ജി ഉഷാകുമാരി
സമത്വപൂര്‍ണമായ ജനാധിപത്യപരമായ ഒരു ജീവിതഭാവനയ്ക്ക് ലിംഗനീതി കൂടിയേ കഴിയൂ.സാഹിത്യത്തിന്റെ മണ്ഡലത്തില്‍ സ്ത്രീകളുടെ കടന്നു വരവിനേയും അവരുടെ എഴുത്തിന്റെ സാധ്യതകളെയും വിശാലതലത്തില്‍ നോക്കിക്കാണുന്നതും അവയുടെ ചരിത്രപരിണാമങ്ങളെയും ആഖ്യാനപരമായ വൈവിധ്യങ്ങളെയും അവയുടെ ലിംഗരാഷ്ട്രീയത്തെയും ആഴത്തില്‍ പഠിക്കുകയും ചെയ്യുന്നതായ ഒരു ആശയമണ്ഡലമാണ് പെണ്ണെഴുത്ത്.
ഈ വാക്ക് രൂപപ്പെടാന്‍ ഇടയായ സാഹചര്യം 1980കളുടെ ഒടുവില്‍ തുടങ്ങുന്നു. സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന ചെറുകഥാസമാഹാരത്തിന്റെ അവതാരികയില്‍ കെ സച്ചിദാനന്ദന് രൂപപ്പെടുത്തിയ ഒരു വാക്കാണ് പെണ്ണെഴുത്ത്. ഫ്രഞ്ച് സാഹിത്യത്തിലെ ‘എക്രിച്ചര് ഫെമിനിന്‍’ എന്ന വാക്കിന് സമാന്തരമായി രൂപം കൊണ്ട വാക്കാണ് പെണ്ണെഴുത്ത്. ‘പെണ്ണുങ്ങള് എഴുതുന്നതെല്ലാം പെണ്ണെഴുത്താണോ’ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. പുരുഷന്മാര് സ്ത്രീകള്‍ക്ക് വേണ്ടി, സ്ത്രീപ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതുന്ന സ്ത്രീപക്ഷപരമായ എഴുത്തുകള്‍ പെണ്ണെഴുത്തായി പരിഗണിക്കേണ്ടതല്ലേ എന്ന ചോദ്യവും പലപ്പോഴായി നമ്മുടെ സാഹിത്യ ചര്‍ച്ചകള്‍ക്കിടയില്‍ കടന്നു വരാറുണ്ട്. പെണ്ണെഴുത്ത് സംവാദം ഒരു കലഹമോ വിവാദമോ ആയിത്തീര്‍ന്ന അനുഭവമാണുള്ളതെന്ന് ചിലരെങ്കിലും പറയുന്നുണ്ട്. തങ്ങള്‍ ആ ലേബലിനുള്ളില്‍ ഒതുങ്ങി നില്ക്കാന് ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ചന്ദ്രമതിയും ഗ്രേസിയും മറ്റു പലരും അതില്‍ നിന്ന് പുറത്തു കടക്കുകയും എന്നാല്‍ സാറാ ജോസഫ്, സി എസ് ചന്ദ്രിക തുടങ്ങിയവര്‍ അതിനകത്ത് ഇടം പിടിക്കുകയും ചെയ്തു. ഡോ. ജെ ദേവികയെ പോലെയുള്ള ചിലരുടെ അഭിപ്രായത്തില്‍ ഇടതുപ്രബുദ്ധതയുടെ പരിസരത്തുനിന്നുള്ള സ്ത്രീയെഴുത്തുകാരെ കുടിയിരുത്താനുള്ള ഇടമായി പെണ്ണെഴുത്ത് മാറി. ‘പെണ്ണെഴുത്ത് കണ്ണെഴുത്ത് പോലെ വല്ലതുമാണോ’ എന്ന പരിഹാസവും അക്കാലത്ത് ചില ലബ്ധപ്രതിഷ്ഠരില്‍ നിന്നു തന്നെ ഉണ്ടായി. ടി പത്മനാഭന് ഡോ. എം ലീലാവതി തുടങ്ങിയവരൊക്കെ ഇത് ബസ്സിലെ സീറ്റ് സംവരണം ചെയ്യുന്നതുപോലെ വല്ലതും ആണോ എന്നും അന്വേഷിച്ചു. അക്കാലത്തെ പ്രമുഖ നിരൂപകരായ എസ് ഗുപ്തന് നായര്‍, ഡോ. സുകുമാര്‍ അഴീക്കോട് തുടങ്ങി പലര്‍ക്കും ഈ വാക്കിനോടു തന്നെ വളരെ പുച്ഛമായിരുന്നു.
ജെ ദേവികയെ പോലെയുള്ള വിമര്‍ശകര്‍ പ്രധാനമായും സച്ചിദാനന്ദന്റെ ഈ പെണ്ണെഴുത്തു പരികല്‍പ്പനയെ തന്നെ തള്ളിക്കളയുന്നുണ്ട്. അതിന് അവര്‍ നിരത്തുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ് ഒന്ന് യൂറോപ്യന്‍ സാഹചര്യത്തില്‍ രൂപപ്പെട്ട ഒരു സങ്കല്‍പ്പനത്തെ ഒരു മൂന്നാംലോക രാജ്യത്തെ ഭാഷയില്‍ കുടിയിരുത്തുന്നതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. തദ്ദേശീയമായ/ Post colonial ആയ സ്വത്വരൂപങ്ങളെയും ചിന്തയുടെ ഭാഷയെയും കണ്ടെടുക്കേണ്ടതായുണ്ട്. മറ്റൊന്ന് ഒരു പ്രത്യേക ചരിത്രനിമിഷത്തില്‍ പെണ്ണഴുത്തിന്റെ രാഷ്ട്രീയമൂല്യത്തെ ഉറപ്പിച്ചുവയ്ക്കുക വഴി അതിനു മുന്നേയുള്ള ചരിത്രത്തെ പ്രത്യേകിച്ചും സ്ത്രീയെഴുത്തുകളെ, അവയുടെ രാഷ്ട്രീയ വീര്യത്തെ ഈ പരികല്പന റദ്ദു ചെയ്യുന്നു. മറ്റൊരു പ്രശ്നം സ്ത്രീകള്‍ ഇങ്ങനെയെല്ലാം എഴുതണം, ഏതൊക്കെ രീതിയില്‍ സ്വയം ആവിഷ്കരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശാത്മകമായ ശൈലി പെണ്ണെഴുത്ത് ലേഖനത്തില്‍ കടന്നുവന്നിട്ടുണ്ട്. അത് തികച്ചും അപകടകരമാണ്. കാരണം അത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്. അതില്‍ പരിഷ്കര്‍ത്താവായ നവോത്ഥാനനായകനും പരിഷ്കരിക്കപ്പെടേണ്ടവളായ സ്ത്രീയും എന്ന ബന്ധത്തിന്റെ ഘടന ഉണ്ടെന്നവര്‍ കുറ്റപ്പെടുത്തുന്നു.

സ്ത്രീകളുടെ എഴുത്തിനെ പെണ്ണെഴുത്തായി നിര്‍വചിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ ആ സങ്കല്പനത്തിനുള്ള കൃത്യതയില്ലായ്മയെക്കുറിച്ചു പലരും പറഞ്ഞിരുന്നു. പെണ്ണുങ്ങള് എഴുതുന്നതെല്ലാം പെണ്ണെഴുത്താകുമോ ആണുങ്ങള് പെണ്ണുങ്ങള്‍ക്കു വേണ്ടി എഴുതുന്നത് അതില്‍ പെടുമോ അങ്ങനെ പല തരം അവ്യക്തതകളുമുണ്ട്. കൂടാതെ, സാഹിത്യത്തെ നല്ലതും ചീത്തയുമെന്ന നിലയ്ക്കുള്ള ഉത്തമവും നീചവുമായ കൃതികളെന്ന നിലയ്ക്കു പ്രതിഷ്ഠിക്കുന്ന രീതിയിലുള്ള കാഴ്ച്ചപ്പാടും പ്രശ്നം തന്നെ എന്നു ദേവിക പറയുന്നു. അതിലുപരിയായി ജനപ്രിയരചനകളുടെ സാധ്യതയെ അവഗണിച്ചു കളഞ്ഞു. ജി അരുണിമ പെണ്ണെഴുത്തിനെക്കുറിച്ചു പറയുന്നത് ഇതു ”സ്ത്രീകളുടെ എഴുത്തിനെപ്പറ്റി ആണുങ്ങള് തമ്മില്‍ നടന്ന ഒരു അടിപിടിയല്ലേ?!” എന്നു തോന്നാവുന്നതാണെന്നാണ്. ചന്ദ്രമതിയാകട്ടെ, സച്ചിദാനന്ദന്റെ ലേഖനം വീടിനേക്കാള്‍ വലിയ പടിപ്പുര പോലെയാണ് എന്ന അഭിപ്രായമാണ് പറഞ്ഞത്.
പുതിയ ഉന്മേഷങ്ങള്‍
പുതിയ മാറ്റങ്ങള്‍ സാഹിത്യത്തിന്റെ മണ്ഡലത്തില്‍ നിരന്തരം സംഭവിക്കുന്നുണ്ട്. അതോടൊപ്പം സ്ത്രീപക്ഷ കാഴ്ചപ്പാടിലും വളരെ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. എന്നാല്‍ ആസ്വാദനത്തിന്റെയോ വിലയിരുത്തലിന്റെയോ മണ്ഡലത്തില്‍ വന്നു വന്ന് പലതരം ഇടുക്കങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിപര്യയമാണ് കാണുന്നത്. സ്ത്രീകളുടെ എഴുത്തില്‍ തുറന്ന രാഷ്ട്രീയപ്പോരിന്റെ ഭാഷ എല്ലായ്പ്പോഴും പ്രതീക്ഷിക്കുവാന്‍ ഇത് കാരണമാകുന്നു. സ്ത്രീയെഴുത്തിലുള്ള ദൈവശാസ്ത്രപരമായ ഭാവനകള്‍, ദേശീയതയോടെയുള്ള പ്രതികരണങ്ങള്‍, വിമതസ്വഭാവത്തോടെയുള്ള ലൈംഗികഭാവനകള്‍, കാമനാപരമായ എഴുത്തുകള്‍, കുടുംബം, ശരീരം, ലൈംഗികത, ലിംഗവൈവിധ്യങ്ങള്‍, ആഖ്യാനവൈചിത്ര്യങ്ങള്‍ എന്നിവ പ്രകടമാകുന്ന എഴുത്തുകള്‍ അവഗണിക്കപ്പെട്ടു പോകാന്‍ ഇത് കാരണമാകുന്നു. ആഖ്യാനത്തെ കേന്ദ്രീകരിച്ചുള്ള പലതരം പരീക്ഷണങ്ങള്‍, രൂപരമായ സാഹസികതകള്‍ എന്നിവയെ ലിംഗരാഷ്ട്രീയവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വായനകള്‍ തന്നെ അപൂര്‍വമാണ്. കവിതയില്‍ കറുത്ത ഹാസ്യത്തിലൂടെയും പലതരം പേച്ചുകളിലൂടെയും ആശാലതയും മറ്റും നടത്തുന്ന വിലപേശലുകള്‍, സില്വിക്കുട്ടിയെ പോലുള്ള കഥാകൃത്തുകളുടെ എഴുത്തുഭാഷയിലെ തിമിര്‍പ്പുകള്‍ (joissance)ഒക്കെ എടുത്തു പറയേണ്ട ചില മാറ്റങ്ങളാണ്. ശ്രീദേവി എസ് കര്‍ത്തായുടെ കവിതകളിലെ നിരധികാരലോകത്തിന്റെ ആവിഷ്കാരങ്ങള്‍ മനുഷ്യാനന്തരാനുഭവങ്ങളിലേക്കു സ്ത്രീപക്ഷവായനയെ കൂട്ടിവയ്ക്കുന്നുണ്ട്.
ആശാലതയുടെ കവിതകളില്‍ ഹാസ്യത്തിന്റെ പലതരം വൈവിധ്യങ്ങള്‍ കടന്നു വരുന്നു. അതിനവര്‍ ഭാഷണപരമായ ഒരു ആഖ്യാനക്രമം പലപ്പോഴും പരീക്ഷിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. കവി എന്നതിനേക്കാള്‍ ഒരു സ്പീക്കര്ഷിപ്പായി അതു കവിതയില്‍ പെരുമാറുന്നു. മുമ്പ് അയ്യപ്പപണിക്കരും (കാര്‍ട്ടൂണ്‍ കവിതകള്‍) കടമ്മനിട്ടയും (ചാക്കാല) മറ്റും അതു നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. ആശാലതയില്‍ ആത്മനിഷ്ഠതയെ ചെറുക്കുന്ന സംവാദപരത, ഭാഷണാത്മകത ഏറി നില്ക്കുന്നു. അവയില്‍ പേച്ചും പറച്ചിലും പിറുപിറുക്കലും ഏറ്റുപറച്ചിലും മുറുമുറുക്കലും ചിലപ്പുകളും റിപോര്‍ട്ടിങും കമന്ററിയും തര്‍ക്കവും വഴക്കും എന്തിനേറെ, ഉറക്കത്തിനകത്തെ മൂളലും മുരളലുമെല്ലാം നിറഞ്ഞതാണ് ഈ ഭാഷണലോകം. ‘പ്രതിലോമകാരി’ എന്ന കവിതയില്‍ പൊതുസ്ഥലത്ത് വളിവിട്ടതിന് അറസ്റ്റിലായ ഒരുവളുടെ ഏറ്റു പറച്ചിലിലൂടെയാണ് കവിത രാഷ്ട്രീയം പറയുന്നത്.

സമീപഭൂതകാലത്തിന്റെ വിമോചനപരമായ ആശയങ്ങള്‍ അവക്ഷിപ്തങ്ങളായി ഈ കവിതകളില്‍ പെരുമാറുമ്പോഴും പരിഹാസത്തിനു കുറവില്ല, മാര്‍ക്സ്, എംഗല്‍സ്, ബുവ്വ, ബുദ്ധന്, ക്രിസ്തു, കൃഷ്ണന് എല്ലാം കവിതയിലേക്കു കടന്നു വരുന്നു. ഒടിവിദ്യ, ആഭിചാരം, മന്ത്രവാദം, താന്ത്രികത തുടങ്ങിയവയുടെ സംസ്കാരം വേണ്ടുവോളം ഈ കവിതകളിലുണ്ട്. ഉന്മാദം കലര്‍ന്ന ഉച്ചാടനത്തിന്റെ സ്വഭാവമായി ഇളകിയാടുന്ന കാളിപ്പാട്ട്, ഒടിവിദ്യ, പുകമഞ്ഞ് തുടങ്ങിയ കവിതകള്‍ എടുത്തു പറയേണ്ടവയാണ്.
”യക്ഷിയായിപ്പറത്തും ഞാന്‍
പനങ്കുരലിലിരിക്കും ഞാന്‍
കള്ളുമോന്തിത്തെറിപറയും
ഭരിക്കാന്‍ നീ
വരുന്ന നേരം
മുടിയേറ്റു കാളിയായ് നിന്
മുടിയെടുക്കും ഞാന്‍”
ഹിംസയെ നേരിടാന്‍ സത്യത്തെ തിരഞ്ഞു കണ്ടെത്താന്‍ കവിത ഭാഷയെത്തന്നെ പീഡിപ്പിക്കേണ്ടതായി വരുന്നു എന്ന ഒരു സങ്കല്പനം സിസെക് പറയുന്നുണ്ട്. യെല്ഫ്രിഡോ യെല്‍നിക് പറഞ്ഞ ഒരു നിരീക്ഷണത്തെ എടുത്തു സൂചിപ്പിക്കുകയാണ് സിസെക് ചെയ്യുന്നത്. ശുദ്ധീകരണത്തിനായി നടത്തുന്ന അനുഷ്ഠാനങ്ങള്‍ക്കു സമാനമാണ് ഈ കവിതയില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന കാരുണ്യരഹിതമായ, ആഖ്യാനപരവും ഭാഷാപരവുമായ ചര്യകള്‍. ഭാഷ അതു മാത്രമല്ല, ചിത്രം ഇന്സ്റ്റലേഷന്, മന്ത്രവാദം ഒക്കെയാവുന്നു. ചിലപ്പോഴത് എംബ്രോയോഡറിയായിത്തീരുന്നു, അമ്മുദീപയില്. മനോഹരമായ രതിവര്ണനയാണ് ‘എംബ്രോയ്ഡറി’ എന്ന കവിത.
‘‘വെളുത്ത കിടക്കവിരി
നിന്നില്‍ എന്നെ കോര്‍ത്ത് തുന്നാന്‍ തുടങ്ങി
പൂക്കള്‍ ഇലകള്‍ ശലഭങ്ങള്‍
ഒച്ചവയ്ക്കും കിളികള്‍
മേഘങ്ങള്‍ മലങ്കാറ്റ് കടലല
അവസാനത്തെ തിരയടിയില്‍
നൂലു പൊട്ടി
മെല്ലെ മെല്ലെ കരയ്ക്കടിഞ്ഞു.”
ജനുസ്സ്/ രൂപരമായ അട്ടിമറികള്‍ സ്ത്രീരചനകളില്‍ ഇന്നു സ്വാഭാവികമായി മാറിയിട്ടുണ്ട്. കെ ആര് മീരയുടെ ‘കലാച്ചി’ എന്ന നോവലില്‍ യക്ഷിക്കഥയുടെ ആഖ്യാനഘടകങ്ങളെ ഉള്‍ച്ചേര്‍ത്തതായി അവര്‍ പറയുന്നു. ജിസാ ജോസിന്റെ നോവലുകളില്‍ കുറ്റാന്വേഷണവും അതിന്റെ രീതിശാസ്ത്രവും കടന്നുവരുന്നു. സില്‍വിക്കുട്ടിയുടെ നുറുങ്ങുകഥകളില്‍ കാരിക്കേച്ചറിന്റെയും കാര്‍ട്ടൂണിന്റെയും സ്വഭാവം എഴുത്തില്‍ കടന്നുവരുന്നു. ആഖ്യാനവേഗം അവര്‍ സൃഷ്ടിക്കുന്നത് പലപ്പോഴും എഴുത്തിന്റെയും ഭാഷയുടെയും ജോയ്സന്സിനും തിമിര്‍പ്പിനും കാരണമാകുന്നു. അലീന ആകാശമിഠായിയുടെ കവിതകളില്‍ ഹിംസയും ജാതിയും പ്രേതസാന്നിധ്യങ്ങളുമെല്ലാം നിറയുന്നു. അതു പ്രത്യക്ഷയുക്തിയുടെയോ പ്രബുദ്ധതയുടെയോ അളവുകോലുകള്‍ക്കു പാകമാകുന്ന രാഷ്ട്രീയപ്രയോഗമല്ല. സ്വത്വത്തിന്റെ മറികടക്കലോ അട്ടിമറിശ്രമങ്ങളോ ഒക്കെയായി ഭാവുകത്വപരമായി അതിനെ കാണുന്നതാണുചിതം. തരളവും കാല്പ്പനികവുമായ മൃദുലതകളേക്കാള് അവിടെ ഭീഷണമായ യാഥാര്‍ത്ഥ്യങ്ങളും അവയുടെ മറുലോകമായ ഭ്രമാത്മകതയുടെ കരാളതയും കവിതയില്‍ പെരുമാറുന്നു! കൂലിവേലക്കാരികളായ കീഴാളസ്ത്രീകളുടെ പ്രത്യേകിച്ചും ദലിത് ക്രിസ്ത്യന്‍ സ്ത്രീകളുടെ ദൈനംദിനമായ അവമതിപ്പുകളെയും അതിജീവനങ്ങളെയുമാണ് അലീന തുറന്നുകാട്ടുന്നത്. ‘പരദൂഷണം’ എന്ന കവിതയില്‍ കാക്കാപ്പുരയിലെ റോസിയുടെ മൂത്രത്തില്‍ നിന്നും തെറിച്ചുപോയ കല്ലു പല്ലാകുന്നതും അത് ആനക്കൊമ്പും ആനയുമാകുന്നതും പറയുന്നു. തീറ്റ സീരീസില്‍ വരുന്ന കവിതകളിലൊന്നില്‍ ഈസ്റ്ററിന്റെ ആഘോഷം കൊതിച്ച സൂസിയുടെ കുട്ടികളെ കുറിച്ചു പറയുന്നു. കുടിച്ചു വന്ന അപ്പനെ അവര്‍ വെട്ടിനുറുക്കി മസാല പുരട്ടി കുക്കറിലാക്കി എത്ര വിസിലാ അമ്മച്ചീന്നു ചോദിച്ചു! ‘ഈസ്റ്ററിന് എല്ലാ വീട്ടിലേം പോലെ അവരും ഇറച്ചി കഴിച്ചു’ എന്നു പറഞ്ഞു കവിത തീരുന്നു മറ്റൊരു തീറ്റക്കവിതയില് പള്ളീലച്ചനും മറ്റൊന്നില്‍ വല്യമ്മച്ചിയും തീറ്റയായി മാറുന്നു. ‘അമ്മായിയമ്മയും മരുമോളും’ ഫാന്റസിക്കഥകളെ അനുസ്മരിപ്പിക്കുന്ന കവിതയാണ്.
‘‘ഈ വീട്ടില്‍ വെട്ടമില്ലല്ലോ,
കെട്ടിക്കേറിവന്ന മരുമോള് പരിഭവം പറഞ്ഞു.
അമ്മായിയമ്മ ഉളളില്‍ കലിച്ച്
ആകാശത്തൂന്ന് ഒരോടെളക്കി മരുമോളുടെ മുറിയില്‍ പാകി.
ഇപ്പോ രാവും പകലും നറും വെട്ടം.
അയ്യോ ഉജാല തീര്‍ന്നല്ലോ,
മരുമകള്‍ കൊഞ്ചിപ്പറഞ്ഞു.
അമ്മായിയമ്മ കാര്‍മേഘം
കൈവീശിപ്പിടിച്ച് ഞെക്കിപ്പിഴിഞ്ഞ്
ഒരു ബക്കറ്റില്‍ നീലവും ഒരു ബക്കറ്റില്‍ വെള്ളവും കൊടുത്തു.
മഴപെയ്യാതെ ആകാശം അടച്ചു.
അവരുടെ വെള്ളകള്‍ വെട്ടിത്തിളങ്ങി.
ഞായറാഴ്ച്ചകളില്‍ ചന്ദ്രന്റെ തണുത്ത ഇറച്ചി
മസാല പുരട്ടി കറിവച്ചിട്ട്
അമ്മായിഅമ്മയും മരുമോളും കുര്‍ബാനകൂടി.
ചുണ്ടിനടിയില്‍ കുതിര്‍ന്നു പറ്റിയ
വെള്ളേപ്പത്തിന്റെ റേത്ത മരുമോള്
കുപ്പയിലേക്കെറിഞ്ഞത് അപ്പൂപ്പന് താടിമരമായി വളര്‍ന്നു.
‘രൂത്തേ’.. ‘അമ്മച്ചീ’ വാതില്‍പ്പടിയിലിരുന്ന്
മരുമോള്ടെ തലേന്നു ആനയും കടുവയും മുയലും പെറുക്കി.
ചിലപ്പോഴൊക്കെ അവര്‍ കാടും തടാകവും ചതുപ്പുമായി.
ആകാശവും ഭൂമിയും അവരുടേതായിരുന്നു.”
അലീനയുടെ കവിതകളിലെ പ്രേതസാന്നിധ്യവും ഹിംസയും മറ്റൊരുണര്വായി സ്ത്രീകവിതകളില്‍ ഇടപെടുന്നുണ്ട്. സമീപകാലത്തു ശ്രദ്ധേയമായ ആഷ് അഷിതയുടെ കഥ ‘മൈസൂര്‍ മല്ലിക’ ലൈംഗികതയുടെ വ്യത്യസ്തമായ രാഷ്ട്രീയത്തെ മറനീക്കുന്നുണ്ട്.

സച്ചിദാനന്ദന്
സാഹിതീയത
സാഹിതീയത എന്ന ആശയം പലപ്പോഴും പെണ്ണഴുത്ത് ചര്‍ച്ചയില്‍ കടന്നുവരാറുണ്ട്. വായനയിലൂടെ ആസ്വാദനപരമായി അനുഭവിക്കുമ്പോഴും വിലയിരുത്തുമ്പോഴും അതിനെതിരെയായി സാഹിതീയത ഉന്നയിക്കപ്പെട്ടു വരാറുണ്ട്. സ്ത്രീകളും ട്രാന്‍സുകളും എഴുതുമ്പോഴും ദലിതരും മറ്റു ന്യൂനപക്ഷങ്ങളും എഴുതുമ്പോഴൊക്കെയും അവര്‍ തങ്ങളുടെ സ്വത്വത്തെ അഭിമുഖീകരിച്ചു കൊണ്ടാണ് എഴുതുന്നത്. ഈ അഭിമുഖീകരണം വളരെ സുപ്രധാനമാണ്. അതിലൂടെ അവര്‍ തങ്ങളെയും മറ്റുള്ളവരെയും നോക്കിക്കാണുന്നു. ലോകം മറ്റാരുടേതോ ആണ്. തങ്ങള്‍ അതിന്റെ കേന്ദ്രത്തിലൊന്നുമില്ല. അതിനാല്‍ ഓരത്തു/ മാര്‍ജിനില്‍ നിന്നു നോക്കിക്കാണാനും, അതായത് ഒരു Aestheticpolitical distance നിന്നു കൊണ്ടു വസ്തുതകളെ മനസ്സിലാക്കാനും അവര്‍ക്കു കഴിയുന്നുണ്ട്. അതാണല്ലോ മറ്റൊരു വിധത്തില്‍ minor writing എന്നു കാഫ്കയുടെ എഴുത്തിനെപ്പറ്റി പറയുമ്പോള്‍ ദെല്യൂസും ഗ്വത്താരിയും മറ്റും ഉള്‍ച്ചേര്‍ക്കുന്നത്. (Towards Minor literature എന്ന ലേഖനത്തില്‍) തങ്ങളുടെ ആനുഭവികസ്വത്വത്തെ നിരന്തരം പിടച്ചിലൂടെ ചേര്‍ത്തുപിടിച്ചും ഉലച്ചും അവര്‍ എഴുതുന്നു. മുഖ്യധാരയോടു കലഹിക്കുന്ന ഒരു എഴുത്താണ് ഇത്. സ്വാഭാവികമായും ഇത് അനുഭവങ്ങളുടെ വ്യത്യാസമാണല്ലോ. ആയതിനാല്‍ ആവിഷ്കാരങ്ങള്‍ക്കും വ്യത്യാസം, ആസ്വാദനത്തിനും വ്യത്യാസം ഉണ്ടാവും. അഭിരുചിയിലുള്ള വ്യത്യാസം പൊതുസമൂഹത്തെ അതിനെ സാഹിതീയമല്ല എന്ന് വിലയിരുത്താനാവും പ്രേരിപ്പിക്കുന്നുണ്ടാവുക. സില്‍വിക്കുട്ടിയുടെ കഥകളിലെ ആഖ്യാനവേഗം ശ്രദ്ധിക്കേണ്ടതുതന്നെയാണ.് കടുകുവറുക്കുന്നതു പോലെയോ കരണത്തടിക്കുന്നതോ പോലെയുള്ള ആഖ്യാനത്തിന്റെ സ്ഫോടവേഗം ഒരു പക്ഷേ തിരക്കുള്ള ഒരു ഉദ്യോഗസ്ഥയുടെയും വീട്ടുജോലികള്‍ക്കിടയില്‍ പിടയുന്ന വീട്ടമ്മയുടെയും സര്ഗാത്മകതയെയല്ലേ പറയാതെ പറയുന്നത്! ധ്യാനാത്മകവും വിചാരപരവുമായ ധ്വനിപരമായ ഭാഷയിലെഴുതപ്പെട്ട എഴുത്തിലേക്കു കടന്നു നില്ക്കുന്ന മുഖ്യധാരയുടെ അംഗീകൃത ഭാഷാശയ്യക്കു മുമ്പില്‍ ഇതു വിച്ഛേദം സൃഷ്ടിക്കുന്നുണ്ട്.
ആത്മീയതയുടെ വഴികള്‍- വിശുദ്ധിയും വന്യതയും
അരുന്ധതി സുബ്രഹ്മണ്യന്റെ സേക്രഡ് വുമണ്‍, വൈല്‍ഡ് വുമണ്‍ തുടങ്ങിയ സങ്കല്പ്പനങ്ങളുടെ വൈവിദ്ധ്യം മലയാളത്തില്‍ എത്രയോ കാലമായുണ്ട്. സുധാ മേനോന്റെ മുത്തശ്ശി പാര്‍വതി പൊതുവാളസ്യാര്‍ സുബ്രഹ്മണ്യശതകം എഴുതുമ്പോള്‍ അതില്‍ തന്റെ ഭര്‍ത്താവായാണ് സുബ്രഹ്മണ്യനെ കാണുന്നത്. അക്ക മഹാദേവി, ആണ്ടാള്‍, മാ കര്‍പ്പൂരി, ലതാമണി, ബാലഋഷി വിശ്വശിരസിനി, മീരാബായ്, മുതലായ പല ഭക്തസന്യാസിനിമാരെക്കുറിച്ചും അവര്‍ പറയുന്നു. മലയാളത്തിലെ തരവത്ത് അമ്മാളുവമ്മ, സിസ്റ്റര്‍ മേരി ബെനീഞ്ഞ, മേരിജോണ്‍ കൂത്താട്ടുകുളം, മുതുകുളം പാര്‍വതിയമ്മ, കടത്തനാട്ടു മാധവിയമ്മ, എന്‍ നാരായണിക്കുട്ടിയമ്മ, ടി ആര് വിമല, ലളിതാംബിക, രാജലക്ഷ്മി തുടങ്ങി അനേകം കവികള്‍ അവരുടേതായ ആദ്ധ്യാത്മികവഴികളെ വ്യത്യസ്തമായി തേടിയവരാണ്. മാധവിക്കുട്ടിയും അവരുടെ പല കവിതകളിലും കാല്‍പ്പനികമായ ആത്മീയതയെ തിരഞ്ഞു പോയിട്ടുണ്ട്. ചിലരില്‍ പ്രണയതൃഷ്ണയെങ്കില് ചിലരില്‍ ഉന്മാദം, ചിലരില്‍ ശാരീരികമായ അഭിനിവേശങ്ങള്‍. ശരീരമുക്തിയും ശരീരത്തിന്റെ കാമനകളും- രണ്ടുമുണ്ട്. അരുന്ധതി സുബ്രഹ്മണ്യം തന്റെ പ്രഭാഷണങ്ങളിലൊന്നില്‍ പറയുന്നു, ‘Before God all are women” എന്ന്! താരുകൊണ്ടെ വെക്കമംബായ്, ജനാബായ് തുടങ്ങിയ പഴയ കവികളെക്കുറിച്ചവര് പറയുന്നു. അവരുടെ കൃതികളിലെ ഈശ്വരന് എങ്ങനെ തോഴനും കാമുകനും ആരാധനാബിംബവുമാണെന്നവര് പറയുന്നുണ്ട്. വെങ്കടേശ്വരനെ ഭര്‍ത്താവായി സ്വീകരിച്ച വെക്കമംബായ് അദ്ദേഹത്തോടു കലഹിക്കുന്നു, കൂട്ടുകൂടുന്നു, പ്രണയിക്കുന്നു! എച്ചിലിനെക്കുറിച്ചു കവിത എഴുതിയ മറ്റൊരു കവി എന്താണ് ഈ ലോകത്ത് എച്ചിലല്ലാത്തതെന്നു ചോദിക്കുന്നു. വായിലെ ഉമിനീരും ആര്‍ത്തവരക്തവും എച്ചിലാണെങ്കില് എന്താണീ ലോകത്ത് എച്ചിലല്ലാത്തത്!

അലീന അകാശമിഠായി
മൃഗപക്ഷി സസ്യസങ്കുലമായപ്രകൃതിയെ അപ്പാടെ, ജൈവികമായ ഏതൊന്നിനെയും അരുമയായി നോക്കിക്കാണാനാണ് ശ്രീദേവി എസ് കര്‍ത്തായുടെ കവിത ശ്രമിക്കുന്നത്. അവയെ മനുഷ്യന്റെ അധീശപദവിക്ക് അഭിമുഖമായി നിര്‍ത്തി ഭാവനാപരമായി വരച്ചെടുക്കാനാണ് ശ്രീദേവി ശ്രമിക്കുന്നത്. മൃഗത്തെ, പക്ഷിയെ, ഇഴജന്തുക്കളെ, പ്രാണിയെ കണ്ടെടുക്കുന്ന എത്രയെങ്കിലും കവിതകള്‍ ശ്രീദേവി എഴുതിയിട്ടുണ്ട്. അവയെ കാല്പ്പനികസുന്ദരമായ കാഴ്ച്ചകളായി വിവരിക്കുന്നതിനേക്കാള്‍ വാഴ്വ് എന്ന സമസ്യക്കു മുകളില്‍ അധികാരവും സ്വേച്ഛയും നഷ്ടപ്പെടുന്ന, എന്നാല്‍ സ്വാതന്ത്ര്യവും നിസ്സഹായതയും ഒരേസമയം ഉള്ളവരായാണ് കവി കാണുന്നത്. ഈ ഭൂമിയിലെ അധികാരിയായ മനുഷ്യന്റെ പോലും ഹ്രസ്വമായ ജീവിതം അഭയാര്ത്ഥിത്വമാണെന്നു ‘ഓടിയോടിപ്പോകുന്നു’ എന്ന കവിതയില്‍ ശ്രീദേവി പറയുന്നു. തെരുവുനായ മടിയില്‍ക്കയറിയിരുന്ന് കൊഞ്ചിക്കൊണ്ടു അതിന്റെ പേരു ചോദിക്കുന്നു. ബാലഗോപാലന് എന്ന പേരതിനു തല്ക്കാലം നല്കിയപ്പോള് അവനതിനെ സന്തോഷത്തോടെ വാലു എന്നാക്കി ചെറുതാക്കി, നക്കിത്തോര്‍ത്തി. മഴമൂടി, ഇരുണ്ടുവന്ന ഒരു ടാഗോര്‍ സന്ധ്യയില്‍ അവനവളുടെ മടിയിലിരുന്നു ”നാന് അമ്മയ്ക്കാരാ”യെന്നു ചോദിച്ചു.
”ഒരു ദേശത്തു നിന്ന്
മറുദേശത്തേക്ക്
ഓടിയോടിപ്പോകുന്ന
കോടിക്കണക്കിനു
നായക്കുട്ടികള്‍
മനുഷ്യര്‍
കുഞ്ഞുങ്ങള്‍
ഉരഗങ്ങള്‍
സൂക്ഷ്മാണുക്കള്‍…”
അവയെല്ലാമാരാണെന്നുള്ള സത്യം കവി പറയാന്‍ വിമ്മിട്ടപ്പെടുമ്പോള്‍ ”നീ പറയമ്മാ” എന്ന് അപ്രിയസത്യം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവന്റെ ചോദ്യം ക്രൂരതയോടെ അവന്റെ കണ്ണില്‍ തിളങ്ങി. ‘അഭയാര്‍ത്ഥി’ എന്ന പേരു കേട്ടതും അതിന്റെ ഒറ്റക്കണ്ണില്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള നിലവിളികള്‍ തിരപോലെ വന്ന് ഒഴുകാതെ മടങ്ങുകയും വിശ്വരൂപം കണ്ടു കവി പകയ്ക്കുകയുമാണ്.
‘പുതുവര്‍ഷത്തിന്റെ മറുപകല്‍’ അപൂര്‍വസുന്ദരമായ മൃഗ, സ്ത്രീ പ്രണയത്തിന്റെ കഥയാണ്. ക്ലാരിസോ എസ്തേര്‍ പിംഗോളയുടെ ‘ദ വിമന്‍ ഹു റാന്‍ വിത് ദ വുള്‍വ്സ്’ പോലുള്ള രചനകളെ ഇത്തരം കവിതകള്‍ അനുസ്മരിപ്പിക്കുന്നു. മനുഷ്യകുലത്തിന്റെ അതീതഭൂതകാലസ്മരണകളും പ്രചോദനവും പേറുന്ന മിത്തുകളാല്‍ സമ്പന്നമാണ് അത്തരം രചനകള്‍. മാന്ത്രികതയും ആഭിചാരതയും നിറഞ്ഞ മൃഗമനുഷ്യകഥകള്‍ സങ്കലിതമായ ജൈവികസംസ്കാരത്തിന്റെ, നിര്‍മലമായ ജീവിതപ്രതലങ്ങളുടെ വഴികളിലേക്കു നീളുന്നു. ഇവിടെ സ്ത്രീ ദുര്‍ബലയോ ഇരയോ അല്ല, മറിച്ചു വന്യതയുടെയും ശക്തിയുടെയും സൗന്ദര്യത്തിന്റെയും സാധ്യതകളുള്ളവളാണ്. നിഗ്രഹാനുഗ്രഹശക്തികളുള്ള ദേവതകളും അപ്സരസ്സുകളും ദുര്‍മന്ത്രവാദിനികളും പിശാചിനികളും യക്ഷികളും പ്രേതങ്ങളും രാക്ഷസികളും എല്ലാം ഈ മിത്തുകളിലുണ്ട്. ‘ചിരിക്കുന്ന മെഡൂസ’ എന്നാണ് ഹെലന് സിക്സസ് തന്റെ കൃതിക്കു പേരിട്ടത്. മെഡൂസ രാക്ഷസിയാണ്. അവള് നോക്കിയാല്‍ അവര്‍ കല്ലായിപ്പോകുമത്രേ!
ദേശീയത
വിര്‍ജീനിയ വുള്‍ഫ് പറയുന്നു:
”As a woman I have no coutnry
as a woman I want no coutnry
as a woman my coutnry is the whole world”
ദേശീയതയെയും സാഹിത്യത്തെയും സംബന്ധിച്ച വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍ സ്ത്രീകളുടെ എഴുത്ത് അതില്‍ സവിശേഷമാണെന്ന് കാണാം. പിതൃത്വത്തെയും പൗരുഷത്തെയും ആധികാരികതയുടെ രൂപങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ത്രീകള്‍ എഴുതുമ്പോള്‍ ദേശീയതയ്ക്കുള്ളില്‍ വെറും പ്രജകള്‍ മാത്രമായി അവര്‍ നിലകൊള്ളുന്നു. അതേസമയം തങ്ങളുടെ പ്രജാത്വത്തെ മറികടന്ന് പൗരകളായി മാറുവാനുള്ള വിലപേശലുകള്‍ തങ്ങളുടെ സര്‍ഗാത്മകതയുടെ മണ്ഡലത്തില്‍ നിറവേറ്റുന്ന മഹാശ്വേതയെയും മാധവിക്കുട്ടിയെയും ആശാലതയെയും പോലെയുള്ള എഴുത്തുകാരികള്‍ നമുക്കുണ്ട്. പെണ്ണിന്റെ ദേശം എവിടെയെന്നാണ് പല എഴുത്തുകാരികളും നിരന്തരം ചോദിക്കുന്നത്. ‘കല്യാണിയും ദാക്ഷായണിയും’ പോലുള്ള കൃതികളില്‍ അതിപ്പോഴും ആവര്‍ത്തിക്കുന്നു. യുദ്ധവും സൈന്യവും സ്ത്രീകളോട് ചെയ്യുന്നത് ഉര്‍വശി ഭൂട്ടാലിയെയും ഷംഷാദ് ഹുസൈനും കെ ആര് മീരയും ജിസാ ജോസും സുധാ മേനോനും സോണിയ ചെറിയാനും പല നിലയ്ക്ക് എഴുതുന്നു.
മാധവിക്കുട്ടിയുടെ കഥകളില്‍ ‘മീനാക്ഷിയമ്മയുടെ മരണം’ വളരെ തമാശനിറഞ്ഞ രീതിയില്‍ സ്ത്രീയുടെ ദേശീയതാബോധത്തെ അവതരിപ്പിക്കുന്നു. കാമനകള്ക്കെതിരായ, കര്തൃത്വത്തിനെതിരായ പ്രതിബദ്ധതയുടെ പ്രത്യയശാസ്ത്രം അവിടെ കാണാം. ഭര്‍ത്താവിന്റെ കോണകം ദേശീയപതാകപോലെ കഴുകി വിരിച്ചു എന്നവര്‍ തന്റെ എഴുത്തിലെവിടെയോ പറയുന്നുണ്ട്. ‘കാളച്ചന്ത’-യില്‍ ”അവള് വോട്ടിടാന്‍ പോയില്ലെന്നതു ശരി തന്നെ, പക്ഷേ, എല്ലാ വോട്ടും ഇങ്ങട്ടു കൊണ്ടു തന്നളാ, ഞായെണ്ണിത്തരാന്നു” പറയുന്ന പേരക്കുട്ടിയെച്ചൊല്ലി അഭിമാനിക്കുന്ന മുത്തശ്ശിയെക്കാണാം.
നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള വിമര്‍ശനാത്മകമായ അട്ടിമറിയിലാണ് സ്ത്രീകളുടെ എഴുത്ത് അതിന്റെ രാഷ്ട്രീയം കണ്ടെത്തുന്നത്. അവര്‍ പ്രകൃതിയെക്കുറിച്ചെഴുതുമ്പോള്‍ വലിയ കെട്ടിടങ്ങളും വലിയ കസേരകളും അധികാര രൂപങ്ങളായി തീരുന്ന പുരുഷലോകത്തിന് പുറത്തേക്ക് കടക്കുകയാണ്. ചെകിടി മണ്ണിനെ കുറിച്ചും പ്ലാവില പേഴ്സിനെ കുറിച്ചും അമ്മുദീപ എന്ന കവി എഴുതുമ്പോള്‍ അവര്‍ നിരധികാരമായ ഒരു ലോകത്തെ തങ്ങളുടെ എഴുത്തിന്റെ ഭാവനയിലേക്കു വികസിപ്പിച്ചെടുക്കുകയാണ്.
ഒരു കാലത്ത് സ്ത്രീ, സാഹിത്യമെഴുതുമ്പോള്‍ ആര്‍ത്തവത്തെയും പ്രസവത്തെയും മുലയൂട്ടലിനെയും കുറിച്ച് എഴുതുന്നു എന്നതു ചൊല്ലി പലരും ആക്ഷേപിച്ചിരുന്നു. അതില്‍ പ്രഫ. എം കൃഷ്ണന് നായര്‍ അടക്കമുള്ള നിരൂപകര്‍ അനാഗത ശ്മശ്രുക്കള്‍ എന്നും അനാഗതാര്‍ത്തവകള്‍ എന്നും പറഞ്ഞ് ചെറുപ്പക്കാരായ എഴുത്തുകാരെ നിരന്തരം ആക്ഷേപിച്ചിരുന്നു എന്നോര്‍ക്കണം. ആര്‍ത്തവവിരാമം വന്ന വൃദ്ധകള്‍ എന്നും അദ്ദേഹം എഴുതാറുണ്ട്. അത് അത്ര വളരെ മുമ്പേ ഒന്നുമല്ല. ഏതാണ്ട് എണ്പതുകളിലൊക്കെ തന്നെയാണ്. എണ്‍പതുകളിലാണ് മലയാളസാഹിത്യം അതിന്റെ രാഷ്ട്രീയവീര്യം തിരിച്ചറിഞ്ഞ് സ്ത്രീചിന്തകളെ ജീവിതത്തെ ആവിഷ്കരിക്കാന്‍ ഒട്ടെങ്കിലും വഴിയൊരുക്കിയത്. പൊതുവേ 1970കള്‍ സാഹിത്യത്തിന്റെ രാഷ്ട്രീയഭാവിയെ നിര്‍ണയിച്ച കാലഘട്ടം എന്ന നിലയില്‍ നിരന്തരം പ്രസക്തമാകുമ്പോഴും സ്ത്രീകളെ സംബന്ധിച്ച് 1980കളാണ് വ്യത്യസ്തമായ ഈയൊരു വഴിത്തിരിവിന് കാരണമായ കാലഘട്ടം എന്നു നമുക്കോര്‍ക്കാം.
സുഗതകുമാരിയുടെ കവിതയുടെ ഘട്ടം 80കളാണ്. ആഖ്യാനത്തിലെ ദുര്‍ബലയും നൈതികദീക്ഷയാല് ജ്വലിക്കുന്നവളുമായ സ്ത്രീ ഇതിന്റെ കേന്ദ്രമാണ്. സുഗതകുമാരിക്കവിതകളിലെ ദേശീയതയെ പഠിക്കേണ്ടതായിട്ടുണ്ട്. ദേശീയതയ്ക്കുള്ളിലെ പിതൃരൂപത്തെ കണ്ടെടുക്കുന്ന തലം ഇവരുടെ കവിതകളില്‍ ശക്തമാണ്. നവോത്ഥാനകാലം മുതല്ക്കേ ഗാന്ധിയെ പിതൃസ്വരൂപമായി കണ്ടുകൊണ്ടുള്ള കവിതകള്‍ കാണാം. എങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ആധുനികകവിതകളില്‍ ഇതിനു സവിശേഷമായ അര്‍ത്ഥം കൈവരുന്നുണ്ട്. അതിന്റെ ചുവടു പിടിച്ചു പോയാല്‍ അവര്‍ സ്വരൂപിച്ച സ്ത്രീകര്‍തൃത്വത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാന്‍ കഴിയും. ‘നിങ്ങളീ ഇന്ത്യയെ സ്നേഹിക്കുന്നുവോ’ എന്ന കവിത തികച്ചും ഇസ്ലാമോഫോബിക്കാണ്. കൃഷ്ണബിംബങ്ങളിലൂടെ കാമുകിയുടെ കാമനാപാത്രമായ പുരുഷനെ അവതരിപ്പിക്കുമ്പോഴും മുറുകെപ്പിടിക്കാവുന്നതാണ് ഈ പിതൃബിംബം എന്നതില്‍ വൈരുദ്ധ്യമല്ല, മറിച്ച് ഹൈന്ദവമായ മൂല്യങ്ങള്‍ ഒരുപോലെയിണങ്ങി നില്ക്കുന്നതിനാല് യുക്തിയുണ്ടു താനും.
ശരീരം
സ്ത്രീകള്‍ തങ്ങളുടെ ശരീരത്തിനു നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും ശാരീരികമായ, ലൈംഗികമായ, കാമനകളെക്കുറിച്ചും മാത്രമല്ല, പ്രായമാവലിനെയും ആര്‍ത്തവവിരാമത്തെയും കുറിച്ചും എഴുതുന്നു. അത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം പുരുഷന്റെ ഭോഗവസ്തു എന്ന നിലയില്‍ കമനീയമായി അണിയിച്ചൊരുക്കപ്പെട്ട ശരീരം എന്ന നിലയില്‍ മാത്രം വരയപ്പെട്ട ഒരു രൂപമായി, സ്ത്രീരൂപം സാഹിത്യത്തിനകത്ത് കുടുങ്ങിക്കിടന്നിരുന്നു. ദാഹമോഹങ്ങള്‍ ഉള്ള ശാരീരികമായ തൃഷ്ണകളുള്ള, ശാരീരികമായ വൈകല്യങ്ങള്‍ ഉള്ള പ്രജനനപരമായ മാതൃശരീരങ്ങളായും കാമവതികളായും സ്ത്രീകള്‍ അവരുടെ എഴുത്തിലൂടെ സ്വയം അവതരിപ്പിക്കുന്നു. അങ്ങനെ മലയാളസാഹിത്യത്തില്‍ സ്ത്രൈണമായ ഒരു മാതൃഭൂപടം രൂപം കൊണ്ടുവരുന്നു. മണ്ണിനെക്കുറിച്ചു സംസാരിക്കുന്ന ധന്യ വേങ്ങച്ചേരിയും (മഴകുടിച്ചിറങ്ങാന് പച്ച മണ്ണു കടം വാങ്ങിയ കൊച്ചുമാളമാണ് ഞാന്‍) അമ്മുദീപയും ചിത്ര കെ പിയും അലീന ആകാശ മിഠായിയുമുള്പ്പെടുന്ന പുതുതലമുറ സ്ത്രീകവികള്‍ ഇത്തരമൊരു പൗരിഭൂപടം നിര്‍മിച്ചെടുക്കുന്നു. simple yet Powerfull ആയ എഴുത്തുകള്‍! ആനന്ദമുള്ള സ്ത്രീകളെ നാമവിടെ കാണുന്നു. നര്‍മമുള്ള എഴുത്തുകളെ കാണുന്നു. അമ്മുദീപയുടെ ‘ജമീലാത്ത’ മറ്റാരും കാണാത്ത ആ ജനാല തുറന്നിടാന്‍ പറഞ്ഞു കടന്നു പോകുന്നു!
ആനന്ദത്തിന്റെയും കാമനയുടേതുമായ സവിശേഷതകള്‍ ശരീരത്തിലേക്കു നിറച്ചു കൊണ്ടാണ് സിതാരയുടെയും രേഖയുടെയും മറ്റും എഴുത്തുകള്‍ നിലനില്‍ക്കുന്നത്. അഗ്നിയും അന്തിക്കാട്ടുകാരിയും ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ‘എന്റെ കഥ’, ‘കന്യകയുടെ പുല്ലിംഗം’, പിന്നീടു നളിനി ജമീലയുടെ ആത്മകഥ തുടങ്ങിയ നാഴികക്കല്ലുകളായ രചനകള്‍ക്കു ശേഷവും ഇവയ്ക്കു പ്രസക്തിയുണ്ട്. പാര്‍ട്ടിയുടെ പുരുഷാധികാരത്തെ നിര്വചിക്കേണ്ടതായ നിമിഷങ്ങളൊക്കെയും അതു പുനര്‍വായിക്കപ്പെടുന്നു. ബലാല്‍സംഗത്തിനു ശേഷമുള്ള സ്ത്രീയുടെ ജീവിതം എന്തു തരമായിരിക്കുമെന്നതിനെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ഭാവന അവിടെ വരുന്നു. സാറാ ജോസഫിന്റെ ‘ഈ ഉടലെന്നെ ചൂഴുമ്പോള്‍’, മേതിലിന്റെ ‘ഉടല് ഒരു ചൂഴ്നില’, അനുരാധാ രമണന്റെ ‘പ്രിസന്‍’, ജിസയുടെ ‘ദണ്ഡമോചനം’ തുടങ്ങിയ കഥകളൊക്കെ വ്യത്യസ്തമായി അതു പറയുന്നു.
വംശാവലീരചന
‘ഒരു എഴുത്തുകാരി എന്ന നിലയില്‍ നാം നമ്മുടെ അമ്മമാരിലൂടെയുള്ള ചിന്തയെ നിര്‍മിച്ചെടുക്കും. ലോകത്തെ മനസ്സിലാക്കാന്‍ വേണ്ടി എന്നാല്‍ മഹാന്മാരായ പുരുഷ എഴുത്തുകാരുടെ കൃതികള്‍ അക്കാര്യത്തില്‍ ഒരു കാര്യവുമില്ല എന്ന് തോന്നുന്നു. ചിലരൊക്കെ സന്തോഷത്തിനായി അതിനെ ആശ്രയിക്കുമെങ്കിലും വിര്‍ജീനിയ വുള്‍ഫ്. ‘ഇന്‍ സേര്‍ച്ച് ഓഫ് അവര്‍ മദേഴ്സ് ഗാര്‍ഡനില്‍’ ആലീസ് വാക്കര്‍ പറയുന്നത് തങ്ങളുടെ മാതാമഹികളുടെ സര്ഗാത്മകതയെക്കുറിച്ചാണ്.

എഴുത്തിനെക്കുറിച്ചുള്ള സ്ത്രീകളുടെ ചിന്തകളും ആലോചനകളും സ്ത്രീയെഴുത്തുകാരുടെ സര്‍ഗാത്മകരചനകളില്‍ തന്നെ കാണുന്ന ഒരു ശൈലി സരസ്വതി അമ്മ മുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. ‘അവരുടെ കഥയെഴുത്ത്’ എന്ന കഥ ഇത്തരത്തില്‍ വളരെ പ്രധാനമാണ്. ഒരു കഥ പലര് കൂടിയിരുന്നു എഴുതുന്ന ഒരു രചനാരൂപമായാണ് കഥ അതില്‍ നിലനില്‍ക്കുന്നത്. സരസ്വതിയമ്മയുടെ കഥകളിലെ നായികമാര്‍ പൊതുവേ ബുദ്ധിജീവികളോ ഉദ്യോഗസ്ഥകളോ അക്കാദമിക് മണ്ഡലങ്ങളില്‍ നിന്നുള്ളവരോ ഒക്കെയാണ്. അവര്‍ക്ക് ഒരു മധ്യവര്‍ഗസ്വഭാവം തന്നെ ആരോപിച്ചു കാണാറുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. സാറാജോസഫിന്റെ മേബിള്‍ അമ്മായിയുടെ വീട്, മീരയുടെ ‘ഓര്‍മയുടെ ഞരമ്പ്’, ‘അച്ചാമയ്ക്കു സമ്പവിച്ചത്’, സില്‍വിക്കുട്ടിയുടെ ‘സൗഹൃദം’ എന്ന കഥ ഇത്തരത്തിലുള്ളതാണ്! ഗീതാഹിരണ്യന്റെ ‘ശില്പ കഥയെഴുതുന്നു’, ‘ഒറ്റ സ്നാപ്പിലൊതുക്കാനാവില്ല ജന്മശില്പം’ തുടങ്ങിയ കഥകള്‍ രചനാപരമായ ചിന്തകളെക്കുറിച്ചാണ്. പെണ്ണുങ്ങളെഴുതുമ്പോള് സംഭവിക്കുന്നതെന്ത് എന്നു നോക്കിക്കാണാനുള്ള സാധ്യതയും ഇവരുപയോഗിക്കുന്നു. ‘മുമ്പേ പറന്നവള്‍’ എന്ന വിജിലയുടെ കവിതയിലുള്ളതു പോലെ വരേണ്യരചനയുടെ പ്രശ്നങ്ങളെ രാഷ്ട്രീയയമായി ഉന്നയിക്കാനുമവയ്ക്കു കഴിയുന്നുണ്ട്. പറഞ്ഞുകൊണ്ടു വരുന്നത് എഴുത്തിനെ തന്നെ ഒരു സ്ഥാപനമായി നോക്കിക്കണ്ടുകൊണ്ടും അതിലെ അധികാരപരമായ മേല്കീഴുകളുടെ മര്മത്തില് സ്പര്ശിച്ചുകൊണ്ടുമാണ് സ്ത്രീകളെഴുതുന്നത് എന്നാണ്. ചന്ദ്രമതിയുടെ കഥകളിലെ പല സന്ദര്‍ഭങ്ങളും ഇതിനുദാഹരണങ്ങളാണ്. രത്നാകരന് എന്ന കഥയുള്‍പ്പടെ. കഥയ്ക്കുള്ളില്‍ ചോദ്യമില്ല എന്നിങ്ങനെയുള്ള വാക്യങ്ങളും കഥയുടെ നിര്‍മാണപരമായ വശങ്ങളെക്കുറിച്ചുള്ള ചിന്തകളും ചന്ദ്രമതി എഴുത്തിലേക്കു കടത്തിവെയ്ക്കുന്നുണ്ട്.
പ്രഭാ സക്കറിയാസ് കവിതകളുടെ ദൈനംദിനപരതയും അമ്മുദീപയുടെ കവിതകളിലെ നിരധികാരലോകവും അതിലെ ലീലാപരതയും കാവ്യ അയ്യപ്പന്റേയും യമയുടെയും കഥകളിലെ ദലിത് സ്ത്രീലോകവും എല്ലാം സമീപകാല പെണ്ണഴുത്തില്‍ വളരെ പ്രധാനപ്പെട്ട ചില മേഖലകളാണ്. മലയാളത്തിലെ കഥകള്‍ക്കകത്ത് ഇപ്പോള്‍ ഒരു ഗേള്‍ പവര്‍ തന്നെയുണ്ട്. കീഴാള പെണ്‍കുട്ടികളുടെ ഒരു ലോകം വളരെ സജീവമായി, ശക്തമായി ഉയിര്‍ത്തു വരുന്നുണ്ട്.
‘ഒറവകുത്തി’ എന്ന കാവ്യഅയ്യപ്പന്റെ കഥ വളരെയധികം ശ്രദ്ധയേമാണ്. കാവ്യയുടെ കഥകളില്‍ ഉറക്കത്തിനിടയില്‍ കാണുന്ന സ്വപ്നങ്ങളിലാണ് കഥാനിര്‍മാണത്തിന്റെ/ ആഖ്യാനത്തിന്റെ സ്രോതസ്സ് എന്നവര്‍ പറയുന്നു. രഹസ്യ ജീവിതമാണ് അവര്‍ക്ക് കഥയെഴുത്ത്. ‘ഒറവകുത്തി’ എന്ന കഥയിലെ മാര്‍ഗം കൂടിയ തോമയെന്നും ആട് തോമയെന്നും കാട്ടാളത്തോമയെന്നും വിളിക്കപ്പെടുന്ന തോമയുടെ കീഴാളജീവിതമാണ് കഥാവസ്തു. സി അയ്യപ്പന്റെ കഥാലോകത്തില്‍ എന്നപോലെ ധന്യ എം ഡിയുടെയും അലീനയുടെയും കവിതകളില്‍ എന്നപോലെ ഇവിടെയും പ്രേതലോകം വളരെ സജീവമാണ് മരിച്ചുപോയ അപ്പനെ സ്വപ്നത്തില്‍ കാണുന്നു. റെയില്‍വേ പാലത്തിന് അപ്പുറമിപ്പുറം പാതിരാക്ക് ഇരുന്ന് മിണ്ടിപ്പറയുന്നു. ‘സെമിത്തേരിയിലൂടെ പോയി കിണറിനകത്ത് നിന്ന് വിളിച്ച് സംസാരിക്കുന്നു. ഈ കഥയില്‍ ടി കെ സി വടുതലയുടെ ‘അച്ചണ്ടെ വെന്തീഞ്ഞ ഇന്നാ’ എന്ന കഥയിലെ പോലെ വംശീയതയുടെ സവിശേഷമായ സമകാലികമായ ഒരു ഉന്നയിക്കല്‍ കാണാം. രേഷ്മ സിയുടെ കവിതകളില്‍ ചെമ്മരത്തി മൂത്തമ്മയെക്കുറിച്ചു എഴുതുന്നതു കാണാം. ധന്യ എം ഡിയുടെ ‘ഒറ്റാല്’ എന്ന കഥയില്‍ പന്തിഭോജനത്തിലെ അഡ്വ. രുഗ്മിണിയുടെ ഭാഗത്തുനിന്നുള്ള ഒരു വ്യാഖ്യാനം കാണാം. പന്തിഭോജനത്തിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ തെളിച്ചെടുക്കുന്നതിന് ആഖ്യാനകേന്ദ്രം രുഗ്മിണി ആകേണ്ടതുണ്ട്. ഈ കഥയില്‍ കേസ് ജയിക്കുക തന്നെ ചെയ്യുന്നു. ‘പന്തിഭോജനം’ കഥയെ വായിക്കുന്ന രമ്യ ഇതിലുണ്ട് കഥയ്ക്കുള്ളില്‍ കഥ പ്രവര്‍ത്തിക്കുന്ന പാഠാന്തരീയതയുടെ-ഇന്റര്‍ ടെക്സ്റ്റ്വാലിറ്റിയുടെ ധര്‍മം ഈ കഥയില്‍ കാണാം. യമയുടെ ‘ചുടലത്തെങ്ങിലും’ ‘പോസ്റ്റ്മാന്റെ മകളി’ലും ‘സിനിമാ തിയേറ്ററി’ലുമെല്ലാമുള്ള സ്ത്രീകള്‍ അതിദരിദ്രമായ പരിതോവസ്ഥകളിലെ സ്ത്രീജീവിതത്തിന്റെ ദാഹമോഹങ്ങളെപ്പറ്റിയും കാമനകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പറയുന്നു.
ഇപ്രകാരം ബഹുലവും ബഹുസ്വരവുമാണ് മലയാളത്തിലെ പുതുകാല പെണ്ണഴുത്തിന്റെ മണ്ഡലം. ചരിത്രപരമായും രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും നിരന്തരം പുതുക്കപ്പെട്ട ഈ ധാരയെ വകയിരുത്തുന്ന ശക്തമായ അന്വേഷണങ്ങളും പഠനങ്ങളും ഇനിയും ഉണ്ടാകേണ്ടതായാണിരിക്കുന്നത്.
റഫറന്‍സ്:
സില്‍ക്ക് റൂട്ട്, അലീന ആകാശമിഠായി
ഇരിക്കപ്പൊറുതി, അമ്മുദീപ
ക്രമസമാധാനം, സില്‍വിക്കുട്ടി
ഒറവ കുത്തി, കാവ്യ അയ്യപ്പന്
ജാതിക്കത്തോട്ടം, ആശാലത
മുടിത്തെയ്യമുറയുമ്പോള്‍, സച്ചിദാനന്ദന്
women writing= Man reading, J Devika


No Comments yet!