പി കെ റോസി
രാജമ്മയെ മലയാളി മറന്നാലും ‘റോസി’യെ അങ്ങനെ മറന്നുകൂട. റോസി; ആ പേര് രാജമ്മയ്ക്ക് നല്‍കിയത് മലയാള സിനിമയുടെ കാരണവരായ ജെ സി ഡാനിയേല്‍ ആയിരുന്നു. മലയാള സിനിമയിലെ ആദ്യ നായികയായിരുന്നു പി കെ റോസിയെന്ന ദലിതയായ രാജമ്മ. 1903 ഫെബ്രുവരി 10നായിരുന്നു പരിവര്‍ത്തിത ദലിത് ക്രൈസ്തവനായ പൗലോസിന്റെയും കുഞ്ഞിയുടെയും മകളായി രാജമ്മയുടെ ജനനം. ദലിതയായി ജനിച്ചതിനാല്‍ താന്‍ അഭിനയിച്ച സിനിമപോലും കാണാനായില്ലെന്നു മാത്രമല്ല, സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ സവര്‍ണ ജാതിക്കോമരങ്ങളില്‍നിന്നും നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന അവള്‍ക്ക് സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതിനായി പ്രാണന്‍ കൈയില്‍പിടിച്ച് നാട് വിട്ടോടേണ്ടിയുംവന്നു. റോസി അഭിനയിച്ച സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍വരെ കത്തിച്ച കലാസാംസ്‌കാരിക മേന്‍മ അന്നത്തെ സവര്‍ണ മാടമ്പിമാരിലൂടെ നമ്മുടെ നാടിന് സ്വന്തം!
കലാരംഗം അവര്‍ണര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്ത് തിരുവനന്തപുരത്തെ നന്തന്‍കോട് ആമത്തറ ഭാഗത്തെ ദലിതര്‍ സംഘടിച്ച് ‘ചേരമര്‍ കലാസംഘം’ എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. കാക്കാരശിയെന്ന നാടകം ഈ കലാസമിതിക്ക് പൊതുസമൂഹത്തിന്റെയിടയില്‍ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. ഈ നാടകത്തില്‍ കാക്കാത്തിയുടെ വേഷം അഭിനയിച്ചിരുന്നത് പുരുഷ നടന്‍മാരായിരുന്നു. അല്‍പ്പം പുരോഗമന ചിന്തയും കലാതാല്‍പ്പര്യവും തന്റെ പിതാവില്‍നിന്നും കൈമാറിക്കിട്ടിയ രാജമ്മ യൗവ്വനാരംഭത്തില്‍തന്നെ ഈ സമിതിയിലെ അംഗമായി ചേര്‍ന്നു. കാക്കാത്തിയുടെ വേഷം ചെയ്യാന്‍ അവള്‍ തയ്യാറാവുകയും വളരെ തന്‍മയത്വത്തോടെ അവള്‍ അത് നിര്‍വ്വഹിക്കുകയും ചെയ്തു. അങ്ങനെ പ്രസ്തുത വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ മാറി. ഉപജീവനത്തിനായി പുല്ല് ചെത്തി, കെട്ടുകളാക്കി ചന്തയില്‍ തലച്ചുമടായി കൊണ്ടുചെന്ന് വില്‍ക്കുന്ന ജോലിയായിരുന്നു രാജമ്മ അന്നൊക്കെ ചെയ്തിരുന്നത്. നാടകജീവിതം ജോലിക്ക് തടസ്സമാവാതെ നോക്കുവാനും അവള്‍ക്ക് കഴിഞ്ഞിരുന്നു.
കേരളത്തിലെ ആയോധനകലകളെക്കുറിച്ചുള്ള ഒരു സിനിമയെന്ന മോഹവുമായി ജെ സി ഡാനിയേല്‍ തന്റെ ഭൂസമ്പത്ത് മുഴുവനായും വിറ്റ് കിട്ടിയ പണവുമായി സിനിമരംഗത്തേക്ക് കടന്നുവന്ന കാലഘട്ടമായിരുന്നുവത്. പലരുമായുള്ള ആശയവിനിമയത്തിനുശേഷം ആയോധന സിനിമ എന്നതുമാറി ഒരു കഥാചിത്രമായാലോ എന്ന ധാരണയിലേക്ക് അദ്ദേഹം എത്തുകയും. അങ്ങനെ സ്വന്തമായി എഴുതിയ കഥ ‘വിഗതകുമാരന്‍’ സിനിമയ്ക്കായി ഉറപ്പിക്കുകയുമായിരുന്നു.
കേരളത്തില്‍ സിനിമയെക്കുറിച്ച് എന്തെങ്കിലും കാര്യമായ ധാരണയുണ്ടാകുന്നതിനു മുമ്പുള്ള കാലത്താണ് ‘വിഗതകുമാര’ന്റെ ഒരുക്കങ്ങള്‍നടക്കുന്നത്. 1926ല്‍ അതിനായി തിരുവനന്തപുരത്ത് ഡാനിയേല്‍ രണ്ടരയേക്കര്‍ സ്ഥലം വാങ്ങി ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. ‘ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്’ എന്ന കേരളത്തിന്റെ ആദ്യ സിനിമാ സ്റ്റുഡിയോ അങ്ങനെ ഡാനിയേലിന്റെ ഉടമസ്ഥതയില്‍ രൂപം കൊണ്ടു. നെയ്യാറ്റിന്‍കരയ്ക്കടുത്തുണ്ടായിരുന്ന 108 ഏക്കര്‍ ഭൂസ്വത്ത് വിറ്റുകിട്ടിയ 30,000 രൂപയായിരുന്നു സ്റ്റുഡിയോയുടെയും സിനിമ നിര്‍മാണത്തിന്റെയും പ്രധാന മൂലധനം. സഹോദരിയുടെ ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണവും കടംവാങ്ങിയ പണവുമെല്ലാമായാണ് സിനിമാ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

സിനിമയില്‍ അഭിനയിക്കാന്‍ മികവുള്ള ഒരു നായികനടിയെ കണ്ടെത്തുന്നത് അല്‍പ്പം ശ്രമകരമായിരുന്നു. മുംബൈയില്‍ നിന്ന് ലാന എന്ന യുവതിയെ നായികയായികൊണ്ടുവന്നെങ്കിലും കേരളത്തിലെ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പൊരുത്തക്കേടുകളും ദുര്‍ചെലവുകളും കാരണം അവരെ ഒഴിവാക്കുവാന്‍ ജെ സി ഡാനിയേല്‍ നിര്‍ബന്ധിതനായി. അന്വേഷണം അവസാനം ചെന്നെത്തിയതാകട്ടെ ചേരമര്‍ കലാസമിതിയിലും അതിലൂടെ രാജമ്മയിലുമായിരുന്നു. അങ്ങനെയാണ് രാജമ്മ ‘വിഗതകുമാരനി’ലെ നായികയായെത്തുന്നത്. അങ്ങനെ ട്രാവന്‍കൂര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിച്ച വിഗതകുമാരനില്‍ രാജമ്മ നായികയായി.
മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത്. ദിവസം 5 രൂപ നിരക്കില്‍് 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി, ജെ സി അവളുടെ പിതാവിന് ആദ്യമെ കൈമാറി. സംവിധായകന്‍ പറഞ്ഞുകൊടുക്കുന്നത് അതേപടി ചെയ്യുവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്ന അവളെ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഡാനിയലിന്റെ ഭാര്യ ജാനെറ്റ്, റോസിയെ സ്വന്തം സഹോദരിയെന്നപോലെയായിരുന്നു കണക്കാക്കിയിരുന്നത്. കുലീനയായ ഒരു നായര്‍ സ്ത്രീയുടെ വേഷമായിരുന്നു റോസിക്ക് സിനിമയില്‍ ഉണ്ടായിരുന്നത്. വേഷത്തിനിണങ്ങുന്ന വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും ജാനെറ്റായിരുന്നു റോസിക്ക് നല്‍കിയതും.
ചിത്രം 1928 നവംബര്‍ 7ന് തിരുവനന്തപുരം ‘ക്യാപ്പിറ്റോള്‍ ടെന്റ്’ തിയേറ്ററില്‍ പ്രഥമ പ്രദര്‍ശനം നടത്തി. ദലിതയായ റോസി ഒരു സവര്‍ണ സ്ത്രീയുടെ വേഷം അഭിനയിക്കുന്നുവെന്നത് അതിനുമുന്നെതന്നെ നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
ദലിതര്‍ക്ക് സിനിമ കാണുന്നതിനുപോലും അവകാശമില്ലാതിരുന്ന അക്കാലത്ത് ദലിതയായ ഒരു സ്ത്രീ ഒരു കുലീനയായ സവര്‍ണ സ്ത്രീ വേഷം കൈകാര്യം ചെയ്തുവെന്നത് നായര്‍ കേന്ദ്രങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പിന് കാരണമാക്കിയിരുന്നു. എന്നാല്‍, അനുകൂലിക്കുവാനും ചുരുക്കം ചിലരെങ്കിലും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. നിയമവൃത്തങ്ങളില്‍ അക്കാലത്ത് ഏറെ പ്രശസ്തനായിരുന്ന മുള്ളൂര്‍ എസ് ഗോവിന്ദപ്പിള്ള വക്കീലായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.
ദലിതര്‍ക്ക് തിയേറ്റര്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നതുകൊണ്ട് റോസിയെ ചിത്രം കാണാന്‍ വിളിച്ചിരുന്നില്ല. അപകടം അറിയാമായിരുന്നതുകൊണ്ട് റോസിയും വീട്ടുകാരം പോയില്ല. എന്നിട്ടും സ്‌ക്രീനില്‍ റോസിയുടെ കഥാപാത്രം തെളിഞ്ഞപ്പോള്‍ കാണികള്‍ അക്രമാസക്തരായി. ശക്തമായ കല്ലേറുമൂലം സ്‌ക്രീന്‍ കീറിപ്പറിഞ്ഞതോടെ ‘വിഗതകുമാര’ന്റെ പ്രഥമ പ്രദര്‍ശനവും അവസാനിച്ചു. ഡാനിയല്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറിമറിഞ്ഞു. പുല്ലുവില്‍ക്കാനായി ചാലക്കമ്പോളത്തിലെത്തിയ റോസിയെ സവര്‍ണ ഗുണ്ടകള്‍ പരസ്യമായി വസ്ത്രാക്ഷേപംവരെ നടത്തി. തിയേറ്റര്‍ സംഭവത്തെത്തുടര്‍ന്ന് റോസിയുടെ വീടിന് ഡാനിയേലിന്റെ ശ്രമഫലമായി പോലിസ് സംരക്ഷണമേര്‍പ്പെടുത്തിയിരുന്നുവെങ്കിലും സവര്‍ണ ഗുണ്ടകള്‍ സംഘടിച്ചുവന്ന് റോസിയുടെ കുടിലിന് തീയിട്ടു. ജീവന്‍ രക്ഷിക്കാന്‍ റോസിക്കും കുടുംബത്തിനും അവിടെനിന്നും ഓടി രക്ഷപ്പെടേണ്ടിവന്നു.
റോഡിലൂടെ ചരക്കുമായിവരുകയായിരുന്ന ഒരു ലോറിയുടെ മുന്നിലേക്ക് പ്രാണരക്ഷാര്‍ത്ഥം രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി. അക്രമികള്‍ അടുത്തെത്തുന്നതിനുമുന്നെ ലോറി ഡ്രൈവറായിരുന്ന നാഗര്‍കോവില്‍ സ്വദേശി കേശവപിള്ളൈ റോസിയെ ലോറിയിലേക്ക് വലിച്ചുകയറ്റി. കുറെ ദൂരെമാറ്റി ലോറി നിറുത്തിയ കേശവപിള്ളൈ സംഭവം എന്താണെന്ന് അന്വേഷിക്കുകയും കാര്യം തിരിച്ചറിഞ്ഞ അയാള്‍ തന്റെകൂടെ പോരുന്നോയെന്ന് റോസിയോട് ചോദിക്കുകയും കൂടെ കൂട്ടുകയും ചെയ്തു. നിരാലംബയും കാഴ്ചയില്‍ സുന്ദരിയുമായിരുന്ന റോസിയെ പിന്നീട് കേശവപിള്ളൈതന്നെ വിവാഹം കഴിക്കുകയും ചെയ്തു. ദലിതയെ വിവാഹം കഴിച്ചതിനാല്‍ കേശവപിള്ളയേയും റോസിയേയും വീട്ടുകാര്‍ ആട്ടിയിറക്കി. വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടകവീട്ടില്‍ അവര്‍ ജീവിതമാരംഭിക്കുകയായിരുന്നു. അവിടെവച്ച് റോസിക്ക് ഒരു പേരുമാറ്റം കൂടിയുണ്ടായി. റോസി രാജാമ്മാളായി വടപളനിയില്‍ വീണ്ടും പുനര്‍ജനിച്ചു. ആ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കളുമുണ്ടായി. പദ്മയും നാഗപ്പനും. 1988ല്‍ വടപളനിയില്‍ വച്ചുതന്നെ ആരോരുമറിയാതെ അവര്‍ മരിച്ചു. അന്നവര്‍ക്ക് 84 വയസ്സായിരുന്നു.




No Comments yet!