കഴിഞ്ഞ ദിവസം അന്തരിച്ച സാക്കിയ ജഫ്രിക്ക് മറുവാക്കിന്റെ ആദരം. 2016ല്‍ മറുവാക്കില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഗുജറാത്ത് വംശഹത്യാ പരമ്പരയിലെ ഞെട്ടിക്കുന്ന ഏടാണ് ഗുല്‍ബര്‍ഗസൊസൈറ്റിയിലെ കൂട്ടക്കൊല. താരതമ്മ്യേന മെച്ചപ്പെട്ട ജീവിതപശ്ചാത്തലങ്ങളുള്ള മുസ്‌ലിംകളാണ് ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ ഹൗസിങ് കോളനിയില്‍ താമസിച്ചിരുന്നത്. ഇരുപതുവര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗമായിരുന്ന, കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്രി ഇവിടത്തെ താമസക്കാരനായിരുന്നു. ഈ ഹൗസിങ് സൊസൈറ്റിയിലേക്ക് സംഘപരിവാര അക്രമിസംഘം കടന്നുവന്നപ്പോള്‍ അവിടത്തെ താമസക്കാരെല്ലാം ജീവന്‍ രക്ഷിക്കാനായി ജഫ്രിയുടെ വീട്ടിലേക്കാണ് ഓടിയെത്തിയത്. തനിക്കും ജഫ്രിക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചു വന്നിരിക്കുന്നവരെ അക്രമികള്‍ക്ക് വിട്ടുകൊടുത്ത് ആത്മരക്ഷ തേടാന്‍ അദ്ദേഹം തയ്യാറായില്ല. ഇസ്ഹാന്‍ ജഫ്രി അടക്കമുള്ള നിരവധി പേരെയാണ് അന്നവിടെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരന്തരമായ നിയമയുദ്ധത്തിലൂടെ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിനാവശ്യമായ നടപടികളില്‍ മുഴുകുകയാണ് ഇഹ്‌സാന്‍ ജഫ്രിയുടെ പത്‌നി സാക്കിയ ജഫ്രിയും മക്കളും ചെയ്തത്. ഗുജറാത്തില്‍ നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന മായാകോട്ഹാനി അടക്കമുള്ളവരെ ജയിലില്‍ അടയ്ക്കുന്നതിന് ഈ നിയമയുദ്ധത്തിലൂടെ അവര്‍ക്ക് സാധിച്ചു. അവര്‍ മരണംവരെ സുപ്രിംകോടതിയില്‍ നിയമപോരാട്ടം തുടര്‍ന്നു.
എന്താണ് 2002 ഫെബ്രുവരിയില്‍ സംഭവിച്ചത്?
2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ സംഭവിച്ചതെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അക്രമപരമ്പരകളായിരുന്നു. അക്രമികള്‍ക്ക് സംരക്ഷണംനല്‍കാന്‍ പോലിസിനെ ഉപയോഗിക്കുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്തത്. സംഘപരിവാര്‍ വ്യാപകമായി മുസ്‌ലിംകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും തീയിട്ടപ്പോള്‍ പോലിസ് കാഴ്ചക്കാരായി നിന്നു. സഹായമഭ്യര്‍ത്ഥിച്ച് പോലിസിനെ വിളിച്ച ഒരാളെയും അവര്‍ സഹായിച്ചില്ല. മുസ്‌ലിംകള്‍ക്ക് ഇതുതന്നെ വേണം എന്ന നിലപാടായിരുന്നു പോലിസിനുണ്ടായിരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ത്രിശൂലമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ജനക്കൂട്ടം ഇരച്ചെത്തിയപ്പോള്‍ മുതല്‍ എന്റെ ഭര്‍ത്താവ് പോലിസിലെ ഉന്നതോദ്യോഗസ്ഥരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഡിജിപിയെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ ഒരു വാന്‍ അയക്കാമെന്നും ജഫ്രിക്ക് അതില്‍ കയറി രക്ഷപ്പെടാമെന്നുമാണ്. എന്നാല്‍ തന്റെയും അയല്‍ക്കാരുടെയും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പോലിസ് സേനയെയാണ് ജഫ്രി ആവശ്യപ്പെട്ടത്. തന്നെ മാത്രം രക്ഷപ്പെടുത്താമെന്ന ഡി ജി പിയുടെ വാഗ്ദാനം എന്റെ ഭര്‍ത്താവ് തള്ളിക്കളയുകയായിരുന്നു. അക്രമികളെത്തിയപ്പോള്‍ സോണിയാഗാന്ധിയെയും വാജ്‌പേയിയെയും മുഖ്യമന്ത്രി നരേന്ദ്രമോദിയെയുമെല്ലാം അദ്ദേഹം വിളിച്ചിരുന്നു. വാജ്‌പേയി ഒരു യോഗത്തിലാണെന്നു പറഞ്ഞു. മോദിയെ വിളിച്ചപ്പോള്‍ നീ ഇനിയും ചത്തില്ലേ എന്നാണ് ചോദിച്ചത്. ജഫ്രിയുടെ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

വലിയ തയ്യാറെടുപ്പോടെയാണ് അക്രമികള്‍ ഗുല്‍ബര്‍ഗയിലെത്തിയത്. മണിക്കൂറുകളോളം അവിടെ തങ്ങാന്‍ പാകത്തിന് കുടിവെള്ളവും ബിസ്‌കറ്റും മറ്റും കരുതിയിരുന്നു. അവര്‍ വീടുകള്‍ വളഞ്ഞു. ഉച്ചത്തില്‍ അസഭ്യങ്ങള്‍ വിളിച്ചുപറയുന്നതും എല്ലാവരേയും കൊല്ലുമെന്ന് ആക്രോശിക്കുന്നതും കേള്‍ക്കാമായിരുന്നു. പണംതന്നാല്‍ പിരിഞ്ഞുപോവാമെന്ന് അക്രമികളില്‍ ചിലര്‍ പറഞ്ഞു. ഇതനുസരിച്ച് ജഫ്രി പണം കൊടുത്തപ്പോള്‍ ചിലര്‍ തിരിച്ചുപോയി. എന്നാല്‍, ഞങ്ങളുടെ സമ്പാദ്യമെല്ലാം വാങ്ങി പോയ അക്രമികള്‍ രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു. അവര്‍ വീടുകളിലേക്ക് ഇരച്ചുകയറി. സ്ത്രീകളെ മാനഭംഗപ്പെടുത്തി. വീടുകള്‍കൊള്ളയടിച്ചു. വീടുകള്‍ക്ക് തീയിട്ടു. അതിമനോഹരമായിരുന്ന ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി ശ്മശാന തുല്യമായി.
താങ്കള്‍ എങ്ങനെ രക്ഷപ്പെട്ടു?
അക്രമികള്‍ വരുമ്പോള്‍ ഞാന്‍ വീട്ടിലെ മുകളിലത്തെ നിലയില്‍ കിടക്കുകയായിരുന്നു. കാലില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാലമാണത്. എന്തുകൊണ്ടെന്നറിയില്ല അക്രമികള്‍ മുകളിലേക്ക് കയറിയില്ല. അതുകൊണ്ട് ഞാന്‍ കൊല്ലപ്പെട്ടില്ല. അക്രമികള്‍ മടങ്ങിപ്പോയതിനു ശേഷമാണ് പോലിസ് വന്നത്. ജീവനോടെ കുറച്ചുപേര്‍ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് അത്ഭുതമായിരുന്നു. ‘നിങ്ങളൊന്നും ഇനിയും ചത്തില്ലേ’ എന്നാണ് പോലിസുകാര്‍ ചോദിച്ചത്. തങ്ങളുടെ ക്രൂരതകളെ ന്യായീകരിക്കാനായി സംഘപരിവാര്‍ നിരവധി നുണക്കഥകളും പ്രചരിപ്പിച്ചു. ഇഹ്‌സാന്‍ ജഫ്രി തോക്കുചൂണ്ടിയതുകൊണ്ടാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, പത്തുവര്‍ഷമായി ഉപയോഗിക്കാത്തതും ലൈസന്‍സ് പുതുക്കാത്തതുമായ തോക്കാണ് ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നത്.
ഗുജറാത്ത് വംശഹത്യയോട് രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനമെന്തായിരുന്നു?
ഞാന്‍ നേരത്തെ സൂചിപ്പിച്ചല്ലോ ബി ജെ പി നേതൃത്വത്തിന്റെ സമീപനം. ജനങ്ങള്‍ കൊല്ലപ്പെടുന്നത് അവര്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാട് പരിഹാസ്യമായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തുതന്നെ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്റംഗമായിരുന്നു ഇഹ്‌സാന്‍ ജഫ്രി. അദ്ദേഹമിങ്ങനെ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും അതിനുശേഷം ഗുജറാത്തില്‍ വന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വരാനോ ആശ്വസിപ്പിക്കാനോ സോണിയാഗാന്ധി തയ്യാറായില്ല. ഒരിക്കല്‍ ഫോണ്‍ ചെയ്തു എന്നതൊഴിച്ചാല്‍ അവരുടെ ഭാഗത്തുനിന്ന് കേസിന്റെ കാര്യത്തില്‍ പോലും യാതൊരു സഹായവുമുണ്ടായില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്നതാണ് വസ്തുത. ഈ സംഭവമുണ്ടായപ്പോള്‍ ധീരമായി ഓടിയെത്തിയത് ടീസ്ത സെതല്‍വാദിനെപോലുള്ള സാമൂഹികപ്രവര്‍ത്തകരാണ്. തുടര്‍ന്നുണ്ടായ നിയമപോരാട്ടത്തില്‍ പിന്തുണച്ചതും ഇപ്പോഴും പിന്തുണയ്ക്കുന്നതും അവരാണ്. ഇതിന്റെ പേരില്‍ അവരെ വേട്ടയാടുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ഇപ്പോഴും ചെയ്യുന്നത്. സാധാരണനിലയില്‍ വലിയ ഐക്യത്തോടെ ജീവിക്കുന്ന ബോറാ വിഭാഗത്തില്‍ പെട്ട മുസ്‌ലിംകളാണ് ഞങ്ങള്‍. ഗുജറാത്തില്‍ വലിയ സ്വാധീനശക്തിയുള്ള വിഭാഗമാണ് ബോറ മുസ്‌ലിംകള്‍. രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കള്‍ക്കുമേല്‍ വലിയസ്വാധീമുണ്ടെന്നു കരുതുന്ന ഈ മതനേതൃത്വവും ഞങ്ങളെ സംരക്ഷിക്കാനെത്തിയില്ല എന്നതാണ് മറ്റൊരുവസ്തുത.
ഗുജറാത്തില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഹാര്‍ദിക് പട്ടേലിനെയും ജിഗ്‌നേഷ് മേവാനിയെയും പോലുള്ളവര്‍ പുതിയ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മോദിയുടെ അപ്രമാദിത്വം അടുത്ത തിരഞ്ഞെടുപ്പോടെ അവസാനിക്കുമോ?
അങ്ങനെ സംഭവിച്ചാല്‍ നല്ലതാണ്. പക്ഷേ, ഗുജറാത്തില്‍ സവര്‍ണ്ണഹൈന്ദവതയ്ക്ക് വലിയ സ്വാധീനമുണ്ട്. മതനിരപേക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ സ്വാധീനമേ അവിടെയുള്ളൂ. ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും അംഗസംഖ്യ താരതമ്മ്യേന കുറവാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരേതരത്തില്‍ ഹിന്ദുത്വ ആശയങ്ങളോട് ഒത്തുതീര്‍പ്പിലെത്തിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ഇക്കാരണത്താല്‍ ഒരു രാഷ്ട്രീയമാറ്റം സംഭവിച്ചാല്‍ അദ്ഭുതകരമായ ഒന്നാവും അത്. ഗുജറാത്തില്‍ ബി ജെ പി പരാജയപ്പെട്ടാല്‍ ഇന്ത്യയിലാകെ സംഘപരിവാറിന്റെ മുന്നേറ്റത്തെ അത് തടയും. അതു നടക്കുമോ എന്ന് കാത്തിരുന്നു കാണാനേ സാധിക്കൂ.
(2016 ഒക്‌ടോബറില്‍ കോഴിക്കോട്ടെത്തിയപ്പോള്‍ മറുവാക്കിനു നല്‍കിയ അഭിമുഖം)







No Comments yet!