മുഹമ്മദ്ക്കാ
ചില മനുഷ്യരുണ്ട്, പര്‍വ്വതത്തെക്കാള്‍ ഉയര്‍ന്ന ജീവിതം കൊണ്ട് മരണത്തെ അതിജീവിക്കുന്നവര്‍. സത്യസന്ധത കൊണ്ട് ഇങ്ങനെയും ചിലര്‍ ജീവിച്ചിരുന്നല്ലോ എന്നത് അത്ഭുതപ്പെടുത്തും. ഭൗതികമായി അവസാനിച്ചാലും കാരുണ്യവും സ്‌നേഹവും വിപ്ലവാവേശവും വിതറി പരശ്ശതം ജീവിതങ്ങളില്‍ ഓര്‍മ്മകളുടെ വെളിച്ചമായമവര്‍ തുടരും. അത്തരത്തിലൊരു ജീവിതമായിരുന്നു സഖാവ് മുഹമ്മദ്ക്കയുടെത്. ജീവിതം മുഴുവന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാക്കിയ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് പലരും നടത്തിയ അനുസ്മരണങ്ങളില്‍ ആ വെളിച്ചത്തിന്റെ ശക്തി നമ്മള്‍ തിരിച്ചറിഞ്ഞതാണ്.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പിന്തിരിപ്പന്‍ നിയമഭേദഗതിക്കെതിരേ 1996 ഒക്ടോബര്‍ 4ന് അയ്യങ്കാളിപ്പട പാലക്കാട് കലക്ടറെ വെറും നൂലുണ്ടയും കളിത്തോക്കും ഉപയോഗിച്ച് ബന്ദിയാക്കിയ സമരം കേരളത്തില്‍ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. വിപ്ലവപ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ച ആ സമരത്തുടര്‍ച്ചയില്‍ ഞാനടക്കമുള്ള ഒരു കൂട്ടം യുവാക്കള്‍ വിപ്ലവരാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് 1996 നവമ്പറിലോ മറ്റോ ആണ് സഖാവ് മുഹമ്മദ്ക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ മരണം വരെ ആ ബന്ധം തുടര്‍ന്നു. ആ കാലത്ത് അയ്യങ്കാളിപ്പടയുടെ ‘ഇത് മര്‍ദ്ദിതരുടെ ബലപ്രയോഗം’ എന്ന ആദിവാസി ഭൂപ്രശ്‌നത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ലഘുലേഖയുടെ വിതരണമായിരുന്നു ഞങ്ങള്‍ പ്രധാനമായും നടത്തിയ പ്രവര്‍ത്തനങ്ങള്‍. പല പൊതുപരിപാടികളിലും പോലിസിന്റെ കണ്ണ് വെട്ടിച്ച് അയ്യങ്കാളിപ്പടയുടെ പ്രസ്താവന വിതരണം ചെയ്യലായിരുന്നു എന്റെ ജോലി. പുറത്ത് കാവലായി മുഹമ്മദ്ക്കയുണ്ടാവും. എല്ലാം കഴിഞ്ഞ് നേരെ കടപ്പുറത്തേക്ക്. പിന്നെ കടലവറുക്കാനുള്ള മണലും വാരി തിരിച്ചും. എത്രമാത്രം ആവേശമായിരുന്നു മുഹമ്മദ്ക്കയ്ക്ക് ആ നേരങ്ങളില്‍. നിരവധി സമരങ്ങളിലും ഒന്നോ രണ്ടോ തവണ ജയിലിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായി. കൗമാരം പിന്നിട്ട ഞങ്ങളുടെ രാഷ്ട്രീയ വായനയിലേക്ക് പലതരം പുസ്തകങ്ങള്‍ കൊണ്ടു വന്നത് മുഹമ്മദ്ക്കയായിരുന്നു.
ഭരണഘടനയെ കുറിച്ചും ഭരണഘടനാനിര്‍മ്മാണസഭയെ ക്കുറിച്ചുമുള്ള പലതരം വിചാരങ്ങളും മാത്രമല്ല, റിപബ്ലിക് ദിനത്തിന് സഖാവ് സര്‍ദ്ദാര്‍ ഗോപാലകൃഷ്ണന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും തമ്മിലെ വിത്യാസത്തെ കുറിച്ചുമെല്ലാം ഞാനാദ്യം ഗൗരവപൂര്‍വ്വം കേള്‍ക്കുന്നത് മുഹമ്മദ്ക്കയില്‍ നിന്നാണ്. വലിയ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനൊന്നുമായിരുന്നില്ലെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ടായിരുന്നു. വിപ്ലവമാണ് അനിവാര്യം. അതാര് നയിക്കും എന്നതായിരുന്നു ചിന്ത. അതുകൊണ്ട്തന്നെ പ്രസ്ഥാനത്തില്‍ സംഭവിച്ച ഓരോ പിളര്‍പ്പിലും വിപ്ലവപക്ഷത്ത് അദ്ദേഹം യാതൊരു ശങ്കയും കൂടാതെ ഉറച്ച് നിന്നു. പുസ്തകങ്ങളെക്കാള്‍ തന്റെ തന്റെ ദരിദ്രമായ ജീവിതത്തില്‍ നിന്നാണ് വ്യക്തതകളെല്ലാം കടഞ്ഞെടുത്തത്.
അടിയന്തിരാവാസ്ഥ പിന്‍വലിച്ചതിന് ശേഷം സഖാവ് വാസുവേട്ടന്‍ ജയില്‍മോചിതനായപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനായത് മുഹമ്മദ്ക്കയുടെ ജീവിതത്തെ മാറ്റിമറിച്ചു. ആ ബന്ധത്തിലൂടെയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം മാറിയത്. ഏറെ പ്രസിദ്ധമായ, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ ജനകീയവിചാരണ ചെയ്ത സമരത്തില്‍ പങ്കെടുത്ത അനുഭവവും കേണിച്ചിറയിലെ മത്തായി ഉന്‍മൂലന സമരത്തെ തുടര്‍ന്ന് നടന്ന അടിച്ചമര്‍ത്തലിനിടയില്‍ പല സഖാക്കളും തന്റെ സംരക്ഷണയില്‍ കഴിഞ്ഞ കാലവുമെല്ലാം പലപ്പോഴും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നുവന്നു. വിപ്ലവപാത ഉപേക്ഷിച്ച പഴയ നേതാക്കളെക്കുറിച്ചും പറഞ്ഞു. എളുപ്പമല്ല ഈ ജീവിതമെന്ന് ഞങ്ങള്‍ തുടക്കക്കാരെ ഓര്‍മിപ്പിച്ചു. രാഷ്ട്രീയം ശ്രദ്ധിക്കുന്ന, കോഴിക്കോട്ടെത്തുന്ന ഏതൊരാളും ഒരിക്കലെങ്കിലും കടലമുഹമ്മദ്ക്കയെ കണ്ടിട്ടുണ്ടാവും. ഒരു പൊതിക്കടലയോ ഒരു നോട്ടീസോ മുഹമ്മദ്ക്കയില്‍ നിന്ന് സ്വീകരിച്ചിട്ടുമുണ്ടാവും. യുവ മാധ്യമപ്രവര്‍ത്തകന്‍ ഷഫീഖ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ്: വലിയങ്ങാടിയില്‍ ചുമടെടുത്തും ട്രോളിയുന്തിയും, വെള്ളയില്‍ കടപ്പുറത്ത് മീന്‍വിറ്റും, മാനാഞ്ചിറയില്‍ കടലവിറ്റും നീണ്ട പതിറ്റാണ്ടുകള്‍ കോഴിക്കോട് നഗരത്തില്‍ രാഷ്ട്രീയ ജീവിതം നയിച്ച മുഹമ്മദ്ക്കാ, നഗരത്തിലെത്തുന്ന സമാന്തര രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ചും നക്‌സലൈറ്റുകളുടെ ആശ്രയകേന്ദ്രവും അഭയവുമായിരുന്നു. അരികുകളില്‍ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ ജീവിതപ്രതിസന്ധികളുമായി ബന്ധപ്പെട്ട തെരുവുസമരങ്ങളില്‍, പ്രതിരോധക്കൂട്ടായ്മകളില്‍, സംവാദ സദസ്സുകളിലെല്ലാം ഒരു സഞ്ചി നിറയെ നിലക്കടലയും കുറേ നോട്ടീസുകളുമായി കടലമുഹമ്മദിനെ കാണാം. കാരണം, നഗരത്തിലെ രാഷ്ട്രീയജീവിതങ്ങളെ പരസ്പരം കണ്ണിചേര്‍ത്തുകൊണ്ടായിരുന്നു ആ ഉന്തുവണ്ടിയുടെ സഞ്ചാരം.
എല്ലാ നിലയ്ക്കും സ്വയം തിരിച്ചറിഞ്ഞ ഒരു തൊഴിലാളിയായിരുന്നു അദ്ദേഹം. നഗരത്തിലെ തെരുവുകളില്‍ നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തമാക്കിയതും അസാധാരണമായ തെളിമയോടെ, സൂക്ഷ്മതയോടെ അത് പ്രയോഗത്തിലാക്കാന്‍ പരിശ്രമിച്ചതും. കൊടിയദാരിദ്ര്യവും കഷ്ടതയും ആണ് 15ാം വയസ്സില്‍ മലപ്പുറത്തെ വണ്ടൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പന്തുകളിക്കാരനാകണമെന്നതായിരുന്നു ആഗ്രഹം. നന്നെ ചെറുപ്പത്തിലേ തൊഴിലാളി ജീവിതവും ആ നഗരത്തിലെ കമ്മ്യൂണിസ്റ്റ് തൊഴിലാളി സമരങ്ങള്‍ സൃഷ്ടിച്ച അന്തരീക്ഷവും മുഹമ്മദ്ക്കയെ ഒരു കമ്മ്യൂണിസ്റ്റുകാരനാക്കി. എന്തിനെയും ചോദ്യം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്. ചുമട്ടുതൊഴിലാളിയായിരിക്കെ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിപിഐയിലെത്തി. ജനയുഗം പത്രത്തിന്റെ വിതരണക്കാരനായി ജോലി ചെയ്യവേ, മഴക്കാലങ്ങളില്‍ പുലര്‍ച്ചെ പത്രവിതരണത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് റെയിന്‍കോട്ട് വേണമെന്നാവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടി നേതൃത്വത്തോട് പ്രതിഷേധിച്ചു. ആവശ്യം പരിഗണിക്കുന്നതില്‍ കാലതാമസം വന്നപ്പോള്‍, ഒരു ദിവസം രാവിലെ പത്രക്കെട്ടുകളൊന്നും വിതരണം ചെയ്യാതെ തടഞ്ഞുവച്ച് സമരം ശക്തമാക്കി. അതോടെയാണ് സിപിഐയുമായി അകലുന്നത്. പിന്നീട് നക്‌സലൈറ്റ് രാഷ്ട്രീയത്തിലേക്ക് കടന്ന് ചെന്നു. വിപ്ലവം വിരുന്ന് സല്‍ക്കാരമല്ലെന്ന ഉറപ്പോടെ. വിപ്ലവമാര്‍ക്‌സിസത്തെ തന്റെ തന്നെ അനുഭവങ്ങളുമായി തട്ടിച്ച് നോക്കി സ്വായത്തമാക്കുകയും തന്റെ മുന്നില്‍ വന്നെത്തിയ സഖാക്കളുടെ ത്യാഗനിര്‍ഭരമായ ജീവിതത്തില്‍ ആവേശഭരിതനാവുകയും ചെയ്തു. മാര്‍ക്‌സിസവും ലെനിനിസവും മാവോയിസവുമെല്ലാം സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി. സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു, ജയിലില്‍ കിടന്നു. തെരുവുകളിലുടനീളം പോസ്റ്ററുകള്‍ ഒട്ടിച്ചു. ജയിലില്‍ കഴിയുന്ന സഖാക്കള്‍ക്ക് വസ്ത്രങ്ങളും പുസ്തകങ്ങളുമെത്തിച്ചു. കോഴിക്കോട് ജയിലിലും വയനാട്ടിലെ വൈത്തിരി ജയിലിലും ഞാന്‍ കിടന്ന കാലത്ത് പല ദിവസങ്ങളിലും മുഹമ്മദ്ക്ക കാണാന്‍ വരും ഏറെ പ്രിയമോടെ മുഹമ്മദ്ക്കയുടെ ചിരി ജയിലഴികള്‍ക്കപ്പുറത്ത് തിളങ്ങി നില്‍ക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുഴുവന്‍ സഖാക്കള്‍ക്കും അനുഭാവികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയൊരു അത്താണിയായിരുന്നു മുഹമ്മദ്ക്ക. പതിറ്റാണ്ടുകള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ കോഴിക്കോട്ടെ ആശ്രയമായി അദ്ദേഹം നിലകൊണ്ടു. പലതവണ പോലിസ് മര്‍ദ്ദനങ്ങളും ജയില്‍വാസവുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ബീച്ചിലെയും പാളയത്തെയും ഫൂട്ട്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കെതിരേയുള്ള സമരത്തിന്റെ പേരില്‍ ഒരിക്കല്‍ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ കള്ളസാക്ഷി പറയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് എടിഎസ് കോയമ്പത്തൂരിലെ രഹസ്യ ക്യാമ്പില്‍ കൊണ്ടുപോയി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ശംഖുമുഖം കടപ്പുറത്ത് വെച്ച് നടന്ന സ്വീകരണത്തില്‍ മഅ്ദനി, തനിക്ക് വേണ്ടി തല്ലുകൊള്ളേണ്ടി വന്ന കടലമുഹമ്മദിന്റെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുകയുണ്ടായി. 2017ല്‍ യുഎപിഎയ്‌ക്കെതിരായ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കുഴഞ്ഞുവീഴുന്നതുവരെ സമരമുഖങ്ങളില്‍ സജീവമായിരുന്നു മുഹമ്മദ്ക്ക. പോരാട്ടം സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മുഹമ്മദ്ക്കയെ പോലെയുള്ള സഖാക്കളില്‍ നിന്ന് നമുക്ക് തീര്‍ച്ചയായും പലതും പഠിക്കാനുണ്ട്. മുന്നോട്ടുള്ള വിപ്ലവയാത്രയ്ക്കത് കരുത്താവും.





No Comments yet!