ബിന്നറ്റ് സി ജെ
കോര്‍പറേറ്റ് ഓഫിസില്‍ ജോലിഭാരംമൂലം കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ ദുര്‍ഗതി കോര്‍പറേറ്റ് ക്രൂരതയുടെ വികൃതമുഖം ഒരിക്കല്‍ കൂടി അനാവരണം ചെയ്യുന്നതായിരുന്നു. അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുകയും, ജോലിയില്‍ കഠിനപ്രയത്‌നത്തിന്റെ ആള്‍രൂപമാവുകയും ചെയ്ത അന്നയുടെ മരണം ഉള്‍ക്കിടിലത്തോടെയാണ് ഇന്ത്യന്‍ ജനസാമാന്യം ഉള്‍ക്കൊണ്ടത്. ഇതേപ്പറ്റി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ യുക്തിസഹമല്ലാത്ത പ്രസ്താവന അനവസരത്തിലുള്ളതായിരുന്നു. പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എന്തൊക്കെയോ ന്യായീകരണങ്ങള്‍ മൊഴിഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും, സൂചിപ്പിക്കപ്പെട്ട പ്രസ്താവന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മനസ്സില്‍ കനല്‍ കോരിയിടുന്നതായിരുന്നു. വിപരീത സാഹചര്യങ്ങളെ നേരിടാനുള്ള ആത്മശക്തി കുടുംബങ്ങളില്‍ നിന്ന് ലഭിക്കാത്തതുകൊണ്ടാണ് തൊഴിലിടങ്ങളില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു കേന്ദ്രധനമന്ത്രിയുടെ പ്രസ്താവനയുടെ രത്‌നച്ചുരുക്കം. മികവാര്‍ന്ന രീതിയില്‍ പഠനത്തില്‍ മുന്നേറുമ്പോഴും, വിദ്യാലയങ്ങളിലായാലും, പൊതുസമൂഹത്തിലായാലും നല്ല രീതിയില്‍ ഇടപെടുന്നവളായിരുന്നു അന്നയെന്ന് പിതാവ് വെളിപ്പെടുത്തുകയുണ്ടായി. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തയാക്കുന്ന രീതിയില്‍ തന്നെയാണ് തങ്ങളുടെ മകളെ വളര്‍ത്തിയതെന്ന് മാതാപിതാക്കള്‍ ഗദ്ഗദത്തോടെ പറയുകയുണ്ടായി. പിന്നെ, എവിടെയാണ് പ്രശ്‌നം? തൊഴില്‍ രംഗത്ത് ചൂഷണം മുഖമുദ്രയാക്കിയ കുത്തക കമ്പനികള്‍ പ്രതിസ്ഥാനത്ത് വരാതിരിക്കാനാണ് കേന്ദ്രധനമന്ത്രി ജാഗ്രത കാണിച്ചത്. മനുഷ്യാദ്ധ്വാനം ഊറ്റിക്കുടിച്ചുകൊണ്ട് തടിച്ചുവീര്‍ക്കുന്ന രക്തരക്ഷസുകള്‍ക്ക് പ്രതിരോധം ചമയ്ക്കാന്‍ നിര്‍മലാ സീതാരാമനെന്ന കേന്ദ്രധനമന്ത്രി ശ്രമിച്ചാല്‍ നടക്കുന്ന കാര്യമാണോ? അന്ന സെബാസ്റ്റ്യന്റെ ജീവനെടുത്തത് പുത്തന്‍ സാമ്പത്തിക വ്യവസ്ഥയില്‍ തഴച്ചുവളരുന്ന തൊഴില്‍ സംസ്‌കാരമാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ചിക്കാഗോ തെരുവീഥികളില്‍ ജീവന്‍ ഹോമിച്ച തൊഴിലാളികള്‍ ഇന്ന് പഴങ്കഥയായിരിക്കുന്നു. കോവിഡിന് ശേഷം തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുക്തിസഹമല്ലാത്ത കമ്പനി നിയമങ്ങള്‍ അനുസരിച്ച് ജോലി ചെയ്യാന്‍ വിധിക്കപ്പെടുന്ന യുവത ഇന്നിന്റെ നേര്‍ക്കാഴ്ച്ചയാവുകയാണ്. തൊഴില്‍സമയം പന്ത്രണ്ടും, പതിനാലും, പതിനാറും മണിക്കൂറുകള്‍ കടന്ന് ഇരുപത് വരെ എത്തിനില്‍ക്കുന്നത് നിത്യജീവിത യാഥാര്‍ത്ഥ്യമാണ്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ തൊഴില്‍മേഖലയെ വരിഞ്ഞുമുറുക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അന്ന സെബാസ്റ്റ്യന്റെ മരണമെന്ന് നാം തിരിച്ചറിയണം.

നവലിബറല്‍ നയങ്ങള്‍ പരാജയപ്പെടുന്നു
ഈ നയങ്ങള്‍ പാരിസ്ഥിതികമായും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും തികഞ്ഞ പരാജയമാണെന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനജേതാവും, ഒരു കാലത്ത് നവലിബറല്‍ നയങ്ങളുടെ തോഴനുമായിരുന്ന ജോസഫ് ഇസ്റ്റിഗ്ലിറ്റ്‌സ് തന്റെ ‘ദ റോഡ് ടു ഫ്രീഡം’ എന്ന പുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കമ്പോളശക്തികള്‍ക്ക് രാജ്യങ്ങളെ തീറെഴുതി കൊടുത്തതാണ് നവലിബറല്‍ നയങ്ങളുടെ പരാജയത്തിന് പ്രധാനകാരണമാവുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. ഇത് അസമത്വത്തിലേക്കും, പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കുമാണ് നയിച്ചതെന്ന് ജോസഫ് ഇസ്റ്റിഗ്ലിറ്റ്‌സ് വിലയിരുത്തുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം നിയമങ്ങളും നിയന്ത്രണങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും നികുതിവരുമാനത്തില്‍ നിന്ന് പൊതുചെലവുകള്‍ക്ക് നീക്കിവയ്ക്കുന്ന രീതിയും അനിവാര്യമാണെന്ന് ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് തിരിച്ചറിയുന്നുണ്ട്. ‘ഗവണ്‍മെന്റ് ഒരു പ്രശ്‌നത്തിനും പരിഹാരമല്ല, മറിച്ച് ഗവണ്‍മെന്റ് ഒരു പ്രശ്‌നമാണ്’ എന്ന രീതിയിലുള്ള പ്രചരണം കൊണ്ട് കുത്തക കോര്‍പറേറ്റുകള്‍ക്ക് മാത്രമേ ഗുണം ലഭിച്ചിട്ടുള്ളൂ. സൂചിപ്പിക്കപ്പെട്ട ധനമൂലധന ശക്തികളുടെ പോക്കറ്റ് വീര്‍പ്പിക്കുന്നതിനും, അവര്‍ മാധ്യമമേഖലയില്‍ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരായി വിലസുന്നതിനും, ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെയും, സാധാരണക്കാരെയും ചൂഷണം ചെയ്യുന്നതിനുള്ള ലൈസന്‍സായാണ് നവലിബറല്‍ നയങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം ആണയിട്ട് പറയുന്നു.
കമ്പോളശക്തികള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചത് വിനയായി
കമ്പോളശക്തികള്‍ വിശ്വാസ്യതയുള്ളവരാകണമെന്ന് ആദംസ്മിത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ സൂചിപ്പിച്ചിട്ടുള്ളതാണ്. സ്വാര്‍ത്ഥതാല്‍പര്യ പ്രേരിതരായി വിശ്വാസ്യതയെ കാറ്റില്‍പ്പറത്തുന്ന നയസമീപനങ്ങള്‍ സ്വീകരിച്ചാല്‍ ആ സമൂഹം തകര്‍ച്ചയെ നേരിടുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നവലിബറല്‍ നയങ്ങളുടെ കാര്യത്തില്‍ ഈ രീതിയില്‍ വിശ്വാസ്യത തകരുന്ന നിലയാണ് ഉണ്ടായത്. നിയമങ്ങളും, നിയന്ത്രണങ്ങളും ഒഴിവാക്കി കമ്പോളശക്തികള്‍ക്ക് രാജ്യം തുറന്നുകൊടുത്തപ്പോള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുന്ന നിലയാണ് ഉണ്ടായത്. പുത്തന്‍ സാമ്പത്തിക നയങ്ങള്‍ സാമ്പത്തികമായി സുസ്ഥിരമല്ലെന്ന് മാത്രമല്ല ജനാധിപത്യ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്ന നിലയും ഉണ്ടായിട്ടുണ്ടെന്ന് ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് നിരീക്ഷിക്കുന്നുണ്ട്. സാമ്പത്തിക മേഖലയിലെ കുത്തകാവകാശം ജനാധിപത്യത്തിലുള്ള ‘ഒരാള്‍ക്ക് ഒരു വോട്ട്’ എന്ന തത്ത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയ തുല്യതയില്‍ വെള്ളംചേര്‍ക്കുന്ന നിലയാണ് സംജാതമാക്കിയത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നിരിക്കെ ധനമൂലധനശക്തികള്‍ തങ്ങളുടെ മാധ്യമസ്വാധീനം ഉപയോഗിച്ച് പുത്തന്‍ ആഖ്യാനങ്ങള്‍ ചമയ്ക്കുകയും, അത് പൊതുബോധമാക്കി മാറ്റിയെടുക്കുകയും ചെയ്യുകയാണ്.
തുല്യഅവസരമെന്ന ആശയം മരീചികയാകുന്നു
നവലിബറലിസത്തിന്റെ വക്താക്കളായ മില്‍ട്ടണ്‍ ഫ്രെഡ്മാന്‍ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത് ഈ ആശയം അതിന്റെ തനിമയില്‍ നടപ്പാക്കിയിട്ടില്ലെന്നതാണ്. ഒരളവോളം ഇത് ശരിയുമായിരിക്കാം. കാരണം നവലിബറലിസം അതിന്റെ ശരിയായ രീതിയില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ സാമ്പത്തിക നില കൂടുതല്‍ പരിതാപകരമാവുകയും, അസമത്വം വര്‍ദ്ധിതവീര്യമുള്ള ഭീകരസത്വവുമായി മാറിയേനെ. സമുദായ ധ്രുവീകരണവും, സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരതയും വര്‍ദ്ധമാനമായ തോതില്‍ നടമാടുമായിരുന്നുവെന്നാണ് അമേരിക്കന്‍ സാഹചര്യം പരിഗണിച്ചുകൊണ്ട് ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ സാഹചര്യവും മറിച്ചാകാനിടയില്ല. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണത്തിന്റെ ദൂഷിതഫലങ്ങളാണ് വന്‍സാമ്പത്തികമാന്ദ്യങ്ങളും, തദ്വാരാ രൂപപ്പെടുന്ന തൊഴിലില്ലായ്മയും, ഉയര്‍ന്ന തോതിലുള്ള മലിനീകരണവും, മഹാമാരികളും മറ്റും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ നിന്ന് കമ്പോളശക്തികളുടെ തിട്ടൂരങ്ങള്‍ക്ക് കീഴടങ്ങി സര്‍ക്കാരുകള്‍ പിന്‍മാറുമ്പോള്‍ തുല്യഅവസരമെന്നത് കേവലം കടലാസ് പുലിയായി മാറുകയാണ്. ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പത്തെ തീണ്ടാപ്പാടകലെ നിര്‍ത്തുമ്പോള്‍ പാവപ്പെട്ടവനും, സാധാരണക്കാരനും ചിത്രത്തിന് പുറത്താവുന്ന ദയനീയ കാഴ്ച്ചയാണ് ദൃശ്യമാവുന്നത്.
പുരോഗമനമുതലാളിത്തം പരിഹാരമോ?
ഈ ഗ്രന്ഥത്തില്‍ നവലിബറല്‍ സംവിധാനത്തിന് ഒരു ബദല്‍ ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് നിര്‍ദ്ദേശിക്കുന്നുണ്ട്. പുരോഗമന മുതലാളിത്തം അഥവാ സോഷ്യല്‍ ഡെമോക്രസിയുടെ പുനരുജ്ജീവനം എന്ന പേരിലുള്ള ബദലാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. മുതലാളിത്ത ആശയങ്ങളിലുള്ള പ്രായോഗികപരിഷ്‌കാരങ്ങളാണ് സോഷ്യല്‍ ഡെമോക്രസി ലക്ഷ്യം വയ്ക്കുന്നത്. ആ സംവിധാനത്തില്‍ സോഷ്യലിസം അനിശ്ചിതമായ ഭാവികാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ഉണ്ടാവുക. നവലിബറലിസമെന്നത് വര്‍ദ്ധമാനമായ മുതലാളിത്തത്തിന്റെ പൈശാചികഭാവങ്ങളെ വെടിഞ്ഞ് പൗരന്‍മാരുടെ ക്ഷേമത്തിലും, അവര്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും നല്‍കുന്നതിലും, ഗവണ്‍മെന്റിന്റെ കൃത്യമായ ഇടപെടല്‍ ഉറപ്പുവരുത്തുന്നതും ശ്ലാഘനീയമായ കാര്യമാണെങ്കിലും, സോഷ്യലിസത്തെ കാണാമറയത്തേക്ക് മാറ്റിനിര്‍ത്തുന്നത് എത്രത്തോളം ശ്രേയസ്‌കരമായിരിക്കുമെന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ജ്ഞാനസമൂഹത്തിന്റെ നിര്‍മിതി അനിവാര്യം
പുരോഗമനമുതലാളിത്തമെന്ന ആശയത്തിന്റെ അനുബന്ധമായി ഒരു ജ്ഞാനസമൂഹത്തെയാണ് ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് വിഭാവനം ചെയ്യുന്നത്. സ്ഥാപനങ്ങളിലും, സര്‍ക്കാര്‍ സംവിധാനങ്ങളിലും മാറ്റം അനിവാര്യമാവുമ്പോള്‍ സമൂഹത്തിന് തന്നെ ഒരു ഭാവുകത്വപരിണാമമുണ്ടാവുന്ന ഘട്ടത്തില്‍, ലോകം തന്നെ പ്രവചനാതീതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥാന്തരത്തില്‍, സൂചിപ്പിക്കപ്പെട്ട ജ്ഞാനസമൂഹമെന്ന ആശയത്തിന് പ്രാധാന്യമേറുന്നതായി അദ്ദേഹം വിലയിരുത്തുന്നു. സാങ്കേതികവിദ്യയും, സമൂഹത്തിന്റെ രുചിഭേദങ്ങളും, സാമൂഹ്യവും, സാമ്പത്തികവുമായ അവസ്ഥകളും പരിവര്‍ത്തനോന്മുഖമാവുമ്പോള്‍ കേവലം സാങ്കേതികവിദ്യയുടെ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ മാത്രമല്ല പരിഗണനാ വിഷയമാവേണ്ടത്, മറിച്ച് സങ്കീര്‍ണമായ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങള്‍ എങ്ങനെ മാറ്റത്തിന് വിധേയമാവുന്നുവെന്ന പഠനവും അവിഭാജ്യഘടകമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
കോര്‍പറേറ്റ് സംരംഭങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം
ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സിന്റെ പുരോഗമന മുതലാളിത്തമെന്ന ആശയം സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ കുത്തക കോര്‍പറേറ്റ് സംരംഭങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്നും, അവിടെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഈ ആശയം തുല്യതയിലും, സാമൂഹ്യനീതിയിലും, ജനാധിപത്യത്തിലും അടിയുറച്ചതാണെന്ന് അസന്ദിഗ്ധമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയത്തിലും, മാധ്യമരംഗത്തുമുള്ള ധനമൂലധന ശക്തികളുടെ ഇടപെടലിനെ താഴിട്ട് പൂട്ടുന്ന രീതിയാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.
സ്വാതന്ത്ര്യം നഷ്ടമാകുമ്പോള്‍
സ്വാതന്ത്ര്യം അപകടത്തിലാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. ഫ്രീഡം ഹൗസ് എന്ന് പേരായ ലാഭേച്ഛയില്ലാത്ത അമേരിക്കയിലെ ഒരു സ്ഥാപനം 2022ല്‍ നടത്തിയ പഠനമനുസരിച്ച് ലോകജനസംഖ്യയുടെ 80 ശതമാനം വ്യക്തികളും ഒന്നുകില്‍ സ്വേച്ഛാധിപത്യത്തിന് കീഴിലോ അല്ലെങ്കില്‍ ഭാഗികമായ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടോ ജീവിക്കുന്നവരാണെന്നാണ് വിലയിരുത്തിയത്. ഒരു സ്വതന്ത്രസമൂഹത്തില്‍ അനിവാര്യമായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഭാഗികമായോ, വലിയൊരു അളവില്‍ നിയന്ത്രിത രൂപത്തിലോ ആണ് ദൃശ്യമാവുന്നതെന്ന് സൂചിപ്പിക്കപ്പെട്ട സ്ഥാപനം തിരിച്ചറിയുന്നുണ്ട്. ജോസഫ് ഇ സ്റ്റിഗ്ലിറ്റ്‌സ് മുന്നോട്ട് വക്കുന്ന പുനരുജ്ജീവിക്കപ്പെട്ട സോഷ്യല്‍ ഡെമോക്രസിയെന്ന ആശയം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് പരമപ്രധാനമായ ഊന്നലാണ് കൊടുക്കുന്നത് അനിയന്ത്രിതമായ മുതലാളിത്തം പരിസ്ഥിതിയെ തകര്‍ത്തു. ജനങ്ങളെ ധ്രുവീകരിക്കുകയും, സ്വേച്ഛാധിപത്യ രീതികളിലൂടെ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ത്തികളയുകയും ചെയ്യുന്ന പോപ്പുലിസ്റ്റ് ഭരണകൂടങ്ങള്‍ നവലിബറല്‍ നയങ്ങളുടെ ഉപോല്‍പ്പന്നങ്ങളാണെന്ന് ഗ്രന്ഥകാരന്‍ മനസ്സിലാക്കുന്നുണ്ട്. അസമത്വം കൊടികുത്തി വാഴുന്ന ഇന്നിന്റെ അവസ്ഥയില്‍ നിന്ന് മോചനം നേടണമെങ്കില്‍ നവലിബറല്‍ നയങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം വാദിക്കുന്നു. താന്‍ രൂപീകരിച്ച പുത്തന്‍ ആശയത്തിലൂടെ ഊര്‍ജ്ജസ്വലമായൊരു ജനാധിപത്യ സംവിധാനം നിലവില്‍ വരുമെന്നും, ജനസാമാന്യത്തിന്റെ പുരോഗതിക്ക് എല്ലാവരും കൈകോര്‍ക്കുമെന്നും സ്വപ്‌നം കണ്ടുകൊണ്ടാണ് അദ്ദേഹം ഗ്രന്ഥം അവസാനിപ്പിക്കുന്നത്. നിലനില്‍ക്കുന്ന ദുരവസ്ഥയില്‍ നിന്നൊരു പരിമിതമായ മോചനം ഇതിലൂടെ യാഥാര്‍ത്ഥ്യമാവുമെങ്കിലും, ആത്യന്തികമായ മനുഷ്യവിമോചനത്തിലേക്ക് പുരോഗമനമുതലാളിത്തമെന്ന ആശയത്തിന് എത്രത്തോളം മുന്നേറാന്‍ കഴിയുമെന്ന കാര്യം സംശയമാണ്.


No Comments yet!