Skip to main content

ആശാപ്രവര്‍ത്തകര്‍:വിപണികേന്ദ്രീകൃത ചൂഷണവ്യവസ്ഥയുടെ ഇരകള്‍

മിനി മോഹന്‍

അന്താരാഷ്ട്ര നാണയനിധിയും ലോകബാങ്കും മുന്നോട്ടുവച്ച വായ്പകള്‍ നേടിയെടുക്കുവാനായി മൂന്നാംലോകത്തെ അവികസിത രാജ്യങ്ങള്‍ വ്യാപകമായി തയ്യാറാകുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെ ഒരു ലോകദൃശ്യം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യത്വം കടപുഴകുന്നതിന്റെ ഭാഗമായി കൊളോണിയല്‍ രാജ്യങ്ങളുടെ കീഴിലുള്ള കോളനികളില്‍ ഭൂരിഭാഗവും സ്വതന്ത്രമായി തീര്‍ന്നെങ്കിലും, സാമ്പത്തികവും സാമൂഹികവും അതിലുപരി രാഷ്ട്രീയവുമായ ബാലാരിഷ്ടതകള്‍ പുതിയ രാജ്യങ്ങളെ വൈവിധ്യമാര്‍ന്ന തരത്തില്‍ വൈദേശിക രാജ്യങ്ങളുടേയോ ബഹുരാഷ്ട്ര കമ്പനികളുടെയോ അന്താരാഷ്ട്ര സംഘടനകളുടേയോ ആശ്രിതത്വത്തിന് വിധേയമാക്കി. ധാതുവിഭവങ്ങളുടെ സ്രോതസ്സായും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണിയായും ഇതില്‍ പല രാജ്യങ്ങളും പുത്തന്‍കൊളോണിയല്‍ വ്യവസ്ഥയുടെ കൊടിയ ചൂഷണത്തിന് വിധേയമായി തുടര്‍ന്നു. ഉയര്‍ന്ന ജനസംഖ്യയും വിപുലമായ ആഭ്യന്തരവിപണിയും സ്വന്തമായിട്ടുപോലും ഇന്ത്യയുടെ നിലയും ഈ സ്ഥിതിയില്‍നിന്ന് വിഭിന്നമായിരുന്നില്ല. രാഷ്ട്രനേതാക്കളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും പരിമിതികള്‍, രാജ്യത്തിന്റെ പൊതുഅവസ്ഥ പ്രത്യേകിച്ചും സാമ്പത്തികസ്ഥിതി അങ്ങേയറ്റം ഗുരുതരമാക്കി.

ഈയൊരവസ്ഥയില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയപ്പെട്ട്, അത്രയും കാലം പിന്തുടര്‍ന്ന ക്ഷേമരാഷ്ട്ര വ്യവസ്ഥയില്‍ നിന്നും ഘട്ടംഘട്ടമായി പിന്‍മാറേണ്ട സാഹചര്യത്തില്‍ ഇന്ത്യയും എത്തിച്ചേര്‍ന്നു. പൊതുമുതലും പൊതുമേഖലാസ്ഥാപനങ്ങളും എന്നുവേണ്ട ഇവിടെയുണ്ടായിരുന്ന എല്ലാ വിധേനയിലുമുള്ള പൊതുഇടപെടലുകളും നിശിതമായ പരിശോധനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. ഉദാരവല്‍ക്കരണ നയങ്ങളുടെ തണലില്‍ സ്വകാര്യവല്‍ക്കരണം വ്യാപകമാകുകയും അടിസ്ഥാനമേഖലകളില്‍ പോലും ഭരണകൂടത്തിന്റെ സാന്നിധ്യം ഊഷരമാകുവാന്‍ തുടങ്ങുകയും ചെയ്തു.

മേല്‍പറഞ്ഞ വ്യതിയാനങ്ങള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കയറിച്ചെല്ലുന്ന ചൂഷണത്തിന്റെ നീരാളി കൈകളായി മാറി. നിലവില്‍ ദുര്‍ബ്ബലവും ഏറെക്കുറെ നഗരകേന്ദ്രീകൃതവുമായ ഇന്ത്യയിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളെ കൂടുതല്‍ പരിമിതമാക്കുന്ന അവസ്ഥയിലേക്ക് ഇതെത്തിച്ചു. പ്രത്യക്ഷത്തില്‍ ആവശ്യസേവനങ്ങളുടെ സാന്നിധ്യവും ലഭ്യതയും അപരിമിതമായി ഉയര്‍ന്നിരിക്കുന്നുവെന്ന പ്രതീതി സൃഷ്ട്ടിക്കുന്ന തരത്തിലാണ് ഈ സംവിധാനങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടതെങ്കിലും, ഈ സേവനങ്ങളുടെ ഉപഭോക്താക്കളും അവരിലേക്ക് സേവനങ്ങള്‍ എത്തിക്കാന്‍ നിയുക്തരായ പ്രവര്‍ത്തകരും (തൊഴിലാളികളല്ല) ഒരുപോലെ വഞ്ചിക്കപ്പെടുകയും ചൂഷിതരാവുകയും ചെയ്യുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.

മാര്‍ച്ച് 8, ഈ വനിതാദിനം ആശമാര്‍ക്കൊപ്പം

ഈ ദിവസങ്ങളില്‍ സജീവശ്രദ്ധയിലേക്ക് കടന്നുവന്ന ആശാസംവിധാനം 2006ലാണ് ആരംഭിക്കുന്നതെങ്കിലും, കമ്മ്യൂണിറ്റി ആരോഗ്യപരിപാടികള്‍ക്ക് ഇന്ത്യക്കകത്തുതന്നെ നിരവധി മുന്‍ മാതൃകകളുണ്ട്. ദേശീയ മലമ്പനി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി 1963ല്‍ 10,000 പേര്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുതിയൊരു സംവിധാനം നിലവില്‍ വന്നിരുന്നു. ആ ലക്ഷ്യം ഏതാണ്ട് സാക്ഷാത്കരിച്ചപ്പോള്‍ പദ്ധതി തന്നെ ഇല്ലാതായി. പിന്നീട് 1975ല്‍ അങ്കണവാടികള്‍ കേന്ദ്രമാക്കി ഐസിഡിഎസ് (In-te-gr-a-te-d C-h-i-l-d D-ev-e-lopm-en-t S-c-h-em-e) ആരംഭിച്ചു. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പോഷകാഹാരവും സ്‌കൂള്‍പൂര്‍വ്വ വിദ്യാഭ്യാസവും മറ്റ് ആരോഗ്യ പരിരക്ഷയും നല്‍കുവാനായി ഓരോ ഗ്രാമത്തിലും രണ്ട് ജീവനക്കാരുള്ള അങ്കണവാടികള്‍ ഈ പദ്ധതിയുടെ ഭാഗമായി നിലവില്‍ വന്നു. അതിപ്പോഴും നിലവിലുണ്ട്. ഇപ്പോഴത്തെ ആശാപ്രവര്‍ത്തകരോട് വളരെയധികം സാദൃശ്യമുള്ള ‘സ്വാസ്ഥ്യ രക്ഷക്ക്’ എന്ന സംവിധാനം 1977ല്‍ ആരംഭിച്ചിരുന്നു. ഗ്രാമങ്ങളിലെ ആരോഗ്യസംരക്ഷണം ഇതിലെ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമായിരുന്നു. ബഹുഭൂരിപക്ഷവും പുരുഷന്മാരായിരുന്നു ഇതില്‍ ജോലി ചെയ്തത്. 2002 വരെ പ്രത്യക്ഷത്തില്‍ നിലനിന്നിരുന്ന ഈ പദ്ധതിയില്‍ 3,23,000 പ്രവര്‍ത്തകര്‍ വരെ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഇവര്‍ക്കിടയില്‍ ട്രേഡ് യൂണിയനുകള്‍ രൂപപ്പെട്ട് ഹോണറേറിയം വര്‍ദ്ധിപ്പിക്കാനും ജോലി സ്ഥിരപ്പെടുത്തുന്നതിനും വേണ്ട സമരങ്ങള്‍ നടന്നുവെങ്കിലും, മാറി മാറി വന്ന സര്‍ക്കാറുകള്‍ അതിനോടെല്ലാം തികഞ്ഞ നിസംഗതയാണ് പുലര്‍ത്തിയത്.

തൊണ്ണൂറുകളോടെ ശക്തിപ്പെട്ട ആഗോളവല്‍ക്കരണ സ്വാധീനത്തിന് വളരെ മുമ്പു തന്നെ ‘സ്വമേധയാ’ (Vo-lun-tary) എന്ന ലേബലില്‍ നാമമാത്രമായ ഹോണറേറിയത്തില്‍ ലക്ഷക്കണക്കിനാളുകളെ നിരന്തരം പണിയെടുപ്പിക്കുന്ന സംവിധാനം ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു എന്നതാണ്. ആരോഗ്യമേഖലയില്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരുടെ പ്രാധാന്യം (?) ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്ന് സംഘടിപ്പിച്ച 1978ലെ അല്‍മ ആട്ട സമ്മേളനത്തിലാണ് എടുത്ത് പറയുന്നതെങ്കിലും, അതിനുമുമ്പ് തന്നെ അങ്കണവാടി മാതൃകയില്‍ അത്തരം ചൂഷണ സംവിധാനങ്ങള്‍ ക്ഷേമരാഷ്ട്ര സങ്കല്പനങ്ങളിലൂന്നിയ ഇന്ത്യയില്‍ പോലും ഉണ്ടായിരുന്നു എന്നതാണ്. കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ എല്ലാം സ്‌കീംആധാര ‘സന്നദ്ധ’ പ്രവര്‍ത്തകരാണ്. എന്നുവെച്ചാല്‍ ഒരു ജനവിഭാഗത്തിനകത്തുനിന്നും അവരെ തന്നെ സേവിക്കാന്‍ തല്‍പ്പരരായ ഒരാളെ കണ്ടെത്തി, അയാളുടെ സാമൂഹ്യസേവന മനോഭാവത്തെ അംഗീകരിക്കുകയും പ്രോത്സാഹനത്തിനായി ഒരു ചെറിയ പാരിതോഷികം ഹോണറേറിയം എന്ന പേരില്‍ നല്‍കുകയും ചെയ്യുന്ന രീതിയാണിത്. കേള്‍ക്കുമ്പോള്‍ ആകര്‍ഷണീയമായി തോന്നുമെങ്കിലും, ദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയും ധാരാളമുള്ള അവികസിത രാജ്യങ്ങളില്‍ ഇത് ബഹുഭൂരിപക്ഷത്തിനും കുറഞ്ഞ ചെലവില്‍ ആരോഗ്യസുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്ന പ്രതീതി ഉളവാക്കി അവരെ എപ്പോഴും തൊഴിലിന് സജ്ജമാക്കുന്ന സാഹചര്യമായി പരിവര്‍ത്തിക്കപ്പെടും. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതും.

ഈ പശ്ചാത്തലത്തില്‍ വേണം 2005ല്‍ പ്രവര്‍ത്തനമാരംഭിച്ച ആശാസംവിധാനത്തെ പരിശോധിക്കാന്‍. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍ആര്‍എച്ച്എം) കീഴില്‍ 2005ലാണ് ഗര്‍ഭിണികളായ സ്ത്രീകളുടെ ആരോഗ്യപരിരക്ഷ ഉറപ്പു വരുത്താനായി ആശാപ്രവര്‍ത്തകരെ നിയോഗിക്കുന്നത്. പ്രസവസംബന്ധമായ അപകടങ്ങള്‍ പതിവായതും എന്നാല്‍ ആധുനികവും സുരക്ഷിതവുമായ ആശുപത്രി സംവിധാനങ്ങള്‍ അപര്യാപ്തവുമായ ഗ്രാമങ്ങളില്‍ വളരെ പ്രാഥമികമായ ചികിത്സ നല്‍കുവാനും പാരസെറ്റമോള്‍ തുടങ്ങിയ മരുന്നുകള്‍ ആവശ്യാനുസരണം വിതരണം ചെയ്യാനുമാണ് പരിശീലനം നേടിയ സ്ത്രീകളെ ആശാപ്രവര്‍ത്തകരായി തെരഞ്ഞെടുത്തത്. കൂടാതെ, സാനിറ്ററി നാപ്കിന്‍സും ഗര്‍ഭനിരോധന ഉപാധികളും ഗര്‍ഭപരിശോധന കിറ്റുകളും ഒആര്‍എസ് കിറ്റുകളുമൊക്കെ ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട ഫലങ്ങള്‍ ഉണ്ടായപ്പോള്‍ സമാന പദ്ധതി നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ (എന്‍യുഎച്ച്എം) 2013ല്‍ നിലവില്‍ വരുകയും ചെയ്തു. പിന്നീട് എന്‍ആര്‍എച്ച്എം, എന്‍യുഎച്ച്എം എന്നിവ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍എച്ച്എം) കീഴിലാക്കി. ഇന്ന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 10,03,790ഉം നഗരങ്ങളില്‍ 79,921ഉം ആശമാരുണ്ട്. ഗ്രാമങ്ങളില്‍ ഇരുന്നൂറ് കുടുംബങ്ങള്‍ക്കോ അഥവാ ആയിരം പേര്‍ക്കോ ഒരു ആശയുള്ളപ്പോള്‍, നഗരങ്ങളില്‍ അത് 400 കുടുംബങ്ങള്‍ക്കോ അഥവാ 2000-2500 ആളുകള്‍ക്കോ ഒരാള്‍ എന്ന കണക്കിലാണ്.

പ്രസവസംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുവാന്‍ വേണ്ടിയാണ് ആശാപ്രവര്‍ത്തകരെ തുടക്കത്തില്‍ നിയോഗിച്ചതെങ്കിലും പിന്നീട് അനവധി ചുമതലകള്‍ ഇവരുടെ ചുമലില്‍ വയ്ക്കപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ സാധാരണയായി ഒരു പ്രത്യേക ഉത്തരവാദിത്വം മാത്രം നിറവേറ്റുമ്പോള്‍, ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം വ്യത്യസ്തമായ സാഹചര്യം സൃഷ്ടിച്ചു. മറ്റു രാജ്യങ്ങളില്‍ ദേശീയഭരണകൂടമാണ് ആശാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനെ പോലെ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള സാഹചര്യമുണ്ട്. മാത്രമല്ല, വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ആരോഗ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഫണ്ട് ചെലവിടുന്നതിനാല്‍ അവര്‍ക്കും ആശാപ്രവര്‍ത്തകരുടെ മേല്‍ അധികാരം കൈവന്നു. അങ്ങനെ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം വിഭാവനം ചെയ്യുന്ന പദ്ധതികളില്‍ ആശാപ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഇതിന്റെ ഫലമായി ആശാപ്രവര്‍ത്തകരുടെ ജോലിഭാരം പല മടങ്ങ് വര്‍ദ്ധിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം മതിയായിരുന്നെങ്കില്‍, ഇന്ന് പൊതുഅവധിയോ ലീവോ ഒന്നും ബാധകമല്ലാതെ, പകലും രാത്രിയുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലേക്ക് ആശാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.

അവര്‍ക്ക് നല്‍കുന്ന പ്രതിഫലവും കാലാകാലങ്ങളില്‍ കൂട്ടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ 2005ല്‍ അഞ്ഞൂറ് രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ മൂവായിരമായി. ഇത് കൂടാതെ വിവിധ ഉത്തരവാദിത്തങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇന്‍സെന്റീവുകളും നല്‍കുന്നു. സംസ്ഥാനങ്ങളും പല നിരക്കിലുള്ള ഹോണറേറിയം ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. ഹോണറേറിയത്തിന്റെ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഓരോ സംസ്ഥാനത്തുമുള്ള ആശാപ്രവര്‍ത്തകരുടെ ജോലിഭാരത്തെ പ്രതിഫലിപ്പിക്കണമെന്നില്ല. ഉദാഹരണത്തിന്, കേരളത്തില്‍ 7000 രൂപയായിരിക്കേ, ജോലിഭാരം താരതമേന്യ കുറവുള്ള സിക്കിമില്‍ ഹോണറേറിയം 10,000 രൂപയായിരുന്നു. പക്ഷെ, പൊതുവായി നോക്കുമ്പോള്‍ ഈ പ്രതിഫലമൊക്കെ മാന്യമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാള്‍ എത്രയോ കുറവാണെന്ന് കാണാം.

കേരളത്തില്‍ ആശാപ്രവര്‍ത്തകര്‍ക്ക് ഒരു ദിവസം ലഭിക്കുന്നത് 232 രൂപയാണ്. ശരാശരി തൊഴിലാളിക്ക് സംസ്ഥാനത്ത് മിനിമം കൂലി എഴുന്നൂറ് രൂപയും സാങ്കേതികനൈപുണ്യമില്ലാത്തവര്‍ക്ക് അറുനൂറ് രൂപയുമായിരിക്കേ, സര്‍ക്കാര്‍ തന്നെ നല്‍കുന്ന ദിവസക്കൂലി 232 രൂപയാകുന്നത് അത്ര നിഷ്‌കളങ്കമല്ല. ഇതിനുള്ള കാരണമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ തന്നെ പറയുന്നത് ആശാപ്രവര്‍ത്തകര്‍ ‘തൊഴിലാളികള്‍’ അല്ലെന്നും ‘സന്നദ്ധപ്രവര്‍ത്തകര്‍’ മാത്രമാണെന്നുമാണ്. ഇവിടെയാണ് സ്‌കീം ആധാര തൊഴില്‍ വ്യവസ്ഥയുടെ ചതിക്കുഴികള്‍ പതിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ആരോഗ്യപ്രവര്‍ത്തക സംവിധാനമാണ് ഇന്ത്യയിലുള്ളത്. ആശാപ്രവര്‍ത്തകര്‍ പത്തു ലക്ഷത്തിനടുത്തുണ്ട്. അങ്കണവാടി ജീവനക്കാരാകെ ഇരുപത്തിയഞ്ചു ലക്ഷത്തിനടുത്തുണ്ട്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നവരും ഏതാണ്ട് ഇരുപത്തിയഞ്ചു ലക്ഷത്തിന് മുകളില്‍ വരും. ഇവരെല്ലാം വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കേത്തന്നെ ഔദ്യോഗികമായി തൊഴിലാളികളെന്ന് അംഗീകരിക്കപ്പെടാത്തവരും തുച്ഛമായ പ്രതിഫലം മാത്രം കൈപ്പറ്റുന്നവരുമാണ്. ഇതില്‍ ഏറ്റവും ചൂഷണമനുഭവിക്കുന്നത് ആശാപ്രവര്‍ത്തകരാണ്. കാരണം അവര്‍ മാത്രമാണ് മുഴുവന്‍നേരവും ജോലി ചെയ്യുന്നത്.

ഒരു ആശാപ്രവര്‍ത്തക കേരളത്തില്‍ ഏതാണ്ട് നാല്‍പതിലധികം ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ഇതില്‍ ഗൃഹസന്ദര്‍ശനവും വിവിധ സര്‍വ്വേകളും പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡ്യൂട്ടിയും ഗ്രാമസഭകളിലെ നിര്‍ബന്ധിത സാന്നിധ്യവും പിന്നെ അപ്പപ്പോള്‍ ആവശ്യപ്പെടുന്ന നിരവധി ചെറുതും വലുതുമായ ജോലികളും ഉള്‍പ്പെടുന്നുണ്ട്. മാത്രമല്ല അന്നത്തെ ജോലികളുടെ വിശദാംശങ്ങള്‍ മുകളിലേക്ക് റിപോര്‍ട്ട് ചെയ്യുകയും വേണം. നാട്ടില്‍ ആരെങ്കിലും ഗര്‍ഭിണിയായാലോ വാക്‌സിനുകള്‍ എടുക്കാതിരുന്നാലോ ഗൗരവമുള്ള രോഗങ്ങള്‍ക്ക് അടിപ്പെട്ടാലോ ബന്ധപ്പെട്ട ആശാപ്രവര്‍ത്തകര്‍ അത് അറിഞ്ഞില്ലെങ്കില്‍ അഥവാ റിപോര്‍ട്ട് ചെയ്തില്ലെങ്കില്‍ അതൊരു വീഴ്ചയായി കണക്കാക്കും. ഒരുപക്ഷേ, കിട്ടുന്ന പ്രതിഫലത്തില്‍ കുറവ് ഉണ്ടാവുകയും ചെയ്യും. റിപോര്‍ട്ടുകള്‍ അന്നന്നു തന്നെ തയ്യാറാക്കാനും അയക്കാനും ഉള്ളതിനാല്‍ ഫീല്‍ഡിലെ ജോലി കഴിഞ്ഞാലും ആശമാര്‍ക്ക് വിശ്രമിക്കാനാകില്ല. അതായത് ലോക്ക്ഡൗണിനും എത്രയോ കാലം മുമ്പ് തന്നെ ‘വര്‍ക്ക് ഫ്രം ഹോമും’ ‘വര്‍ക്ക് ഫ്രം ഫീല്‍ഡും’ ഒരുമിച്ച് ചെയ്യുന്നവരാണ് ആശാപ്രവര്‍ത്തകര്‍.

മേല്‍പ്പറഞ്ഞ കാരണം കൊണ്ടുതന്നെ സമാധാനപൂര്‍ണമായ ആരോഗ്യകരമായ കുടുംബജീവിതം ആശാപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നില്ല. ഇരുപത്തഞ്ചു വയസ്സ് കഴിഞ്ഞ എട്ടാം ക്ലാസ് പാസായവരെയാണ് ആശാപ്രവര്‍ത്തകരായി നിയമിക്കുന്നത്. അതു കാരണം സാധാരണയായി സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണ് ഈ ജോലിക്കെത്തുക. വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ള സ്ത്രീകളെക്കാളും, കുറഞ്ഞ പ്രായത്തില്‍ വിവാഹം കഴിഞ്ഞിരിക്കാനുള്ള പ്രവണത ഇവര്‍ക്കിടയില്‍ ഉള്ളതിനാല്‍ മിക്കവാറും ആശാപ്രവര്‍ത്തകര്‍ക്കും കുട്ടികളുണ്ടായിരിക്കും. എന്നാല്‍ പകലും രാത്രിയുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ സ്വസ്ഥമായ കുടുംബജീവിതം ഇവര്‍ക്കുണ്ടാകുന്നില്ല എന്ന് മാത്രമല്ല കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തങ്ങള്‍ വേണ്ടവിധം നിര്‍വ്വഹിക്കാനും ഇവര്‍ക്കാവുന്നില്ല. ഇതിനിടയിലാണ് ഹോണറേറിയം പോലും മുഴുവന്‍ കിട്ടാത്ത അവസ്ഥയും അനുവദിക്കപ്പെട്ട പ്രതിഫലം പോലും കുടിശ്ശികയായി മാറുന്നതും.

മുകളില്‍ വിശദീകരിച്ച പോലെ മനുഷ്യാവകാശ ലംഘനങ്ങളുടെ നീണ്ടകാലത്തെ ഇരകളായ ആശാപ്രവര്‍ത്തകര്‍ കഴിഞ്ഞ ഫെബ്രുവരി 10ാം തിയ്യതി മുതലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ഹോണറേറിയം ഇരുപത്തിയൊന്നായിരം രൂപയാക്കുക, വിരമിക്കല്‍ പ്രായം 62 വയസ്സ് എന്നുള്ളത് പിന്‍വലിക്കുക, വിരമിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുക, അയ്യായിരം രൂപയുടെ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് സമരക്കാരുടെ മുഖ്യ ആവശ്യങ്ങള്‍. സമാനമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തമിഴ്‌നാട്ടിലും ഗുജറാത്തിലും ഹരിയാനയിലും വലിയ പ്രതിഷേധങ്ങള്‍ ഈയടുത്ത് തന്നെ നടന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ബന്ധപ്പെട്ടവര്‍ക്ക് മുന്നില്‍ ഇതേ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തപ്പെട്ടിട്ടുമുണ്ട്. എടുത്തു പറയുകയാണെങ്കില്‍, തിരുവനന്തപുരത്ത് നടക്കുന്ന സമരം ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന സാമൂഹികശാസ്ത്രജ്ഞരും ചിന്തകരും പൊതുപ്രവര്‍ത്തകരും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബിബിസി പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്ന് റിപോര്‍ട്ട് ചെയ്തു. ഭരണമുന്നണിയിലെ സിപിഐ, ജനതാദള്‍ തുടങ്ങിയവര്‍ പോലും സമരക്കാര്‍ക്കനുകൂലമായ നിലപാടെടുത്തു. ഇതെഴുതുമ്പോള്‍ ആശാപ്രവര്‍ത്തകരുടെ സമരം അമ്പതാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. എന്നിട്ടും സമരക്കാരുമായി വിട്ടുവീഴ്ച മനോഭാവത്തോടെ ചര്‍ച്ച നടത്തുവാനോ അല്ലെങ്കില്‍ അവരുയര്‍ത്തുന്ന ആവശ്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും അനുകൂലമായ പ്രതികരണം നടത്തുവാനോ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

വിശദമായും സൂക്ഷ്മമായും പരിശോധിക്കുകയാണെങ്കില്‍ കേരളം ഭരിക്കുന്ന മുഖ്യകക്ഷിയായ സിപിഎമ്മിന് ഈ സമരത്തോടുള്ള ശത്രുത സാമ്പത്തിക പരാതീനതകളേക്കാളും സാങ്കേതികമെന്നതിനേക്കാളും അവസരവാദപരവും രാഷ്ട്രീയപരവുമാണെന്ന് കാണാം. ഇക്കഴിഞ്ഞ സംസ്ഥാനബജറ്റിലും ഹോണറേറിയത്തെ സംബന്ധിച്ചോ അനിവാര്യമായ ക്ഷേമപദ്ധതികളെക്കുറിച്ചോ യാതൊരു പരാമര്‍ശവുമില്ലാതെ വന്നപ്പോഴാണ്, ആശാപ്രവര്‍ത്തകര്‍ പ്രത്യക്ഷസമരത്തിലേക്ക് വരുന്നത്. ഭരിക്കുന്ന സര്‍ക്കാറിന്റെ വികസന പദ്ധതികളെക്കുറിച്ചും പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും അതിലോരോന്നിനും നല്‍കുന്ന മുന്‍തൂക്കത്തെ കുറിച്ചുമുള്ള രൂപരേഖയാണ് ബജറ്റുകള്‍. സാമ്പത്തിക പരാധീനതകള്‍ കൊണ്ടല്ല, ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്‌കീംആധാര തൊഴിലാളികളൊന്നും സര്‍ക്കാറിന്റെ മുന്‍ഗണനയില്‍ വരാത്തതു കൊണ്ടാണ്, ഔദ്യോഗികമായ അവഗണനകള്‍ ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തന്നെ ഉണ്ടായി.

ഏതൊരു ബജറ്റും അവതരിപ്പിക്കുന്നത് തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തിലെ ധനവിതരണത്തെ അടയാളപ്പെടുത്താനാണ്. ബജറ്റവതരണത്തിനു ശേഷം, സഭയില്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ബജറ്റ് ചര്‍ച്ചകള്‍ ഉണ്ടാകും. ആ സമയത്ത് ബജറ്റവതരണത്തില്‍ ഏതെങ്കിലും കാരണത്താല്‍ വിട്ടുപോയിട്ടുള്ള ഗൗരവമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഉള്‍പ്പെടുത്താന്‍ ഭരണപക്ഷം തയ്യാറാവുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, ആശാസമരം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് കേരള നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നത്. പ്രതിപക്ഷം ഈ വിഷയം അവതരിപ്പിച്ചിട്ടുപോലും അതിനോട് അനുഭാവ പൂര്‍ണ്ണമായ സമീപനമെടുക്കാന്‍ ഭരണകക്ഷി തയ്യാറായില്ല. എന്നാല്‍, അതേ കാലയളവില്‍ തന്നെയാണ് പിഎസ്‌സി അംഗങ്ങളുടെ പ്രതിഫലം ഭീമമായി ഉയര്‍ത്തിയതും സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതും. ഇടതുപക്ഷ സഹയാത്രികനായ പ്രഫ. കെ പി കണ്ണനെ പോലുള്ളവര്‍ ആശമാര്‍ക്ക് മാസം തോറും 21,000 കൊടുത്താലും സര്‍ക്കാറിന് അധിക ബാധ്യതയാകില്ലെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചിട്ടുമുണ്ട്.

നിരവധി സാങ്കേതിക തടസ്സവാദങ്ങള്‍ ആശാസമരത്തെ സംബന്ധിച്ച് സിപിഎം ഉന്നയിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയസംഘടന, അതും ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍, സാങ്കേതിക കാരണങ്ങളുന്നയിച്ചാണോ സമരങ്ങളെ നേരിടേണ്ടതെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. സിപിഎം ഇപ്പോള്‍ പറയുന്നത് ആശാപ്രവര്‍ത്തകര്‍ തൊഴിലാളികളല്ലെന്നാണ്. സാങ്കേതികമായി ഇത് ശരിയാണ്; കാരണം, ആശാപ്രവര്‍ത്തകരെ ‘സന്നദ്ധപ്രവര്‍ത്തക’യെന്ന ലേബലിലാണ് നിയമിക്കുന്നത് തന്നെ. എന്നാല്‍ ഇരുപത് വര്‍ഷത്തിലധികം സര്‍ക്കാര്‍ സംവിധാനത്തിനകത്ത് ജോലി ചെയ്ത ശേഷവും ഒരു തൊഴിലാളി എന്ന അംഗീകാരം അവര്‍ക്ക് ലഭിച്ചിട്ടില്ല എങ്കില്‍ അതിലൊരു നീതികേടുണ്ട്. ഇത് പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കേണ്ടത് നയപരമായാണ്. സമരം ചെയ്യുന്നവരോട് ആ ന്യായം പറയുന്നത് തന്നെ അന്തസ്സുള്ള കാര്യമല്ല. ദിവസം മുഴുവനും വര്‍ഷം മുഴുവനും പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് തയ്യാറാവുകയാണ് വേണ്ടത്. കൂടാതെ അവരുടെ പ്രതിഫലം തൊഴിലാളികളുടെ കുറഞ്ഞ കൂലിയായ 700 രൂപയാക്കുകയാണെങ്കില്‍ സാങ്കേതികമായി ‘തൊഴിലാളികള്‍’ എന്ന നിലയില്‍ വില പേശാനുള്ള ശക്തി ആശാപ്രവര്‍ത്തകര്‍ക്കും കൈവരും. അതിന് സംസ്ഥാന സര്‍ക്കാറിന് കഴിയും.

കേന്ദ്രത്തിനെതിരേയാണ് സമരം ചെയ്യേണ്ടത് എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആശാപ്രവര്‍ത്തകരെ ഉപദേശിക്കുന്നത്. ആശാസംവിധാനം ഒരു ഫെഡറല്‍ വ്യവസ്ഥയോടെ കേന്ദ്രവും സംസ്ഥാനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉള്‍ച്ചേര്‍ന്നതായതിനാല്‍ അവര്‍ക്ക് ഇതില്‍ ആര്‍ക്കെതിരെയും സമരം ചെയ്യാം. മാത്രമല്ല 2021ലെ ഇടതുജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിലെ നാല്‍പ്പത്തിയഞ്ചാം ഇന പരിപാടി പറയുന്നത് ഇപ്രകാരമാണ്, ‘…. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീപ്രൈമറി അധ്യാപകര്‍, എന്‍എച്ച്എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും’. അതിനര്‍ത്ഥം ഹോണറേറിയം 1000ല്‍ നിന്ന് 7000 ആക്കിയവര്‍ക്ക് അതിനിയും കൂട്ടാന്‍ ആകുമെന്നാണ്. പക്ഷേ, അതിനായി മറ്റുള്ളവര്‍ മുദ്രാവാക്യം ഉയര്‍ത്തിയാല്‍ അതിനെ തള്ളിപ്പറയുന്നത് ഒട്ടും ഭൂഷണമല്ല. വിവിധ സംസ്ഥാനങ്ങളില്‍ സിഐടിയു സമാന സമരങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേ നടത്തുന്നത് ചൂണ്ടിക്കാണിക്കുമ്പോഴും എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞ് വിഷയം മാറ്റി കേന്ദ്രത്തിനെതിരേ സമരം ചെയ്യാത്തതില്‍ ഗൂഢാലോചന കണ്ടെത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതിന്റെഭാഗമായി തന്നെയാണ് സമരം കോണ്‍ഗ്രസ്-ബിജെപി സഖ്യത്തിന്റെ പദ്ധതിയാണെന്ന് ആരോപിക്കുന്നത്. അതായത് എസ്‌യുസിഐയുടെ കീഴിലുള്ള KAHWA (സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകരുടെ തൊഴിലാളി സംഘടന) സ്വന്തമായി ഏജന്‍സി ഇല്ലാത്തതാണെന്നും മറ്റുള്ളവരുടെ കൈയിലെ ചട്ടുകം മാത്രമാണെന്നും എന്ന്. സിപിഎം പോലെ തന്നെ പ്രൗഢമായ പാരമ്പര്യവും പ്രവര്‍ത്തനചരിത്രവും എസ്‌യുസിഐക്കും അവകാശപ്പെടാനുണ്ട്. മാത്രമല്ല, എത്രയോ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ അടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് ആശാപ്രവര്‍ത്തകരുടേത്. സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരതിന്റെ കാര്യകാരണക്കാരാകുമോ! സമരപ്പന്തലില്‍ വന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയല്ലാതെ, കോണ്‍ഗ്രസോ ബിജെപിയോ ഈ സമരത്തിന്റെ സംഘാടനത്തിന്റെ ഭാഗമല്ല. സിപിഎം ഭാഗഭാക്കല്ലാത്ത എല്ലാ ജനകീയസമരങ്ങളിലും അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് പരാജയങ്ങളിലും അവരുയര്‍ത്തുന്ന സ്ഥിരം പല്ലവിയാണ് കോണ്‍ഗ്രസ്-ബിജെപി ബാന്ധവം. സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്നത് ഇടതുപക്ഷ അനുഭാവികളായ ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള അതിജീവന സമരമാണ്. അത് ഇന്നല്ലെങ്കില്‍ നാളെ സിപിഎം അംഗീകരിക്കേണ്ടി വരും.

കഴിഞ്ഞ എത്രയോ കാലമായി സിപിഎം തുടര്‍ന്ന് വരുന്ന അവസരവാദ നിലപാടുകളും സമീപനങ്ങളും പ്രതികരണങ്ങളും ആശാ സമരത്തോടനുബന്ധിച്ചും ആവര്‍ത്തിക്കുന്നുണ്ട്. ഈ സമരത്തിനോട് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്ന തരം താണ പ്രതികരണങ്ങളും അതിനെ നിയന്ത്രിക്കാതെ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വവും പാര്‍ട്ടിയുടെ ചീര്‍ത്തതും പൊള്ളയുമായ രാഷ്ട്രീയമാണ് കാണിക്കുന്നത്. മുമ്പ് നടന്ന അനവധി ജനകീയമുന്നേറ്റങ്ങളില്‍ എതിര്‍സ്ഥാനത്ത് സിപിഎം വന്നപ്പോഴൊക്കെ ഇതേ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. തങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും അണികളെ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ലെങ്കിലും, അതെല്ലാം ആഭാസപരവും ആക്രമണപരവും ആയി മാറുമ്പോള്‍ ഇടപെട്ട് പരിഹരിക്കുന്നില്ലെങ്കില്‍, അത് പാര്‍ട്ടിയുടെ കൂടി നിലപാടാണെന്നാണ് അതിനര്‍ത്ഥം. കരിങ്കൊടി കാണിച്ചവരെ തല്ലി ചതച്ചപ്പോള്‍, അത് ജീവന്‍രക്ഷാദൗത്യമാണെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് തങ്ങള്‍ക്കെതിരേ രാഷ്ട്രീയമായി സമരം ചെയ്യുന്നവരോട് പ്രതിപക്ഷബഹുമാനം ഉണ്ടാവില്ലെന്ന് മാത്രമല്ല വെറും ‘കുടിപ്പക’ മാത്രമേ കാണിക്കാനാവുകയുള്ളൂ. ആശാപ്രവര്‍ത്തകര്‍ പോലുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ സമരത്തോട് ഇതാണ് സിപിഎമ്മിന്റെ നിലപാടെങ്കില്‍, അവരില്‍ എന്ത് ഇടതുപക്ഷമാണ് അവശേഷിച്ചിരിക്കുന്നതെന്ന് ഇടതുപക്ഷ വിശ്വാസികള്‍ വിലയിരുത്തേണ്ടതുണ്ട്.

അനവധി സമരങ്ങള്‍ക്ക് വേദിയായിട്ടുള്ളതാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാത. കുടില്‍കെട്ടി സമരവും നില്‍പ്പുസമരവും നടന്ന അതേയിടത്താണ് ഇന്ന് ആശാപ്രവര്‍ത്തകരായ സ്ത്രീ തൊഴിലാളികളുടെ രാപകല്‍ സമരം മുന്നേറുന്നത്. എന്നാല്‍, ‘ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ മുന്നണിപ്പട’യെന്ന് സ്വയം പറയുന്ന, കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ കാരണക്കാരെന്ന് സ്വയം ‘ചുമര്‍ചിത്ര’മെഴുതാറുള്ള, സ്ത്രീശാക്തീകരണത്തിന്റെ മഹനീയ മാതൃകയായി ആശാപ്രവര്‍ത്തകരെ അംഗീകരിച്ചിട്ടുള്ള സിപിഎം ഇന്ന് സമരം ചെയ്യുന്നവരോട് കാണിക്കുന്നത് അങ്ങേയറ്റം പക്ഷപാതപരമായ നിലപാടുകളാണ്.

രാഷ്ട്രീയമായി സിപിഎം എത്തിച്ചേര്‍ന്ന ‘മൂല്യച്യുതി’യാണ് ഈ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നത്. വിപണിയധിഷ്ഠിതവും വലതുകേന്ദ്രിതവുമായ സ്‌കീംആധാര തൊഴില്‍ ചൂഷണവ്യവസ്ഥയെ പ്രത്യക്ഷത്തില്‍ തള്ളിപ്പറയാനുള്ള അവസരം ഇത്തരമൊരു സമരമായിരിക്കേ, അങ്ങനെയൊരു പ്രസ്താവന പോലും സംസ്ഥാന ഇടതുപക്ഷസര്‍ക്കാര്‍ നടത്താത്തതും അത് കേന്ദ്രത്തിന് മാത്രം എന്തെങ്കിലും ചെയ്യാനാകുന്ന കാര്യമാണെന്ന് ആവര്‍ത്തിച്ച് പറയുന്നതും മേല്‍പ്പറഞ്ഞ തൊഴില്‍ വ്യവസ്ഥയോട് സിപിഎം എത്രമാത്രം താദാത്മ്യം പ്രാപിച്ചുവെന്നതിന്റെ ദൃഷ്ടാന്തമാണ്. സഹഇടതുപക്ഷപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച സമരത്തിനോടുള്ള വിരോധത്തേക്കാള്‍ കമ്മ്യൂണിറ്റി വര്‍ക്കേഴ്‌സ് പോലുള്ളവരെ സൃഷ്ടിക്കുന്ന മനുഷ്യവിഭവതൊഴില്‍ശേഷി ചൂഷണ സാമ്പത്തിക വ്യവസ്ഥിതികളോട് രാഷ്ട്രീയമായി സിപിഎമ്മിനുണ്ടായിരുന്ന വിയോജിപ്പുകളും വിസ്സമ്മതങ്ങളും നിലവില്‍ അവശേഷിക്കുന്നില്ല എന്നാണത് സൂചിപ്പിക്കുന്നത്.

 

No Comments yet!

Your Email address will not be published.