Skip to main content

കീഴാള സ്വരാജ് വിമോചനസാദ്ധ്യതകളുടെ വെളിച്ചം

പുസ്തക നിരൂപണം

എ കെ ഷിബുരാജ്

മലയാള എഴുത്തു വ്യവഹാര ചരിത്രത്തിന് അത്രമേല്‍ സുപരിചിതമല്ലാത്ത ഉള്ളടക്കം കൊണ്ടും സ്വരൂപം കൊണ്ടും ഏറെ വ്യത്യസ്തമായ ധൈഷണികവും ദാര്‍ശനികവുമായ ഇടപെടലിന്റെ മൂര്‍ത്തരൂപമാണ് എ കെ രവീന്ദ്രന്റെ ‘കീഴാള സൂക്ഷ്മ രാഷ്ട്രീയം മലയാള ചിന്തകരിലൂടെ ഒരന്വേഷണം’ എന്ന പുസ്തകം. ‘കീഴാള സ്വരാജ്’ എന്ന പുസ്തകത്തിന് ശേഷം മലയാളത്തിലെ ആനുകാലികങ്ങളില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ നടത്തിയ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലുകളോടുള്ള സൂക്ഷ്മവും സംക്ഷിപ്തവുമായ വിമര്‍ശനങ്ങളുടെ ഒരു സമാഹാരമാണ്. രണ്ടു പതിറ്റാണ്ടിലേറെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപര്‍ക്കുള്ള കത്ത് വഴി എ കെ രവീന്ദ്രന്‍ കേരള സമൂഹത്തിനു മുന്നില്‍ തുറന്നിട്ട സംവാദത്തിന്റെയും വിമര്‍ശത്തിന്റേയും ലോകം പുതിയ ഉള്‍ക്കാഴ്ചകള്‍ സാധ്യമാക്കുകയും വ്യവസ്ഥാപിത രീതികളുടെ വൈരുധ്യങ്ങളും കപടനാട്യങ്ങളും വഞ്ചനകളും തുറന്നു കാട്ടുകയും ചെയ്യുന്നതായി കാണാം. അതിഗാഢമായ മനനത്തിലൂടെയും സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയും തന്റെ വിമോചന പ്രത്യയശാസ്ത്ര പരിസരങ്ങളിലൂടെയുള്ള മുന്‍കാലപ്രവര്‍ത്തനങ്ങള്‍ നല്‍കിയ തിരിച്ചറിവുകളിലൂടെയും കൈവന്ന ബോധ്യങ്ങള്‍ സുതാര്യമായും സ്പഷ്ടമായും ഓരോ കത്തിലും നിറഞ്ഞു നില്‍ക്കുന്നത് തികച്ചും വേറിട്ട ഒരു വായനാനുഭവമാണ്.

‘രവീന്ദ്രന്റെ ഭാഷ ശൈലി സൂത്ര രൂപത്തിലുള്ളതാണ്. ചെറിയ ചെപ്പില്‍ ചുരുളുകളാക്കി അമര്‍ത്തി വെച്ചിരിക്കുന്ന ടേപ്പ് പോലെ ചിന്താദൈര്‍ഘ്യം അവയില്‍ ആലേഖനം ചെയ്തിരിക്കുന്നു. പദപ്രയോഗങ്ങളുടെ കണിശതകൊണ്ടാണ് ഈ സൂത്രം ചമച്ചിരിക്കുന്നത്. അതിനാല്‍ തുറന്ന മനസ്സ്, ഗാഢവായന, വിശദീകരണം, വ്യാഖ്യാനം, അന്വേഷണം എന്നിവ ആവശ്യപ്പെട്ടുകൊണ്ട് കത്തുകളുടെ ബാഹ്യരൂപത്തെ ഈ രചനകള്‍ ഉപേക്ഷിക്കുന്നു’. ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ അശോക് കുമാര്‍ വി നടത്തുന്ന നിരീക്ഷണം വായനക്കാര്‍ക്കുള്ള ശരിയായ മാര്‍ഗനിര്‍ദ്ദേശമാണ്.

വര്‍ഗരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും

കേരളത്തിലെ ഇടതുപക്ഷ സംവാദങ്ങള്‍ ഒരു ഇരുണ്ട ടണലിനകത്ത് വെളിച്ചം കാണാനാകാതെ പ്രത്യാശയറ്റ് ഊര്‍ദ്ധ്വശ്വാസം വലിക്കുന്നതിനുള്ള കാരണങ്ങള്‍ പല കത്തുകളിലൂടെയും എ കെ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തിന്റെ സാധ്യതകളില്‍ ‘പുതിയ ജനാധിപത്യം രൂപപ്പെടട്ടെ! എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ 2016 നവംബറില്‍ പ്രസിദ്ധീകരിച്ച ബി രാജീവന്റെ ‘എന്തായിരിക്കണം ഭാവിയുടെ സഖ്യം’ എന്ന ലേഖനത്തിനുള്ള മറുപടിയാണ് ഒന്നാമത്തെ കത്ത്. ആധിപത്യത്തിന് അധികാരം കൂടിയേ തീരൂ. ഭരണകൂടാധികാരമാവട്ടെ,
ഏതു ജനവിഭാഗത്തിന്റെ പേരിലായാലും അന്തിമമായി ജനവിരുദ്ധമാവാതെ വയ്യ. ജനാധിപത്യത്തിനകത്തെ ഈ അടിസ്ഥാന വൈരുദ്ധ്യത്തെ അഭിസംബോധന ചെയ്യാന്‍ രാജീവന്‍ എന്തിനു മടിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ചോദിക്കുന്നു.

തുടര്‍ന്ന് എ കെ രവീന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിന്റെ സുപ്രധാന പരികല്‍പ്പനയായി കാണാവുന്ന സ്വത്വരാഷ്ട്രീയത്തിന്റെ നീതിയും സ്വാതന്ത്ര്യാനുഭവങ്ങളെക്കുറിച്ചുമാണ്. വര്‍ഗരാഷ്ട്രീയത്തെയും സ്വത്വരാഷ്ട്രീയത്തെയും ഒരേ തലത്തില്‍ പ്രതിഷ്ഠിക്കാനാവില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലിബറല്‍ സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതികളെ സ്വത്വ രാഷ്ട്രീയത്തിന്റെ പരിമിതികളായി ചിത്രീകരിക്കുന്നതു ശരിയല്ല എന്നും. കീഴാള സ്വയംഭരണം കീഴാള ജനാധിപത്യ പരികല്പനയില്‍ നിന്ന് മൗലികമായി വ്യത്യസ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘കീഴാളം’ മേലാളത്തിന്റെ വാച്യമായ വിപരീതമല്ല. കീഴാള ജനത പ്രകൃതിയെപ്പോലെ ഉര്‍വ്വരത, പ്രത്യുല്‍പ്പാദനപരത, സ്വാശ്രയക്ഷമത എന്നിവയാല്‍ സമ്പന്നരാണ് എന്ന് തിരിച്ചറിയുന്ന രവീന്ദ്രനെപ്പോലുള്ള സാംസ്‌കാരിക വിമര്‍ശകര്‍ അപൂര്‍വ്വമാണെന്ന് കാണാം.

പത്രാധിപര്‍ക്കുള്ള എ കെ രവീന്ദ്രന്റെ കത്തുകള്‍ ഒന്നാകെ ചേര്‍ന്ന് നമ്മുടെ നിലനില്‍പിന് ഏറ്റവും അനിവാര്യമായ ജീവിത രാഷ്ട്രീയ ദര്‍ശനത്തിന്റെ ബൗദ്ധിക രൂപരേഖ അവതരിപ്പിക്കുന്നു എന്നതാണ് ഈ സമാഹാരത്തിന്റെ അപൂര്‍വ്വതയും ആനന്ദവും എന്തുകൊണ്ടാണ് മലയാള സാംസ്‌ക്കാരിക ലോകം എകെ രവീന്ദ്രനും സമാന ചിന്തകരും പല കാലങ്ങളില്‍ ഉയര്‍ത്തിയ വിമര്‍ശം കണ്ടില്ലെന്നു നടിക്കുകയോ വഴിമാറി നടക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതെന്ന് ഡോ. ഓ കെ സന്തോഷ് ഈ പുസ്തകത്തിന്റെ പ്രവേശികയില്‍ പറയുന്നുണ്ട്. സാമൂഹികാസമത്വവും ജാതിവിവേചനവും ലിംഗപരമായ അസമത്വങ്ങളുമെല്ലാം പരിഹരിച്ച, സാര്‍വ്വദേശീയമായി പ്രശംസിക്കപ്പെട്ട ‘കേരള മോഡല്‍’ എന്ന സുഭദ്രവും സ്ഥിരവുമായ ഇടമായും സമൂഹമായും നാം മാറിയെന്ന, പ്രതീയിയിലാണ് വ്യവസ്ഥാപിത രാഷ്ട്രീയ സമൂഹവും അവരെ പിന്തുണച്ച ബുദ്ധിജീവികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നിലയുറപ്പിച്ചത്. ഇതൊരു മായാലോകമാണെന്നും കേരളത്തിലെ അസംഘടിതരും പാര്‍ശ്വവത്കൃതരുമായ സമൂഹങ്ങളുടെ ജീവിതാവസ്ഥകള്‍ ഈ രാഷ്ട്രീയ പ്രൊപ്പഗാണ്ടയ്ക്ക് വെളിയിലാണെന്നും വിളിച്ചു പറയുന്നവരില്‍ ഒരാളാണ് എ കെ രവീന്ദ്രന്‍ എന്നും അദ്ദേഹം അടയാളപ്പെടുത്തുന്നു.

അക്രമാസക്തമായ ഭരണകൂടങ്ങളും ഡോഗ്മകളും സങ്കുചിതമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ ലോകത്ത്, മനുഷ്യ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്  എ കെ രവീന്ദ്രന്‍ എഴുതുന്നതെന്നും അത് ഓരോ വ്യക്തിയുടെയും അനിഷേധ്യമായ അസ്തിത്വത്തിന്റെ സാകല്യമായാണ് അദ്ദേഹം കാണുന്നതെന്നും ടി ടി ശ്രീകുമാര്‍ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്.

വൈവിധ്യമാര്‍ന്ന ലോകത്തെ ഏതെങ്കിലും പ്രത്യയശാസ്ത്ര നിബന്ധനകളാലോ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥമോ അല്ലാതെ തുറന്ന സമീപനത്തോടെ കാണാനുള്ള ശ്രമമാണ് എ കെ രവീന്ദ്രന്‍ നടത്തുന്നത് എന്ന് കാണാം. അധീശത്വ വ്യവഹാരങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണുവാനും അതിന്റെ ഭാഗമായി തുടര്‍ന്നുവരുന്ന ചൂഷണവ്യവസ്ഥയെയും അടിച്ചമര്‍ത്തലുകളെയും അംഗീകരിക്കാതിരിക്കാനും ഉള്ള ശ്രമം ഓരോ കത്തിലും അദ്ദേഹം തുടരുന്നതായി കാണാം. അതിന്റെ ഭാഗമായി കൊളോണിയല്‍ അധിനിവേശത്തെയും മുതലാളിത്ത പ്രത്യയശാസ്ത്രത്തെയും അതിന്റെ സ്വാധീനത്തിലുള്ള ഭരണകൂട ഇടപെടലുകളെയും വിശകലനം ചെയ്യുകയും അതിന്റെ ചരിത്രപരമായ വിധ്വംസക പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്നു.

വലിയ ഒരു വിഭാഗം മനുഷ്യര്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അവസരവും നിഷേധിച്ചുകൊണ്ടാണ് നിലനില്‍ക്കുന്ന അധികാരവ്യവസ്ഥ അതിന്റെ വിവേചനം തുടരുന്നത്. സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍, മല്‍സ്യതൊഴിലാളികള്‍ തുടങ്ങി ഒട്ടനവധി വിഭാഗങ്ങള്‍ ഇതിന്റെ ഇരകളാക്കപ്പെടുകയും ജീവിതത്തില്‍ ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നു. അവരുടെ അധ്വാനവും അറിവും അനുഭവങ്ങളും മേലാള വിഭാഗത്തിന്റെ മാനദണ്ഡങ്ങളോടെ മാത്രം അംഗീകരിക്കുകയോ അല്ലെങ്കില്‍ തമസ്‌കരിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ നിര്‍ബാധം തുടരുന്നു.

മൂലധന വിരുദ്ധമായ കീഴാള സ്വരാജ്

കീഴാള സ്വരാജ് എന്ന ആശയത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിത്. ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക വ്യവഹാരങ്ങളുടെ ഉള്ളടക്കം പുറത്തു നിന്ന് പുരോഗമനാത്മകമെന്നു തോന്നിപ്പിക്കുകയും, ആഗോള മുതലാളിത്തത്തിന്റെയും അധീശ വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുകയുമാണല്ലോ നടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഭക്ഷണം തുടങ്ങിയ സര്‍വ്വമേഖലകളിലും അതിന്റെ സ്വാധീനം കാണാനാകും. ഈ സാഹചര്യത്തില്‍ മനുഷ്യജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന, നീതിപൂര്‍വ്വമാക്കുന്ന ഒരു പുനഃസംഘടനയ്ക്കു വക നല്‍കുന്ന അറിവുകളെയും ആശയങ്ങളെയും നമ്മുടെ സംവാദ ഭൂമികയില്‍ എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം.

ലിബറല്‍ ജനാധിപത്യത്തിനകത്തു മൂലധന സേവയും അധികാരവാഞ്ഛയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് തിരിച്ചറിയുന്നിടത്താണ് സ്വാതന്ത്ര്യം, സമത്വം, നീതി തുടങ്ങിയ പരികല്പനകളുടെ കാതല്‍ കീഴാള സ്വരാജില്‍ രവീന്ദ്രന്‍ കണ്ടെത്തുന്നത്. അതോടൊപ്പം തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഊടുവഴികളില്‍ മനുഷ്യവംശം വിമോചന സ്വപ്‌നവുമായി അലയുന്നതിന്റെ വ്യര്‍ത്ഥതയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പ്രഭാത് പട്‌നായിക്കിന്റെ ഒരു ലേഖനത്തോടുള്ള പ്രതികരണത്തില്‍ മൂലധനത്തെ ഫലപ്രമായി ചെറുക്കാന്‍ തൊഴിലാളി വര്‍ഗനേതൃത്വത്തിനാവില്ലെന്നു ചരിത്രം തെളിയിച്ചു കഴിഞ്ഞ കാര്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. മൂലധന വിരുദ്ധതയാണ് സ്വത്വ രാഷ്ട്രീയത്തിന്റെ കാതല്‍ എന്നും. അതുപോലെ ഉപഭോഗ ശേഷം, ഇടതു വലത് ഭേദമില്ലാതെ, വികസനം വലിച്ചെറിയുന്ന ജനസമൂഹങ്ങളാണ് പാര്‍ശ്വവല്‍കൃതര്‍; പ്രകൃതി ഉള്‍പ്പെടെയുള്ള കീഴാള സ്വത്വങ്ങള്‍. ഇങ്ങനെ വ്യവസ്ഥാപിത ചിന്താധാരയ്‌ക്കെതിരേ കലാപവും കാതലുള്ള വിമര്‍ശവും തുറന്നുവിടുന്ന നിരീക്ഷണങ്ങള്‍ ഓരോ കത്തിലും അദ്ദേഹം തുടരുന്നുണ്ട്. അതിലേറെ ശ്രദ്ധേയമാണ് കമ്മ്യൂണിസ്റ്റുകള്‍  പ്രചരിപ്പിക്കുന്നതുപോലെ  തൊഴിലാളിവര്‍ഗമല്ല മിച്ചമൂല്യത്തിന്റെ പ്രാഥമിക സ്രോതസ്സ് എന്നും കൂലിയില്ലാവേലയാണത് എന്നുമുള്ള തിരിച്ചറിവ്. അതിന്റെ പ്രതിരൂപങ്ങളാണ് ഗാര്‍ഹിക അടിമത്തം മുതല്‍ കുടിയിറക്കുകളും വെട്ടിപ്പിടിത്തവും വരെയുള്ള കൊള്ളയുടെ വ്യത്യസ്ത രൂപങ്ങള്‍. കീഴാള ജനതയില്‍ നിന്നും പ്രകൃതിയില്‍ നിന്നും കൊള്ളയടിച്ച വസ്തുവഹകളുടെയും അധ്വാനത്തിന്റെയും പുറത്താണ് വ്യവസായത്തൊഴിലാളികളുടെ അധ്വാനം. സ്വന്തം കാലില്‍ നിലനില്പില്ലാത്തതു കാരണം തൊഴിലാളി വര്‍ഗത്തിന് ചെറുത്തുനില്‍പ്പ് രാഷ്ട്രീയവുമായി അധികം മുന്നോട്ടു പോകാനാവില്ല. കൂടാതെ അധികാരം പിടിച്ചെടുക്കാനല്ലാതെ അതിനെ സ്‌ത്രൈണമോ അവര്‍ണ്ണമോ ആയി അപനിര്‍മിക്കാന്‍ അതിനാവില്ല. എന്നാല്‍ മൗലികമായി മൂലധന വിരുദ്ധവും അധികാര വിരുദ്ധവുമാണീ കീഴാള സ്വത്വരാഷ്ട്രീയം. അതുകൊണ്ടു സ്വത്വരാഷ്ട്രീയം അധികാര രാഷ്ട്രീയവുമായുള്ള ബന്ധ വിച്ഛേദനത്തിനു തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

കൂലിയില്ലാവേലയും കീഴാളരും

ഗാന്ധിയുടെ ‘ഗ്രാമ സ്വരാജ്’ എന്ന സങ്കല്‍പ്പത്തില്‍ നിന്ന് വ്യത്യസ്തമായി കീഴാള സ്വയം ഭരണം അഥവാ കീഴാള സ്വരാജ് എന്ന സങ്കല്പത്തിലേക്കാണ് അംബേദ്കറെ പിന്തുടര്‍ന്നാല്‍ നമുക്കെത്തിച്ചേരാനാവുക എന്ന് എ കെ രവീന്ദ്രന്‍ പറയുന്നു. 2019 ജനുവരിയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച സുനില്‍ പി ഇളയിടത്തിന്റെ ലേഖനങ്ങളോടുള്ള പ്രതികരണത്തില്‍ മാര്‍ക്‌സിലൂടെ അംബേദ്ക്കറെ വായിക്കുന്നതും അംബേദ്ക്കറിലൂടെ മാര്‍ക്‌സിനെ വായിക്കുന്നതും രണ്ടു വ്യത്യസ്ത വ്യവഹാരങ്ങളാണെന്നു രവീന്ദ്രന്‍ പറയുന്നുണ്ട്. പരസ്പ്പര വിരുദ്ധമാണ് രണ്ടിന്റെയും ദിശാബോധം എന്നും. അംബേദ്കര്‍ ജാതി ഉന്‍മൂലനത്തെ തൊഴിലാളിവര്‍ഗം പോലുള്ള ഏതെങ്കിലും ബാഹ്യ ഏജന്‍സിയിലൂടെ സാധ്യമാക്കേണ്ടതോ സാധ്യമാവുന്നതോ ആയല്ല കണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.

സ്‌ത്രൈണവും അവര്‍ണവുമായ ദിശാബോധം

വ്യവസ്ഥാപിത ഇടതുപക്ഷ ചിന്താധാരയോട് സന്ധിയില്ലാത്ത കലാപം ചെയ്തു കടന്നുപോയ ടികെ രാമചന്ദ്രനെപ്പറ്റിയുള്ള കുറിപ്പുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. വിശാലമാകുംതോറും ഇടതുപക്ഷം അതല്ലാതായിത്തീരുന്നതും ഇടതുപക്ഷം സംശയാതീതമായി അതായിത്തീരുംതോറും വിശാലമല്ലാതാകുന്നതുമായ വൈരുദ്ധ്യത്തെ മറികടക്കുന്ന ഒന്നായിരുന്നു ടി കെ മുന്നോട്ടുവച്ച ‘വിശാല ഇടതു’ സങ്കല്പം. അതില്‍ ഏറെ മുന്നോട്ടുപോയപ്പോഴും ഹൈന്ദവ പുനരുത്ഥാന പ്രവണതകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരുതരം ബൗദ്ധിക രക്തസാക്ഷിത്വത്തിലേക്ക് ആണ്ടിറങ്ങുകയാണ് ടി കെ ചെയ്തതെന്നു അദ്ദേഹം പറയുന്നു. ഹൈന്ദവ ഫാസിസത്തിന്റെ അതിശക്തമായ ബൗദ്ധികാടിസ്ഥാനങ്ങളെ ചെറുതായൊന്നു സ്പര്‍ശിക്കാന്‍ മാത്രമേ ടി കെക്ക് കഴിഞ്ഞുള്ളു. അത് അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തിന്റെ കുറവല്ല എന്നും മാര്‍ക്‌സിസം എന്ന ആയുധത്തിന്റെ തന്നെ ഈ രംഗത്തെ പരിമിതികളെയാണ് അടയാളപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ നിരീക്ഷിക്കുന്നു.

മാതൃഭൂമിയില്‍ കെ ഇ എന്‍ എഴുതിയ ഒരു ലേഖനത്തിനോടുള്ള പ്രതികരണമായി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. ”അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് അവരില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ട അവകാശങ്ങളുടെ ചെറിയൊരു നഷ്ടപരിഹാരമായി” സംവരണത്തെ അവതരിപ്പിച്ചുകൊണ്ടുള്ള കെ ഇ എന്‍ ന്റെ നിലപാടിനോട് യോജിക്കാനാവില്ല. അവരുടെ നഷ്ടം എന്നന്നേക്കുമുള്ള നഷ്ടമാണ്. മറ്റൊരുവിധത്തില്‍ മാനവരാശിയുടെ മൊത്തം നഷ്ടമാകുന്നു. അധികാരത്തിന്റെ വിതരണത്തിലെ നീതി മാത്രമാണ് സംവരണത്തിലൂടെ ഇപ്പോള്‍ സംബോധന ചെയ്യപ്പെടുന്നത്. വിഭവങ്ങളുടെ വിതരണമൊന്നും നിലവിലെ സംവരണത്തിലില്ല. അധികാരത്തിന്റെയും വിഭവ സമാഹരണത്തിന്റെയും ഉറവകളെ അത് കണക്കിലെടുക്കുന്നില്ല.

ജാതി വ്യവസ്ഥയ്‌ക്കെതിരായ സമരം പൂര്‍ണ്ണമാകണമെങ്കില്‍ ദലിതരുടെ നേതൃത്വത്തിലുള്ള സവര്‍ണ വിരുദ്ധ പ്രവര്‍ത്തനവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പുരുഷാധിപത്യ വിരുദ്ധ പ്രവര്‍ത്തനവും ഒത്തുപോകേണ്ടതുണ്ട് എന്നും ഈ പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്.

ഫെമിനിസം വേറെ; സ്ത്രീവാദം വേറെ

ഫെമിനിസം വേറെ; സ്ത്രീവാദം വേറെ എന്ന തലക്കെട്ടില്‍ പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ലിംഗ നീതിയെക്കുറിച്ചുള്ള രവീന്ദ്രന്റെ വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ കാണാം. ‘ഫെമിനിസ’ത്തിനു സാധ്യവുമാവുന്ന വിശാല വീക്ഷണമോ വിമോചനദൗത്യമോ ‘സ്ത്രീവാദ’ ത്തിനില്ല. നവോത്ഥാനാനന്തരം ‘സ്ത്രീ’ എന്ന മാനക ലിംഗ സൂചനയിലേക്ക് എല്ലാ ജാതികളിലെയും പെണ്ണുങ്ങള്‍ ആനയിക്കപ്പെടുകയാണുണ്ടായത്. ‘സ്ത്രീവാദ’ ത്തിനു പാരികല്പനാപരമായി ‘പുരുഷാധിപത്യ’ത്തെ അഭിസംബോധന ചെയ്യാനേ കഴിയൂ. ‘ആണ്‌കോയ്മ’ യെ അഡ്രസ് ചെയ്യാന്‍ കീഴാള സ്വത്വബോധമുള്ള ‘പെണ്‍വാദ’ത്തിനാണ് കഴിയുക. ‘സ്ത്രീവാദം’ മുതലാളിത്ത ലിബറല്‍ ഫെമിനിസത്തിന്റെയും സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെയും ഭാഗമാണെങ്കില്‍ ‘കീഴാള പെണ്‍വാദം’ ബ്രാഹ്മിണിസ്റ്റ് വിരുദ്ധവും യൂറോപ്പ്യന്‍ ആധുനികതാ വിരുദ്ധവുമായ പരികല്പനയാകുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

തുല്യരല്ലാത്തവരെപോലും തുല്യരായി പരിഗണിക്കാനുള്ള സന്‍മനസ്സ് ലിബറല്‍ ജനാധിപത്യത്തിനുണ്ടെന്ന അംബേദ്കറിന്റെ നിരീക്ഷണം അദ്ദേഹവും പങ്കുവയ്ക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള തുല്യതയില്ലായ്മ അവഗണിച്ചുകൊണ്ട് ഭരണാധികാരികള്‍ക്ക്, മുകളില്‍ നിന്ന് നീതി നടപ്പാക്കാന്‍ ‘തുല്യ പൗരത്വം’ ‘സാര്‍വ്വത്രിക വോട്ടവകാശം’ തുടങ്ങിയ പരികല്പനകള്‍ അനിവാര്യമാകുന്നതെന്നു അദ്ദേഹം പറയുന്നു. ‘മനുഷ്യത്വ’ത്തെ ‘പൗരത്വ’ത്തിലേക്ക് വെട്ടിച്ചുരുക്കുന്ന കാഴ്ചയാണത്. അതുപോലെ ഹിന്ദുത്വ ഫാസിസത്തിനെതിരേ സംസാരിക്കുന്നവര്‍ എന്തെ മൂല്യങ്ങളും മൂലധനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല എന്ന് അദ്ദേഹം സണ്ണി എം കപിക്കാടിനോട് ചോദിക്കുന്നുണ്ട്. പഴയ മൂലധനത്തിലിന്റെ ഘടനയിലും സ്വഭാവത്തിലും പ്രവര്‍ത്തന മേഖലകളിലും സഞ്ചാര വഴികളിലുമൊക്കെ വന്നുചേര്‍ന്ന മൗലികമാറ്റങ്ങള്‍ പരിഗണിക്കാതെ ഇപ്പോഴും നെഹ്‌റുവിയന്‍ നവോത്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പ്രളയം കൊണ്ടുവന്ന വിപ്ലവം

പ്രളയം കൊണ്ടുവന്ന വിപ്ലവം; ‘കന്യാസ്ത്രീ സമരം എന്ന പനി’ എന്ന ലേഖനത്തില്‍ വളരെ റാഡിക്കല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചില നിരീക്ഷണങ്ങള്‍ എ കെ രവീന്ദ്രന്‍ പങ്കുവയ്ക്കുന്നുണ്ട്. ജലപ്രളയം ആദ്യം ചെയ്തത് ഭരണകൂടാധികാരം മുച്ചൂടും റദ്ദാക്കുകയാണ്. നിയമവാഴ്ച അക്ഷരാര്‍ത്ഥത്തില്‍ നിഷ്‌ക്രിയമായി. ഭരണകൂട നുകത്തില്‍ നിന്നും ജനത സ്വതന്ത്രരായി. നാടിന്റെയും നാട്ടാരുടേയും രക്ഷ സ്വന്തം കൈകളിലാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഭരണകൂടത്തെ മാത്രമല്ല പൊതുവും സ്വകാര്യവുമായ മൂലധനത്തെയും പ്രളയം അട്ടിമറിച്ചു. കൂലിയില്ലാവേലയിലൂടെ മാത്രമേ നമുക്ക് മനുഷ്യനാവൂ എന്നത് പ്രളയം പഠിപ്പിച്ച പാഠം എന്ന് കേരളത്തിന്റെ പൊതുബോധത്തെ അദ്ദേഹം വിവേകപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

തന്റെ മൗലികവും വേറിട്ടതുമായ ചിന്തകളിലൂടെ മനുഷ്യ സ്വാതന്ത്ര്യവും ജനായത്തവും തുല്യതയും നേരിടുന്ന രോഗാതുരമായ അപഭ്രംശങ്ങളെ സംരചനാപരമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. മനുഷ്യ സമൂഹം ഇന്നനുഭവിക്കുന്ന നാനാവിധമായ പ്രതിസന്ധികളെ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കൊളോണിയല്‍ ആധുനികതയോടും ജ്ഞാനോദയത്തിന്റെ ആശയധാരകളോടും അതിന്റെ സാര്‍വലൗകിക മേല്‍ക്കോയ്മയോടും ധൈഷണികമായി വിയോജിക്കുന്ന എ കെ രവീന്ദ്രന്റെ ചിന്തകള്‍ അനിവാര്യമാകുന്നുണ്ട്.

(ഫ്‌ളയിം ബുക്‌സാണ് പ്രസാധകര്‍)

No Comments yet!

Your Email address will not be published.