങ്ങളാകുന്നു. അതുവരെ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം കൊടുക്കുകയായിരുന്നു ബെനഗല്‍ തന്റെസിനിമയിലൂടെ.





No Comments yet!