മമ്മുട്ടിയാണ് എന്നോടാദ്യമായി എം ടി വാസുദേവന്‍ നായര്‍ എന്ന തിരക്കഥാകാരനെക്കുറിച്ച് പറയുന്നത്; ”തിരക്കഥയെഴുതണമെങ്കില്‍ എം ടിയെ പോലെ എഴുതണം”.
1979ലായിരുന്നു അത്. അന്ന് മമ്മുട്ടിയായിട്ടില്ല. അഡ്വക്കേറ്റ് മുഹമ്മദ് കുട്ടി. ഞാന്‍ വീട്ടിലിരുന്ന് ഒരു തിരക്കഥയെഴുതുകയാണ്.
മമ്മുട്ടി സംസാരിച്ചുകൊണ്ടേയിരുന്നു: ”തിരക്കഥാകാരനും സംവിധായകനും തമ്മില്‍ ആത്മബന്ധമുണ്ടെങ്കിലേ സിനിമ നന്നാവൂ.” (അത് ശരിയാണെന്ന് പിന്നീട് അനുഭവത്തില്‍ നിന്നറിഞ്ഞു)
അയല്‍ക്കാരനും സുഹൃത്തുമായ അബ്ദുല്‍ ജലീലുമായി വീട്ടില്‍ വന്നെന്നെ പരിചയപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളു മുഹമ്മദുകുട്ടി.
എം ടി യുടെ കഥകളും നോവലുകളും വായിച്ചു തന്നെയാണ് ഞാനും മുതിര്‍ന്നത്. ”വളരും, വളര്‍ന്നു വലുതാകും” എന്ന, നാലുകെട്ടിന്റെ തുടക്കം തന്നെ എന്നെ വശീകരിച്ചു. നോവലിന്റെ സത്തു മുഴുവന്‍ ഒറ്റവാക്കിലേക്ക് സംഗ്രഹിക്കുന്ന കാവ്യമനോഹരമായ തുടക്കം.
ഭാഷ തന്നെയാണ് എം ടി സാഹിത്യത്തിന്റെ ആയുധം. താന്‍ ജീവിക്കുന്ന ദേശം എം ടി രചനകളില്‍ പ്രതിഫലിച്ചു. ജീവിതം ശ്വസിച്ചു. തിരക്കഥകളിലും ആ ഒതുക്കം പ്രകടമാണ്. വായനക്കാരുടെ മനസ്സില്‍ ദൃശ്യാനുഭൂതി നിറയ്ക്കുന്ന എഴുത്താണത്. സംവിധായകന് പിന്നെ വലിയ ജോലിയൊന്നുമില്ല.
എണ്‍പതുകളില്‍ ലീഗ് ടൈംസില്‍ പത്രാധിപസമിതിയംഗമായി കോഴിക്കോട്ടെത്തുമ്പോഴും എം ടിയെന്ന എഴുത്തുകാരനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചിരുന്നില്ല. ഡോ. എം എം ബഷീറിന്റെ മലാപറമ്പിലുള്ള വീട്ടില്‍ ഒരു നോമ്പുതുറയ്ക്ക് ചെന്നപ്പോഴാണ് ആദ്യമായി അടുത്തുകാണുന്നത്. കവി ഒ എന്‍ വിയുമുണ്ടായിരുന്നു. എന്റെ കൂടെ ‘ഗള്‍ഫ് വോയ്‌സ്’ മാസികയുടെ മാനേജര്‍ ഷംസു പയനിങ്ങലും. രണ്ടു മേശകളിലായി നിരത്തിവച്ച വിഭവങ്ങളുടെ സമൃദ്ധി കണ്ട് കവി അമ്പരന്നത് പോലെ തോന്നി. അപ്പത്തരങ്ങളുടെ കൂമ്പാരങ്ങള്‍. പത്തിരികള്‍ തന്നെയുണ്ട് പലതരം. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയവ വേറെയും. അനേകം കറികള്‍, ബഡേക്കണ്ടി തറവാട്ടുകാരിയായ കഥാകാരി ബി എം സുഹറയാണല്ലൊ വീട്ടുകാരി. എന്നാല്‍ എം ടിക്ക് അതൊന്നും പുതുമയുള്ളതായി തോന്നിയില്ല.

ഡോ. ബഷീര്‍ മാഷാണ് എന്നെ എം ടിക്ക് പരിചയപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറും എന്റെ ബാപ്പയും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെയും തടവുജീവിതത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും കഥകള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേട്ടിരിക്കണം. ഒരുപക്ഷെ, അതുകൊണ്ടാവാം ‘ഗള്‍ഫ് വോയ്‌സിലേക്ക് ഒരു അഭിമുഖം തരാമൊ’ എന്ന ചോദ്യത്തോട് വളരെ പൊസിറ്റീവായി പ്രതികരിച്ചതും കല്ലായി റോഡിലെ ചെറിയ ഇടവഴിയിലൂടെ വന്ന് എന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കി മടങ്ങിപ്പോയതും. പ്രവാസികളുടെ ജീവിതത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കേരളത്തെ സാമ്പത്തികമായി നിലനിര്‍ത്തുന്നത് പ്രവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
ആസാദ് സംവിധാനം ചെയ്ത ”വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍” എന്ന സിനിമ ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതിന്റെ പ്രമേയവും പ്രവാസി ജീവിതമായിരുന്നല്ലൊ. എം ടിയുടെ ശുപാര്‍ശയില്‍ മമ്മുട്ടിക്ക് ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നതും ആ സിനിമയിലാണ്.
ലീഗ് ടൈംസില്‍ ജോലി ചെയ്തു കൊണ്ടിരിക്കെതന്നെയാണ് പാര്‍ട്ട് ടൈമായി ഗള്‍ഫ് വോയ്‌സ് മാസികയും ഞാന്‍ നോക്കിയത്. ലീഗ് ടൈംസ് ചന്ദ്രികയിലലിഞ്ഞപ്പോള്‍ പാര്‍ട്ടിക്കാരനല്ലാത്ത എനിക്ക് ജോലി നഷ്ടമായി. ആ ഘട്ടത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയുടെ എറണാകുളം കറസ്‌പോണ്ടന്റായിരുന്ന രവിവര്‍മ്മ ‘പ്രിവ്യു’ എന്ന വീക്കിലിയുടെ ചീഫ് എഡിറ്ററായി എന്നെ വിളിക്കുന്നത്. അങ്ങനെ കുടുംബത്തെ കൊച്ചിയിലേക്ക് പറിച്ചുനട്ടു.
ആദ്യ ലക്കത്തില്‍ ‘ബഷീറിന്റെ പാത്തുമ്മയുടെ ആട്’ എന്ന നോവലിലെ കഥാപാത്രങ്ങളെ നേരില്‍ കണ്ട് ഒരു ഫീച്ചര്‍ ചിത്രീകരിക്കുവാന്‍ തീരുമാനിച്ചു. കൊച്ചിയിലെ ഹാസ്യനാടകകൃത്ത് ടിപ് ടോപ്പ് അസീസ്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബുല്‍ കലാം ആസാദ് എന്നിവരോടെപ്പം തലയോലപറമ്പിലേക്ക് പുറപ്പെട്ടു. പാത്തുമ്മയും അബ്ദുല്‍ ഖാദറും അബുവും ജീവിച്ചിരുന്ന കാലം. അവരുടെ മിഴിവുറ്റ ഫോട്ടോകളോടെ പ്രസിദ്ധീകരിച്ച ആദ്യ ലക്കം പ്രിവ്യുവിന്റെ ഒരു കോപ്പി മറ്റു പ്രമുഖര്‍ക്കെന്നതുപോലെ എം ടിക്കും അയച്ചു കൊടുത്തിരുന്നു.
ആയിടെ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു പരിപാടിക്ക് വന്ന അദ്ദേഹം എന്നെ കണ്ട് നിന്നു.”ആ ഫീച്ചര്‍ നന്നായിട്ടുണ്ട്. എഴുത്തുകാരന്റെ ദേശത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ട്രെന്‍ഡ് സെറ്ററായിത് മാറും”.
സത്യമായി പുലര്‍ന്ന പ്രവചനം. പിന്നീട് എഴുത്തുകാരന്റെ ദേശം പഠനങ്ങളായും ഫീച്ചറുകളായും ഡോക്യുമെന്ററികളായും വന്നുകൊണ്ടിരിക്കുന്നു.
ഒരു സാംസ്‌കാരിക പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ജാഗ്രതയുടെ നിദര്‍ശനമായിരുന്നു ആ വിലയിരുത്തല്‍.
നിര്‍മമനായ സാംസ്‌കാരിക നിരീക്ഷകന്‍. ഒന്നും കാണുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഉള്‍ക്കണ്ണു കൊണ്ട് കാണുന്നു. എഴുത്തിന്റെതായാലും പത്രപ്രവര്‍ത്തനത്തിന്റെതായാലും മേഖലങ്ങളില്‍ വരുന്ന ഭാവുകത്വചലനങ്ങളെ പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ആന്റിന എം ടിയുടെ ധിഷണയില്‍ സദാ ജാഗരമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. തന്റെ എഴുത്തുരീതിയില്‍ നിന്ന് ഭിന്നമായാല്‍ പോലും പുതിയ സര്‍ഗാത്മക രചനങ്ങള്‍ കണ്ടാല്‍ അവ വെളിച്ചത്തു കൊണ്ടുവരാനുള്ള ആര്‍ജ്ജവം അദ്ദേഹം എന്നും പ്രകടിപ്പിച്ചു.
ഒ വി വിജയന്‍, എം മുകുന്ദന്‍, കാക്കനാടന്‍, സക്കറിയ, പുനത്തില്‍, മേതില്‍, എം പി നാരായണപിള്ള, സേതു തുടങ്ങിയ ആധുനിക കഥാകാരന്‍മാരുടെ സൃഷ്ടികള്‍ക്ക് വെളിച്ചം നല്‍കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുന്ന കാലത്ത് എം ടി ശ്രദ്ധിച്ചു ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിച്ചു.

ബാലപംക്തിയിലേക്ക് വന്ന കാമ്പുറ്റ രചനകള്‍ കണ്ടാല്‍ മുതിര്‍ന്നവര്‍ക്കായുള്ള സ്‌പേസില്‍ പ്രസിദ്ധീകരിക്കുവാന്‍ ശ്രദ്ധിച്ചു. എന്‍ വിയുടെയും എംടി യുടെയും കാലത്താണ് ‘ഖസാക്കിന്റെ ഇതിഹാസം’, ‘സ്മാരകശിലകള്‍’, ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’, ‘പാണ്ഡവപുരം’, ‘സൂര്യവംശം’ തുടങ്ങിയ നോവലുകള്‍ അതില്‍ പ്രസിദ്ധീകരിച്ചു വരുന്നത്.
സാഹിത്യകാരന്‍ പത്രാധിപരായാല്‍ സ്വന്തം മാര്‍ക്കറ്റിങിന് ആ സ്ഥാനം ചിലരെങ്കിലും പ്രയോജനപ്പെടുത്തിക്കണ്ടിട്ടുണ്ട്. എന്നാല്‍, അതിന് അപവാദമായിരുന്നു എം ടി എന്ന പത്രാധിപര്‍. ‘വളര്‍ത്തുമൃഗങ്ങള്‍’ക്കു ശേഷം നാലഞ്ചു ചെറുകഥകള്‍ മാത്രമേ എം ടി മാതൃഭൂമിയിലെഴുതിയുള്ളു. ‘വാനപ്രസ്ഥം’ എന്ന കഥ എഴുതിക്കൊടുക്കുമ്പോള്‍ സഹപത്രാധിപരോട് പറഞ്ഞു: ”എന്റെ കഥ വരുന്നുവെന്ന പരസ്യമൊന്നും കൊടുക്കേണ്ട”.
പിന്നീട് ബന്ധപ്പെടുന്നത് മാധ്യമം വാര്‍ഷിക പതിപ്പിനു കഥ ചോദിക്കാന്‍ വേണ്ടിയായിരുന്നു. അക്കൊല്ലത്തെ വിശേഷാല്‍പ്രതി മറിച്ചുനോക്കിക്കൊണ്ട് തെല്ലൊന്നാലോചിച്ചു പറഞ്ഞു: ”നോക്കട്ടെ”.
ആ ഒറ്റവാക്കില്‍ പിടിച്ചുതുങ്ങിയുള്ള ആകാംക്ഷാഭരിതമായ ദിവസങ്ങള്‍. മലയാളത്തിലെ മികച്ച കഥാകാരന്‍മാരെക്കൊണ്ടെല്ലാം എഴുതിച്ചു. എം ടിയെക്കൊണ്ട് ഒരു പുതിയ പ്രസിദ്ധീകരണത്തിലേക്ക് എഴുതിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തോട് ചോദിക്കാന്‍ പോലും ധൈര്യമില്ലായിരുന്നു. മടിച്ചു മടിച്ചാണ് ചോദിച്ചത്.
എന്നാല്‍, അപ്രതീക്ഷിതമായി തപാലില്‍ എം ടിയുടെ ആ കഥ എന്നെതേടിയെത്തുക തന്നെ ചെയ്തു. ‘കല്‍പ്പാന്തം’. എം ടിയുടെ സാധാരണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രചന.
അവസാനമായി കാണുന്നത് രാരിച്ചന്‍ റോഡിലുള്ള എം ടിയുടെ വീട്ടില്‍വച്ചു തന്നെയായിരുന്നു.

സുഹൃത്ത് എ പി കുഞ്ഞാമു വിളിച്ചു പറഞ്ഞു: ”നമുക്കൊന്ന് എം ടിയുടെ വീടുവരെ പോകണം. തമിഴ്‌നാട്ടില്‍ നിന്ന് ദേവി ഭാരതി എന്ന എഴുത്തുകാരന്‍ വന്നിട്ടുണ്ട്. (യഥാര്‍ത്ഥ പേര് രാജശേഖരന്‍) എഴുത്തുകാരിയായ ഭാര്യയുമുണ്ട്. മടങ്ങുന്നതിന് മുമ്പ് എംടിയെ ഒന്ന് കാണണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധം.
അങ്ങനെയായിരുന്നു സിതാരയിലേക്കുള്ള ആ യാത്ര. ഭേദപ്പെട്ട എഴുത്തുകാരനാണ് ദേവി ഭാരതി (കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു) അദ്ദേഹത്തിന്റെ എമൃലംലഹഹ ീേ ങമവമാേമ എന്ന ഇംഗ്ലീഷ് കഥാസമാഹാരം കുഞ്ഞാമു ‘ദല്‍ഹിയിലേക്കുള്ള തീവണ്ടി’ എന്ന പേരില്‍ മലയാളത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്തിട്ടുണ്ട്. നല്ല കഥകളാണ്..
എംടിയെ കണ്ടപ്പോള്‍ തമിഴ് സാഹിത്യദമ്പതികളുടെ ഭക്തിപ്രഹര്‍ഷം നോക്കി ആസ്വദിക്കാനാണ് തോന്നിയത്. അവര്‍ അദ്ദേഹത്തോടൊപ്പം ഒത്തിരി ഫോട്ടോകളെടുത്തു. പുസ്തകങ്ങള്‍ സമ്മാനിച്ചു. എത്ര സ്‌നേഹമുണ്ടെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ ഭവ്യതയും ആരാധനയും എനിക്ക് ശീലമില്ല; കുഞ്ഞാമുവിനും. ഞങ്ങള്‍ മലയാളികളാണല്ലൊ. എം ടി തന്റെ സ്വതസ്സിദ്ധമായ മൗനം വെടിഞ്ഞ് തമിഴ് എഴുത്തുകാരുമായി അല്‍പ്പനേരം സംസാരിച്ചു.
പോകുവാനെഴുന്നേറ്റപ്പോള്‍ തോളില്‍ കൈവച്ച് എന്നോട് ചോദിച്ചു: ”ഇവിടെത്തന്നെയുണ്ടല്ലൊ.” അതായിരുന്നു ഞങ്ങള്‍ തമ്മില്‍ അവസാന സംഭാഷണം. എം ടിയുടെ സാംസ്‌കാരിക പ്രഭാഷണങ്ങള്‍ എവിടെയുണ്ടെങ്കിലും ഒഴിവാക്കാറില്ല. കാരണം എന്തെങ്കിലും മുത്തുകള്‍ കിട്ടാതിരിക്കാറില്ല.




No Comments yet!