ഡൊണാള്‍ഡ് ട്രംപ്
1990-കളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണല്ലോ ആഗോള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ബന്ധങ്ങളില്‍ ‘ബൈപോളാറിസ’ത്തിന്റെ അന്ത്യം കുറിക്കുകയും ‘യൂണിപോളാറിസ’ത്തിന്റെ തുടക്കം കുറിക്കുകയും ചെയ്തതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിവരുന്നത്. ചരിത്രത്തിന്റെ സ്വഭാവത്തിലും ഗതിയിലുമുണ്ടായ മാറ്റം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല എന്നതാണ് തിരിച്ചറിയേണ്ടുന്ന വസ്തുത. 35 വര്‍ഷങ്ങള്‍ക്കു മുമ്പാണല്ലോ, യൂറോപ്യന്‍ കമ്മ്യൂണിസത്തിന്റെ അന്ത്യംകുറിക്കുന്ന പുതിയൊരു അധ്യായം ലോകചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെടുന്നത്. ഈ സംഭവത്തെയാണ് പ്രസിദ്ധനായ ചരിത്രകാരന്‍ ഫ്രാന്‍സിസ് ഫുക്കുയാമ്മ ‘ചരിത്രത്തിന്റെ അന്ത്യം’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ആഗോളതലത്തില്‍ നിലവിലിരിക്കുന്ന മുഴുവന്‍ സാമൂഹ്യ വ്യവസ്ഥകളും പരസ്പരം ബന്ധിപ്പിക്കപ്പെടുകയും, ഉദാരജനാധിപത്യ പ്രത്യയശാസ്ത്രവും, വിപണി സാമ്പത്തികാധിപത്യവും അടക്കിവാഴുന്ന ഒരു പുതിയ സംവിധാനം നിലവില്‍ വരികയും ചെയ്യുമെന്നാണ്. ഇത്തരമൊരു പഴഞ്ചന്‍ ശൈലീപ്രയോഗത്തിന്റെയും, മാതൃകാപരിപ്രേക്ഷ്യത്തിന്റെയും പ്രസക്തിയും, പ്രാധാന്യവും ആകര്‍ഷണീയതയും ഇപ്പോള്‍ ഏറെക്കുറെ തീര്‍ത്തും നഷ്ടമായിരിക്കുകയാണ്. തല്‍സ്ഥാനത്ത് ഇപ്പോള്‍ ഇടംനേടിയിരിക്കുന്നതോ? ട്രംപിന്റെ രണ്ടാം വരവോടെ രംഗം കൈയടക്കിയിരിക്കുന്ന ചിന്താധാര പുരോഗതിയുടെ അന്ത്യം കുറിക്കുന്ന ഒരു ചരിത്ര കാലഘട്ടമാണ് നമ്മൂടേത് എന്നാണ് നോബല്‍ സമ്മാനജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സിന്റെതാണ് ഈ നിഗമനം. ഈ നിഗമനം എത്രമാത്രം ശരിയാണെന്ന പരിശോധനയാണ് നമുക്കിനി നടത്താനുള്ളത്. ഈ പ്രക്രിയ അത്ര നിസ്സാരമായി കാണാന്‍ കഴിയുന്ന ഒന്നല്ല.
നാം പൊതുവായി ചെയ്തുവരുന്നത്, പുരോഗതി അതിന്റെ വഴിക്ക് മുറപോലെ നടന്നുകൊള്ളും എന്ന് കരുതി സ്വയം സമാധാനിക്കുകയാണ്. അതുകൊണ്ടുതന്നെ, നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതുമില്ല. അതിനാല്‍ ഇടപെടുകയും വേണ്ട. ഡോക്ടര്‍ സ്റ്റിഗ്ലിറ്റ്‌സ് പറയുന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക്. ഉദാഹരണത്തിന് ലോകജനതയുടെ ജീവിതനിലവാരങ്ങളില്‍ സംഭവിച്ചിരിക്കുന്ന മാറ്റം തന്നെ നോക്കുക. ഈ മേഖലയില്‍ 250 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നതും, 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതും തമ്മില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിരുന്നതായി എന്തെങ്കിലും ചരിത്ര വസ്തുതകളോ, രേഖകളോ, അനുഭവങ്ങളോ, ലഭ്യമാണോ? ഒന്നുമില്ല. കാരണം, ദീര്‍ഘമായ ഈ കാലയളവില്‍ ലോകജനത പൊതുവില്‍ നിഷ്‌ക്രിയത്വം തുടരുകയായിരുന്നു. പില്‍ക്കാലത്ത് സ്ഥിതിഗതികളില്‍ ഗണ്യമായ മാറ്റം അതിവേഗം നടക്കുകയും ചെയ്തു. ശാസ്ത്രസാങ്കേതികവിദ്യയില്‍ സംഭവിച്ച മൗലികമാറ്റങ്ങള്‍ക്ക് പുറമേ മനുഷ്യന്റെ ചിന്താശക്തിയിലുണ്ടായ വിപ്ലവകരമായ വ്യതിയാനങ്ങളും ഇത്തരമൊരു പരിവര്‍ത്തനത്തിലേക്ക് മനുഷ്യസമൂഹത്തെ ആകെത്തന്നെ നയിക്കുകയായിരുന്നു. പരിവര്‍ത്തനോന്‍മുഖമായ സാങ്കേതികശാസ്ത്രചിന്തയും, സങ്കേതങ്ങളും മനുഷ്യരാശിയെ പുരോഗതിയിലേക്ക് ത്വരിതഗതിയില്‍ത്തന്നെ എത്തിക്കുകയും ചെയ്തു. ഏകാധിപത്യ ഭരണവ്യവസ്ഥയ്‌ക്കെതിരേയും വിജ്ഞാന മേഖലയുടെ ബഹുമുഖ വികസന സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിന് അനുകൂലമായുള്ള ഒരു അന്തരീക്ഷം ആഗോളതലത്തില്‍ ഇതിനിടെ തന്നെ സംജാതമാവുകയും ചെയ്തതായിട്ടാണ് അനുഭവം. കാലഹരണപ്പെട്ട ചിന്താഗതികള്‍ക്ക് പകരം, ആധുനിക ചിന്തയ്ക്കും സത്യസന്ധമായ നിലപാടുകള്‍ക്കും, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കും അംഗീകാരം ലഭ്യമാകുന്നൊരു പുതിയ സമൂഹത്തിന്റെ ഉദയവും ഇതോടൊപ്പം നടക്കുകയുണ്ടായി. മനുഷ്യസമൂഹം അറിഞ്ഞോ അറിയാതെയോ നടക്കുന്ന പ്രക്രിയയായിരിക്കാം ഇത്. ഉറപ്പില്ല.

യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിന്റെ വ്യക്ത്യാധിഷ്ഠിത താല്‍പ്പര്യ സംരക്ഷണാര്‍ത്ഥമുള്ള ഏതാനും ഭ്രാന്തന്‍ നയങ്ങളും പ്രാബല്യത്തില്‍ വരുന്നതോടെ മാനുഷികമൂല്യങ്ങളെല്ലാം തകര്‍ത്തെറിയപ്പെടുകയായിരിക്കും ചെയ്യുക എന്നാണ് പൊതു ധാരണയും ആശങ്കയും. ഇത്തരം ഒരു അവസ്ഥാവിശേഷത്തില്‍, പുരോഗതി എന്നത് വെറുമൊരു മരീചികയായി മാറുമെന്നും ലോകജനത ഭയപ്പെടുന്നു. സോവിയറ്റ് ഭരണാധികാരികള്‍ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു എന്ന് ലോക ജനതയെ ബോധ്യപ്പെടുത്തുക ലക്ഷ്യമാക്കി ബഹിരാകാശത്തേക്ക് ഒരു സ്പുട്‌നിക്കിനെ അയച്ചതിന് സമാനമായി, ട്രംപും സംഘവും എന്തെങ്കിലും സാങ്കേതിക അഭ്യാസങ്ങള്‍ക്ക് ബഹിരാകാശത്തെ മാധ്യമമാക്കുമോ, ‘നിര്‍മിത ബുദ്ധി’യില്‍ അതിബുദ്ധി കലര്‍ത്തിയ പരീക്ഷണങ്ങള്‍ക്കൊരുമ്പെടുമോ എന്നെല്ലാം ഭയപ്പെടുന്നവരും ഏറെയുണ്ട്. അധികാരത്തിലെത്തുന്നവരുടെ ഏകലക്ഷ്യം അധികാരം ഏതുവിധേനയും കൈപ്പിടിയില്‍ ഒതുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പരമാവധി സമ്പത്തും വരുമാനവും കുന്നുകൂട്ടുകയും സമ്പന്നതയില്‍ അഭിരമിക്കുകയും ചെയ്യുക എന്നതാണല്ലോ. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായ വേര്‍തിരിവുകള്‍ ഒന്നും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇല്ലെന്ന യാഥാര്‍ത്ഥ്യവും പൊതുവേ ബോധ്യമുള്ളതുമല്ലേ? ഗാന്ധിജിയെ തള്ളിപ്പറയുന്ന ഗാന്ധി ശിഷ്യന്‍മാരും മാര്‍ക്‌സിസത്തെ തിരസ്‌കരിക്കുന്നതിനു സമാനമായ നയങ്ങള്‍ മുറുകെപിടിക്കുന്ന മാര്‍ക്‌സിയന്‍ ലേബല്‍ ഒട്ടിച്ചവരും അധികാരം കൈയാളുന്ന നാട്ടിലല്ലേ നാമും ജീവിക്കുന്നത്? മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ചൂഷണത്തിനിരയാക്കുന്ന ഇടതുഭരണകര്‍ത്താക്കള്‍ക്ക് പഞ്ഞമില്ലാത്ത ഒരു നാട് മാത്രമല്ലല്ലോ നമ്മുടെ കേരളം. സ്വന്തം രാഷ്ട്രീയാധികാരം തുടര്‍ന്ന് നിലനിര്‍ത്തുന്നതിന് ആര്‍എസ്എസ് സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികളെ പിന്തുണയ്ക്കാന്‍ പോലും പെടാപ്പാടുപെടുന്ന ഇടതുപാര്‍ട്ടികളും ഭരണകൂടങ്ങളും നമുക്ക് സുപരിചിതമല്ലേ? ആ നിലയില്‍ നാം എന്തിന് ട്രംപിന്റെ അമേരിക്കയിലേക്കോ മോദിയുടെ ഇന്ത്യയിലേക്കോ ശ്രദ്ധ തിരിച്ചുവിടുന്നു?
ഇന്നത്തെ അമേരിക്കയിലെ അഴിമതിയുടെ സ്‌റ്റൈലിനെ പഴിപറയുന്നവര്‍ സ്വന്തം മുഖം ഒന്ന് കണ്ണാടിയോട് ചേര്‍ത്തുപിടിച്ച് പരിശോധിക്കുന്നത് നന്നായിരിക്കും. അമേരിക്കന്‍ കുത്തകകള്‍ കാര്യസാധ്യത്തിനായി കോടിക്കണക്കിന് ഡോളറാണ് കൈക്കൂലിയായി ചെലവാക്കുന്നതെങ്കില്‍, തിരഞ്ഞെടുപ്പ്‌ബോണ്ടുകള്‍ വഴി ഇന്ത്യയിലെ മോദി സര്‍ക്കാര്‍ നേടിയ മുപ്പതിനായിരം കോടിയോളം രൂപയ്ക്കുള്ള അഴിമതി പണത്തിന് ചെറിയൊരു പ്രതിബന്ധമായത് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ഇടപെടലാണ്. ഇതിലേക്ക് നയിച്ചത് ഒരു സാമൂഹ്യ സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ന്റെ പരാതിയാണ്. തിരഞ്ഞെടുപ്പ് ധനസമാഹരണത്തിന് ബദലായി അവിഹിതമായ ആനുകൂല്യങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ പുതിയ മാര്‍ഗങ്ങള്‍ കരുപ്പിടിപ്പിച്ചു വരുന്നതായും വാര്‍ത്തയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അഴിമതിയുമായി തട്ടിച്ചു നോക്കുമ്പോള്‍, മോഡിയന്‍ അഴിമതിയുടെ ആഴവും പരപ്പും എത്രയോ അധികമാണ്. മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ അനിവാര്യമായ ശുദ്ധജല ലഭ്യത അനിശ്ചിതത്വത്തില്‍ ആക്കുന്ന രാസവസ്തു ഫാക്ടറികള്‍ക്ക് പെരിയാര്‍ നദിയുടെ മലിനീകരണത്തിനും മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കും വഴിയൊരുക്കുന്നതോടൊപ്പം, സംസ്ഥാനത്തെ വന്‍ നഗരങ്ങളില്‍ ശുദ്ധജല വിതരണ ചുമതല എ ഡി ബി വായ്പയുടെ മറവില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ സൊയൂസിനേയും ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നും അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട ഒയാസിസ് എന്ന കമ്പനിക്കുമല്ലേ? ജലക്ഷാമ പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്ന പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി അനുവദിക്കുന്നതും നടന്ന സംസ്ഥാനമല്ലേ നമ്മുടേത്.
അമേരിക്കയിലെ അഴിമതിയുടെ കാര്യവും സമാനമാണ്. അവിടെയും രാഷ്ട്രീയാഴിമതിയുടെ വ്യാപ്തിയും വലിപ്പവും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെത്തുന്ന തുകയുടെയും അതിന് പ്രത്യുപകാരം എന്ന നിലയില്‍ തിരികെ കിട്ടുന്ന ആനുകൂല്യങ്ങളുടെയും ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചിരിക്കും. അവിടെ ഡോളര്‍ ആണെങ്കില്‍ ഇവിടെ രൂപ ആയിരിക്കും കൈമാറ്റ മാധ്യമം. ഇതിനുപുറമേ, വിദേശ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ഡോളര്‍ തിരുമറികള്‍ക്കും ഇരു രാജ്യങ്ങളിലും സാധ്യതകള്‍ ഒട്ടേറെയുണ്ട്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ബരാക്ക് ഒബാമ യുഎസ് പ്രസിഡന്റ് ആയിരിക്കെ, ടെന്‍സ എന്ന കുത്തക സ്ഥാപനത്തിന് കിട്ടിയതും വ്യവസ്ഥകളൊന്നും ഇല്ലാത്തതുമായ 465 മില്യണ്‍ ഡോളര്‍ വായ്പ തുലോം നിസ്സാരമായ ഒരു ആനുകൂല്യമായിരുന്നെങ്കില്‍, പില്‍ക്കാലത്ത് ഇതിനേക്കാള്‍ എത്രയോ ഭീമമായ തുകകളായിരുന്നു പ്രത്യുപകാരം എന്ന നിലയില്‍ കോര്‍പറേറ്റുകള്‍ കൈപ്പറ്റിയത് എന്നോ? ഇതെല്ലാം എങ്ങനെ യഥാര്‍ത്ഥ നിക്ഷേപമാകുമെന്നതാണ് പ്രശ്‌നം. കാരണമെന്തെന്നോ? ഇത്തരം നിക്ഷേപങ്ങളിലൂടെ പുരോഗതി സാധ്യമല്ല. പുരോഗതി നേടാന്‍ അവശ്യം നിക്ഷേപം വേണ്ടത് അടിസ്ഥാന ശാസ്ത്രവിജ്ഞാന ശാഖകളിലും, വിദ്യാഭ്യാസത്തിലും, മനുഷ്യാധ്വാനശക്തിയിലുമാണ്. എന്നാല്‍, ട്രംപ് താന്‍ ആദ്യവട്ടം പ്രസിഡന്റ് ആയപ്പോള്‍ ചെയ്തത്, ശാസ്ത്രസാങ്കേതിക മേഖലകളിലെ ഉന്നതപഠനഗവേഷണ മേഖലകള്‍ക്കുള്ള നിക്ഷേപത്തില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തുകയായിരുന്നു. സോവിയറ്റ് യൂനിയന്‍ സ്പുട്്‌നിക്കുകള്‍ക്കായി ചെലവാക്കിയപ്പോള്‍ ട്രംപ,് നിര്‍മിതബുദ്ധി വികസനം പോലുള്ള മേഖലകള്‍ക്കായാണ് ചെലവഴിച്ചത്. ഇതിന്റെ തനിയാവര്‍ത്തനം ആയിരിക്കുമോ രണ്ടാം വരവില്‍ നടക്കുക എന്നതാണ് നാം കാത്തിരുന്നു കാണേണ്ടത്. വിജ്ഞാന പ്രോത്സാഹനത്തിനും പ്രചാരണത്തിനുമായി നിലവിലുള്ള സ്ഥാപനങ്ങളെ കൂടുതല്‍ ഫലപ്രദമായും, കാര്യക്ഷമമായും നമ്മുടെ ജനസമൂഹത്തെ അതിവേഗ പുരോഗതിക്കായി വിനിയോഗിക്കണമെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. അതായത,് നിലവിലുള്ള ജനസംഖ്യയില്‍ വലിയൊരു ഭാഗം വരുന്ന സാധാരണക്കാര്‍ക്കായി മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ, പോഷകാഹാര സൗകര്യങ്ങള്‍ ഒരുക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കേണ്ടത് എന്നര്‍ത്ഥം. അങ്ങനെയെങ്കില്‍, അതായിരിക്കും പുരോഗതി എന്ന വിശേഷണത്തിന് അര്‍ഹമാകുന്ന ഭരണമാതൃക. ഇന്നത്തെ നിലയില്‍, അമേരിക്കയില്‍ 16 ശതമാനം കുട്ടികളും ദാരിദ്ര്യത്തിലാണ് കഴിഞ്ഞുകൂടുന്നത്. പോഷകാഹാരക്കുറവ്, രോഗാതുരതയും മാത്രമല്ല, നാമമാത്രമായ കിടപ്പാടം ഉള്‍പ്പെടെയുള്ള ജീവിത പശ്ചാത്തലവും അവര്‍ക്കില്ല. സ്വാഭാവികമായും ജീവല്‍ദൈര്‍ഘ്യവും കുട്ടികള്‍ക്ക് നന്നെ കുറവാണ്. ഇതിനെല്ലാമുള്ള ഏകപരിഹാരം കൂടുതല്‍ പൊതുമൂലധനനിക്ഷേപം ഈ മേഖലയില്‍ ഉറപ്പാക്കുകയാണ്. എന്നാല്‍, യഥാര്‍ത്ഥ പ്രശ്‌നം എന്തെന്നോ? ലോകം ഇതുവരെ കണ്ടിട്ടുള്ള ഏകാധിപതികള്‍ ചെയ്തു വന്നിട്ടുള്ളതുപോലെ ഡൊണാള്‍ഡ് ട്രംപും കൂട്ടരും, പൊതു ബജറ്റില്‍, രണ്ടാം വരവിലും പഴയ മാതൃകയില്‍ പരമാവധി നിക്ഷേപ വെട്ടിക്കുറവ് വരുത്തുമെന്നു തന്നെയാണ് നാളിതുവരെയുള്ള നീക്കത്തില്‍ നിന്നും നമുക്ക് ഊഹിക്കാന്‍ കഴിയുന്നത്. ഇതില്‍ മാറ്റം സംഭവിക്കുമെങ്കില്‍ അത് മഹാത്ഭുതം തന്നെയായി കരുതേണ്ടി വരികയും ചെയ്യും.
മറ്റ് ലോകരാജ്യങ്ങളെ പിന്നണിയിലാക്കി ശാസ്ത്രസാങ്കേതിക, ശാസ്ത്രവിജ്ഞാന മേഖലകളില്‍ വമ്പിച്ച നേട്ടങ്ങള്‍ കൊയ്‌തെടുത്തുവന്നിരുന്ന യുഎസ,് ട്രംപിന്റെ ഭരണസാരഥ്യത്തില്‍ എന്തേ ഈ വക മേഖലകളില്‍ മുടന്തിനീങ്ങുന്നു എന്നതാണ് ഇതുവരെയുള്ള സൂചനകള്‍. ഈ നയമാണ് അതിശയകരമായി തോന്നുക. ആധുനിക ശാസ്ത്രസാങ്കേതിക മേഖലകളില്‍ അടക്കമുള്ള ഇടങ്ങളില്‍ അമേരിക്കയുടെ ഭാവി എന്തായിരിക്കുമെന്നതു സംബന്ധമായി വ്യത്യസ്തമായ മൂന്ന് സാധ്യതകള്‍ കാണാന്‍ കഴിയും. ഒന്ന്, മുന്‍കാല ട്രംപിന്റെ സ്ഥാനത്ത് പുനരുദ്ധാരണത്തിന്റേതായൊരു പുതിയ കാഴ്ചപ്പാട് രൂപപ്പെട്ടുവന്നേക്കാം. ഇതില്‍ ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും മെച്ചപ്പെട്ട പരിഗണന ലഭിക്കാന്‍ ഇടയുണ്ട്. രണ്ട്, ചൈനയുടെ ചുവടുപിടിച്ച് അമേരിക്കയും കറതീര്‍ന്ന മുതലാളിത്ത പ്രത്യയശാസ്ത്രത്തിനും സ്റ്റേറ്റ് മുതലാളിത്ത വ്യവസ്ഥയ്ക്കും ഊന്നല്‍ നല്‍കിയുള്ള പാതയില്‍ത്തന്നെ തുടരാന്‍ സാധ്യതയുണ്ട്. മറ്റ് ലോകരാജ്യങ്ങള്‍, ഈ മേഖലകളില്‍ പിന്തള്ളപ്പെടുകയും ചെയ്‌തേക്കാം. മൂന്ന്, യുഎസും ചൈനയും ഇന്നത്തെ വികസന പ്രത്യയശാസ്ത്ര പാതകളില്‍ത്തന്നെ തുടരുകയും യൂറോപ്പ്യന്‍ മുതലാളിത്ത രാജ്യങ്ങള്‍ അവയുടെ കടുത്ത മുതലാളിത്ത പ്രത്യയശാസ്ത്രനിലപാടുകളില്‍ നേരിയ അയവ് വരുത്തുകയും, പുരോഗമന ആശയങ്ങള്‍ക്കും സാമൂഹിക ജനാധിപത്യത്തിനും ഒരേസമയം മെച്ചപ്പെട്ടയിടം അനുവദിക്കുകയും ചെയ്യാന്‍ സാധ്യത ഏറെയായിരിക്കും.
ഈ മൂന്ന് സാധ്യതകളില്‍ രണ്ടാമത്തേതിനാണ് കൂടുതല്‍ മുന്‍തൂക്കമുണ്ടായിരിക്കുക. അതായത്, കറകളഞ്ഞ മുതലാളിത്ത വികസനപാത ഏകാധിപത്യ ഭരണമാതൃകയുടെ പിന്‍ബലത്തില്‍ നടപ്പാക്കുക. ചൈനയെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യാവികസനത്തിന് നിര്‍മിത ബുദ്ധി പ്രയോഗത്തിനും വേണ്ടത്ര ശേഷി ഇപ്പോള്‍ത്തന്നെ ലഭ്യമാണത്രേ. വിപണി ലഭ്യതയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതുമില്ല. കൂടാതെ, ആവശ്യമുള്ള ശാസ്ത്രസാങ്കേതിക വിജ്ഞാനം താത്ത്വിക, പ്രായോഗികതലങ്ങളില്‍ സ്വാംശീകരിച്ചിരിക്കുന്ന ഒരു വിഭാഗം വിദഗ്ധന്‍മാരുടെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ, നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. എന്താണതെന്നോ? ചൈനയിലും ട്രംപിന്റെ അമേരിക്കയിലും സാമ്പത്തിക പുരോഗതിയുടെ തത്ത്വവും പ്രയോഗവും നിലവിലിരിക്കുന്നത് മൂല്യബോധം തൊട്ടുതീണ്ടുകപോലും ചെയ്തിട്ടില്ലാത്ത വിധത്തിലുള്ളതാണ്. മനുഷ്യസമൂഹം ആഗോളതലത്തില്‍ നിലനില്‍പ്പ് തന്നെ അപകടപ്പെടുമെന്ന ഭീതിയിലുമാണിപ്പോള്‍. എഐ അടക്കമുള്ള അത്യന്താധുനിക സാങ്കേതികവിദ്യ ശ്രദ്ധാപൂര്‍വ്വം അത് കൈവശമുള്ളവര്‍ വിനിയോഗിക്കാതിരുന്നാല്‍ അത് സ്വയംനാശം ക്ഷണിച്ചു വരുത്തുന്നതിലേക്ക് ആയിരിക്കും കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുക. ഈ വിപത്‌സാധ്യത ഒഴിവാക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം സാര്‍വദേശീയ തലത്തില്‍ ബാധകമാക്കാന്‍ കഴിയുന്ന ഒരു നിയമസംവിധാനമാണ്. അതിനുള്ള സാധ്യതയും നന്നെ വിരളമാണ.് ട്രംപിന്റെ രണ്ടാം വരവില്‍, ആദ്യ ദിനത്തിലെ വൈറ്റ് ഹൗസ് വിജ്ഞാപനങ്ങളില്‍ ഇടം കണ്ടെത്തിയ രണ്ടു തീരുമാനങ്ങളില്‍ ഒന്ന്, ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുക എന്നതായിരുന്നു. രണ്ടാമത്തേത്, പരിസ്ഥിതി സംരക്ഷണനയങ്ങള്‍ക്ക് നിയമത്തിന്റെ പ്രാബല്യം നല്‍കിക്കൊണ്ട് ബഹുഭൂരിഭാഗം യു എന്‍ അംഗരാജ്യങ്ങളും ചേര്‍ന്ന് എത്തിച്ചേര്‍ന്ന പാരീസ് ഉടമ്പടിയില്‍ നിന്നുമുള്ള അമേരിക്കയുടെ രാജിപ്രഖ്യാപനമായിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ സാമൂഹ്യവിരുദ്ധ കാഴ്ചപ്പാടിന്റെയും, പരിസ്ഥിതിവിരുദ്ധ നയസമീപനങ്ങളുടെയും നഗ്‌നചിത്രം വ്യക്തമാക്കപ്പെട്ടതിനു ശേഷവും ഈ മേഖലകളില്‍ ഇതിനകം നടത്തിയ നിക്ഷേപങ്ങളുടെ ഫലമായി ഇതെല്ലാം നമുക്കു മറികടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസികളുടെ എണ്ണവും ഒട്ടും കുറവല്ല. മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കുന്നതാണ് ഇതുവരെയുള്ള നമ്മുടെ അനുഭവവും. ഒരു നൂറ്റാണ്ട് മുമ്പാണ് ഫാസിസം ആഗോളതലത്തില്‍ വ്യാപകമായത്. എന്നാല്‍, ഈ പ്രതിഭാസം ഏറെനാള്‍ നീണ്ടുനിന്നില്ല. ജനാധിപത്യവല്‍ക്കരണ പ്രക്രിയ ആഗോള രാഷ്ട്രീയ സംവിധാനത്തെ മാറ്റിമറിക്കുക തന്നെ ചെയ്തു. കോളനിവല്‍ക്കരണത്തിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാവുകയും അതോടൊപ്പം പൗരാവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും ഒത്തുചേരുകയും വര്‍ഗ, ജാതി, വംശീയ ചിന്തകള്‍ക്ക് എതിരായി ശക്തമായ പോരാട്ടം നടത്തുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുള്ളതാണ്. എന്നാല്‍, ഇതെല്ലാം ഒരു പരിധിവരെ നിലയ്ക്കുകയും നിര്‍ജീവാവസ്ഥയില്‍ ആവുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ എന്ന ആശങ്കയും അവഗണിക്കാനാവില്ല.
മറ്റു ലോകരാജ്യങ്ങളോടൊപ്പം അമേരിക്കയും അമേരിക്കന്‍ ജനതയും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം, നിലവിലുള്ള തോതില്‍ ഈ രാജ്യവും ജനതയും അനുഭവിച്ചുവരുന്ന തോതിലുള്ള പുരോഗതി തുടര്‍ന്നും അവര്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം, ശുദ്ധമായ പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഇതിനകം തന്നെ ട്രംപിന്റെ രണ്ടാം വരവ് നല്‍കുന്ന സൂചനകള്‍ ഒട്ടും ശുഭോദര്‍ക്കമല്ലെന്ന് മാത്രമല്ല, കൂടുതല്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്ന വിധത്തിലുള്ളവയുമാണ്. അമേരിക്കന്‍ ഭരണകൂടം ആസന്നഭാവിയില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രയോഗത്തിലാക്കാന്‍ തുടങ്ങുന്ന നയപരിപാടികളുടെ ആഘാതം നിശ്ചയമായും ആഗോളതലത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്യും. ഇന്ത്യന്‍ ഭരണകൂടവും ഇവിടത്തെ സാമാന്യജനതയും ട്രംപിസത്തെ കരുതലോടെ വേണം നിരീക്ഷിക്കാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന കൂടിച്ചേരല്‍ ഇതിലേക്കുള്ള ആദ്യ സൂചനകള്‍ നല്‍കുമെന്നാണ് കരുതേണ്ടത്. ഫുക്കുയാമ പ്രവചിച്ചതുപോലെ ചരിത്രം അവസാനിക്കുകയില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍, മനുഷ്യ സമൂഹത്തിന്റെ പുരോഗതിയും, ക്ഷേമവും ഇത്തരമൊരു പ്രക്രിയയോടൊപ്പം ചലിക്കാന്‍ കഴിയാതെ വരുമെന്നതിനാല്‍, പിന്‍തള്ളപ്പെടുകയും ചെയ്യും. കാത്തിരുന്ന് കാണുകതന്നെ.





No Comments yet!