ഞാന്‍ നിങ്ങളെ ആശീര്‍വദിക്കുന്നതിനുമുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക’. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പുതിയ പാപ്പയെ കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചേര്‍ന്ന്, തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ ആദ്യം ഉച്ചരിച്ച വാക്കുകളാണിവ. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്‌നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാവങ്ങള്‍ക്കുവേണ്ടിയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയും നിലകൊള്ളണമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ആഗോള കത്തോലിക്കാ സഭയില്‍ ഒരു പുത്തന്‍യുഗത്തിന്റെ വിളംബരമാണ് അന്ന് നടന്നത്.
‘പ്രത്യാശയുടെ പടിവാതിലി’ലെന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്രശസ്തമായ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പയുടെ തിരഞ്ഞെടുപ്പോടെ അന്വര്‍ത്ഥമാവുകയായിരുന്നു. തന്റെ ആദ്യത്തെ പ്രഭാഷണത്തില്‍തന്നെ അദ്ദേഹം വിശ്വാസി സമൂഹത്തിനും ലോകത്തിനാകമാനവും നല്‍കിയ ആ പ്രത്യാശ യഥാര്‍ത്ഥവല്‍ക്കരിക്കാന്‍ ആ മഹാനായ, യേശുവിന്റെ വികാരി തന്റെ അവസാന ശ്വാസംവരെ കഠിനമായി അധ്വാനിച്ചിരുന്നുവെന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. രോഗശയ്യയില്‍ ആയിരിക്കെത്തന്നെ, മരണത്തിന് രണ്ടുനാള്‍ മുമ്പുപോലും അദ്ദേഹം നടത്തിയ പ്രസ്താവന ഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവണമെന്നും നിഷ്‌കളങ്കരായ ജനം ഇനിയും കൊലചെയ്യപ്പെടരുതെന്നുമായിരുന്നു.
ഭരണകൂടത്തിന്റെയും മതഭീകരതയുടെയും ഇരകളായിരുന്ന ഒരുജനതയ്ക്കുവേണ്ടി ബലിയര്‍പ്പിച്ച യേശുവെന്ന മഹായിടയന്റെ യഥാര്‍ത്ഥ വികാരിയായി എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് തന്റെ ഓരോ പ്രവൃത്തികള്‍ വഴിയും അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. അധികാരപ്രമത്തതയിലും എല്ലാപരിധികളും ലംഘിച്ചുള്ള ധൂര്‍ത്തിലും സഭാശരീരത്തിന്റെ പലഭാഗങ്ങളെയും കാര്‍ന്നുതിന്നുകൊണ്ടിരുന്ന കാന്‍സറായ അഴിമതിക്കും ബാലപീഡനം ഉള്‍പ്പെടെയുള്ള പൗരോഹിത്യ ലൈംഗിക അരാജകത്വത്തിനെതിരേയും അദ്ദേഹം ശക്തമായ ചൂണ്ടുവിരലായി. കുറ്റക്കാരായി കണ്ടെത്തിയ ചില കര്‍ദ്ദിനാള്‍മാരെവരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ ശിക്ഷിച്ചു. കത്തോലിക്കാ സഭയെ ആയിരത്താണ്ടുകളായി കീഴ്‌പ്പെടുത്തി നിന്നിരുന്ന പുരുഷമേധാവിത്വത്തെ കടപുഴക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിജയസമാപ്തിയിലെത്തിയില്ലെങ്കിലും സ്ത്രീ പുരുഷ സമത്വത്തിനായി ചിലധ്രുത ചലനങ്ങള്‍ സഭയില്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. മാത്രമല്ല സഭയുടെ അടിസ്ഥാനപ്രമാണങ്ങളെ വെല്ലുവിളിച്ചാണ് അദ്ദേഹം ട്രാന്‍സ്‌ജെന്‍ഡറുകളെ ഔദ്യോഗികമായി അംഗീകരിച്ചത്. സ്വവര്‍ഗ ലൈംഗീകത പാപമല്ലെന്നും അവരും സഭയുടെ ഭാഗമാണെന്നുമുള്ള പ്രഖ്യാപനത്തോടെ സഭയുടെ അകത്തളങ്ങളില്‍ തുടര്‍ച്ചയായി വെള്ളിടി വെട്ടുകയായിരുന്നു. ലോകമാകമാനമുള്ള മെത്രാന്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും കണ്‍പുരികങ്ങളില്‍ വില്ലുകുലച്ച പ്രഖ്യാപനമായിരുന്നു അത്. പക്ഷെ പോപ്പ് ഫ്രാന്‍സിസ് അപ്പോഴും പുഞ്ചിരിച്ചുകൊണ്ടുതന്നെയിരുന്നു. ‘അവരും ദൈവത്തിന്റെ മക്കളാണ്. അവരെ തടയാന്‍ ഞാനാര്’ എന്ന മറുചോദ്യമുന്നയിച്ച അദ്ദേഹം പലപ്പോഴും അവരെ സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തിയിരുന്നു. ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ നരകമില്ലെന്നു പ്രഖ്യാപിച്ചതോടെ ഫ്രാന്‍സിസ് പാപ്പ കത്തോലിക്ക സഭാനേതൃത്വത്തിന് തലവേദനയായി അനുഭവപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രസ്തുത അഭിമുഖം പുറത്തുവന്ന് താമസിയാതെതന്നെ ആ അഭിമുഖത്തിലെ നരകനിഷേധ പരാമര്‍ശത്തിനെതിരേ വത്തിക്കാന്‍ ഔദ്യോഗിക നിഷേധക്കുറിപ്പിറക്കുകയും ചെയ്തു. അപ്പോഴും പോപ്പ് ഫ്രാന്‍സിസ്, പണ്ട് ഗലീലിയോ ഗലീലി മനസ്സില്‍ പറഞ്ഞതുപോലെ മനസ്സില്‍ പറഞ്ഞുകാണും; ‘ആയിരം തവണ നിഷേധിച്ചാലും താന്‍ പറഞ്ഞ സത്യം സത്യമായിത്തന്നെ നിലനില്‍ക്കും’എന്ന്.
സഭയെ അടിമുടി ഗ്രസിച്ചിക്കുന്ന ആര്‍ഭാടത്തിനും ധൂര്‍ത്തിനുമെതിരേ പുരോഹിതര്‍തന്നെ വിശ്വാസിസമൂഹത്തിന് മാതൃകയാകണമെന്നും അതിലൂടെ സംഭരിക്കപ്പെടുന്ന ധനം ദരിദ്രരുടെ ഭക്ഷണമായി പരിവര്‍ത്തനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുനിന്നും വിശ്വാസത്തിന്റെപേരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വത്തിക്കാനിലെത്തുന്നവരെ തെല്ലൊന്ന് കളിയാക്കിക്കൊണ്ടുതന്നെ, അങ്ങനെ ചെലവഴിക്കപ്പെടുന്ന പണം വിശക്കുന്നവര്‍ക്കായി മാറ്റിവയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥിരമായി പൊതുഗതാഗത സംവിധാനത്തില്‍ യാത്രചെയ്തിരുന്ന അദ്ദേഹം; ‘എന്തുകൊണ്ട് മെത്രാന്‍മാര്‍ക്കും പുരോഹിതര്‍ക്കും തങ്ങളുടെ സാധാരണ യാത്രകള്‍ക്ക് പൊതുഗതാഗതത്തെ ആശ്രയിച്ചുകൂടാ?’ എന്ന ചോദ്യമുന്നയിച്ചത് ഞെട്ടലോടെയാണ് അവര്‍ ശ്രവിച്ചത്. അദ്ദേഹം സ്ഥാനമേറ്റപ്പോള്‍ സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, തന്റെ മുന്‍ഗാമികളായ എല്ലാ പാപ്പമാരെയുംപോലെ വത്തിക്കാനിലെ അതിവിപുല മണിസൗധമായ പേപ്പല്‍ പാലസില്‍തന്നെ അദ്ദേഹം താമസിക്കുമെന്നായിരുന്നു. എന്നാല്‍ അദ്ദേഹം ചെയ്തതാകട്ടെ, രാജകീയ സുഖസൗകര്യങ്ങളാല്‍ അലംകൃതമായ പാലസ് ഒഴിവാക്കി, വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന മെത്രാന്‍മാര്‍ക്ക് താമസിക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഗസ്റ്റ് ഹൗസിലെ ഒരു മുറി തനിക്കായി മാറ്റിവയ്ക്കുകയായിരുന്നു. ഒരു വ്യാഴവട്ടക്കാലം മുഴുവനും പോപ്പ് താമസിച്ചത് ആ മുറിലായിരുന്നു.
പരമ്പരാഗത രീതികളില്‍ നിമഗ്നരായിരുന്ന പല മെത്രാന്‍മാര്‍ക്കും അദ്ദേഹത്തിന്റെ പുരോഗമന നിലപാടുകളോട് എതിര്‍പ്പും പുച്ഛവുമായിരുന്നു. ഒന്നുരണ്ടുപേര്‍ അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം പുഞ്ചിരിയിലൂടെയായിരുന്നു മറുപടി പറഞ്ഞത്.
‘നരകനിഷേധ’ പരാമര്‍ശത്തെ തുടര്‍ന്നാണ് അതേവരെ അയച്ചുവിട്ടിരുന്ന നിയന്ത്രണങ്ങളുടെ ചരട് മുറുക്കാതെ സഭയുടെ നിലവിലെ സംവിധാനം നിലനിറുത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് കര്‍ദ്ദിനാള്‍ സംഘത്തിന് ബോധ്യമാകുന്നത്. അെല്ലങ്കില്‍ ഇദ്ദേഹം കത്തോലിക്കാ സഭയെ അടിമുടി മാറ്റിമറിക്കുമെന്നത് അവരെ വല്ലാതെ അലോസരപ്പെടുത്തി. മുന്നോട്ടുള്ള അദ്ദേഹത്തിന്റെ കുതിപ്പിന് തടയിട്ടു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറീസിലെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ 266ാമത് പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതും ഞെട്ടിക്കുന്നൊരു തീരുമാനമായാണ് ലോകം ശ്രവിച്ചത്. 1272 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് യൂറോപ്പിന് വെളിയില്‍നിന്നുമൊരു പോപ്പ് തിരഞ്ഞെടുക്കപ്പെട്ടത്. അതും ഇടതുപക്ഷ ചിന്താഗതിയുള്ള ലാറ്റിന്‍ അമേരിക്കക്കാരനാണെന്നുള്ളതും ഈ ഞെട്ടലിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. ദര്‍ശനപരമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്ന പോളണ്ടില്‍നിന്നും കര്‍ദ്ദിനാള്‍ കരോള്‍ വൊയ്റ്റീവ, ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേപ്പല്‍ നാമത്തോടെ പാപ്പയായി ചുമതലയേറ്റതും. തുടര്‍ന്ന് ജര്‍മ്മന്‍കാരനായ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ് സിംഗറും ബെനഡിക്ട് പതിനാറാമന്‍ എന്ന നാമത്തോടെ പോപ്പായി ഉത്തരവാദിത്തമേറ്റതും ഇറ്റലിക്കു വെളിയില്‍നിന്നും പാപ്പമാരെ തിരഞ്ഞെടുക്കുന്ന പൊതുരീതിയില്‍ നിന്നുള്ള ഒരു വ്യതിയാനമായിരുന്നു.
പക്ഷെ ആഗോള കത്തോലിക്കാ സഭ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഘട്ടത്തില്‍ ഒരു ലാറ്റിന്‍ അമേരിക്കക്കാരനെ പോപ്പായി തിരഞ്ഞെടുക്കാന്‍ സഭാനേതൃത്വമെടുത്ത തീരുമാനം നിശ്ചിതമായ ലക്ഷ്യത്തോടെയായിരുന്നു. ആഗോളതലത്തില്‍ സഭയുടെ പാരമ്പര്യ ചിന്തകള്‍ക്കെതിരേ ഉയര്‍ന്നുകൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിടാനും സഭാനേതൃത്വങ്ങളുടെ പലനിലപാടുകളോടുമുള്ള വിയോജിപ്പുകളെത്തുടര്‍ന്ന് കത്തോലിക്ക വിശ്വാസികളുടെ എണ്ണം കുറഞ്ഞുവരുന്നതും ഉള്ളവരില്‍ത്തന്നെ വിശ്വാസത്തിന്റെ ആഴം നഷ്ടപ്പെട്ടുവരുന്നതുമാണ് ഒരു ദിശാമാറ്റത്തിന് കര്‍ദ്ദിനാള്‍ തിരുസംഘത്തെ പ്രേരിപ്പിച്ചതെന്ന് സ്പഷ്ടമായിരുന്നു. അവരുടെ പ്രതീക്ഷകളെ വളരെക്കൂടുതലായി മറികടന്ന് ഒരു വ്യാഴവട്ടക്കാലം സഭയെ വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ട് നയിച്ച് ലോകത്തിന്റെ മുന്നില്‍ തെളിച്ചമുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്ത അദ്ദേഹത്തോടുള്ള കടപ്പാട് വരാനിരിക്കുന്ന കാലത്തും കത്തോലിക്ക സഭയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അങ്ങനെ ചിന്തിക്കുവാന്‍ കാരണം മറ്റൊന്നുമല്ല, ഫ്രാന്‍സിസ് പാപ്പയ്ക്കുമേല്‍ അവസാന വര്‍ഷങ്ങളില്‍ പിന്‍സീറ്റിലിരുന്ന് നിയന്ത്രിച്ചിരുന്നവര്‍ അദ്ദേഹത്തിന്റെ മേല്‍ ചെലുത്തിയിരുന്ന ‘പരമ്പരാഗതശൈലീ നിയന്ത്രണച്ചരടുകള്‍’ അത്രമേല്‍ കര്‍ക്കശമായിരുന്നു.
ഒരു ക്രൈസ്തവ മതനേതാവ് എന്നതിലുപരി അദ്ദേഹം ഈ ലോകത്തിന് മറ്റുപലതുമായിരുന്നുവെന്ന് നമുക്കറിയാം. പരിസ്ഥിതി സംബന്ധമായും സാമ്പത്തികനയങ്ങളോടുള്ള സമീപനത്തിലും അദ്ദേഹം തുറന്നത് നവ്യമായൊരു വാതായനമാണ്. 2015 മേയ് 24ന് പുറത്തിറങ്ങിയ പാപ്പാ ഫ്രാന്‍സിസിന്റെ ചാക്രിക ലേഖനം ‘അങ്ങയ്ക്ക് സ്തുതിയായിരിക്കട്ടെ’ ലോകത്തെ വിസ്മയിപ്പിച്ച ഒരു ചിന്താപ്രവാഹമായിരുന്നു.
സ്രഷ്ടാവും പ്രകൃതിദത്ത ലോകവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉള്‍ക്കാഴ്ചയോടെ, സാധാരണ ദൈവശാസ്ത്രത്തില്‍നിന്നും വിഭിന്നമായി നിര്‍വചിക്കുന്ന ഒരു ദര്‍ശനമാണ് ആ ലേഖനം മുന്നോട്ടുവച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തില്‍ ആശങ്കയോടെ നില്‍ക്കുന്ന ലോകത്തിന് പ്രവചനാത്മകമായ ഉള്‍ക്കാഴ്ച നല്‍കി പ്രസ്തുത ലേഖനം. നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും വ്യതിയാനങ്ങളെ കാലികമായി അപഗ്രഥിക്കുന്നതായിരുന്നു പ്രസ്തുത ചാക്രിക ലേഖനം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കായുള്ള പത്തു കല്‍പ്പനകള്‍ അദ്ദേഹം പുറപ്പെടുവിച്ചു. പ്രകൃതിയെ മനുഷ്യരുടെ പൊതുഭവനമായിക്കണ്ട് സംരക്ഷിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പൊതുഭവനത്തിന്റെ പ്രതിസന്ധിയില്‍ ആനുപാതികമെന്നതിനേക്കാളുപരി ഇരകളാക്കപ്പെടുന്ന ദരിദ്രരുടെ നിലവിളി ശ്രവിക്കണമെന്നും പ്രകൃതിയെ സ്വാര്‍ത്ഥലക്ഷ്യത്തോടെ ചൂഷണംചെയ്യുന്ന സമ്പന്നവര്‍ഗത്തിന്റെ സൃഷ്ടിമേലുള്ള ദുരുപയോഗം ‘പാരിസ്ഥിക പാപ’മാണെന്ന് മനസ്സിലാക്കി അതില്‍നിന്നും അകന്നുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതി നിറഞ്ഞ സാമ്പത്തികവ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, അദ്ദേഹം പാപ്പയായി പ്രഖ്യാപിക്കപ്പെട്ട ഉടനെതന്നെ, 2013 നവംബര്‍ 25ന് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യജീവന്റെ വില സംരക്ഷിക്കുന്നതിനുവേണ്ടി ‘കൊല്ലരുത്’ എന്ന ‘കല്‍പന’ അനുശാസിക്കുന്നതുപോലെതന്നെ പാവങ്ങളെ ഒഴിവാക്കുകയും അസമത്വം വളര്‍ത്തുകയും ചെയ്യുന്ന ഒരു സമ്പദ്‌വ്യവസ്ഥ ‘പാടില്ല’ എന്ന ‘കല്‍പ്പന’യും ഉണ്ടാവണം എന്ന് ആ രേഖയില്‍ അടിവരയിട്ട് പറഞ്ഞിരുന്നു.
വിപണികളുടെ പരമമായ സേച്ഛാധിപത്യത്തെയും ധനപരമായ ഊഹക്കച്ചവടത്തെയും തള്ളിക്കളഞ്ഞുകൊണ്ടും അസമത്വത്തിന് കാരണമായ ഘടനയെ ആക്രമിച്ചുകൊണ്ടും, ദരിദ്രരുടെ പ്രശ്‌നങ്ങള്‍ മൗലികമായി പരിഹരിക്കാത്തിടത്തോളം ലോകത്തെ സംബന്ധിച്ച ഒരു പ്രശ്‌നത്തിനുപോലും ശാശ്വതപരിഹാരം കാണാന്‍ കഴിയില്ലയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവത്തെ അദ്ദേഹം ഈ രേഖയിലൂടെ തുറന്നുകാട്ടുന്നു. എല്ലാവര്‍ക്കും അന്തസ്സുള്ള ജോലിയും വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന ലഘുലേഖ, പണത്തെ വിഗ്രഹവല്‍ക്കരിക്കുന്ന വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ആ നയരേഖ, അങ്കലാപ്പിന് ഇടയാക്കിയതിലും പോപ്പ് മാര്‍ക്‌സിസ്റ്റ് ആയിക്കഴിഞ്ഞോ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതിലുംവരെ അന്ന് ഈ ചാക്രികലേഖനം കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ആധുനിക കാലഘട്ടത്തിലെ മഹാവിപത്താണ് മാര്‍ക്‌സിസം എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിരുന്നതെന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുമാണ്.
ആര്‍എസ്എസ് മുടക്കിയ ഇന്ത്യാ സന്ദര്‍ശനം
നിരവധി കത്തോലിക്ക വിശ്വാസികളുള്ള ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് പോപ്പ് ഫ്രാന്‍സിസ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ക്രൈസ്തവ സഭയെ എന്നും ആജന്മശത്രുവാക്കി കണക്കാക്കുന്ന ആര്‍എസ്എസിന്റെ ശക്തമായ എതിര്‍പ്പ് മാത്രമായിരുന്നു അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട അജഗണങ്ങളെ കാണുവാനായി ഇന്ത്യയില്‍ എത്തുന്നതിനുണ്ടായിരുന്ന ഏകതടസ്സം. ദേശീയ മെത്രാന്‍ സമിതി പലവട്ടം അനുവാദത്തിനായി നരേന്ദ്രമോദി സര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്ന ആര്‍എസ്എസിന്റെ താല്‍പ്പര്യങ്ങളെ മറികടന്ന് അനുവാദം നല്‍കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല. 2017ല്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള താല്‍പ്പര്യം അദ്ദേഹം പരസ്യമായി അറിയിച്ചു. അക്കാര്യം സിബിസിഐ നരേന്ദ്ര മോദിയെ കണ്ട് നേരില്‍ സംസാരിച്ചതുമാണ്. പക്ഷെ, ഒരു രാജ്യത്തിന്റെ തലവന് മറ്റൊരു രാജ്യത്തേക്ക് സന്ദര്‍ശനം നടത്തുന്നതിന് അതാതു സര്‍ക്കാരുകള്‍ നടത്തേണ്ട ഔദ്യോഗിക ക്ഷണം ആ സന്ദര്‍ഭത്തിലും ലഭിച്ചില്ല. ആ സമയത്തുതന്നെ അദ്ദേഹം ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. അക്കൂട്ടത്തില്‍തന്നെ ഇന്ത്യകൂടി സന്ദര്‍ശിക്കാനുള്ള ക്ഷണം ലഭിക്കുകയാണെങ്കില്‍ മൂന്നും ഒരുമിച്ചാകാമെന്ന ധാരണയില്‍ മറ്റ് രണ്ട് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം അദ്ദേഹം കുറച്ചുനാളത്തേക്ക് നീട്ടിവയ്ക്കുക കൂടി ചെയ്തു. വീണ്ടുമൊരു ഇന്ത്യാ സന്ദര്‍ശനാവസരം പാപ്പയ്ക്ക് ഉണ്ടായത് രണ്ടുകൊല്ലത്തിനു ശേഷമായിരുന്നു. 2019ല്‍ ഗുരുനാനാക്കിന്റെ 550ാം ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗ്ലോബല്‍ സിഖ് കൗണ്‍സില്‍ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചിരുന്നു. സന്തോഷപൂര്‍വ്വം പാപ്പ ക്ഷണം സ്വീകരിച്ചെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുവാദം ലഭിക്കാതെ ആ സന്ദര്‍ശനവും മുടങ്ങുകയായിരുന്നു.
പിന്നീട് സാക്ഷാല്‍ നരേന്ദ്ര മോദിതന്നെ, പോപ്പ് ഇന്ത്യയില്‍ വരേണ്ടതുണ്ടെന്ന് താല്‍പ്പര്യപ്പെട്ടു. അതിനൊരു രാഷ്ട്രീയ കാരണവുമുണ്ടായി. 2022ല്‍ നടന്ന ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവിടത്തെ പ്രബല സമുദായമായ ക്രൈസ്തവരെ കൈയിലെടുക്കേണ്ടത് നരേന്ദ്രമോദിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആവശ്യമായിരുന്നു. അങ്ങനെ 2021ല്‍ ഇറ്റലിയില്‍വച്ച് നടന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയ നരേന്ദ്രമോദി. സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്ന പോപ്പ് ഫ്രാന്‍സിസുമായി നേരില്‍ സംസാരിക്കുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. പക്ഷെ തന്റെ അജഗണങ്ങളെ സന്ദര്‍ശിക്കാന്‍ ഏറെ താത്പര്യപൂര്‍വ്വം കാത്തിരുന്ന അദ്ദേഹത്തിന് അപ്പോഴും ഏതൊക്കെയോ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം യാത്ര നടത്താനായില്ല. 2024ല്‍ വീണ്ടുമൊരു ഉച്ചകോടി സമ്മേളനത്തിന് ഇറ്റലിയിലെത്തിയ നരേന്ദ്രമോദി, ഫ്രാന്‍സിസ് പാപ്പയെ തന്റെ പഴയ ക്ഷണം സംബന്ധിച്ച് ഓര്‍മപ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പായിരുന്ന സാഹചര്യത്തില്‍ ആ സമയത്തെ സന്ദര്‍ശനം ഒഴിവാക്കി. 2025ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതും ദേഹവിയോഗം സംഭവിച്ചതും.





No Comments yet!